Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളിൽ എവിടെയോ ഇന്നും

എന്നാണ് ഞാൻ അവനെ മറന്നുപോയതെന്ന് എനിക്കറിയില്ല... അല്ലെങ്കിൽ തന്നെ അങ്ങനെ പെട്ടെന്ന് അവനെ മറക്കാൻ എനിക്കാകുമായിരുന്നോ...

അറിയില്ല ചിലപ്പോൾ അങ്ങനെയാണ്. തീവ്രമായ ചില ബന്ധങ്ങൾ പോലും വാക്കുകളുടെ മാസ്മരികതയിൽ ഉറപ്പിച്ചു വച്ചിട്ടും കാലത്തിനൊപ്പം ഒഴുകിയകന്നുപോകാറില്ലേ കണ്ണെത്താ ദൂരേയ്ക്ക്...

പിന്നെ അവനാരാണ് എനിക്ക്... എന്റെ ആരുമല്ലാത്ത ഒരാൾ. ഏതോ നിയമിക്കപ്പെട്ട മുൻവിധിയാൽ എന്നിലേക്ക് എത്തിച്ചേർന്നവൻ... അത്രമാത്രം.

അതു മാത്രമാണോ? അവനു വേണ്ടി ഞാൻ ഒഴുക്കിയ കണ്ണുനീർ... നിസ്സഹായതയോടെ അവനു വേണ്ടി കാരുണ്യം തേടി ഞാൻ തട്ടിയ വാതിലുകൾ... എന്നിൽ നിന്നും ലഭിച്ചതിനൊന്നും ഞാൻ പ്രതിഫലം ചോദിച്ചിട്ടില്ല എന്നിട്ടും ഒരു വാക്കുപോലും പറയാതെ എങ്ങോട്ടെന്നറിയാതെ... 

അവൻ എനിക്ക് വെറുമൊരു രോഗിമാത്രമായിരിക്കണമായിരുന്നു അവിടെയാണ് എനിക്കു തെറ്റുപറ്റിയത്‌.

ഹൃദയം കഠിനമാക്കിവച്ചിട്ടാണല്ലോ ഈ ജോലിക്ക് ഇറങ്ങി തിരിച്ചത് തന്നെ. അല്ലെങ്കിൽ എങ്ങനെയാണ് ഇന്നലെ വരെ ജീവനോടെ കണ്ട മുഖങ്ങൾ തണുത്തുവിറങ്ങലിച്ചു മരത്തടി പോലെ കിടക്കുമ്പോൾ ഒരു ഭാവഭേദവുമില്ലാതെ തുടച്ചു വെടിപ്പാക്കി യാത്രയാക്കുന്നത്.. കരഞ്ഞുതളർന്നു വീഴുന്ന ഉറ്റവരെ കണ്ടില്ലെന്നു നടിക്കുന്നതും കൃത്രിമ ഗൗരവം വരുത്തി ശവത്തെ ധരിപ്പിക്കാനുള്ള വസ്ത്രങ്ങൾ എത്തിച്ചില്ലെങ്കിൽ അതിനു ബിൽ അടയ്ക്കണമെന്നും പറയുന്നത്... അറിയില്ല.

അതുപോലെ ഹൃദയം കഠിനമാക്കി വച്ച ഒരു ദിവസം അല്ലെ നീയും വന്നത്.. പക്ഷേ നിന്നെ കണ്ടപ്പോൾ പുറമേ ഞാൻ അണിഞ്ഞ ഗൗരവം ഒക്കെ മഞ്ഞുപോലെ മാഞ്ഞു പോയിരുന്നു.. അത്രയ്ക്കുണ്ടായിരുന്നു നിന്റെ മുഖം എന്നിൽ ഉണ്ടാക്കിയ നീറ്റൽ.. വെള്ള പുതപ്പിനടിയിൽ മാലാഖ പോലെ നീ.. ഒന്നു ശ്വസിക്കുവാൻ പോലുമാവാതെ...

പാമ്പിൻ വിഷം പകർന്നു നീലിച്ചു പോയെങ്കിലും നിന്റെ മുഖത്ത് ഒരുമ്മ വയ്ക്കാൻ തോന്നുന്ന കുട്ടിത്തം നിറഞ്ഞു നിന്നിരുന്നു.. വിഷസംക്രമണത്താൽ നിന്റെ മസ്തിഷ്ക്കം മരിച്ചുപോയെന്ന റിപ്പോർട്ടുകൾ വിശ്വസിക്കാനാവാതെ നിന്റെ ബെഡിന്റെ കാൽ ചുവടുകൾക്കടുത്തു നിൽക്കുമ്പോൾ ഒരു നിശ്വാസം എന്നിലും ബാക്കിയായിരുന്നു...

മരണത്തിനു നിന്നെ വിട്ടുകൊടുക്കാനാവാതെ ദൈവത്തോട് കേണു ഞാൻ.. എത്രയോ ദിവസങ്ങൾ... കണ്ണുനീരു കൊണ്ടു ഞാൻ നിന്റെ കഥ പറഞ്ഞു, എത്രയോ പേരോട്.... ആരൊക്കെ നിനക്കു വേണ്ടി പ്രാർഥിച്ചു കാണും... അറിയില്ല

അന്നു നിന്റെ അമ്മയുടെ കൈകളിൽ പിടിച്ചു ഞാൻ യാചിക്കുകയായിരുന്നു അവനു വേണ്ടി പ്രാർഥിക്കുമോയെന്ന്... മരണത്തിനു നിന്നെ വിട്ടുകൊടുക്കരുതെയെന്ന്..

