'കല്യാണശേഷം അലമാരയിൽ നിന്നും മരുന്നുകൾ'; സത്യമറിഞ്ഞ യുവതി ഒടുവിൽ ഭർത്താവിനെ...
ആങ്ങള ചെറുക്കൻ ആർമിക്കാരനാണെന്ന് ബാലൻപിള്ള പറഞ്ഞത് ഓർമ്മയിൽവന്ന മനോഹരന്റെ തൊണ്ടവരണ്ടു. കോളജിൽ കരിവണ്ടെന്ന തന്റെ ഇരട്ടപേര് കുപ്രസിദ്ധമാക്കിയത് ഇവനാണ്..
ആങ്ങള ചെറുക്കൻ ആർമിക്കാരനാണെന്ന് ബാലൻപിള്ള പറഞ്ഞത് ഓർമ്മയിൽവന്ന മനോഹരന്റെ തൊണ്ടവരണ്ടു. കോളജിൽ കരിവണ്ടെന്ന തന്റെ ഇരട്ടപേര് കുപ്രസിദ്ധമാക്കിയത് ഇവനാണ്..
ആങ്ങള ചെറുക്കൻ ആർമിക്കാരനാണെന്ന് ബാലൻപിള്ള പറഞ്ഞത് ഓർമ്മയിൽവന്ന മനോഹരന്റെ തൊണ്ടവരണ്ടു. കോളജിൽ കരിവണ്ടെന്ന തന്റെ ഇരട്ടപേര് കുപ്രസിദ്ധമാക്കിയത് ഇവനാണ്..
വൃശ്ചികപുലരിയിലെ തണുപ്പിൽ മൂടിപുതച്ച് കിടന്നുറങ്ങുന്ന മനോഹരനെ അമ്മ ദമയന്തി കുലുക്കി വിളിച്ചു "എടാ.. എഴുന്നേൽക്കടാ മനോഹരാ... ദല്ലാൾ ബാലൻപിള്ള ഇപ്പോ ഇങ്ങ് എത്തും." അമ്മയുടെ ശകാരംകലർന്ന വിളിയിൽ തലയിൽ മൂടിയ പുതപ്പ് മാറ്റി അയാൾ അമ്മയെ നീരസത്തോടെ നോക്കി. "അമ്മേ.. മനോഹരൻ അല്ല മനോഹർ.. മനോഹർ.. എത്ര പ്രാവശ്യമായിട്ട് പറയുന്നു ഇങ്ങനെ വിളിക്കണെമെന്ന്." അവന്റെ ദയനീയമായ സംസാരം കേട്ട് ദമയന്തിയിൽ ചിരി പടർന്നു. "നിന്റെ അച്ഛൻ നിന്റെ ചെവിയിൽ ഓതിതന്ന കാലം മുതൽ നിന്നെ വിളിക്കുന്നതാ ഈ പേര്. ഒരു സുപ്രഭാതത്തിൽ അതല്ലാ ഇതാണ് പേരെന്ന് പറഞ്ഞാൽ നാവ് അനുസരിക്കുമോ മനോഹരാ.. അല്ല മനോഹർ.." ഒരു നിമിഷം സംസാരം നിർത്തി മുറിക്കുള്ളിലേക്ക് കണ്ണുകൾ ഓടിച്ച് ദമയന്തിയുടെ നാവ് പിന്നെയും ചിലച്ചു. "പിന്നെ തവി എത്ര വലുതായിട്ടും കാര്യമില്ലല്ലോ ചട്ടിയിലുള്ളത് അല്ലേ തവിയിൽ വരൂ." മനോഹരൻ അരിശം പൂണ്ട് പിടഞ്ഞെഴുന്നേറ്റ് കട്ടിലിൽ ഇരുന്ന അമ്മയെ രൂക്ഷമായി നോക്കി. "ആഹാ.. ചുമ്മാതല്ലാ വയസ് നാൽപ്പതായിട്ടും പെണ്ണു കിട്ടാതെ നീ ഇങ്ങനെ നട്ടം തിരയുന്നത്. ഇവരാണല്ലോ നിന്റെ ഇഷ്ട ദൈവങ്ങൾ." ചുമരിൽ തൂക്കി ഇട്ടിരിക്കുന്ന മരുത്വാമലയുമായി പറക്കുന്ന ഹനുമാനും പുലിപുറത്ത് ഇരിക്കുന്ന അയ്യപ്പ സ്വാമിയെയും നോക്കി ദമയന്തി ഇതു പറയുമ്പോൾ അയാൾ ചിന്തിച്ചു അമ്മ യുക്തിവാദിയായോ? എന്റെ രാമാ നീ തന്നെ ശരണമെന്ന് പറഞ്ഞ് മനോഹരന്റെ ചിന്തയെ ഛേദിച്ച് അവർ മുറിക്ക് പുറത്തേക്ക് നടന്നു.
