വാര്‍ത്തയെടുക്കാനാണ് പോയത്. പക്ഷേ മനുഷ്യരുടെ രൂപം മാത്രമാണ് അയാൾക്കുള്ളതെന്ന തിരിച്ചറിവിൽ ഞാനാ ഇടയന്റെ മുന്നിൽ തരിച്ചിരുന്നു. ദമ്മാം- ഖഫ്ജി റോഡിലെ മരുഭൂമിയുടെ വന്യതയിൽ അമ്പതോളം കിലോമീറ്റർ ഉള്ളിലേക്ക് മാറിയാൽ വലിയൊരു മണൽ കുന്ന് കാണാം.
അതിന്റെ ചരുവിലാണ് അമൽ ദേവും അയാളുടെ അറുപതോളം ആടുകളും കഴിയുന്നത്. ഉറങ്ങാനാവുമ്പോള്‍ അയാൾ ടെന്റിനരികിലെ കുറ്റിയിൽ നിന്നും പട്ടിയെ അഴിച്ച് കട്ടിലിനോട് ചേർത്ത് കെട്ടും. അവളെയും പുണർന്നാണ് അയാളുടെ കിടപ്പ്. ഉഗ്രവിഷമാണല്ലോ മരുഭൂമിയിലെ ക്ഷുദ്ര ജീവികൾക്ക്.
പാമ്പോ തേളോ അകത്തേക്ക് കയറുമ്പോള്‍ പട്ടി കുരച്ച് ബഹളം വെക്കും. നല്ല നിലാവുള്ള രാത്രികളിൽ പോലും ഭയമാണിവിടെ.
ഏകനായതിനാൽ ടാർപോളിൻ കൊണ്ട് മറച്ച ഈ കൂരയ്ക്കുള്ളില്‍ എന്തെങ്കിലും കയറിയാലോ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാലോ അറിയില്ല. അടച്ചുറപ്പുള്ള കുടിലും ഖുബ്ബൂസും വൈദ്യുതി വിളക്കും കുടിവെള്ളവും എന്തിന് ഇഖാമ പോലും നേരെചൊവ്വേ ഇല്ലാത്തയാളല്ലേ അയാൾ. ആരും സഹായിക്കാനുമില്ല.
പിന്നെ ഈ ടാർപോളിൻ ടെന്റിൽ പട്ടിയോടൊപ്പം കഴിച്ചുകൂടുകയല്ലാതെ മറ്റെന്ത് ചെയ്യനാണ്. അമൽ ദേവ് വാത്സല്യത്തോടെ തന്റെ കാവൽക്കാരിയെ തൊട്ടു തലോടി. അതിന്റെ പീളകെട്ടിയ കണ്ണിൽ ഈച്ചകൾ എന്തോ തെരഞ്ഞു. അമ്പത് വയസ്സിൽ കൂടുതലുണ്ടാകും ഉത്തരേന്ത്യകാരനായ അമൽ ദേവിന്. അയാൾ തന്റെ സങ്കടത്തിന്റെ ഭാണ്ഡം തുറക്കുമ്പോള്‍ ഒന്നും മറുപടി കൊടുക്കാനാവുന്നില്ല.
മാനസിക വൈകല്യം എന്ന ആനുകൂല്യത്തിൽ ഇന്ത്യയിലെ സമുന്നത കോടതി നിരുപാധികം വിട്ടയച്ചതു കൊണ്ട് മാത്രമാണ് അയാൾ ഇപ്പോൾ ഇവിടെ ഇങ്ങിനെ ഇരിക്കുന്നത്. അല്ലെങ്കിൽ ഭാര്യയെ കഴുത്തറുത്ത് കൊന്നതിന്,തൂക്കുകയറിലോ കൽ തുറങ്കിലോ ഒടുങ്ങുമായിരുന്നു അമൽദേവിന്റെ ആയുസ്. കോടതി വിട്ടയച്ച് സ്വന്തം ഗ്രാമത്തിലേക്ക് സ്വാതന്ത്രനായപ്പോൾ വലിയ ഒറ്റപ്പെടലാണ് അയാളെ എതിരേറ്റത്.
