Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നനഞ്ഞു കുളിച്ചു വന്ന ആ പയ്യനോട്, കാശിന് രക്തം കൊടുക്കുന്ന ആളല്ല ഞാൻ

blood-donation

അന്നുച്ചയ്ക്ക് യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ റൂമിലിരിക്കുമ്പോൾ ആരോ വന്ന് വാതിലിൽ മുട്ടി. ആർസിസിയിലെ രോഗിക്കു വേണ്ടി ബ്ലഡ് അന്വേഷിച്ചു വന്ന യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ സഖാക്കളായിരുന്നു അത്. കാര്യം പറഞ്ഞപ്പോൾ കൂടുതലൊന്നും ചോദിക്കാതെ ഡ്രസ്സ് മാറി അവരോടൊപ്പം ഇറങ്ങി. 

നല്ല മഴയാണ്. കുട ചൂടി പാളയത്തേക്ക് നടക്കുമ്പോൾ രക്തം വേണ്ടത് അവരിൽ ആർക്കുമല്ല മറിച്ച് മറ്റൊരു രോഗിയുടെ ആളുകൾ ഉടൻ വരും എന്നവർ പറഞ്ഞു.

പാളയത്ത് കുറെ നേരം നോക്കി നിന്നപ്പോൾ മഴയത്ത് നനഞ്ഞു കുളിച്ച് ഒരു ചെറുപ്പക്കാരൻ ബൈക്കിൽ വന്നു. വണ്ണം കുറഞ്ഞ് മെലിഞ്ഞ നല്ല പൊക്കമുള്ള ഒരു പയ്യൻ. എന്നോട് ഒരു ഓട്ടോയിൽ കേറി വരാൻ പറഞ്ഞിട്ട് അവൻ തൊട്ടു പുറകിലായി വന്നു. ഹോസ്പിറ്റലിലെത്തി, വണ്ടികൂലി കൊടുക്കാൻ അവന്റെ കയ്യിൽ ചില്ലറയില്ല. കയ്യിലിരുന്ന 100–ന്റെ നോട്ട് ഓട്ടോ ഡ്രൈവർക്ക് കൊടുത്തിട്ട് ഞാൻ തിരിയുമ്പോൾ ആ പയ്യൻ അവന്റെ കയ്യിൽ ഇരുന്ന ഒരു 500 ന്റെ നോട്ട് എന്റെ പോക്കറ്റിലേക്ക് ഇട്ടു. ഓട്ടോ കൂലി തരുമ്പോൾ 500 തിരിച്ചു തന്നാൽ മതി എന്നു പറഞ്ഞ് അവൻ എന്നെ അകത്തേക്ക് കൊണ്ടു പോയി. ബ്ലഡ് ബാങ്കിലേക്കാണ് പോയത്. ഞാൻ തന്നെ അപേക്ഷ പൂരിപ്പിച്ചു കൊടുത്തു. 

അവിടെ ഇരുന്ന ഒരു നഴ്സ് എന്തൊക്കെയോ കുറെ കാര്യങ്ങൾ പറഞ്ഞു. ആറ് മണിക്കൂറെങ്കിലും വേണ്ടി വരും. ബ്ലഡ് എടുക്കുന്നതിന് 10000 രൂപയാകും എന്നൊക്കെ പറഞ്ഞു. ഇതിനു മുമ്പ് പലപ്പോഴും ബ്ലഡ് കൊടുത്ത പരിചയത്തിൽ ഈ 6 മണിക്കൂറിന്റെയും 10000 രൂപയുടെയും കാര്യം ഞാൻ ചോദിച്ചപ്പോൾ അവർ എന്നെ മറ്റൊരു കൗൺസിലിംഗ് റൂമിലേക്കയച്ചു. അര മണിക്കൂർ നേരം നീണ്ട ക്യൂവിൽ നിന്ന് ആ മുറിയിൽ കയറി. 

