പോർച്ചുഗൽ രാജ്യത്തെ ഏറ്റവും മനോഹരമായ നഗരമാണ് സെറ്റുബാൽ സിറ്റി. അറ്റ്ലാന്റിക് സമുദ്രത്തെ പ്രണയിച്ച ഒരു ചെറിയ പട്ടണം. വൈകുന്നേരം ആവുന്നു തണുപ്പ് പതിയെ പതിയെ പൊങ്ങി തുടങ്ങി. കിംഗ് പെർഡോ നാലാമന്റെ ഒരു സ്തൂപത്തിൽ ഇരുന്നു ഒരു കാക്ക എന്നെ നോക്കി അലമുറയിട്ടു കരയുന്നതു കണ്ടു. പണ്ട് കുട്ടിക്കാലത്തു നാട്ടിൽ ഒരുപാടു ഉരുളൻ കല്ലുകൾ കിട്ടുമായിരുന്നു അതിൽ പേരിന്റെ ആദ്യാക്ഷരം എഴുതി മാങ്ങാ കൊത്താൻ വരുന്ന കാക്കയെ എറിഞ്ഞു കളിച്ചതൊക്കെ ഒരു നിമിഷം ഓർത്തു പോയി.
സെറ്റുബെൽ കുറച്ചു കൂടെ ഇരുട്ടിൽ വീണ്ടു. അപ്പോഴേക്കും ഡോക്ടർ വിൻസെന്റിന്റെ ഫോൺ കോൾ പ്രതീക്ഷിച്ചതു പോലെ വന്നു.
‘‘അപ്പോൾ പോകാം അല്ലെ?’’ അപ്പുറത്തു നിന്നും ശബ്ദം വന്നു.
ഞാൻ ഒന്നു മൂളി കൊടുത്തു. ഫോൺ കട്ടു ചെയ്തു. ഫോൺ വിളിയിൽ അദ്ദേഹം എപ്പോഴും ഒരു പിശുക്കൻ ആയിരുന്നു എന്നു തോന്നാറുണ്ട്.
ഡോക്ടർ വിൻസെന്റ്. വളരെ ആകസ്മികമായിരുന്നു ആ പരിചയപ്പെടൽ. ശരിക്കും പറഞ്ഞാൽ എന്റെ കാർ നിയന്ത്രണം വിട്ടു അദ്ദേഹത്തിന്റെ കാറിൽ ഇടിക്കുകയായിരുന്നു. പിന്നീട് ഞങ്ങൾ നല്ല കൂട്ടുകാരായി മാറി. അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ലിസ്ബണിലെ Psychogeography പഠിപ്പിക്കുന്ന അധ്യാപകൻ ആയിരുന്നു. ഒരു പ്രകൃതി സ്നേഹി, സാഹസികയാത്ര ഇഷ്ടപ്പെടുന്ന ഒരാൾ. തലയിൽ വട്ടും കണ്ണിൽ അത്ഭുതവും കൊണ്ടു നടക്കുന്ന ഒരു മനുഷ്യൻ.
ഒരുപാടു വായിക്കാൻ ഇഷ്ടം ഉണ്ടായിരുന്ന ആൾ ആയതു കൊണ്ടായിരിക്കണം അദ്ദേഹം ഔദ്യോഗികമായ കാര്യങ്ങൾ പോലും എന്നോടും സംസാരിക്കുമായിരുന്നു. ഇന്ത്യൻ ജനതയെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു മനുഷ്യനെ എന്റെ 4 കൊല്ലത്തെ പോർച്ചുഗൽ ജീവിതത്തിൽ കണ്ടിട്ടില്ല. ഒരു ലൈബ്രറി സംസാരത്തിന് ഇടയിലാണ് അദ്ദേഹം ഒരു പുതിയ സാഹസിക യാത്രയെക്കുറിച്ചു പറയുന്നത്.
