'ദുർനടപ്പുകാരിയാക്കി മുദ്രകുത്തി', അവളിലെ നന്മ മനസ്സിലായപ്പോൾ ബഹുമാനം തോന്നി
കണ്ണിൽ തെളിയുന്നത്, ഈ സ്ത്രീയുടെ നിസ്കാരപ്പായയിൽ ചുരുട്ടി വെച്ച വെളുത്ത നിസ്കാരക്കുപ്പായത്തിന്റെ മിനുസത്തിൽ മയങ്ങിയുറങ്ങുന്ന പൂച്ചക്കുട്ടിയായിരുന്നു. വിശപ്പും വിരഹവും തളർത്തിയ നിസ്സഹായതയിൽ ഒരു നിയോഗമായി ഈ ഉമ്മ നൽകിയ സാന്ത്വനവും ലാളനയും ചൂടും കിട്ടിയപ്പോൾ സുഖമായി മയങ്ങുന്ന കുഞ്ഞുപൂച്ചക്കുട്ടി.
കണ്ണിൽ തെളിയുന്നത്, ഈ സ്ത്രീയുടെ നിസ്കാരപ്പായയിൽ ചുരുട്ടി വെച്ച വെളുത്ത നിസ്കാരക്കുപ്പായത്തിന്റെ മിനുസത്തിൽ മയങ്ങിയുറങ്ങുന്ന പൂച്ചക്കുട്ടിയായിരുന്നു. വിശപ്പും വിരഹവും തളർത്തിയ നിസ്സഹായതയിൽ ഒരു നിയോഗമായി ഈ ഉമ്മ നൽകിയ സാന്ത്വനവും ലാളനയും ചൂടും കിട്ടിയപ്പോൾ സുഖമായി മയങ്ങുന്ന കുഞ്ഞുപൂച്ചക്കുട്ടി.
കണ്ണിൽ തെളിയുന്നത്, ഈ സ്ത്രീയുടെ നിസ്കാരപ്പായയിൽ ചുരുട്ടി വെച്ച വെളുത്ത നിസ്കാരക്കുപ്പായത്തിന്റെ മിനുസത്തിൽ മയങ്ങിയുറങ്ങുന്ന പൂച്ചക്കുട്ടിയായിരുന്നു. വിശപ്പും വിരഹവും തളർത്തിയ നിസ്സഹായതയിൽ ഒരു നിയോഗമായി ഈ ഉമ്മ നൽകിയ സാന്ത്വനവും ലാളനയും ചൂടും കിട്ടിയപ്പോൾ സുഖമായി മയങ്ങുന്ന കുഞ്ഞുപൂച്ചക്കുട്ടി.
എന്താണാവോ ഇന്ന് ബസ്സിൽ സാധാരണ പോലെയുള്ള തിരക്കില്ലായിരുന്നു, പതിവ് ബസ്സിൽ സ്ഥിരമായി കാണുന്ന മുഖങ്ങളിൽ പലതും ഇന്ന് കണ്ടതുമില്ല. വന്നിറങ്ങിയപ്പോൾ ചെറിയ തണുപ്പുള്ളത് പോലെ തോന്നി. എന്തോ ഒരു ഉന്മേഷക്കുറവ് മൊത്തത്തിൽ അനുഭവപ്പെടുന്നുവോ. മനസ്സിൽ ശങ്കയോടെയാണ് ബാഗിൽ നിന്ന് താക്കോലെടുത്ത് പൂട്ട് തുറന്ന് ഷട്ടർ വലിച്ചുയർത്തിയത്. സ്വിച്ച് ഇട്ടപ്പോൾ കടമുറിയിൽ തെളിഞ്ഞ വെളിച്ചം മനസ്സിലേക്കും പതിയെ പരന്നൊഴുകി. കംപ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തു, പൊടി തട്ടുന്ന തുണിയെടുത്ത് ഉയരമുള്ള മേശപ്പുറത്ത് മൊത്തത്തിലൊന്ന് തട്ടിത്തുടച്ചു. ചില്ലലമാരയിൽ പറ്റിപ്പിടിച്ച പൊടി പതുക്കെ തുടക്കുമ്പോഴാണ് വലിയ ശബ്ദത്തിൽ ഹോൺ അടിച്ച് ഒരു