Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു നഷ്ട വസന്തം

love Representative Image

ഇപ്പോൾ അയാൾ എന്നെ വിളിക്കാറില്ല!

ഞങ്ങള്‍ പരിചയപെട്ടിട്ട് നാലഞ്ച് വര്‍ഷത്തോളം ആയിരുന്നു അപ്പോഴേക്കും. തമ്മില്‍ കണ്ട മാത്രയില്‍ ഒരു കെമിസ്ട്രി ഫീല്‍ ചെയ്തിരുന്നു. ഒരു മാനസികമായ അടുപ്പം മനസ്സില്‍ തോന്നിയെങ്കിലും അത് ഞാനായി പറഞ്ഞിട്ടില്ല. ആദ്യമൊന്നും അയാള്‍ എന്നോട് അങ്ങനെ പെരുമാറിയിരുന്നില്ല. പക്ഷേ ഓരോ മാസം കഴിയുമ്പോഴും സംസാരരീതികളില്‍ അടുപ്പം തോന്നത്തക്ക വിധത്തില്‍ പ്രകടമായ മാറ്റം കണ്ടു തുടങ്ങി. എവിടെയോ സ്നേഹവും, പരിചരണവും എനിക്ക് തോന്നി തുടങ്ങിയിരുന്നു. ഉള്ളു കൊണ്ട് ഞാന്‍ അത് ഏറെ ഇഷ്ടപെട്ടിരിന്നു താനും. എനിക്ക് ആ സമയങ്ങളില്‍ നഷ്ടപെട്ടിരുന്ന പല സന്തോഷങ്ങളും ഞാന്‍ അയാളിലൂടെ സ്വായത്തമാക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ അതൊരു നുണ പറച്ചില്‍ ആവില്ല. ഞങ്ങള്‍ സമയം കിട്ടുമ്പോഴൊക്കെ സംസാരിക്കുമായിരുന്നു. ഭൂഗോളത്തിലുള്ള എന്തും ഞങ്ങളുടെ വിഷയമായിരുന്നു. സംസാരിച്ചു പിരിയുമ്പോള്‍ ഉണ്ടാവുന്ന ഒരു സ്വസ്ഥത അത് വളരെ സുഖമുള്ള ഒന്നായിരുന്നു. പിന്നീടു അത് സംസാരിക്കാതിരിക്കുമ്പോള്‍ ഉള്ള അസ്വസ്ഥത ആയി മാറുന്നത് മെല്ലെ ഞാനറിഞ്ഞു. അയാളുടെ നോട്ടം എന്നില്‍ ഇക്കിളി കൂട്ടി. അയാളുടെ വാക്കുകള്‍ എന്റെ ചെവിയില്‍ മന്ത്രം പോലെ കേട്ടുകൊണ്ടിരിന്നു. വളരെ വ്യത്യസ്തമായി എനിക്ക് ആ നാളുകള്‍ കഴിച്ചു കൂട്ടേണ്ടി വന്നു. എന്റെ ജീവിതത്തിലെ സന്നിഗ്ധ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അയാള്‍ എനിക്ക് വേണ്ട ഊര്‍ജവും, ധൈര്യവും, സന്തോഷവും പ്രദാനം ചെയ്തു. അങ്ങനെ ഇരിക്കെ ഒരു ദിവസം, വളരെ യാദൃശ്ചികമായി അയാള്‍ എന്നോട് പറഞ്ഞു. 

“യു ലുക്ക്‌ ഗോര്‍ജിയസ്” 

അന്ന് ഞാന്‍ ഒരു പച്ച കളറുള്ള ചുരിദാര്‍ ആണ് ധരിച്ചിരുന്നത്. 

“ങേ, എന്താ“ ഞാന്‍ ഒന്ന് കടുപിച്ചു നോക്കി ചോദിച്ചു. 

ഒരു ഭാവഭേദവുമില്ലാതെ അയാള്‍ പറഞ്ഞു 

“അതേയ് ഇന്നത്തെ വേഷത്തില്‍ ഇയാളെ കാണാന്‍ വളരെ നന്നായിരിക്കുന്നു, മറ്റുള്ള ദിവസങ്ങളില്‍ നന്നല്ല എന്ന് അതിനു അര്‍ത്ഥമില്ല കേട്ടോ”. 

ഞാന്‍ ചോദിച്ചേക്കാവുന്ന മറു ചോദ്യം മുന്നില്‍ കണ്ടു ഉത്തരം പറഞ്ഞതാവും. ഉള്ളു കൊണ്ട് ഇഷ്ടമായെങ്കിലും ഞാന്‍ അത് പുറത്തു കാണിച്ചില്ല. അന്നു വൈകിട്ട് ഞാന്‍ കണ്ണാടിക്കു മുന്‍പില്‍ നിന്ന് എന്നെ തന്നെ നോക്കി. ആസ്വദിച്ച്... ശരിയാ, ഇന്ന് എന്നെ കാണാന്‍ ഭംഗി കൂടിയിട്ടുണ്ട്, എന്നെ തന്നെ കണ്ണിറുക്കി കാണിച്ചു ചിരിച്ചു. പക്ഷേ, എനിക്ക് ഏറ്റവും വേണ്ടപെട്ടവര്‍ അത് കാണാതെ പോകുന്നതില്‍ ഞാന്‍ തെല്ലു വേവലാതിപ്പെട്ടു. 

“എല്ലാവരും എല്ലാം കാണണം എന്നില്ലല്ലോ”. സമാധാനിക്കാന്‍ വേണ്ടി അങ്ങനെ വിചാരിക്കേണ്ടി വന്നു. 

വീണ്ടും വീണ്ടും ഞങ്ങള്‍ കണ്ടു, സംസാരിച്ചു.... വിഷയങ്ങള്‍ മാറി മാറി വന്നു. വളരെ വ്യക്തിപരമായ കാര്യങ്ങള്‍ സബ്ജെക്റ്റ് ആയി വന്നു തുടങ്ങി. 