മനോഹരൻ ചുവരിൽ തൂങ്ങിയാടുന്ന ചിത്രങ്ങളെടുത്ത് മറിച്ചിട്ടു. അവിടെ ഓടക്കുഴൽ ഊതുന്ന കൃഷ്ണനും സിംഹാസനത്തിലിരിക്കുന്ന ശ്രീരാമനും പ്രത്യക്ഷപ്പെട്ടു. പ്രായം ഇത്രയുമായിട്ടും കല്യാണം നടക്കാതെ വന്നപ്പോൾ ബന്ധുമിത്രാദികളുടെ കണ്ണിൽ പൊടിയിടാനാണ് നിത്യബ്രഹ്മചാരികൾ ചുമരിൽ സ്ഥാനം പിടിച്ചത്. കേതുവും രാഹുവും ശനിയും ഒരുമിച്ച് നിന്ന് നല്ലൊരു പേര് ഉണ്ടാക്കി തന്നു ചൊവ്വാ ദോഷക്കാരൻ..! ഒപ്പം.. മനോഹരൻ ചുവരിൽ തൂക്കി ഇട്ട മുഖകണ്ണാടിയിലേക്ക് നോക്കി. ഹോ..!! അയാൾ അസ്വസ്ഥതയോടെ മുഖം തിരിച്ചു. കണ്ണിലെ വെളുത്തപാട മാത്രം ഉണ്ട്. ബാക്കിയെല്ലാം.. 'കരിവണ്ടേ...' അയാളുടെ കാതിൽ പലവട്ടം ആ ശബ്ദം വന്ന് അലയടിച്ചു. 'കരിവണ്ട്..' ഓർമ്മവെച്ചനാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിന്റെ പേരിൽ ഈ ഇരട്ടപ്പേര്... ആദ്യമായി ഈ പേര് വിളിച്ചതോ സ്വന്തം കുടുംബത്തിൽ നിന്നും ഇച്ചേച്ചി.. നിശബ്ദമായി കടന്നുവന്ന ഓർമ്മകളെ ഭയപ്പെടുത്തിക്കൊണ്ട് അകത്തളത്തിലെ ഘടികാരം നാഴികമണി മുഴക്കി. ഈശ്വരാ.. എട്ടുമണി.. ബാലൻപിള്ള ഇപ്പോൾ എത്തും. അയാൾ തോർത്തെടുത്ത് തറവാട് കുളം ലക്ഷ്യമാക്കി നടന്നു. "ഇതെന്താടാ അടുക്കളപ്പുറത്തുനിന്ന് തപ്പി തിരയുന്നത്. നീ കുളിക്കണില്ലേ." മനോഹരൻ മുഖത്ത് നിഴലിച്ച കള്ളലക്ഷണത്തെ മായിക്കാൻ ശ്രമിച്ചു. "കുളിസോപ്പ് തപ്പുവാണമ്മ..." ദമയന്തി മകനെ പരിഹാസത്തോടെ നോക്കിച്ചിരിച്ചു. "പിന്നെ അരക്കല്ലിൻ ചോട്ടിലല്ലേ സോപ്പ് ഇരിക്കണത്" ദമയന്തിയുടെ സംസാരത്തിലും അരക്കല്ലിന്റെ ഓരത്ത് അടപ്പ് മൂടിയിരിക്കുന്ന കിണ്ണൻ പാത്രത്തിലായിരുന്നു അയാളുടെ കണ്ണ്. "ദമയന്തിയെ... അവൻ അരക്കല്ലിൽ മുഖം ഉരക്കാൻ വന്നതാവും.. വെളുക്കാൻ" അച്ഛൻ നളിനാഷന്റെ ആക്ഷേപഹാസ്യം കേട്ട് ദമയന്തി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയതും പാത്രം കൈക്കലാക്കി കുളപ്പുരയിലേക്ക് ഓടി.
ഇന്നലെ രാത്രിയുടെ മറവിൽ കുഴമ്പ് പരുവത്തിൽ അരച്ച രക്തചന്ദനത്തിലേക്ക് നോക്കി മനസ്സിലെ സമയസൂചിക വേഗത്തിൽ കറങ്ങുന്നു. അയാൾ പാത്രത്തിലെ ചുവപ്പ് രണ്ട് കൈയ്യിലും വാരിയെടുത്ത് മുഖത്തേക്ക് തേച്ചു. നിമിഷനേരം കൊണ്ട് മനോഹരന്റെ കണ്ണും മുഖവും നീറി പുകഞ്ഞു. "മീൻ കറി ഉണ്ടാക്കാൻ വെച്ചിരിക്കുന്ന അരപ്പാണ് കുരിപ്പേ നീ എടുത്തോണ്ട് പോയത്." ദമയന്തിയുടെ ഉച്ചത്തിലുള്ള സംസാരത്തിനൊപ്പം മുഖത്ത് ഉയരുന്ന നീറിപുകച്ചിലുമായി മനോഹരൻ കുളത്തിലേക്ക് ചാടി. കണ്ണാടിക്കു മുന്നിൽ പല ഭാവങ്ങളിലുള്ള ചിരി വിരിയിച്ച് നിന്ന മനോഹരന്റെ കാതുകളിലേക് അമ്മയുടെ വിളിയൊച്ച ഒഴുകിയെത്തി. "എടാ മനോഹരാ.. മനോഹർ.. ദേ ബാലൻചേട്ടൻ വന്നു." അമ്മയുടെ ശബ്ദവ്യതിയാനത്തിൽ അയാളുടെ ഉള്ളിലെ ആത്മവിശ്വാസത്തിന്റെ തോത് ഉയർന്നതിന്റെ ഫലമായി ശ്വാസം ഉള്ളിലേക്ക് വലിച്ച് മെല്ലെ അതിനെ പുറത്തേക്ക് പുറംതള്ളി. "അമാവാസി നാളിൽ ചന്ദ്രൻ ഉദിക്കുന്നത് ഇതുവരെ ബാലൻ കണ്ടിട്ടുണ്ടോ?" നളിനാക്ഷൻ ഈ ചോദ്യം എന്തിനാണ് ഇപ്പോൾ തന്നോട് ചോദിച്ചതെന്ന് വ്യാകുലപ്പെട്ടിരുന്ന അയാളുടെ മുന്നിൽ പൂക്കൾ നിറഞ്ഞ ഷർട്ടുമായി മുഖത്ത് പലയിടങ്ങളിലായി പറ്റിപ്പിടിച്ച് ഇരിക്കുന്ന കുട്ടിക്കുറ പൗണ്ടറിന്റെ ശേഷിപ്പുകളുമായി നിൽക്കുന്ന മനോഹരനെ കണ്ടു. 'ഇല്യാ കണ്ടിട്ടില്ല.' ചിരി പടർന്ന മുഖവുമായി ബാലൻപിള്ള ഇത് പറയുന്നതിനൊപ്പം കാക്ക കുളിച്ചാൽ കൊക്കാവുമോ എന്നൊരു ചൊല്ലുമായി ഈ വാചകത്തിന് നല്ല സാമ്യം എന്നുകൂടി ചേർത്ത് പറഞ്ഞതും നളിനാക്ഷന്റെ ആർത്തുവിളിച്ച ചിരി പൂമുഖത്ത് മുഴങ്ങി. "എടോ താൻ എന്നെ പെണ്ണുകാണിക്കാൻ കൊണ്ടുപോകാൻ വന്നതാണോ അതോ പഴഞ്ചൊല്ല് പറഞ്ഞ് രസിക്കാൻ വന്നതാണോ?" മനോഹരന്റെ രൂക്ഷമായ സംഭാഷണത്തിൽ അരഭിത്തിയിലിരുന്ന ബാലൻ പിള്ള ചന്തി നെരങ്ങി എഴുന്നേറ്റ് കറുത്ത ഡയറി ഇടത്തെ കക്ഷത്തിൽവെച്ച് മുറ്റത്തേക്ക് ഇറങ്ങി. "മത്തം കുത്തിയാൽ കുമ്പളം മുളക്കുമോ എന്നൊരു ചൊല്ലുകൂടിയുണ്ട്." ചാരുകസേരയിൽ കിടന്ന നളിനാക്ഷന്റെ മുഖത്തേക്ക് നോക്കി മനോഹരൻ അതു പറയുമ്പോൾ വെളുത്തു തുടുത്ത അയാളുടെ മേനിയിലേക്ക് അയാളൊന്ന് ആകമാനം വീക്ഷിച്ചു.
