ബ്ലഡ് ടെസ്റ്റ് ചെയ്യുവാനുള്ള പേപ്പറും പോക്കറ്റിലെ പണവും ഒന്നുകൂടി നോക്കി ഉറപ്പിച്ച് ഞാൻ ലാബ് ലക്ഷ്യമാക്കി നടന്നു. മെഡിക്കൽ കോളജിന് അടുത്തുള്ള ലാബ് ആയതിനാൽ തന്നെ എല്ലാ ടെസ്റ്റുകളും ഇവിടെ നടത്താറുണ്ട്. അതാണ് എന്റെ ചെറുഗ്രാമത്തിലെ ലാബുകളെ ഒഴിവാക്കി ഞാൻ ഇവിടെ എത്തിയത്. സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ ആളുകൾ അവരവരുടെ തിരക്കിലേയ്ക്ക് ഊളിയിട്ടു തുടങ്ങി. ചെറു കിളികളുടെ കരച്ചിലും പ്രകൃതിസൗന്ദര്യവും ഒന്നും തന്നെ ആസ്വദിക്കാൻ കഴിയാതെ ഹോസ്പിറ്റലിൽ കിടക്കുന്ന രോഗിക്ക് ഭക്ഷണവുമായി, മരുന്നുമായി നടന്നു നീങ്ങുന്നവർ, ഏവരുടെയും മുഖത്ത് ഒരു വിഷാദ ഭാവം മാത്രമാണ് കാണുന്നത്. ഇപ്പോഴേ കാരുണ്യയുടെ വാതിൽക്കൽ ഒരു നീണ്ടനിര കാണുന്നുണ്ട്. മരുന്നുവാങ്ങാൻ ഉള്ളവരുടെ തിരക്കാണ്. സർക്കാർ നൽകിയ ഒരു കാരുണ്യം തന്നെയാണ് പാവപ്പെട്ട ജനങ്ങൾക്ക് കാരുണ്യ.
ഹോട്ടലുകളുടെ സമീപത്തുകൂടി നടക്കുമ്പോൾ അനുഭവിക്കുന്ന സ്വാദുള്ള ഭക്ഷണങ്ങളുടെ മണം എന്റെ വിശപ്പിന്റെ തീവ്രത കൂട്ടി.
ലാബിൽ രാവിലെ അധികം തിരക്കില്ലായിരുന്നു. റിസപ്ഷനിൽ ഇരിക്കുന്ന നേഴ്സിന് ഞാൻ എന്റെ കയ്യിലുള്ള കുറിപ്പ് നൽകി, കുറിപ്പ് വിശദമായി നോക്കിയശേഷം തന്നെ അവർ പറഞ്ഞു ടെസ്റ്റുകളുടെ റിസൾട്ട് ഇന്നു തരാൻ കഴിയില്ല. ഇവിടെ അതിനുപറ്റിയ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ഈ ടെസ്റ്റുകൾ ഞങ്ങളുടെ മെയിൻ ലാബിലാണ് നടത്തുന്നത്. താങ്കൾക്ക് ഇന്നു തന്നെ റിസൾട്ട് വേണമെങ്കിൽ ഞങ്ങളുടെ മെയിൻ ലാബിൽ നിന്നു വാങ്ങാം, അടുത്തദിവസം തന്നെ ഡോക്ടറിന് ബുക്കിങ് ഉള്ളതിനാൽ ഞാൻ മെയിൻ ലാബിൽ നിന്നു തന്നെ റിസൾട്ട് വാങ്ങാമെന്നു തീരുമാനിച്ച് ടെസ്റ്റ് ചെയ്യുവാനുള്ള സാമ്പിളും കൊടുത്ത് അവിടെനിന്നും വെളിയിലേക്കിറങ്ങി.
