പ്രസവത്തിന്റെ വഴുവഴുപ്പിനും പിടച്ചിലിനുമിടക്കുള്ള വേളകൾ പലയാവർത്തി തുടർന്നിട്ടും കഷ്ടപ്പാടും വേദനയുമല്ലാതെ വേറൊന്നും തരാൻ തന്റെ ശരീരം ആഗ്രഹിക്കുന്നില്ലെന്നു അവൾക്കു തോന്നി.
ഹെഡ്നേഴ്സിന്റെ ‘പുഷ് രേഷ്മാ’ വിളികൾക്കും തന്റെ ആവർത്തിച്ച ഞരക്കങ്ങൾക്കുമെല്ലാം അക്കരെ ഏതോ ഒരു തുരുത്തിനകത്ത് അവൻ/അവൾ. അല്ല അവളാണത്. അവനാണോ അവളാണോ എന്നൊക്കെ സിനിമയിലെപ്പോലെ അവരും ഒരുപാട് രാത്രികളിൽ തർക്കിച്ചിരുന്നു.
തുടകൾക്കിടയിലെ അടക്കാൻ പറ്റാത്ത രോഷം. ആത്മനിർവൃതി ജനിപ്പിക്കാൻ മനസ്സ് എത്ര നോക്കിയിട്ടും സാധിക്കുന്നില്ല. മനസ്സാലെ അറിഞ്ഞൊന്നു പ്രാകാൻ തോന്നി, ശരത്തിനെ. ഒരു നിമിഷം കണ്ണൊന്ന് ഇറുക്കിയടച്ച് നീർച്ചാലിനു ജീവൻ വയ്പിച്ചു. ചുണ്ടുകൾക്ക് അടുത്തു കൂടെ നനഞ്ഞിറങ്ങുന്ന ചൂടുള്ള ഉപ്പു വെള്ളം നാക്കു കൊണ്ട് തൊട്ടെടുക്കാൻ നോക്കി. നഴ്സുമാർ ശ്രദ്ധിച്ചില്ല. ഉപ്പു രസം കൂടിയിട്ടുണ്ട്. കരഞ്ഞ് കരഞ്ഞ് കനത്തിരിക്കുന്നു വെള്ളം. ഓർത്തു ചിരിക്കാൻ തോന്നി രേഷ്മയ്ക്ക്. ഇന്നേയ്ക്ക് ഇരുപത്തിനാലാം ദിവസം ശരത്തിന്റെ മരണം അതിന്റെ നാൽപ്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കും. പ്രസവക്കിടക്കയിലെ പച്ചവിരിപ്പിനും അതേ നിറമുള്ള തലയിണയ്ക്കുമിടയിൽ കയറിയിറങ്ങി അമർന്നു പോയ പറ്റു പോലത്തെ അവളുടെ മുടിയിഴകളെയോർത്തു കിടക്കെ പെട്ടെന്ന് താഴെയൊരു വിങ്ങൽ അനുഭവപ്പെട്ടു. അണപൊട്ടിയൊഴുകാൻ കാത്തു കിടന്ന വലിയൊരു ജലാശയം കയറു പൊട്ടിക്കുന്ന പോലെ. വേദനതിമിർക്കുന്ന വേലിയേറ്റങ്ങൾ !
'അമ്മേ' എന്നു വിളിക്കില്ലെന്നു നിശ്ചയിച്ചുറപ്പിച്ച പോലെ അവള്‍ ചുണ്ടുകൾ അമർത്തിക്കടിച്ചു. തുറിച്ചു നീറിയ കണ്ണുകൾ അപ്പോഴും ഓർമ്മയിലാണ്ടു കിടന്നു.
ശരത്തിന്റെ അടക്കം കഴിഞ്ഞ് വൈകുന്നേരം പുരയ്ക്കകത്തു കേറി നെഞ്ചത്തടിച്ചു തന്നാലാവുന്നത്ര ഉറക്കെക്കരഞ്ഞിറങ്ങിയ ശേഷമാണു അംബിക, അഥവാ രേഷ്മയുടെ അമ്മായിയമ്മ അവളോടതു ചോദിച്ചതു തന്നെ, ‘‘അവന് അവകാശിയില്ലാത്തതല്ലേ. ഉണ്ടെങ്കിൽത്തന്നെ അതിന്റെ തല കാണാൻ ഇനിയും വേണ്ടേ പത്തിരുപതു ദിവസം. അവനു വേണ്ടി നീ തന്നെ തല മുണ്ഡനം ചെയ്യണം.’’
