മണലാരണ്യത്തിന്റെ ചൂടും ഒറ്റപ്പെടുന്നതിന്റെ വേദനയും മറക്കാന്‍ ഒരു അവധിക്കാലം കൂടി നാട്ടിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. പതിവുപോലെ ബന്ധുക്കളുടേയും കൂട്ടുകാരുടേയും വീടുകളിലേയ്ക്കുള്ള യാത്രകളും വീട്ടുകാരുടേയും നാട്ടുകാരുടേയും ഒപ്പമുള്ള നിമിഷങ്ങളും മഴയും ഹരിതാഭയും ഒക്കെ ആസ്വദിച്ച് കുറച്ചു ദിവസങ്ങള്‍ ...
നാട്ടിലെത്തിയാല്‍ ഗുരുവായൂരപ്പനെ കാണുക എന്നത് ഒഴിച്ചുകൂടാനാകാത്ത ഒരു കാര്യമാണ്. അതിനാല്‍ ഒരു വൈകുന്നേരം പ്രിയതമയുടെ ഒപ്പം ഗുരുവായൂരില്‍ എത്തി. ഗുരുവായൂരപ്പനെ കാണുന്നതുപോലെതന്നെ നിര്‍ബന്ധമുള്ളതായിരുന്നു ഗുരുവായൂരിലെ ഹോട്ടലിലെ മസാലദോശയും ....
അമ്പലത്തില്‍ പോകുന്നത്തിനു മുമ്പ് കുറച്ചു തുണികള്‍ എടുക്കണം പിന്നെ ചെറിയ സാധനസാമഗ്രികള്‍ വാങ്ങണം. തിരിച്ചു പ്രവാസ ജീവിതത്തിലേക്കു മടങ്ങുമ്പോള്‍ അവിടെയിരുന്നു ഗൃഹാതുരത്വമാര്‍ന്ന ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ഒപ്പം കഴിക്കാന്‍ പലഹാരങ്ങളും അച്ചാറും അങ്ങനെ പലതും വാങ്ങണം.
അവിടെയുള്ള പ്രശസ്തമായ ഒരു തുണിക്കടയില്‍ വസ്ത്രങ്ങള്‍ നോക്കുന്ന തിരക്കിലായിരുന്നു പ്രിയതമ. അതിനുള്ളിലെ വീര്‍പ്പുമുട്ട് ഒഴിവാക്കാന്‍ ഞാന്‍ പുറത്തിറങ്ങി നിന്നു. അമ്പലത്തില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പാടില്ലെന്നതു കൊണ്ട് അത് കാറില്‍ വെച്ചിരുന്നു. അതിനാല്‍ ആകണം പുറത്തു നിന്നപ്പോള്‍ വിരല്‍ത്തുമ്പില്‍ കണ്ടു ശീലിച്ച ലോകം കണ്ണുകൊണ്ട് കാണാന്‍ കഴിഞ്ഞത്.
സമയം നാലു നാലരയായെങ്കിലും പുറത്ത് നല്ല ചൂട് അനുഭവപ്പെട്ടു. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ധൃതിയില്‍ നീങ്ങുന്നു. പരിചിതമുഖങ്ങള്‍ തേടി എന്റെ കണ്ണുകള്‍ കുറേ അലഞ്ഞെങ്കിലും ഒന്നും കാണാന്‍ കഴിഞ്ഞില്ല. അപ്പോഴാണു എന്റെ കണ്‍കള്‍ ഒരു ചെരുപ്പുകുത്തിയില്‍ ഉടക്കിയത്. എഴുപത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരാള്‍ . തീരെ മെലിഞ്ഞ് ഒരു കുടയുടെ കീഴില്‍ ഇരിക്കുന്നു. തൊട്ടടുത്തുള്ള ചെറുപ്പക്കാരനായ ചെരുപ്പുകുത്തി ഒഴിവില്ലാതെ ചെരുപ്പുകള്‍ തുന്നിക്കൊണ്ടിരിക്കുന്നു. അയാള്‍ക്കു വേണ്ടി ആളുകള്‍ കാത്തു നില്‍ക്കുന്നു. ഇതെല്ലാം കണ്ട് തന്റെ അടുത്തേക്ക് ആരും വരാത്തതിന്റെ വിഷമം ആ വൃദ്ധന്റെ മുഖത്തു കാണുന്നുണ്ട്, എന്നാലും ആരേയും അദ്ദേഹം വിളിക്കുന്നില്ല,
