Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവം ഉണ്ടോ?

prayer Representative Image

കോഴിക്കോട് മെഡിക്കല്‍ കോളജ്- കാന്‍സര്‍ വാര്‍ഡ്‌, തിങ്ങി നിറഞ്ഞ കഫത്തിന്റെയും മലത്തിന്റെയും രൂക്ഷ ഗന്ധത്തിന്റെ ഇടയ്ക്ക്...

സ്കൂളിലെ സുരേഷ് സാര്‍ പറഞ്ഞു തന്നിട്ടുണ്ട് : - പരാജിത നിമിഷങ്ങളില്‍ ഇവിടെ വന്ന് ഒന്നു ചുറ്റി കറങ്ങിയാല്‍ മതി ജീവിതം നമ്മളോട് ഒരുപാട് ക്രൂരത ഒന്നും ചെയ്തിട്ടില്ലെന്ന് മനസിലാവുമെന്ന്.

എന്നാലും മരണ വീട് പോലെ തന്നെ എനിക്ക് ആശുപത്രിയും വെറുപ്പായിരുന്നു..

മനുഷ്യന്‍ ഇങ്ങനെ നിസ്സഹായന്‍ ആയി പോവുന്നത് ഇവിടങ്ങളില്‍ മാത്രമല്ലേ?.. പാപ്പന്‍റെ അടുത്ത വീട്ടിലെ അമ്മയാണ് ഇവിടെ ഉള്ളത് ...

അവരെ അവസാനമായി സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടാനാണ് പാപ്പന്‍ എന്നെയും കൂട്ടി ഇവിടെ വന്നത്.

ഞങ്ങളും കാലനും ഒരുമിച്ച് അവിടെ എത്തി... വീര്‍ത്തു കലങ്ങിയ അവരുടെ മക്കളെ ഞാന്‍ സഹതാപത്തോടെ നോക്കി, കൂടി നിന്നവര്‍ ഒരു നിശ്വാസത്തോടെ പലയിടത്തേക്കു ചിതറി മാറി നിന്നു.

ഞാന്‍ പുറത്തേക്കു നടന്നു. തേങ്ങലുകള്‍ക്കും അടക്കിപിടിച്ച സംസാരത്തിനും നടുവിലാണ് ഞാന്‍ അവനെ കണ്ടത്.. മരണത്തിന്‍റെ ആ വാര്‍ഡില്‍– മുടി പറ്റെ മുറിച്ച, സ്വര്‍ണത്തിന്‍റെ നിറമുള്ള, ചുവന്ന കവിള്‍ ഉള്ള അവനെ അവന്‍റെ ഉപ്പ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചിരിക്കുന്നു... 

എന്‍റെ തന്നെ പ്രായം കാണും അവന്. എന്നോട്, അവനെക്കുറിച്ച്, അവന്‍റെ പാതാളത്തോളം കുഴിഞ്ഞ കണ്ണുകള്‍ക്ക് എന്തൊക്കെയോ പറയാന്‍ ഉണ്ട്.. ഞാന്‍ പതുക്കെ അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി. മഞ്ഞ നിറമുള്ള പുത്തന്‍ ബനിയന്‍ ആണ് അവന്‍ ധരിച്ചിട്ടുള്ളത്.

അവന്‍റെ അടുത്ത് കുന്നുകൂട്ടി വെച്ച, അവന്‍റെ ഉപ്പ അവനു മാത്രം കൊണ്ടു വന്ന സാധനങ്ങളില്‍ അവന്‍റെ കുഴിഞ്ഞ കണ്ണിലെ കൃഷ്മണി അതിവേഗം എന്തോ തിരയുന്നുണ്ട്..

കട്ടിലിനോട് ചേര്‍ന്ന് വെളുത്തു വിറങ്ങലിച്ച ഒരു രൂപം മുട്ടില്‍ ഇരുന്നു പടച്ചവനോട്‌ കരഞ്ഞു പ്രാര്‍ത്ഥിക്കുന്നതു കണ്ടു.

അവന്‍റെ ഉമ്മയാണ് ..കണ്ണീരു വീണവരുടെ കവിളു കരിഞ്ഞിരുന്നു ..

"പടച്ച റബ്ബേ "...

ഉപ്പ മുകളിലേക്ക് നോക്കി ഉറക്കെ വിളിച്ചു. ഒരാന്തലോടെ.. ഞാന്‍ ഞെട്ടി ..

ഉള്ളില്‍ അടക്കിയതൊക്കെ ആ ഉപ്പയുടെ രോദനത്തില്‍ കിടന്നു പുളയുന്ന പോലെ ..

ലോകത്ത് ഇനി ആരോടും സങ്കടം പറഞ്ഞിട്ട് കാര്യം ഇല്ല എന്ന തിരിച്ചറിവില്‍ അവസാന ആശ്രയമായ ദൈവത്തെ ആണ് അവരും വിളിച്ച് കരയുന്നത്...

ദൈവം ഉണ്ടോ ഇല്ലയോ എന്ന എന്‍റെ എന്നത്തേയും സംശയം അവിടെ തീര്‍ന്നു.. ഇവര്‍ക്ക് ഒക്കെ വേണ്ടി ദൈവം ഈ ലോകത്ത് ഉണ്ടായേ തീരു...

പിന്നീട് ഒരിക്കലും ഞാന്‍ ആ കാന്‍സര്‍ വാര്‍ഡില്‍ പോയിട്ടില്ല..

ദൈവമുണ്ടെന്നു വീറോടെ വാശിയോടെ ആരെങ്കിലും പറഞ്ഞു തര്‍ക്കിക്കുമ്പോള്‍ പഴയ പോലെ പുച്ഛിച്ചു ചിരിക്കാറുമില്ല...

Malayalam Short StoriesMalayalam literature interviews,Malayalam Poems           


മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.