പടിയടച്ചു പിണ്ഡം വെച്ചു കുടുംബം. മകന്റെ ദുർവിധിയിൽ വീണുപോയ അമ്മയുടെ വസ്വിയത്താൽ പുരയിടം തീറെഴുതി കിട്ടി. അതു വിറ്റ പണം കൊണ്ട് ആട്ടിടയന്റെ വിസയിൽ ആറു വർഷം മുമ്പ് സൗദിയിലെത്തി. സത്യത്തിൽ ഏകാന്തതയിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ആ പ്രവാസം.
ഇനി മടക്കമില്ല. മരിച്ചാൽ ഈ മണ്ണിൽ തന്നെ അടക്കണമെന്ന് ഖഫീലിനോട് പറഞ്ഞിട്ടുണ്ട്.
എന്തിനാണ് നിങ്ങൾ ഭാര്യയെ കൊന്നത്? എന്റെ ചോദ്യം പ്രതീക്ഷിച്ച പോലെ, ജരാനര കയറിയ തല ചൊറിഞ്ഞു കൊണ്ടയാൾ
കട്ടിലിനടിയിലെ ബാഗിൽ നിന്നൊരു ആൽബം പുറത്തേയ്ക്കെടുത്തു. അതിൽ മുഴുവൻ അതീവ സുന്ദരിയായ ഒരു യുവതിയുടെ കുലീനമായ ചിത്രങ്ങളായിരുന്നു. ആൽബം മറിച്ചു തീർന്നപ്പോൾ അമൽ ദേവിന് കരച്ചിൽ വന്നു. മരുഭൂമിയുടെ വരണ്ട ശൂന്യതയിലേക്ക് മിഴിയെറിഞ്ഞിട്ട് അയാൾ തുടർന്നു.
കൊല്ലപ്പണിക്കാരായിരുന്നു എന്റെ കുടുംബം. അച്ഛനിൽ നിന്നു പകർന്നു കിട്ടിയ കുലത്തൊഴിലുമായി വീട്ടിനരികെ എന്റെ പണിശാല.
അവിടെ പതിവ് സന്ദർശകയായിരുന്നു ഹേമ. ആ ബന്ധം വളർന്നു. വിവാഹത്തിൽ കലാശിച്ചു. അല്ലലില്ലാത്ത കാലമായിരുന്നു അന്ന് ഞങ്ങൾക്ക്. പക്ഷേ വിവാഹം കഴിഞ്ഞു വർഷങ്ങൾ പോയിട്ടും ഒരു കുഞ്ഞിക്കാലിന് സൗഭാഗ്യമുണ്ടായില്ല.
മരുന്നും മന്ത്രങ്ങളും പ്രാർഥനകളുമായി നീണ്ട പതിറ്റാണ്ട്. ആ ഇടയ്ക്കാണ് പട്ടണത്തിലെ വലിയ ഹോസ്പിറ്റലിൽ മിടുക്കനായൊരു ഡോക്ടർ എത്തിയതായറിഞ്ഞത്. മാസങ്ങൾ നീണ്ട പരിശോധനകൾ, പ്രതീക്ഷാ നിർഭരമായ നിരീക്ഷണങ്ങൾ, ഫലപ്രാപ്തി തീർച്ചയില്ലാത്ത മരുന്നുകൾ, പഥ്യങ്ങൾ.
ഒരു നാൾ ഡോക്ടർ തുറന്നു പറഞ്ഞു. ഹേമക്ക് അമ്മയാകാൻ കഴിയില്ലെന്ന്, വൈദ്യ ശാസ്ത്രത്തിൽ അതിന് ചികിത്സയില്ലെന്ന്. എന്റെ മുതുകിൽ ഉരുകിവെന്ത ഉഷ്‌ണപ്പകർച്ചയാൽ അവളുടെ ഉലയിൽ ഒരിക്കലും കിനാവുകൾക്ക് പൂക്കാനാവില്ലെന്ന്. അഗ്നിയിൽ പഴുത്ത ലോഹം കണക്കെ എന്റെ ഉള്ളം പുകഞ്ഞു. ദാമ്പത്യ നൈരാശ്യത്താൽ അകം പൊള്ളി. എന്നിട്ടും, ഡോക്ടറോട് ഞാൻ ഒന്നേ പറഞ്ഞൊള്ളൂ. എന്റെ ഹേമ ഈ സത്യം അറിയരുതെന്ന്.
