"ജീവിതം യൗവ്വന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്‍റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍ എന്‍റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഒരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്, സാറാമ്മയോ..? ഗാഢമായി മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍നായര്‍...."
ഇത്രയും താളാത്മകമായി ഒരു കാമുകനും ഒരു കാമുകിക്കും കത്ത് എഴുതിയിട്ടുണ്ടാവില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ ആദ്യം ഈ സുവര്‍ണ ലിപികള്‍ പിറന്ന കൈക്കുടമ ശ്രീമാന്‍ വൈക്കം മുഹമ്മദ് ബഷീറിന് അദ്ദേഹത്തിന്‍റെ രീതിയില്‍ തന്നെ ഒരു "സ്റ്റൈലന്‍ സലാം"
പ്രിയപ്പെട്ട സോണി,
ആദ്യമായാണ് ഞാന്‍ ഈ സാഹസത്തിനു മുതിരുന്നത്.
രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ നിന്നെ ആദ്യമായി കാണുന്നത്. കണ്ടപാടെ ഇതു മൂന്നാം തവണയാണ്, ഹൃദയത്തില്‍ "ലപ് ടപ്" ഇടി മാറി "ടപ്പോ ടപ്പോ" എന്ന് ഇടിക്കാന്‍ തുടങ്ങിയത്. സ്വാഭാവികമായും ഞാന്‍ മൂന്നാമത്തെതാണല്ലേ എന്ന ചിന്ത നിന്നില്‍ ഉണ്ടാകാം. നീയൊരു പെണ്ണല്ലേ അതുണ്ടാകും..!! ഞാന്‍ പറയാം, നിന്നോടു എനിക്കൊന്നും മറയ്ക്കാനാവില്ല, കാരണം എന്നെങ്കിലും ഒരിക്കല്‍ എന്‍റെ ഹൃദയം നിന്നോടു സംസാരിക്കുമ്പോള്‍ അതില്‍ ഞാനല്ലാതെ മറ്റാരാണ് എന്നു നീ ഹൃദയത്തോട് ചോദിക്കാന്‍ പാടില്ലല്ലോ.. മറ്റു പൈങ്കിളി കാമുകന്മാരെപ്പോലെ ഞാന്‍ മുന്‍പു സ്നേഹിച്ച ആരെയും ഇന്നും ഹൃദയത്തില്‍ നിന്നും കഴുകിക്കളഞ്ഞിട്ടില്ല.
എന്‍റെ രണ്ടു പ്രണയങ്ങള്‍ നീ അറിയണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. പൂര്‍ണ മനസ്സോടെ നീയിതു കേള്‍ക്കുമല്ലോ, ആദ്യപ്രണയം നേഴ്സറിയില്‍ പഠിക്കുമ്പോള്‍ കോണ്‍വെന്‍റു വരാന്തയില്‍ എന്നോടൊപ്പം ഇരുന്നു മഞ്ഞപ്പുട്ടു കഴിച്ചിരുന്ന ഗോലിക്കണ്ണുള്ള അന്‍സു എം.എഫിനോടായിരുന്നു. ആദ്യമായി ആനുവേഴ്സറിക്കു വേദിയില്‍ "പടിഞ്ഞാറേ കാണുന്ന കൊച്ചു വീട്... ഗോപുര മേടയില്ലാ...." എന്ന ഗാനം പാടിക്കഴിഞ്ഞപ്പോള്‍ അന്‍സു തന്ന ചൂടുചുംബനം ഒരു പുഞ്ചിരിയോടെയായിരുന്നു ഞാന്‍ ഏറ്റു വാങ്ങിയത്.
ആ കാലത്തു അതിനെ പ്രണയം എന്നു പറയാനുള്ള പ്രാഥമിക വിവരം ഇല്ലാത്തതിനാല്‍ ചുംബനം തന്നതിന്‍റെ പേരില്‍ ഞാനവളെ എന്‍റെ "ബെസ്റ്റ് ഫ്രണ്ട്" ആക്കി. ആറാം ക്ലാസ് വരെ അങ്ങനെ തന്നെ പോയി. അന്നും ഞാന്‍ ചുംബനകഥ അവളോടുപറയുമായിരുന്നു. ഒരിക്കല്‍ അവളുടെ മുഖത്ത് പതിവില്ലാത്ത ഭാവവ്യതാസം ഞാന്‍ കണ്ടു. പതിയെ അവള്‍ എന്നില്‍ നിന്നും അകന്നു തുടങ്ങി. റീജ ടീച്ചര്‍ എട്ടിന്റെ എഞ്ചുവടി പറയാത്തതിനു ചൂരലിന് വീക്കുമ്പോള്‍ അവള്‍ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവള്‍ കരയാതിരിക്കാന്‍ ഞാന്‍ വേദന കടിച്ചമര്‍ത്തി ചിരിക്കുമായിരുന്നു. പിന്‍ബഞ്ചില്‍ കമഴ്ന്നിരുന്നു കരയുമ്പോള്‍ ഇടം കണ്ണിട്ടു അവള്‍ നോക്കുന്നത് എനിക്ക് എന്തൊരാശ്വാസം ആയിരുന്നു. മഞ്ഞപ്പുട്ടു കിട്ടുമ്പോള്‍ ആയമ്മ അറിയാതെ എത്രതവണ ഞാന്‍ അവള്‍ക്കു പകുതി കൊടുത്തിട്ടുണ്ട്.
