ഒരു പള്ളിയുടെ പണിക്കു വേണ്ടി വാങ്ങിച്ച സ്ഥലത്തിരിക്കുന്ന പഴയ വീട് ഇടിച്ചു പൊളിക്കുന്നതിനു മേൽനോട്ടം വഹിക്കാനാണ് വികാരി അച്ചൻ എന്നെ അങ്ങോട്ടേക്ക് പറഞ്ഞു വിട്ടത്... സത്യത്തിൽ ഞാൻ ആ വെയിലത്ത് അവിടെ പോയി നിൽക്കേണ്ട ഒരു ആവശ്യവും ഇല്ലെന്നാണ് ഞാൻ അതു കണ്ടു കിട്ടുന്നതു വരെ വിചാരിച്ചിരുന്നത്.... പിന്നീട് മനസിലായി വന്നില്ലായിരുന്നെങ്കിൽ ആ സുന്ദരമായ കാഴ്ച എനിക്കു നഷ്ടമായേനെ എന്ന്....
സമയം ഉച്ചയ്ക്ക് 12 മണി ആകാശത്തെ സൂര്യൻ എന്നോട് എന്തോ വിരോധം ഉള്ള പോലെ എന്നെ ഇട്ടു പൊള്ളിക്കുവാ... അപ്പോൾ വികാരിയച്ചനെ മനസിൽ വിളിച്ച തെറി പുറത്തു പറയാൻ കൊള്ളില്ല..
"അച്ചോ, നിന്ന് വിയർക്കേണ്ട ആ ഓഫീസിൽ കയറി ഇരുന്നോ അവിടെ ഫാൻ ഇട്ടുതരാം"
"ഹേ വേണ്ട, ഉച്ച ഊണിനു വർക്ക് നിർത്താൻ കുറച്ചു സമയം കൂടിയല്ലേയുള്ളൂ അതു കഴിഞ്ഞു നമുക്ക് ഒരുമിച്ചിരിക്കാം "
പള്ളി പണി ഏൽപിച്ച എഞ്ചിനീയർ തോമസു ചേട്ടനോട് വർത്തമാനം പറഞ്ഞു നിൽക്കുമ്പോഴാണ് ഒരു പണിക്കരൻ ഓടി വന്ന് അതു പറയുന്നത് ഞങ്ങൾ എല്ലാരും അയാൾ പറഞ്ഞ ഇടത്തേക്ക് ഓടി. ആ കുഴി ചൂണ്ടി കാട്ടി അയാൾ പറഞ്ഞു: "ഇതു കണ്ടോ ഇവിടെ കുഴിച്ചപ്പോൾ കിട്ടിയതാ"
ഞങ്ങൾ എത്തിനോക്കിയപ്പോൾ അതാ പരസ്പരം ചുംബിച്ചു കൊണ്ട് കിടക്കുന്ന രണ്ട് അസ്ഥികൂടങ്ങൾ
"സംഗതി പുലിവാലായല്ലോ അച്ചാ ഇതിപ്പോൾ എന്താ ചെയ്യാ ?"എഞ്ചിനീയർ തോമസ് ചേട്ടൻ എന്നോട് ചോദിച്ചു....
"നമുക്ക് പൊലീസിൽ വിവരം അറിയിച്ചാലോ?"
'അച്ചൻ എന്ത് ഭ്രാന്താ ഈ പറയണേ പൊലീസും കേസും പൊല്ലാപ്പുമായാൽ പിന്നെ പണി നിർത്തേണ്ടി വരും"
"അതും ശരിയാ, പക്ഷേ ചേട്ടാ നമ്മൾ ഇപ്പോൾ എന്താ ചെയ്യാ "
"തല്‍ക്കാലം ഇതു നമുക്ക് ഇവിടെനിന്നു മാറ്റി വേറെ എവിടെങ്കിലും കുഴിച്ചിടാം "
"തോമസ് ചേട്ടൻ എന്താണെന്നു വച്ചാൽ അതിന്റെ യുക്തം പോലെ ചെയ്തോളു" അങ്ങനെ പറഞ്ഞു ഞാൻ പള്ളി ഓഫീസിലേക്ക് പോയി
അപ്പോഴാണ് നാട്ടിന്ന് ചാച്ചന്റെ ഫോൺ വരുന്നത് അമ്മക്ക് തീരെ സുഖമില്ല എന്ന്, എന്നെ പെട്ടന്നു കാണണമെന്നു പറഞ്ഞത്ര ..
