"...തളംകെട്ടിയ ഭീകര നിശബ്ദതയിൽ കോട്ടയുടെ തുരുമ്പുവാതിലുകൾ ഡിറ്റക്ടീവ് മാർക്സിൻ തള്ളിത്തുറന്നു. പെട്ടെന്ന്; വളരെപ്പെട്ടെന്ന് ശക്തിയായ കാറ്റിൽ അവസാനത്തെ കൊഴുപ്പുതിരിയുമണഞ്ഞു. ചിലമ്പിച്ച ശബ്ദത്തോടെ ഒരു അസ്ഥികൂടം അദ്ദേഹത്തിന്റെ ദേഹത്തേക്ക് പതിച്ചു. (തുടരും)
തുടർരചനകൾക്കടിയില്‍ 'തുടരും' എന്നവസാനിക്കുന്ന ഒരോലക്കത്തിന്റെയും അവസാനം അടുത്ത അധ്യായത്തിനുവേണ്ടി മലയാളി ഇത്രയധികം നെഞ്ചിടിപ്പോടെ കാത്തിരുന്ന ഒരെഴുത്തുകാരനില്ല.
നന്നായി ശ്രീ പുഷ്പനാഥ്, ഈ അവധിക്കാലത്തുതന്നെ കടന്നു പോയത്. ഈ അവധിക്കാലത്താണല്ലോ ഞങ്ങൾ അങ്ങയുടെ നോവലുകൾ ആർത്തിയോടെ പുറത്തോട് പുറം വായിച്ചു തീർത്തിരുന്നത്.. ഉപ്പുമാവ്, മലയാളിയെ പള്ളിക്കൂടത്തിൽ പോകാൻ പ്രേരിപ്പിച്ചുവെങ്കിൽ വായിക്കാൻ പ്രേരിപ്പിച്ചതിന്റെ ക്രെഡിറ്റ് കോട്ടയം പുഷ്പനാഥിനുതന്നെ കൊടുക്കണം.
"കാർപാത്യൻ മലനിരകളിലെ സ്തൂപികാഗ്രിത വനങ്ങളിലൂടെ വളഞ്ഞു പുളഞ്ഞുപോകുന്ന മഞ്ഞുവീണ ഒറ്റയടിപ്പാതകളിലൂടെ കുതിരക്കാരൻ സ്റ്റാനിസ്ലാവോസ് ഒറ്റക്കുതിരവണ്ടിയിൽ പോകുന്നത് നനഞ്ഞു അവ്യക്തമായ കണ്ണുകളിലൂടെ ഞങ്ങൾക്ക് കാണാം. മുനിഞ്ഞു കത്തുന്ന ഒരു ചിമ്മിനിവിളക്ക് വണ്ടിയുടെ അടിയിൽ ആടിയുലയുന്നു. കെടാറായ ചുരുട്ട് ആഞ്ഞു വലിച്ച് അയാൾ അതിനു ജീവൻ കൊടുക്കാൻ നോക്കി. അതു കെട്ടുകഴിഞ്ഞിരുന്നു. എന്തോ ശാപവചനങ്ങൾ പിറുപിറുത്തുകൊണ്ട് സ്റ്റാനിസ്ലാവോസ് ചുരുട്ട് വെളിയിലേക്കെറിഞ്ഞു. മഞ്ഞുകാറ്റിനു ശക്തി കൂടിക്കൊണ്ടിരുന്നു. കിഴക്ക് പര്‍വതത്തിനു മുകളിൽ ചന്ദ്രൻ വിറങ്ങലിച്ചു തെളിഞ്ഞു....." (ഓർമയിൽ നിന്നും എഴുതിയത്)
മിക്കവാറും ശാപം പിടിച്ച വെള്ളിയാഴ്ചകളിലാണ് ഡ്രാക്കുളകോട്ടയിലേക്കുള്ള യാത്രക്കാർ എത്തുന്നത്. ലണ്ടനിൽ നിന്നുള്ള തീവണ്ടികൾ പെന്‍സിൽവാനിയയിൽ യാത്ര അവസാനിപ്പിക്കുമ്പോൾ സ്റ്റാനിസ്ലാവോസിനെപ്പോലെയുള്ള കുതിരവണ്ടിക്കാരേ അവിടെ ഉണ്ടാകൂ. സാധാരണ യാത്രയുടെ അഞ്ചും ആറും ഇരട്ടികൊടുത്താണ് യാത്രക്കാർ പെന്‍സില്‍വാനിയയിലേക്കു പോകുക. നേരം വെളുത്തിട്ടു പോയാൽപ്പോരേ എന്ന യുക്തിയൊന്നും ഇവിടെ പ്രസക്തമല്ല. പോകും; അവസാനം ഡ്രാക്കുളക്കോട്ടയിൽ ചെന്ന് കേറിക്കൊടുക്കും. അവിടുന്ന് പ്രഭുവിന്റെ (അങ്ങനെയാണ് അദ്ദേഹത്തെ വിളിക്കുക) അങ്കിയോ കോണകമോ മറ്റോ അടിച്ചുമാറ്റി അന്തര്‍ദ്ദേശീയ പുരാവസ്തുക്കളുടെ ബ്ലാക്ക് മാർക്കറ്റിൽ വിൽപ്പനയാണ് ലക്ഷ്യം. അങ്ങനെ ദുരൂഹ സാഹചര്യത്തിൽ കുറെ മരണങ്ങൾ.