ആദ്യമായി അവള്‍ തലചുറ്റിവീണദിവസം ഞാനാണ് റീജടീച്ചറിനോട് ആദ്യം വിവരം പറഞ്ഞത്, അവളുടെ അച്ഛന്‍ വന്നു വിളിച്ചിട്ടു പോകുമ്പോള്‍ അവള്‍ക്കുവേണ്ടി കോണ്‍വെന്‍റിലെ രൂപക്കൂടിന് മുന്നില്‍ ഞാന്‍ മുട്ടിപ്പായി പ്രാർത്ഥിച്ചില്ലേ? എന്നിട്ടും എന്താണ് അവളെന്നോട് മിണ്ടാത്തത്? ഞാന്‍ വേദനയോടെ നടക്കുന്നത് കണ്ട ഷാജിയാണ് എന്നോട് ആ മഹാരഹസ്യം വെളിപ്പെടുത്തിയത്. "അന്‍സുവിന് ആറു ബി യിലെ ഫസ്റ്റ് റാങ്കുകാരന്‍ വിശാല്‍ ടി.പിയുമായി ഫ്രണ്ട്ഷിപ് ഉണ്ടത്രെ...!!!"
ആറുനാള്‍ മഞ്ഞപ്പുട്ടു കഴിക്കാതെ കളഞ്ഞുകൊണ്ട് ഞാന്‍ അവളോടു പ്രതികാരം വീട്ടി. പ്രിന്‍സിപ്പല്‍ വന്നു അവളെ ഡിവിഷന്‍ മാറ്റി പഠിക്കുന്ന പിള്ളാരെല്ലാം ഡിവിഷന്‍ എ പിന്നെ ബി അതിലും താഴെ സി. ഞാന്‍ ബിയില്‍ ഷാജി സിയില്‍ ഭീകരമായ നാടുനീക്കം...!!! ആദ്യമൊക്കെ ഒറ്റക്കിരുന്ന് കരഞ്ഞിരുന്നു. പിന്നെ കാണാതായി.. അതിനു ശേഷം അവള്‍ മിണ്ടിയിട്ടില്ല, ഞാനും മിണ്ടാന്‍ പോയില്ല. പിന്നെ
ഒരിക്കലും എനിക്കു മുന്നില്‍ ആ ചിരിയുമായി അവള്‍ വന്നിട്ടില്ല. ഞാന്‍ തേടിപ്പോയിട്ടുമില്ല.
പ്രിയപ്പെട്ട സോണി, എനിക്കു ആ പഴയ ഗോലിക്കണ്ണുള്ള കൂട്ടുകാരിയെ മറക്കാനാകില്ല അന്നും ഇന്നും.
രണ്ടാം പ്രണയം
പത്താംക്ലാസ്. തലമൂത്തതിന്റെ അഹങ്കാരത്തില്‍ പ്രായത്തിന്‍റെ എല്ലാ വിവരക്കേടുകളും പരീക്ഷിച്ചു നടക്കുന്ന കാലം, ക്രിക്കറ്റ് തലയ്ക്കു പിടിച്ച് സ്റ്റാര്‍ കാര്‍ഡുകള്‍ വാങ്ങി കൂട്ടന്ന സമയം. മലയാളം മീഡിയം ഗവന്‍മെന്‍റ് സ്കൂള്‍ ആണ് സ്ഥലം. ഇവിടെ ഉച്ചക്കഞ്ഞി ഫേമസ് ആയിരുന്നു. വീട്ടില്‍ നിന്നും ചോറ് കൊണ്ടു വന്നാലും ചൂട് പയറിട്ട കഞ്ഞീം കവര്‍ നാരങ്ങയും കഴിക്കാതെ പോകാറില്ല അതാണ് പതിവ്.