കേട്ട പാതി കേൾക്കാത്ത പാതി തോമസു ചേട്ടനോട് പറഞ്ഞു ഞാൻ ഇറങ്ങി... വികാരിയച്ചനോട് വിളിച്ചും പറഞ്ഞു. പെട്ടെന്നു നാട്ടിലേക്കുള്ള പോക്കായതു കൊണ്ട് ബസ് ബുക്ക് ചെയ്യാൻ പറ്റിയില്ല. അതുകൊണ്ടു ട്രെയിന് പോകാതെ നിർവാഹമില്ലാതെയായി. പണ്ട് ബ്രദർ ആയിരുന്ന കാലത്താണ് ട്രെയിനിൽ ആദ്യമായി യാത്ര ചെയ്യുന്നത് പിന്നീട് അച്ചനായിട്ട് ഇതു വരെ ട്രെയിനിൽ കയറിയിട്ടില്ല. അതും പോരാഞ്ഞിട്ട് ജനറൽ കംപാർട്ടമെന്റ് കൂടിയാകുമ്പോൾ ഒന്നും പറയണ്ടല്ലോ.. ഇനിയും 10 മണിക്കൂറുകൾ കൂടി എങ്ങനെ ഇവിടെ കഴിച്ചു കൂട്ടുമെന്നോർത്തിരിക്കുമ്പോഴാണ് തോമസുചേട്ടന്റെ ഫോൺ വരുന്നത് :"ആ ചേട്ടാ പറയു, ഞാൻ ഇപ്പോൾ നാട്ടിലേക്കുള്ള യാത്രയിൽ ആണ്, ആട്ടെ രാവിലത്തെ നമ്മുടെ അസ്ഥികൂട കേസ് എന്തായി "
"ആ അച്ചോ അത് പറയാൻ തന്നെയാ വിളിച്ചത്, പണിക്കാരെ കൊണ്ട് അത് പുറത്ത് എടുപ്പിച്ചു, എന്നിട്ടുണ്ടല്ലോ രണ്ടു പേരെയും ഒന്നു വേർപെടുത്താൻ ശ്രമിച്ചിട്ട് പറ്റണ്ടേ.... മരിച്ചിട്ടും പ്രണയം തീരാത്ത കമിതാക്കൾ ആണെന്ന് തോന്നുന്നു "
"എന്നിട്ടു രണ്ടു പേരേയും എന്തു ചെയ്തു" ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
"ആ രണ്ടിനേയും കൂടി അപ്പുറത്തെ പറമ്പിൽ കൊണ്ട് കുഴിച്ചിട്ടു"
"അപ്പുറത്തെ ഏതു പറമ്പിൽ ?"
"ഹലോ... ചേട്ടാ കേൾക്കുന്നുണ്ടോ അപ്പുറത്തെ ഏതു പറമ്പിൽ "
"ഹലോ ... ഹലോ ... ഹോ നാശം പിടിക്കാൻ റേഞ്ചും പോയി "
മൊബൈലിനെ കുറ്റം പറഞ്ഞു ഞാൻ ഇരിക്കുമ്പോഴാണ് ട്രെയിൻ ഏതോ ഒരു സ്റ്റേഷനിൽ നിർത്തുന്നത്... അൽപം കാറ്റുകൊള്ളാൻ പുറത്തേക്ക് ഇറങ്ങി. പുറത്തു ഇറങ്ങി നിൽക്കുമ്പോഴും മനസിൽ ആ രണ്ടു അസ്ഥികൂടങ്ങൾ വന്നു കൊണ്ടിരുന്നു. പിന്നെ തോമസുചേട്ടൻ പറഞ്ഞ വാക്കുകൾ "മരണത്തിനു പോലും വേർപിരിക്കാൻ ആവാത്ത രണ്ടു കമിതാക്കൾ "
പ്രണയത്തെക്കുറിച്ച് പണ്ട് പഠിച്ചിരുന്ന കാലത്ത് ഒരുപാട് എഴുതിയിരുന്നു പിന്നെ അച്ചൻ ആയിക്കഴിഞ്ഞിട്ട് ഇതിനൊക്കെ എവിടാ സമയം...