എന്റെ ചെരുപ്പിന്റെ ഒരു ഭാഗം ചെറുതായി അടര്‍ന്നു വന്നിരുന്നത് അപ്പോഴാണു ഞാന്‍ ഓര്‍ത്തത്. ഞാന്‍ ആ വൃദ്ധന്റെ അടുത്ത് ചെന്നു ചോദിച്ചു ''എന്റെ ചെരിപ്പ് നന്നാക്കിത്തരാമോ''. ''തരൂ'' എന്ന് പറഞ്ഞ് പെട്ടന്നു തന്നെ അദ്ദേഹം ചെരുപ്പ് തുന്നാന്‍ ആരംഭിച്ചു. എത്ര കൂലി ആകുമെന്ന് ഞാന്‍ ചോദിച്ചില്ല എത്രയായാലും കൊടുക്കാമെന്ന് മനസ്സില്‍ കരുതി. പെട്ടന്നുതന്നെ തുന്നി ചെരുപ്പ് തിരിച്ചു തന്നു. വളരെ ഭംഗിയായി തന്റെ ജോലി നിര്‍വ്വഹിച്ചതിന്റെ സംതൃപ്തി ആ കണ്ണുകളില്‍ ഞാന്‍ കണ്ടു. ''എത്രയായി'' ഞാന്‍ ചോദിച്ചു. ''മുപ്പതു രൂപ'' എന്ന് മറുപടിയും കിട്ടി. ഞാന്‍ ചോദിച്ചു ''ചില്ലറ ഉണ്ടാകുമോ'' എന്ന്. എന്റെ കയ്യില്‍ അഞ്ഞൂറിന്റെ നോട്ടാണു ഉണ്ടായിരുന്നത്. എത്രയ്ക്കാ ചില്ലറ വേണ്ടത് എന്ന ചോദ്യത്തിനു അഞ്ഞൂറു രൂപയ്ക്ക് എന്ന എന്റെ മറുപടി കേട്ട് ആ മുഖത്ത് ഒരു ചിരി പടര്‍ന്നൂ. ആ ചിരിയില്‍ നിന്നും അദ്ദേഹത്തിന്റെ ഉത്തരം എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. അഞ്ഞൂറു രൂപ ഒരു ദിവസം മുഴുവന്‍ ഇരുന്നാലും കാണാന്‍ പോലും കഴിയില്ല എന്ന് ആ ഇടറിയ ശബ്ദത്തോടു പറയുകകൂടി ചെയ്തതോടെ ഞാന്‍ ആകെ വല്ലാത്ത ഒരു അവസ്ഥയിലായി. വേഗം തന്നെ തുണിക്കടയില്‍ തിരിച്ചുചെന്ന് ചില്ലറ വാങ്ങി അമ്പതു രൂപ ആ വൃദ്ധനു നേരെ നീട്ടി. കീറി മുഷിഞ്ഞ ഒരു സഞ്ചിയില്‍ നിന്ന് ഇരുപതു രൂപ തിരിച്ചു തന്നപ്പോള്‍ ഞാന്‍ പറഞ്ഞു ''വേണ്ട'' അതു കൂടി വെച്ചോളൂ എന്ന്. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. ''ഞാന്‍ ചെയ്ത ജോലിക്കുള്ള കൂലി ഞാന്‍ എടുത്തിട്ടുണ്ട് അധികം വേണ്ട'' എന്ന്. ഇത്രയേറെ കഷ്ടപ്പാടിലും ആദര്‍ശം മുറികെപ്പിടിക്കുന്നവരെ സിനിമയില്‍ കണ്ടിട്ടുണ്ടെന്നല്ലാതെ ജീവിതത്തില്‍ എനിക്ക് ഇങ്ങനെ ഒരു അനുഭവം ആദ്യമായിരുന്നു . തിരിച്ചു വാങ്ങാന്‍ മടിച്ചു നിന്ന എന്നെ നിര്‍ബന്ധിച്ച് ആ പണം വാങ്ങിപ്പിച്ച് യാത്ര പറയുമ്പോള്‍ അടുത്ത ആളെ തേടി ആ കണ്ണുകള്‍ പായുന്നത് ഞാന്‍ കണ്ടു. ഇതുവരെ സമ്പാദിച്ച പണമെല്ലാം എന്റെ കയ്യിലിരിക്കുന്ന ഇരുപതു രൂപയേക്കാള്‍ ചെറുതാണെന്ന് എനിക്ക് തോന്നിപ്പോയ നിമിഷം.
