Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയിച്ചവന്റെ സെൽഫി...

selfie-1

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽനിന്ന് വിമാനം കയറിയപ്പോൾ പ്രജീഷിന്റെ മനസ്സ് സന്തോഷം കൊണ്ടു തുള്ളിച്ചാടുകയായിരുന്നു. ഇത്രയും ചെറുപ്രായത്തിൽ തന്നെ തേടിയെത്തിയിരിക്കുന്നത് നിസ്സാരമായ പുരസ്കാരമല്ലെന്നതിനപ്പുറം ഈ കൃതി തന്റെ ജീവിതം നഷ്ടപ്പെടുത്തി എഴുതിയതാണ് എന്ന തിരിച്ചറിവായിരുന്നു അവനെ സന്തോഷത്തിന്റെ അങ്ങേയറ്റത്ത് എത്തിച്ചത്. 'നാലാം അംഗം', തനിക്ക് പ്രശസ്തി നേടി തന്ന കൃതി കയ്യിലെടുത്തു അവനൊരു മുത്തം കൊടുത്തു. 

ഏതാണ്ട് നാലുവർഷം മുമ്പാണ് പ്രജീഷിന്റെ മനസ്സിൽ ഒരു കഥയുടെ വേരുകൾ മുളച്ചുതുടങ്ങിയത്. ആദ്യമൊക്കെ പിന്നെ പിന്നെ എന്നു കരുതി നീട്ടി കൊണ്ടുപോയി. അങ്ങനെ വർഷം ഒന്നു കഴിഞ്ഞു. എന്നിട്ടും കഥ തന്നെ വിട്ടുപോകുന്നില്ല എന്നവന് മനസിലായി. അതുകൊണ്ടുതന്നെ അതെഴുതാൻ അവൻ തീരുമാനിച്ചു. കഥയെക്കുറിച്ചു ധാരാളം പഠിക്കേണ്ടതുണ്ടായിരുന്നു അതുകൊണ്ടുതന്നെ തന്റെ നല്ലൊരു ജോലി ഉപേക്ഷിക്കാൻ അവൻ തീരുമാനിച്ചു. ഒടുക്കം വിവരങ്ങളെല്ലാം വീട്ടിൽ സൂചിപ്പിച്ചപ്പോൾ വീട്ടുകാരും ബന്ധുക്കാരും അവനെ എതിർത്തു. ഉള്ള ജോലികൂടി കളഞ്ഞാൽ വേറെ കല്യാണത്തിന് സമ്മതിക്കേണ്ടിവരുമെന്നു കാമുകിയും. പക്ഷേ, ആ കഥ അവനെ അത്രത്തോളം സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ അവൻ അവരെയെല്ലാം എതിർത്ത് തന്റെ കഥയെ സ്നേഹിക്കാൻ തുടങ്ങി. ജോലി ഉപേക്ഷിച്ചതിന്റെ നീരസം എല്ലാവർക്കുമുണ്ടായിരുന്നു. വീട്ടുകാർ എന്നും വഴക്കാണ്. അങ്ങനെ അവന് ആ വീട്ടിൽനിന്നും പടിയിറങ്ങേണ്ടിവന്നു. 

