"അച്ഛന്റെ കട്ടിലും ഉഷാമ്മേടെ ഫോട്ടോയും മുകളിലേക്ക് മാറ്റാം. മരുന്നിന്റെയും ഡെറ്റോളിന്റെയും ഒക്കെ അലോസരപ്പെടുത്തുന്ന ഒരു മണമാണിവിടെ. ആ ചെക്കനോടെങ്ങാനും നിലം ഒന്ന് കഴുകിയിടാൻ പറയാം. അത് കഴിഞ്ഞു മതി അമ്മെ ഇനി ഇതിനകത്തുള്ള കിടപ്പ്"
ഉണ്ണിയേട്ടൻ ഒഴിഞ്ഞിട്ടും, വാടകവീട് വിട്ടൊഴിയാൻ മനസ്സ് വരുന്നുണ്ടാകില്ല ആ ഗന്ധത്തിന്. കല്യാണി പറഞ്ഞ ആ അലോസരപ്പെടുത്തുന്ന ഗന്ധവും, ഉണ്ണിയേട്ടനോടൊപ്പം ഒഴിഞ്ഞ അലമാരിയുടെ കണ്ണാടിക്ക് തിളക്കം നഷ്ടപ്പെട്ടതും, മരുന്ന് മേശയുടെ നിറം മങ്ങിയതും ഒന്നും ഉണ്ണിയേട്ടനെ നോക്കാനും പിന്നെ ഓരോരോ ആവശ്യങ്ങൾക്കും ഒരു നൂറു വട്ടം ഈ മുറിക്കും അടുക്കളക്കിടയിലും ഓടിനടക്കണതിനിടയിൽ ശ്രദ്ധിച്ചിട്ടില്ല ഒരിക്കലും. കേശുവും കല്യാണിയും ഓരോ വഴിക്കായതിനു ശേഷം നിറയെ ചുവരുകളുള്ള ഈ വലിയ വീടിനുള്ളിൽ ഓടിയെത്താവുന്നിടം വരെയാണ് എന്റെ ലോകം. അതിനിടയിൽ ഞാൻ പറയുന്നതൊന്നും കേൾക്കാനാവാതെ, എന്നോട് മാത്രം മിണ്ടി ഒരു പഴഞ്ചൻ റേഡിയോയും, എന്റെ പരാതിയും പരിഭവങ്ങളും കേട്ട് മറുപടി പറയാതെ തലയാട്ടി കുറെ മൊസാന്ത ചെടികളും മാത്രമായിരുന്നു കൂട്ടിന് !! പിന്നെ കിഴക്കേമുറിയിൽ എന്നെ കേട്ടും, കണ്ണുകൊണ്ടതിനൊക്കെ മറുപടി പറഞ്ഞു ഉണ്ണിയേട്ടനും.
അമ്മാവന്റെ മകൾ എന്ന അധികാരത്തിൽ കുഞ്ഞുനാൾ മുതൽ ഞാൻ മനസ്സിൽ കൊണ്ടുനടന്ന ഉണ്ണിയേട്ടൻ പഠിത്തം കഴിഞ്ഞു വന്നപ്പോൾ വലതുകൈയ്യിൽ മുറുകെ പിടിച്ച് ഈ വീട്ടിലേക്കു കൊണ്ടുവന്നതാണ് ഉഷേച്ചിയെ. അഞ്ചു വർഷങ്ങൾക്കപ്പുറം നാലുവയസ്സുകാരൻ കേശൂനേം, ഒരു ചോരകുഞ്ഞിനേം 'അമ്മയില്ലാത്തവരാ'ക്കി ഉഷേച്ചി പോകുമ്പോളും ഉണ്ണിയേട്ടൻ ആ വലത്തേക്കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. കേശുന്റേം കല്ല്യാണീടേം പോറ്റമ്മയായിട്ടാണിങ്ങോട്ടു വന്നു കയറിയതെങ്കിലും, ജോലിക്കും പിന്നീട് കുടുംബമായും കേശു എറണാകുളത്തേക്കു മാറിയപ്പോളും, ഹരിയുടെ കൈ പിടിച്ചു കല്യാണി ബാംഗ്ലൂർക്ക് പോയപ്പോളും മക്കളെ പിരിയുന്ന പെറ്റമ്മയുടെ ഹൃദയം നുറുങ്ങുന്ന വേദന തന്നെയായിരുന്നു അനുഭവിച്ചത്. സ്നേഹമായിരുന്നെല്ലാവരോടും, വർഷങ്ങൾക്കപ്പുറവും ഉണ്ണിയേട്ടന്റെ മനസ്സിൽ "വല്യമ്മാവന്റെ മകൾ ശ്രീദേവി" എന്നതിനപ്പുറം ഒരു സ്ഥാനം കിട്ടാതിരുന്നിട്ടും. ദൂരെയുള്ള മക്കൾ വരുമ്പോൾ മാത്രം ചേർത്തിടേണ്ടി വരുന്ന കട്ടിലുകൾ പോലെ ഒരേ മുറിക്കുള്ളിൽ രണ്ടു ദിക്കുകളിലായിരുന്നു ഉണ്ണിയേട്ടനൊപ്പം.