കായലിൽ ഓളപ്പരപ്പിടയിൽ മുങ്ങിതാണ, ഏതാണ്ട് ഒരു മണിക്കൂറിനു മുന്നെ ശവമായി കത്തുന്ന തീമെത്തയിലേക്ക് കിടക്കാൻ പോയ ശരത്തിനോട് അത്രയ്ക്കും ദേഷ്യം തോന്നി അവൾക്ക്. കരഞ്ഞു ചുവന്നതും തൂങ്ങിപ്പിടിച്ചതുമായ കണ്ണുകൾക്കും അവന്റെ മരവിച്ച നെറ്റിയിലിട്ടുരച്ച് ഉടഞ്ഞു പോയതുമായ കവിളുകൾക്കും അതേ സ്ഥിതിയിൽ നിലനിൽക്കാനായതു കൊണ്ടും ആ ദേഷ്യം പ്രകടമായി പുറത്തു വന്നില്ല. ഭാഗ്യം.
മരണത്തിന്റെ എല്ലാ തണുപ്പും ഊറ്റിയെടുത്ത ഹിമക്കരടിയുടെ മേൽ കിടക്കുന്ന പോലെ തണുത്ത മാർബിളിട്ട നടവഴിയിലും കിച്ചനിലേക്കുള്ള കർട്ടനിട്ട ചെറിയ വഴിയിലും ഹാളിനകത്തുമെല്ലാം ശരത്തിന്റെ കുടുംബക്കാരെല്ലാം വിഷമത്തിന്റെ പുതപ്പു മൂടിയുറങ്ങി. ഗർഭിണിയായതു കൊണ്ട് മാത്രം അവൾക്ക് ചായ്പിൽ കിടന്ന പഴയൊരു കയറിന്റെ കട്ടിലിൽ വലിയ നിദ്രാസുഖം അനുവദിക്കപ്പെട്ടു. മൂത്രശങ്ക അടിയ്ക്കടി അനുഭവപ്പെട്ടുകൊണ്ടിരുന്നു എല്ലായ്പോഴും വയറ്റിനകത്തെ കുടുസ്സു മുറിയിൽ കുഞ്ഞിന്റെ ക്ഷൗരം അവൾ സ്വപ്നം കണ്ടു. കുഞ്ഞിന്റെ ആദ്യത്തെ മുടി അവന്റെ /അവളുടെ അച്ഛനു വേണ്ടിയുള്ളതാകട്ടെ. അവന്റേതു വേണ്ട, അവളുടേതു മതി. പെണ്ണിന്റെ മുടിക്ക് പിതൃസ്നേഹം കൂടുമത്രേ!!!
കെട്ടിപ്പിടിച്ചും ഒറ്റയ്ക്കൊറ്റയ്ക്കും കിടന്നുറങ്ങിയിരുന്ന ബന്ധുക്കളുടെ കുട്ടികളുടെ കൈകാലുകൾ ബാത്റൂമിലേക്കുള്ള വഴിയിൽ രേഷ്മയുടെ കാൽനഖങ്ങളെ ദേഷ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇടയ്ക്ക് ലൈറ്റ് ഓൺ ചെയ്ത് ഫാനിന്റെ റെഗുലേറ്ററൊന്ന് തിരിച്ചപ്പോൾ ബന്ധുക്കളിലാരോ തലപൊന്തിച്ചു. 'എന്ത് ചൂടാ, സ്പീഡു കൂട്ടിയിട്' എന്നൊരു ഉപദേശത്തിനപ്പുറം അവരുടെ ദുഷിച്ച കോട്ടുവായയുടെ അലകൾ.
കുഞ്ഞിനെ മൊട്ടയടിക്കാൻ തുടങ്ങുന്ന സ്വപ്നത്തിലെ ആ സന്ദർഭത്തിന് എത്രയെത്ര തടസ്സങ്ങൾ. ഈ മൊട്ടച്ചിയിലൂടെ ശരത്തിനുമേൽ തന്റെ സ്നേഹത്തിന്റെ ഓർമകൾ കൊത്തി വെക്കപ്പെടണം. മരണം കേട്ടതു കൊണ്ടു മാത്രം കുടിപാർത്തു കിടക്കാൻ വന്ന അയാളുടെ എല്ലാ വല്യമ്മ – കുഞ്ഞമ്മമാർക്കും അമ്മായിമാർക്കും അവരുടെ മിണ്ടാട്ടമില്ലാത്ത നരകയറിയ ഭർത്താക്കന്മാർക്കും തൃപ്തിയാകട്ടെ. തന്റെ വീട്ടുകാർക്കോ? അവർക്കുമിവളെ എറിഞ്ഞു കൊടുക്കണം. തന്റെ മൊട്ടച്ചിയെ.