വൈകല്യം എന്റേത് മാത്രമെന്നേ എഴുതാവൂ എന്ന്. അതിൽ ഞാൻ വിജയിച്ചു. കുട്ടികളുണ്ടാകാത്ത കുറ്റം എന്റേതു മാത്രമാണെന്ന്
കുടുംബത്തിലും ബന്ധുമിത്രങ്ങളിലും പ്രചരിച്ചു. എന്റെ ഹേമയും അതു തന്നെ വിശ്വസിച്ചു. മറിച്ചായാൽ കുടുംബം എനിക്ക് എതിരാവും. ഹേമയെ നഷ്ടമാകും. അവരെ പ്രതിരോധിക്കാനുള്ള ത്രാണിയൊന്നുമില്ലല്ലോ എനിക്ക്. അവൾ വേദനിക്കരുതേ എന്നതു മാത്രമായിരുന്നു എന്റെ ആഗ്രഹം.
അത്രമേൽ ഇഷ്ട്ടമായിരുന്നു എനിക്കെന്റെ ഹേമയെ. നിദാന്തമായ ഉപാസനകൾ, ഉപവാസങ്ങൾ. അതിന്റെ ഭാഗമായി ഞാനൊരു തീർത്ഥാടനത്തിന് പുറപ്പെട്ടു. അന്നാണ് ഗുജറാത്തിൽ കലാപം പടർന്നത്. യാത്ര തുടരാനായില്ല. അക്രമം ഭയന്ന് രാത്രിതന്നെ ഞാൻ വീട്ടിൽ തിരിച്ചെത്തി.
അപ്പോഴല്ലേ അകത്തെ കാഴ്ച കണ്ടത്!
എന്റെ കിടക്കയിൽ അവളുടെ അകന്ന ബന്ധു. ഉടുതുണി പോലുമില്ലാതെ അയാൾ ഇറങ്ങിയോടി. അറിയാലോ.. താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. ഭൂമി പിളരുകയും ഞാനതിനിടയിൽ അകപ്പെട്ട് പോകുകയാണെന്ന് ഭയപ്പെട്ട് പോകുകയും ചെയ്ത രാത്രി.
തീക്കടലായി മനസ്സ്.
ആത്മനിന്ദയാൽ കനലാട്ടം കൊള്ളുന്ന ശിരസ്സ്. എന്നിട്ടും പക്ഷേ, ഒരു ക്ഷമാപണ വിലാപത്തിന്റെ കേവല ദൈർഘ്യത്തിൽ അവൾക്കെന്റെ കലിയടക്കാനായി. ഹേമക്ക് ശരിക്കുമറിയാം ഈ തളിരിത ഹൃദയന്റെ ദൗർബല്യം എന്താണെന്ന്. പിറ്റേന്നു മുതൽ ലഹരി എന്റെ പതിവുകാരനായി. ബീഡിച്ചുരുളിൽ കഞ്ചാവ് പുകഞ്ഞു.
നാളുകൾ നീങ്ങവേ അവളിൽ നിന്നും അവളുടെ ബന്ധുക്കളിൽ നിന്നും വലിയ അകൽച്ച അനുഭവപ്പെട്ടു തുടങ്ങി. ചതിക്കപ്പെട്ട വേദനയാൽ ഇടനെഞ്ചിലെ ലോഹകുണ്ഡത്തിൽ കനലുകൾ തിളയ്ക്കുമ്പോഴും ഹേമയെ സംതൃപ്തയാക്കാൻ എല്ലാ വഴികളും ഞാൻ നോക്കിയിരുന്നു.
എന്നിട്ടും പലപ്പോഴും അവളുടെ അവഗണന. പരിഹാസം. കറുത്തവനും കഴിവുകെട്ടവനെന്നുമുള്ള ആക്ഷേപം.
ഹേമയുടെ കുടുംബത്തിലെ ഉന്നത ഉദ്യോഗമുള്ളവർക്കു മുമ്പിൽ കൊല്ലക്കുടിലിലെ കാശിനു കൊള്ളാത്ത അളിയനായി പിന്നെ ഞാൻ.