എല്ലാം ഉപേക്ഷിച്ച് അവൻ യാത്രയായി, വയനാടൻ ചുരങ്ങൾ കയറി അവിടുത്തെ ഗോത്രവർഗ്ഗക്കാരുടെ ജീവിതം പഠിക്കാനായി. ഏതാണ്ട് ഒരുവർഷത്തോളം അവിടെ താമസിച്ചു അവിടുത്തെ കാര്യങ്ങളും അവരുടെ ജീവിത രീതികളും പഠിച്ചു. താമസിക്കാൻ മറ്റൊരിടം ഇല്ലാതിരുന്ന അവനെ അവർ സ്വന്തം മകനെപ്പോലെ സ്നേഹിച്ചു. പിന്നീട് സ്വന്തമായ കുറച്ചു ഭാവനകൾകൂടി ചേർത്തപ്പോൾ അവന്റെ മനസ്സിലെ കഥ പിറവിയെടുത്തു. പിന്നീടങ്ങോട്ട് പ്രസിദ്ധീകരിക്കാനുള്ള തത്രപ്പാടിലായിരുന്നു. രണ്ടുമൂന്നു പ്രസിദ്ധീകരണ കമ്പനികൾ അവന്റെ കഥ പോരാ എന്നുപറഞ്ഞു തിരിച്ചയച്ചു. എന്നാൽ അവൻ പ്രതീക്ഷ കൈവിടാതെ പരിശ്രമിച്ചു. ഒടുക്കം അവന്റെ സ്വപ്നം പൂവണിഞ്ഞു. ഇതിനിടയിൽ എപ്പോഴോ താൻ ജീവനുതുല്യം സ്നേഹിച്ച, തന്റെ ജീവന്റെ ജീവനായ അവന്റെ ഉണ്ടക്കണ്ണി മറ്റാരുടെയോ ആയിത്തീർന്നു എന്ന് കേട്ടു. എന്നിട്ടും അവൻ തളർന്നില്ല. പുസ്തകം വിപണിയിൽ എത്തിച്ചു. ഏതാണ്ട് മൂന്നുമാസത്തിനുള്ളിൽ പുസ്തകം ജനപ്രീതി പിടിച്ചുപറ്റി. അങ്ങനെ ഒരു കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് വരെ കൊണ്ടുചെന്നെത്തിച്ചു. 

ഇത്രയും ആലോചിച്ചിരുന്നപ്പോഴേക്കും വിമാനം കൊച്ചിയിലെത്തി. വിമാനത്താവളത്തിൽനിന്ന് പുറത്തുവന്ന അവനെ സ്വീകരിക്കാൻ അവനെ തള്ളിപ്പറഞ്ഞ അവന്റെ ബന്ധുക്കാരും വീട്ടുകാരും വന്നിട്ടുണ്ടായിരുന്നു. ഇതിനിടയിൽ ചാനലുകാരുടെ കാമറ കണ്ണുകളും. ഇതിനെല്ലാം ഇടയിൽകൂടി പുറത്തേക്കു വരുന്നതിനിടയിൽ അവനെ ആരോ വിളിച്ചതായി കേട്ടു. തിരിഞ്ഞുനോക്കിയ അവൻ കണ്ടു, സ്വപ്നത്തിന് പുറകേപോയ അവനെ വേണ്ടെന്നുവെച്ചു മറ്റാരുടേതോ ആയ ആ ഉണ്ടക്കണ്ണി. അവർ ഒരു നിമിഷം തമ്മിൽ നോക്കി നിന്നു. ചുറ്റുപാടെല്ലാം അവർക്കു നിശബ്ദമായി തോന്നി. അപ്പോഴായിരുന്നു അയാൾ ഒരു മൊബൈലുമായി അവരുടെ ഇടയിലേക്ക് കടന്നുവന്നത്. "ഹേയ് പ്രജീഷ്, ഞാൻ നിങ്ങളുടെ പുസ്തകം വായിച്ചു. വളരെ നന്നായിരിക്കുന്നു. നിങ്ങളെപ്പോലെ സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്നവരെ ആണ് ഇന്നത്തെ തലമുറക്ക് ആവശ്യം. രശ്മി ഒരുപാട് പറഞ്ഞിട്ടുണ്ട് നിങ്ങളെക്കുറിച്ച്. ഇത്രയും പറഞ്ഞുകൊണ്ട് മൊബൈൽ ഉയർത്തി ഒരു സെൽഫി എടുത്തു. എന്റെ ഉണ്ടക്കണ്ണി എനിക്കുപകരം കണ്ടെത്തിയ ആൾ. എന്തായാലും സ്വപ്നത്തിനു പിന്നാലെ പാഞ്ഞ ഞാൻ തന്നെയാണ് വിജയി എന്ന ഉറപ്പോടെ ഞാൻ ആ സെൽഫിയിൽ ചിരിച്ചു. അവളുടെ കണ്ണ് നിറഞ്ഞതും എനിക്ക് കാണാമായിരുന്നു.

Malayalam Short StoriesMalayalam literature interviews,Malayalam Poems 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.