രക്ഷപ്പെട്ട ഇരയെ തേടി കൊലപാതകി വരുന്നു, മരണം കാത്ത് പെൺകുട്ടി
അയാളുടെ രൂപം ശ്രദ്ധിച്ചു. നീല ടീ ഷർട്ട്. തലമുടി നീട്ടി വളർത്തിയിരിക്കുന്നു. ക്ലീൻ ഷേവാണ്. പോസ്റ്റിലെ വെളിച്ചത്തിൽ അയാളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു. അയാളൊരു മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു. വാൻ, മെയിൻ റോഡിൽ നിന്നൊരു ചെറിയ വഴിയിലേക്ക് കയറിയിരുന്നു.
അയാളുടെ രൂപം ശ്രദ്ധിച്ചു. നീല ടീ ഷർട്ട്. തലമുടി നീട്ടി വളർത്തിയിരിക്കുന്നു. ക്ലീൻ ഷേവാണ്. പോസ്റ്റിലെ വെളിച്ചത്തിൽ അയാളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു. അയാളൊരു മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു. വാൻ, മെയിൻ റോഡിൽ നിന്നൊരു ചെറിയ വഴിയിലേക്ക് കയറിയിരുന്നു.
അയാളുടെ രൂപം ശ്രദ്ധിച്ചു. നീല ടീ ഷർട്ട്. തലമുടി നീട്ടി വളർത്തിയിരിക്കുന്നു. ക്ലീൻ ഷേവാണ്. പോസ്റ്റിലെ വെളിച്ചത്തിൽ അയാളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു. അയാളൊരു മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു. വാൻ, മെയിൻ റോഡിൽ നിന്നൊരു ചെറിയ വഴിയിലേക്ക് കയറിയിരുന്നു.
ടി വി യിൽ ഫ്ലാഷ് ന്യൂസായി ആ വാർത്ത വന്നുകൊണ്ടിരുന്നു. ഇനി ഏതു നിമിഷവും അവൻ, എന്നെത്തേടിയെത്തും. കാരണം! ഞാൻ മാത്രമായിരുന്നു അവനിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്. 'ഞാൻ, റൂഹാനി. രണ്ടായിരത്തിപ്പതിനേഴ്, ഏപ്രിൽ ഒൻപത്, അന്നെനിക്കൊരു ഇന്റർവ്യൂ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു. അതുവരെയുള്ള യാത്ര, ഒരു പെൺകുട്ടി ഒറ്റയ്ക്ക് പോകാൻ ഉപ്പ സമ്മതിച്ചില്ല. ഉപ്പയും കൂടെ വന്നു. തിരുവനന്തപുരം, റെയിൽവെ സ്റ്റേഷനിലിറങ്ങിയപ്പോൾ നിറയെ പൊലീസുകാർ. നന്ദൻകോട് ഒരു വീട്ടിൽ നാലുപേരെ വെട്ടിക്കൊന്നു ചുട്ടെരിച്ചെന്ന് വാർത്ത. കൊല്ലപ്പെട്ട ദമ്പതികളുടെ മകനായ കേദർ ജിൻസൻ രാജയെ പൊലീസ് അന്വേഷിക്കുന്നു. സ്വന്തം അച്ഛനെയും, അമ്മയെയും, സഹോദരിയെയും, മുത്തശ്ശിയെയും വീട്ടിനുള്ളിലിട്ട് വെട്ടിക്കൊന്നു ശവങ്ങൾ ചുട്ടെരിക്കാനായാണ് ശ്രമിച്ചിരിക്കുന്നത്. കൊലപാതകത്തിനു ശേഷം അവൻ നാടുവിട്ടിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ അവൻ കയറിയിട്ടുണ്ടെന്ന് കണ്ടെത്തി. സി സി ടി വി യിൽ നിന്നു ലഭിച്ച അവന്റെ ചിത്രവുമായി പൊലീസുകാർ കാത്തു നിന്നു. നീല ടീ ഷർട്ട്, നീട്ടി വളർത്തിയ തലമുടി, ക്ലീൻ ഷേവ്, പുഞ്ചിരിക്കുന്ന മുഖം. അതായിരുന്നു ചിത്രം.
