Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ലങ്കൻ അപാരത

Director

ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഒരു ബന്ധവും ഇല്ല, ഇനി അങ്ങനെ എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കിൽ അങ്ങനെയുള്ളവർ ഈ സമൂഹത്തിൽ ജീവിച്ചിരുന്നു അല്ലെങ്കിൽ ജീവിക്കുന്നു എന്നാണു അതിനർത്ഥം. 

***

മനസ്സിന്റെ ചുവരുകളിൽ അടിഞ്ഞുകൂടുന്ന ചവറുകളെ മറ്റുള്ളവർക്ക് കൂടി കണ്ടു രസിക്കാൻ പാകത്തിൽ രൂപം മാറ്റുന്നവൻ ആയിരുന്നു അയാൾ. ഒരു പ്രമുഖ ചലച്ചിത്ര സംവിധായകൻ. തികച്ചും യാദൃശ്ചികം എന്നോണം അയാളുടെ പേരും പ്രമുഖൻ എന്നു തന്നെയായിരുന്നു. പ്രമുഖൻ ഒരു പുതുമുഖം അല്ല, എന്നാൽ ഒരു പാടു പഴയമുഖവും അല്ല. അദ്ദേഹത്തിന്റെ മനോഹരങ്ങളായ ചലച്ചിത്ര സംരംഭങ്ങളെ സിനിമാപ്രേമികൾ വാനോളം പ്രശംസിച്ചിട്ടുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും പ്രമുഖൻ സന്തോഷവാനോ സംതൃപ്തനോ അല്ല. കാരണം ഈ പ്രശംസിച്ച സിനിമാപ്രേമികൾ എല്ലാം അദ്ദേഹത്തിന്റെ വിശ്വമനോഹരങ്ങളായ ചലനചിത്രങ്ങൾ കണ്ടത് കമ്പ്യൂട്ടറുകളുടെ അദൃശ്യ ശൃംഖലയിൽ നിന്നും മോഷ്ടിച്ചാണ്. പ്രശംസകൾ അയാളുടെ മനസ്സ് നിറച്ചെങ്കിലും കാശുമുടക്കിയവന്റെ കീശ ഓരോ തവണയും നിറയാതെ പോയി. അത് അദ്ദേഹത്തിനു വല്ലാത്ത സാമ്പത്തിക ബാധ്യതയും ഭാര്യയ്ക്കു മുന്‍പിൽ മാനഹാനിയും ഉണ്ടാക്കിക്കൊടുത്തുവെന്നു പ്രമുഖനു മനസ്സിലായി. രണ്ടു ദിവസം മുമ്പ് കഴിഞ്ഞ ചിത്രത്തിന്റെ സാമ്പത്തിക പരാജയം രണ്ടെണ്ണം വീശിയാഘോഷിക്കുമ്പോൾ ഇടക്കിടക്കുള്ള കല്ലുവച്ച സംസാരത്തിലൂടെ നിർമാതാവ് പ്രമുഖനത് മനസ്സിലാക്കിക്കൊടുത്തു. കാര്യം അയാളങ്ങളങ്ങനെയൊക്കെ സംസാരിച്ചെങ്കിലും പ്രമുഖന് അയാളോട് ഒട്ടും അലോഹ്യമില്ല, കാരണം അയാളുടെ ബുദ്ധിജീവി സംരംഭങ്ങളെയെല്ലാം വെള്ളിത്തിരയിൽ എത്തിച്ചത് അദ്ദേഹത്തിന്റെ വളരെ ചെറുതായി പൂത്ത, പണം ആണല്ലോ. ഇനി അയാൾ കാശെറക്കണമെങ്കിൽ ബുദ്ധിജീവികളുടെ സുഖിപ്പീരു മാത്രം കിട്ടിയാൽ പോര കൊട്ടകേന്നു കാശും കിട്ടണം. മഹത്തായ പല കഥാസന്ദർഭങ്ങൾക്കും ജന്മം നൽകിയ അയാളുടെ കൈകൾ വിവശതയോടെ താടിക്കു താങ്ങും കൊടുത്തു രക്തയോട്ടം കുറഞ്ഞു തളർന്നിരുന്നു. പ്രമുഖന്റെ മനസ്സ് അദ്ദേഹത്തിന്റെ പോയകാല ചലച്ചിത്രങ്ങൾ ഓടിയ കൊട്ടകകൾ പോലെയായി. വരുംകാലങ്ങളിൽ തീയേറ്ററുകൾ ഇളക്കിമറിക്കുന്ന ഒരു സൃഷ്ടിക്കുവേണ്ടി അയാളുടെ മനസ്സും ശരീരവും കൊതിച്ചു. 

