അന്നും ശോശാമ്മയ്ക്ക് നേരം വെളുത്തു... കർത്താവേ നേരം വെളുക്കരുതേ.. എന്റെ മക്കളുടെ കരച്ചിൽ കാണാൻ വയ്യേ.... എന്ന് തലേദിവസം പ്രാർഥിച്ചതാണ് അവൾ. ഭർത്താവ് മരിച്ചുപോയിട്ട് നാലുവർഷം കഴിഞ്ഞു, രണ്ടുമക്കൾ, രണ്ടും ദൈവകൃപയാൽ പെൺകുട്ടികൾ.. എപ്പോഴും ശോശാമ്മ മേപ്പോട്ടുനോക്കി പറയും, കർത്താവേ.. സന്തോഷം ഉണ്ട്കേട്ടോ, ഒന്ന് എന്റെ ചെറുപ്രായത്തിൽ കെട്ട്യോനെ നീ വിളിച്ചു, അതും കൂടാതെ ഞാൻ മരണം വരെ നീറാൻ രണ്ട് പെൺപിള്ളേരേം തന്നു... പിന്നെ പോരാഞ്ഞു പട്ടിണി കൂട്ടും.. ന്നാലും നിന്നെഞാൻ വിടില്ല കേട്ടോ...
അപ്പോൾ അതുവഴിപോകുന്ന വഴിപോക്കർ ഇതുകാണുമ്പോൾ പറയും ശോശാമ്മ ആകാശത്ത് നോക്കി കരയുന്നേ.... ശോശാമ്മക്ക് ഭ്രാന്താണ്... പക്ഷേ, അവർക്കറിയില്ലല്ലോ ശോശാമ്മ അവളുടെ ഉടയവനുമായി സംസാരിക്കുകയാണെന്ന്.. ശോശാമ്മയുടെ മക്കൾ ഇരട്ടകളാണ്. രണ്ടുപേരും രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.. മക്കൾ ഉണർന്നു, രാവിലേ അമ്മയെ തിരക്കുകയാണ്.. അമ്മേ അമ്മോ......... ശോശാമ്മക്ക് വിളികേൾക്കാതിരിക്കാൻ സാധിച്ചില്ല, കാരണം അവൾ നൊന്തുപെറ്റ പൊന്നുമക്കളാണ്.. അമ്മ വിളികേട്ടു, എന്താ മക്കളേ..... അമ്മേ അമ്മയല്ലേ പറഞ്ഞത് ഞങ്ങൾക്ക് ക്രിസ്തുമസ് കേക്ക് മേടിച്ചുതരാമെന്ന്? എവിടെ കേക്ക്? അവൾ തെല്ലു സങ്കടത്തോടും പതുക്കയും പറഞ്ഞു. മക്കളേ അമ്മയുടെ കയ്യിൽ പൈസയില്ല, അതൊക്കെ പണക്കാര് കഴിക്കുന്നതാ.. തന്നെയുമല്ല നമ്മുടെ കർത്താവ് ഇപ്പഴൊന്നുമല്ല ജനിച്ചത്..
ആ കുഞ്ഞുങ്ങൾ അതൊന്നും കേൾക്കാതെ കരയുവാൻ തുടങ്ങി. ശോശാമ്മക്ക് പ്രയാസം കൂടി. അവൾ പറഞ്ഞു.. മക്കളേ നമ്മുടെ സഭയിലെ സെക്കട്ടറി അപ്പച്ചന്റെവീട്ടിൽ അമ്മപോയി ഇച്ചിരി പൈസ ചോദിക്കട്ടെ... അമ്മ തിരിച്ചു വരുമ്പോൾ കേക്ക് മേടിച്ചോണ്ട് വരാം. അതുകേട്ടതും കുഞ്ഞുങ്ങളുടെ കരച്ചിൽനിന്നു. ഒരുത്തിക്കു കറുത്ത കേക്ക് മതി, മറ്റൊരുത്തിക്കു ചുമല കേക്ക് മതി... അവസാനം അമ്മപറഞ്ഞു, മക്കൾ തമ്മിൽ വഴക്കുണ്ടാക്കാതെ നിങ്ങൾക്കിഷ്ടമുള്ളത് മേടിക്കാം. ശോശാമ്മ വലിയ പ്രതീക്ഷയോടെയാണ് പോകുന്നത്, കാരണം സ്ത്രീ സമാജത്തിന് സെക്കട്ടറിയുടെ ഭാര്യ എപ്പോഴും പ്രസംഗിക്കും നാം പാവങ്ങളെ സഹായിക്കണം. എന്റെ മക്കൾ ഫിലാഡൽഫിയായിൽ ഒരു ഓർഫനേജ് നടത്തുന്നുണ്ട് അതിനായി അവർ കോടികളാണ് മുടക്കുന്നതെന്ന്.....