ദീർഘനേരമായുള്ള യാത്രയിൽ ഉപ്പ തളർന്നിരുന്നു. മെലിഞ്ഞ വിരലുകൾ കൊണ്ട് എന്റെ കൈകളിൽ മുറുകെ പിടിച്ചു തിരക്കിനിടയിൽ നിന്ന് പുറത്തിറങ്ങി. വെയിൽ കടുത്തു തുടങ്ങി. തലയിൽ നിന്നൂർന്നുപോയ തട്ടം ഞാൻ നേരെയിട്ടു. ഇന്റർവ്യൂവിനുള്ള സ്ഥലം, തുമ്പ ഐ എസ് ആർ ഒ കുറച്ച് ദൂരമുണ്ട്. ഇന്റർവ്യൂവിനുള്ള സമയമാകുന്നു. ബസ് നോക്കി നിൽക്കാൻ നേരമില്ല. ഓട്ടോയിൽ ഞങ്ങൾ യാത്ര തുടർന്നു. ഇന്റർവ്യൂ ഉച്ചയ്ക്ക് ശേഷമായിരുന്നു. കഴിഞ്ഞിറങ്ങിയപ്പോൾ വൈകുന്നേരമായി. വിജനമായ റോഡ്. 'ഈ സമയത്ത് ഇവിടെല്ലാം ഇങ്ങനെയാണോ' ചിന്തിച്ചു നിൽക്കുമ്പോഴാണ് അവൻ വന്നു പരിചയപ്പെടുന്നത്. 'അദ്വൈത് എന്നാണ് പേര്. റൂഹാനിയോടൊപ്പം ഞാൻ കോളജിൽ പഠിച്ചിട്ടുണ്ട്.' അവൻ പറഞ്ഞു. ശരിയാണ് പേരുകേട്ടപ്പോൾ എനിക്കവനെ മനസ്സിലായി. രൂപം ഒക്കെ മാറിയിരിക്കുന്നു. അവനാണ് പറഞ്ഞത് 'പെട്ടെന്നൊരു ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നു. വടക്കേ ഇന്ത്യയിലൊരു പെണ്ണിനെ ചിലർ കൂട്ടം ചേർന്ന് പീഡിപ്പിച്ചെന്ന്. ഒരു കബർസ്ഥാനിൽ വച്ചാണത് സംഭവിച്ചത്. അതിനെ തുടർന്ന് കലാപമുണ്ടായി. രാഷ്ട്രീയപ്പാർട്ടിക്കാർ ചേരിതിരിഞ്ഞ് രണ്ടു ദിവസത്തെ ഹർത്താൽ പ്രഖ്യാപിച്ചു. ഞാനും, ഉപ്പയും എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായവസ്ഥയിലായി. ''വിഷമിക്കണ്ട. നമുക്ക് കുറച്ച് നടക്കാം. ഇവിടെ അടുത്തൊരു റെയിൽവെ സ്റ്റേഷനുണ്ട്. അവിടെന്നു ഏതേലും വണ്ടി കിട്ടും. അതിൽ തിരുവനന്തപുരത്തെത്താം. അവിടെത്തിയാൽ പിന്നെ പേടിക്കണ്ട. ഹർത്താൽ കഴിയുമ്പോൾ ട്രെയിനുണ്ടാകും. നമുക്കതിൽ പോകാം. ഞാൻ കൊല്ലം വരെയുണ്ടാകും.'' അവൻ പറഞ്ഞു.
റെയിൽവെസ്റ്റേഷൻ വരെ നടന്നെത്തിയപ്പോൾ ഇരുട്ടു വീണിരുന്നു. റോഡിലെങ്ങും ഒരു വാഹനവും കടന്നു പോയിരുന്നില്ല. ട്രെയിനുകളെല്ലാം വൈകിയാണോടുന്നത്. തിരികെ പോകാൻ പുലരും വരെ കാത്തിരിക്കണം. വിജനമായ റെയിൽവെ സ്റ്റേഷൻ. ഇവിടെന്ന് തമ്പാനൂർ വരെ എത്തിയാൽ സുരക്ഷിതമാണ്. ഇടയ്ക്ക് റോഡിലൂടെ ഒരു പന്തം കൊളുത്തി പ്രകടനം കടന്നു പോയി. ട്രെയിൻ പാളങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു. അകലെ നിന്ന് ട്രെയിൻ വരുന്നുണ്ട്. ശബ്ദം അടുത്തെത്തുന്നു. വേഗത കുറഞ്ഞാണത് വരുന്നത്. ട്രെയിൻ സ്റ്റേഷനിലെത്തി. സമയം, രാത്രി ഒരു മണി കഴിഞ്ഞു. ചെന്നൈയിൽ നിന്നു വന്ന ട്രെയിനാണ്. അതു കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്നു എന്നറിയിച്ചു. കുറച്ച് യാത്രക്കാരാണ് ബാക്കിയുണ്ടായിരുന്നത്. അവരെല്ലാം അവിടെ ഇറങ്ങി. പാർക്കിങ്ങിലുണ്ടായിരുന്ന വാഹനങ്ങളുമെടുത്തവർ പോയി. അൽപ്പസമയം സ്റ്റേഷൻ പരിസരം ശബ്ദമയമായി. പിന്നെ വീണ്ടും നിശബ്ദമായി. സ്റ്റേഷൻ പടിവാതിൽക്കൽ ഞങ്ങൾ മൂന്നുപേരും മാത്രമായി. പാർക്കിങ്ങിലെ മരച്ചുവട്ടിൽ നിന്നൊരു വാഹനം മടിച്ചു, മടിച്ചു സ്റ്റാർട്ടായി. വെള്ളപെയിന്റെല്ലാം മങ്ങിയ മാരുതി ഒമ്നിവാൻ. വാൻ പോർച്ചിൽ വന്നു നിന്നു.
''എങ്ങോട്ടേക്കാ?'' അതിനുള്ളിൽ ഉണ്ടായിരുന്ന ആൾ ചോദിച്ചു. ''ചേട്ടാ ഞങ്ങളെയൊന്ന് തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ വിടാമോ'' അദ്വൈത് അയാളോട് ചോദിച്ചു. വാനിലിരുന്ന ആൾ ഞങ്ങൾ മൂന്ന് പേരെയും നോക്കി. ഉപ്പ, അവശനായി പടിയിലിരിക്കുകയായിരുന്നു. ''ശരി കയറിക്കോ ഞാനവിടെ കൊണ്ടു വിടാം. യാത്രക്കിടയിൽ എനിക്കൊന്ന് വീട്ടിൽ കയറണം. അമ്മയെ കാണണം. അവരെയും കൂടെ കൂട്ടി ഒരു യാത്ര പോകാനാണ്. പോകുന്ന വഴിയിൽ നിങ്ങളെയും വിടാം.'' അയാൾ പറഞ്ഞു. ''വല്ല്യ ഉപകാരം ചേട്ടാ'' ഞങ്ങൾ മൂന്ന് പേരും വാനിൽ കയറി. വാനിനുള്ളിൽ മുഷിഞ്ഞൊരു നാറ്റമുണ്ടായിരുന്നു. സീറ്റൊക്കെ മഴപ്പിശറടിച്ച് നനവ് വീണിരുന്നു. ''തെമ്മാടിപ്പിള്ളാരാരോ ഗ്ലാസ്സ് പൊട്ടിച്ചു. മോഷ്ടിക്കാനാകണം. മഴവെള്ളം വീണ് നനഞ്ഞതാണ്.'' അയാൾ പറഞ്ഞു. ''ഈ സമയത്ത് മോനെവിടെ പോയിട്ട് വന്നതാണ്? നാടൊക്കെ ഹർത്താലാണ്. വഴിയിലാരേലും കണ്ടാൽ കൊഴപ്പാകോ മോനെ?'' ഉപ്പ ചോദിച്ചു. "പേടിക്കണ്ട. ഒന്നും സംഭവിക്കില്ല." പുഞ്ചിരിച്ചു കൊണ്ടയാൾ മറുപടി പറഞ്ഞു. ''മോന്റെ പേരെന്താ?'' ''എന്റെ പേര് കേദർ ജിൻസൺ രാജ.'' അയാൾ പറഞ്ഞു. ഉപ്പാക്ക് അയാളുടെ പേരുകേട്ടപ്പോൾ ആശ്വാസമായെന്ന് തോന്നി. മുഖത്തൊരു ധൈര്യം പ്രകടമായി. ''പട്ടാളക്കാരനാണല്ലേ? അപ്പൊ പിന്നെ ധൈര്യായി'' ഉപ്പ ആശ്വാസം പങ്കുവച്ചു.