അവസാനം സ്കോട്‌ലൻഡ് യാർഡിൽ നിന്നും പരിശീലനം നേടിയ സാക്ഷാൽ മാർക്സിൻ വരും. സന്തതസഹചാരി ഡോ. ജോൺസണും, കൂട്ടുകാരി ഡോ. എലിസബത്തും ഉണ്ടാകും. പിന്നെ അന്വേഷണം... ഡ്രാക്കുളയും മാർക്സിനും തമ്മിൽ പരസ്പര ബഹുമാനമായിരുന്നു. എത്രയോദിവസം ഡ്രാക്കുളക്കോട്ടയിൽ ഒറ്റയ്ക്കു കഴിഞ്ഞു പ്രഭുവിന്റെയും കാമുകിമാരുടെയും എത്രയോ കല്ലറകൾ കുത്തിയിളക്കിയിട്ടും പ്രഭു മാർക്സിനെ ഒന്നും ചെയ്തില്ല. പകരം ചുട്ട ആട്ടിറച്ചിയും റെഡ് വൈനുമൊക്കെ കൊടുത്തു സന്തോഷിപ്പിച്ചിട്ടേ ഉള്ളൂ.
ഉത്തമകലാസൃഷ്ടി പുതിയ അനുഭൂതിതലങ്ങളിലേക്ക് നയിക്കുന്നതാണെങ്കിൽ മുകുന്ദനും വിജയനും പാറപ്പുറത്തിനും, ബെന്യാമിനും കൊടുക്കുന്നതിനേക്കാൾ ഒരുമാർക്കു കൂടുതൽ ഞാൻ പുഷ്പനാഥിന് കൊടുക്കും. ഷെർലക് ഹോംസിനെയും ഡോ. വാട്സനെയും മാതൃകയാക്കി പിറന്നവരാണ് മാർക്സിനും ഡോ. ജോൺസണും. കഥാപാത്ര സൃഷ്ടിയിൽ അസാധാരണമായ കൃത്യതയും കയ്യടക്കവും പുഷ്പനാഥ് പുലർത്തിയിരുന്നു. ആറരയടിപ്പൊക്കം, തീഷ്ണമായ കണ്ണുകള്‍, ഉയർന്ന നാസിക, കഷണ്ടികയറിത്തുടങ്ങിയ തല, മുട്ടിനുതാഴെ വരെ നീളുന്ന കൈകൾ, ഹാഫ്-എ-കൊറോണ ചുരുട്ട്, വായ്തുറന്ന തവളയുടെ ആകൃതിയിലുള്ള ആഷ്ട്രേയ്, മഞ്ഞ സ്പോർട്സ് കാർ, പെൻടോർച്ച്...
പത്തുപതിമൂന്നു വയസുകാരുടെ മനസ്സിൽ മെഴുകിൽ പതിച്ച രൂപങ്ങളായി മാർക്സിനും പുഷ്പരാജുമൊക്കെ.
ഇന്റർനാഷണൽ കേസുകൾ മാർക്സിൻ അന്വേഷിക്കും. കൂട്ടുകാരി ഡോ. എലിസബത്ത്. ഇന്ത്യ, ബർമ, ബംഗ്ലാദേശ്, ലക്ഷദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെ കേസുകൾ പുഷ്പരാജ് അന്വേഷിക്കും. കൂട്ടുകാരിയുണ്ട്; ഡോക്ടറല്ല, വെറും മോഹിനി.
മാർക്സിനും പുഷ്പരാജിനും കിട്ടിയ മലയാളത്തിൽ മറ്റൊരു ഡിറ്റക്ടീവിനും കിട്ടിയില്ല. മറ്റൊരു നോവലിസ്റ്റ്, തന്റെ നോവലില്‍ പുഷ്പരാജ്, മാർക്സിൻ തുടങ്ങി സകല ഡിറ്റക്ടീവുകളെയും പിടിച്ചു കൊള്ളസങ്കേതത്തിലാക്കും വിധത്തിൽ ഒരു നോവല്‍ വരെ എഴുതിയത്രേ!...
കഥാകാരന് *വെളുത്ത ഗാര്‍ലിക് പുഷ്പങ്ങളുടെ ഒരു പുഷ്പചക്രം സമര്‍പ്പിച്ചുകൊണ്ട് ഒരു വായനക്കാരൻ
*ഡ്രാക്കുളയ്ക്ക് കുരിശുകഴിഞ്ഞാല്‍ പിന്നെ ഏറ്റവും പേടി ഗാര്‍ലിക് പൂക്കളായിരുന്നു.
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.