മെഡിറ്ററേനിയൻ കടലിനും അറ്റ്ലാന്റിക് കടലിനും ഇടയിൽ 400 മൈൽ കിഴക്കു മാറി ഒറ്റപ്പെട്ട ഒരു ദ്വീപ് ഉണ്ട്. വളരെ നിഗൂഢവും പൈശാചികവുമായ ഒരു സ്ഥലം എന്നു കേട്ടു കേൾവിയുണ്ട് അതിനെക്കുറിച്ച്. ആ ദ്വീപിന്റെ പേരാണ് മലേടിസിയോൺ! ഇറ്റാലിയൻ ഭാഷയിൽ ശാപം എന്നാണ് അർത്ഥം. ആരും അങ്ങോട്ടു പോകാറില്ല. എല്ലാരും അവിടം ഭയത്താൽ ഉപേക്ഷിച്ചതാണ്.
ഒരു യാത്ര നല്ലതാണ് എനിക്കും തോന്നി. അദ്ദേഹത്തിനൊപ്പം മെക്കാനിക്കൽ സഹായത്തിനു ഞാനും ചേർന്നു. ഞങ്ങൾ 10 പേരുണ്ടായിരുന്നു. ആ സംഘത്തിൽ. യാത്രയുടെ അന്ന് ഒരു കാക്ക എന്നെ പല തവണ വട്ടം ഇട്ടു കറങ്ങുന്നതു ഞാൻ കണ്ടിരുന്നു. അങ്ങനെ ക്വീൻ ബാർബറ എന്ന മീഡിയം യാത്ര കപ്പലിൽ ഞങ്ങൾ എല്ലാവരും മലേടിസിയോണിലേക്ക് യാത്ര തിരിച്ചു.
അറ്റ്ലാന്റിക് വളരെ ശാന്തമായിരുന്നു. തിമിംഗലങ്ങളും ഡോൾഫിനും ചാടി കളിക്കുന്നത് എനിക്കു വളരെ കൗതുകമുള്ള കാഴ്ചകളായിരുന്നു. ഞാൻ ഒരു നിഗൂഢതയിലേക്ക് ഒളിഞ്ഞു നോക്കാനാണ് പോകുന്നത് എന്ന ഭയം എല്ലാം അറ്റ്ലാന്റിക് മാറ്റി തന്നു എന്നു പറയാം.
ഫാൻസി ഫ്രഞ്ച് വോഡ്കയിൽ നിന്നും ഒരു സിപ് എടുക്കുമ്പോൾ ഡോ. വിൻസെന്റ് നമ്മുടെ ദ്വീപിന്റെ ചരിത്രം പറഞ്ഞു തന്നു....
1936 ൽ ജർമനി നാസി പട്ടാളം അവിടെ ഒരു ഭ്രാന്താശുപത്രി പണിയാൻ പദ്ധതി ഇട്ടിരുന്നു. Santa rosa asylum എന്നായിരുന്നു ആശുപത്രിയുടെ പേര്. ആ ദ്വീപിൽ ഉള്ള ഉര്‍കി എന്ന ഒരു ചെറിയ ആദിവാസികളുടെ സഹായത്തോടെ അവർ ആശുപ ത്രിയുടെ പണി തീർത്തു. ആദ്യഘട്ടത്തിൽ 12 രോഗികള്‍ക്ക് അവിടെ ചികിത്സ കൊടുത്തു. പക്ഷെ ഒരു മാസം ആവുന്ന തിനു മുന്നേ ആ പന്ത്രണ്ടു പേരെയും കാണാതായി. അതോടെ പല കഥകളും പരന്നു. പിന്നീട് നാസി ആ സ്ഥലം ഉപേക്ഷിച്ചു തിരിച്ചു പോരുകയായിരുന്നു. പിന്നീട് അങ്ങനെ ആരും അങ്ങോട്ട് പോകാറില്ല. ശാപം പിടിച്ച ദ്വീപ് എന്നാണ് എല്ലാ വരും വിശ്വസിക്കുന്നത്.
ഇത്രയും ഡോക്ടർ പറഞ്ഞപ്പോഴേക്കും ഞങ്ങളിൽ ചിലരിൽ എങ്കിലും ഒരു ഭയം വന്നു കാണും എന്ന് എനിക്കു തോന്നി. അപ്പോഴേക്കും കടലിലെ തണുപ്പിന് ശക്തി കൂടിയിരുന്നു.
