കല്യാണം കഴിഞ്ഞാലും ഞാൻ സ്കേർട്ട് ഇടും ട്ടോ... അവൾ അവനോട് പറഞ്ഞു. മറുപടി ഉടനെ വന്നു. വേണ്ട, നീ അപ്പൊ വല്യ കുട്ടി ആകില്ലേ? എന്റെ ഭാര്യ ആകും. അപ്പൊ ഇതൊക്കെ ഇടുന്നത് മോശല്ലേ. പെട്ടെന്നാണ് കണ്ണുകൾ നിറഞ്ഞത്. കഴിഞ്ഞ 22 വർഷം ഞാൻ എന്റെ വീട്ടുകാർക്ക് ചെറിയ കുട്ടി ആയിരുന്നു. പ്രായത്തിന്റെ പക്വത ഇല്ലെന്ന് അവനും അറിയാം. അതായിരിക്കും വല്യ കുട്ടി ആകുമെന്നു പറഞ്ഞത്.
എന്റെ ശാഠ്യങ്ങളെല്ലാം ഭംഗിയായി നടന്നു പോയിരുന്നു വീട്ടിൽ. ഇഷ്ടപെട്ട ആളെ വിവാഹം ചെയ്യാനും എതിർപ്പില്ലാതെ വീട്ടുകാർ സമ്മതിച്ചു. എങ്കിലും അലസതയിൽ നിന്നും ഭാര്യാ പദവിയിലേക്ക് മാറുമ്പോഴുള്ള ആകുലത മനസ്സിനെ അലട്ടുന്നുണ്ട്. എത്ര പെട്ടെന്നാണ് പ്രായം കൂടിയത്. ബാല്യവും കൗമാരവും കടന്നു യൗവനത്തിന്റെ തുടക്കത്തിലേക്ക് കടന്നിരിക്കുന്നു. എങ്കിലും ഭൂതകാലക്കുളിരിൽ നിന്നും മനസ്സ് മാറിയിട്ടില്ല.
ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നത് കൗമാരമാണ്.. നീണ്ടു മെലിഞ്ഞ അന്നത്തെ കൗമാരക്കാരിക്ക് എല്ലാറ്റിനോടും കൗതുകമായിരുന്നു. ഇടവപ്പാതി പെയ്യുന്ന നേരങ്ങളായിരുന്നു അവൾക്കേറെ പ്രിയം.. തിമർത്തു പെയ്യുന്ന മഴയിലേക്ക് നോക്കിയിരിക്കുമ്പോൾ എന്തോ വല്ലാത്ത അനുഭൂതിയായിരുന്നു. പാടത്തു നിന്നു തവളകളുടെ ഒച്ചപ്പാടുകൾ. കർക്കിടകത്തിലെ സന്ധ്യകളിൽ 'അമ്മ രാമായണം വായിക്കുമ്പോഴും മഴയങ്ങനെ തിമർത്തു പെയ്യുകയാവും.. മഴയെനിക്ക് ആരൊക്കെയോ ആയിരുന്നു.. അമ്മയെ പോലെ.. മുത്തശ്ശിയെ പോലെ.. ചില നേരങ്ങളിൽ കെട്ടിപുണരുന്ന കാമുകനെപോലെ മഴ ആകാശത്തിന്റെ മടിക്കുത്തിൽ നിന്ന് എനിക്കായ് ഉതിർന്നു വീണു..
ഭൂതകാലവും വർത്തമാനവും ഭാവിയും കൂടി ഇടചേർന്നു നിൽക്കുന്ന വല്ലാത്ത അവസ്ഥയാണ് എന്നെയിപ്പോൾ നിസംഗയാക്കുന്നത്. ഒരുപക്ഷേ, ചെറിയ കുട്ടിയിൽ നിന്നു ഭാര്യയും വലിയ കുട്ടിയും ആകുന്നതിന്റെ നിർവചനീയമായ അവസ്ഥ.. ഒരു പക്ഷേ എല്ലാ പെൺകുട്ടിയും ഈ അവസ്ഥയിലൂടെ ഒരിക്കൽ കടന്നു പോയിരിക്കാം. ജീവിതം മാറ്റങ്ങളെ സൃഷ്ടിക്കുന്നു.. അതിൽ അകപ്പെട്ട് പലർക്കും പഴയ നമ്മളെ വഴിയിൽ എവിടെയോ നഷ്ടപ്പെട്ടു പോകുന്നു. ഇടയ്ക്കൊക്കെ പെയ്യുന്ന മഴകളാണ് പിന്നീട് ബാല്യ കൗമാരങ്ങൾ ഓർമപ്പെടുത്തി കണ്ണുകളെ ആരും കാണാതെ ഈറനണിയിപ്പിക്കുന്നത്. നീ വല്യ കുട്ടി ആകില്ലേ കല്യാണം കഴിഞ്ഞാലെന്ന് ചോദിച്ചപ്പോൾ നിഴലിച്ച എന്റെ ഗാഢമായ മൗനത്തിനു കുറെ കഴിഞ്ഞു വന്ന മെസ്സേജ് എവിടെയൊക്കെയോ പ്രതീക്ഷ നൽകുന്നതായിരുന്നു. "ഞാൻ നിന്റെ സ്വാതന്ത്രങ്ങളെ തടയില്ല... ചെറിയകുട്ടി ആകാനുള്ള കൊതി തീരും വരെ നീ ആയിക്കോ... നീ പ്രണയിക്കുന്ന മഴക്കാലത്തെ നമുക്കിനി ഒന്നിച്ചു പ്രണയിക്കാം.."
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.