Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചവൻ

story Representative Image

യാത്രയിലുടനീളം മഴയാണ്, പെരുത്ത മഴത്തുള്ളികൾ അലറി വിളിച്ചുകൊണ്ടു ചന്നം പിന്നം ഉറഞ്ഞു തുള്ളുകയാണ്. ദീർഘദൂര യാത്രയായിരുന്നിട്ടുകൂടി ഇത്തവണ ക്ഷീണം ഒട്ടും ഇല്ല. ജീവിതത്തിൽ യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ട്, മറ്റൊരു തരത്തിൽ പറഞ്ഞാൽ യാത്രകൾ ആയിരുന്നു ജീവിതം. ഒരു വറ്റിനു വേണ്ടിയുള്ള യാത്രകൾ മുതൽ അതിജീവനത്തിന്റെയും ആനന്ദത്തിന്റെയും യാത്രകൾ, യഥാർത്ഥത്തിൽ ഒന്നും നേടിതരാത്ത യാത്രകൾ.

ഈ യാത്ര അവസാനത്തെതാണ്. ഇനി യാത്രയില്ല, നീണ്ട അൻപതു വർഷങ്ങൾ അവശേഷിപ്പിച്ച മുഷിഞ്ഞ നാറ്റം അമ്പല കുളത്തിൽ കഴുകി കളയണം. നാളെ മുതൽ ആൽ തറയിൽ മയങ്ങിയുണരണം, നാട്ടിടവഴികളിലൂടെ വെറുതെയങ്ങനെ നടക്കണം. 

"സർ, എന്തെങ്കിലും കഴിച്ചിട്ട് " ഡ്രൈവർ വണ്ടി നിർത്തി. ദൂരം ഏറെ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. എന്തെങ്കിലും കഴിക്കാനുള്ള വിശപ്പ് എനിക്കില്ല. വിശപ്പ് മുഴുവൻ മനസ്സിൽ ആണ്. വർഷങ്ങളായി എന്തൊക്കെ ഭക്ഷിച്ചിട്ടും അടങ്ങാതെ അത് എന്നെ ഓരോ രാത്രിയും പകലും കാർന്നു തിന്നുകൊണ്ടേയിരിക്കുകയല്ലേ!!. "ഞാൻ ഇറങ്ങുന്നില്ല താൻ കഴിച്ചിട്ട് വന്നോളൂ ".  

മഴ ഇപ്പോഴും അതിന്റെ താണ്ഡവം തുടരുക തന്നെയാണ്. മഴവെള്ളം നിരത്തുകളിലൂടെ പായുകയാണ്, എവിടെയോ തിടുക്കത്തിൽ എത്തിച്ചേരേണ്ടതുള്ളതുപോലെ, ഇപ്പോൾ എന്റെ ചിന്തകൾക്കും അതേ തിടുക്കം തന്നെയാണ്. 

ഇനി തിരിച്ച് ഡൽഹിയിലേക്ക് ഇല്ല. ശിഷ്ടകാലം അങ്ങിനെ വെയിൽ കൊണ്ട്, മഴ കൊണ്ട്, ഓണമുണ്ട് തീരട്ടെ. ഡൽഹിയിലെ ഓഫീസ് തിരക്കുകൾ കഴിഞ്ഞ് അന്ന് ഫ്ലാറ്റിലെ കുടുസു മുറിയിൽ പതിവു പോലെ വൈകിയെത്തി ഉറങ്ങാൻ കിടന്നപ്പോഴാണ് വെളുത്ത സാരി മാത്രം ഉടുക്കുന്ന, ചുരുണ്ട മുടിയുള്ള ചെമ്പക മണമുള്ള 'അമ്മ ടീച്ചർ' നാട്ടിലേക്കു വീണ്ടും എന്നെ വലിച്ചിഴച്ച് കൊണ്ടുപോയത്. 'അമ്മ ടീച്ചർ' എന്നാണ് അവരെ എല്ലാരും വിളിച്ചിരുന്നത്. ഞാനും അങ്ങിനെ തന്നെ വിളിച്ചു. ഒൻപതാം ക്ലാസ്സ്‌ പരീക്ഷയുടെ തലേന്ന് ഉച്ചക്കാണ് അച്ഛൻ വഴിയരികിലെ തോട്ടിൽ ചത്ത് കിടന്നത്. അച്ഛൻ, എനിക്കത് വെറുമൊരു പദം മാത്രമായിരുന്നല്ലോ, എങ്കിലും അച്ഛൻ ഉള്ളവനായതിൽ  ഞാൻ അഭിമാനിച്ചുപോന്നു. ചത്തു വിറങ്ങലിച്ചു കിടന്ന അച്ഛന്റെ ശരീരം കണ്ടിട്ട് ഒരിറ്റു കണ്ണുനീർ പേരിനു പോലും വരാതിരുന്നതോർത്ത്‌ ഞാൻ പിന്നീട് ഒരിക്കൽ എന്നെ തന്നെ തോളിൽ തട്ടി അഭിനന്ദിച്ചിരുന്നല്ലോ.. കൊല്ലം ഒന്ന് തികയും മുൻപേ, അന്നൊരു ദിവസം അമ്മയെയും കാണാതെയായി ചിലർ ചിരിച്ചു, ചിലർ അടക്കം പറഞ്ഞു, മറ്റു ചിലർ കഷ്ടം വച്ചു. ഞാൻ ആരോടും പരിഭവിച്ചില്ല, പ്രതികരിച്ചില്ല, കരഞ്ഞതു പോലും ഇല്ല. ചില ദിവസങ്ങളിൽ ഉണ്ടു, ചിലപ്പോൾ പട്ടിണി കിടന്നു. പൊളിഞ്ഞു തുടങ്ങിയ മുഷിഞ്ഞ നാറ്റമുള്ള ആ വീട്ടിൽ ഞാനും ഇഴജന്തുക്കളും യാതൊരു തർക്കങ്ങളും ഇല്ലാതെ അവരവരുടെ ഇടം കണ്ടെത്തി അങ്ങനെ കഴിഞ്ഞു പോരുമ്പോഴാണ് 'അമ്മ ടീച്ചർ ' എന്നെ കണ്ടെത്തുന്നത്. അവർ എന്നോട് സംസാരിച്ചു, എന്റെ വിയർപ്പു തുടച്ചു, പുതിയ ട്രൗസർ വാങ്ങി തന്നു, വീണ്ടും ഒൻപതാം ക്ലാസ്സിലും കൊണ്ടു ചെന്നാക്കി. ഒരുപാട് മക്കളുള്ള അവർക്ക് ഞാനും മകനായി. ഡൽഹിയിൽ ജോലി കിട്ടി പോകാൻ ഒരുങ്ങി നിൽക്കുമ്പോൾ 'അമ്മ ടീച്ചറുടെ' കണ്ണുകൾ കണ്ണുനീർ നിറഞ്ഞ് തിളങ്ങിയിരുന്നു. വർഷം മുപ്പത് കഴിഞ്ഞിരിക്കുന്നു, ഒരു കത്ത് പോലും അവർക്ക് ഞാൻ എഴുതിയിട്ടില്ല. ഇടക്ക് ഒരിക്കൽ കുറച്ച് രൂപ അയച്ചു കൊടുത്തിരുന്നു. ടീച്ചറെ കാണണം, ഇനി ടീച്ചറുടെ പ്രവർത്തങ്ങളിൽ മുൻപനാകണം. കാലമിത്രയും മറന്നു കളഞ്ഞതിന് ഇനിയുള്ള കാലം കൂട്ടായി നിന്ന് മാപ്പിരക്കണം. തന്ന ജീവിതത്തിനു വൈകിയാണെങ്കിലും നന്ദി പറയണം. ചില ഉറക്കങ്ങൾ അങ്ങിനെയാണ്... അവ ഭൂതകാലത്തിലേക്ക് വലിച്ചിഴക്കും. മറ്റു ചിലപ്പോൾ അവ നിറമുള്ള ഭാവി കാട്ടി തരും, ചില നേരങ്ങളിൽ പേടിപ്പിക്കും. 