ഒരു ചെറുപ്പക്കാരനാണ് കൗൺസിലർ. അയാൾ വ്യക്തമാക്കി, "ഇത് സാധാരണ ബ്ലഡ് ഡൊണേഷൻ അല്ല. ഇതിന് 'എഫാർസിസ്' എന്നാണ് പറയുക. താങ്കളുടെ എച്ചഐവി അടക്കമുള്ള എല്ലാ ടെസ്റ്റുകളും നടത്തിയിട്ടെ 'എഫാർസിസ്' നടത്തൂ. ബ്ലഡ് പൂർണമായും എടുക്കില്ല. ബ്ലഡിലെ മൂന്ന് ഘടകങ്ങളിൽ ഒന്നായ 'പ്ലേറ്റ്ലറ്റുകൾ' മാത്രമേ എടുക്കു. ബാക്കിയെല്ലാം തിരിച്ചു ശരീരത്തിലേക്കു തന്നെ കേറ്റും", എന്നൊക്ക അയാൾ പറഞ്ഞു. രക്തദാനത്തേക്കാൾ കൂടുതൽ സുരക്ഷിതവും എളുപ്പവും ഇതാണെന്നാണ് അയാൾ പറഞ്ഞത്. എഫാർസിസ് അല്ലെങ്കിൽ ഈ രോഗിക്ക് ഒരു ദിവസം 12 പേരുടെ രക്തമെങ്കിലും വേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. "എങ്ങനെയാ സഹകരിക്കാമോ" എന്നയാൾ ചോദിച്ചപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ "യെസ്" പറഞ്ഞു.

അങ്ങനെ രക്ത സാമ്പിൾ പരിശോധനക്ക് കൊടുത്തിട്ട് പുറത്തേക്കിറങ്ങി. ചോറുണ്ണുകയാണ് ലക്ഷ്യം. അടുത്തു കണ്ട സൗജന്യ ഭക്ഷണം ലഭിക്കുന്ന കാന്റീനിൽ കേറിയപ്പോൾ, എന്നെ കൂട്ടി കൊണ്ടു വന്ന ആ പയ്യൻ അവിടെ ഉണ്ട്. എന്നെ കണ്ടതും അടുത്തു വന്നു പറഞ്ഞു "ഇവിടെ വേണ്ട അപ്പുറത്തുണ്ട് അവിടെ പോകാമെന്ന്".

അങ്ങിനെ അവിടെ നിന്നിറങ്ങി ഒരു കുടക്കീഴിനുള്ളിൽ മഴയത്ത് നടക്കുമ്പോൾ അവൻ അവന്റെ ആശുപത്രി കഷ്ടപ്പാടിനെ കുറിച്ച് വിശദീകരിച്ചു. "സാരമില്ല എല്ലാം ശരിയാകും" എന്നു പറഞ്ഞ് ആശ്വാസിപ്പിക്കാനല്ലാതെ എനിക്കെന്തു പറ്റുമായിരുന്നു? സാമാന്യം തിരക്കുള്ള ആ ഹോട്ടലിൽ ചെന്ന് ചോറ് കഴിക്കുമ്പോൾ എന്റെ പോക്കറ്റിലേക്ക് നേരത്തെ അവനിട്ട 500 തിരിച്ചു മേടിച്ചു. സ്‌പെഷ്യൽ എന്തെങ്കിലും വേണോ എന്നു ചോദിച്ചെങ്കിലും ഞാൻ വേണ്ടാന്ന് പറഞ്ഞു. 

ബ്ലഡ് കൊടുക്കാൻ വരുമ്പോൾ ചിക്കനും മട്ടനുമൊക്കെ അവശ്യപ്പെടുന്നവർ ഉണ്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ അവൻ എന്റെ ഗവേഷണ വിഷയം കവിതയാണെന്നു മനസിലാക്കി അവന്റെ നാട്ടിലുള്ള സകല ചോട്ടാ കവികളെകുറിച്ചും വാ തോരാതെ സംസാരിച്ചു. സത്യത്തിൽ അവൻ പറഞ്ഞതിൽ എനിക്കറിയാവുന്ന ഒരേ ഒരു കവി അക്കിത്തം മാത്രമായിരുന്നു. 