പരസ്പരം തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം സംസാരിച്ചു തുടങ്ങി. പല തവണ അങ്ങനെയുള്ളവയില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചു. എന്തോ ഒന്ന് എന്നെ പിടിച്ചിരുത്തി. കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഇത്രയും കാലത്തിനിടക്ക് എന്നെ കുറെയേറെ കേട്ടിരുന്ന ആള്‍, അയാള്‍ മാത്രമായിരുന്നു. എന്തും കേട്ടിരിക്കും, ഒരു മൂളല്‍, അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു ചെറിയ തിരുത്ത്‌, അഭിപ്രായം അങ്ങനെ പോയി ഞങ്ങളുടെ ഇടയിലുള്ള ബന്ധം. പറഞ്ഞു പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി അയാളുടെ സമയം ഞാന്‍ എടുത്തു കൊണ്ടിരിന്നു. പിന്നീട് അതൊരു ശീലമായി. ദിവസം കുറച്ചു നേരമെങ്കിലും അയാളോട് സംസാരിച്ചില്ലെങ്കില്‍ ഒരു വിമ്മിഷ്ടം. ഞായറാഴ്ചകളിലും ജോലിക്ക് പോകണമെന്ന് തോന്നി. കൂടുതല്‍ മാസങ്ങള്‍ കടന്നു പോയില്ല, അപ്പോഴേക്കും എന്റെ ജീവിതത്തിലെ ഒരു അവിഭാജ്യഘടകമായി അയാള്‍ മാറി. ഇതൊന്നും ഞാന്‍ പറഞ്ഞില്ല അയാളോട്. വളരെ നോര്‍മല്‍ ആയിട്ടാണ് ഞാന്‍ പെരുമാറിയത്. ഒരു ദിവസം അയാള്‍ ചോദിച്ചു 

“നിന്നെ ഞാന്‍ ഇഷ്ടപെടട്ടെ?, നിനക്ക് എന്നെ ഇഷ്ടപെടാന്‍ കഴിയുമോ?”

വാട്ട്‌ ? ഞാന്‍ അതിശയത്തോടെ ചോദിച്ചു

നിങ്ങള്‍ക്ക് എന്നെ ഇഷ്ടപെടാന്‍ എന്‍റെ സമ്മതം ആവശ്യമില്ല.... പക്ഷേ എനിക്ക് നിങ്ങളെ ഇഷ്ടപെടാന്‍.....

ഞാന്‍ അത് മുഴുമിക്കും മുന്‍പ് അയാള്‍ പറഞ്ഞു

“വേണ്ട, ഉടനടി ഉത്തരം പറയണ്ട ....ആലോചിക്കൂ..  മെല്ലെ പറഞ്ഞാല്‍ മതി..”

“അതിന്‍റെ ആവശ്യമില്ല .....” ഞാനും വിട്ടു കൊടുത്തില്ല 

“അല്ല നന്നായി ആലോചിക്കേണ്ടതുണ്ട് .... എനിക്ക് ധൃതി ഇല്ല...”

അയാള്‍ അതിനു അവിടെ വിരാമമിട്ടു....

അന്ന് ഞാന്‍ കുറെ അധികം ആലോചിച്ചു ... അയാളിതെന്തു കണ്ടിട്ടാ ...

നാളെ ഇതിനൊരു അവസാനം കാണണം... മനസിലുറപ്പിച്ചു ....

പിറ്റേ ദിവസം കണ്ടപ്പോള്‍ തന്നെ ഞാന്‍ പറയാന്‍ ശ്രമിച്ചു...

“ഞാന്‍ ഇന്നലെ കുറെ ആലോചിച്ചു കേട്ടോ...” 

ഇടയ്ക്കു കയറി അയാള്‍ പറഞ്ഞു

“ഇത്ര പെട്ടെന്ന് തീരുമാനിച്ചോ, ഇങ്ങനെയുള്ള കാര്യങ്ങള്‍ നന്നായി ആലോചിക്കണം, എന്നിട്ടേ ഉത്തരം പറയാവൂ ....”

“ഞാന്‍ നന്നായി ആലോചിച്ചു... എന്നിട്ടാ പറയണേ ......”

“ഉം ...” അയാള്‍ ഒന്ന് മൂളി

“അത് ശരിയാവില്ല ..., നമ്മള്‍ക്ക് ഇങ്ങനെ മിണ്ടീം പറഞ്ഞും ഒക്കെ ഇരിക്കാമെന്നെ.., വേറൊന്നും വേണ്ട ... ശരിയാകില്ല .....”

മനസിലുള്ള വിഷമം ഞാന്‍ അയാളുടെ മുഖത്തിലൂടെ വായിച്ചറിഞ്ഞു ...

വീണ്ടും ഒന്ന് മൂളി ... പിന്നെ എന്തൊക്കെയോ സംസാരിച്ചു ഞങ്ങള്‍...

പിരിഞ്ഞു അന്നത്തേക്ക്‌ ....

തിരിച്ചു നടക്കുമ്പോള്‍ ഭാരമുള്ള എന്തോ ഇറക്കി വെച്ച പോലെ ... പക്ഷേ, അതിനെക്കാളും ഭാരമുള്ള എന്തോ കയറ്റി വെച്ച പോലെയും തോന്നി... അയാളുടെ ആ മുഖം, ഭാവം എന്നില്‍ എവിടെയോ വേദന ഉണ്ടാക്കി.

വീണ്ടും ഞങ്ങള്‍ കണ്ടു.... സംവദിച്ചു .... പക്ഷേ എന്തോ ഒന്ന് “മിസ്സ്‌” ആയ പോലെ പ്രതീതമായി. 

അടുപ്പം അകലമായ പോലെ .....

പക്ഷേ, ആ വാക്കുകളിലും നോട്ടത്തിലും എപ്പോഴത്തെയും പോലെ സ്നേഹവും പരിചരണവും നല്‍കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...

അയാളുടെ കണ്ണുകളില്‍ നോക്കിയാല്‍ എന്നോടുള്ള സ്നേഹം കാണാം...

അയാളുടെ വാക്കുകളില്‍ എന്നോടുള്ള മമത കാണാം.... 