കഴിഞ്ഞ തുലാത്തിൽ ഉഷേച്ചീടെ ആണ്ടുബലി കഴിഞ്ഞയന്നു രാത്രി "നാളെ ഞാൻ ഇറങ്ങുകയാണ്, എങ്ങോട്ടാണെന്നറിയില്ല. ഇനിയും നിന്നെ ബുദ്ധിമുട്ടിക്കാൻ വയ്യെ"ന്ന് പറഞ്ഞപ്പോളാണ് അതുവരെയാരോടും പറയാതെ ഒതുക്കി വെച്ച ഒറ്റപ്പെടൽ വലിയൊരു പൊട്ടിത്തെറിയായി പുറത്തു വന്നത്. "നീ എന്നോട് ക്ഷമിക്കണം" എന്ന് മാത്രം പറഞ്ഞു തിരിഞ്ഞു നടന്ന ആ മനുഷ്യനോട് അന്നാദ്യമായിട്ടാണ് വെറുപ്പ് തോന്നിയത്.
നേരംതെറ്റി മേടയിൽ ഇറങ്ങിയ കോമാളിയേപ്പോലെ പാതിരാത്രയിലെപ്പോഴോ വന്ന സ്ട്രോക്ക് ഉണ്ണിയേട്ടന്റെ യാത്ര മുടക്കി, കിഴക്കേമുറിയിലെ കട്ടിലിൽ ഒതുങ്ങിയ ആ മനുഷ്യനും അടുക്കളയ്ക്കും ഇടയിലേക്കെന്റെ ലോകം ചുരുങ്ങിയിട്ടും ദേഷ്യം തോന്നിയിട്ടില്ല ആ മനുഷ്യനോട്. ആ ദിവസം വരെ !! അന്ന് ഉച്ചയ്ക്ക് കഞ്ഞി കോരി വായിലേക്ക് കൊടുക്കുന്നതിനിടയിൽ ആണ് കണ്ടത് ആ കണ്ണിലെ നിസ്സഹായത. ചുവരിൽ തൂക്കിയ ഉഷേച്ചീടെ പടത്തിലേക്ക് നോക്കി പതിവില്ലാതെ കരഞ്ഞപ്പോളും, കുറ്റബോധത്തോടെ എന്നെ നോക്കിയപ്പോളും തോറ്റു പോയെന്നു തിരിച്ചറിയുകയായിരുന്നു. ഒരിക്കലും കിട്ടാത്തതിനായി സ്വന്തം ജീവിതം കൊടുത്തൊരു ജന്മം മുഴുവൻ കാത്തിരുന്നു തോറ്റു പോയവൾ.
രാത്രിയിലെ കഞ്ഞി കോരി കൊടുക്കുമ്പോ എന്റെ വിറയ്ക്കുന്ന കയ്യിലേക്ക് നോക്കിയാണ് വർഷങ്ങൾക്കപ്പുറം ഉണ്ണിയേട്ടൻ ചിരിച്ചത്. കട്ടിലിലേക്കൊതുങ്ങിയത് മുതൽ കഴിച്ചതിൽ നിന്നൊരു രുചി വ്യതാസം തിരിച്ചറിഞ്ഞിട്ടാവണം. ഒരുപക്ഷേ, ഇതായിരുന്നിരിക്കും ഈ കട്ടിലിൽ ഒതുങ്ങിയ അന്ന് മുതൽ എന്നോട് കണ്ണ് കൊണ്ട് ആവശ്യപ്പെട്ടത്. ഉഷേച്ചീടെ പടത്തിലേക്ക് നോക്കി അന്ന് ഉണ്ണിയേട്ടൻ ഒഴുക്കിയ കണ്ണീർ സന്തോഷത്തിന്റേതായിരുന്നു. ആ മുഖത്തെ തെളിച്ചമായിരുന്നു ഞാൻ ചെയ്തത് ശരിയാണെന്ന് ആ മനുഷ്യൻ തന്ന ഉറപ്പ്.
"വേണ്ട കല്യാണി, എന്റെ കട്ടിൽ നടുമുറിയിലേക്കു ഇട്ടു തന്നാൽ മതി. അച്ഛന്റെയൊന്നും അവിടുന്ന് അനക്കണ്ട"
നരച്ച കർട്ടൻ മാറ്റി ജനലുകൾ തുറന്ന് അടുത്തടുത്തുറങ്ങുന്ന ഉഷേച്ചിയേം ഉണ്ണിയേട്ടനേം പിന്നെയവർക്കു പുറകിൽ അതിരിനടുത്തേക്ക് ചാഞ്ഞു നിൽക്കുന്ന വിഷക്കായ മരത്തിനേം ഒന്ന് നോക്കി. തോൽക്കും വരെ തളരാതോടുന്നതിനിടയിൽ ഓരോന്ന് കുത്തികുറിയ്ക്കുന്ന ഡയറി മരുന്നുമേശവലിപ്പിൽ നിന്ന് എടുത്തിറങ്ങി.
ആളൊഴിഞ്ഞിവിടെ വീണ്ടും തനിച്ചാകുമ്പോൾ ഇന്നോളം ഒഴിച്ചിട്ടിരുന്ന ആദ്യ പേജിൽ എഴുതണം "മാപ്പ്...ഉഷേച്ചിയോടും ഉഷേച്ചിയുടെ മാത്രം ഉണ്ണിയേട്ടനോടും - ക്ഷണം കിട്ടി വന്നിട്ടും സ്വീകരിക്കപ്പെടാത്ത അതിഥി !"
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.