ബസ്സ് ചീറിപ്പാഞ്ഞ് പോയത്. ഹൌ.. എന്താ ദ് എന്ന് ചിന്തിച്ച് തിരിഞ്ഞ് നോക്കിയപ്പോഴാണ് റോഡ് മുറിച്ച് കടന്ന് കിതച്ച് കൊണ്ട് ഒരു സ്ത്രീ ഓടി വരുന്നത് കണ്ടത്. ഇങ്ങോട്ട് തന്നെയാണോ.. ഹെയ്.. ആവില്ല, ഇത്ര നേരത്തെ ആരെത്താനാ.. ആദ്യ കാലം തൊട്ടെ അനിവാര്യ സേവനമായി കണക്കാക്കുന്ന ചായക്കടയും ആധുനിക കാലത്തെ അത്യാവശ്യമായ മെഡിക്കൽ ലബോറട്ടറിയുമൊക്കെയേ തുറന്നിട്ടുള്ളൂ, വയറും മനസ്സും ചൂടാക്കാനായി പതിവ് കാലിച്ചായ ഒരു കൂട്ടർക്ക്, രക്ത പരിശോധനക്കാനായി പുലർക്കാലം തൊട്ട് നോമ്പ് നോറ്റിരിക്കുന്നവർക്ക് ലാബും. പരിശോധനക്കുള്ള രക്തമെടുത്ത് കഴിഞ്ഞാൽ കൈമടക്കിൽ പഞ്ഞി വെച്ചമർത്തിപ്പിടിച്ച് ആളുകൾ ചായക്കടയിലേക്ക് പോകുന്ന ധൃതിപ്പെട്ട ഒരു പോക്കുണ്ട്, പലപ്പോഴും വല്ലാത്ത ചിരിക്ക് വക നൽകുന്നതാണത്.
ആളിങ്ങോട്ട് തന്നെയാണല്ലോ, തന്നെ.. ചെറുതായി കിതക്കുന്നത് പോലെ, ഇളം തണുപ്പിനെ ഇക്കിളിയാക്കി വരുന്ന സൂര്യകിരണങ്ങൾ തട്ടിയതിന്റെയല്ല, നടത്തം വേഗത കൂടിയത് കൊണ്ടാവാം മുഖത്ത് വിയർപ്പ് പൊടിഞ്ഞിരിക്കുന്നു. കണ്ടും കേട്ടും പരിചയമുള്ളയാൾ തന്നെ. ജീവിത സാഹചര്യം ആളെ ഒറ്റത്തടിയാക്കി. നിശകളിൽ വാതിലിൽ മുട്ടി വിരൽ തേഞ്ഞ സദാചാരത്തിന്റെ മുഖംമൂടികൾ പകലിൽ ആളെ ദുർനടപ്പുകാരിയാക്കി മുദ്രകുത്തി. തലയിണക്കടിയിലെ വെട്ടുകത്തിയിൽ രാത്രിയിലും ഇരുതല മൂർച്ചയുള്ള നാക്കിൽ പകലിലും സ്വയം സുരക്ഷ പണിതയാളെ പതിവ് പോലെ നാട്ടുകാർ മൂന്നാം കണ്ണിനും അപ്പുറം അകറ്റി നിർത്തി. കാപട്യതയുടെ കല്ലേറുകളെ വകഞ്ഞ് മാറ്റി ജീവിതത്തിന്റെ പോരാട്ട വീഥിയിൽ സ്ഥൈര്യത്തോടെ നിലയുറപ്പിച്ച അബല സ്ത്രീ സമൂഹം പറഞ്ഞ് വെച്ച കളവുകളുടെ മതിൽക്കെട്ടുകളെ മറികടന്നാണ് ഒറ്റയാൾ ജീവിതം നയിക്കുന്നത്. കത്തുന്ന കണ്ണും ഉറച്ച മനസ്സും എന്നത് പലപ്പോഴും മേലങ്കിയാണെന്ന് അറിയുന്നത് അത്തരക്കാർ മനസ്സ് തുറക്കുമ്പോഴാണ്. സംസാരിച്ചിട്ടുണ്ട്, പലപ്പോഴും. ഉള്ളിലെരിയുന്ന കനലും ഉള്ളം നനക്കുന്ന നോവും പലപ്പോഴും തിരിച്ചറിഞ്ഞിട്ടുമുണ്ട്.