ജീവിത അവസാനം വരെ കൂടെ നിൽക്കണം എന്നാഗ്രഹിക്കുന്ന സന്തോഷങ്ങൾ. അത് പ്രണയമാണ്, പക്ഷേ ജീവിതം അതിനെ ചിലപ്പോൾ ഒരിക്കലും തിരിച്ചു വരാൻ കഴിയാത്തവിധം അകറ്റും. പക്ഷേ, അവിടേയും ചില മനുഷ്യർ രാവിലെ കണ്ട അസ്ഥി കൂടങ്ങളെപോലെ ദൈവത്തെയും വിധിയെയും തോൽപിക്കും ... തിരിച്ചു ട്രെയിനിൽ കയറുമ്പോൾ അടുത്തിരുന്ന യാത്രക്കാരിൽ ചിലർ ഇറങ്ങിയിരുന്നു പകരം രണ്ടു യാത്രക്കാർ ഭാര്യയും ഭർത്താവുമാണെന്നു തോന്നുന്നു... പരസ്പരം നല്ല സ്‌നേഹത്തിലാണെന്ന് കണ്ടാലേ അറിയാം. ഞാൻ പുഞ്ചിരിക്കുന്നതു കണ്ടു ആ പുരുഷൻ എന്നോട് ചോദിച്ചു :"നിങ്ങൾ മലയാളിയാ"
"അതെ" നീണ്ട യാത്രക്കിടയിൽ സംസാരിച്ചിരിക്കാൻ രണ്ടു മലയാളികളെ കിട്ടിയ സന്തോഷം എന്നിൽ നിറഞ്ഞു
"ആട്ടെ എവിടെ പോയിട്ട് വരുന്നു?"അയാൾ ചോദിച്ചു,
"ഞാൻ അച്ചനാണ്, ബാംഗ്ലൂർ സെന്റ് തോമസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയാണ്"
"ഹോ അച്ചനാണല്ലേ കണ്ടപ്പോൾ എനിക്ക് തോന്നി, ഈശോ മിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ "അയാളുടെ ഭാര്യ ഞാൻ അച്ചനാണെന്നു മനസിലാക്കിയപ്പോൾ ഇങ്ങനെ സംസാരിച്ചു തുടങ്ങി
"എപ്പോഴും ഇപ്പോഴും സ്തുതിയായിരിക്കട്ടെ, ആട്ടെ രണ്ടുപേരും കൂടി എങ്ങോട്ടായിരുന്നു യാത്ര "
"ഏട്ടന് ബാംഗ്ലൂർ ആണ് ജോബ് ഞങ്ങൾ ഇപ്പോൾ നാട്ടിൽ എന്റെ അമ്മയെ കാണാൻ പോകുവാ " ഭാര്യ തന്നെയാണ് ഇതും പറഞ്ഞത്
"ഞാനും എന്റെ അമ്മയെ കാണാൻ ഇറങ്ങിയതാ"
"അതെയോ നാട് ഇവിടെയാണ് "
"നാട് ആലപ്പുഴ, എടത്വ "
"അപ്പോൾ നമ്മള് നാട്ടുകാരാണ്, ഞാൻ തകഴിക്കാരനാണ്" ഭർത്താവ് സന്തോഷത്തോടെ പറഞ്ഞു ...
അങ്ങനെ നാട്ടിലേയും മറ്റും വിശേഷങ്ങൾ പറഞ്ഞു ഞങ്ങൾ ഇരുന്നു. സമയം രാത്രി ആയി സംസാരം മതിയാക്കി ഭർത്താവ് ഉറങ്ങാൻ കിടന്നു.
