ഹെന്ന ടീച്ചറെ..!
ബെല്ലടിച്ചു ക്ലാസ്സ് പൂർത്തിയാക്കി പുറത്തേക്ക് വരുമ്പോളാണ് ആ വിളി ഹെന്ന കേട്ടത്..
ആഹാ.. ഇതാരാ.. ആരിഫയോ..നിറഞ്ഞ ചിരിയോടെ ഹെന്ന അവളെ നോക്കി ..
ടീച്ചറെ മടിച്ചു മടിച്ചു നോക്കിക്കൊണ്ട് അവൾ മെല്ലെ ചോദിച്ചു..
ടീച്ചറെ... ഞാൻ ഒന്നു ചോദിച്ചോട്ടെ... ടീച്ചർ.. ടീച്ചർ.. തട്ടമിടാതിരുന്നാൽ, ആരും ടീച്ചറെ ഒന്നും പറയില്ലേ.. !!
ആഹാ.. എന്താപ്പോ ആരിഫാക്ക് ഇങ്ങനെ തോന്നാൻ.. ഹെന്ന ടീച്ചറുടെ ചിരിച്ച മുഖത്തു കുറച്ചു അവിശ്വസനീയതയും നിറഞ്ഞു..
ഒന്നുമില്ലടീച്ചറെ... ടീച്ചറെ കാണാൻ നല്ല ഭംഗിയാണ്.. ടീച്ചർ കളർസാരി ഉടുത്തു മുടി വിടർത്തി ക്ലാസ്സിൽ വരാറുണ്ട്, പിന്നെ ടീച്ചർ തട്ടമിട്ടും ക്ലാസ്സിൽ വരാറുണ്ട്.. രണ്ടും രസമാണ്.. വേറെ വേറെ രസമാണ്.. ആരിഫ ഏതോ ലോകത്തു നിന്നു സംസാരിക്കുന്നതു പോലെ പതിയെ പറഞ്ഞു..
ഹെന്ന ടീച്ചർ ആരിഫയുടെ ചുമലിൽ പതിയെ കൈവച്ചു സ്നേഹത്തോടെ മെല്ലെ ചോദിച്ചു... എന്താപ്പോ ആരിഫാക്ക് പറ്റിയെ..
ഒന്നുല്ല ടീച്ചറെ... ഞാനിപ്പോ പത്താം ക്ലാസ്സിൽ എത്തില്ലേ .. കഴിഞ്ഞയാഴ്ച ടീച്ചർ എല്ലാവരുടെയും ആഗ്രഹങ്ങൾ ചോദിച്ചു.. അപ്പൊ ഞാൻ ഒന്നും പറഞ്ഞില്ല.. പക്ഷേ, എനിക്കൊരു ആഗ്രഹുണ്ട്. വലിയൊരാഗ്രഹം. അവൾ പതിയെ നിർത്തി.
ഹെന്ന കൗതുകത്തോടു കൂടി അവളെ നോക്കുകയായിരുന്നു...
ടീച്ചറെ മുഖമുയർത്തി നോക്കി.. അവൾ പതുക്കെ പറഞ്ഞു. ഈ ജന്മത്തിൽ വലിയ ആഗ്രഹമൊന്നുമില്ല ടീച്ചറെ. പക്ഷേ, അടുത്ത ജന്മത്തിൽ.. നിക്ക് ഒരു ആൺകുട്ടി ആയി ജനിക്കണം.. നല്ല അടിപൊളി ഒരു ആൺകുട്ടിയായ്..
ഹെന്ന ടീച്ചർ അവളെ സ്നേഹത്തോടെ ചേർത്തു പിടിച്ചു. അതെന്താടോ അങ്ങനെ തോന്നാൻ.. പെൺപിള്ളേർ എന്താ മോശാ..?
അതല്ല ടീച്ചറെ.. നമുക്ക് ഇഷ്ടപ്പെട്ട രീതിൽ ജീവിക്കാൻ, ഇഷ്ടമുള്ള ഡ്രസ്സിടാൻ, ആഗ്രഹിക്കുന്ന സ്‌ഥലത്തു പേടിയില്ലാതെ പോകാൻ.. അഭിപ്രായം പറയാൻ, പ്രകടിപ്പിക്കാൻ... എല്ലം കൊണ്ടും... എല്ലാംകൊണ്ടും ഒരു ആൺകുട്ടിയായ് ജനിച്ചാലേ നടക്കു എന്ന് തോന്നിട്ടുണ്ട്..
സ്വന്തം വാക്കുകൾ അവൾക്ക് മുഴുമിപ്പിക്കാൻ പറ്റാത്ത രീതിയിൽ അവളുടെ ശബ്ദമിടറി.
മറ്റു കുട്ടികൾ ദൂരെ നിന്നു ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ.. ഹെന്നടീച്ചർ അവളുടെ കയ്യിൽ ചേർത്തുപിടിച്ചുകൊണ്ട് മെല്ലെ മുന്നോട്ടു നടന്നു..
താൻ വിഷമിക്കല്ലെടോ.. ഇതൊക്കെ എന്തേ തനിക്കു സാധിക്കില്ലേ... ടീച്ചർ അവളെ സ്നേഹത്തോടെ നോക്കി.
പറയാൻ ഒരുപാടുള്ളത് പറയാൻ പറ്റാത്ത ബുദ്ധിമുട്ടിൽ ആരിഫ പതിയെ ടീച്ചറുടെ കയ്യിൽ മുറുകെ പിടിച്ചു.