പണ്ടൊരിക്കൽ അയാളുടെ സഹായി പറഞ്ഞത് അയാളോർത്തു,‘‘സാർ, സാറിങ്ങനെ മഹത്തായ കലാസൃഷ്ടികൾ എന്നു പറയുന്ന സിനിമകൾ ഒന്നും പടച്ചുവിട്ടിട്ടു കാര്യമില്ല. ജനങ്ങൾക്ക് വേണ്ടത് ഇതുപോലുള്ള ബുദ്ധിജീവി ഭ്രാന്ത് ഒന്നും അല്ല. പൈസ കൊടുത്തു തീയേറ്ററിൽ കേറുന്ന അവർക്ക് ആ സമയം ആസ്വദിക്കാൻ തക്കവണ്ണം വല്ലതുമുള്ള സിനിമകൾ ആണ് വേണ്ടത്.’’ അന്ന് ഒരു ലാർജ്ജ് അടിച്ചു കൊണ്ട് അത് കേട്ടപ്പോൾ, പച്ചത്തെറി വിളിച്ചു അയാളെ അധിക്ഷേപിച്ചതിൽ പ്രമുഖനു കുറ്റബോധം തോന്നി. തലേന്ന് രാത്രീൽ ഒരിക്കലും നിലക്കാത്തത് എന്നു തോന്നിയ ക്യൂവിനു മുൻപിൽ നിന്നു വാങ്ങിയ കാർട്ടെറിന്റെ കുപ്പിയിൽ അയാള്‍ പ്രതീക്ഷയോടെ നോക്കി. അതിനുള്ളിൽ അവശേഷിച്ചിരുന്ന ഇരുപതു മില്ലി അയാൾ അതോടെയെടുത്തു വായിലേക്ക് കമിഴ്ത്തി. ഫോണെടുത്ത് അയാൾ പഴയ സഹായിയുടെ നമ്പർ തപ്പി. വേണ്ടപ്പെട്ടവരും അല്ലാത്തവരും വെളുക്കെ ചിരിച്ചവരും പച്ചതെറി പറഞ്ഞവരും ഒരു നമ്പറിനു പിന്നിൽ മറഞ്ഞിരി ക്കുന്നത് അയാൾ കണ്ടു. ഒടുക്കം ആ നമ്പർ അയാൾ കണ്ടു പിടിച്ചു. ഡയൽ െചയ്തു, മറുതലക്കലെ പ്രതികരണത്തിനായി കാത്തു. 

‘‘ഹലോ സാർ....എത്ര നാളായി. സാർ പിണങ്ങിയിരിക്കുകയാണ് എന്നാണ് ഞാൻ കരുതിയത്.’’ 

ഫോണെടുത്ത ഉടനെയുള്ള സഹായിയുടെ പ്രതികരണ രീതി അയാളെ തെല്ലൊന്നമ്പരപ്പിച്ചു. 

‘‘ഓ... എന്തു പിണക്കം. അന്ന് ഞാനും നീയും നല്ലവണ്ണം കഴിച്ചിട്ടുണ്ടാരുന്നു. അതൊക്കെ കള്ളിന്റെ പുറത്തല്ലേ... അതൊക്കെ ഞാൻ എന്നേ മറന്നു.’’

‘‘സന്തോഷം. പിന്നെന്തൊക്കെയുണ്ട് സാർ വിശേഷം?’’

‘‘എനിക്ക് തന്നെയൊന്നു കാണണം. ഒരു കാര്യം പറയാൻ ഒണ്ട്.’’

‘‘എവിടെ എപ്പോൾ വരണം സാർ.’’

സഹായിയുടെ ആത്മാർഥത നിറഞ്ഞ ആ വാക്കുകൾ, അയാളെ തെറിപറഞ്ഞ നിമിഷത്തെയോർത്തുള്ള പ്രമുഖന്റെ വിഷമം ഇരട്ടിപ്പിച്ചു. 

‘‘എത്രയും വേഗം. എന്റെ വീട്ടിൽ.’’ അയാൾ തളർച്ചയോടെ പറഞ്ഞു. 

***

‘‘അപ്പം അതാണുപ്രശ്നം. സാറിനോട് ഞാൻ അന്നേ പറഞ്ഞതല്ലേ ഇതൊന്നു മാറ്റിപ്പിടിക്കാൻ.’’ സഹായി പ്രമുഖനെ നോക്കിപ്പറഞ്ഞു.