പ്രസവത്തിന്റെ വിസ്ഫോടനങ്ങൾ താഴെ മുറതെറ്റാതെ നടന്നു കൊണ്ടിരുന്നു. മരണപ്പെട്ട ഭർത്താവിന്റെ പേരെടുത്ത് കരഞ്ഞാലോന്ന് അവൾ ആലോചിച്ചു. കരച്ചിലിന്റെ സൗന്ദര്യം കൂട്ടാൻ. ചുറ്റും കൂടി നിന്ന തന്നിലേക്ക് കുത്തിയിറങ്ങുന്ന എല്ലാം കണ്ണുകളുടെയും ഉടമകൾക്ക് തോന്നിക്കോട്ടെ പ്രസവപാരവശ്യത്തിൽ അതിന്റെ കാരണഭൂതനെ അനുഭൂതി കലർന്ന വിളിയിൽ താൻ ആവാഹിക്കുകയാണെന്ന്.
മൊട്ടപ്പെണ്ണ് കുതിച്ചു ചാടിയ നേരം ശബ്ദകോലാഹലങ്ങളോടെ ഒരു വലിയ കരച്ചിൽ കിടന്ന കിടപ്പിൽ അവൾ ഛർദിച്ചു. അതിന്റെ മഞ്ഞപ്പും പതയും അടുത്ത് നിന്ന നഴ്സിന്റെ കാലിലെ സോക്സില്‍ വെറുപ്പിന്റെ പാടുണ്ടാക്കി.
ഇളംറോസു നിറത്തില്‍ കുതിർന്നു കിടക്കുന്ന ആ മനുഷ്യജീവിയെ കൈയിലോട്ടു കൊടുത്തപ്പോൾ അതിന്റെ നനുത്ത മൂർച്ചയില്ലാത്ത കാൽനഖങ്ങള്‍ അടിവയറ്റത്ത് അവളിൽ കോരിത്തരിപ്പുണ്ടാക്കി. ഒരു പാട് വട്ടം ഉറപ്പിച്ചതാണെങ്കിലും അതൊരു പെൺകുഞ്ഞാണെന്നത് അവളെ സന്തോഷിപ്പിച്ചു. കണ്ണുനീരിന്റെ വീണ്ടുമൊരു സഭാപ്രവേശം. തെളിഞ്ഞ ഉപ്പു കുറഞ്ഞ വെള്ളം. മൂക്കിനടുത്ത് അതൊഴുകിയെത്തിയപ്പോഴേക്കും അതിനു ഇളംറോസുനിറത്തിൽ കുതിർന്ന ജീവന്റെ മണം വയ്ച്ചു. അതിന്റെ കത്രിക്കപ്പെടാൻ വെമ്പി നില്‍ക്കുന്ന കുരുത്തോലമുടികൾ കാറ്റിൽ അവളുടെ മൂക്കിനകത്തേയ്ക്കടിച്ചു കയറി. ആരെങ്കിലും കാൺകെ ഇനിയുമനേകം കണ്ണീർച്ചാലുകൾ രൂപപ്പെടട്ടെ. ഭർത്താവിന്റെ ശേഷിക്കുന്ന ഉയിർത്തുടുപ്പിനെ അത്രകണ്ട് നൊന്തും പിടച്ചുമാണ് താൻ പെറ്റതെന്ന് അയാളുടെ കുടുംബക്കാരൊക്കെ അറിയട്ടെ. അവരു കൊണ്ടുവരുന്ന ഓറഞ്ചിന്റെയും മുന്തിരിയുടെയുമൊക്കെ അഴുകിയ മണമുള്ള പ്ലാസ്റ്റിക് കവറുകൾക്ക് നടുവിലിരുന്ന് കയ്യിലിരിക്കുന്ന ജീവനെ പേരു വിളിച്ചു കൊഞ്ചിക്കാൻ അവൾക്ക് ആർത്തി തോന്നി.
‘‘അച്ഛന്റെ മൊട്ടച്ചീന്ന്’’
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.