Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിതലരിക്കുന്ന പാഠങ്ങള്‍

Story

ഒറ്റമുറിയിലെ മെഴുകുതിരി വെളിച്ചത്തില്‍ അവനൊറ്റയ്ക്കിരുന്നു. ആരോ വീടൊഴിഞ്ഞു പോയ മച്ചിന്‍റെ മുകളില്‍ എലികള്‍ പലതവണ വന്നെത്തി നോക്കി. രാത്രിയുടെ നിശബ്ദത ശരിക്കും അയാളെ പലതും ഓര്‍മ്മിപ്പിച്ചു. വീട്ടില്‍ നിന്നിറങ്ങുമ്പോ അച്ഛനുണ്ടായിരുന്നു ഇറയത്ത്, അമ്മയും പെങ്ങളും അടുക്കളയില്‍ പാത്രങ്ങള്‍ക്കൊപ്പമായിരുന്നു. ആരോടും ഒന്നും പറഞ്ഞില്ല.. പടിയിറങ്ങുമ്പോ കൂട്ടിനകത്ത് ടോമി സ്നേഹത്തോടെ കുരച്ചു, അവന്‍റെയടുത്ത് പോയി ഞാന്‍ പോകുന്നെടാ എന്നു പറയണമെന്നുണ്ടായിരുന്നു. എന്നാല്‍ മനസ്സ് മുന്നോട്ട് തന്നെ നടത്തിച്ചു.

വഴിയില്‍ കുറേ പതിവ് മുഖങ്ങള്‍ ചിരിച്ചു. ബസ്സിനകത്ത് കുറേ കലപിലകള്‍, ഇന്നെന്താ അവിടെ ഇറങ്ങുന്നില്ലേ ...? കണ്ടക്ടര്‍ ചോദിച്ചപ്പോള്‍ ഇല്ല ഇന്ന് വേറൊരാവശ്യമുണ്ടെന്ന് പറഞ്ഞ് വഴി മാറ്റി. ബസ് ഓഫീസ് സ്റ്റോപ്പെത്തിയപ്പോ തല ചെരിച്ച് നോക്കി.. ഇല്ല ആരും വന്നിട്ടില്ല.

സര്‍.. നാളെ ഒരു ഇന്‍റര്‍വ്യൂ ഉണ്ട്, ലീവ് വേണം.. സര്‍, all the best പറഞ്ഞപ്പോ എന്തോ പോലെ തോന്നി. ബസ്സിറങ്ങി റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോഴും തീരുമാനിച്ചിട്ടില്ലായിരുന്നു, എങ്ങോട്ടെന്നും എന്തിനെന്നും..

ടിക്കറ്റെടുത്ത് സീറ്റിലിരുന്നപ്പോള്‍ മനസ്സ് പിന്നോട്ട് വലിക്കാന്‍ തുടങ്ങി.

തോല്‍വികളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലേ ഇത്? എന്നാരൊക്കെയോ പല തവണ ചോദിച്ച പോലെ. ഫോണ്‍ സ്വിച്ച് ഓഫ് ആണ്, ആര്‍ക്ക് വിളിച്ചാലും കിട്ടരുത്, അമ്മ ഇടയ്ക്ക് വിളിക്കാറുണ്ട്, ചിലപ്പോള്‍ കരഞ്ഞു പോകും സംസാരിക്കുമ്പോ..

വേണ്ടാ ഫോണ്‍ ഓഫായ് തന്നെയിരിക്കട്ടെ, അങ്ങനെ തീരുമാനിച്ചു..

ബാഗില്‍ തന്ത്രപൂര്‍വ്വം തിരുകിയ ഡ്രസ്സുകള്‍ക്കിടയില്‍ അയാളുടെ ഡയറി പലതും എഴുതിയിടാന്‍ ക്ഷണിക്കുന്നുണ്ടായിരുന്നു. 2148 രൂപയുണ്ട് കയ്യില്‍, കുറേ നാളുകള്‍ക്ക് ശേഷം, ബാക്കിയുണ്ടായിരുന്ന 10000 രൂപ അച്ഛന് കൊടുത്തപ്പോള്‍ അച്ഛന്‍ വെറുതേയൊന്ന് നോക്കി.. എന്നെക്കൊണ്ട് ഇത്രയേ ആകൂ എന്നു പറയണമെന്നുണ്ടായിരുന്നു..

പേരു പോലും നോക്കാതെ എവിടെയോ വണ്ടിയിറങ്ങി, ഇരുട്ടിന്‍റെ തുടക്കത്തില്‍ ധൃതിയില്‍ എങ്ങോട്ടോ നടന്നു. മെഴുക് തിരിയും തീപ്പെട്ടിയും വാങ്ങിയത് എന്തായാലും നന്നായി.

ആളൊഴിഞ്ഞ വീട്, ഒന്ന് കിടക്കാന്‍ കിട്ടുമെന്ന് പോലും വിചാരിച്ചില്ല. അങ്ങനെ കിട്ടിയിരുന്നില്ലെങ്കിലോ...

ഇപ്പോ വീട്ടിലെത്തുന്ന സമയമായ്, അമ്മയെന്തായാലും പറഞ്ഞിട്ടുണ്ടാകും അവനെത്തുന്ന സമയായല്ലോന്ന്.., വേണ്ടാ ഓര്‍ത്താ പലതും തോന്നും, വേണ്ടാ ...

ശരിക്കും ഈ ഒളിച്ചോട്ടം മനസ്സെന്നോട് തന്നെ നടത്തിയ ബലാൽക്കാരമായിരുന്നില്ലേ.. തോല്‍വികളിലെ പാഠം ചിതലരിച്ച് നഷ്ടപ്പെടുത്തിയ എന്‍റെ വിഡ്ഢിത്തം മാത്രമാണിത്..

തിരി കത്തി തീരാറായ്.., ഉറക്കം വന്നില്ലെങ്കിലും ആ നിലത്ത് വെറുതേ കിടന്നു.. പുറത്തെന്തോ ആള്‍ പെരുമാറ്റം, വാതിലിന്‍റെ ഓട്ടയിലൂടെ കാണാം, പുറത്ത് മൂന്നാലു പേര്‍ മദ്യസേവയാണ്..

ശബ്ദമുണ്ടാക്കാതെ കിടന്നു,

എന്നാല്‍.... മുറിക്കകത്തെ പൊടിയും വല്ലാത്തൊരന്തരീക്ഷവും.., തുമ്മല്‍ പിടിച്ച് നിര്‍ത്താനായില്ല, മദ്യലഹരിയില്‍ വാതില്‍ തകര്‍ത്ത് അവരെന്‍റെ ദേഹത്തേക്ക് വീണു.....

ഇരുട്ടിനെന്ത് ആണും പെണ്ണും!

Malayalam Short StoriesMalayalam literature interviews,Malayalam Poems           


മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.