"അച്ഛാ.. അച്ഛൻ എന്റെ അച്ഛൻ തന്നെയാണോ? മനോഹരന്റെ ഉള്ളിലെ സങ്കടം നിറഞ്ഞ വാക്കുകൾക്ക് നളിനാക്ഷൻ വായിൽ കിടന്ന വെറ്റിലച്ചുവപ്പ് അടുത്തിരുന്ന കോളാമ്പിയിലേക്ക് തുപ്പിക്കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു "അല്ലാന്ന് പറഞ്ഞാൽ അത് നിന്റെ അമ്മക്ക് നാണക്കേടാവില്ലേ മോനെ." അടക്കിവെച്ച അരിശം മനോഹരനിൽ നിന്ന് പുറത്തേക്കു വരുന്നതിനുമുൻപ് പൂമുഖത്തേക്ക് ദമയന്തി രംഗപ്രവേശം നടത്തി. "എന്തോന്നാ രാവിലെ തന്നെ അച്ഛനും മോനും കൂടി" രണ്ടാളെയും മാറിമാറി നോക്കി ദമയന്തി മനോഹരന്റെ തോളിൽ കൈവെച്ച് പറഞ്ഞു "മോൻ സന്തോഷത്തോടെ പോയിട്ടുവാ.." മനോഹരന്റെ മുഖത്ത് പ്രസാദം വിടർന്നു.. "കാക്കക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് നീ പോയിട്ടുവാ.. ഈ പ്രാവശ്യമെങ്കിലും പട്ടി ചന്തക്ക് പോയതുപോലെ ആകാതിരുന്നാൽ മതിയായിരുന്നു." മനോഹരന്റെ കറുത്ത മുഖം കൂടുതൽ ഇരുണ്ടു. 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' അയാൾ ദേഷ്യത്തോടെ ദല്ലാളിന്റെ കാലടികളെ പിന്തുടർന്നു. "ക്ഷീരമുള്ളൊരു അകിടിനു ചുവട്ടിലും, ചോര തന്നെ കൊതുകിന് കൗതുകം. അവനെന്നാണ് ദമയന്തി അവനെയൊന്ന് മനസിലാക്കുന്നത്. പൊന്നിൻ കുടത്തിന് എന്തിനാ പൊട്ട്? ഇവൻ എങ്ങനെയാണ് പിള്ളാരെ പഠിപ്പിക്കുന്നതെന്നാണ് ഞാൻ ചിന്തിക്കണത്." നളിനാക്ഷന്റെ സ്വരത്തിലെ ഇടർച്ച തിരിച്ചറിഞ്ഞ് ദമയന്തി മനോഹരൻ പോയ ദിക്കിലേക്ക് നോക്കി പറഞ്ഞു. "ഇത് നടക്കും നളിന്നേട്ടാ.. ന്റെ ഭഗവതി ഇതുനടന്നാൽ നൂറ്റൊന്ന് ശയനപ്രദിക്ഷണം നടത്തിയേക്കാമേ.." ദമയന്തിയുടെ നെഞ്ചത്ത് കൈവെച്ചുള്ള നിൽപ്പുകണ്ട് നളിനാക്ഷൻ ആകുലതയോട് തന്റെ ശരീരത്തിലേക്ക് നോക്കി. മോട്ടീവേഷൻ സ്പീക്കർ മനോഹർ.. എത്ര ക്ലാസ് റൂമുകളിലായി ആത്മവിശ്വാസം പകർന്നവനാണ്. നിറത്തിന്റെ കാര്യത്തിൽ സാറിന് അപകർഷതാബോധം ഒന്നുമില്ലേന്ന് ഒരായിരം പ്രാവശ്യമെങ്കിലും ചോദ്യം ഉയർന്നിട്ടുണ്ട്. അവർക്ക് മുന്നിൽ ഇതിഹാസങ്ങളായ നെൽസൺ മണ്ടേലയും, പെലയും മലയാളത്തിന്റെ കറുത്ത മുത്തുകൾ എം.എം. വിജയനും കലാഭവൻ മണിയും ഉള്ളിൽ കത്തിയാളുന്ന അപകർതാബോധത്തെ മറച്ചുപിടിച്ച് അവരുടെ മുന്നിൽ നിറമല്ല ഒരു വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതെന്ന് പറഞ്ഞ് കൈയ്യടി നേടുമ്പോഴും മനസ്സ് കരയുന്നത് താൻ മാത്രമായിരുന്നു അറിഞ്ഞിരുന്നത്.