ആരിഫാ.. ആരിഫയുടെ ഇപ്പോളത്തെ മനസ്സെനിക്ക് വായിക്കാൻ പറ്റും.. പെൺകുട്ടികളുടെ പല കാര്യത്തിലും രക്ഷിതാക്കൾ ഈ പ്രായത്തിൽ ആൺകുട്ടികളേക്കാൾ ശ്രദ്ധചെലുത്തും... ആരിഫയ്ക്ക് തന്റെ കാര്യങ്ങൾ സ്വന്തം രീതിയിൽ മനസിലാക്കാൻ, അതായത് തെറ്റേത്, ശരിയേത്, എന്നത് സ്വയം മനസ്സിലാക്കാൻ പ്രാപ്തമായി എന്നത് തന്റെ രക്ഷിതാക്കൾക്ക് തോന്നുന്ന ഒരു സമയം വരും..
സ്നേഹത്തിലൂടെയും, സത്യസന്ധതയിലൂടേയും, വിശ്വാസത്തിലൂടെയും, രക്ഷിതാക്കളുടെ മനസ്സിൽ ആ ഒരുറപ്പ് ഉണ്ടാക്കിയെടുക്കാൻ താൻ ഇപ്പൊ ശ്രമിച്ചാൽ മതി.. താനാഗ്രഹിച്ചതൊക്കെ തനിക്കു ചെയ്യാൻ പറ്റും.
ടീച്ചർ പറഞ്ഞു നിർത്തി വീണ്ടും തുടർന്നു..
സ്വന്തം കാലിൽ നിൽക്കാൻ പറ്റുന്ന ഒരു സമയമുണ്ടല്ലോ ആരിഫ.. ആ സമയം നീ ആഗ്രഹിച്ചപ്പോലെ നിനക്ക് മുന്നോട്ടുപോകാം.. ആരും തടയാത്ത ഒരു കാലം വരും.
ആരിഫ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരിക്കുകയായിരുന്നു..
തന്നെ മടുപ്പിക്കാൻ വേണ്ടി പറയുന്നതല്ലാട്ടോ.. പക്ഷേ, തന്റെ പ്രായത്തിൽ ഞാനും ആഗ്രഹിച്ച ഒരുപാട് കാര്യങ്ങളുണ്ട്.. ഒരുപാട് സ്വപ്നങ്ങളുണ്ട്.. ഒരു പാട്ട്കേൾക്കാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല..
ഒരു ആൺകുട്ടി എന്നെ വഴിയരികിൽ നിന്നു ഇങ്ങോട്ട് നോക്കി ചിരിച്ചതിനു തുടപൊട്ടി ചോരയൊലിക്കും വരെ ഒരുകാലത്തു അടിച്ചിട്ടുണ്ട് ഉപ്പ പണ്ട്.. അതുപോലുള്ള ഒരുപാട് തമാശകളൊക്കെ പണ്ടെത്ര ഉണ്ടായിട്ടുണ്ട് എന്നറിയുമോ.. ടീച്ചർ പതിയെ മന്ദഹസിച്ചു..
പിന്നെ ആരിഫ നേരത്തേ ചോദിച്ചില്ലേ.. ടീച്ചർ തട്ടമിടാതിരുന്നാൽ ആരും ഒന്നും പറയില്ലേ എന്ന്.. ഒരുകാലത്തു കൊന്നേനെ അങ്ങനെ ചെയ്തിരുന്നേൽ ..
പക്ഷേ ഇന്നവർക്കറിയാം എന്നെ..
ഞാനിപ്പോ തട്ടമിടാതിരുന്നാലും, ഇടക്ക് സിനിമക്ക് പോയാലും, എവിടെങ്കിലും യാത്ര പോയാലും, ആൾക്കാരോട് സംസാരിച്ചാലും, ഞാൻ ഞാനായി തന്നെ ഉണ്ടാകുമെന്ന്..
അവർക്ക് എന്നോടുള്ള ആ വിശ്വാസം ഉണ്ടാക്കിയെടുക്കാൻ, ഞാൻ കുറച്ചു പരിശ്രമിക്കേണ്ടി വന്നു കെട്ടോ.. പ്രാർത്ഥനയും, പഠനവും, സ്നേഹവും, കൂട്ടുകെട്ടും എല്ലാം സത്യസന്ധമായിമാത്രം മുന്നോട്ടുകൊണ്ടുപോയി.. അതിന്റെ റിസൾട്ടുമുണ്ടായി..
പിന്നെ ആരിഫാ.. തന്റെ രക്ഷിതാക്കളെ എനിക്ക് നന്നായി അറിയാം.. പരമ്പരാഗതമായുള്ള മതവിശ്വാസവും തന്നോടുള്ള സ്നേഹവും കുറച്ചു കൂടിയത് കൊണ്ടാടോ..
അവരോട് വേണ്ടരീതിയിൽ ഞാൻ വിളിച്ചു സംസാരിച്ചോളാം.. എല്ലാം ശരിയാകും.. കേട്ടോ..
അടുത്ത ജന്മം ആകാൻ ഇപ്പോളെ വെയിറ്റ് ചെയ്യണ്ട.. ടീച്ചർ പതിയെ പുഞ്ചിരിച്ചു..
ആരിഫ ടീച്ചറെ സകൂതം നോക്കി നിൽക്കുകയായിരുന്നു. പെട്ടെന്ന് അവൾ പതിയെ അവരുടെ കയ്യിൽ ഒരുമ്മ കൊടുത്തു.. പിന്നെ പതിയെ ക്ലാസ്സിലേക്ക് നടന്നു..
സംതൃപ്തിയുടെ ഏറ്റവും വലിയ ഉദാഹരണമായി കയ്യിൽപതിച്ചു കിട്ടിയ ആ കണ്ണീരിൽ പതിഞ്ഞ ഉമ്മയുടെ മാധുര്യത്തിൽ ഹെന്നയുടെ കണ്ണുകളും അറിയാതെ ഈറനണിഞ്ഞിരുന്നു..
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.