‘‘ഉം’’. കുറ്റബോധത്തോടെ പ്രമുഖൻ മൂളി.

‘‘സാറേ... ഒരു സിനിമ നിറഞ്ഞ സദസ്സിൽ ഓടണമെങ്കിൽ എന്തൊക്കെ വേണം എന്ന് അധികം ചിന്തിച്ചു ബേജാറാക്കേണ്ട കാര്യം ഒന്നും ഇല്ല. ഹിറ്റായി കഴിഞ്ഞ കുറെ പടങ്ങൾ എടുത്തു പരിശോധിച്ചാൽ മതി.’’

പ്രമുഖൻ ക്ഷമയോടെ സഹായിയുടെ വാക്കുകൾ കേട്ടിരുന്നു. 

‘‘യുവാക്കളെ ആകർഷിപ്പിക്കുന്നതും’’, ഒന്ന് നിർത്തിയിട്ടു സഹായി തുടർന്നു; ‘‘കൂടുതൽ യുവാക്കളെ ആകർഷിപ്പിക്കുന്ന തരത്തിൽ ഉള്ളതായാൽ പടം ഹിറ്റ്. പിന്നെ....’’

‘‘പിന്നെ.....???’’ പ്രമുഖൻ ആകാംഷയോടെ ചോദിച്ചു. 

‘‘വ്യത്യസ്തത. അത് മസ്റ്റ് ആണ്.’’

‘‘ഉം’’ പ്രമുഖൻ ഒന്നിരുത്തി മൂളി. 

‘‘കുറച്ചൂടെ സിംമ്പിൾ ആയിപ്പറഞ്ഞാൽ, കൂടുതൽ പേർ ഇഷ്ടപ്പെടുന്ന വിപ്ലവം സൃഷ്ടിക്കുന്ന ഒരു വിഷയം ആണേൽ പൊളിക്കും.’’

‘‘പൊളിക്കുമോ....??? ആര് പൊളിക്കും?’’ പ്രമുഖൻ കൊട്ടകകളിൽ പൊളിഞ്ഞ തന്റെ ചലച്ചിത്രസംരംഭങ്ങളെപ്പറ്റി ഓര്‍ത്തു. 

‘‘അയ്യോ സാറേ... ഇതാപ്പൊളിയല്ല. സൂപ്പർ ഹിറ്റ് ആകുമെന്നാണ് ഞാൻ ഉദ്ദേശിച്ചത്.’’ സഹായി പരിഹാസത്തോടെ പറഞ്ഞു. 

പ്രമുഖനു തെല്ലു ജാള്യത തോന്നിയെങ്കിലും അത്രയും വിലപ്പെട്ട ഉപദേശം തന്ന, അടുത്തിടതന്നെ സ്വതന്ത്രസംവിധായകൻ ആകാൻ പോകുന്ന അയാളോട് ദേഷ്യം ഒന്നും തോന്നിയില്ല. 

‘‘ഞാനെന്നാല്‍ ഇറങ്ങട്ടെ സാറേ... പ്രീ പ്രൊഡക്ഷൻ വർക്ക് അങ്ങനെ മല പോലെ കിടക്കുന്നു. സാറിന്റെ ഒക്കെ അനുഗ്രഹം വേണം’’ സഹായി കുനി‍ഞ്ഞു പ്രമുഖന്റെ കാലില്‍ തൊട്ടു വന്ദിച്ചു. പ്രമുഖൻ വാത്സല്ല്യപൂർവ്വം അയാളുടെ തലയിൽ കൈവച്ചു തന്റെ വിലപ്പെട്ട ‘അനുഗ്രഹം’ ആ തലയിലേക്ക് വച്ചു കൊടുത്തു. 

***

ചായകുടിക്കുമ്പോഴും ചോറുണ്ണുമ്പോഴും കക്കൂസിൽ ഇരിക്കുമ്പോഴും പ്രമുഖന്റെ മനസ്സിൽ സഹായിയുടെ വാക്കുകൾ ആയിരുന്നു. ദിനരാത്രങ്ങൾ അങ്ങനെയൊരു കഥയെഴുതാൻ ശ്രമിച്ചിട്ടും പ്രമുഖനു സാധിച്ചില്ല. എഴുതിയെഴുതി വരുമ്പോൾ ബുദ്ധിജീവി ലൈൻ ആയിപ്പോകും, അവസാനം അതുപേക്ഷിക്കും. ഇതിങ്ങനെ തുടർന്നുകൊണ്ടേയിരുന്നു. ഒരു ദിവസം തന്റെ സ്മാർട്ട് ഫോണിൽ മുഖപുസ്തകത്തിൽ അലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുമ്പോൾ പ്രമുഖന്റെ കണ്ണുകൾ ഒരു പോസ്റ്റിൽ ഉടക്കി. 

അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു, ആരോ ഒരാളുടെ വാക്കുകേട്ട് സ്വന്തം ഭാര്യയെ തള്ളിപ്പറഞ്ഞ രാമനെക്കാൾ എനിക്കിഷ്ടം, ഒരു കൈ അകലത്തിൽ കിട്ടിയിട്ടും അനുവാദം ഇല്ലാതെ സീതയുടെ ശരീരത്തിൽ സ്പർശിക്കാതിരുന്ന രാവണനെയാണ്. ആ വരികൾ ഒരു മന്ത്രം പോലെ അയാൾ വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു. അയാൾ ആ പോസ്റ്റിട്ട പേജിൽ പോയി നോക്കി. അതിൽ നിറയെ പുരാണ കഥകളിലെ വില്ലൻമാരെ പ്രകീര്‍ത്തിക്കുന്ന തരത്തിൽ ഉള്ള പോസ്റ്റുകൾ ആയിരുന്നു. ഓരോ പോസ്റ്റിനും ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും കണ്ടു പ്രമുഖൻ അമ്പരന്നു. കർണന്റെയും രാവണന്റെയും ആരാധകവൃന്ദങ്ങളെക്കണ്ടു അയാളുടെ കണ്ണ് മഞ്ഞളിച്ചു. ഒപ്പം മനസ്സിൽ ഒരു വിളക്ക് കത്തി. പുരാണങ്ങളിലെ യഥാർത്ഥ നായകനെ വില്ലനാക്കി, വില്ലനെ നായകനാക്കി ആ പഴയ പുരാണ കഥ തന്നെ പൊടി തട്ടിയെടുത്താല്‍ വല്ലതും നടക്കും എന്ന് പ്രമുഖനു തോന്നി. ഉടൻ തന്നെ അയാൾ ഫോണിൽ സഹായിയുടെ നമ്പർ ഡയൽ ചെയ്തു. 

‘‘ഹലോ സാർ പറയൂ....’’

‘‘എടോ എനിക്കൊരു ഐഡിയ കർണ്ണനെ നായകൻ ആക്കി മഹാഭാരതം ഒരു സിനിമയാക്കിയാലോ.....??’’‌

‘‘സാറിത് ഏതു ലോകത്താ ജീവിക്കുന്നെ.’’

‘‘എന്തുപറ്റി?’’

‘‘എന്റെ സാറേ കർണനെ നായകനാക്കി ഇപ്പം തന്നെ രണ്ടു പടം അനൗൺസ് ചെയ്തു കഴിഞ്ഞു’’.

‘‘അയ്യോ ഇനിയിപ്പം എന്തു ചെയ്യും.’’

‘‘സാർ വേറെതെങ്കിലും പുരാണം പിടിക്ക്’’. 

‘‘വേറെയേതാ....?’’

‘‘എന്റെ സാറേ നമുക്കാണോ പുരാണത്തിനു പഞ്ഞം. ഇഷ്ടം പോലെ കിടക്കുവല്ലേ....ഏതേലും ഒന്നെടുത്തു നല്ല സ്റ്റൈലൻ ഒരു തിരക്കഥ തട്ടിക്കൂട്ട്. വാർ പീരിയഡ് മൂവീസിനോട് പിള്ളേർക്ക് ഇപ്പം ഭയങ്കര താൽപ്പര്യമാ.’’

‘‘ഉം’’ പ്രമുഖൻ മൂളിക്കേട്ടോണ്ടിരുന്നു. 

‘‘ഒറ്റക്കാര്യം ചെയ്താൽ മതി നേരത്തെ വില്ലന്മാർ എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നവരുടെ നന്മയെയും പ്രണയത്തെയും മുഴുപ്പിച്ചു കൊണ്ടു വന്നു അവരെ നായകന്മാർ ആക്കുക. അത്രയും മതി, പിന്നെ നല്ല സ്ക്രിപ്റ്റ് ആണേൽ പടം നൂറല്ല ഇരുനൂറു ദിവസം ഓടും.’’

‘‘അതൊക്കെ നടക്കുവോടോ....?’’