ഇന്ന് ഒറ്റക്ക് പുറത്തിറങ്ങാൻ ഭയമായിരിക്കുന്നു. നിറം നോക്കി ആളുകളെ മോഷ്ടാവാക്കാനും മറ്റു കേസുകളിൽ കുടുക്കാനും വർണ്ണവെറി പിടിപ്പെട്ടൊരു സമൂഹം നമ്മുടെ നാട്ടിലും ഉണ്ടെന്നുള്ള തിരിച്ചറിവ് തന്നെയാണ് ഭയത്തിന്റെ അടിസ്ഥാനം. കള്ളനെന്ന് മുദ്രകുത്തി പിടിച്ചുകെട്ടിയിട്ടു കഴിഞ്ഞ് ഞാൻ കൊമ്പത്തെ തറവാട്ടിലെയാണെന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? മെഡിക്കൽ കോളജ് പരിസരത്തെ മരക്കൊമ്പിൽ തൂങ്ങിയാടുന്ന ഒരു ശരീരം മനോഹരന്റെ മനസ്സിൽ തെളിഞ്ഞു. "ഈശ്വരാ ദാ വരുന്നു കരിങ്കണ്ണൻ കറിയാച്ചൻ!!!" വെപ്രാള സ്വരത്തിൽ ദല്ലാൾ ഇതു പയുമ്പോൾ മനോഹരന്റെ കാടുകയറിയ ചിന്തകൾ നിമിഷനേരംകൊണ്ട് അപ്രത്യക്ഷമായി. ബാലൻപിള്ളയുമായി പോവുന്നതുകണ്ട് ഇയാൾ വാ തുറന്ന് പറഞ്ഞ പല കല്യാണ ആലോചനകളും പെണ്ണിനെ കാണുന്നതിന് മുൻപുതന്നെ മുടങ്ങിപ്പോയിട്ടുണ്ട്. അയാളുടെ മനസ്സിൽ രുദ്രതാളം മുഴങ്ങി. അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ച് കറിയാച്ചൻ തലകുനിച്ച് നിശബ്ദമായി നടന്നുനീങ്ങി. മനോഹരൻ അത്ഭുതത്തോടെ അയാളെ നോക്കി. എലുമ്പിച്ച കണ്ണുകൾ പുറത്തേക്ക് തള്ളി നിൽക്കുന്ന ആ മനുഷ്യന്റെ നാവിനെയും കണ്ണിനെയും ഈ ഗ്രാമം മുഴുവൻ ഭയപ്പെട്ടിരുന്നു. ഭയമെന്ന വികാരം ഏതൊക്കെ തരത്തിലാണ് മനുഷ്യനെ അടിമകളാക്കുന്നതെന്ന ചിന്തയിൽ നിൽക്കുമ്പോൾ നടന്നു നീങ്ങുന്ന കറിയാച്ചന്റെ കണ്ണുകളിൽ നിന്നും കണ്ണീർ ആ ഗ്രാമപാതയിൽ ചൂടേറ്റ് വീണുകൊണ്ടിരുന്നു. അറിയാതെ എന്നോ നാവിൽനിന്ന് വീണുപോയൊരു വാക്ക് ഫലിച്ചു തുടങ്ങിയതോടാണ് അതുവരെ പുച്ഛത്തോടും പരിഹാസത്തോടും കണ്ടിരുന്ന നാട്ടുകാർ കരിങ്കണ്ണൻ കറിയാച്ചൻ എന്നൊരു പേരും നൽകി അയാളെ ഭയപ്പെട്ട് തുടങ്ങിയത്. അവരുടെ ഭയം ഒരു ലഹരിയായി മാറി തന്നെ കണ്ട് ഓടിയൊളിക്കുന്നവരെ കണ്ട് മനസ്സിൽ ആർത്തുചിരിച്ചു. ആ ഉന്മാദത്തിൽ സ്വന്തം കുടുംബം മറന്നെന്ന് മനസ്സിലായത് ഏക മകൾ ഒരു അന്യസംസ്ഥാനകാരന്റെ കൂടെ ഇറങ്ങിപ്പോയപ്പോഴാണ്. മറ്റുള്ളവരുടെ സങ്കടങ്ങളിൽ മനസ്സിൽ ആഹ്ലാദിച്ച് മതിമറന്ന് പൊട്ടിച്ചിരിച്ചപ്പോൾ ഓർത്തില്ലാ ജീവിതത്തിൽ സന്തോഷമെന്നത് ആപേക്ഷികം മാത്രമാണെന്ന്.
"എടാ.. മനോഹരാ.. നീയോ?" പെണ്ണുകാണലിന് സോഫയിൽ മുഖം കുനിച്ചിരുന്ന മനോഹരൻ ചോദ്യം കേട്ട് തലയുർത്തി നോക്കി ഞെട്ടിത്തരിച്ചു! മഹേഷ്.. പിഡിസിക്ക് ഒരുമിച്ച് പഠിച്ച മഹേഷ് പി പി..! ഈശ്വരാ.. ഇവന്റെ പെങ്ങളെയാണോ താൻ കാണാൻ വന്നതെന്ന ചിന്തയാൽ അയാൾ അറിയാതെ സോഫയിൽ നിന്നും എഴുന്നേറ്റു.. ആങ്ങള ചെറുക്കൻ ആർമിക്കാരനാണെന്ന് ബാലൻപിള്ള പറഞ്ഞത് ഓർമ്മയിൽവന്ന മനോഹരന്റെ തൊണ്ടവരണ്ടു. കോളജിൽ കരിവണ്ടെന്ന തന്റെ ഇരട്ടപേര് കുപ്രസിദ്ധമാക്കിയത് ഇവനാണ്.. വിയർപ്പിൽ മുങ്ങി കുളിച്ചു നിൽക്കുന്ന മനോഹരനെ നോക്കി ചിരിച്ചു കൊണ്ട് ഇരിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ച് മഹേഷ് എതിർവശത്തെ കസേരയിലേക്ക് അമർന്നു. സ്ഥലകാലബോധം നഷ്ടപ്പെട്ടു നിൽക്കുന്ന മനോഹരന്റെ കൈയ്യിൽ ആഞ്ഞുവലിച്ച് ബാലൻപിള്ള അവനെ സോഫായിലേക്ക് ഇരുത്തി. 'മനോഹരാ.. ചായ എടുക്ക്' ബാലൻ പിള്ളയുടെ മുറുമുറുപ്പ് കേട്ട് സ്വപ്നാടകനെപോലെ നിന്ന മനോഹരൻ വിറപൂണ്ട കരവുമായി ചായ കപ്പ് എടുത്തു. "നിങ്ങൾക്കു തമ്മിലെന്തെങ്കിലും സംസാരിക്കാനുണ്ടേൽ ആവാം കേട്ടോ അതാണല്ലോ ഇപ്പോ നാട്ടുനടപ്പ്." പഴമയുടെ അവശേഷിപ്പുപോലെ മോണയിൽ അവിടെ അവിടെ അവശേഷിച്ച പല്ലിൽ നാക്കുടക്കി പറഞ്ഞ കാരണവരെ മനസ്സിലെ അരിശം ഉള്ളിലൊതുക്കി മനോഹരൻ നോക്കി. 'എനിക്കങ്ങനെ.. പ്രത്യേകിച്ചൊന്നും...' മുക്കിയും മൂളിയും പറഞ്ഞു തുടങ്ങിയ മനോഹരന്റെ നാവിനെ കടിഞ്ഞാണിട്ടുകൊണ്ടൊരു പെൺശബ്ദം ഉയർന്നു "എനിക്കു സംസാരിക്കണം.!" ഏറുകണ്ണിട്ട് ശബ്ദത്തിന്റെ ഉടമയെ നോക്കിയ മനോഹരന്റെ കണ്ണുകൾ മഞ്ഞളിച്ചു. അടഞ്ഞു കിടന്ന വാതിൽ പാതി തുറന്നു.. സർവ്വാഭരണഭൂഷിണിയായി ഭഗവതി മുന്നിൽ പ്രത്യക്ഷപ്പെട്ടതുപോലെ!! "മനോഹരാ.. ചെന്ന് കുട്ടിക്ക് പറയാനുള്ളത് കേൾക്ക്" ദല്ലാളിന്റെ മൂർച്ചയുള്ള നഖം അയാളുടെ കൈതണ്ടയിൽ തുളച്ചു കയറി.