തിരിച്ചു നടന്ന് ഞാന്‍ തുണിക്കടയുടെ മുന്നില്‍ എത്തി. അതിനുള്ളില്‍ ഇപ്പോഴും തിരക്കു തന്നെ... ഭക്തജനങ്ങളുടെ തിരക്ക് കൂടി വന്നുകൊണ്ടിരിക്കുന്നു. ഞാന്‍ പിന്നെയും എന്തോ ആലോചിച്ച് നടന്നു പോകുന്ന ആളുകളെ നോക്കി കുറച്ചു സമയം നിന്നു.
എതിരെ വരുന്നവരുടെ കൂട്ടത്തില്‍ രണ്ടു കയ്യും കുത്തി നിരങ്ങി നീങ്ങുന്ന ഒരു വൃദ്ധനെ ഞാന്‍ കണ്ടു. തന്നെ പിന്നിലാക്കി നടന്നു പോകുന്നവരോട് ഒരു വിരോധവും കാണിക്കാതെ പാതയുടെ ഒരു വശത്തിലൂടെ അയാള്‍ നിരങ്ങി വരുന്ന കാഴ്ച ദയനീയമായിരുന്നു. ഒരുപാട് സഹതാപമര്‍ഹിക്കുന്നുണ്ടെങ്കിലും ഒട്ടും അദ്ദേഹത്തിനു കിട്ടുന്നില്ല. ആരും ഒന്നും നോക്കുകപോലും ചെയ്യുന്നില്ല. എന്തിനോ എന്റെ മനസ്സ് ആ കാഴ്ച കണ്ടു വിഷമിച്ചു. ഞാന്‍ അതു തന്നെ നോക്കി നില്‍ക്കുന്ന കണ്ടതു കൊണ്ടാകണം ഒരാള്‍ പറഞ്ഞു ''ഇതു സ്ഥിരം കാഴ്ചയാണ്, ഈ അടുത്തകാലത്താണ് ഇങ്ങനെ നടക്കാന്‍ പറ്റാത്ത വിധം കാലുകള്‍ തളര്‍ന്നു പോയത്. അദ്ദേഹം കവിതകള്‍ ഒക്കെ ചൊല്ലാറുണ്ട് '' എന്ന്. നീങ്ങി നീങ്ങി ആ വൃദ്ധന്‍ എന്റെ മുന്നിലെത്തി. തന്റെ ലക്ഷ്യത്തിലേയ്ക്ക് മാത്രം ചിന്തിച്ച് എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ പിന്നയും മുന്നിലേയ്ക്ക് പോയി. വണ്ടികള്‍ ഒഴിയാന്‍ കാത്തു നിന്നു റോഡ് മുറിച്ചു കടന്നു, നിരങ്ങി തന്നെ.
അദ്ദേഹത്തെ സഹായിക്കണമെന്നുണ്ടെങ്കിലും ആളുകള്‍ എന്തു കരുതും എന്ന് ഒരു ചിന്ത എന്നെ പിന്നിലേക്കു വലിച്ചു. ഞാന്‍ കീര്‍ത്തിക്കു വേണ്ടി ചെയ്യുന്നതാണെന്ന് കരുതുമോ എനിക്കു വേറെ പണിയൊന്നുമില്ലെന്നു കരുതുമോ എന്നൊക്കെ ചിന്തിച്ചു നില്‍ക്കുന്നതിനിടയ്ക്ക് റോഡ് മുറിച്ചു കടന്ന് വീണ്ടും നിരന്നു നീങ്ങുകയാണു ആ പാവം.
ആളുകള്‍ എന്തു വിചാരിച്ചാലും കുഴപ്പമില്ല എന്റെ മനസ്സിനു ശരിയാണെന്ന് തോന്നുന്ന ഒരു നല്ല കാര്യം ഞാന്‍ ചെയ്യണം എന്ന് നിശ്ചയിച്ചുറച്ചു ഞാന്‍ അദ്ദേഹത്തിന്റെ പിന്നാലെ പോയി വിളിച്ചു.
എന്നെ തിരിഞ്ഞു നോക്കി കൊണ്ട് അദ്ദേഹം ചോദിച്ചു ''എന്താ കുഞ്ഞേ?''