ഞാൻ ഈ പേര് എവിടെയോ കേട്ടത് ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. അയാളുടെ രൂപം ശ്രദ്ധിച്ചു. നീല ടീ ഷർട്ട്. തലമുടി നീട്ടി വളർത്തിയിരിക്കുന്നു. ക്ലീൻ ഷേവാണ്. പോസ്റ്റിലെ വെളിച്ചത്തിൽ അയാളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു. അയാളൊരു മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു. വാൻ, മെയിൻ റോഡിൽ നിന്നൊരു ചെറിയ വഴിയിലേക്ക് കയറിയിരുന്നു. നീലപ്പെയിന്റടിച്ച ഒരു ഗേറ്റിനു മുന്നിലതു നിന്നു. വാനിന്റെ വെളിച്ചമണഞ്ഞപ്പോൾ കുറ്റാ കൂരിരുട്ടായി. നീലഗേറ്റിനിരുവശവും രണ്ടു പക്ഷികളുടെ ചിത്രങ്ങളുണ്ടായിരുന്നു. ചുറ്റിനുമുള്ള വീടുകളിലൊന്നും വെളിച്ചമില്ല. ഭയപ്പെടുത്തുന്നൊരു നിശബ്ദത പ്രകൃതിയെ പുണർന്നു നിൽക്കുന്നു. ''ഭയപ്പെടണ്ട. ഞാനൊന്നു അച്ഛനെയും, അമ്മയെയും കണ്ടിട്ട് ഇപ്പൊ വരാം. എന്നിട്ട് നിങ്ങളെ ഡ്രോപ്പ് ചെയ്യാം. നിങ്ങൾ വരുന്നോ വീട്ടിലൊന്ന് കയറിയിട്ട് പോകാം.'' രാത്രി നേരം. പരിചിതമല്ലാത്ത നാട്. മൂന്നുപേരെയും ഭയം മൂടിയിരുന്നു. ''വേണ്ട ചേട്ടാ, ചേട്ടൻ പോയിട്ട് പെട്ടെന്ന് വരൂ.'' അദ്വൈത് ആണ് മറുപടി പറഞ്ഞത്. അവന്റെ ഒച്ചയും പതറിയിരുന്നു. ഗേറ്റ് തുറന്ന് അയാൾ അകത്തേക്ക് പോയി. അയാളെത്തഴുകി വീശി വന്ന കാറ്റിലൊരു ശവം കരിഞ്ഞ നാറ്റമുണ്ടായിരുന്നു. എന്റെ സംശയം സത്യമാണോ. ഈ പേരും, രൂപവും. ബാഗിൽ നിന്നു ഞാൻ മൊബൈലെടുത്തു. ബാറ്ററിയിലെ ചാർജ്ജ് തീർന്നത് ഓഫായിരുന്നു.
''നമ്മളിതിൽ കയറിയത് അബദ്ധമാകുമോ മോനെ?'' ഉപ്പ അദ്വൈതിനോട് ചോദിച്ചു. ''ഇക്ക പേടിക്കണ്ട. ഞാനില്ലേ കൂടെ.'' അവൻ ഞങ്ങളെ ആശ്വസിപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അയാൾ വന്നു. തോളിലൊരു ചാക്ക് കെട്ടുണ്ടായിരുന്നു. അയാളത് വാനിന് പുറകിലിട്ടു. വാനിനുള്ളിലൊരു മാംസം അഴുകിയ നാറ്റം പരന്നു. ''ശരി പോകാം, അവരാരും ഇവിടില്ല. നമുക്കൊരിടത്തു കൂടെ കയറാനുണ്ട്. അവിടെ പോയവരെ കണ്ടിട്ട് നിങ്ങളെ ഡ്രോപ്പ് ചെയ്തേക്കാം.'' അയാൾ പറഞ്ഞു. ''വേണ്ട ചേട്ടാ ആദ്യം ഞങ്ങളെ കൊണ്ട് വിട് എന്നിട്ട് ചേട്ടനെവിടാന്ന് വച്ചാ പൊയ്ക്കോ'' അദ്വൈത് പറഞ്ഞു. അയാൾ മറുപടി ഒന്നും പറഞ്ഞില്ല. അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ടയാൾ വാൻ സ്റ്റാർട്ട് ചെയ്തു. മടിച്ചു മടിച്ചത് സ്റ്റാർട്ടായി. ചെറിയ വഴിയിൽ നിന്നും മെയിൻ റോഡിലേക്ക് കയറി. കുറച്ചു ദൂരം സഞ്ചരിച്ചു. വിജനമായ റോഡ്. മൂന്ന് റോഡുകൾ ഒന്നുചേരുന്നൊരു ജംഗ്ഷനിലെത്തി. ഇടതുവശം ഉയർന്ന വലിയ കെട്ടിടങ്ങൾ. 'തിരുവനന്തപുരം മെഡിക്കൽ കോളജ്' അദ്വൈത് ആ ബോർഡ് വായിച്ചു. രാത്രി വൈകിയും കൈയ്യിൽ പാത്രങ്ങളുമായി ചിലരെ റോഡിൽ കാണുന്നുണ്ടായിരുന്നു. വാൻ കുറച്ചു ദൂരം കൂടെ മുന്നോട്ട് പോയി. മെയിൻ റോഡിൽ നിന്നും ഇടത്തേക്കു തിരിഞ്ഞു ചെറിയൊരു റോഡിലേക്ക് കയറി.
