Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ടപ്പാവക്കുട്ടികളുടെ അച്ഛൻ

Doll Representative Image

വർണ്ണബലൂണുകളും റിബണുകളും പലവിധ കളിപ്പാട്ടങ്ങളും തൂക്കിയിട്ട ലോഹത്തട്ട് തോളിലേന്തി അയാൾ കടൽക്കരയിലൂടെ നടന്നു.

ഒഴിവുദിനത്തിന്റെ നഗരാരവങ്ങൾ നെഞ്ചിലേൽപ്പിച്ച മുറിപ്പാടുകളുമായി നീണ്ടുകിടന്ന മണൽപരപ്പിൽ, ഒഴിഞ്ഞകോണിലെത്തിയപ്പോൾ അയാൾ തട്ട് താഴെവെച്ച് വിയർപ്പാറ്റി. തട്ടിന്റെ ഒത്തനടുവിൽ ചാരിവെച്ചിരുന്ന രണ്ടുപാവക്കുട്ടികളെയും വാത്സല്യപൂർവം കൈയിലെടുത്ത്, തോളിൽ ചുറ്റിയിട്ടിരുന്ന തോർത്തുമുണ്ടുകൊണ്ടയാൾ വൃത്തിയാക്കി. കുട്ടികളുടെ നീണ്ടുകറുത്ത മുടിയിഴകൾ മാടിയൊതുക്കി, നീലക്കണ്ണുകൾക്കുമേൽ ഉമ്മ വെക്കുമ്പോൾ, വർഷങ്ങൾക്കുമുമ്പ്, ലേബർ റൂമിന്റെ തണുത്ത വരാന്തയിൽവെച്ച്, തന്റെ കൈയിലേക്ക് വച്ചുനീട്ടിയ പഞ്ഞികെട്ടിന്റെ മൃദുലത തുളുമ്പുന്ന ഊഷ്മളതയുടെ ഓർമത്തുണ്ടിൽ എന്നത്തേയും പോലെ അയാളുടെ നെഞ്ചിലൊരു തേങ്ങൽ മുറുകിക്കിടന്നു.

അങ്ങു ദൂരെ അലകടലിന്റെ നീലച്ഛവിക്കാഴ്ച്ചകളിലേക്ക് തന്റെ ഇരട്ടപ്പാവകുട്ടികൾക്കൊപ്പം അയാൾ ഊളിയിടുമ്പോഴായിരുന്നു,“ഈ ബലൂൺ എത്രയാ?” എന്നൊരു ചോദ്യം അയാൾക്കരികിലേക്ക് പറന്നുവന്നത്.

അഞ്ചാറുവയസ്സു പ്രായമുള്ള ഒരുകുട്ടിയുടെ കൈപിടിച്ച് ഒരു മധ്യവയസ്ക്കൻ, മുന്നിൽ

വർണ്ണബലൂൺ, കുട്ടിയുടെ കൈയിൽ വെച്ചുകൊടുക്കുമ്പോൾ, അവളുടെ ശ്രദ്ധയത്രയും തന്റെ പാവമക്കളിലാണെന്ന് അയാൾ ഞെട്ടലോടെ കണ്ടു.

“അച്ഛാ..എനിക്കീ പാവകുട്ടിയെ മതി.. ബലൂൺ വേണ്ട..”

അവളുടെ ആവശ്യം അയാൾക്കുമേൽ ഒരു വെള്ളിടിയായി.

ആ മധ്യവയസ്ക്കൻ തന്റെ പാവമക്കളെ ചോദിച്ചേക്കുമെന്ന് ഭയന്ന്,“ഇത് വിൽപ്പനയ്ക്കുള്ളതല്ല” എന്നു പറഞ്ഞ്, അയാൾ തിടുക്കത്തിൽ അകലേക്ക് നടന്നു. ഒരു കുഞ്ഞുവിതുമ്പൽ പൊട്ടിക്കരച്ചിലായി പരിണമിക്കുന്നതു കേട്ടില്ലെന്നു നടിച്ച്, കുട്ടിയുടെ കരച്ചിലും ശാഠ്യവും തന്റെ വരുതിയിലാൻ ശ്രമിക്കുന്ന ഒരച്ഛന്റെ ബഹളത്തെ കണ്ടില്ലെന്നു നടിച്ച്മുന്നോട്ട് നടക്കുമ്പോൾ, നഗരത്തിൽ തുടങ്ങിയ സർക്കസ് കാണിച്ചുകൊടുക്കാൻ കൂട്ടാക്കാത്ത അഛനമ്മമാരുടെ “സ്നേഹമില്ലായ്മയെ”വെല്ലുവിളിച്ച്, ഒരു അന്തമില്ലായ്മയിലേക്ക് ഇറങ്ങിപ്പോയ രണ്ടു പത്തുവയസ്സുകാരിപ്പെൺകുട്ടികൾ അയാളുടെ മനസ്സിൽ നഖമുനകളാഴ്ത്തിപ്പിടഞ്ഞു.

പിന്നിലുയർന്നുകേട്ട നിലവിളിത്തുണ്ടുകൾക്കപ്പുറം, ഏതോ ഇരുൾക്കാട്ടിൽ, ദിക്കറിയാതെ കരഞ്ഞാർക്കുന്ന പത്തുവയസ്സുകാരിമക്കളെ, മറികടക്കാനാവാതെ, അയാൾ നിശ്ചലനായി. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ ഒരു പാവക്കുട്ടിയെ, അവളുടെ കയ്യിൽ വെച്ചുകൊടുത്ത്, ആ ശിരസ്സിലൊന്നു തലോടുമ്പോൾ, തന്റെ മാറോട്ചേർത്തുവെച്ച രണ്ടാമത്തെ പാവകുട്ടിയേയും അവൾ ചോദിച്ചേക്കുമെന്ന് പേടിച്ച്, അയാൾ പൂഴിമണ്ണിലൂടെ കാലുകൾ വലിച്ചുവെച്ച് നടന്നു.

വീട്ടിലെത്തി മരുന്നുമണമുള്ള കട്ടിൽവിരിപ്പിൽ, തളർന്നുവീണുകിടപ്പിലായ തന്റെ ഭാര്യക്കരികിൽ, ഒറ്റയ്ക്കായിപ്പോയ തങ്ങളുടെ മകളെ കിടത്തുമ്പോൾ, കുറ്റബോധംകൊണ്ടയാൾ വിതുമ്പിപ്പോയി. ഭാര്യയുടെ ഇളം ചൂടുള്ള കൈപ്പടത്തിൽ, സ്വന്തം കരതലമമർത്തി, ക്ഷമചോദിക്കുമ്പോൾ; “സാരമില്ല..ഇത് ആദ്യമൊന്നുമല്ലല്ലൊ.. നമുക്ക് പുതിയ പാവക്കുട്ടിയെ നാളെ വാങ്ങാ”മെന്ന് പൊള്ളിയടർന്നുവീണ കണ്ണീർത്തുള്ളികൊണ്ട് അവളയാളെ അശ്വസിപ്പിച്ചു.

Malayalam Short StoriesMalayalam literature interviews,Malayalam Poems          

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.