Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചറിവിന്റെ ഒറ്റച്ചുഴിയും നന്മയുടെ ഇരട്ടക്കണ്ണുകളും

old-man Representative Image

അയാളുടെ പുറമാകെ നനഞ്ഞിരിക്കുന്നു, വിയർത്തതാണ്... എന്നാലും ഇങ്ങനെ വിയർക്കോ..?

ഇങ്ങനെ വിയർക്കണമെങ്കിൽ അയാൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകണം..

ചോദിക്കണോ..? ചോദിച്ചാൽ അയാൾ ഒന്നും പറഞ്ഞില്ലെങ്കിലോ..?

പറഞ്ഞാൽ ഇനിയിപ്പോ അയാൾക്കൊപ്പം ആശുപത്രിയിൽ പോകേണ്ടിയെങ്ങാൻ വന്നാൽ...

ബാങ്കിൽ രാവിലെ എത്തേണ്ടതായും ഉണ്ടേ.. നാലഞ്ചു മാസമായി ആ മാനേജരുടെ പിന്നാലെ നടന്നു ഒപ്പിച്ചെടുത്ത ലോൺ ആണ്... ഇന്നു കണ്ടില്ലേൽ മുടങ്ങാൻ അതുമതി...!!

ശരിക്കും ഞാൻ കാരണങ്ങൾ ഉണ്ടാക്കുകയാണോ..?

ഏയ്...!! ഈ ബസിൽ അൻപതോളം യാത്രക്കാർ ഉണ്ട്, അവർക്കെല്ലാം എന്നെപ്പോലെ തന്നെ  തിരിച്ചറിവിന്റെ ഒറ്റച്ചുഴിയും നന്മയുടെ  ഇരട്ടക്കണുകളും ഉണ്ട്... ഉണ്ടാകും... ഉണ്ടാകില്ലേ..? എന്നിട്ടും ആരും നോക്കുന്നില്ല. ഒരുനിമിഷം ഞാൻ തിരിഞ്ഞു നിന്നു. ശ്രദ്ധിക്കാതിരിക്കാം...

മനസ്സനുവദിച്ചില്ല.. വീണ്ടും നോക്കി.. അടുത്തിരിക്കുന്നവൻ ചെവിയിൽ ഇയർഫോൺ തിരുകി ഉറങ്ങി മറിയുകയാണ്... അയാൾ ശരിക്കും ഉറങ്ങുകയായിരിക്കുമോ..? ഇതെന്തുറക്കമാണ് ..

ശരിക്കും, അയാൾക്കായിരുന്നു ചോദിക്കാൻ ഏറ്റവും എളുപ്പം.. ഞാനായിരുന്നേൽ ചോദിക്കുമായിരുന്നു... എന്തൊരു മനുഷ്യനാണയാൾ....

ഞാൻ വീണ്ടും ശ്രദ്ധിച്ചു... ബസ്സിന്റെ ജനാലയിൽ അയാൾ ശക്തമായി പിടിക്കുന്നുണ്ട്... എന്തോ പ്രശ്നമുണ്ടല്ലോ....?

പെട്ടന്ന് ബസ് നിറുത്തി. എന്റെ ദൃഷ്ടിയെ മറച്ചുകൊണ്ട് കുറെ യാത്രക്കാർ ഇറങ്ങി.. സ്കൂൾ പിള്ളേർ കുറെ ഇരച്ചു കയറി... ഇപ്പോൾ വല്ലാത്ത തിരക്ക്.. ഇനി അവിടെ പോവുക എന്നത് വളരെ ദുസ്സഹമാണ്... അടുത്ത രണ്ടു സ്റ്റോപ്പ് കൂടെ കഴിഞ്ഞാൽ എനിക്കിറങ്ങാനുള്ളതാണ്..

ഇപ്പോൾ സീറ്റുകൾക്കിടയിലെല്ലാം കുട്ടികൾ തള്ളി ഞെരുങ്ങി നിൽപ്പുണ്ട്... ഉറങ്ങിയിരുന്നവന്റെ  ഇടയിലേക്ക് ഒരു വിരുതൻ ചെറുക്കൻ ഊർന്നുകയറി.. അയാൾ ഞെട്ടിയുണർന്നു... എന്ത് പണിയാണവൻ കാണിച്ചത്.. ? അവനവിടെ നിൽക്കുമ്പോൾ അടുത്തിരിക്കുന്ന ആ വയോവൃദ്ധന്‌ കൂടുതൽ ദുസ്സഹമാവുകയേയുള്ളു. അല്ലേലും ഇന്നത്തെ പിള്ളാർക്ക് ഒരു ബോധവും ഇല്ല. വളർത്തുദോഷം. അല്ലാതെന്താ.!! അതിനവരെ പറഞ്ഞിട്ടെന്തിനാ വളർത്തുന്നോർക്കു സമയം വേണ്ടേ? തിരക്കാണല്ലോ. സദാസമയവും തിരക്ക്... എന്റെ കുട്ടി എന്തായാലും അങ്ങനല്ല.. ഞാൻ അത് പ്രത്യേകം ശീലിപ്പിച്ചിട്ടുണ്ട്..