"മനോഹരേട്ടാ.. എന്താ എന്റെ പേര് ചോദിക്കാത്തത്? അതോ പേര് അറിയാമോ?" മധുരം കിനിയുന്ന ശബ്ദത്തിൽ അവളുടെ ചോദ്യത്തിന് അറിയാതെ അയാളുടെ നാവ് ചലിച്ചു. "എന്താ പേര്..?" "മാലതി.. മനോഹരേട്ടന് എന്നെ ഓർമ്മയുണ്ടോ?" അയാളുടെ കണ്ണിലേക്ക് നോക്കിയുള്ള മാലതിയുടെ ചോദ്യത്തിന് അവൻ തോളുകൾ ചലിപ്പിച്ച് ഇല്ലാന്നുള്ള ഉത്തരം നൽകി. "പക്ഷെ എനിക്ക് നല്ല ഓർമ്മയുണ്ട് കേട്ടോ. ഞാൻ പ്രീഡ്രിഗ്രിക്ക് പഠിക്കുമ്പോൾ മനോഹരേട്ടൻ ഡിഗ്രി ഫൈനൽ ഇയറിന്. ഞാൻ ഡിഗ്രി രണ്ടാംവർഷം എത്തിയപ്പോഴെക്കും മനോഹരേട്ടൻ പിജി കഴിഞ്ഞ് കോളജ് വിട്ടു.. അന്നത്തെപോലെതന്നെയാണ് അല്ലേ ഇപ്പോഴും ആരുടെയും മുഖത്ത് നോക്കില്ലാ അല്ലേ.. പിന്നെ എങ്ങനെയാ ഈ കുട്ടികൾക്ക് മോട്ടീവേഷൻ നൽകുന്നത്?" ഒറ്റശ്വാസത്തിൽ ഇത്രയും കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിച്ച മാലതിയെ നോക്കി മനോഹരൻ പുഞ്ചിരിച്ചു. "ഏട്ടന്റെ ചിരി കാണാൻ നല്ല ഭംഗിയാണ്" മാലതിയുടെ ഈ സംഭാഷണത്തിനൊപ്പം തന്റെ ചിരിയെ വ്യാഖ്യാനിക്കുന്ന കൂട്ടുകാരൻ അജയന്റെ വാക്കുകൾ അയാളിൽ മുഴുകി. ''കാക്ക തേങ്ങ പൂൾക്കൊണ്ട് പോവുന്നതുപോലെ" വിവാഹം ലളിതമായി മാത്രം മതിയെന്ന മനോഹരന്റെ തീരുമാനത്തെ മാലതിയുടെ വീട്ടുക്കാർക്കൊപ്പം അച്ഛനും അമ്മയും എതിർത്തു. തറവാട്ടിലെ അവസാനത്തെ കല്യാണമാണെന്നും അത് ആഘോഷപൂർവം കൊണ്ടാടാൻ തീരുമാനിച്ചപ്പോഴും കതിർമണ്ഡപത്തിൽ മാലതിയുടെ അടുത്ത് നിൽക്കുന്ന തന്നെ കാണുമ്പോൾ ഉണ്ടാവുന്ന കാഴ്ചക്കാരുടെ അന്തരംഗത്തിൽ ഉയരുന്ന ചിന്ത മനോഹരന്റെ മനസ്സിൻ തിരമാലപോലെ ആർത്തിരമ്പി. 'ഏഴുതിരിയിട്ട വിളക്കിന് മുന്നിൽ നിൽക്കുന്ന കരിന്തിരി.' ആൾക്കൂട്ടത്തിനു മുൻപിൽ പരവശനായി വിയർപ്പിൽ മുങ്ങിനിൽക്കുന്ന മനോഹരനെ മാലതി ഏറ്കണ്ണിട്ട് നോക്കി. പരിഹാസം കലർന്ന കൂട്ടുകാരുടെ സംസാരത്തിൽ പലപ്പോഴും വിളറിയ ചിരിയോടെ അയാൾ തലകുനിച്ച് നിൽക്കുന്നത് അവൾ വേദനയോടെ നോക്കി കണ്ടു.