"എന്തേ പറ്റീ, ഇത്ര നേരത്തെ.." "പിന്നേയ്... എനിക്കൊരു സാധനം വേണം, അതിനാണ്," സംസാരത്തിലും കിതപ്പിന്റെ അലയുണ്ട്. "ന്താപ്പൊ വേണ്ടത്." "ചെറിയ കുട്ടികൾക്ക് മരുന്ന് കൊടുക്കുന്ന ഫില്ലർ ഒന്ന് കിട്ടിയാൽ തരക്കേടില്ലായിരുന്നു." "അതിപ്പൊ എന്തിനാ ഈ രാവിലെ നേരത്ത്. ന്താണ് കാര്യം.." ചോദിച്ച സാധനം കൊടുക്കാൻ കാര്യമറിയണമെന്ന നിയമമുള്ളത് കൊണ്ടല്ല, ആളുടെ വരവിലും ചോദ്യത്തിലും എന്തോ അതിശയമുണ്ടെന്ന് തോന്നിയത് കൊണ്ടാണ് ചോദിച്ചത്. "അത് പിന്നെയ്..." ആളൊന്ന് പരുങ്ങി. "ഹം, ന്തേ.. സാധനം ഞാൻ തരാം, ങ്ങള് കാര്യം പറയിൻ.." "ന്റൊരു പൂച്ചക്കുട്ടിക്ക് പാൽ കൊടുക്കാനാണ്." "ആഹാാ," കേൾക്കാൻ താൽപര്യം കൂടി.. പൂച്ചക്കും കാക്കക്കുമൊക്കെ പുലരി വെട്ടത്തിൽ സ്ഥിരമായി കഴിക്കാൻ കൊടുക്കുന്നയാളാണല്ലോ താനും. "അതേയ്.. പിന്നേയ്.." കിതപ്പൊടുങ്ങിയ മധ്യവയസ്ക പറഞ്ഞു തുടങ്ങി. വലിയ മനസ്സും മനസ്സിൽ നിറയെ നന്മയുമുള്ളവരാണെന്ന് തോന്നിയവർക്ക് മുന്നിൽ മനസ്സ് തുറക്കാൻ മടിയുള്ളവരുണ്ടാവില്ല, മനസ്സിനെ ഉരുക്കിന്റെ പൂട്ടിട്ട് പൂട്ടിയവരാണെങ്കിൽ പോലും. "മിനിഞ്ഞാന്ന് വൈകിട്ട് രണ്ട് പൂച്ചക്കുട്ടികളെ കണ്ടിരുന്നു ട്ടോ അടുക്കളപ്പുറത്തെ വിറകിന്റെ കൂട്ടിൽ. തള്ളപ്പൂച്ച കൊണ്ട് വന്നിട്ടതാവും. കണ്ണും കൂടി കീറിയിട്ടില്ല. ഒന്ന് ചത്തൂന്ന് തോന്നണുണ്ട്, പിന്നെ കണ്ടില്ല. രാത്രി തള്ളയെത്തിയിട്ടില്ലാന്നാണ് തോന്നുന്നത്, ഇത് വല്ലാത്ത കരച്ചിലായിരുന്നു." സാകൂതം കേട്ട് നിൽക്കുന്ന തനിക്ക് മുന്നിൽ വല്ലാത്ത ആവേശത്തോടെ പറയുകയാണവർ.
