സർക്കാർ ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച സാധനങ്ങൾ, വീതം വച്ചപ്പോൾ മോർച്ചറിയിലേക്ക് ഒരു ക്ലോക്കും കിട്ടി. കൂടെയുള്ളത് ശവങ്ങൾ ആണെങ്കിലും, ക്ലോക്കിന് തന്റെ ജോലി ചെയ്യാതെ പറ്റില്ലല്ലോ.
ആണിയുടെ ബന്ധനത്തിൽ നിന്നും മോചിതനാകാൻ കഴിയില്ലെങ്കിലും, ആരെങ്കിലും അകത്തേക്ക് കയറാൻ വേണ്ടി മോർച്ചറിയുടെ വാതിൽ തുറക്കുമ്പോൾ കിട്ടുന്ന ചെറിയ കാറ്റിൽ, ആ ക്ലോക്ക് ചെറുതായി ചലിക്കാൻ ശ്രമിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം രണ്ട് അതിഥികൾ ക്ലോക്കിനെ തേടിയെത്തി. ഒരു ആൺ പല്ലിയും ഒരു പെൺ പല്ലിയും. അവർ തന്റെ പിന്നിൽ ഒരു കൂടു ഉണ്ടാക്കാൻ തുടങ്ങുകയാണെന്ന് ആ ക്ലോക്കിന് മനസിലായി. രണ്ടു ദിവസത്തിനു ശേഷം പെൺപല്ലി മുട്ടയിട്ടുവെന്നു മനസിലായ ക്ലോക്ക്, കാറ്റിലുള്ള ആട്ടം പരമാവധി കുറയ്ക്കാൻ ശ്രമിച്ചു. മോർച്ചറിയിൽ കാവൽക്കാരൻ, ക്ലോക്ക് വൃത്തിയാക്കുമ്പോൾ, മുട്ടയ്ക്ക് ഒന്നും സംഭവിക്കാതിരിക്കാൻ ആ ക്ലോക്ക് അൽപം ബലം പിടിച്ചു നിന്നു.
*** *** ***
ഉറക്കമില്ലാത്ത ക്ലോക്ക് എന്നും സമയം കൃത്യമായി അറിയിച്ചു കൊണ്ടേയിരുന്നു. ഏതോ ഒരു ചെറുപ്പക്കാരനിലാണ് ഇന്നത്തെ പരിശോധന.
മരിച്ചതിനു ശേഷം ശരീരത്തിനകത്തുള്ളതെല്ലാം പുറത്തെത്തിച്ചു പരിശോധിക്കുന്നതും, അവസാനം എല്ലാം കൂടി തുന്നിക്കെട്ടി വയ്ക്കുന്നതും കണ്ടപ്പോൾ ഈ മനുഷ്യർക്ക് വട്ടാണോ എന്നു പോലും ആ ക്ലോക്ക് ചിന്തിച്ചു.
പരിശോധകരുടെ സംസാരത്തിൽ നിന്നും, ഇയാൾ ഒരു പാവം മനുഷ്യനാണെന്നും, നിരപരാധിയായ ഇയാളെ പൊലീസുകാർ തല്ലി കൊന്നതാണെന്നും ക്ലോക്കിന് മനസിലായി.
ആരാണോ പൊലീസ്?, അവർ എന്തിനാണോ ആളുകളെ കൊല്ലുന്നത്? ഒന്നും മനസിലായില്ലെങ്കിലും പാവമായ അയാളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ആ ക്ലോക്ക് സൂചിയെ ചലിപ്പിച്ചു.
*** *** ***
ആദ്യമായാണ് ഈ മോർച്ചറിയിൽ ഇത്രയും പരിശോധകർ വരുന്നത്. മരിച്ചത് ഏതോ രാഷ്ട്രീയക്കാരനാണ് എന്ന് പരിശോധകരുടെ സംസാരത്തിൽ നിന്നും ക്ലോക്കിന് മനസിലായി.
ഇദ്ദേഹം നല്ല മനുഷ്യനാണ്, കൈക്കൂലി വാങ്ങിയിട്ടാണെങ്കിലും എനിക്ക് ഈ ജോലി തന്നുവെന്ന് ഒരുവൻ. ഇയാൾ ഒരു ദുഷ്ടനാണ്, അർഹതയുണ്ടായിട്ടും കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് വേറൊരുത്തൻ. ഇവരുടെ സംസാരത്തിൽ നിന്നും ഈ മരിച്ചു കിടക്കുന്ന ആൾ നല്ലവനാണോ ദുഷ്ടനാണോ എന്ന് മനസിലാകാതെ ആ ക്ലോക്ക് സൂചി ചലിപ്പിച്ചു കൊണ്ടേയിരുന്നു.
പല്ലിയുടെ മുട്ട വിരിഞ്ഞു, പുറത്ത് വന്ന കുഞ്ഞു പല്ലികൾ ക്ലോക്കിനെ ഇക്കിളിയിടുവാൻ തുടങ്ങി. പല്ലികുഞ്ഞുങ്ങളുടെ കളിയും ചിരിയും ആ ക്ലോക്കിനെയും സന്തോഷിപ്പിച്ചു. ദിവസങ്ങൾ പിന്നെയും കടന്നു പോയി.
*** *** ***
ഇന്ന് പരിശോധകരുടെ എണ്ണം കൂടുതലാണ്. വെള്ളയും, കറുപ്പും, കാക്കിയും അണിഞ്ഞവർ... പരിശോധിക്കേണ്ടത് ഒരു കുഞ്ഞിനെയാണ്. നാലു വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞ്. തലമുടിയെല്ലാം മുറിച്ചെടുത്തിരിക്കുന്നു, തലക്ക് മുന്നിൽ കുറച്ച് ഭാഗത്ത് മുടിയില്ല, അവിടം രക്തം കട്ട പിടിച്ചിരിക്കുന്നു. നെഞ്ചിലും കഴുത്തിലും ബ്ലേഡ് കൊണ്ട് വരഞ്ഞ പാടുകൾ. കൈ വെള്ളയിലും രക്തം കട്ട പിടിച്ചിരിക്കുന്നു. ഏതൊക്കെയോ മനുഷ്യർ പീഡിപ്പിച്ചു കൊന്നതാണ് ആ കുഞ്ഞിനെ എന്ന് ക്ലോക്കിന് മനസിലായി.
ഇത്രയും ചെറിയ കുഞ്ഞിനെ...
ഇത്രയും ക്രൂരമായി കൊല്ലാൻ എങ്ങനെ കഴിഞ്ഞു?.....
ആ പരിശോധകർക്ക് എങ്ങനെ ആ കുഞ്ഞിനെ നോക്കി നിൽക്കാൻ കഴിയുന്നു...
ആരോ വാതിൽ തുറന്നപ്പോഴുണ്ടായ ചെറിയ കാറ്റിൽ ആ ക്ലോക്ക് ശക്തിയായി ആടി. ചങ്ക് തകർന്ന ആ ക്ലോക്ക് താഴെ വീണു. സൂചി ഒടിഞ്ഞു.
താഴെ വീണു കിടക്കുന്ന ക്ലോക്കിന്റെ അടുത്തേക്ക് രണ്ടു മനുഷ്യർ നടന്നു ചെന്നു,
"ഇതിപ്പോൾ താഴെ വീഴാൻ എന്താ കാരണം?"
"ക്ലോക്കിന് പോലും കണ്ടു നിൽക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല."
ആ മോർച്ചറി കാവൽക്കാർ പരസ്പരം പറഞ്ഞു..
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.