കുട്ടിക്കാലം മുതൽക്കെ എല്ലാവരാലും ഒറ്റപ്പെട്ടവനും പരിഹാസ പാത്രവുമായിരുന്ന എനിക്ക് ഭാര്യയും ഇതേ രീതി തുടർന്നപ്പോൾ സഹിക്കാതെയായി. അന്യപുരുഷന്മാരുമായി താരതമ്യം ചെയ്തു കളിയാക്കുന്നത് ഹേമക്ക് മറ്റു പുരുഷൻമാരുമായി അവിഹിത ബന്ധം ഉള്ളതു കൊണ്ടാണ് എന്ന എന്റെ തോന്നലുകൾക്ക് കനം വെച്ച് തുടങ്ങി.
പതുക്കെ പതുക്കെ എന്റെ തലയിൽ ചാത്തന്മാർ കൂട് കൂട്ടിത്തുടങ്ങിയിരുന്നു. ഊട്ടിത്തീർത്ത്, പരുവപ്പെടുത്തി വെച്ച ആയുധങ്ങൾ ഒരുപാടുണ്ട് ആലയിൽ. സംശയത്തിന്റെ കനലുകൾ മനസ്സിൽ ആറാതെ നീറിയപ്പോൾ, ആ നെരിപ്പോടിൽ ഭാര്യയ്ക്കായി ഒരു കൊടുവാൾ ഞാൻ ചുട്ടെടുത്തു.
പകയുടെ ചാണക്കല്ലിൽ രാകി മിനുക്കിയ ആ ആയുധംകൊണ്ട് ഒരവസരത്തിനായി കാത്തിരുന്നു. ഒരു ഡിസംബറിലെ തണുത്ത രാക്കാറ്റിൽ മുറ്റത്തെ ചാക്കുകട്ടിലിലിരുന്ന് ഞാൻ ലഹരി കൊള്ളുകയായിരുന്നു. അവൾ തന്നെയാണ് തുടങ്ങി വെച്ചത്. കുറ്റപ്പെടുത്തൽ കലാപമായി.
കള്ള് കയറിയ കാള രാത്രിയിൽ കലഹം കൈവിട്ടു പോയി.
ചതിച്ചു പോയ ബന്ധുവുമായി താരതമ്യം ചെയ്തു ഹേമനടത്തിയ ഒരു വെല്ലുവിളി. കൊത്തുളി പോലെ അത് വന്നു തറച്ചത് എന്റെ പൗരുഷത്തിലായിരുന്നു. ചാണയിൽ മല്ലിട്ട് ദാഹാർത്തമായിക്കിടക്കുന്ന ആയുധപ്പുരയിലൂടെ ഒരു കൊടുങ്കാറ്റ് ചീറി.
അത് തീർന്നപ്പോഴേക്കും ഹേമയുടെ പിടച്ചിലും തീർന്നു. വലിയ നിലവിളികൾ ഉണ്ടായില്ല, നേർത്ത ഞരക്കങ്ങൾ മാത്രം. കഴുത്തിലെ കൊഴു കൊഴുത്ത ചോര വീണ് ചാക്കുകട്ടിൽ കുതിർന്നു. പാട്ട വിളക്കിൽ നിന്ന് കൊളുത്തിയ ഒരു ബീഡിയുടെ അവസാന പുകയും അവളുടെ മിഴിഞ്ഞ കണ്ണുകളിലേക്ക് ഊതി വിട്ട് ഞാൻ തിരിഞ്ഞു. കലിയടങ്ങാതെ ചോരയിറ്റു വീഴുന്ന കൊടുവാൾ വീണ്ടും ഉയർന്നു.
പിന്നെ, വരാന്തയിൽ വന്നിരുന്ന് വീണ്ടും അടുത്ത ബീഡിക്കു തീ കൊളുത്തി. അൽപനേരം ആ ഇരിപ്പ് തുടർന്നു. ഒടുവിൽ, എണീറ്റു വന്നു കയ്യും മുഖവും കഴുകി പോലീസിനെ തേടി നടന്നു....
സങ്കടങ്ങളുടെ കനൽ പുരയിലിരുന്ന് അമൽ ദേവ് ഓർമകൾക്കു ചിന്തേരിട്ടു. തുടർന്ന് ആശ്വസിക്കാനെന്നോണം സ്വയംപറഞ്ഞു.