"രാവിലെ നിസ്കാരം കഴിഞ്ഞ് എളുപ്പം എണീറ്റ്ട്ട് കുപ്പായം ഉയർത്തിക്കുത്തി ചെന്ന് നോക്കുമ്പോഴുണ്ട് അത് ആകെ മണ്ണും ചളിയും പുരണ്ട കോലത്തിൽ കിടക്കുന്നു, എനിക്കത് കണ്ടിട്ട് വല്ലാതെയായി. ഞാനതിനെ എടുത്ത് വെള്ളം തൊട്ട് തുടച്ച് വൃത്തിയാക്കി, വിശന്നിട്ട് ആകെ ഒട്ടിപ്പിടിച്ച വയർ കണ്ടപ്പോ ബിസ്കറ്റ് നനച്ച് അലിയിച്ച് കൊടുത്തു നോക്കി. അതിന് കഴിക്കാൻ പറ്റുന്നില്ല, കണ്ണ് പോലും കീറിയിട്ടില്ലാത്ത കുഞ്ഞുകുട്ടിയല്ലേ." "ന്റെ ദൈവമേ.." അവരൊന്ന് ശ്വാസമെടുത്തപ്പോൾ അറിയാതെ താടിയിൽ കൈകുത്തി തലയാട്ടി ദൈവത്തെ വിളിച്ചു പോയി.. "തള്ളയുടെ മുലപ്പാല് കിട്ടാതെ എങ്ങിനെയാണ്. വെറും മണ്ണിൽ കിടന്നതും നനച്ച് തുടച്ചതുമായപ്പോൾ അത് വല്ലാതെ വിറക്കുന്നു. പാവം. നിസ്കാരപ്പായ മടക്കി വെച്ചിട്ടില്ലായിരുന്നു ഞാൻ, നിസ്കാരം കഴിഞ്ഞ ഉടനെ ചൊല്ലാനും പറയാനും പ്രാർഥിക്കാനുമൊക്കെയുള്ളത് ചെയ്തിട്ടുമില്ലല്ലോ. തണുത്ത് വിറച്ച പൂച്ചക്കുട്ടിയെ എടുത്ത് നിസ്കാരപ്പായയിൽ കിടന്നു ഞാൻ, പതുക്കെ മാറിലേക്ക് ചേർത്ത് വച്ചപ്പോൾ കിട്ടിയ ചെറിയ ചൂടിൽ അതിന് നല്ല സുഖം കിട്ടിയിട്ടുണ്ടാവും, പതുക്കെ ഉറങ്ങി പാവം. ഇപ്പൊ അത് നല്ല ഉറക്കാണ്, അപ്പോ ഞാൻ ഓടിപ്പോന്നതാ.. ഇങ്ങളുടെ അടുത്ത് ന്ന് ഫില്ലറ് കിട്ടിയാൽ അതിലൂടെ അതിന് പാല് കൊടുക്കാൻ പറ്റുമോന്ന് നോക്കാനാണ്.."
അവർ പറഞ്ഞ് തീർത്തത് കേട്ട് നിന്നപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു താൻ, റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ ഹോൺ ശബ്ദം ചെവിയിൽ അറിയുന്നേയില്ലാത്ത പോലെ.. കിഴക്ക് സൂര്യൻ ഉയർന്ന് വന്ന് പരത്തുന്ന ചൂടും വെയിലും ഒന്നും അറിയുന്നുണ്ടായിരുന്നില്ല. പകരം കണ്ണിൽ തെളിയുന്നത്, ഈ സ്ത്രീയുടെ നിസ്കാരപ്പായയിൽ ചുരുട്ടി വെച്ച വെളുത്ത നിസ്കാരക്കുപ്പായത്തിന്റെ മിനുസത്തിൽ മയങ്ങിയുറങ്ങുന്ന പൂച്ചക്കുട്ടിയായിരുന്നു. വിശപ്പും വിരഹവും തളർത്തിയ നിസ്സഹായതയിൽ ഒരു നിയോഗമായി ഈ ഉമ്മ നൽകിയ സാന്ത്വനവും ലാളനയും ചൂടും കിട്ടിയപ്പോൾ സുഖമായി മയങ്ങുന്ന കുഞ്ഞുപൂച്ചക്കുട്ടി. താനും മാറുകയായിരുന്നു, കണ്ണ് കീറാത്ത പൂച്ചക്കുട്ടിയെ എടുത്ത് ലാളിച്ച ഉമ്മയെ പോലെ.. താനും ആവുകയായിരുന്നു, ഹതാശയനായ പൂച്ചക്കുട്ടിക്ക് പാല് കൊടുക്കാൻ വെമ്പുന്ന പോറ്റമ്മയെ പോലെ.. പെട്ടെന്ന് തപ്പി, കൈയിൽ തടഞ്ഞ രണ്ട് മൂന്ന് ഫില്ലറുകൾ എടുത്ത് നൽകി. പൂച്ചക്കുട്ടി ഉണർന്ന് കരയും മുമ്പേ ഫില്ലറും പാലും തയാറാക്കാൻ തത്രപ്പെടുന്ന ഉമ്മയോട് മത്സരിക്കുന്നെന്ന പ്രതീതിയിൽ.. ന്നാ ശരി ട്ടോ, ഞാനിറങ്ങട്ടെ, ഉമ്മയുടെ വാക്കുകൾ ചെവിയിലെത്തുമ്പോഴും അവർ റോഡ് മുറിച്ച് കടന്ന് നടന്നകലുമ്പോഴും ആ പൂച്ചക്കുട്ടിയൊരു നനുത്ത ചിത്രമായി മനസ്സിൽ നിറയുകയായിരുന്നു.