മണിയറിയിൽ വെരുകിനെ പോലെ വെപ്രാളപ്പെട്ട് ചുറ്റിതിരിയുന്ന മനോഹരന്റെ മനസ്സ് നിറയെ കൂട്ടുകാരുടെ പരിഹാസവും ദ്വയാർഥ പ്രയോഗങ്ങളുമായിരുന്നു. ആൾക്കൂട്ടത്തിൽ നഗ്നനാക്കപ്പെട്ടവന്റെ വേദന അയാളുടെ മനസ്സിനെ കാർന്നുതിന്നുകൊണ്ടിരുന്നു. മനോഹരേട്ടാ... മാലതിയുടെ സ്വരമാധുര്യം കലർന്ന ശബ്ദത്തിൽ ഞെട്ടലോടെ അയാൾ തിരിഞ്ഞു നോക്കി. പരിഭ്രാന്തി നിറഞ്ഞ മുഖവുമായി നിൽക്കുന്ന അവന്റെ മനസ്സിനെ അവൾ തൊട്ടറിഞ്ഞു. അപകർഷതാബോധത്തിൽ സ്വയം വെന്തുരുകുന്നവൻ ഹൃദയത്തിൽ ആർത്തിരമ്പിയ സങ്കടകടലിനെ അമർത്തിപിടിച്ച് അധരത്തിൽ സൃഷ്ടിച്ച പുഞ്ചിരിയുമായി അവൾ പാൽഗ്ലാസ് അവന് നേരെ നീട്ടി. വിറയാർന്ന കരങ്ങളുമായി പരവേശത്തോടെ അയാൾ ഗ്ലാസ് വായിലേക്ക് കമഴ്ത്തി. പകുതിയിലേറെ തീർന്ന പാൽഗ്ലാസ് കണ്ട് നിറഞ്ഞു കവിഞ്ഞ മിഴിനീരിനെ ഒളിപ്പിച്ച് അവൾ ആർദ്രതയോടെ അവനെ വിളിച്ച് പാൽഗ്ലാസിന് നേരെ കൈകൾ നീട്ടി. "വല്ലാത്ത ദാഹമായിരുന്നു.. ഞാൻ.. ഓർത്തില്ലാ.." മുഖത്തെ ജാള്യത മറച്ച് കുനിഞ്ഞ മുഖത്തോടെ മനോഹരൻ അവൾക്ക് നേരെ ഗ്ലാസ് നീട്ടി. "ഭയങ്കര ക്ഷീണം മനോഹരേട്ടാ. രണ്ടുമൂന്ന് ദിവസമായി ശരിക്കൊന്ന് ഉറങ്ങിയിട്ട്. ഞാൻ കിടന്നോട്ടെ?" മാലതിയുടെ സംസാരം അയാളുടെ നെഞ്ചിലെ നീറി പുകച്ചിലിന് മുകളിലേക്ക് പെയ്ത് ഇറങ്ങിയ മഞ്ഞുമഴയായിരുന്നു. തലയിണയെ നനച്ച് ഒഴുകിയ കണ്ണുനീരിനൊപ്പം മാലതി മനസ്സിൽ ചില തീരുമാനങ്ങളുടെ കരുക്കൾ നീക്കുകയായിരുന്നു. രാവിലെ അടുക്കളയിൽ അമ്മക്ക് ഒപ്പം പ്രഭാതഭക്ഷണം തയാറാക്കുന്നതിനിടയിൽ മാലതി വേദനയോടെ തിരിച്ചറിഞ്ഞു മനോഹരന്റെ അപകർഷതാബോധത്തിന്റെ ആണിക്കല്ല് ഈ കുടുംബത്തിലുള്ളവർ തന്നെയെന്ന സത്യം! കാപ്പിയുമായി മുറിക്കുള്ളിലേക്ക് കടന്നപ്പോൾ കണ്ട കാഴ്ച കണ്ണാടിക്ക് മുന്നിൽ മുഖം നിറയെ വെള്ളനിറം പൂശി നിൽക്കുന്ന മനോഹരനെയായിരുന്നു. അവളെ കണ്ടതും ഉടുമുണ്ട് കൊണ്ട് മുഖം ആഞ്ഞ് തുടച്ച് ഇളിഭ്യതയോടെ അവളുടെ കൈയ്യിൽ ഇരുന്ന കാപ്പി മേടിച്ച് ഒരിറക്ക് കുടിച്ച് കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് തോർത്തും എടുത്ത് അവളുടെ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാനായി തറവാട്ടുകുളം ലക്ഷ്യമാക്കി നടന്നു.
മനോഹരന്റെ അലമാര തുറന്ന മാലതി ഒരു നിമിഷം ഞെട്ടിതരിച്ചുനിന്നു. വിവിധതരം ക്രീമുകളുടെ ശേഖരം ഒപ്പം വിവിധതരം ഗുളികകളും. ജന്മനാ കിട്ടിയ കറുപ്പിനെ വെളുപ്പിക്കാൻ പരീക്ഷിക്കുന്ന മനോഹരന്റെ വിഫലമായ പരീക്ഷണങ്ങൾ.. അവൾ അലമാര അടച്ച് മൊബൈൽ ഫോൺ കൈയ്യിൽ എടുത്തു. കല്യാണം പ്രമാണിച്ച് എടുത്ത അവധി തീർന്ന മനോഹരൻ പതിവുപോലെ കവലയിൽ കൂട്ടുകാരുടെ കളിയാക്കൽ ഏറ്റുവാങ്ങി ക്ഷീണിതനായി തിരിച്ച് വരുമ്പോൾ മുറിക്കുള്ളിൽ ഇരുന്ന മാലതി ചായ എടുത്തുവരാമെന്ന് പറഞ്ഞ് മുറിക്ക് പുറത്തേക്ക് പോയപ്പോഴാണ് മേശപ്പുറത്ത് കിടന്ന നോട്ടീസിൽ അയാളുടെ കണ്ണുകൾ ഉടക്കി നിന്നത്. സർവരോഗങ്ങൾക്കും പ്രതിവിധി സിദ്ധവൈദ്യൻ ഗോപാലസ്വാമി!! മുഖത്തെ വെള്ളപാണ്ട്, കറുപ്പ് നിറം എല്ലാ സാംക്രമികരോഗങ്ങൾക്കും ഒറ്റമൂലി.. അയാളുടെ മനസ്സ് തുടിച്ചതും മാലതി ചായയുമായി കയറി വന്നു. അയാൾ സിദ്ധവൈദ്യന്റെ വിവരണം ചുരുട്ടി പോക്കറ്റിൽ തിരുകി. പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങി നടക്കാനൊരുങ്ങുന്ന മനോഹരനോടായി ദമയന്തിയുടെ ചോദ്യം ഉയർന്നു 'നീ ഇതെങ്ങോട്ടാ ഈ രാത്രിയിൽ' 'അജയനെയൊന്ന് കാണണം' പതറിയ ശബ്ദത്തിൽ അയാൾ ഉത്തരം നൽകി. "എടാ.. ഇവളെക്കൂടി കൊണ്ടു പോ." അടുത്തു നിന്ന മാലതിയെ നോക്കി ദമയന്തി അടുത്ത വിഷയം എടുത്തിട്ടു. "വിരുന്നിന് വിളിച്ചടത്തു പോലും പോകാത്തവനാ ഇപ്പോ അവളെയും കൊണ്ടു പോകുന്നത്." ദമയന്തിയുടെ ചോദ്യത്തിനുള്ള ഉത്തരം നളിനാക്ഷൻ നൽകിയ നിമിഷം അവൻ വേഗതയിൽ മുറ്റത്തെ ഇരുട്ടിലേക്ക് ഇറങ്ങി മാഞ്ഞു. താടിയും മുടിയും കാടുപോലെ പടർന്നു കിടന്ന സിദ്ധഗുരു ചുണ്ടോട് അടുപ്പിച്ചു പിടിച്ച പൊതിയിൽ നോക്കി പിറുപിറുക്കുന്നത് കണ്ട് മനോഹരൻ നിശബ്ദനായി നോക്കി നിന്നു. അടുത്തു നിന്ന അയാളുടെ തലക്ക് മുകളിൽ കൂടി മൂന്ന് വട്ടം കൈയ്യിൽ ഇരുന്ന പൊതി കറക്കി മനോഹരന്റെ കൈയ്യിലേക്ക് പൊതി കൊടുത്തു.
