ചിതറിത്തെറിച്ചതു ചോരയായിരുന്നില്ല ,
ഹൃദയമായിരുന്നു ....,
പ്രണയം പകുത്തു നൽകിയ ഒരു ഹൃദയം .
വേരറ്റു വീണത് മോഹമായിരുന്നില്ല ,
ജീവിതമായിരുന്നു ....,
പ്രതീക്ഷയുടെ നാമ്പും പേറി കാത്തിരുന്ന നാലു ജീവിതങ്ങൾ .
അച്ഛന് കൈത്താങ്ങാകാൻ കൊതിച്ച മകനായിരുന്നു ,
അമ്മയ്ക്കൂട്ടേണ്ട നന്മയായിരുന്നു ,
പെങ്ങളെ കാക്കേണ്ട ഏട്ടനായിരുന്നു ,
പ്രണയിനിക്കപ്പുറം ....ഭാര്യയായമ്മയായി
ജന്മം പകുത്തെടുത്ത പെണ്ണിന്റെ പ്രാണനായിരുന്നു ...
ഉരുകിയൊലിച്ചു പോയവൻ ....ജാതിക്കോമരമായി ...
അസ്ഥിയല്ലാ,സ്തിയാണ് വലുതെന്നെന്തേ
പഠിപ്പിച്ചതില്ലാരും ....??
ചങ്കൂറ്റമുള്ള ചങ്കിനേക്കാൾ വലുതാണ്
ജാതിയെന്നെന്തേ പറഞ്ഞില്ലയാരും ....??
പെണ്ണേ.....,
നനഞ്ഞൊട്ടിയ കവിൾത്തടങ്ങളിൽ കനിവിന്റെ കൈ ചേർത്തു
കരളുറപ്പോടെ കാക്കുന്നൊരച്ഛനുണ്ടാകും നിനക്ക് ....
എന്റെ സ്മാരകമായി നിന്റെ മാറിൽ മയങ്ങുന്ന താലിക്കു
പൂജ ചെയ്യാനുണ്ടാകുമെന്നമ്മയെന്നും....
വഴിപിരിഞ്ഞു പോയ പുഞ്ചിരികളെ കൈക്കുമ്പിളിൽ കോർത്തു
കഥ പറയാനൊരു പെങ്ങളുണ്ടാകും നിനക്കെന്നും ....
തനിച്ചാക്കി പോകില്ല ഞാനൊരിക്കലും .....,
ഒരു ജന്മമല്ലൊരു യുഗവുമല്ല
പുനർജനിക്കുമെങ്കിൽ ...,എന്നും നിന്റെ പ്രാണനായി .....
നിന്റെ മാത്രം ....
Malayalam Short Stories, Malayalam literature interviews,Malayalam Poems മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.