വേശ്യാവൃത്തി സ്വയം തൊഴിലായെടുത്തതിനാൽ രാത്രിയിൽ ഉപയോഗിക്കപ്പെടുകയും പകലിൽ വിളിച്ചാക്ഷേപിക്കപ്പെടുകയും ചെയ്തൊരു സ്ത്രീയുണ്ടത്രെ ചരിത്രത്തിൽ. എവിടെയോ വായിച്ചതോർക്കുന്നു. ദാഹിച്ച് വലഞ്ഞ നായക്ക് ദുപ്പട്ടയൂരി അതിൽ ചെരുപ്പ് കെട്ടി വെള്ളം കോരി ദാഹമകറ്റി നൽകിയതിനാൽ സർവ്വ പാപമുക്തയായി സ്വർഗസ്ഥയായവർ. ചരിത്രം കാലങ്ങളെ അടയാളപ്പെടുത്താനായി ചിലരെ തിരഞ്ഞെടുക്കും. മനുഷ്യത്വത്തിന്റെ പുറം തോട് മാത്രമണിഞ്ഞ അകം ശൂന്യരായ പകൽ മാന്യർക്ക് നന്മയുടെ മിന്നാമിനുങ്ങ് വെട്ടം തെളിയിച്ച് നൽകാനായി ചരിത്രം പുനരവതരിപ്പിക്കും ചിലരെ. ഇവിടെ, നാട്ടുകാർ ഒന്നടങ്കം സ്വഭാവദൂഷ്യം ചാർത്തി പൊതുമണ്ഡലത്തിൽ മോശമാക്കി ചിത്രീകരിച്ച ഒരു സ്ത്രീ വെറുമൊരു പൂച്ചക്കുട്ടിയുടെ കാര്യത്തിൽ കാണിച്ച വേവലാതിയും ശുഷ്കാന്തിയും ചരിത്രത്തിന്റെ തനിയാവർത്തനം എന്നല്ലാതെ വേറെന്ത് തരത്തിലാണ് വരവ് വെക്കേണ്ടത്. അവരെക്കാൾ മനഃശുദ്ധിയുള്ള ആരെ കണ്ടെത്താനാവും ഈ സമൂഹത്തിൽ.
'ഇങ്ങളെന്താ കുട്ട്യേ, രാവിലെ തന്നെ കിനാവ് കാണുകയാണോ..' ശബ്ദം കേട്ട് നോക്കിയപ്പോൾ പതിവായി വന്ന് കുശുമ്പ് വർത്തമാനം പറഞ്ഞ് ശുണ്ഠി പിടിപ്പിക്കുന്ന ചായക്കടക്കാരൻ കാക്ക.. ഒന്ന് പോയിൻ കാക്കാ, ഇങ്ങള് ഇത്ര നേരത്തെ തന്നെ മനുഷ്യനെ കളിയാക്കാൻ തുടങ്ങിയോ.. ഒരു നിശ്വാസത്തോടെ തിരിഞ്ഞു തോളിലെ ഷോൾ ഒന്ന് വലിച്ചിട്ട് കുനിഞ്ഞ് കമ്പ്യൂട്ടറിൽ കോഡ് നമ്പർ കൊടുത്ത് തുറന്നപ്പോൾ സ്ക്രീനിൽ തെളിഞ്ഞ് വന്നത് ഒരു സുന്ദരൻ പൂച്ചക്കുട്ടി. ഇന്നലെ രാത്രി മുതലാളി മാറ്റിയിട്ട് പോയതാവും. തുറന്ന് വികസിച്ച കണ്ണുകളും അത്ഭുതം കൂറിയ മനസ്സും പരസ്പരം കോർത്ത് പിടിച്ച നേരത്തും മനസ്സിൽ വല്ലാത്ത ആഹ്ലാദം തോന്നി. ചരിത്രനിയോഗത്തിന്റെ പ്രതിരൂപത്തെ നേരിൽ കണ്ട കോൾമയിൽ കസേരയിൽ ഇരുന്നപ്പോൾ ഒരു മൂളിപ്പാട്ട് രാഗം അറിയാതെ ചുണ്ടിൽ വന്നുതിർന്നു...