അപ്പോൾ എന്റെ കുഞ്ഞുങ്ങൾക്ക് കേക്ക് മേടിക്കാൻ പൈസ തരുമായിരിക്കും.. ശോശാമ്മ പോകുന്നവഴി പ്രാർഥിച്ചു കർത്താവേ നിന്റെ ഹിതമാണെങ്കിലും എന്റെ കുഞ്ഞുങ്ങൾ കേക്ക് തിന്നണം എന്ന് നിനക്ക് തോന്നിയാലും എനിക്ക് പൈസകിട്ടണം. പോകുന്നവഴിയിൽ പ്രാർഥിച്ചുകൊണ്ട് സെക്കട്ടറിയുടെ വീട്ടിൽചെന്ന് കോളിങ് ബെല്ലടിച്ചു.... കൊച്ചമ്മയിറങ്ങിവന്നു, ങ്ങാ..... നീയായിരുന്നോ? എന്താടി ക്രിസ്തുമസ്സായിട്ടു രാവിലെ കണിപോലെ മുന്നിൽ നിൽക്കുന്നത്? അത് കൊച്ചമ്മേ ഒരു കാര്യം പറയാനായിരുന്നു. കൊച്ചമ്മ അതുകേട്ടതും നീപറ എനിക്ക് സമയമില്ല, മക്കളിപ്പോൾ അങ്ങ് അമേരിക്കയിൽനിന്നും വിളിക്കും, അപ്പോഴേക്കും ശോശാമ്മ പറഞ്ഞു കൊച്ചമ്മേ മക്കൾക്ക് കേക്ക് തിന്നണം എന്നു നിർബന്ധം, എനിക്കാണേൽ പൈസയുമില്ല, കൊച്ചമ്മ എനിക്കൊരു ഇരുപതു രൂപ തരുമോ? അവർക്ക് രണ്ടുരൂപയുടെ കപ്പ്കേക്ക് മേടിച്ചുകൊടുക്കാനാ... അതാകുമ്പോൾ അഞ്ചെണ്ണം കിട്ടുമല്ലോ.? അതുകേട്ടപ്പോൾതന്നെ കൊച്ചമ്മ പറഞ്ഞു നിന്റെ മക്കളുടെ അഹങ്കാരമേ, എടി ഇല്ലാത്തവർ ഇല്ലാത്തപോലെ കഴിയണം, നീ ഇങ്ങോട്ട് ചേരുമ്പോൾ എന്താ വിചാരിച്ചത്? ഞങ്ങളൊക്കെ സഹായിക്കുമെന്നോ? ദൈവത്തെയറിയാൻ വന്നാൽ മുള്ളും പറക്കാരയും പട്ടിണിയും ഉണ്ട്... എന്നാലേ സ്വർഗ്ഗത്തോട്ടു പോകത്തൊള്ളൂ..... നീ പോ... എനിക്ക് വേറെ പണിയുണ്ട്. അതുകേട്ടതും ശോശാമ്മ വേഗമിറങ്ങി, അവൾ പതിവുപോലെ മേപ്പോട്ടുനോക്കി പറഞ്ഞു കർത്താവേ... നീയെനിക്ക് പിന്നെയും പണിതന്നു ല്ലേ? നീ നോക്കിക്കോ ന്നാലും ഞാൻ നിന്നെവിടില്ല... അപ്പോൾ ശോശാമ്മ മേപ്പോട്ടുനോക്കി പിറുപിറുത്തുകൊണ്ട് കരയുന്നത് അയൽവാസി ശിവൻ കണ്ടു.... ശിവൻ ഉറക്കെ വിളിച്ചുകൂവി..... ശോശാമ്മക്ക് ഭ്രാന്തുകൂടിയേ... വീട്ടിൽ ചെന്നതറിഞ്ഞില്ല... മക്കൾ രണ്ടുപേരും ചോദിച്ചു കേക്കെവിടെയമ്മേ.? ശോശാമ്മ പറഞ്ഞു... മക്കളേ, കൊച്ചമ്മ പറഞ്ഞു ഈ ക്രിസ്തുമസിന് ദൈവത്തിനു വേണ്ടി ഉപവാസം എടുക്കാൻ.... ന്നാലേ നമ്മൾ സ്വർഗത്തിൽ പോകത്തൊള്ളൂ... നമ്മൾക്ക് നിങ്ങളുടെ പപ്പയെ കാണണ്ടേ. ? അതോ കേക്ക് മതിയോ? ശോശാമ്മ പൊട്ടിക്കരഞ്ഞു... മക്കൾ ആശ്വസിപ്പിച്ചു, അമ്മേ ഞങ്ങൾക്ക് കേക്കല്ല വലുത്... ഞങ്ങടെ പപ്പയേ കണ്ടാൽമതി...
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.