Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കുഞ്ഞു മഹാഭാരതം

arjun വര – മാർട്ടിൻ പി.സി.

മഹാഭാരതം സീരിയൽ ടിവിയിൽ വന്നിരുന്ന കാലം. അർജുനന്റെ യുദ്ധം പകുതി സസ്പെൻസിൽ അവസാനിപ്പിച്ച ഒരു എപ്പിസോഡിനൊടുവിൽ വീടിനു പുറത്ത് അമ്മ മുറ്റമടിക്കാൻ കെട്ടിവച്ച ചൂലിന്റെ ഈർക്കിലുകൾ അമ്പായി തോന്നിയ ബാല്യം. അമ്മയും അച്ഛനും പറമ്പിൽ കൃഷിയിലാണ്. അനിയന്റെ മേൽനോട്ടം എന്റെ ചുമതലയാക്കി തന്ന് അവർ തൈ വാഴകൾക്ക് വളമിടുകയാണ്. 

ടിവി ഓഫ് ചെയ്ത് പുറത്തിറങ്ങി നിന്ന ഒരു ദുർബല നിമിഷത്തിൽ ഞാൻ അർജുനനാണെന്ന് അറിയാതെ തോന്നിപ്പോയി. ഞായറാഴ്ച യുദ്ധം ചെയ്തേ പറ്റൂ. കാപ്പിക്കമ്പ് വളച്ച് ചാക്കുനൂൽ കെട്ടി വില്ലാക്കി. മുറ്റമടിക്കുന്ന കുറ്റിച്ചൂല് ആവനാഴിയിലെ അമ്പുകളാക്കി അർജുനൻ യുദ്ധത്തിനിറങ്ങി. യുദ്ധം ചെയ്യാൻ കൗരവപ്പട വേണം. മുന്നിൽ നിരന്നു നിൽക്കുന്നു കുലയ്ക്കാറായ വാഴകൾ... കൗരവരെ പോലെ. 

ചൂല് ആവനാഴിയിൽ നിന്ന് ആദ്യത്തെ ഈർക്കിലി അമ്പ് വാഴകൗരവൻമാരിൽ തറച്ചു നിന്നു. അമ്പുകൊണ്ട മുറിവിൽ നിന്നും ദാ ഒഴുകുന്നു വാഴനീര് എന്ന് തെറ്റിധരിക്കുന്ന ചോര. അർജുനൻ ആർത്ത് അട്ടഹസിച്ച് യുദ്ധം തുടർന്നു. കൗരവർമാർ അമ്പിനാൽ പൊതിയപ്പെട്ടു. ലക്ഷ്യം തെറ്റിയ അമ്പുകൾ പെറുക്കി തന്ന് അനിയൻ എന്നെ സഹായിച്ചു.

ഇടക്ക് അവനും വില്ല് കൊടുത്തു. കുഞ്ഞുകൈകളിൽ വില്ലിന്റെ ഞാൺ വലിക്കാൻ കഴിയാതെ അനിയൻ തളർന്നിരുന്നു. എന്നാൽ നീ ഭീമനായിക്കോ എന്ന് പറഞ്ഞു അവന്റെ കുഞ്ഞുകൈകളിൽ ഗദ എന്നു പറഞ്ഞ് മടക്കൊലയുടെ കമ്പ് വച്ച് കൊടുത്തത് ഞാനായിരുന്നു. ഗദ കിട്ടിയ ഭീമനും മോശമാക്കായില്ല. യുദ്ധത്തിനിടയിൽ അർജുനൻ റെസ്റ്റ് എടുത്തപ്പോൾ കുഞ്ഞു ഭീമൻ ഗദയുമായി അടുത്ത പറമ്പിലേക്കിറങ്ങി. 

വീണ്ടും യുദ്ധം തുടങ്ങാനൊരുങ്ങിയ അർജുനന്റെ പുറകിൽ‍ നിന്ന് പെട്ടെന്ന് ഒരാക്രമണം. ഒളിയുദ്ധം ചെയ്തതാര് എന്നട്ടഹസിച്ച് തിരിഞ്ഞു നോക്കി. ദുര്യോധനനേപ്പോലെ അച്ഛൻ. കയ്യിൽ ഗദക്ക് പകരം തൂമ്പാ. 

അച്ഛൻ എന്നെയും വലിച്ചുകൊണ്ട് താഴത്തെ പറമ്പിലെത്തി. അവിടെ ഭീമനെ അച്ചാലും പുച്ചാലും എടുത്തിട്ടടിക്കുന്ന അമ്മ എന്ന ഗാന്ധാരി. ചുറ്റിലും ചതഞ്ഞരഞ്ഞു കിടക്കുന്ന തൈവാഴകൾ. കുഞ്ഞുഭീമൻ ഗദ കൊണ്ട് കൗരവരെ തച്ചു കൊന്നതാണ്. കാര്യങ്ങൾ പകൽ പോലെ വ്യക്തമായി. പുറകിൽ ദുര്യോധനൻ അലറുന്നു. അർജുനനെന്ന എന്നെ ഓടിച്ചിട്ടടിക്കുന്നു. അർജുനനും ഭീമനും ദിഗന്ദം പൊട്ടുമാറ് ഉച്ചത്തിൽ കരയുന്നു. അങ്ങിനെ ഒരു മഹാഭാരത യുദ്ധം പരാജയപ്പെട്ടിരിക്കുന്നു. 

ഭീമന്റെ അരയ്ക്കു കീപ്പോട്ടും അർജുനന്റെ മേലാസകലവും ഗാന്ധാരിയും ദുര്യോധനനും കലിപ്പ് തീർത്തു. അപ്പുറത്തെ വീട്ടിലെ സമപ്രായക്കാരായ ചില തെണ്ടികളുടെ* (*മഹാൻമാർ എന്ന് തിരുത്തി വായിക്കാൻ അപേക്ഷ) ചിരിയാണ് തൊലിയുരിച്ചു കളഞ്ഞത്. 

വൈകിട്ട്‌, കഞ്ഞികലത്തിന് താഴെ അടുപ്പിലെ തീയിലേക്ക് ഒരു മടക്കൊലഗദയും കാപ്പിക്കമ്പ് വില്ലും കൂടി വലിച്ചെറിഞ്ഞ് അമ്മ ആയുധമില്ലാത്ത അർജുനനെയും ഭീമനെയും കഞ്ഞി കുടിക്കാൻ വിളിച്ചു. കഞ്ഞി കുടിക്കാൻ വിസമ്മതിച്ച ഞങ്ങളെ ഒരു വിരൽ വണ്ണമുള്ള ചൂരൽ ഉയർത്തി പേടിപ്പിച്ച് ദുരോധനൻ അച്ഛൻ വീണ്ടും തോൽപ്പിച്ചു. ഞങ്ങൾ കീഴടങ്ങി. ആ കീഴടങ്ങൽ ഇന്നും തുടരുന്നു...

Malayalam Short StoriesMalayalam literature interviews,Malayalam Poems       

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.