എനിക്കാണെങ്കിൽ ട്രെയിന്റെ ഒച്ച കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല തിരിഞ്ഞും മറിഞ്ഞും അങ്ങനെ കിടന്നു ഇനിയും ഉണ്ട് അഞ്ച് മണിക്കൂറുകൾ കൂടി ഞാൻ എഴുന്നേറ്റു എന്റെ സീറ്റിൽ ഇരുന്നു... എന്നെപോലെ തന്നെ അയാളുടെ ഭാര്യയും ഉറങ്ങിയിട്ടില്ല.
"എന്തേ, അച്ചാ ഉറക്കം വരുന്നില്ലേ ?"
അയാളുടെ ഭാര്യ ചോദിച്ചപ്പോൾ ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി നൽകി "ട്രെയിനിൽ യാത്ര ചെയ്തു ശീലം ഇല്ല. അതാ "
"ഹോ! എനിക്ക് തോന്നി, അയ്യോ അപ്പോൾ ഇനി നാട് എത്തുന്നതു വരെ ഉറക്കം നിൽക്കണ്ടേ "
"ഹേ! അതുസാരമില്ല "
"എന്ന ഞാൻ ഒരു കഥ പറയാം, എന്തേ ?"
"ഹോ! കഥാകാരിയാണോ?, പറഞ്ഞോളൂ"
"അയ്യോ... കഥാകാരിയൊന്നുമല്ല എന്നാലും കഥകൾ പറയും "
"ഹ! എന്ന സമയം കളയാതെ പറഞ്ഞോളൂ "
"കഥ പറയുന്നതിനു മുൻപ് ഒന്നു ചോദിക്കട്ടെ അച്ചൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?"
"ബെസ്റ്റ് ഒരു അച്ചനോട് ചോദിക്കാൻ പറ്റിയ ചോദ്യം "
ഞങ്ങൾ രണ്ടു പേരും ചിരിച്ചു: "അച്ചൻ പറ "
"ഞാനും ഒരു സാധാരണ മനുഷ്യനാണ് ഏല്ലാ മനുഷ്യരെയും പോലെ ഞാനും പ്രണയിച്ചിട്ടുണ്ട്, ഇപ്പോഴും പ്രണയിക്കുന്നു "
"ഇപ്പോൾ പ്രണയിക്കുന്നത് ദൈവത്തെ ആയിരിക്കുമല്ലേ? എന്ന് അവൾ ചോദിക്കുമ്പോൾ അതിലെ പരിഹാസം എനിക്കു മനസിലായി, എന്നാലും ചിരിച്ചു... അവൾ കഥ പറഞ്ഞു തുടങ്ങി " ഒരിടത്ത് ഒരു പെണ്ണുണ്ടായിരുന്നു ഒരു മൊഞ്ചത്തി പെണ്ണ്. മിഴികളിൽ പ്രണയം നിറച്ച പെൺകുട്ടി.. മൗനങ്ങളിൽ സ്നേഹം ചാലിച്ച പെൺകിടാവ്... അവളുടെ ഓരോ ചുവടുവെപ്പിന്റെയും തലങ്ങളിൽ പ്രണയം ഉണ്ടായിരുന്നു... എത്ര എത്ര കുഞ്ഞു പ്രണയങ്ങൾ അനുനിമിഷം അവളെ തേടി വന്നു... അതിലൊന്നും അവൾ സന്തോഷചിത്തയായില്ല... പ്രായം എത്തിയപ്പോൾ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും ഒക്കെ ഒരു വിവാഹത്തെ പറ്റി അവളോട് പറഞ്ഞു അവർക്ക് അവൾ നൽകിയ മറുപടി ഇതായിരുന്നു "എന്റെ പ്രിയൻ ഒരിക്കൽ പുതുമഴയുടെ കുളിരുമായി എന്നെ തേടി വരും അന്നാണ് എനിക്കു മിന്നു കെട്ട് "