ആണ്‍കുട്ടികള്‍ ഒരു വശത്തും പെണ്‍കുട്ടികള്‍ മറ്റൊരു വശത്തും ആയിരുന്നു സ്കൂളില്‍. പെണ്‍കുട്ടികളെ നേരില്‍ കാണുക വിരളമാണ്.
സുന്ദരിക്കോതകള്‍ ടൂട്ടോറിയല്‍ കോളജു വിട്ടു വരുമ്പോള്‍ നമ്മള്‍ ചിലര്‍ സമ്മര്‍ ചീപ്പൊക്കെയെടുത്ത് വെള്ളം നനച്ചു മുടി ചീകിയൊതുക്കി, ഇല്ലാത്ത മീശ ഉണ്ടെന്ന മട്ടില്‍ കോതിയൊതുക്കി കൈ രണ്ടും കെട്ടി, ഒരുകാലില്‍ ഭാരം കൊടുത്ത് കുന്തം പോലെ നില്‍ക്കും. കരിങ്കണ്ണി ഷീബ എന്നും ആക്കിച്ചിരിക്കും. ഷാജിയും എന്‍റെ ക്ലാസിലാണ്. അവന്‍ ഷീബയെ തെറി പറയും. ആയിടയ്ക്കാണ് ജോക്കെര്‍ മിഠായി വിപണി കീഴടക്കിയത്. രാവിലെ വന്നാല്‍ ഒരു ജോക്കെര്‍ അത് പതിവായി.
അങ്ങനെ ഒരുനാള്‍ ഞാന്‍ജോക്കെര്‍ വാങ്ങാന്‍ തിരക്കില്‍പെട്ടു നിന്നസമയത്താണ് പിന്നില്‍ നിന്നും ഒരു വിളി വന്നത്..."ശ്ശ്..ശ്" ഞാന്‍ തിരിഞ്ഞു നോക്കി.
ലക്ഷ്മി ഡി.എ...!!! (പത്തിലെ പേടിസ്വപ്നം തൊണ്ടയില്‍ഉണ്ട കുമാറിന്‍റെ കാമുകി. അവളാണ് സ്കൂളിലെ ഏറ്റവും സുന്ദരി, ക്ലാസില്‍ അവളെപ്പറ്റി പല കഥകളും ഞങ്ങള്‍ പറഞ്ഞുപരത്താറുണ്ട്. ഒരിക്കല്‍ കുമാര്‍ കേട്ടിട്ട് വന്നതില്‍ ഷാജിക്ക് കിട്ടിയ രണ്ടിടി ഹോ...!!! ഞാന്‍ ഒരിക്കലും മറക്കില്ല. പാവം അവന്‍ എന്നെ ഒറ്റിയില്ല.)
ഞാൻ ഒന്നുസ്തംഭിച്ചു പോയി.. എന്നെയാണോ ഞാന്‍ തിരക്കി. അവള്‍ തലയാട്ടി. ഞാന്‍ അമ്പരന്നു, ഈശ്വരാ കൊല്ലാനാണോ വളര്‍ത്താനാണോ?
ഞാന്‍ തിരക്കിനിടയില്‍ നിന്നും ജോക്കെറുമായി പുറത്തെത്തി. ഞാന്‍ തിരക്കി എന്താ? വിഷയം അവള്‍ക്കു ജോക്കെര്‍ മിഠായി വേണം.
ഒരിക്കല്‍ അജി ഇവള്‍ക്ക് മിഠായി വാങ്ങിക്കൊടുത്തതിനു കുമാര്‍ അവനെ കോമ്പസ് കൊണ്ടു കുണ്ടിക്ക് കുത്തിയത് ഞാന്‍ ഓര്‍ത്തു.
സത്യത്തില്‍ ആ കണ്ണുകള്‍ കണ്ടാല്‍ ആരും സഹായിച്ചു പോകും. പാവമായിരുന്നു ലക്ഷ്മി. ഞാന്‍ അവളുടെ കയ്യില്‍ നിന്നും കാശു വാങ്ങി കടയിലേക്ക് തിരിഞ്ഞപ്പോള്‍ കുപ്പി കാലി..!!
ലക്ഷ്മിയുടെ മുഖം വാടുന്നത് ഞാന്‍ കണ്ടു. ആദ്യമായി ഹൃദയത്തില്‍ "ലപ് ടപ്" ഇടി മാറി "ടപ്പോ ടപ്പോ"എന്ന് ഇടിച്ചു തുടങ്ങി..