ഉര്‍കി ആദിവാസികളെ കുറിച്ച് ഞങ്ങളിൽ ഒരാൾ ചോദിച്ചു.
ആ ദ്വീപിനേക്കാൾ നിഗൂഢാത്മകമായ ജീവിതം നയിക്കു ന്നവരാണ് ഉർകികൾ. അവരിൽ സ്ത്രീകൾ ഇല്ല എന്നാണ് നാസി പട്ടാളം മേജറും സൈക്കോളജിസ്റ്റും ആയ മോറിസ് അറ്റോണോ ആ കാലത്തു റിപ്പോർട്ടു ചെയ്തത്. അദ്ദേഹം അന്ന് എടുത്ത ഒരു ഫോട്ടോഗ്രാഫി കൂടെ കാണിച്ചു കൊടുത്തു. ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന് പറയാൻ പറ്റില്ല മഞ്ഞ നിറമുള്ള ഒരു പഴയ ഫോട്ടോ. ഞാൻ ഒന്നൂടെ സൂക്ഷി ച്ചു നോക്കിയപ്പോൾ ഒരു ഉർകി ആദിവാസി ആ ഫോട്ടോയ്ക്കു നല്ല രീതിയിൽ ചിരിച്ചു പോസ് ചെയ്യുന്നതു കാണാം. ഒരു അമ്മയില്ലാതെ ഒരു ജനത എങ്ങനെ നിലനിൽക്കും. എനിക്കു സംശയങ്ങൾ ഉണർന്നു.
വളരെ വിചിത്രങ്ങൾ നിറഞ്ഞ ദിവസങ്ങൾ ആയിരിക്കും വരാൻ പോകുന്നത് എന്ന് മനസ്സിൽ തോന്നി. രണ്ടു രാത്രികളും രണ്ടു പകലുകളും അവസാനം ഞങ്ങൾ മലേടിസിയോൺ തീരം കണ്ടു.
250 ഏക്കർ കൂടുതൽ വലുപ്പം ഉള്ള ഒരു ദ്വീപ്. കടലിനോട് ചേർന്ന 4–5 മൈൽ ദൂരം നിരപ്പായ ഭൂമിയും. അതിനു അപ്പുറം കൊടുംകാടും ആയിരുന്നു. വളരെ വന്യമായ ആ കാടിനുണ്ടാ യിരുന്നു. ഞങ്ങൾ ആ നിരപ്പായ പ്രദേശത്തു ടെന്റ് കെട്ടി.
ഡോക്ടർ ഞങ്ങളോട് പറഞ്ഞു ഈ ദ്വീപിൽ ഒരു ley line pass ചെയ്തു പോകുന്നു. അതുകൊണ്ടു തന്നെ എല്ലാവരും ഒന്ന് സ്വയം സൂക്ഷിക്കണം. ഈ ley line എന്നാൽ Earth energy geometry pattern ആണ് അതിൽ കൂടെ പല രീതികളും ശക്തികളും സഞ്ചരിക്കും. അത് എന്തെങ്കിലും സമയത്തു നമ്മളിൽ intersect ചെയ്തുപോയാൽ പിന്നീട് എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല. ആൽഫ്രഡ് വാറ്കിൻസ് എഴുതിയ ഒരു ആർട്ടിക്കിൾ ഉണ്ട് the old straight track ൽ പറയുന്നുണ്ട് വിശദമായി. ഇങ്ങനെ കുറച്ചു കാര്യങ്ങൾ മാത്രമേ എനിക്കും അതിനെക്കുറിച്ച് അറിയുകയുള്ളൂ.
പെട്ടെന്ന് എന്റെ മുന്നിൽ കൂടെ ഒരു കല്ല് പാഞ്ഞു പോയി. ഞാൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി ആ ദിശയിൽ ആരേയും കണ്ടില്ല. മൊത്തം പാറക്കെട്ടുകൾ. ഒരുപാടു കാക്കകൾ അവിടെ ശബ്ദം ഉണ്ടാക്കി പറക്കുന്നുണ്ടായിരുന്നു. സീറ്റബെൽ നഗരത്തിൽ എന്റെ പുറകെ നടന്ന ആ കാക്കയെ ഞാൻ ഓർത്തുപോയി...