എന്നിട്ടും എനിക്ക് അയാളെ ........

പിന്നീടെല്ലാം തന്നെ വേദന പുറത്തു കാണിക്കാതെ അയാള്‍ പെരുമാറി.

എന്‍റെ പിറന്നാള്‍ ദിനം വന്നു... അയാള്‍ എനിക്ക് ഒരു പിറന്നാള്‍ സമ്മാനവുമായി വന്നു. ഒരു ബ്രാൻഡഡ് വാച്ച്... വിലയുള്ള ഒരെണ്ണം. 

ഞാന്‍ അത്തരത്തിലുള്ള ഒന്ന് വാങ്ങിച്ചിട്ടെ ഇല്ല. ഇതു വരെ.

“ഇയാള്‍ക്ക് ഇത് എന്തിന്‍റെ കേടാ?.... എനിക്കൊന്നും വേണ്ട ഇത് ...” കുറച്ചു പരുഷമായി തന്നെ പറഞ്ഞു....

“ഇയാളല്ലേ പറഞ്ഞത്, എനിക്ക് നിന്നെ ഇഷ്ടപെടാന്‍ നിന്‍റെ സമ്മതം വേണ്ടെന്നു, അതുകൊണ്ട് വാങ്ങിച്ചു ... ഞാന്‍ ഇഷ്ടപ്പെട്ടു തരുന്നതാ, വാങ്ങിച്ചോ “...

അയാള്‍ അത് കയ്യില്‍ വെച്ച് തന്നു ......

ആദ്യമായി അയാളെന്നെ തൊട്ട നിമിഷം.... ഒരു കൊള്ളിയാന്‍ പോലെ മനസ്സില്‍ ഒരു വൈദ്യുത തരംഗം ഉണ്ടായി... ഞൊടിയിടയില്‍ എന്‍റെ പ്രജ്ഞ നഷ്ടപെട്ട പോലെ തോന്നി. അത് വീണ്ടെടുത്ത്‌ ഞാന്‍ പറയാന്‍ ശ്രമിച്ചു

“വേണ്ട എന്ന് പറഞ്ഞില്ലേ, പിന്നെന്താ “ ഉദേശിച്ച വാക്കുകള്‍ പുറത്തു വന്നില്ല. പകരം ഒന്നും മിണ്ടാതെ നില്‍ക്കേണ്ടി വന്നു .....

ആ സ്നേഹവും, വിശ്വാസവും ഏറ്റെടുത്ത പോലെ .... അതോ ആദ്യമായി ഒരു പിറന്നാള്‍ സമ്മാനം കിട്ടിയതിന്‍റെ സന്തോഷത്തിലോ.... അതോ എന്‍റെ പിറന്നാള്‍ ഓര്‍ത്തെടുത്തു അന്നേ ദിവസം തന്നെ ഗിഫ്റ്റ് തരാന്‍ കാണിച്ച മനസിനെ ഇഷ്ടപെട്ടതാണോ.... കുറച്ചു നേരത്തേക്ക് അയാളുടെ വരുതിയില്‍ ആയ പോലെ തോന്നി. 

അയാളുടെ സന്തോഷം കാണാന്‍ നല്ല ചേല് ഉണ്ടായിരുന്നു... പക്ഷേ, അയാള്‍ ഒന്നും പറഞ്ഞില്ല.

അന്ന് രാത്രി അയാള്‍ ഫോണ്‍ ചെയ്തു.....

“എന്തെ ഈ രാത്രിയില്‍ ... ഞാന്‍ വീട്ടിലാ.... ഓര്‍മ വേണം, വേഗം പറ”.....

“thank you .... so much.....”

അന്ന് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല .... തിരിഞ്ഞും മറിഞ്ഞും കിടന്നു ... ആ പഴയ ഹിന്ദി പാട്ട് ഓര്‍മ വന്നു “ കര്‍വട്ടെ ........” 

ആ വാച്ച് നോക്കി....... സമയം കടന്നു പോകുന്നത് അറിയാനായി .... പലതവണ .....

പിന്നെ രണ്ടു മൂന്ന് ദിവസം അയാളെ കണ്ടില്ല.

എനിക്കാകെ എന്തോ പോലെ തോന്നി .....

എന്ത് പറ്റി കാണും ... പറയാതെ പോയത് എന്താണാവോ ... ഒന്ന് വിളിച്ചാലോ .... അല്ലെങ്കില്‍ വേണ്ട .... വിളിച്ചാല്‍ ഞാന്‍ തോറ്റ് പോകില്ലേ.... ഒരായിരം സംശയങ്ങള്‍ മനസിലൂടെ കടന്നു പോയി. എല്ലാവരും ചോദിച്ചു 

“നിനക്കെന്തു പറ്റി ....”

ഞാനറിയാതെ എന്നില്‍ ഉള്ള ഭാവ വ്യത്യാസങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുമെന്ന് എനിക്കറിയാന്‍ കഴിഞ്ഞു..

മൂന്നാം ദിവസം ഞാന്‍ തോല്‍ക്കാന്‍ തീരുമാനിച്ചു. അയാളെ വിളിക്കാനും ...

അങ്ങേയറ്റത്തു ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്.......

എന്‍റെ മനസ്സിലും ......

“ഹലോ ......കുഞ്ചുസ്....” അയാള്‍ മൊഴിഞ്ഞു ...

കേട്ട പാടെ ഉള്ളില്‍... എന്തെന്നില്ലാത്ത സന്തോഷം തോന്നി... ആരും എന്നെ കൊഞ്ചിച്ചു വിളിക്കാറില്ല ...

“എവിടെയാ.... ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നു “

“ഉം, എന്തേ .... ടെന്‍ഷന്‍ അടിച്ചോ ....”

“ഞാനെന്തിനു ടെന്‍ഷന്‍ അടിക്കണം... അതൊരു സാമാന്യ മര്യാദ അല്ലെ....”

വിട്ടുകൊടുക്കാന്‍ ഭാവമില്ലായിരുന്നു എനിക്ക്.