അങ്ങിനെ കവിതയും ജീവിത പ്രാരാബ്ധങ്ങളും സംസാരിച്ചു ഞങ്ങൾ വീണ്ടും ബ്ലഡ് ബാങ്കിൽ വന്നു. എന്നെ അവിടെ ഇരുത്തിയിട്ട് അവൻ ഇപ്പോൾ വരാമെന്ന് പറഞ്ഞു പുറത്തേക്ക് പോയി. കാത്തിരിപ്പിനൊടുവിൽ ലാബിൽ നിന്നു റിസൾട്ട് വന്നപ്പോൾ അവർ എന്നെ  അകത്തേക്ക് വിളിച്ചു. റിസൾട്ട് എല്ലാം അനുകൂലമാണ് ഉടൻ തുടങ്ങാമെന്ന് ഒരു നഴ്സ് പറഞ്ഞു.

അങ്ങനെ അകത്ത് കേറി വലതു കയ്യിൽ സാധാരണ പോലെ സൂചി കുത്തി ബ്ലഡ് എടുക്കാൻ തുടങ്ങി. ഒന്നര മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് ആ ലാബിലെ നഴ്സ് പറഞ്ഞു. സൂചി കയ്യിൽ കുത്തിയതോടെ എന്തോ വല്ലാത്ത അസ്വസ്ഥത. എസിയുടെ തണുപ്പ് കൂടിയായപ്പോൾ അത് കൂടി കൂടി വന്നു. ഇതിലും വലിയ തണുപ്പത്തു (കട്ടപ്പനയിൽ) ജീവിതത്തിന്റെ നല്ലൊരു ഭാഗം കിടന്നവനാണ് ഈ ഞാൻ. ഇതൊക്കെ എന്ത് എന്നുള്ള മട്ടിൽ കൂസാതെ അവിടെ തന്നെ കിടന്നു.

അടിവയറ്റിൽ നിന്നാണ് അസ്വസ്ഥത. കൂടി വന്നപ്പോൾ കാര്യം പിടി കിട്ടി. സൂചി കുത്തിയതിന്റെയോ തണുപ്പിന്റെയോ ഒന്നുമല്ല  മൂത്രശങ്കയുടെയാണ്. അടുത്തു നിന്ന നഴ്സിനോട് എപ്പോൾ തീരുമെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു ഒന്നര മണിക്കൂർ വേണമെന്ന്. പിന്നെയുള്ള എന്റെ അവസ്ഥ വിവരിക്കാൻ വാക്കുകളില്ലായിരുന്നു. 

തന്നതില്ല പരനുള്ളുകാട്ടുവാൻ

ഒന്നുമേ നരനുപായമീശ്വരൻ

ഇന്നുഭാഷയിതപൂർണ്ണമിങ്ങഹോ

അതെ കുമാരനാശാന്റെ അവസ്ഥയായി പോയി. പത്തുപതിനായിരം രൂപയുടെ സാധനമാണ് കയ്യിൽ കുത്തി വെച്ചേക്കുന്നത്. അതൂരി കളഞ്ഞു മുള്ളാൻ പോയാൽ പാവപ്പെട്ട ആ കുടുംബത്തിന്റെ അവസ്ഥ എന്താകും. കടിച്ചു പിടിച്ചു കിടന്നു.

അതിനിടക്ക് അവിടെ നിന്ന നഴ്സ് ചോദിച്ചു രോഗിയുടെ ആരാണെന്ന്. ഞാൻ പറഞ്ഞു രോഗി ആരാണെന്ന് പോലും എനിക്കറിയില്ല ഒരു ഹേമലത ആണെന്ന് അറിയാമെന്ന്.

അങ്ങനെ നഴ്‌സിനെ പരിചയപ്പെട്ടു. 

അവർ യൂണിവേഴ്സിറ്റി കോളജിലെ പൂർവ്വ വിദ്യാർഥിനിയാണ്. 1987–ൽ ഡിഗ്രി പൂർത്തിയാക്കി. ഒഎൻവി, വിനയചന്ദ്രൻ, നബീസ ഉമ്മാൾ തുടങ്ങിയ അധ്യാപകരെ അവർ ഓർത്തെടുത്തു. ഞാനപ്പോൾ പറഞ്ഞു ഞാനന്ന് ജനിച്ചിട്ടു കൂടിയില്ലാന്ന്. പക്ഷേ കോളജിന്റെ അങ്ങിങ്ങായി ഈ പ്രഗത്ഭരുടെ ഛായചിത്രങ്ങൾ പലവട്ടം കണ്ട ഓർമയിൽ ഞാൻ അവിടെ കിടന്നു. 