"സർ സ്ഥലമെത്തി ",.. ഇടി മുഴക്കം പോലെ ആണ് തോന്നിയത്. മഴ നിലച്ചിരിക്കുന്നു. കാലുകൾ ഉറച്ചു പോയതു പോലെ. ഡോർ തുറന്ന് പുറത്തിറങ്ങി, ആ പഴയ തുളസിതറ അവിടെ നിന്നും മാറ്റപെട്ടിരിക്കുന്നു. ഓടിട്ട ആ പഴയ വീട് മുഖം മിനുക്കി യുവാവായിരിക്കുന്നു. മുറ്റം നിറയെ പരിചിതമല്ലാത്ത പൂച്ചെടികൾ. വീട് മാറിപ്പോയെന്നു ഡ്രൈവറോട് പറയാൻ തുടങ്ങും മുൻപേ, ആ വീട്ടിൽ നിന്നും ഒരാൾ ഇറങ്ങി വന്നു. ഇത് ടീച്ചറുടെ വീടല്ലേ എന്ന എന്റെ ചോദ്യത്തിന് പെട്ടെന്ന് തന്നെ അയാൾ ഉത്തരം തന്നു. 

              

ചിലപ്പോഴൊക്കെ പുഴയായ ചില നേരങ്ങളിൽ കടലായ 'അമ്മ ടീച്ചർ' ഓർമകളിൽ മാത്രമാണ് ഉള്ളതെന്ന് അയാൾ പറഞ്ഞു. ഒരുപാട് മക്കളുണ്ടായിരുന്ന അവർ രണ്ടു ദിനം ചലനമറ്റ് കിടന്നിട്ടും ആരും അറിയാതെ പോയ കഥയും പിന്നെയാരോ ചിതയൊരുക്കിയ കഥയും അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.  

ഇനി ഞാൻ തനിച്ചാണ്. ലോകം വിശാലമെങ്കിലും, തിരക്കുള്ളതെങ്കിലും ഞാൻ ഒറ്റക്കാണ്. നഷ്ട്ടപെടുത്തിയത്‌ കേവലം ഗ്രഹാതുരമായ ചിലതുകൾ അല്ല, എന്റെ ജീവനും ജീവിതവുമാണ്. ഇപ്പോൾ പെയ്യുന്ന മഴക്ക് അതിന്റെ പഴയ മണം കൈമോശം വന്നിരിക്കുന്നു. നഷ്ടപ്പെടലുകളുടെയും ഒറ്റപെടലിന്റെയും ആ പഴയ മണം എന്നെ വീണ്ടും തേടി എത്തിയിരിക്കുന്നു. ഞാൻ ജീവിച്ചു ജീവിച്ചു ഇപ്പോൾ സ്വയം പണിത കരാഗ്രഹത്തിൽ മരിച്ചു മരിച്ചു ജീവിച്ചു കൊണ്ടേയിരിക്കുന്നു.....

ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു.

Malayalam Short StoriesMalayalam literature interviews,Malayalam Poems          

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.