"ഞാൻ വേറൊരാളെ പ്രണയിക്കുന്നു." - ഞാൻ പറയുമ്പോൾ അവൾ എന്റെ തലമുടിയിൽ വിരലുകളോടിച്ച് പറയും: "എന്റെ കുഞ്ഞു പറ.. ആരെയാ നീ സ്നേഹിക്കുന്നത്?" ഞാൻ അപ്പോൾ മടിയിൽ കിടന്നുകൊണ്ട് ആ കണ്ണുകളിലേക്ക് നോക്കും. നോക്കിനിൽക്കെ അവയ്ക്ക് ആഴവും നീലിമയും കൂടിവരുന്നതായി തോന്നും. കടൽസഞ്ചാരിയെപ്പോലെ ഞാനൊട്ടാകെയും ആ നീലിമയിൽ മുങ്ങിപ്പോവും. എന്നിട്ട് പറയും: "നീയാണത്.. എന്റെ സർവസ്വവും നീയാണ്".എന്നിട്ട് ഒരു കുഞ്ഞിനെപ്പോലെ മയങ്ങിപ്പോകും.
സത്യമാണ്. ഒരിക്കലും സാറയെന്ന എന്റെ സഹപ്രവർത്തകയോട് എനിക്കു തോന്നുന്ന സ്നേഹം അവളോട് പറയുവാൻ എനിക്കാവില്ല. അവൾ.. ആർദ്ര. തറവാടിന്റെ ഓരോ മുക്കിലും മൂലയിലും പാദസരം കിലുക്കി കൊഞ്ചിനടന്നവൾ. ഒരിക്കൽ ഞാൻ പനിച്ചുവിറച്ച് കിടന്ന രാത്രിയിൽ നിറുകയിൽ ചുംബിച്ച് ഓടിമറഞ്ഞവൾ... സ്‌കൂളിലും കോളജിലും ചിലങ്കകൾ കൊണ്ട് ആരാധകരെ സൃഷ്ടിച്ചവൾ. നീലാംബരിയെന്ന പേരിൽ കവിതകളെഴുതുന്നത് താനാണെന്ന് ആരോടും പറയരുതെന്ന് സത്യം ചെയ്യിച്ചവൾ.. എനിക്കറിയില്ല.. അവൾ എനിക്ക് ആരാണെന്ന്. ഒന്നറിയാം ആ കണ്ണുകൾ നിറഞ്ഞാൽ എനിക്കൊരിക്കലും സമാധാനമായി ഉറങ്ങാൻ കഴിയില്ലെന്ന്...
ഞാൻ നാലാം ക്ലാസിലേക്ക് ജയിച്ച ദിവസമാണ് കാര്യസ്ഥനായ നാരായണേട്ടൻ ഭാര്യയുടെ മരണശേഷം മകളെ വീട്ടിൽ തനിച്ച് നിർത്താൻ കഴിയാത്തതിനാൽ എന്റെ വീട്ടിലേക്ക് കൊണ്ടുവന്നത്. അമ്മയുടെ നിർബന്ധപ്രകാരം എന്റെ സ്‌കൂളിൽ തന്നെയായി അവളുടെയും പഠനം. അതും ഒരേ ക്ലാസിൽ. പിന്നെ ഒന്നാം സ്ഥാനത്തിന് വാശിയേറിയ മത്സരം. ഒറ്റമകനായതിനാൽ എനിക്ക് ആദ്യമൊക്കെ കുറച്ച് അസൂയ ഉണ്ടായിരുന്നു. പതുക്കെ ഞങ്ങൾ നല്ല കൂട്ടുകാരായി. ആർദ്രയും ഹരിയും. ഒരേമനസുള്ള ഉറ്റസുഹൃത്തുക്കൾ.