നിവൃത്തികേട് കൊണ്ടു ചെയ്തു പോയതാ ഭായീ … പരപുരുഷബന്ധത്തെക്കാൾ അസഹനീയമായിരുന്നു എനിക്ക് അവളിൽ നിന്നുള്ള വ്യക്തിഹത്യ. അത്രമേൽ ആഴത്തിൽ മുറിവേറ്റിരുന്നു ആ ഇടിച്ചു താഴ്ത്തൽ.
കുറ്റബോധം ചിറപൊട്ടി ഒഴുകുന്ന അയാളുടെ കണ്ണുകളിൽ നിന്ന് ദൃഷ്ടിയെടുത്ത് ഞാൻ ചക്രവാളത്തിലേക്ക് നോക്കി. ഹോമകുണ്ഡം കണക്കെ ജ്വലിക്കുന്ന ഭൂമി. പടിഞ്ഞാറ്റയിൽ നിന്നു പോക്കുവെയിൽ അസ്തമനാങ്കുരം ഊരിയെടുക്കുന്നു. എനിക്ക് തിരക്കുണ്ട്. പക്ഷേ അയാൾക്കിനിയും എന്നോട് പെയ്തു തീരാനുമുണ്ട്. എന്നാലും ഞാൻ ഇടപെട്ടു.
''എങ്കിൽ അവളെ ഉപേക്ഷിച്ചു പൊയ്ക്കൂടായിരുന്നോ?'' എന്റെ ചോദ്യത്തിനുമേൽ അമൽ ദേവ് വീണ്ടും ദുർബലനായി. ഒരു മൂകതക്ക് ശേഷം അയാൾ തുടർന്നു.നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസ്സിലാകില്ല ഭായീ.... അത്രയ്ക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്കെന്റെ ഹേമയെ.
അമൽ ദേവിന് മാനസിക രോഗമാണെന്ന് വിചാരിക്കുന്നവർ ഉണ്ടാവും.
താങ്കൾ പത്രക്കാരനല്ലേ. നിരവധി ആളുകളെ കാണുന്ന ആളല്ലേ. എങ്കിൽ പറയൂ... കുട്ടിയുണ്ടാകാത്തതിന്റെ കുറ്റം സ്വയം ഏറ്റെടുത്തത് എന്റെ ഭ്രാന്താണോ?
ഭാര്യയോടൊപ്പം മറ്റൊരാളെ കണ്ടെത്തിയിട്ടും ക്ഷമിച്ചു പോയത് എന്റെ ഭ്രാന്താണോ?
ദയാരഹിതമായ സംസാരങ്ങളും ആക്ഷേപങ്ങളും ക്ഷമിച്ചു ക്ഷമിച്ചു എന്റെ പൗരുഷം ലഹരിയിൽ ഉടഞ്ഞു പോയതും ഭ്രാന്താണോ?
പറയൂ ഭായീ...
അവളോടുള്ള അദമ്യമായ അനുരാഗത്താൽ എല്ലാം മറച്ചു വെച്ചതല്ലേ എന്റെ ദുരന്തം? ഈ പുണ്യഭൂമിയിൽ ഇപ്പോഴുമെന്റെ പ്രാർഥന എന്താണെന്നറിയുമോ നിങ്ങൾക്ക്? ഭഗവാൻ, അടുത്ത ജന്മത്തിലും എന്റെ ഹേമയെ എനിക്കുതന്നെ തരണമെന്ന്. പൂക്കാത്ത ഗർഭ പാത്രത്താൽ പിറവികൊണ്ടാലും, എന്റെ ഹേമയെ ഇനിയും എനിക്കുതന്നെ വേണമെന്ന്...
ഓ...ദൈവമേ...
അയാൾ നെഞ്ചോട് ചേർത്ത പ്രിയതമയുടെ ചിത്രത്തിലേക്ക് രണ്ടിറ്റു മിഴിനീർ പൂക്കൾ ഞെട്ടറ്റു വീണു. അത് അമൽ ദേവിന്റെ കണ്ണുനീരായിരുന്നില്ല. അയാളുടെ കരള് കടഞ്ഞ ചോരയായിരുന്നു.