കുറച്ചു നേരം കഴിഞ്ഞപ്പോൾ കാട്ടിൽ നിന്നും ഒരു ഉർകി എന്റെ അടുത്തേക്ക് ഓടി വന്നു. ഞാൻ ശരിക്കും ഭയന്നു പോയി എന്നു പറയാം. അയാൾ ഉർകിനി ഭാഷയിൽ എന്നോട് എന്തൊക്കെയോ പറഞ്ഞു. അയാളുടെ മുഖത്തു ഭയം ആയിരുന്നു ഞാൻ കണ്ടത്. അയാൾ എന്നെ തള്ളിമാറ്റി വീണ്ടും കാട്ടിലേക്കു ഓടിക്കയറി.
ഈ കാര്യം ഞാൻ ഡോക്ടറിനോട് പറഞ്ഞില്ല. വളരെ പ്രാകൃതമായ മനുഷ്യൻ. താടിയും മുടിയും വളർന്നിരുന്നു. ശരീരം മുഴുവൻ കറുത്ത എന്തോ തേച്ചിരിക്കുന്നു. ആ രൂപം ടെന്റിൽ കിടക്കുമ്പോഴും എന്നെ ഭയപ്പെടുത്തി. എന്റെ ഉറക്കത്തെ കാർന്നെടുത്തു. അയാൾ എന്തായിരിക്കും എന്നോട് പറയാൻ ശ്രമിച്ചത്? ഞാൻ അതൊക്കെ ആലോചിച്ചു കണ്ണ് തുറന്നു കിടന്നു.
ഞാൻ പതിയെ ടെന്റിന്റെ പുറത്തു വന്നു. ബാക്കി എല്ലാവരും നല്ല ഉറക്കം. ആകാശത്ത് ഒരു വാൽനക്ഷത്രം പോകുന്നതു കണ്ടു. ആ പോയ ദിക്കിൽ നിന്നും ആ വന്യതയിൽ ഒരു നീല വെളിച്ചം ഞാൻ കണ്ടു. അത് എന്നെ വല്ലാത്ത എന്തോ അവസ്ഥയിൽ എത്തിച്ചു. എന്നോട് വരൂ....വരൂ.... എന്നു പറയുന്നതു പോലെ തോന്നി. ഞാൻ ആ നീലവെളിച്ചത്തിന്റെ അടുത്തേക്ക് നീങ്ങി. അപ്പോഴാണ് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന santa rosa asylum ഞാൻ കണ്ടത്. അതിൽ ഒരു ഭാഗത്തു മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തോട് സാമ്യം തോന്നിക്കുന്ന ഒരു അക്ഷരം എഴുതിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഉർകിയുടെ ഭാഷ ആണോ എന്ന് ഞാൻ വിചാരിച്ചു. ആ സമയം എന്റെ പുറത്ത് ഒരു ഉരുളൻ കല്ല് എവിടെ നിന്നോ വന്നു പതിച്ചു. ആ കല്ലിലും ‘മ’ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. താഴെ നോക്കിയപ്പോൾ അതു പോലെ അക്ഷരങ്ങൾ ഉള്ള നൂറോളം ഉരുളൻ കല്ലുകൾ കിടക്കുന്നു.
അപ്പോഴേക്കും ആ നീല വെളിച്ചം എന്റെ അടുത്ത് എത്തിയിരുന്നു. എന്റെ കണ്ണിൽ വെളിച്ചം കുത്തിക്കയറി. ഇരുട്ട്. ഞാൻ നിലത്തു വീണു.
ഞാൻ കണ്ണു തുറക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ചെറിയ വെളിച്ചം മാത്രമുള്ള ഒരു ഇടുങ്ങിയ മുറി. എന്റെ ശരീരം മുഴുവൻ എന്തോ പശപോലത്തെ ഒന്ന്. പെട്ടെന്ന് എന്റെ ശരീരത്തിൽ സൂര്യപ്രകാശം എത്തി. കുറെ കൈ എന്നെ വലിച്ചു പുറത്തെടുത്തു. ഞാൻ ഒരു വലിയ മുട്ടയുടെ അകത്തായിരുന്നു ഇത്ര നേരവും കിടന്നത് എന്ന് ബോധ്യമായി. കൊടുംകാടിന് നടുവിൽ ഉള്ള ഒരു ഗുഹയിൽ ആണ് ഞാൻ ഇപ്പോൾ. ചുറ്റും ഉർകി മനുഷ്യർ. ഞാൻ പൂർണ നഗ്നൻ ആയിരുന്നു എന്നു തോന്നി. അവർ എനിക്കു ചോരനിറമുള്ള എന്തോ ദ്രവം കുടിക്കാൻ തന്നു. ഞാൻ മുഴുവനും കുടിച്ചു തീർത്തു. അവർ ഭക്ഷണവും തന്നു.