കുറച്ചു ദൂരം മുന്നോട്ടു പോയി. ഒരു കടയുടെ മുന്നിൽ വാൻ നിന്നു. ഇടത്തേക്കൊരു ചെറിയ വഴി. വാൻ പോകില്ല. ''ഞാനവരെ കണ്ടിട്ടിപ്പൊ വരാം നിങ്ങളിവിടെ ഇരിക്കൂ'' മറുപടി കേൾക്കാൻ നിൽക്കാതെ അയാളിറങ്ങി. ഇരുട്ടിലേക്ക് നടന്നു മറഞ്ഞു. സമയം കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. അയാൾ പോയിട്ട് കുറെ നേരമായല്ലോ. അദ്വൈത് വാനിൽ നിന്നിറങ്ങി. ''ഞാനൊന്നു നോക്കിയിട്ട് വന്നാലോ രീമിക്കാ?'' ഉപ്പയോട് ചോദിച്ചിട്ട് അയാൾ പോയതിന് പുറകെ അവൻ നടന്നു. സമയം കടന്നു പോയ്ക്കൊണ്ടിരുന്നു. കൂരിരുട്ട്. എവിടെന്നോ ഒരു പെണ്ണിന്റെ നിലവിളി കേട്ടു. ഞങ്ങൾക്ക് ഭയമായി. വാനിൽ നിന്നിറങ്ങി അടുത്തുണ്ടായിരുന്ന കടയുടെ ഇരുട്ടിലേക്ക് മാറി. കടയുടെ ഒരു വശമൊരു തുറന്ന ചായ്പ്പായിരുന്നു. അതിനകത്തേക്കു കയറി. അതിനുള്ളിൽ നിറയെ ശവപ്പെട്ടികളായിരുന്നു. പല അളവുകളിൽ പണി തീർന്നതും തീരാത്തതുമായ ശവപ്പെട്ടികൾ. നിലവിളികൾ അടുത്തടുത്തു വരുന്നു. ചാരി വച്ചിരുന്ന ശവപ്പെട്ടി പലകകൾക്ക് പുറകിലേക്ക് ഞങ്ങൾ ഒളിച്ചു നിന്നു.