വൃദ്ധന്റെ ശ്വാസഗതി കൂടുകയാണ്.... ജനൽ കമ്പിയിലെ അയാളുടെ പിടി മുറുകി വരുന്നുണ്ട്... എനിക്കിറങ്ങാനുള്ള സ്റ്റോപ്പ് അടുത്തുവരുന്നു.!

വിരുതൻ പെട്ടന്ന് ആ വയസ്സനെ തട്ടിവിളിച്ചു "അപ്പൂപ്പാ എന്തുപറ്റി വയ്യേ..?" അയാൾ എന്തോ മറുപടി പറഞ്ഞു... പെട്ടന്ന് പയ്യൻ ബാഗിൽ നിന്നും കുറച്ചു വെള്ളം എടുത്തുകൊടുത്തു.. അയാൾ ഒരൽപം കുടിച്ചു... പിന്നെ എന്തോ വീണ്ടും പറഞ്ഞു. ആ പയ്യൻ അയാളുടെ ബാഗിൽ നിന്നും ഒരു മരുന്നു തപ്പിയെടുത്തു.. അയാളുടെ നിർദേശപ്രകാരം അത് ഷർട്ടിനുള്ളിൽ വച്ച് കടിച്ചുപൊട്ടിച്ചു പകുതിയാക്കി കൊടുത്തു... അയാൾ നിറഞ്ഞ സംതൃപ്തിയോടെ ആ മരുന്ന് കഴിച്ചു ഹോ.. ആശ്വാസം...!!!!

അയാൾ പയ്യനെ നോക്കി ചിരിച്ചിരിക്കണം, പയ്യന്റെ മുഖത്തും ചിരിവീണു...

എന്റെ ഉള്ളിലുണ്ടായ ചൂളൽ ഇരച്ചുകയറി ചളിപ്പായി തികട്ടിവന്നു... ഇന്നത്തെ പിള്ളാർക്ക് ഇത്രയും ബോധമുണ്ടല്ലേ.. എന്റെ കുട്ടിക്കു ഇതറിയാമായിരിക്കുമോ..? ഞാൻ അതൊന്നും പഠിപ്പിച്ചിട്ടില്ലല്ലോ....

അതോ ഇതൊക്കെ താനേ പഠിക്കുന്നതാണോ? ഉള്ളിലെ സംശയങ്ങൾക്ക് വീണ്ടും വിശപ്പുകൂടി. പെട്ടന്ന് പിന്നിൽ നിന്നും ഒരാൾ തട്ടിവിളിച്ചു, ഇറങ്ങുന്നില്ലേ...?

ഇവിടേക്കുള്ള ടിക്കറ്റല്ലേ എടുത്തത് ..?

ഞാൻ നോക്കി ശരിയാണ് സ്ഥലമെത്തി... തിരിച്ചറിവിന്റെ പുത്തനാശയം പേറി പുതിയ ചുവടുകളോടെ മുന്നോട്ടുപോകാൻ തലച്ചോറിൽ ഒരു വെള്ളിവെളിച്ചം ഉദിച്ചെങ്കിലും ... ലോണുകിട്ടുമോ..? ഇനി ഏതുപേപ്പർ ശരിയാക്കേണ്ടിവരും...? മാനേജർ മാറുമോ..? എങ്ങനെ ലോൺ അടച്ചുതീർക്കും ..?എത്രകാലം അടയ്‌ക്കേണ്ടി വരും ...?

ഇങ്ങനെ തുടങ്ങുന്ന ജീവിതശൈലി ചോദ്യങ്ങൾ വീണ്ടും എനിക്കൊപ്പം വിടാതെ കൂടിയതിനാൽ ഉയർന്നു വന്ന വെള്ളിവെളിച്ചത്തെ ഞാനങ്ങു മനഃപൂർവം മറന്നു..!

Malayalam Short StoriesMalayalam literature interviews,Malayalam Poems   

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.