നളചരിതത്തിലെ ഒരു ശ്ലോകം ചൊല്ലി ആ നഴ്സ് അതിന്റെ അർഥം വിശദീകരിച്ചപ്പോൾ കണ്ണ് തള്ളി പോയി. പത്തു മുപ്പത്തഞ്ചു വർഷം മുമ്പ്‌ നബീസ ഉമ്മാൾ പഠിപ്പിച്ച വരികളാണതെന്നു പറഞ്ഞപ്പോൾ ഞാനോർത്തു ഞാനും കുറെ ശ്ലോകങ്ങൾ പിള്ളേരെ പഠിപ്പിച്ചിട്ടുണ്ടല്ലോ... ഒരുത്തനെങ്കിലും ഒരു ശ്ലോകം തെറ്റാതെ ചെല്ലുമോ എന്ന്...

പിള്ളേരെ കുറ്റം പറഞ്ഞതല്ല. എന്നെ തന്നെ ഞാൻ കുറ്റം പറഞ്ഞതാ. അതാണ് വ്യത്യാസം. എലിക്ക് പ്രണവേദന പൂച്ചക്ക് വീണ വായന എന്നു പറഞ്ഞത് പോലെയായി കാര്യങ്ങൾ. മൂത്രശങ്ക കാരണം സകല കൺട്രോളും പോയിരിക്കുന്ന എന്നോടാണ് നളചരിതം രണ്ടാം ദിവസത്തിലെ മൂന്നാം ശ്ലോകം ചെല്ലുന്നത്.

പിന്നെ എഫാർസിസിനെ കുറിച്ചായി ചർച്ച. "ജീവിതത്തിൽ ഇന്നേ വരെ ബ്ലഡ് കൊടുത്തിട്ടല്ലേ ഉള്ളു ഇപ്പോൾ തിരിച്ചു കേറ്റുന്ന ഒരു അനുഭവം ഉണ്ടായില്ലേ എന്ത് തോന്നുന്നു എന്ന്"?

തണുപ്പ്... ചുണ്ടിൽ തരിതരിപ്പ്... ആകെ ഒരു അസ്വസ്ഥത...

അങ്ങനെ കുറെ കാര്യങ്ങൾ ഞാൻ പറഞ്ഞപ്പോൾ ആ നഴ്സ് പറഞ്ഞു, ഇത്തരം ഒരു അനുഭവം വളരെ കുറച്ചു പേർക്കേ ഉണ്ടാകൂ, കാരണം സാധാരണ ബ്ലഡ് ഒരാളുടെ ശരീരത്തിലോട്ടു കേറ്റുമ്പോൾ ഒന്നുകിൽ അയാൾ എന്തെങ്കിലും രോഗിയോ മയക്കി കിടത്തിയോ ഒക്കെയായിരിക്കും അതുകൊണ്ട് ഈ അനുഭവം ഫീൽ ചെയ്യാനാകില്ല എന്ന്.

അങ്ങനെ സമയം 4 മണി ആയപ്പോൾ പരിപാടി എല്ലാം അവസാനിപ്പിച്ചു. ഇനി കുറച്ചു നേരം കിടന്നോളാൻ അവർ പറഞ്ഞു. 

ഞാൻ പറഞ്ഞു "ഇല്ല, എവിടെ ബാത്ത് റൂം, എവിടെ ബാത്ത്റൂം" ചിരിച്ചു കൊണ്ട് വഴികാണിക്കുമ്പോൾ അവർ പറഞ്ഞു "സൂക്ഷിച്ചു പോകണേ".

ഈ ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ് അതിതാണ് എന്ന് പ്രഖ്യാപിച്ച ഒരു സുവർണ്ണ നിമിഷം...

ഒരു അഞ്ചു മിനുറ്റെങ്കിലും സകലതും മറന്ന്, ഞാൻ അങ്ങനെ നിന്നു. പുറത്ത് വാതിലിൽ ആരോ തട്ടിയപ്പോഴാണ് ബോധം വന്നത്.