''എങ്ങോട്ടാ പോകേണ്ടത് ഞാന്‍ സഹായിക്കാം'' ഞാന്‍ പറഞ്ഞു.
''വേണ്ട, ഞാന്‍ ആ ചായക്കടയിലേക്കാണു പോകുന്നത്''.
വീണ്ടും ഒരിക്കല്‍ കൂടി ഞാന്‍ പറഞ്ഞു, ''ഞാന്‍ പിടിച്ചാല്‍ നടന്നു പോകാമല്ലോ ദേഹം വേദനിക്കുകയുമില്ല ചളി ആകുകയുമില്ല''.
''വേണ്ടാ ഇന്നു സഹായിക്കാന്‍ കുഞ്ഞു വന്നു, ഞാന്‍ നടന്നു പോയാല്‍ നാളെയും ചിലപ്പോള്‍ സഹായം പ്രതീക്ഷിക്കും . അത് കിട്ടാതെ വന്നാല്‍ വിഷമമാകും .ഇപ്പോള്‍ ആരും ഇല്ല എന്ന് മനസ്സില്‍ ഉണ്ട് സഹായവും സാന്ത്വനവും ഒന്നും പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ തന്നെ സങ്കടവുമില്ല. അതുകൊണ്ടാ വേണ്ടാന്ന് പറഞ്ഞത്''. ഇത്രയും പറഞ്ഞ് വീണ്ടും നിരങ്ങിക്കൊണ്ട് അദ്ദേഹം അകന്നു പോയി. ഞാന്‍ വളരെ ചെറുതാകുന്ന പോലെ തോന്നി. ചെറിയ കാര്യത്തിനു പോലും സഹായം തേടുന്ന നമ്മളെല്ലാം ആ മനോബലത്തിന്റെ മുന്നില്‍ എത്ര നിസ്സാരന്മാര്‍.
രണ്ടു വൃദ്ധന്മാര്‍, തങ്ങളുടെ കഴിവുകളേയും കഴിവുകേടുകളേയും കുറിച്ച് അറിഞ്ഞ് ജീവിക്കുന്നവര്‍. ആ രണ്ടുപേര്‍ എന്തിന് എന്റെ ജീവിതത്തിലേയ്ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായി കടന്നു വന്നു? വളരെ കുറച്ചു സമയം കൊണ്ട് ഒരു ജീവിതം മുഴുവന്‍ ചിന്തിക്കാനുള്ള കാര്യങ്ങള്‍ എന്നിലേയ്ക്ക് പകര്‍ന്നു തന്നു. അറിയില്ല...
''കഴിഞ്ഞൂ ട്ടോ''..... പ്രിയതമയുടെ ആ വിളി കേട്ടാണു ഞാന്‍ ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്. ആ വൃദ്ധനെ ഞാന്‍ തിരഞ്ഞെങ്കിലും എന്റെ കണ്ണില്‍ പെടാത്ത ദൂരത്തേയ്ക്ക് അദ്ദേഹം മറഞ്ഞു പോയിരുന്നു. ഞാന്‍ വാങ്ങിയ വസ്ത്രങ്ങളെല്ലാം കാറില്‍ കൊണ്ടു പോയി വെച്ച് അമ്പലത്തിലേയ്ക്ക് നടന്നു. ചുറ്റും കാണുന്നതൊക്കെയും ഒരു ഓര്‍മ്മപ്പെടുത്തലാണെന്ന തിരിച്ചറിവിലൂടെ. അമ്പലത്തില്‍ പോയി ഗുരുവായൂരപ്പനെ കാണാന്‍ കാത്തു നിന്ന് ആ തിരക്കിലും തിക്കിലും നിന്ന് ആ നടയില്‍ തൊഴുമ്പോള്‍ ഗുരുവായൂരപ്പന്‍ ഇന്നു കണ്ട വൃദ്ധന്മാരെപ്പോലുള്ളവരിലൂടെ ചിലര്‍ക്കെങ്കിലും നല്ലവഴി കാണിക്കുകയല്ലേ എന്നൊരു തോന്നലിലൂടെ...
നേരിട്ടു കണ്ട് ആ നടയില്‍ നിന്നു ഞാന്‍ ചോദിച്ചതും അതു തന്നെ ആയിരുന്നു.. അപ്പോള്‍ നടയില്‍ നിന്ന എന്നെ നോക്കി ആ കൃഷ്ണ വിഗ്രഹം പുഞ്ചിരിച്ചുവോ.....?
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.