അദ്വൈത്, അയാൾ പോയ വഴിയെ നടന്നു. ഒരു മതിലിനരികിൽ ചെന്ന് ആ വഴി അസാനിക്കുകയായിരുന്നു. വെട്ടുകല്ലുകൾ കൊണ്ട് കെട്ടിയ മതിൽ. ഒരിടത്ത് കല്ലുകൾ ഇളകിയിരിക്കുന്നു. അതുവഴി ആളുകൾ പോകുന്ന ലക്ഷണങ്ങളുണ്ട്. അവൻ അതുവഴി അകത്തിറങ്ങി. അരപ്പൊക്കത്തിൽ കാട് വളർന്നു നിൽക്കുന്നൊരു പറമ്പ്. അറ്റത്തായൊരു ചെറിയ കെട്ടിടമുണ്ട്. ഒരൊറ്റയടിപ്പാത ആളുകൾ ചവിട്ടിമെതിച്ചതിലെ നടന്നുണ്ടായിരിക്കുന്നു. ചെറിയ കെട്ടിടത്തിനുള്ളിലൊരു മങ്ങിയ നിറത്തിലൊരു ബൾബ് മുനിഞ്ഞ് കത്തുന്നുണ്ട്. ചുവരിലെ ചെറിയ ജനാല ഗ്ലാസ് വഴിയതു കാണാം. അവൻ അതിനരികിലേക്ക് നടന്നു. മഞ്ഞപ്പെയിന്റടിച്ച കെട്ടിടം. കെട്ടിടത്തിനു പുറകുവശമായിരുന്നത്. അതുചുറ്റി മുൻ വശത്തെത്തി. കെട്ടിടത്തിന്റെ മുൻവാതിൽപ്പാളി ഒരെണ്ണം തുറന്നു കിടക്കുന്നുണ്ടായിരുന്നു. അതുവഴി അകത്തു കയറി. ഉള്ളിൽ മങ്ങിയ വെട്ടമാണുണ്ടായിരുന്നത്. കാലുകൾ നിലത്തെന്തിലോ തട്ടി കുനിഞ്ഞു നോക്കി. നിലത്തൊരാൾ കമിഴ്ന്നു കിടക്കുന്നു. കാക്കി വേഷം. മദ്യത്തിന്റെ മണം. തലക്ക് ചുറ്റിനും ചോര പടരുന്നു. മുന്നിൽ രണ്ട് സിമന്റ് കെട്ടുകൾ. ഒന്നിലൊരാൾ കിടക്കുന്നുണ്ട്. നഗ്നനാണ്. ഇതൊരു മോർച്ചറിയാണെന്ന ബോധം രക്തമുറയുന്നൊരു തണുപ്പു പോലെ ശരീരത്തിൽ പടർന്നു.
നീല ടീ ഷർട്ട് ധരിച്ച അയാൾ മുറിയിലെ ചുവരിൽ നിന്ന് ഒരോ ഇരുമ്പു ബോർഡുകൾ പുറത്തേക്ക് വലിച്ചു തുറക്കുകയായിരുന്നു. ഓരോന്നും തുറക്കുമ്പോൾ അതിനുള്ളിൽ നിന്ന് മഞ്ഞിന്റെ പുക ഉയരുന്നു. നിരാശയോടെ അയാളത് ഒച്ചയോടെ വലിച്ചടച്ചു. വീണ്ടും അടുത്തത് വലിച്ചു തുറന്നു. മഞ്ഞിന്റെ പുകയോടൊപ്പം ശവം ചുട്ടെരിഞ്ഞ നാറ്റമവിടെ പരന്നു. അയാളുടെ മുഖത്തൊരു പുഞ്ചിരി ഉണ്ടായി. 'മുത്തശ്ശി' ആ ചുണ്ടുകളുരുവിട്ടു. ''അവരൊക്കെ എവിടെ നമുക്ക് പോകണ്ടേ." അയാൾ ആ പെട്ടിക്കുള്ളിലേക്കു നോക്കി ചോദിച്ചു. തണുത്തുറഞ്ഞ മൃതദേഹങ്ങളുടെ നാറ്റമടിച്ച് അദ്വൈതിന് ഓക്കാനം വന്നു. ഒച്ച കേട്ടയാൾ തുറിച്ച കണ്ണുകളുമായി അവനെ തിരിഞ്ഞു നോക്കി. ആ കണ്ണുകൾ കണ്ടവൻ വിറച്ചു. അവന് ആ വാർത്തയും, പേരും പെട്ടെന്ന് ഓർമ്മ വന്നു. അയാൾ അവനടുത്തേക്ക് നടന്നു. അവൻ അവിടെ നിന്നിറങ്ങിയോടി. വാനിനരികിലെത്തിയപ്പോൾ അവർ അവിടെയില്ല. വാൻ തകർന്നിരിക്കുന്നു. അവനാ ശവപ്പെട്ടി കടയിലേക്കോടി കയറി. ഒരു ശവപ്പെട്ടിക്കുള്ളിൽ റൂഹാനി ഉറങ്ങുന്നു. മറ്റൊന്നിൽ കരീമിക്കയും. അവൻ അവരെ കുലുക്കി ഉണർത്താൻ നോക്കി. റൂഹാനിയുടെ ശരീരത്തിൽ നിന്നൊരു ഞരക്കമുണ്ടായി. റോഡിൽ ദൂരെ നിന്നാരു വെളിച്ചം വരുന്നുണ്ടായിരുന്നു. പൊലീസ് ജീപ്പാണ്. അവൻ കൈകൾ വിടർത്തി റോഡിനു നടുവിൽ കയറി നിന്നു. ജീപ്പ് ഡ്രൈവർ അവനെ കാണാതെ ജീപ്പ് മുന്നോട്ടോടിച്ചു പോയി.