രണ്ടും കൽപിച്ചു ഞാന്‍ എന്‍റെ കയ്യിലെ ജോക്കെര്‍ മിഠായി അവള്‍ക്കു കൊടുത്തു.
അവള്‍ അതെടുത്ത ശേഷം നടന്നു നീങ്ങി കുറച്ചു ചെന്നശേഷം തിരിഞ്ഞു നോക്കി ഹോ...!! ഞാന്‍ വെയിലത്ത് വച്ചഈര്‍ക്കില്‍ ഐസ് പോലായി. അന്ന് ക്ലാസ്സില്‍ എനിക്കു രാജകീയ വരവേല്‍പ്പ് ആയിരുന്നു. ഷാജി സംഭവം പാട്ടാക്കി. ഡിവിഷന്‍ പത്ത് എച്ചിൽ നിന്നു വരെ എന്നെ കാണാന്‍ പലരും എത്തി. ഞാന്‍ നോക്കിയിരുന്നത് കുമാറിന്‍റെ വരവായിരുന്നു.
വൈകിട്ടുവരെ കുമാര്‍ വന്നില്ല, ജനഗണമനപാടി സ്കൂള്‍ വിട്ടതും ഞാന്‍ ആദ്യം തന്നെ ടൂട്ടോറിയല്‍ കോളജിലേക്ക് തിരിച്ചു. സ്കൂള്‍ ഗ്രൗണ്ട് കടന്നു വേണം ചെല്ലാന്‍. ഗ്രൗണ്ട് കടന്നു ഇടവഴിയില്‍ കയറിയപ്പോള്‍ ആറുപേര്‍ മുന്നിലും ആറുപേര്‍ പിന്നിലും വളഞ്ഞു. എന്‍റെ ശ്വാസം നിലച്ചു.
മുന്നില്‍ കുമാര്‍..!! കയ്യില്‍ സൈക്കിള്‍ ചെയിന്‍..!!
ഞാന്‍ എന്തെങ്കിലും പറയും മുന്‍പേ അടിവീണു. തല്ലുകൊള്ളുമ്പോള്‍ നാഭിക്കു താഴെ കൈകൊണ്ടു പോത്തണമെന്നു ഷാജി പറഞ്ഞത് ഞാന്‍ ഓര്‍ത്തിരുന്നു. ഞാന്‍ കൈ നാഭിക്കു താഴെ ചേര്‍ത്തു പിടിച്ച് തറയില്‍ ചുരുണ്ട് കിടന്നു.. കൂടുതലും ചവിട്ടാണ്. നല്ല വേദന ഉണ്ടായിരുന്നു.. അവസാനം കുമാര്‍ ദേഷ്യം തീര്‍ക്കാന്‍ തറയില്‍ കിടന്ന എന്‍റെ നേരെ മുള്ളി...!!!!
അത് വലിയ വാര്‍ത്തയായി. കുമാറിന് നാണക്കേടും..!!! വിഷയം ലക്ഷ്മിയുടെ കാതുകളില്‍ എത്തിയതാകണം അവള്‍ ഒരിക്കല്‍ എന്നെ വഴിയില്‍ വച്ചു കണ്ടു നിന്നു. എനിക്കും നില്‍ക്കാതിരിക്കാന്‍ തോന്നിയില്ല.
രണ്ടാം തവണ ഹൃദയത്തില്‍ "ലപ് ടപ്" ഇടി മാറി "ടപ്പോ ടപ്പോ"മുഴങ്ങി..!! ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട് ആ ചിരി. അന്നു മുതല്‍ ഞങ്ങള്‍ കൂട്ടുകാരായി.. ഞാന്‍ കുമാറിന്‍റെ നോട്ടപ്പുള്ളിയും. പലപ്പോഴും കുമാര്‍ എന്നെ തല്ലുന്നത് കണ്ടിട്ടാവണം അവള്‍ എന്നോടു ചോദിച്ചു നീ ഒരു ആണല്ലേ... നിനക്കു തിരിച്ചു തല്ലരുതോ..?
അഭിമാനം ...ചോദ്യം ചെയ്യപ്പെട്ടു....!!!!
കര്‍ച്ചീഫില്‍ കല്ലുകെട്ടി കുമാറിന്‍റെ തലയ്ക്കടിച്ചു എട്ടു തുന്നല്‍. സ്കൂളിലെ വീരാളിപ്പട്ടം എനിക്കു കിട്ടി. ലക്ഷ്മി എന്നോട് കൂടുതല്‍ അടുത്തു തുടങ്ങി.