മെയിൻ ലാബിന്റെ തൊട്ടടുത്തു തന്നെ ഒരു വലിയ പാർക്കുണ്ട് ഞാൻ മിക്കവാറും കുടുംബവുമായി അവിടെ പോകാറുള്ളതാണ്, അതിനാൽ ടെസ്റ്റ് റിസൾട്ട് വാങ്ങുവാൻ പോയപ്പോൾ ഞാൻ എന്റെ കുടുംബത്തെയും കൂടെക്കൂട്ടി. എനിക്ക് പലവട്ടം ഇവിടെ വന്നതിന്റെ മടുപ്പ് ഉണ്ടെങ്കിലും എന്റെ മക്കൾക്ക് ആദ്യമായി അവിടെ എത്തിയ പ്രതീതി ആയിരുന്നു. കളിക്കുവാനുള്ള ഉപകരണങ്ങളിൽ ഒന്നു പോലും ഒഴിവാക്കാതെ അവർ കയറി ഇറങ്ങി കൊണ്ടേയിരുന്നു. എന്നത്തെയും പോലെ ഇന്നും തിരികെ വരാൻ തയാറാകാത്ത അവരോട് വഴക്കിട്ടു തന്നെയാണ് തിരികെ നടന്നത്. പറഞ്ഞതിലും ഏകദേശം അരമണിക്കൂർ താമസിച്ചാണ് ലാബിൽ എത്തിയതെങ്കിലും റിസൾട്ട് റെഡി ആകാത്തതിനെ തുടർന്ന് ഞങ്ങൾ ലോബിയിൽ വെയിറ്റ് ചെയ്തു.
അവൾക്ക് പ്രായം ഏകദേശം മുപ്പതു വയസ്സ് മാത്രമേ തോന്നുന്നുള്ളു. പ്രസന്നത നഷ്ടമായ എന്നാൽ ഐശ്വര്യമുള്ള മുഖമായിരുന്നു അവരുടേത്. ചുളിവുകൾവീണ അഴുക്കായ സാരിയായിരുന്നു അവൾ ഉടുത്തിരുന്നത്. ഉറക്കച്ചടവുള്ള കണ്ണുകളിൽ ദൈന്യത നിറഞ്ഞ് നിന്നിരുന്നു, അവളുടെ കയ്യിൽ പിടിച്ചു നിൽക്കുന്ന കുട്ടിക്ക് ഏകദേശം എന്റെ മകളുടെ പ്രായം തന്നെ വരും. എന്റെ മനസ്സിൽ വല്ലാത്ത ഒരു ആകാംക്ഷ നിറഞ്ഞുവന്നു. ആരുടെ ബ്ലഡ് റിസൾട്ട് വാങ്ങുവാൻ ആണ് ഇവർ ഇവിടെ എത്തിയിരിക്കുന്നത്.....
ഇരുന്നിട്ട് ഇരിപ്പുറയ്ക്കാതെ അവൾ വീണ്ടും വീണ്ടും റിസപ്ഷനിൽ ചെന്ന് തിരക്കുന്നതിനാലാവാം റിസപ്ഷനിസ്റ്റിന്റെ മുഖത്ത് ഒരു ദേഷ്യഭാവം ഉടലെടുക്കുന്നുണ്ടായിരുന്നു, ഓരോ പ്രാവശ്യവും വെയിറ്റ് ചെയ്യൂ എന്നു പറഞ്ഞ് ലോബിയിലേക്ക് അവരെ തിരികെ അയക്കുന്നുമുണ്ട്, റിസൾട്ട് ശരിയായതിനാൽ ആവാം നേഴ്സ് ഉച്ചത്തിൽ അവളുടെ പേര് വിളിച്ചപ്പോൾ റിസപ്ഷനിലേക്ക് എത്താൻ അവൾക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല. റിസപ്ഷനിലെ നേഴ്സ് എന്തൊക്കെയോ അവളോട് പറയുന്നുണ്ടായിരുന്നു അവൾ സ്തബ്ദയായി നിൽക്കുകയാണ്. എന്താണ് അവർ പറയുന്നത് എന്ന ആകാംക്ഷയിൽ ഞാനെന്റെ സീറ്റിൽ നിന്നും എഴുന്നേറ്റ് അവിടേക്ക് നടന്നുചെന്നു,