“അതിനു അങ്ങനെ ഒരു ബന്ധമൊന്നുമില്ലല്ലോ നമ്മള്‍ തമ്മില്‍.... ല്ലേ ...ഉവ്വോ ... ഉണ്ടോ ....”

എനിക്കയാളുടെ കളിയാക്കല്‍ തീരെ ഇഷ്ടപെട്ടില്ല .... അകാരണമായി ദേഷ്യം വന്നു... അല്ല... എന്നെ തുറന്നു കാണിച്ചതിന്‍റെ ദേഷ്യം ആവാം....

ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു......

അയാള്‍ തിരിച്ചു വിളിച്ചു ....

“എന്തെ ദേഷ്യം വന്നോ .....”

“ഏയ് അല്ല, കട്ട്‌ ആയതാ ...“ മനസിലുള്ള ദേഷ്യം പുറത്തു കാണിക്കാതെ പറഞ്ഞു ....

“ഞാന്‍ ഒരു കാര്യത്തിനായി തിരുവനന്തപുരം വരെ വന്നതാ ... പെട്ടെന്ന ഉള്ള യാത്ര ആയിരിന്നു.... പിന്നെ ..... പിന്നെ .....”

“ഉം എന്ത്… പിന്നെ .... “ ഞാന്‍ ചോദിച്ചു

“പറയാതെ പോയാല്‍ ഇയാള്‍ വിളിക്കുമോ എന്ന് കൂടെ അറിയാമല്ലോ .....” അയാള്‍ പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു

“വിളിച്ചാല്‍ എന്താ ...... “ അതില്‍ തെറ്റൊന്നും ഇല്ലെന്ന ഭാവത്തില്‍ പറയാന്‍ ശ്രമിച്ചു.

“ഏയ്‌ ഒന്നുമില്ല, തെറ്റൊന്നും ഇല്ല.... “ ഞാന്‍ ഉദേശിച്ചത്‌ അയാള്‍ക്ക് മനസിലായ പോലെ തോന്നി.

“എപ്പഴാ മടക്കം?.....”

“എന്തെ കണ്ടിട്ട് ധൃതി ഉണ്ടോ......” 

കാണാന്‍ ധൃതി ഉണ്ടോ എന്നാ ചോദ്യം ആണ് ഞാന്‍ പ്രതീക്ഷിച്ചത്.....

“ഇല്ല ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ.......”

“രണ്ടു ദിവസത്തില്‍ മടങ്ങും ......” താനെ ഉത്തരം വന്നു.

ഫോണ്‍ വെച്ചപ്പോള്‍ എന്തോ ഒരു സമാധാനം.......

ഇതിനിടെ നല്ല മഴ നനഞ്ഞത്‌ കൊണ്ടാവാം, പനിയും ജലദോഷവുമായി ഞാന്‍ കിടപ്പിലായി. കൃത്യം രണ്ടു ദിവസം കഴിഞ്ഞു എനിക്ക് മെസ്സേജ് വന്നു 

“എവിടെയാ, ആളെ കാണാനില്ലല്ലോ........”

അസുഖം ബാധിച്ചതിനെ കുറിച്ച് മെസ്സേജ് കൊടുത്തു.

ഒരു “Get well soon” വന്നു.

ഏകദേശം ഒരാഴ്ചയോളം ഞാന്‍ കിടപ്പിലായി. എല്ലാ ദിവസവും അയാളുടെ മെസ്സേജുകള്‍ വന്നു കൊണ്ടിരുന്നു .“ആഹാരം കഴിച്ചോ, മരുന്ന് കഴിച്ചോ, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ” എന്നൊക്കെ ചോദിച്ചു കൊണ്ട്, കൃത്യം ഇടവേളകളില്‍. എനിക്ക് അതെല്ലാം ശരിക്ക് ഇഷ്ടമായി. നമ്മളോട് മറ്റുള്ളവര്‍ ചോദിച്ചു കേള്‍ക്കാന്‍ ഇഷ്ടപെടുന്ന ചെറിയ ചെറിയ കാര്യങ്ങള്‍. 

അയാള്‍ എന്നുള്ളില്‍ പയ്യെ പയ്യെ ചേക്കേറുകയാണോ എന്ന് തോന്നി. 

പനിയെല്ലാം മാറി തിരിച്ചു വന്നപ്പോള്‍, അയാള്‍ എന്നെ ശകാരിച്ചു. ശ്രദ്ധയില്ലാതെ മഴ നനഞ്ഞതിനു. സ്നേഹനിധിയായ ഭര്‍ത്താവു ഭാര്യയെ വഴക്ക് പറഞ്ഞ പോലെ തോന്നി അപ്പോള്‍. ഞാന്‍ ഒന്നും മിണ്ടിയില്ല.

ദിവസങ്ങള്‍ കടന്നു പോയി... എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ പലതും സംസാരിച്ചു.

അങ്ങനെ ഞങ്ങള്‍ പരിചയപെട്ടു രണ്ടു വര്‍ഷം തികയുന്ന ദിവസം വന്നു. അയാള്‍ അത് ഓര്‍മിച്ചു എന്നോട് പറഞ്ഞു. കാലം എത്ര വേഗമാണ് കടന്നു പോകുന്നത്. ജീവിതത്തില്‍ ഇപ്പോള്‍ ഒരു കൂട്ട് ഉള്ള പോലെ..... എന്തും തുറന്നു പറയാന്‍ പറ്റുന്ന ആള്‍. 

“ഇന്ന് നമുക്കൊരുമിച്ചു ലഞ്ച് കഴിക്കാം ?”

അയാള്‍ ആവശ്യപെട്ടപ്പോള്‍ നിരാകരിക്കാന്‍ തോന്നിയില്ല.

നല്ലൊരു ഹോട്ടലില്‍ ഒരു പ്രൈവറ്റ് അന്തരീക്ഷത്തില്‍ ഊണ്. അയാള്‍ വെജിറ്റേറിയന്‍ ആണ്. ഞാനാണെങ്കില്‍ ശുദ്ധ നോണ്‍ വെജിറ്റേറിയനും. ആഹാരം കഴിഞ്ഞു പിരിയാറകുമ്പോള്‍ അയാള്‍ ചോദിച്ചു.