പിന്നീട്. അവർ എന്നെ പല നിറത്തിൽ ഉള്ള ചായം തേച്ചു. എന്റെ ചുറ്റും ഇരുന്നു. അവർ ഏകദേശം 25 ഓളം കാണുമായിരിക്കും. എന്നിട്ടു പല രീതിയിൽ ഉള്ള പ്രാർഥന ചൊല്ലി തുടങ്ങി. ഓരോ പ്രാർത്ഥന അവസാനിക്കുമ്പോഴും ആകാശത്തു നോക്കി കാക്ക കരയുന്നതുപോലെ അവർ ശബ്ദം ഉണ്ടാക്കി. ആ സമയം ആകാശത്തു കുറെ കാക്കകൾ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.
ക്ഷീണം മാറിയപ്പോൾ. ഞാൻ അവിടെ നിന്നും കടൽക്കരയിലേക്ക് ഓടി. അവർ ആരും എന്നെ തടഞ്ഞില്ല. ഡോ. വിൻസെന്റിനെ കാണാൻ ഉള്ള ഓട്ടമായിരുന്നു അത്. പക്ഷേ
അവിടെ ആരുമുണ്ടായിരുന്നില്ല. ഒരു മനുഷ്യജീവിപോലും ! എല്ലാവരും പോയിരിക്കുന്നു.
പിന്നീട് ഞാൻ ഓർത്തു. ഉർകികൾ എന്നെ പിടിച്ചിട്ട് ഇപ്പോ കുറച്ചു ദിവസങ്ങൾ ആയിട്ടുണ്ടായിരിക്കും. എന്നെ അന്വേഷിച്ചു കാണാതെ നിരാശയോടെ ഡോക്ടറും സംഘവും തിരിച്ചു പോയിട്ടുണ്ടായിരിക്കും. പൊലീസ് സഹായത്തോടെ ഡോക്ടർ തീർച്ചയായും തിരിച്ചു വരും. ഡോക്ടർക്ക് എന്നെ ഇവിടെ ഉപേക്ഷിച്ചു പോകാൻ പറ്റില്ല. ഇപ്പോ ഉർകികൾക്കൊപ്പം ജീവിക്കുന്നതാണ് നല്ലത്.
പക്ഷേ ആരും തിരിച്ചു വന്നില്ല. മാസങ്ങൾ പോയി. ചിലപ്പോൾ വർഷങ്ങളും.
എന്നാൽ കുറച്ചു നാളുകൾക്കു ശേഷം അവിടെ ഒരു വലിയ പട്ടാളക്കപ്പൽ നങ്കൂരമിട്ടു. ഒരുപാടു മിലിറ്ററി ഓഫീസർമാര് ആ ദ്വീപിലേക്കു ഇടിച്ചു കയറി. ഞാൻ അടക്കം 7–8 പേര് വളരെ സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ഓടി. എന്നാൽ അവർ അവരുടെ തോക്കു കൊണ്ട് ഞങ്ങളെ തല്ലിതെറിപ്പിച്ചു. ബൂട്ടുകൊണ്ടു ചവിട്ടി. അവരുടെ ഉദ്ദേശം ഞങ്ങളെ രക്ഷിക്കുക എന്നായിരുന്നില്ല. മറ്റൊന്നായിരുന്നു.