ഏപ്രിൽ പതിനൊന്ന്, കേദർ ജിൻസൻ രാജയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം വിസ്സമ്മതിച്ചെങ്കിലും പിന്നെ അവൻ കുറ്റം സമ്മതിച്ചു. അന്നത്തെ പത്രത്തിലെ മുൻപേജിലെ വാർത്തയുമതായിരുന്നു. 'ആസ്ട്രൽ പ്രാജക്ഷൻ' ഒരു വിനോദമാക്കിയ കേദർ ജിൻസൻ, മനുഷ്യന്റെ ശരീരത്തിൽ നിന്നവരുടെ ആത്മാവിനെ മോചിപ്പിക്കുന്നതിനും, അതുകാണാനും, അവരോടൊപ്പം സഞ്ചരിക്കാനുമായുള്ള പരീക്ഷണത്തിനായിരുന്നു മുത്തശ്ശി അടക്കമുള്ള വീട്ടുകാരെയെല്ലാം കൊലപ്പെടുത്തിയത്. അതിനുശേഷമവൻ ട്രെയിൻ മാർഗ്ഗം ചെന്നൈയിലേക്ക് പോകുകയും, അടുത്ത ദിവസം തന്നെ ട്രെയിൻ മാർഗ്ഗം തിരിച്ചെത്തുകയുമായിരുന്നു. റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ ജിൻസൻ രാജയെ തിരിച്ചറിഞ്ഞ പൊലീസുകാരൻ സ്റ്റേഷനിലറിയിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.' പത്രത്തിന്റെ അകത്തെ പേജിലെ ചെറിയൊരു കോളം വാർത്ത അധികം ശ്രദ്ധിക്കാതെ പോയി.
'ഏപ്രിൽ ഒൻപത്, 'വൃദ്ധനെയും, യുവാവിനെയും തീവണ്ടിപ്പാളത്തിനരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നു. ട്രെയിനിൽ നിന്ന് തെറിച്ചുവീണതാകാമെന്ന് പൊലീസ് സംശയിച്ചിരുന്നെങ്കിലും, ശരീരത്തിലേറ്റിരിക്കുന്ന ചില മുറിവുകൾ സംശയാസ്പദമാണ്. മരണാസന്നയായ 'റൂഹാനി' എന്ന പെൺകുട്ടി അപകടനില തരണം ചെയ്തുവരുന്നു. അവളുടെ മൊഴിയെടുക്കാനായി പൊലീസ് കാത്തിരിക്കുന്നു.' അന്നത്തെ ആ പത്രവാർത്ത ഞാനെടുത്ത് വീണ്ടും വീണ്ടും വായിച്ചു നോക്കി. ചാറ്റൽ മഴ പെയ്തു തുടങ്ങി. ടി വി യിലെ ഫ്ലാഷ് ന്യൂസ് ഇപ്പോൾ വാർത്തയായിരിക്കുന്നു. കൂടെ അവന്റെ പുഞ്ചിരിക്കുന്ന ചിത്രവുമുണ്ട്. കേദർ ജിൻസൺ രാജ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. അന്വേഷണം പരാജയമാകുന്നു. മഴ, പേമാരിയായി മാറിയിരുന്നു. വീശിയടിച്ച കാറ്റിൽ വൈദ്യുതി നിലച്ചു. കൂരിരുട്ടായി. പുറത്ത് ജനലരികിലൊരു നിഴൽ. കതകിലാരോ മുട്ടുന്നുണ്ട്. അവനെത്തിയിട്ടുണ്ട്. എനിക്ക് ഭയം തോന്നിയില്ല. വാതിൽപ്പാളികൾ അവനിപ്പോൾ പൊളിക്കും. പുറത്തു നിന്നുള്ള കാറ്റിൽ മാംസം കരിഞ്ഞ നാറ്റമായിരുന്നു. വായിച്ചു നിർത്തി ആ പത്രക്കടലാസ്സ് നിലത്തേക്കിട്ടു. ആത്മാവിനെ വേർപെടുത്തി വീണ്ടും ഒരു യാത്രക്കായി കണ്ണുകളടച്ചു ഞാൻ കാത്തിരുന്നു.