ടെസ്റ്റ് റിസൾട്ടിന് അടയ്ക്കുവാനുള്ള പണം അവർ കരുതിയിരുന്നതിലും അധികമായിരുന്നു, അതിനാൽ തന്നെ പണം കിട്ടാതെ റിസൾട്ട് തരാൻ കഴിയില്ല എന്ന നിലപാടായിരുന്നു ലാബ് സ്വീകരിച്ചത്. അവൾ അവരോട് പറയുന്നുണ്ട്, എനിക്ക് ഇപ്പോൾ റിസൾട്ട് തരു, വയ്യാതെ കിടക്കുന്ന ഭർത്താവിന്റെ ട്രീറ്റ്മെന്റ് തുടങ്ങണമെങ്കിൽ ഈ റിസൾട്ട് വേണം, പണം ഞാൻ പിന്നീട് കൊണ്ടുവന്ന് തരാം, ആ വാക്കിന്റെ സത്യസന്ധതയും നീതിയും മനസ്സിലാക്കിയതുകൊണ്ടാവാം നേഴ്സ് അവരോട് വളരെ ശബ്ദം താഴ്ത്തി പറഞ്ഞു, ഇവിടെ ഇത് അംഗീകരിക്കില്ല. എങ്കിലും ഞാൻ മാനേജരോട് സംസാരിച്ചിട്ടു വരാം, അവർ അകത്തേക്ക് നടന്നു, തിരികെയെത്തിയ നേഴ്സിന്റെ മുഖത്ത് വിഷാദഭാവം നിഴലിച്ചിരുന്നു. അതിൽനിന്നുതന്നെ മനസ്സിലാകുന്നുണ്ടായിരുന്നു ലാബുകാർ എന്താണ് തീരുമാനിച്ചത് എന്ന്.
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി തുടങ്ങി. ഈ നിസ്സഹായ അവസ്ഥയിൽ എന്നെ ഒന്നു സഹായിച്ചുകൂടെ എന്ന
അർഥത്തിൽ അവൾ എല്ലാവരെയും മാറി മാറി നോക്കി, ആ നോട്ടം എന്നിലേക്കും എത്തി. ഞാൻ കാണുന്നുണ്ടായിരുന്നു ആ കണ്ണുകൾ എന്നോട് അപേക്ഷിക്കുന്നത്, എന്നാൽ അവിടെ കൂടി നിന്ന ഏവരെയും പോലെ എന്റെ കാലുകളും അവിടെ തന്നെ ഉറച്ചുനിന്നു. ഇത് എന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ പിന്നെ ഞാനെന്തിന് ഇതിൽ ഇടപെടണം എന്ന ചിന്താഗതി എന്നെ സ്വാർഥനാക്കി.
അവനെ 'ഫ്രീക്കൻ' എന്നു പറയുന്നതാവും ശരി. മുടി വെട്ടിയിട്ട് നാളുകളായി ചീർപ്പ് അവൻ കണ്ടിട്ടുണ്ടോ ആവോ, മുടി പാറിവീഴാതിരിക്കാനാണോ എന്തോ മുടിയിൽ ഒരു റബർ ബാൻഡ് ഇട്ടിട്ടുണ്ട്, ജനിച്ചപ്പോൾ മുതൽ ഉള്ളതുപോലെ എന്നു തോന്നിക്കുന്ന ഒരു ബാഗ് പുറത്ത് തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. രണ്ടു ചെവിയിലും ഹെഡ്ഫോൺ തിരുകിയിട്ടുമുണ്ട്, ഏതോ പാട്ട് ആസ്വദിക്കുകയാണ് എന്നു തോന്നും പോലെ ഇടയ്ക്ക് ഇടത്തേക്കും വലത്തേക്കും ശരീരം വെട്ടിച്ച് ഞാൻ ഈ ലോകത്ത് ഉള്ള ആളേ അല്ല. ചുറ്റുപാട് എന്തു നടക്കുന്നു എന്ന് എനിക്ക് അറിയണ്ട, കാണണ്ട, കേൾക്കേണ്ട എന്ന രീതിയിൽ നിന്നിരുന്ന അവൻ എന്തോ വെച്ചു മറന്നതു കണക്ക് റിസപ്ഷനിലേക്ക് ചെല്ലുകയും, കരഞ്ഞുകൊണ്ട് നിൽക്കുന്ന പെൺകുട്ടിയെ ശ്രദ്ധിക്കുക പോലും ചെയ്യാതെ പണം അടച്ച് റിസൾട്ട് വാങ്ങി അവൾക്ക് നൽകുകയും ചെയ്ത അവൻ, അവളുടെ നന്ദി പറച്ചിലുകൾ അത് തന്നോടേ അല്ല എന്ന രീതിയിൽ വീണ്ടും അവന്റേതായ ലോകത്തേക്ക് തിരികെ പോയി.