‘‘പിന്നല്ല, എന്റെ സാറേ നമ്മുടെ നാട് വിപ്ലവങ്ങളെ സ്നേഹിക്കുന്ന നാടാണ്. വിപ്ലവം ആണോ സിനിമയിലെ നായകൻ പടം ഹിറ്റ്, അതുറപ്പ്."

ഫോണിലൂടെ ആയിരുന്നെങ്കിലും സഹായിയുടെ ആവേശം പ്രമുഖനു അയാളുടെ ശബ്ദത്തിലൂടെ മനസ്സിലായി. ആ ആവേശം അയാളിലേക്കും ഒഴുകിയെത്തി. ആവേശത്തോടെ അയാൾ ഫോൺ കട്ട് ചെയ്തു. 

വളരെ നേരത്തെ ആലോചനയ്ക്കൊടുവിൽ അയാൾ തന്റെ നായകനെ തിരഞ്ഞെടുത്തു. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത പുതിയ കാലത്തിനു മാതൃകയായി, അരികിൽ കിട്ടിയിട്ടും എന്തും ചെയ്യാമായിരുന്നിട്ടും ഒന്നിനും മുതിരാതെ ഒരു സ്ത്രീയുടെ സമ്മതത്തിനായിക്കാത്തിരുന്ന രാവണനെ അയാൾ തന്റെ നായകൻ ആയി തിരഞ്ഞെടുത്തു. അടുത്ത ദിവസം തന്നെ ‘ശ്രീരാമനെ’ മനസ്സിൽ ധ്യാനിച്ച് അയാൾ തന്റെ തിരക്കഥാ രചന ആരംഭിച്ചു. ഊണു മറന്നില്ലെങ്കിലും ഉറക്കം മറന്ന് അയാൾ തന്റെ രചനയിൽ മുഴുകി. അതിനായി രാമായണം അരിച്ചു പെറുക്കി. അങ്ങനെ രചന തുടങ്ങി കൃത്യം അറുനൂറ്റി ഇരുപത്തിനാലാം നാൾ അയാൾ തന്റെ തിരക്കഥ പൂർത്തിയാക്കി. നീണ്ട താടിയും മുടിയും മുഴുമിപ്പിച്ച തിരക്കഥയുമായി എത്തിയ പ്രമുഖനെ മനസ്സിലാക്കാൻ സ്ഥിരം നിർമാതാവിന് കുറച്ചു സമയം വേണ്ടി വന്നു. എങ്കിലും അയാളെഴുതിയ തിരക്കഥയുടെ സാമ്പത്തിക വശം മനസ്സിലാക്കാൻ നിർമാതാവിന് അധികസമയം വേണ്ടി വന്നില്ല. അങ്ങനെ ആ ചിത്രം ചെയ്യാൻ അവർ തീരുമാനിക്കുകയും ഏകദേശം ഒന്നരക്കൊല്ലം കൊണ്ട് പ്രമുഖ നടന്മാരെക്കൊണ്ട് ആ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കുകയും ചെയ്തു. ലോകത്തിലെ തന്നെ മികച്ച ക്യാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തത്. യുദ്ധരംഗങ്ങളും മറ്റും ചിത്രീകരിക്കാൻ സായിപ്പന്മാരായ വിഷ്വൽ എഫക്റ്റ് ടീം വന്നു. പോസ്റ്റ് പ്രൊഡക്ഷനും കഴിഞ്ഞു ചിത്രം കാഴ്ചയ്ക്കു യോഗ്യമായപ്പോൾ എല്ലാ പ്രമുഖ താരങ്ങളെയും വിളിച്ചു വളരെ വിപുലമായ ഒരു പ്രിവ്യു ഷോ തന്നെ നടത്തി. തിരശീലയിൽ എഴുതപ്പെട്ട നായകസങ്കൽപ്പങ്ങൾ പൊളിഞ്ഞു വീഴുന്നതും വില്ലനിലെ നന്മ തെളിഞ്ഞു വരുന്നതും എല്ലാവരും കയ്യടിച്ചു സ്വീകരിച്ചു. എല്ലാവർക്കും ചിത്രത്തെപ്പറ്റി നല്ല അഭിപ്രായം മാത്രം.  കാര്യം അഞ്ചെട്ടു കോടി കടം ആണേലും സ്ഥിരം നിർമാതാവ് ഇതിനുമുതിർന്നതിനു പിന്നിലെ ചേതോവികാരം മറ്റു നിർമാതാക്കൾ അസൂയയോടെ മനസ്സിലാക്കി. പ്രിവ്യു ഷോയിലെ സ്വീകാര്യത റിലീസ് ആയ കൊട്ടകകളിലും തുടർന്ന് ചിത്രത്തെ ഒരു ബ്ലോക്ക് ബസ്റ്റർ  ആക്കി മാറ്റി. എന്നാൽ ചിത്രത്തെ വിമർശിക്കുന്നവരും ഒട്ടും കുറവല്ലായിരുന്നു. ചിലർ മുഖപുസ്തകത്തിൽ ചിത്രത്തെ വലിച്ചു കീറി. യഥാർത്ഥത്തിൽ നായകന്‍ രാവണനല്ല രാമനാണെന്ന് അവർ വിളിച്ചു കൂവി. നായകനടന്റെ ഭടന്മാർ വന്ന് അവരെ വലിച്ചു കീറി. 