“ഞാന്‍ അന്ന് ചോദിച്ച ചോദ്യത്തിന് ഇപ്പോഴും മറുപടി പറഞ്ഞില്ല ....”

“ഏതു ചോദ്യം ?”

“ഇനിയും മറ വേണോ ?”

അപ്പോള്‍ ഞാന്‍ പറഞ്ഞു.

“ശരിയാ എനിക്ക് നിങ്ങളെ ഇഷ്ടമാണ്.... നിങ്ങളോട് സംസാരിച്ചിരിക്കുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ഒരു സമാധാനം കിട്ടാറുണ്ട്... പക്ഷേ, അതിന് അര്‍ഥം പ്രേമം ആണെന്നല്ല... പല സമയത്തും, ഞാന്‍ കൂടുതല്‍ അടുക്കാത്തത്, നിങ്ങള്‍ക്ക് ഒരു പ്രോത്സാഹനം ആവരുതെന്നു കരുതിയാണ്. നമ്മള്‍ നമ്മളുടെ ചുറ്റുപാടും നോക്കണ്ടേ. ഇതൊക്കെയാണെങ്കിലും എവിടെയോ ഒരു പറഞ്ഞറിയിക്കാനാകാത്ത ബന്ധം ഉണ്ട് എനിക്ക് നിങ്ങളോടും, നിങ്ങള്‍ക്ക് എന്നോടും അല്ലെ.? 

ചോദ്യ രൂപേണ ഞാന്‍ ഇട്ടു ....

“മനുഷ്യനില്‍ രണ്ടു വര്‍ഗമേ ഉള്ളൂ, സ്ത്രീയും പുരുഷനും.... ജീവിതത്തില്‍ ഒരാളോട് മാത്രം തോന്നേണ്ട സംഗതി അല്ല സ്നേഹം. അത് നിങ്ങള്‍ക്ക് ആരോട് എപ്പോള്‍ വേണമെങ്കിലും തോന്നാം. അത് അതിന്‍റെ പരിശുദ്ധിയോടെ പറയുമ്പോള്‍ അതിനെ എന്ത് വിളിക്കണമെന്ന് പറയേണ്ടത് അവര്‍ തന്നെയാണ്.”

കാര്യം മനസിലായില്ലെങ്കിലും ഞാന്‍ തലകുലുക്കി സമ്മതിച്ചു.

ഞങ്ങളുടെ സംഭാഷണങ്ങള്‍ ആഴത്തിലേക്കുള്ള വ്യക്തിപരമായ തലങ്ങളിലേക്ക് നീങ്ങി കൊണ്ടിരുന്നു.

കാണാത്ത സമയങ്ങളില്‍ അയാളൊന്നു വിളിച്ചു കിട്ടാന്‍ പ്രാര്‍ത്ഥിച്ചു.

അയാള്‍ പറഞ്ഞു ....

“നീ എനിക്കൊരു ലഹരി പോലെ ആയിരിക്കുന്നു... എന്തൊരു ഇൻടിമസി ആണ് അറിയാമോ തോന്നുന്നത്...നി ന്നെ കൂടെ കൂട്ടാന്‍ തോന്നുന്നു, എന്നത്തേക്കുമായി....”

ആ വാക്കുകള്‍ എന്നെ മത്തു പിടിപ്പിച്ചു .....

ഒരു വേള ഞാന്‍ അയാളുടെ കൂടെ പോയേക്കുമോ എന്ന് പോലും ഭയപെട്ടു.

തിരിച്ചു നടക്കുമ്പോള്‍ അയാള്‍ എന്‍റെ കയ്യില്‍ മുറുകെ പിടിച്ചു. എനിക്ക് എന്തോ പോലെ തോന്നി. കൈ ശക്തമായി വലിക്കണമെന്ന് ആഗ്രഹമുണ്ടയിരുന്നെങ്കില്‍ പോലും അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ല. 

വലിയ ജനത്തിരക്കില്ലാത്ത സ്ഥലം നോക്കി ഞങ്ങള്‍ നടന്നു. ഒന്നും പറയാതെ... ഇടയ്ക്കു അയാള്‍ക്ക് ഫോണ്‍ കാളുകള്‍ വന്നു കൊണ്ടിരുന്നു. അതെല്ലാം അയാള്‍ കട്ട്‌ ചെയ്യുന്നുണ്ടായിരുന്നു. 

ഇളം കാറ്റ് ഞങ്ങളെ തഴുകി....

കാറ്റ് എന്‍റെ വിയര്‍പ്പിന്‍റെ ഗന്ധം അയാളിലേക്ക് ഒഴുക്കിയിട്ടാവണം .....

“പറയാതിരിക്കാന്‍ കഴിയുന്നില്ല, എന്തു രസമാ നിന്‍റെ വിയര്‍പ്പിന്‍റെ മണത്തിന്......”

സത്യം പറഞ്ഞാല്‍ എനിക്ക് നാണം വന്നു.... ആ മന്ദമാരുതന് ഉള്ളു കൊണ്ട് നന്ദി പറഞ്ഞു... പ്രണയത്തിന്‍റെ പുതുനാമ്പുകള്‍ ഉള്ളില്‍ പൊട്ടി മുളച്ചു...

“ഏയ്‌, എന്തായിത് ....പൈങ്കിളി ആവല്ലേ......”

“ഉള്ളതാ പറയുന്നത്..... അങ്ങനെയല്ലേ വേണ്ടത്... പിന്നെ പ്രണയം... അത് കാവ്യാത്മകം ആണ്.... അതില്‍ ഉപമകള്‍ കൂടും ... അതുകൊണ്ട് തന്നെ ഒരു പൈങ്കിളി ടച്ച്‌ വന്നില്ലെങ്കില്‍ ഒരു സുഖം കിട്ടില്ല.....”

ഒന്ന് നിര്‍ത്തി ......