പരീക്ഷക്കു തുണ്ടു വെക്കുന്ന പരിപാടി ഉണ്ടായിരുന്നു എനിക്ക്. ലക്ഷ്മിക്ക് അത് ഇഷ്ടമല്ല. ഞാന്‍ തുണ്ടു വച്ചില്ലേല്‍ തോക്കുന്നത് ഞങ്ങള്‍ പത്തോളം പേരാണ്. അതില്‍ ഷാജിയും പെടും ജീവിതത്തില്‍ ആദ്യമായി ഷാജി കരഞ്ഞതും ഞാന്‍ തുണ്ടു വയ്ക്കാന്‍ വിസമ്മതിച്ചപ്പോഴാണ്.
ഒടുവില്‍ അഞ്ചു ജോക്കെര്‍ മിഠായിയും ഇരുന്നൂറു സ്റ്റാര്‍ കാര്‍ഡും എന്ന ഉടമ്പടിയില്‍ ഞാന്‍ തുണ്ടു വെക്കാം എന്ന് ഏറ്റു.
ഓണപ്പരീക്ഷയില്‍ അവളും ഞാനും ഒരു റൂമില്‍ ആയിരുന്നു ഇരുന്നിരുന്നത്. ഞാന്‍ തുണ്ടു വയ്ക്കുന്നത് അവള്‍ കണ്ടു. കണ്ണു കൊണ്ട് ആദ്യം ഒന്നു വിരട്ടി. രണ്ടാം വട്ടം അവള്‍ ഒറ്റി. ടീച്ചർ പിടിച്ചു. എനിക്കു വല്ലാത്ത വിഷമം തോന്നി.. ആ പരീക്ഷയില്‍ ഞാന്‍ തോറ്റു. രസം അതല്ല കുമാര്‍ ആദ്യമായി "മലയാളത്തിന്" ജയിച്ചു.
അതോടെ ലക്ഷ്മി കുമാറുമായി മിണ്ടിത്തുടങ്ങി. ഞാന്‍ പിന്തള്ളപ്പെട്ടു. കുമാര്‍ വാശിയോടെ പഠിക്കാന്‍ തുടങ്ങി, ഞാന്‍ പതിയെ പത്തിലെ ഗുണ്ടയായി അവരോധിക്കപ്പെട്ടു. പഠിക്കാത്തവന്‍..!! നല്ല കുട്ടിയുടെ തല തല്ലി പോട്ടിച്ചവന്‍...!! പേരുകള്‍ കൂടി വന്നു. പത്താം ക്ലാസ് അവസാന ദിവസം ഓട്ടോഗ്രാഫ് വാങ്ങാന്‍ അവള്‍ വന്നു, എനിക്കു നേരെ നീട്ടിയ ആ കുറിപ്പില്‍ എന്തോ എഴുതിയപ്പോള്‍ അതില്‍ രണ്ടു തുള്ളി കണ്ണു നീരും ഉണ്ടായിരുന്നു.. അതുസത്യത്തില്‍ കണ്ണുനീര്‍ ആയിരുന്നില്ല എന്‍റെ ഹൃദയത്തിലെ രക്തമായിരുന്നു.
സോണീ, അതിന് ശേഷം ഹൃദയം കൊടുത്തു ഞാന്‍ ആരെയും പ്രണയിച്ചിട്ടില്ല. ഞാന്‍ അറിയാതെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും എന്‍റെ ഹൃദയത്തില്‍ "ലപ് ടപ്" ഇടി മാറി "ടപ്പോ ടപ്പോ"മുഴങ്ങിയത്, നിര്‍ഭാഗ്യവശാല്‍ അതിനു കാരണം നീയായിരുന്നു എന്നു മാത്രം.
നീ ആരെന്നോ എന്തെന്നോ എനിക്കറിയില്ല, അറിയാന്‍ ആഗ്രഹവും ഇല്ല, ഒരു നോക്ക് കൊണ്ടോ, വാക്ക് കൊണ്ടോ നിന്നെ ഞാന്‍ നോവിക്കാന്‍ ആഗ്രഹിക്കുന്നില്ല.. നിന്‍റെ കണ്ണുകള്‍ ഞാന്‍ കാരണം നിറയാന്‍ പാടില്ല എന്നു നിന്നെക്കാള്‍ ഏറെ ഞാന്‍ ആഗ്രഹിക്കുന്നു.
എന്നിരുന്നാലും നിന്നോടു എനിക്കിതു പറയാതെ വയ്യ, എനിക്ക് നിന്നെക്കാള്‍ ഏറെ ഇഷ്ടം എന്‍റെ ഹൃദയത്തോടാണ്.
നിറുത്തട്ടെ
സ്നേഹപൂര്‍വ്വം
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.