ബിരുദാനന്തരബിരുദ പഠനകാലം. ഞാൻ ഊർജ്ജതന്ത്രവും അവൾ സാമ്പത്തികശാസ്ത്രവും. ഒരിക്കൽ ദുഃഖമടക്കിപ്പിടിച്ച സഹപാഠികളുടെയും അധ്യാപകരുടെയും ആശ്വാസവാക്കുകളിൽ പൊതിഞ്ഞ് ഞങ്ങൾ രണ്ടാളും വീട്ടിലേക്ക് ആനയിക്കപ്പെട്ടു. എനിക്കറിയാമായിരുന്നു. എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്ന്. പക്ഷേ, ക്ഷേത്രദർശനത്തിന് പോയ അച്ഛനെയും അമ്മയേയും നാരായണേട്ടനെയും വിധി ഒരു അപകടമരണംകൊണ്ട് വിഴുങ്ങിതീർത്തത് ഉൾക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു. പിന്നെ അവൾക്ക് ഞാനും എനിക്കവളും. ഇരുട്ടുവീഴുമ്പോൾ ഉണ്ടാകുന്ന ആ ഭീകരമായ ഏകാന്തതയെ ഞങ്ങൾ രണ്ടാളും ഒരുമിച്ച് ഭയന്നു... ആ രാത്രിമൂടിയ വീട്ടിൽ കരഞ്ഞുതളർന്ന എന്നെ അവൾ സ്നേഹവചസുകളാൽ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ആഴ്ചയൊന്ന് കഴിഞ്ഞ് ആളുകൾ പിരിഞ്ഞപ്പോൾ അവളെന്നെ നിർബന്ധിച്ച് കോളേജിലേക്ക് അയച്ചു. പിന്നെയവൾ ഒരു ഗൃഹനാഥയുടെ കാര്യഗൗരവത്തോടെ അടുക്കളയും അച്ഛൻ ചെയ്യാറുള്ളതുപോലെ പറമ്പിലെ പണികളും ഏറ്റെടുത്ത് നടത്താൻ തുടങ്ങി. പരീക്ഷാസമയത്ത് കട്ടൻചായയും ഇടയ്ക്ക് ചിലപ്പോൾ ശാസനകളും.. എന്റെ ഒരുകാര്യത്തിനും കുറവുവരുത്താതെ.. എന്നിട്ടും കഷ്ടപ്പെട്ടുള്ള കോളേജിൽപോക്കും. ഒടുവിൽ കോളജധ്യാപകനായി ഞാൻ നിയമിതനായപ്പോൾ ആനന്ദാശ്രുക്കളുമായ് നിന്ന അവളെ കണ്ടപ്പോൾ എന്റെ നെഞ്ച് ഒന്നു കിടുങ്ങി. സമർത്ഥയായിരുന്നു അവൾ. എന്നിലും എത്രയോ മികച്ച ഉദ്യോഗം കിട്ടേണ്ടവൾ. പക്ഷേ ഇപ്പോൾ എനിക്കുവേണ്ടി ഉരുകിത്തീർന്ന മെഴുതിരിപോലെ അവൾ. ആർദ്ര.
സാറ എന്റെ കൂടെ പഠിപ്പിക്കുന്ന അധ്യാപികയാണ്. ഒരു എൻഎസ്എസ് യൂണിറ്റിന്റെ ചുമതല ഞങ്ങൾക്കായിരുന്നു. ക്യാമ്പും സൗഹൃദവും. ഒരേ ചിന്താരീതികളും ഞാൻ സാറയെ സ്നേഹിച്ചു തുടങ്ങി. എനിക്കറിയാം അവളും എന്നെ ഇഷ്ടപ്പെടുന്നുണ്ട്. വിദ്യാർഥികൾക്കും അങ്ങനെ ഒരു വിശ്വാസം ഉണ്ട്. ആർദ്ര എന്റെ ചേച്ചിയാണ് എന്നാണ് സാറയുടെ അറിവ്. "അങ്ങനെ ഒരു ചേച്ചിയെ കിട്ടിയത് ഹരിയേട്ടന്റെ ഭാഗ്യം.." എന്ന അവളുടെ സംസാരം കേട്ടപ്പോഴാണ് ആർദ്ര എന്റെ ആരാണെന്നു ഞാൻ ചിന്തിച്ചു തുടങ്ങിയത്. എനിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവളാണ്... യുവജനോത്സവങ്ങളും ക്യാമ്പുകളും ഒക്കെയായി വിദ്യാർഥികൾക്കായി പലപ്പോഴും വീട്ടിൽ നിന്നും അകന്നുനിൽക്കേണ്ടി വരുമ്പോഴൊന്നും അവൾ പരിഭവിച്ചില്ല. അത്തരം ചാപല്യങ്ങൾ അവളിൽനിന്ന് ഉണ്ടാവുകയുമില്ല. സ്വാതന്ത്ര്യം കൊടുക്കേണ്ടിടത്ത് കൊടുക്കാനും ശാസിക്കാനും കാര്യഗൗരവത്തോടെ പെരുമാറാനും അറിയുന്നവളാണവൾ.