സിനിമയിലെ യുദ്ധത്തേക്കാൾ വലിയ യുദ്ധങ്ങൾ സമൂഹമാധ്യമങ്ങളിൽ നടന്നു. തങ്ങളുടെ ചിത്രം എവിടെയും സംസാര വിഷയം ആകുന്നതു കണ്ട് പ്രമുഖനും നിർമാതാവും സന്തോഷിച്ചു. അങ്ങനെ ആദ്യമായി പ്രമുഖന്റെ സൃഷ്ടി, നിറഞ്ഞ സദസ്സുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. തനിക്കു സൽബുദ്ധി ഉപദേശിച്ചു തന്ന പഴയ സഹായിയെയും സിനിമയിൽ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച മറ്റു താരങ്ങളെയും വിളിച്ചു പ്രമുഖനും കീശയിൽ കാശുനിറഞ്ഞ സ്ഥിരം നിർമാതാവും ഒരു ഗംഭീര വിരുന്നു കൊടുത്തു. സഹായിയപ്പോഴേക്കും മറ്റൊരു ‘യുവപ്രമുഖൻ’ ആയിമാറിയിരുന്നു. ആ വിരുന്നിൽ കള്ളു കുടിച്ചും ഭക്ഷണം കഴിച്ചും എല്ലാവരും സ്വയം മറന്ന് ആഘോഷിച്ചു. വിരുന്നു പാതിരാവരെ നീണ്ടു. കുടിച്ചു കുടിച്ചു ബോധം പോയ പ്രമുഖനും മറ്റുള്ളവരും ഓരോരോ മൂലയിൽ ചാഞ്ഞു. ബോധം അൽപ്പമെങ്കിലും ബാക്കിയുണ്ടായിരുന്ന ചിലരൊക്കെ തിരികെപ്പോയി. പിറ്റേന്ന് രാവിലെ എണീറ്റ നിർമാതാവ് കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന പ്രമുഖനെയായിരുന്നു. എത്രയും വേഗം പ്രമുഖനെ ആശുപത്രിയിൽ എത്തിക്കുന്ന തിരക്കിൽ ഒരു കുറിപ്പ് അയാൾക്ക് പ്രമുഖന്റെ കീശയിൽ നിന്നു കിട്ടി. അതിങ്ങനെയായിരുന്നു, എനിക്കെല്ലാം തന്ന എന്റെ ശ്രീരാമഭഗവാനെ അപമാനിച്ച ഞാൻ ദുഷ്ടനും ദ്രോഹിയുമാണ്. അദ്ദേഹത്തെ മോശമാക്കി ചിത്രീകരിച്ച സിനിമയുടെ കഥയെഴുതിയ എന്റെയീ വലതുകൈ ഞാൻ സ്വയം അറുത്തു മാറ്റുന്നു. 

***

പിറ്റേന്ന് പ്രമുഖന്റെ സിനിമ തീയേറ്ററിൽ നിറഞ്ഞോടുമ്പോഴും, പ്രമുഖന്റെ കൈ വെട്ടിയത് പ്രമുഖൻ തന്നെയോ അതോ ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കാത്ത ഏതെങ്കിലും മത ഭ്രാന്തന്മാർ ആണോ എന്ന് സമൂഹത്തിലെ പണ്ഡിതന്മാർ ചാനലുകളിൽ ചര്‍ച്ച  ചെയ്തുകൊണ്ടിരിക്കുമ്പോഴും, പ്രമുഖൻ ഒരു പ്രമുഖ ആശുപത്രിയുടെ ഐ.സി.യു–വിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു.  

***ശുഭം***

Malayalam Short StoriesMalayalam literature interviews,Malayalam Poems      

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.