അങ്ങനെ കാലങ്ങൾ എത്ര കഴിഞ്ഞു പോയി അച്ഛനും അമ്മയും ഏട്ടനും ഒക്കെ അവളെ പിരിഞ്ഞു പോയി, അപ്പോഴും ഒരു തുണയില്ലാതെ അവൾ ആ വലിയ വീടിന്റെ ചുമരുകൾക്കിടയിൽ തന്റെ പ്രിയന്റെ വരവും കാത്തിരുന്നു.. ഈ വാർധക്യത്തിൽ ആര് വരാൻ എന്ന് പലരും ചോദിച്ചിരിക്കെ അവൻ വന്നു അഴകൊത്തൊരു രാജകുമാരൻ അന്നവൾ മരണകിടക്കയിൽ തലചായ്ച്ച് ഉറങ്ങാൻ ഒരുങ്ങുകയായിരുന്നു... അവൻ അടുത്തു വന്ന നിമിഷങ്ങളിൽ അവളുടെ വാർദ്ധക്യം എങ്ങോ മാഞ്ഞു പോയി.... അവൾ വീണ്ടും യൗവ്വനത്തിൽ എത്തി... അവൾ അവനോടു ചേർന്ന്....അവന്റെ കുഞ്ഞിന് ജന്മം നൽകി....വീണ്ടും മരണകിടക്കയിലെ മുത്തശ്ശിയായി അപ്പോഴും യൗവന യുക്തനായി അവൻ അവളുടെ മരണകിടക്കയോട് ചേർന്നിരിപ്പുണ്ടായിരുന്നു "കൃഷ്ണ നീ വരുമെന്ന് എനിക്കറിയാമായിരുന്നു " അവൾ പറഞ്ഞു. നീയല്ലേ കൃഷ്ണ അന്നെന്റെ ഹൃദയവും കട്ടെടുത്തു കടന്നു കളഞ്ഞത്... എന്നെ പ്രണയിച്ച ആദ്യ പുരുഷൻ നീയല്ലേ കണ്ണാ... എനിക്ക് ആദ്യമായി പ്രണയം തോന്നിയതും നിന്നോടുതന്നെ... നിന്റെ പുല്ലാംകുഴലിന്റെ വേണുനാദം കേട്ടുറങ്ങാൻ എന്നും എനിക്ക് കൊതിയായിരുന്നു. നിന്നെ പോലെ നീലമേനിയുള്ള നിന്റെ കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ ഞാൻ ഏറെകൊതിച്ചു... അവസാനം നീ വന്നല്ലോ കണ്ണാ... വാർദ്ധക്യം എന്റെ എല്ലാ മോഹങ്ങളെയും തട്ടിത്തെറിപ്പിച്ചു എന്നാണ് ഞാൻ കരുതിയത്... പക്ഷേ ഒരു നിമിഷം കൊണ്ട് നീ എന്റെ മോഹങ്ങൾ എല്ലാം സാധിച്ചു തന്നു... ഞാൻ നിന്റെ കാമുകി ആയി, നിന്റെ ഭാര്യയായി, നിന്റെ കുഞ്ഞുങ്ങൾക്ക് അമ്മയായി... മുത്തശ്ശിയായി.... കണ്ണാ ഒന്നു കൂടി നീ എനിക്ക് ചെയ്തു തരണം. ."ഇനി ഒരിക്കലും നീ എന്നെ വിട്ടു പോകരുത് "
"ഒരു കുന്നു വെണ്ണ തരാം... ഒരായിരം ഓടകുഴൽ സമ്മാനംനൽകാം.... കരളിലെ ചുടുചോര തരാം ... എന്നെ വിട്ടു പോകല്ലേ നീ ...
പ്രിയതമൻ വാ തുറന്നു :"ഒരു കുന്നു വെണ്ണ വേണ്ട ...ഒരായിരം ഓടക്കുഴലും വേണ്ട ...നിന്റെ മാറിലെ ചുടുചോരയും വേണ്ട ...."
"പിന്നെ നിനക്ക് എന്ത് വേണം കണ്ണാ "
"എനിക്ക് നിന്റെ ചുണ്ടിലെ മധുരം വേണം" ആർക്കും വേർപിരിക്കാൻ ആകാത്ത വിധം അവരുടെ ചുണ്ടുകൾ തമ്മിൽ ഒട്ടി... എന്തിന് മരണത്തിനു പോലും അവരുടെ ചുണ്ടുകളെ വേർപെടുത്താനായില്ല, അച്ഛൻ രാവിലെ കണ്ട ആ രണ്ട് അസ്ഥികൂടങ്ങളുടെ ചുണ്ടുകൾ വേർപിരിക്കാൻ ആവാത്തവിധം ഒട്ടി ഇരുന്നതു പോലെ തന്നെ.. അവൾ പറഞ്ഞു നിർത്തി.