അവരുടെ അടയാളങ്ങൾ കണ്ടിട്ടു എനിക്കു നാസി പട്ടാളത്തിന്റെ പോലെ തോന്നി. അവർ കൂടുതലും ജർമൻ ഭാഷയായിരുന്നു സംസാരിച്ചതും. പക്ഷേ, ഈ കാലത്തു എവിടെയാണ് നാസി പട്ടാളം? എന്നെ ഞെട്ടിച്ചു കൊണ്ട് അവർ അവിടെ ഒരു വലിയ ബോർഡ് വച്ചു.
santa mariya asylum പണിയാൻ പോകുന്ന മുന്നറിയിപ്പ് ബോർഡ്. കാലഘട്ടം 1936. എനിക്കു കുറെ നേരം ഒന്നും മനസ്സിലാകാതെ പകച്ചു നിൽക്കാനെ സാധിച്ചുള്ളൂ.
ഞാൻ ജീവിക്കുന്നത് 1936 ൽ ആണെന്ന ബോധം എന്നെ തളർത്തി. എന്നാലും ഞാനും എന്റെ കൂട്ടുകാരും അവർക്കു ചെറിയ ചെറിയ സഹായം ചെയ്തു കൊടുത്തു. അവർ ഞങ്ങൾക്ക് എല്ലാം നല്ല ഭക്ഷണവും തന്നിരുന്നു. മോറിസ് അന്റോണോ എന്ന അവരുടെ മേജർ ഞങ്ങളുടെ ഫോട്ടോ എടുക്കാൻ നിൽക്കുന്നത് കണ്ടു. ഞാൻ ആദ്യമായിട്ടാണ് അങ്ങനെ ഒരു ക്യാമറ കാണുന്നത്. ഞാൻ നന്നായി ഒന്ന് ചിരിച്ചു കൊടുത്തു.
മാസങ്ങൾക്കു ശേഷം അവിടെ 12 രോഗികളെ കൊണ്ട് വന്നു. അതോടെ അവർ ഞങ്ങൾക്ക് ഭക്ഷണം തരുന്നത് നിർത്തി. ഞങ്ങൾക്കു അവരോട് ദേഷ്യം തോന്നി തുടങ്ങിയിരുന്നു. എന്നാലും ആ 12 രോഗികളെ ഞാൻ നേരത്തെ കണ്ടിട്ടുള്ളതു പോലെ തോന്നി. അവർ എന്റെ കൂട്ടത്തില്‍ ഉള്ളവരെ പോലെ.
എന്നാൽ ഓരോ ദിവസവും അവരുടെ രോഗികളെ കാണാതായി തുടങ്ങി. എന്നെ ആദ്യം കൊണ്ടു വന്നതു പോലെ അവരെ എല്ലാം വലിയ മുട്ടയിൽ നിന്നും ഞങ്ങൾ എടുത്തു. എന്നിട്ടു കാക്കയും പ്രാർത്ഥിച്ചു. എന്നാൽ ആ സമയം എന്റെ കൂടെ നടന്ന ഇവരുടെ മുഖഛായ ഉള്ളവർ അപ്രതീക്ഷിതമായി കൊണ്ടേ ഇരുന്നു. അതുകൊണ്ടു ഞങ്ങളുടെ എണ്ണം തുല്യമായി നിന്നു.
വൈകാതെ തന്നെ നാസി പട ഞങ്ങളുടെ ദ്വീപ് ഉപേക്ഷിച്ചു പോയി. ഞങ്ങൾ വീണ്ടും സന്തോഷത്തിലായി. പിന്നെയും വർഷങ്ങൾ കടന്നു പോയി. ഞാൻ പൂർണമായി എന്റെ ഭാഷ മറന്നു എന്നു പറയാം. ഉർകി മാത്രം ആണ് ഇപ്പോ അറിയുന്നത്.
സത്യത്തിൽ എന്റെ പേര് എന്തായിരുന്നു? ഞാൻ മറന്നു. ഇവിടെ ഞങ്ങൾക്കു പ്രത്യേകിച്ചു പേര് ഒന്നുമില്ല. എനിക്കു ചെറിയ ഒരു ഓർമയുണ്ട്. എന്റെ ആദ്യാക്ഷരം ‘മ’ എന്നാണ്. അത് മറന്നു പോകാതെയിരിക്കാൻ ഞാൻ ആശുപത്രിയിലെ ഒരു ചുമരിൽ വലുതായി എഴുതി വച്ചു. അതാണ് എന്റെ പേരിന്റെ ആദ്യാക്ഷരം ‘മ’.