കോലായിൽ ഇതൊക്കെയും ആലോചിച്ച് അച്ഛന്റെ കസേരയിലിരിക്കുമ്പോൾ അവളരികിൽ വന്നു: "എന്താ ഹരീ... നീയിങ്ങനെ ആലോചിക്കണേ?" ഞാനെന്തുപറയാനാണ്, ഞാനവളുടെ മുന്നിൽ എത്ര ചെറുതാണ് എന്ന എന്റെ തോന്നലിനെപ്പറ്റിയോ? അതോ അവളോടെനിക്ക് ആരാധനയും ബഹുമാനവും മാത്രമേ ഉള്ളൂവെന്നോ.. അങ്ങനെ പറഞ്ഞാൽ ഈ വലിയ തറവാട്ടിൽ അവൾ ഒറ്റപ്പെട്ടുപോയേക്കാം. മൗനം മുറിച്ചുകൊണ്ട് അവളെന്നെ ഞെട്ടിച്ചു. "ഞാൻ ഇക്കൊല്ലം സിവിൽ സർവീസ് എഴുതുന്നുണ്ട്..നീ എഴുതുന്നുണ്ടോ?"... അവൾ അവൾക്കായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു! ഈ പണികൾക്കിടയിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിൽ പിച്ച്ഡി ചെയ്യാനുള്ള അവസരവും അവൾ നേടിയെന്ന് കേട്ടപ്പോൾ എനിക്കു തോന്നി. ആർദ്ര, അവളൊരു ഒന്നൊന്നൊരസംഭവമാണെന്ന്. തന്റെ ചിറകുകൾക്ക് കൂടുതൽ വർണങ്ങളും കരുത്തുമാർജിച്ച് അവൾ പറക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു പൂമ്പാറ്റയുടെ അഴകോടെയും ഗരുഡന്റെ കരുത്തോടെയും.
ഒരിക്കൽ ഒരു അഭിമുഖത്തിൽ വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞുകേട്ടു:"എന്റെ ഉള്ളിൽ ഒരു കുട്ടിയുണ്ട്. അതിന്റെ ചാപല്യങ്ങളെ മനസിലാക്കുന്ന ഒരാളെ ഞാൻ കുറച്ചുകാലങ്ങളായി പ്രണയിക്കുന്നുണ്ട്.. അയാൾ എന്നെയും"
ആർദ്രയെന്ന നീലാംബരിയുടെ പ്രണയത്തെക്കുറിച്ച് കേട്ട് ഞാൻ ഞെട്ടി. അവളൊരു 'മധുരസുരഭില നിലാവെളിച്ചം' തന്നെ. ഞാൻ എന്റെ ഞെട്ടലൊന്നും സാറയോട് പറയാൻ പോയില്ല.. ആരാണാവോ ആ ഭാഗ്യവാൻ?...
ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ടാവും ... ആർദ്രയെ മനസിലാവാത്ത ഹരിയെന്ന ഞാൻ ഊർജ്ജതന്ത്രരഹസ്യങ്ങൾ തേടി പിച്ച്ഡി ചെയ്യുവാൻ പോകുന്നു. ഒരുകണക്കിന് രണ്ടും ഒന്നുതന്നെ.. ആർദ്രയും ഫിസിക്‌സും...