"ഞാൻ അങ്ങനെ രണ്ടു അസ്ഥികൂടങ്ങളെ കണ്ടു എന്ന് നിങ്ങളോടു ആരു പറഞ്ഞു?".എന്റെ ചോദ്യം കേട്ടിട്ടും അവർ പുഞ്ചിരിച്ചു കൊണ്ടേ ഇരുന്നു അവരുടെ ശരീരത്തിൽ നിറഞ്ഞ വെളിച്ചം കണ്ടു ഭയന്നു ഞാൻ ചോദിച്ചു :"നിങ്ങൾ ആരാണ് ...?"
"ഞാൻ കൃഷ്ണന്റെ നിത്യ കാമുകി രാധയാണ്"
അപ്പോൾ ഇത് അവർ പറഞ്ഞതു വിശ്വസിച്ചു ഞാൻ പുതച്ചു മുടി കിടക്കുന്ന അവളുടെ ഭർത്താവിനെ നോക്കി.... അയാളുടെ മേനികൾ നീലനിറത്തിലായിരുന്നു.....
"അപ്പോൾ നിങ്ങൾ ....." തിരിഞ്ഞു ആ സ്ത്രീയെ നോക്കുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നില്ല... വീണ്ടും ആ മനുഷ്യൻ പുതച്ചു മുടി കിടന്ന ആ സ്ഥലത്തേക്ക് നോക്കി അവിടെ ആയാളും ഉണ്ടായിരുന്നില്ല ....
"എന്റെ ദൈവമേ ......"
ഭയന്നു ഞാൻ അവിടേക്കു ബോധം കെട്ടു വീണു... പിന്നെ നാട്ടിൽ എത്തിയിട്ടാണ് കണ്ണ് തുറന്നത്. കഴിഞ്ഞ മണിക്കൂറുകളിൽ നടന്നതൊക്കെ എന്റെ സ്വപ്നമായിരുന്നോ? അതോ സത്യമോ? അറിയില്ല. ഞാൻ വീട്ടിലേക്കു നടന്നു ... വീട്ടുമുറ്റത്തു നിറയെ ആളുകൾ. എല്ലാവരുടെയും മുഖത്തു തളം കെട്ടികിടക്കുന്ന ദുഃഖം....
ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് അനുജൻ നിറകണ്ണുകളോടെ പറഞ്ഞു: "ഏട്ടാ ... അമ്മയോടൊപ്പം അപ്പനും പോയി "
അവനെ തോളിൽ തട്ടി ആശ്വസിപ്പിച്ചു ഞാൻ മുറിയിലേക്ക് കയറി... അതാ പരസ്പരം ചുംബിച്ച് മരണകിടക്കയിലും പരസ്പരം തനിച്ചാകാത്ത എന്റെ അപ്പനും അമ്മയും ... ഞാൻ അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ആ കവിളുകളിൽ വാർധക്യത്തിന്റെ ചുളുവുകൾ ഉണ്ടായിരുന്നില്ല ... അവൾ പറഞ്ഞ കഥയിലെ പോലെ.... അവരുടെ സ്‌നേഹം കണ്ടു സന്തോഷത്തോടെ എന്റെ കണ്ണു നിറഞ്ഞു. ഇതാണ് യഥാർഥ പ്രണയം .... നമ്മൾ ഫെയ്സ്ബുക്കിലും, വാട്സാപ്പിലും ഒക്കെ വളർത്തിയെടുക്കുന്ന പ്രണയമല്ലിത്. നിത്യ പ്രണയം..
(തിരിച്ചു മടങ്ങി പോകുമ്പോൾ അച്ഛനും അമ്മയും ഒരുമിച്ചു നഷ്ടപ്പെട്ടതിന്റെ വേദന എനിക്കില്ല പിന്നെയോ ... ഇത്തരത്തിൽ ഒരു പ്രണയം എനിക്കു നഷ്ടമായല്ലോ എന്ന ചെറു നോവ് മാത്രം )