പിന്നെയും വർഷങ്ങൾ പോയി. ഒരു നാൾ ഒരു പുതിയ ഒരു കപ്പൽ ഞങ്ങളുടെ തീരത്തു വീണ്ടും നങ്കൂരമിട്ടു. ഞാൻ പാറക്കെട്ടുകളിൽ ഒളിഞ്ഞിരുന്ന് അവരെ നോക്കി.
പണ്ട് എവിടെയോ കണ്ടു മറന്ന മുഖങ്ങൾ. അത്.... അത് ഡോക്ടർ ആണ്. ഡോക്ടർ വിൻസെന്റ്. ഞാൻ സന്തോഷത്തോടെ എഴുന്നേറ്റു. അവരുടെ അടുത്തേക്ക് ഓടാൻ. അവർ തിരിച്ചു വന്നിരിക്കുന്നു. പക്ഷേ പെട്ടെന്ന് ഞാൻ നിന്നു പോയി. ഡോക്ടറിന്റെ ഒപ്പം അതാ പഴയ ഞാനും!
എന്റെ പഴയ മുഖം! എന്റെ പഴയ ചിരി! എന്റെ കണ്ണു നിറഞ്ഞു എന്ന് പറയാം. അയാളെ ഒന്നു ൃകൂടെ കാണാൻ ഞാൻ ഒരു കല്ല് എടുത്ത് എറിഞ്ഞു. അവൻ എന്നെ തിരിഞ്ഞു നോക്കി. ഞാൻ ആ പാറക്കെട്ടിൽ ഒളിച്ചിരുന്നു പഴയ എന്നെ ഞാൻ നോക്കി.
അവൻ അപകടത്തിൽ പെടും. അവനെ രക്ഷിക്കണം എന്നൊക്കെ എനിക്കു തോന്നി. ആരും ഇല്ലാത്ത സമയത്തു ഞാൻ അവന്റെ അടുത്ത് ഓടി ചെന്നു. തിരിച്ചു പോ... ഇവിടെ അപകടം ആണ് എന്നൊക്കെ പറഞ്ഞു നോക്കി. അവന് ഒന്നും മനസ്സിലായില്ല. ഞാന്‍ അവനെ തട്ടി മാറ്റി വീണ്ടും കാട് കയറി.
രാത്രി ആയപ്പോൾ എന്റെ ശരീരത്തിൽ എന്തോ വല്ലാത്ത തണുപ്പു തോന്നി തുടങ്ങിയിരുന്നു. ഞാൻ ആകാശത്ത് നോക്കി അവിടെ ഒരു വാൽ നക്ഷത്രം പോയതു കണ്ടു. അതു വന്ന വഴിയിൽ നോക്കിയപ്പോൾ ഒരു നീലവെളിച്ചം ദൂരെ നിൽക്കുന്നു. ഞാൻ പതിയെ അങ്ങോട്ടു നടന്നു. ആ വെളിച്ചം ഞാൻ ‘മ’ എന്ന് എഴുതിയത് നോക്കി നിക്കുന്നുണ്ടായിരുന്നു. ഞാൻ ആ വെളിച്ചത്തിലേക്കു കയറി. അവിടെ ഞാൻ എന്നെ തന്നെ കണ്ടു.
അവൻ നിലത്തു വീണിരുന്നു. അപ്പോഴേക്കും എന്റെ കൂട്ടുകാർ അങ്ങോട്ടു വന്നു. അവനെ താങ്ങി പിടിച്ചു കാട്ടിലേക്കു കയറി. ഞങ്ങളുടെ ഗുഹയിൽ കൊണ്ട് പോയി അവനെ വെച്ചു. അവന്റെ ശരീരത്തിൽ ചില പച്ചിലകൾ േതച്ചു. ആ സമയം ഞാൻ കണ്ണു തുറന്നപ്പോൾ ആ ദ്വീപിലെ ഏറ്റവും വലിയ കുന്നിന്റെ മുകളിൽ ആയിരുന്നു. എന്റെ രോമങ്ങൾ എല്ലാം പൊഴിയുന്നു. അവിടെ ചെറിയ ചെറിയ തൂവലുകൾ എല്ലാം പൊങ്ങി വരുന്നു.