ഇറങ്ങി ബ്ലഡ് ബാങ്കിന്റെ മുന്നിൽ ചെന്നപ്പോൾ എന്റെ കുടയുടെ അടുത്ത് രണ്ട് ബാൻഡേജും ഫ്രൂട്ടിയും ബിസ്കറ്റുമുണ്ടായിരുന്നു. ബാൻഡേജ് കയ്യിൽ സൂചി കുത്തിയ സ്ഥലത്ത് ഒട്ടിച്ച് ഫ്രൂട്ടിയും ബിസ്കറ്റും തിന്ന്  പുറത്തിറങ്ങുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല.

ഞാനങ്ങനെ പുറത്തിറങ്ങി  ആ നനഞ്ഞു കുളിച്ച പയ്യനെയും എന്റെ കൈയ്യിൽ നിന്നും കൊടുത്ത ഓട്ടോ കൂലിക്കും വേണ്ടി ഒരു മണിക്കൂറോളം കാത്തു നിന്നു. ആരും വന്നില്ല

മനസ്സിൽ മറ്റുള്ള ചിന്തകൾ വന്നു തുടങ്ങി, സ്വാഭാവികം. ഇങ്ങനെ ബ്ലഡ് എടുത്താൽ വല്ല പ്രശ്നവും ഉണ്ടാകുമോ എന്ന ചിന്തയായിരുന്നു ആദ്യം വന്നത്. പിന്നെ പൈസയെ കുറിച്ചായി, ഞാൻ ഓട്ടോ കൂലി കൊടുത്ത, അവൻ തിരിച്ചു തരാമെന്ന് പറഞ്ഞ തുക കുറഞ്ഞ തുകയാണെങ്കിലും നമ്മുടെ മനസ്സിൽ ഉണ്ടാകുമല്ലോ "അവൻ നമ്മളെ പറ്റിച്ചല്ലോടാ എന്ന്...."

എന്റെ ചുറ്റികറക്കം കണ്ട് അവിടെ നിന്ന സെക്യൂരിറ്റി കാര്യം അന്വേഷിച്ചപ്പോൾ ഞാൻ സംഭവം അയാളോട് പറഞ്ഞു. അയാൾ പറഞ്ഞ മറുപടിയാണ് എന്നെ ഞെട്ടിച്ചത്. "ഇവിടെ ഇത് നിത്യസംഭവമാണ്. ബ്ലഡ് കൊടുത്തിട്ട് ഇറങ്ങി വന്ന് കാശ് ചോദിക്കുന്നവർ നിരവധിയുണ്ട് അവരെ പോലെയാണോ താങ്കൾ എന്നോർത്തിട്ടാകും അവൻ വരാത്തത് എന്ന്"

ഞാൻ ഒന്നും മിണ്ടിയില്ല. അടുത്തു കണ്ട ബസ്സിൽ കയറി പാളയത്തേക്ക് തിരിച്ചു പോന്നു. വള്ളി ചെരുപ്പും ഉലഞ്ഞ മുടിയും ഷേവ് ചെയ്യാത്ത മുഖവുമായി വന്ന എന്നെ കണ്ടപ്പോൾ അവൻ വിചാരിച്ചു കാണും "കാശ് മേടിച്ച് രക്തം കൊടുക്കാൻ മെഡിക്കൽ കോളജ് പരിസരത്തു കൂടി നടക്കുന്ന ഒരാളാണെന്ന്.."

പറഞ്ഞവസാനിപ്പിക്കുമ്പോൾ ഇത് വായിക്കുന്നവരോടായി ഒരു വാക്ക്...

നിങ്ങൾക്കു വേണ്ടി എന്നെങ്കിലും ആരെങ്കിലും രക്തം തരാൻ വന്നാൽ, എല്ലാം കഴിയുന്നതു വരെ കൂടെ നിന്നില്ലെങ്കിലും അവസാനം തിരിച്ചു പോരാൻ നേരത്ത് അവന്റെ അടുത്തു ചെന്ന് സ്നേഹത്തോടെ ഒരു പുഞ്ചിരി നൽകണം. ആ പുഞ്ചിരികൾ കാണാനാണ് എന്നെ പോലെയുള്ള നൂറുകണക്കിന് ആളുകൾ എല്ലാ തിരക്കും മാറ്റി വെച്ചിട്ട് രക്ത ദാനത്തിനു വരുന്നത്...