“അല്ല അപ്പോള്‍ പ്രണയം തോന്നി തുടങ്ങി അല്ലെ ?....” ചിരിച്ചു കൊണ്ട് അയാള്‍ ചോദിച്ചപ്പോള്‍ 

“ഒന്ന് പോടോ “  എന്നതില്‍ കവിഞ്ഞു ഒന്നും പറയാന്‍ തോന്നിയില്ല.

“പോടോ എന്നല്ല , പോടാ എന്ന് വിളിക്കാം കേട്ടോ .......”

ഇത്രയ്ക്കു ഫ്രീ ആയി സംസാരിക്കാന്‍ കഴിയുന്ന ഒരാളെ ഞാന്‍ അതു വരെ കണ്ടിട്ടില്ല ... എന്തും പറയാം .... എന്തിനും ഒരു അഭിപ്രായം പറയും... അതും എന്‍റെ അഭിരുചികള്‍ക്ക് അനുസരിച്ച്. 

അയാളെ പലപ്പോഴും എനിക്ക് മനസിലായില്ല. അതുകൊണ്ട് തന്നെ ഒരു പ്രാവശ്യം ഞാന്‍ ചോദിച്ചു...

“അല്ല, എന്താ നിങ്ങളുടെ പ്ലാന്‍?.... എപ്പോഴും എന്‍റെ പിന്നാലെ ഇങ്ങനെ കൂടിയാല്‍ ......”

“അല്ലല്ലോ... ഞാന്‍ സമയം കിട്ടുമ്പോഴല്ലേ കൂടുന്നുള്ളൂ” തമാശ രൂപത്തില്‍ പറഞ്ഞൊഴിയാന്‍ ആണെന്ന് വിചാരിച്ചു...

“സത്യം പറയാമല്ലോ... നിനക്ക് സംശയം ഉണ്ടാവും ല്ലേ.. എന്തിനാ ഇയാള്‍ ഇങ്ങനെ കൂടിയിരിക്കണേ എന്ന്... ചോദിച്ചത് നന്നായി. വളരെ സിമ്പിള്‍ ആണ്. നിന്‍റെ കൂടെ ഇരിക്കുന്ന നിമിഷങ്ങളില്‍ ഞാന്‍ വേറൊരു ലോകത്താണ്. ജീവിതത്തില്‍ എന്‍റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്നത് അപ്പോഴാണ്. പിന്നെ ഉള്ള സമയങ്ങളില്‍ എല്ലാം മറ്റുള്ളവര്‍ക്ക് കൂടി വേണ്ടിയാണു ജീവിക്കുന്നത്. അതിന്‍റെ അര്‍ഥം ഞാന്‍ വേറെ ആരെയും ആത്മാര്‍ഥമായി സ്നേഹിക്കുന്നില്ല എന്നില്ല കേട്ടോ”

സത്യം പറഞ്ഞാല്‍ അയാളുടെ മനസ് എനിക്ക് മനസിലായില്ല. 

,എന്തായിരിക്കും എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടാവുക.... സ്നേഹമോ, രതിയോ, വെറും സാമീപ്യമോ....

എന്‍റെ സംശയം മുഖത്ത് കണ്ടത് കൊണ്ടാകണം അയാള്‍ പറഞ്ഞു 

“ഇത്രക്കൊന്നും ചിന്തിച്ചു കൂട്ടണ്ട”.....അയാള്‍ തുടര്‍ന്നു.

“എനിക്ക് നിന്നെ ഇഷ്ടമാണെന്ന് അറിയാമല്ലോ, അതേ ഇന്‍റെന്‍സിറ്റിയോടെ എന്നെ ഇഷ്ടപെടാന്‍ ഇയാള്‍ക്ക് കഴിയുമോ...?. അതില്‍ സ്നേഹം ഉണ്ട്, പരിചരണം ഉണ്ട്, നമ്മുടെ ഇഷ്ടങ്ങള്‍ ഒരേ പോലെ ആണെങ്കില്‍ രതിയും ഉണ്ട്. എല്ലാം കൂടിയുള്ള ഒരു പാക്കേജ്” 

അയാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഇത് അന്ന് ചോദിച്ച ചോദ്യം തന്നെ അല്ലെ?”

“ഇത് കുറച്ചു കൂടെ വിശദമായിപറഞ്ഞില്ലേ”

“അപ്പൊ പോളിഗാമി ആണ് മനസ്സില്‍ ല്ലേ...” ഞാന്‍ തമാശക്ക് ചോദിച്ചു 

“പോളി അമ്രിയും ആകാം”

“ഇങ്ങു വന്നേക്കണം ......” ഞാനൊന്നു ഊന്നി പറഞ്ഞു.

“എടോ മനുഷ്യന്‍ അവനവനു വേണ്ടിയും ജീവിക്കണം... എല്ലാവര്‍ക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള പങ്കാളിയെ തന്നെ കല്യാണം കഴിക്കുന്ന സമയത്ത് കിട്ടണമെന്നില്ല. ചിലപ്പോള്‍ വളരെ കഴിഞ്ഞാവും അങ്ങനെ ഒരാളെ പരിചയപ്പെടുന്നത്. അപ്പോള്‍ നമുക്ക് തോന്നുന്നത് അവരോടു പറയണ്ടേ. നാളെ “പറയാന്‍ കഴിഞ്ഞില്ല” എന്ന് പറയുന്നത് നാണക്കേടാ”

അത് ശരിയാണെന്ന് എനിക്കും തോന്നി. കല്യാണം കഴിഞ്ഞവര്‍ എല്ലാരും അവര്‍ക്ക് ഏറ്റവും ഇഷ്ടപെട്ടവരുടെ കൂടെ തന്നെയാണോ താമസിക്കുന്നത്?. അഥവാ അങ്ങനെ ആണെന്നു ഊറ്റം കൊള്ളുന്നവര്‍ എത്ര കണ്ടു സത്യസന്ധമായിട്ടാകണം അത് പറയുന്നത്... ആ ആര്‍ക്ക് അറിയാം..