ഞാൻ പതിയെ പതിയെ ഒരു കാക്കയായി മാറി. ആകാശത്തേക്കു പറന്നുയരുന്നു.
ഞാൻ സന്തോഷത്തോടെ പറന്നു പറന്നു നീങ്ങി. കടലിന്റെ മുകളിലൂടെ പറന്നപ്പോൾ പിറ്റേന്ന് രാവിലെ ഞാൻ ഒരു കപ്പൽ കണ്ടു. ഞാൻ താഴ്ന്നു പറന്നു അതിൽ ഇറങ്ങി. ജനലിൽ കൂടെ നോക്കി. അതിൽ ഞാനും ഡോ. വിൻസെന്റും ആയി സംസാരിച്ച് ഇരിക്കുന്നു. അവർ ദ്വീപിലേക്കുള്ള യാത്രയിൽ ആണ്.
ഞാൻ ജനലിൽ തട്ടി നോക്കി. പക്ഷേ വലിയ കാര്യം ഒന്നും ഉണ്ടായില്ല. ഞാൻ വീണ്ടും പറന്നു.
സീറ്റുബെൽ നഗരം. അവിടെ കടൽ നോക്കി നിൽക്കുന്ന എന്നെ ഞാൻ കണ്ടു. ഞാൻ ഒരു പ്രതിമയുടെ മുകളിൽ പോയിരുന്നു. ഞാൻ കുറെ നേരം കരഞ്ഞു നോക്കി. അവൻ എന്നെ നോക്കിയിട്ടു വീണ്ടും ഒരു ചിരിയോടെ നടന്നു നീങ്ങി. ഞാൻ പിന്നെയും പറന്നു.
അവൻ ഒരു ദിവസം കാർ എടുത്തു വേഗത്തിൽ പോകുന്നത് ഞാൻ കണ്ടു. ഞാൻ പലരീതിയിലും അവന്റെ വേഗത കുറയ്ക്കാൻ നോക്കി. ഒരു ഗ്രാമപ്രദേശത്തു എത്തിയപ്പോ കാർ ഒന്ന് തെന്നി മറ്റൊരു കാറിന്റെ പുറകില്‍ പോയി ഇടിച്ചു.
ആ സമയം താഴ്ന്നു പറന്ന കാക്കയുടെ ശരീരവും അതിന്റെ ഇടയിൽ പെട്ടിരുന്നു. ആ ആക്സിഡന്റിലാണ് അവനും ഡോ. വിൻസെന്റും പരിചയപ്പെടുന്നത്.
കാക്കയുടെ ശരീരം അപ്പുറത്തുള്ള ബാർലി പാടത്തേക്കു മാറ്റി ഇട്ടു അവൻ. കാക്കയുടെ ശരീരം പുഴുക്കൾ വന്നു തിന്നു. അതിൽ ഒരു പുഴു. പൂമ്പാറ്റയായി വളർന്നു. പറന്നു പറന്നു പോയി. ആ പൂമ്പാറ്റ മുട്ടകൾ ഇട്ടു. അതിൽ വീണ്ടും പുഴു കുഞ്ഞുങ്ങൾ ഉണ്ടായി. അതിൽ ഒരെണ്ണം നീങ്ങി നീങ്ങി പോയത് ഒരു മനുഷ്യന്റെ കയ്യിൽ കൂടെ ആയിരുന്നു. അയാൾ വണ്ടി ഓടിക്കുകയായിരുന്നു. കയ്യ് ഒന്ന് തെറ്റി മുന്നിൽ പോകുന്ന കാറിൽ വണ്ടി പോയി ഇടിച്ചു. എന്നാൽ അവിടുന്നു രക്ഷപ്പെട്ട ആ പുഴുവിന് തിന്നാൽ അവിടെ ഒരു കാക്കയുടെ ശരീരം കൂടെ ഉണ്ടായിരുന്നു. നൂറായിരം കാക്ക അസ്ഥികൾക്കിടയിൽ ഒരെണ്ണം കൂടി.