നീയെന്റെ ആരായിരുന്നു... ഞാൻ ഇത്രയും നിന്നിലേയ്ക്ക്‌ ആകർഷിക്കപ്പെടുവാൻ. നിന്റെ അമ്മ, അവർ ധീര ആയിരുന്നു. എന്റെ വാക്കുകൾ തള്ളികളഞ്ഞില്ല അവർ...

ഒരു പ്രതീക്ഷയും ഇല്ലാതെ കൃത്രിമശ്വാസം നൽകുന്ന വെന്റിലേറ്റർ നിർത്തി വച്ചു നിന്നെ സ്വതന്ത്രൻ ആക്കാൻ അവരെല്ലാം കൂടി തീരുമാനിച്ച ദിവസം.... അവർ ആ ധീരത കാട്ടിയതു കൊണ്ടു മാത്രമാണ് ഒന്നുകൂടി നിന്നെ ടെസ്റ്റുകൾക്ക് വിധേയനാക്കിയത്..

ഒരിക്കലും നീ തിരിച്ചു വരില്ലയെന്ന ഉറപ്പിൽ നീ പിന്നെയും പരീക്ഷണങ്ങൾക്കു വിധേയനായപ്പോൾ.. ആരാവും നിന്റെ തലച്ചോറിനുള്ളിൽ എവിടെയോ അണഞ്ഞുപോകാത്ത ആ പ്രകാശരശ്മി ശേഷിപ്പിച്ചു വച്ചത്.... ആരുടെ പ്രാർഥനയാകാം...

വർഷങ്ങൾക്കിപ്പുറം ഞാൻ നിന്റെ ഓർമകളിലേക്ക് ഒന്നുകൂടി വരികയാണ്.. പിച്ചവച്ചു തുടങ്ങുന്ന നിന്റെ ആ ചിത്രമാണ് എന്റെ മനസ്സിനുള്ളിൽ ഞാൻ അവസാനമായി പ്രതിഷ്ഠിച്ചത്. നിന്റെ രണ്ടാം ജന്മത്തിന്റെ ബാല്യപാഠങ്ങൾ നീ പഠിക്കുന്നതേ ഉണ്ടായിരുന്നുള്ളു...

ഞാൻ ചോദിക്കുന്നതിനൊന്നും മറുപടി താരാൻ നിനക്കാവുമായിരുന്നില്ല.. നിന്റെ ഓർമകളിൽ ശേഷിപ്പിച്ചു വയ്ക്കാൻ എന്റെ ചലനങ്ങളുടെ നിഴലനക്കങ്ങൾ പോലും നിന്റെ കണ്ണുകളിൽ പതിഞ്ഞിരുന്നുമില്ല...

ഒന്നും പറയാതെ സുഖമായി വരുന്ന നിന്നെയും കൊണ്ട് അവർ പോയപ്പോൾ ഒരു യാത്രപോലും പറയാൻ കനിവ് തോന്നിയില്ല ആർക്കും.

നിന്നെ മറക്കാൻ വേണ്ടി ഉള്ളു പൊള്ളിപ്പിടയുമ്പോഴും നീ സുഖമായി ഇരിക്കുന്നുവോ എന്നറിയാൻ ആയിരുന്നു എനിക്കു തിടുക്കം...ആ പൊള്ളലുകൾ ഒന്നു തണുക്കാൻ ഓർമകൾക്ക് തിളക്കമേകാൻ നിന്നെ ചികത്സിച്ചു രക്ഷിച്ച, മസ്‌തിഷ്‌ക മരണം സംഭവിച്ചിട്ടും നിനക്കു പുതുജീവൻ തന്ന ഡോക്ടറെ പ്രകീർത്തിച്ചു കൊണ്ടുള്ള ആ ഫീച്ചർ അതു മാത്രം മതിയായിരുന്നു .. പത്രതാളുകളിലെ അക്ഷരങ്ങൾക്ക് മുകളിലായി ചേർത്ത നിന്റെ ചിത്രത്തിൽ കണ്ണും നട്ട് ഞാൻ എത്ര നേരം.

സന്തോഷവതിയാണ് ഞാൻ അതല്ലേ നിന്നെ മറക്കാൻ എനിക്കായത്.. ഇന്നും നിന്നെ ഓർക്കുമ്പോൾ കണ്ണുനീർ അല്ല സന്തോഷമാണ് കണ്ണുകളിലും ഹൃദയത്തിലും...

എവിടെയോ നീ നിന്റെ പ്രിയപ്പെട്ടവരുടെ കൂടെ സുഖമായി ഇരിക്കട്ടെ... എന്നും...

നിന്റെ ഓർമകളിൽ ഒന്നും ഇല്ലാത്ത എന്റെ പ്രാർഥനകൾ കൂടെയുണ്ടാകും വിവേക്...

എന്നും, നിനക്കൊപ്പം.