സ്വയം ഉള്ളിലേക്കൊന്നു ഇറങ്ങി ചെന്നു കുറച്ചു നേരത്തേക്ക്....

“ഓയ്.....” അയാളുടെ പെട്ടന്നുള്ള സംബോധന കേട്ടാണ് ഞാന്‍ ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്...

“എന്താണ് .... ഒരു ചിന്ത... എന്‍റെ കൂടെ കൂടാന്‍ തീരുമാനിച്ചോ ?” അയാള്‍ ചോദിച്ചു

“ഇയാള്‍ക്ക് ഇതല്ലാതെ ഒന്നും ചോദിക്കാനില്ലേ?” 

“വേറെന്തു ചോദിയ്ക്കാന്‍... നിന്നെ കാണുമ്പോഴെല്ലാം ഇത് ഞാന്‍ പലവുരു മനസ്സില്‍ ചോദിക്കാറുണ്ട് ....”എന്നോടൊപ്പം കൂടാമോ” എന്ന്.

ഞാനൊന്നും പറഞ്ഞില്ല... കാരണം അയാള്‍ എന്നെ അത്രയ്ക്ക് ഇഷ്ടപെടുന്നത് എനിക്ക് എപ്പോഴും അനുഭവപ്പെടാറുണ്ട്... 

പക്ഷേ.....തിരിച്ചു കൊടുക്കാന്‍ പറ്റാത്ത വിധം ഞാന്‍ ബന്ധനത്തിലാണ്.... അയാള്‍ക്കും അതറിയാം...

സ്നേഹത്തിന്റെ ഊഷ്മളത അയാളില്‍ നിന്ന് പകര്‍ന്നു കിട്ടുന്നത് എന്ത് രസമാണെന്നോ.....

ഒരു വേള കല്യാണം കഴിഞ്ഞിരുന്നുവെങ്കില്‍ ഇതേ പോലെ തന്നെ പെരുമാറുമായിരിക്കുമോ... എന്തോ. അതേകുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ ഇങ്ങനെയാണ് പറഞ്ഞത്.

“നിന്നെ എന്ത് മാത്രം സ്നേഹിക്കുന്നെന്ന് എനിക്ക് തന്നെ അറിയില്ല...ഒരിക്കല്‍ ഒരാളെ സ്നേഹിച്ചാല്‍ അത് എപ്പോഴും നിലനില്‍ക്കും എന്നാണ് തോനുന്നത്. കാരണം അയാളുടെ കുറ്റവും കുറവും കണ്ടിട്ട് തന്നെയാണ് സ്നേഹിക്കുന്നത്.”

ആരും കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകള്‍...

“അതുകൊണ്ട് തന്നെ അങ്ങനെ ഒരു സംശയം വേണ്ട..... സ്നേഹിച്ചവരെ, അവര്‍ എന്നോട് എന്ത് കാണിച്ചാലും... ഒരേ പോലെ സ്നേഹിക്കാന്‍ എനിക്ക് കഴിയാറുണ്ട്. എനിക്ക് എന്നില്‍ തന്നെ ഉള്ള വിശ്വാസം കൂടെയാണ് അത്”. അയാള്‍ തുടര്‍ന്നു.

ഋതുക്കള്‍ മാറി.... വസന്തം സ്നേഹത്തിന്‍റെ പൂക്കള്‍ തന്നു, ഗ്രീഷ്മം സ്നേഹത്തിന്റെ കരുതല്‍ തന്നു... വര്‍ഷം സ്നേഹത്തിന്‍റെ മഴ പൊഴിച്ചു .... ശരത്തില്‍ വിരഹത്തിന്‍റെ നൊമ്പരവും തന്നു.... ഹേമന്തം സ്നേഹ ഗീതം പാടി.........ശിശിരം കുളിര് കോരി തന്നു.....

ഞങ്ങള്‍ തമ്മില്‍ വിശ്വാസവും സ്നേഹവും കൂടി പോയോ എന്ന് എനിക്ക് തോന്നി.

ഇടക്കെല്ലാം ദേഷ്യപെട്ടു .... നീണ്ടു നിൽക്കാന്‍ അനുവദിക്കാതെ അയാള്‍ തന്നെ വന്നു കൂട്ടു കൂടി....

ചിലപ്പോഴൊക്കെ അന്യോന്യം കുശുമ്പുകള്‍ കാണിച്ചു... 

ഞാന്‍ ഇടക്കൊക്കെ വേദനിപ്പിച്ചു....

അയാള്‍ മൗനം സഹ ആയി മാറി....

ചിലപ്പോള്‍ അയാള്‍ എന്‍റെ കരം ഗ്രഹിച്ചു..... ചിലപ്പോള്‍ വെറുതെ നോക്കിയിരിക്കും .... മണിക്കൂറുകളോളം.....

കൈ കഴുത്തിന്‍റെ ഭാഗത്തേക്ക്‌ മടക്കി വെച്ച്, എന്‍റെ മുഖം അതില്‍ ഉറപ്പിച്ചു ഇരിക്കാന്‍ പറയും... അയാള്‍ അങ്ങനെ നോക്കിയിരിക്കും.. എന്നിട്ട്‌ പറയും.... 

“നിനക്കറിയാമോ എന്‍റെ പിറ്റുവിറ്ററിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ......”

അറിയില്ലെന്ന ഭാവത്തില്‍ ഞാന്‍ തലയാട്ടും 

അപ്പോള്‍ എനിക്ക് നാണം വരും....

കുറ്റബോധം തോന്നി.... ഒരാളെ വെറുതെ പറ്റിക്കണോ.... 

ഞാന്‍ പറഞ്ഞു ....

“നിങ്ങള്‍ വിചാരിക്കുന്ന പോലെ ഒന്നും നടക്കില്ല.... പിന്നെന്തിനാ ഇങ്ങനെ സമയം കളയുന്നത്‌”

അയാള്‍ ഒന്നും മിണ്ടാറില്ല... ഒന്ന് ചിരിക്കും....

നീണ്ടു അറ്റം വളഞ്ഞ മൂക്കില്‍ ഒരു വിരല് കൊണ്ട് തൊട്ട്... ആ താടിക്കാരന്‍....

ആ താടിയില്‍ പിടിച്ചു വലിക്കാന്‍ തോന്നാറുണ്ട്.... എന്നിട്ട് മൂക്ക് കൊണ്ടൊരു മുട്ടും... അത് പറഞ്ഞാല്‍ അയാള്‍ വീണ്ടും ചിരിക്കും .... കുട്ടികളെ പോലെ.... 

വര്‍ഷങ്ങളുടെ പരിചയം തോന്നിക്കുന്ന ആ ആള്‍....

അങ്ങനെയിരിക്കെ ആണ് ഒരു ദിവസം, ആരുമില്ലാത്ത നേരത്ത് അയാള്‍ എന്‍റെ നെറുകയില്‍ ചുംബിച്ചത. പ്രതീക്ഷിക്കാതെ.. പക്ഷേ ഒന്ന് റെസിസ്റ്റ് ചെയ്യാന്‍ പോലും കഴിയാതെ ഞാന്‍ നിന്ന് കൊടുത്തു... ആ സമയത്ത് ഒരു സുഖമുള്ളൊരു അന്ധകാരം ആയിരുന്നു... അയാളുടെ ഹൃദയമിടിപ്പ് മാത്രമേ ഞാന്‍ കേട്ടുള്ളൂ. ഇരുപതു സെക്കന്റ് എങ്കിലും നിന്നുകാണും അങ്ങനെ. പിന്നെ പരിസരബോധം വന്നപ്പോള്‍ വല്ലാത്ത ഒരു നോട്ടത്തോടെ അയാള്‍ മാറി നിന്നു. പിന്നെ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല അന്ന്.

ഇതിനിടയില്‍ അയാള്‍ എന്നെ പല പ്രാവശ്യം സഹായിച്ചു... പല തരത്തില്‍ ... അങ്ങനെ വീണ്ടും ഒരു വാലന്‍ന്റൈന്‍സ് ഡേ കൂടെ വരവറിയിച്ചു. അതിനു മുന്‍പ് എന്നെ ഫോണില്‍ വിളിച്ചു ചോദിച്ചു.

“എന്ത് ഗിഫ്റ്റാണ് വേണ്ടത് ഇയാള്‍ക്ക്?”

“എന്തിനു ?” ഞാന്‍ ചോദിച്ചു

“2 ദിവസം കഴിഞ്ഞാല്‍ 14 ആം തിയതി ആണ്....

“അതിനു ....”

“ഒരു ഗിഫ്റ്റ് വാങ്ങിച്ചു തരാമെന്ന് വെച്ചു...”

“അയാം സോറി ... അതിനു ഞാന്‍ നിങ്ങളുടെ വാലന്‍ന്റൈന്‍ അല്ലല്ലോ....”

എനിക്കപ്പോള്‍ അങ്ങനെയാണ് പറയാന്‍ തോന്നിയത്....

മറുപുറത്ത് നിശബ്ദത.... തികച്ചും നിശബ്ദത .....

“ഹലോ .... ഹലോ ......” ഞാന്‍ ഉറക്കെ വിളിച്ചു 

അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു ......

പിന്നെ വിളികള്‍ വന്നില്ല .... സ്ഥിരം കണ്ടിരുന്ന സ്ഥലങ്ങളില്‍ അയാളെ കണ്ടില്ല...

വിളിച്ചു നോക്കി ... ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല.....

പിന്നെ എപ്പഴോ ആ നമ്പര്‍ “വിളിച്ചാല്‍ കിട്ടാത്ത നമ്പര്‍ ആയി!.....

എവിടെയോ നഷ്ടബോധത്തിന്‍റെ ലാഞ്ചന എന്നെ അലട്ടി....

ഓരോ ഫോണ്‍ വരുമ്പോഴും, അയാളുടേതാകണമെന്നു ആഗ്രഹിച്ചു...

അയാളെ ഞാന്‍ വല്ലാതെ വേദനിപ്പിച്ചോ..... അയാള്‍ക്ക് എന്നെ മനസിലായില്ലേ..... എന്ത് കൊണ്ടാ അങ്ങനെ സംഭവിച്ചത് എന്ന് ഒരു കൂട്ടം സംശയങ്ങള്‍ എന്‍റെ മനസ്സില്‍ കുമിഞ്ഞു കൂടി. അതൊരു കൂമ്പാരമായി ഇപ്പോഴും അവശേഷിക്കുന്നു. എപ്പോഴെങ്കിലും കാണുമ്പോള്‍ ചോദിക്കാന്‍ ഒരു ചോദ്യവും കൊണ്ട് ഞാന്‍ എന്നിലേക്ക്‌ തന്നെ ചുരുങ്ങി. 

“ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ?......”

*******************************

“എടി നീതു... നീ ഇവിടെ എന്തെടുക്കുവാ... ഒരു ചായ തരാമോ ...., 

എന്താ പകല്‍ കിനാവ് കാണുകയാണോ ..... ഭര്‍ത്താവു ഹാജര്‍ ഉണ്ടേ ......”

“കുറെ നേരമായോ വന്നിട്ട് ..... സോറി ഞാനറിഞ്ഞില്ല കേട്ടോ.....” ഞാന്‍ ജാള്യത മറച്ചു പിടിച്ചു...

“ഉം എന്താണ് പ്രിയതമ ... റൊമാന്റിക്‌ മൂടിലാണല്ലോ ......”

“ഏയ്‌ ഒന്നുമില്ല ... ഞാനോരോന്നു ഓര്‍ത്തിരുന്നു പോയി... അത്രേയുള്ളൂ ....”

അയാള്‍ പറഞ്ഞ പോലെ .... ഇനി.....

“മറ്റുള്ളവര്‍ക്കായി കൂടെ ജീവിക്കേണ്ടേ ...അതേ സ്നേഹത്തോടെ, സന്തോഷത്തോടെ..

Malayalam Short StoriesMalayalam literature interviews,Malayalam Poems   

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.