സഹജീവികളോട് എങ്ങനെ കരുണ കാട്ടണം എന്ന് അവൻ കാട്ടിത്തന്നതു പോലെ എനിക്കു തോന്നി, എന്തിനും ഏതിനും ന്യൂജൻ കുട്ടികളെ പഴിക്കുന്ന എന്റെ, അവിടെ നിസംഗരായി നിൽക്കുന്ന ഓരോരുത്തരുടെയും ചെകിട്ടത്തു കിട്ടിയ ഒരു അടിയായി ആണ് അത് എനിക്ക് തോന്നിയത്.
ഞാൻ എപ്പോഴും എന്റെ കുട്ടികളോട് പറയാറുണ്ടായിരുന്നു നിങ്ങൾ ഞങ്ങളുടെ കാലം കണ്ടുപഠിക്കൂ, പരസ്പരസ്നേഹം മനസ്സിലാക്കണമെങ്കിൽ ഞങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ എന്നു പറയാറുള്ള ഞാൻ, സഹജീവിയോട് കരുണ കാണിക്കുവാൻ തയാറാകാതിരുന്നതിന്റെ ആത്മനിന്ദ എന്റെ മനസ്സിൽ നിറഞ്ഞു വന്നു, എന്റെ ഭാര്യ എന്നെ നോക്കുന്നുണ്ടായിരുന്നു അവളുടെ കണ്ണുകൾക്ക് തീക്ഷണത കൂടിയോ എന്ന് എനിക്ക് തോന്നി, അതിൽനിന്നു പലചോദ്യങ്ങളും ചോദിക്കുന്നതായി ഞാൻ മനസ്സിലാക്കി നിങ്ങളെന്തേ ഇങ്ങനെ ആയത്? സഹജീവിയോട് കരുണ കാട്ടാൻ നിങ്ങൾ എന്തേ അറച്ചുനിന്നു? പഴയ കാലഘട്ടത്തിലെ സ്നേഹം എന്തേ ഇപ്പോൾ നിങ്ങളിൽ പ്രതിഫലിക്കുന്നില്ലേ? കുറ്റബോധത്തോടെ അവളുടെ ചോദ്യങ്ങളിൽ നിന്നു രക്ഷപ്പെടുവാനായി തിരിയുമ്പോൾ ഹൃദയത്തിൽ ഒരു മുള്ളു കൊണ്ടതുപോലെ കണ്ണിൽ നിന്ന് അറിയാതെ രണ്ടു തുള്ളി കണ്ണുനീർ നിറഞ്ഞുവന്നു. വളരെ ദൂരെ ഭർത്താവിന്റെ റിസൾട്ടുമായി ഓടി പോകുന്ന ആ പാവം പെണ്ണിനെ കാണുവാനായി ശ്രമിച്ച എന്റെ കണ്ണുകൾ നിറഞ്ഞു വന്ന കണ്ണുനീരിനാൽ മൂടപ്പെട്ടിരുന്നു അപ്പോൾ.