"അടുത്ത് പുഴ ഉണ്ടോ?" പുരികകൊടി വില്ലുപോലെ വളച്ച് സിദ്ധൻ അയാളോട് ചോദിച്ചു. വീടിന് അരകിലോമീറ്റർ മാറി ഒഴുകുന്ന മണിമലയാറ് അയാളുടെ മനസ്സിൽ തെളിഞ്ഞുകിടന്നതുകൊണ്ട് അയാൾ പെട്ടന്ന് ഉത്തരം നൽകി. "ഉം. പുലർയാമത്തിൽ പുഴക്കരുകിൽ ചെന്ന് ഈ പൊതിയിലേ സ്വർണ്ണഭസ്മം ദേഹം മുഴുവനും പൂശുക. പൂർണ്ണ നഗ്‌നനായി വേണം ഇത് ചെയ്യാൻ. ഒരു മണിക്കൂർ കഴിഞ്ഞ് പുഴയിൽ ഇറങ്ങി നൂറ്റൊന്ന് തവണ മുങ്ങി നിവരുക. വെളുക്കും ഉറപ്പ്!!!" മനോഹരന്റെ കണ്ണിൽ പൂത്തിരി കത്തി. "സാധാരണ തൃസന്ധ്യക്കുശേഷം ഞാൻ ഇതൊന്നും ചെയ്യാറില്ല പക്ഷെ തന്റെ ഈ സങ്കടത്തിന് അറുതിവരുത്തണമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ധൈര്യമായി പോവു ഫലം നിശ്ചയം!!" മനോഹരൻ സിദ്ധന്റെ മുന്നിൽ തൊഴുകൈകളോട് ഒരു നിമിഷം നിന്ന ശേഷം പോക്കറ്റിൽ നിന്ന് കുറച്ച് നോട്ടുകൾ എടുത്ത് അയാൾക്ക് നേരെ നീട്ടി. "കർമ്മമാണ് ഫലം തരുന്നത് ഞാനെന്റെ കർമ്മം ചെയ്തു. താങ്കൾക്ക് പോവാം." മനോഹരൻ ആശ്ചര്യത്തോടെ സിദ്ധനെ നോക്കി. ആത്മവിശ്വാസം നിറഞ്ഞ് ഒഴുകുന്ന മനസ്സുമായി അയാൾ തറവാട് വീട് ലക്ഷ്യമാക്കി നടന്നു. നിദ്രയുടെ ആലസ്യത്തിൽ മയങ്ങി കിടന്ന മാലതിയെ മനോഹരൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു. നിറഞ്ഞൊഴുകുന്ന അവളുടെ സൗന്ദര്യം അയാളെ ഒരു നിമിഷം മത്ത് പിടിപ്പിച്ചു. ഘടികാരത്തിൽ നിന്നും ഉയർന്ന നാഴികമണി അയാളെ ത്രസിപ്പിച്ച ചിന്തയിൽ നിന്നും പിന്തിരിപ്പിച്ചു.
സിദ്ധന്റെ അത്ഭുത ഭസ്മവും കൈയ്യിൽ എടുത്ത് മണിമല ആറ്റിലേക്ക് കരിവണ്ട് എന്ന പേര് നിമജ്ജനം ചെയ്യാൻ അയാൾ നടന്നു തുടങ്ങി. നൂൽബന്ധമില്ലാത്ത ശരീരം മുഴുവൻ ഭസ്മം പൂശി സിദ്ധൻ പറഞ്ഞ മന്ത്രോച്ചാരണങ്ങൾ ഉരുവിടുമ്പോൾ കിഴക്ക് മേഘപാളിക്കുള്ളിൽ സൂര്യൻ ഒളിച്ചുകളി നടത്തി തുടങ്ങിയിരുന്നു. നൂറ്റൊന്ന് തവണ മുങ്ങി നിവർന്ന മനോഹരന്റെ കണ്ണുകളിലേക്ക് പുലരിയുടെ പൊൻവെട്ടം തുളച്ചു കയറി. അയാൾ തന്റെ ശരീരത്തിലൂടെ മിഴികൾ പായിച്ചു. കറുപ്പ് നിറം ശരീരത്തിൽ കൂടുതൽ വ്യാപിച്ചതു പോലെ.!! സിദ്ധന്റെ ഭസ്മവും തന്റെ കറുപ്പിന് മുന്നിൽ തോറ്റിരിക്കുന്ന സത്യം മനസിലാക്കി അയാൾ കരയിലേക്ക് നോക്കി.. ഈശ്വരാ.. എന്റെ തുണി എവിടെപോയി. എങ്ങനെ വീടെത്തും.. കുളിക്കടവിലേക്ക് ഇപ്പോൾ ആളുകൾ എത്തി തുടങ്ങും.. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ചയെ അപൂർണ്ണമായി മറച്ച മിഴിനീർ തുള്ളികൾക്കിടയിലൂടെ നേരിയ ഒരു കാഴ്ച അയാൾ കണ്ടു. താൻ ധരിച്ച കാവി മുണ്ടുമായി ഒരാൾ.. കണ്ണുകൾ അമർത്തി തുടച്ച് കാഴ്ചയെ സുതാര്യമാക്കി അയാൾ മുന്നിൽ നിൽക്കുന്ന ആളിനെ കണ്ട് ശിലയായി മാറി.. മാലതി!!.. അർദ്ധബോധാവസ്ഥയിൽ അരക്കൊപ്പം വെള്ളത്തിൽ നിൽക്കുന്ന മനോഹരന്റെ അടുത്തേക്ക് കൈയ്യിൽ ഇരുന്ന തുണിയുമായി അവൾ നടന്നു. "മനോഹരേട്ടാ... നിറം അല്ല ഒരു മനുഷ്യന്റെ സൗന്ദര്യം അയാളുടെ മനസ്സാണ്. മനസ്സ് നിറഞ്ഞ് എല്ലാവരെയും സ്നേഹിക്കാൻ കഴിയുന്നതാണ് ഒരാളുടെ ഏറ്റവും വലിയ സൗന്ദര്യവും സമ്പത്തും." ഒരു സ്വപ്നാടകനെ പോലെ അയാൾ നിന്നു. "ദേ ഇത് ഉടുത്ത് കയറി വാ." അവൾ കൊടുത്ത കാവിമുണ്ട് യാന്ത്രികമായി ഉടുത്ത് അയാൾ അവളെ അനുഗമിച്ചു. "മനോഹരാ വെളുത്തോ?" ഘനഗംഭീരമായ അശരീരി ശബ്ദം കേട്ട് പരിഭ്രാന്തിയോടെ അയാളുടെ കണ്ണുകൾ ചുറ്റും പരതി. കുളിക്കടവിലേക്ക് ഇറങ്ങി വരുന്ന അശരീരി ശബ്ദത്തിന്റെ ഉടമയെ കണ്ട് സങ്കടവും അമർഷവും കൊണ്ട് മനോഹരൻ അയാളെ ക്രൂരമായി നോക്കി. "ആര് പറഞ്ഞു വെളുത്തില്ലാന്ന്.. ഞാൻ എന്താ മനോഹരനോട് പറഞ്ഞത്. പുലർയാമത്തിൽ ഭസ്മം ദേഹത്ത് പൂശി ഒരു മണിക്കൂർ ഇരുന്ന് പിന്നെ നൂറ്റൊന്ന് തവണ മുങ്ങി നിവരുമ്പോൾ വെളുക്കുമെന്ന് പറഞ്ഞത് സത്യമായില്ലേ? ദേ നേരം വെളുത്തു..."
സിദ്ധൻ തന്റെ കാടുപിടിച്ചു കിടന്ന ജഡയും താടിയും കൈക്കൊണ്ട് ഊരിയെടുത്തതും മനസ്സിൽ അടുത്ത പ്രഹരം ഏറ്റു. കലാലയത്തിലെ അതുല്യ കലാകാരൻ പ്രദീപ്..! "സത്യത്തിൽ നിനക്ക് രണ്ടു പെടയായിരുന്നു തരേണ്ടത്. പണ്ടായിരുന്നെങ്കിൽ തന്നേനെ. ഇപ്പം അളിയനായി പോയില്ലേ.. നരബലിക്കാർക്ക് ഇരയായി തീരാഞ്ഞത് ആരുടെയോ ഭാഗ്യം." മഹേഷിന്റെ സംസാരത്തിൽ തലകുനിച്ചു നിന്ന മനോഹരന്റെ കൈയ്യിൽ മാലതി അമർത്തി പിടിച്ചു. മുറിക്കുള്ളിലെ കട്ടിലിൽ കിടന്ന മനോഹരൻ കഴിഞ്ഞുപോയ നിമിഷങ്ങളെ ഓർത്തു. എല്ലാവരുംകൂടി തിരക്കഥ എഴുതിയ നാടകത്തിലെ കോമാളി വേഷമായിരുന്നു തനിക്കെന്ന ചിന്ത അയാളെ കുത്തിനോവിച്ചു. "മനോഹരേട്ടാ..." മാലതിയുടെ ശബ്ദം കേട്ട് അയാൾ കണ്ണുകൾ ഇറുക്കി അടച്ചു. ചെറുപുഞ്ചിരിയോടെ മാലതി അലമാരി തുറന്ന് അവളുടെ പെട്ടി തുറന്നു. അതിൽ നിന്ന് കടലാസ് കെട്ട് എടുത്ത് അവൾ മനോഹരന്റെ മുകളിലേക്ക് വിതറി!! അയാൾ കണ്ണുകൾ തുറന്നു. ശരീരത്തിൽ കുമിഞ്ഞ് കൂടിയ കടലാസ് തുണ്ടിൽ ഒരെണ്ണം അയാൾ വായിച്ചു തുടങ്ങി. അവന്റെ മിഴികൾ വികസിച്ചു!! ഉന്മാദം ബാധിച്ചവനെ പോലെ അവൻ ഓരോ എഴുത്തുകളും വായിച്ചു.. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കോളജ് പഠനകാലത്ത് മാലതി അവനെഴുതിയ പ്രണയലേഖനങ്ങൾ ആയിരുന്നു അതെല്ലാം!!! "കറുപ്പിനെ പ്രണയിക്കുന്നവരും ഉണ്ട് മനോഹരേട്ടാ.. പലപ്പോഴും ഇത് പറയണമെന്ന് കരുതി ഞാൻ വന്നിരുന്നു. പക്ഷെ അപ്പോഴെല്ലാം എന്തിൽ നിന്ന് ഒക്കയോ ഏട്ടൻ ഓടിയൊളിക്കുകയായിരുന്നു." മനോഹരൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നടുത്തു. അവളുടെ കണ്ണിൽ പതർച്ച ഇല്ലാതെ അവൻ ആദ്യമായി നോക്കി. ഇരുകരങ്ങൾ കൊണ്ടും മാലതിയെ മാറോട് ചേർത്ത് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. അവളുടെ കൈകൾ അവനെ വരിഞ്ഞു മുറുക്കുമ്പോൾ അവന്റെ കണ്ണിൽ നിന്നും നിറഞ്ഞൊഴുകിയ ചുടുകണ്ണീരിനൊപ്പം മനോഹരനെ ബാധിച്ച അപകർഷത ബോധവും അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു.