പൊടുന്നനെയുള്ള തന്റെ മകൻ വൈശാഖിന്റെ മരണം അയാളെ വല്ലാതുലച്ചുപോയി. ശ്രുതിമോൾക്ക് രണ്ടായിരുന്നു നഷ്ടം.. അവളുടെ ഭർത്താവും അമ്മയും നഷ്ടപ്പെട്ടു. പോരാത്തതിന് അവൾ ഗർഭിണിയും. ശ്രുതി എപ്പോഴും ദു:ഖിച്ചിരിക്കും.. ഒരക്ഷരം ഉരിയാടില്ല..

പൊടുന്നനെയുള്ള തന്റെ മകൻ വൈശാഖിന്റെ മരണം അയാളെ വല്ലാതുലച്ചുപോയി. ശ്രുതിമോൾക്ക് രണ്ടായിരുന്നു നഷ്ടം.. അവളുടെ ഭർത്താവും അമ്മയും നഷ്ടപ്പെട്ടു. പോരാത്തതിന് അവൾ ഗർഭിണിയും. ശ്രുതി എപ്പോഴും ദു:ഖിച്ചിരിക്കും.. ഒരക്ഷരം ഉരിയാടില്ല..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊടുന്നനെയുള്ള തന്റെ മകൻ വൈശാഖിന്റെ മരണം അയാളെ വല്ലാതുലച്ചുപോയി. ശ്രുതിമോൾക്ക് രണ്ടായിരുന്നു നഷ്ടം.. അവളുടെ ഭർത്താവും അമ്മയും നഷ്ടപ്പെട്ടു. പോരാത്തതിന് അവൾ ഗർഭിണിയും. ശ്രുതി എപ്പോഴും ദു:ഖിച്ചിരിക്കും.. ഒരക്ഷരം ഉരിയാടില്ല..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ലൊരു കർഷകനാണ് ഗോപിയേട്ടൻ. പാരമ്പര്യമായി ലഭിച്ചതും അധ്വാനിച്ചു വാങ്ങിച്ചതുമായ ഒട്ടേറെ ഭൂമിയുണ്ട് ഗോപിയേട്ടന്. നഗരത്തിലും ഗ്രാമത്തിലുമായി കുറെയേറെ കെട്ടിടങ്ങളും സ്വന്തമായുള്ളതിനാൽ വാടകയിനത്തിൽ തന്നെ മാസം നല്ലൊരു തുക അദ്ദേഹത്തിന് വരുമാനവുമുണ്ട്. ഗോപിയേട്ടന് കൃഷി  ജീവനാണ്. നെൽവയലുകളും, തെങ്ങിൻ തോപ്പുകളും കമുകിൻ തോട്ടവും പച്ചക്കറികൃഷിയും പോരാത്തതിന് മത്സ്യകൃഷിയും കന്നുകാലിവളർത്തലും എല്ലാം ഉണ്ട്. എല്ലാം നോക്കി നടത്തുന്നതും അദ്ദേഹം നേരിട്ടാണ്. അതിരാവിലെ കൃഷിയിടത്തിൽ വന്നാൽ ഇരുട്ടുമ്പോഴേ അദ്ദേഹം തിരിച്ചുപോവു. അത്ര നേരവും കൃഷിയിടത്തിൽ കിളയ്ക്കലും വെട്ടലും മറ്റെല്ലാം പണികളും സ്വയം ചെയ്യും. നാലഞ്ചുതൊഴിലാളികൾ എപ്പോഴും ജോലിക്കുണ്ടാവും. പകലിൽ അവരൊക്കെ ജോലി കഴിഞ്ഞുപോയാലും എത്രയോ സമയം കഴിഞ്ഞെ അദ്ദേഹം സ്വന്തം ജോലി അവസാനിപ്പിക്കുകയുള്ളു.. ഈ വർഷത്തെ കർക്കടക മാസത്തിന്റെ അവസാനനാളുകൾ. ഗോപിയേട്ടൻ ചിന്തിച്ചു. ഇനി ചിങ്ങം വന്നാൽ ഓണം എത്തി. ഓണത്തിന് ശ്രുതിമോളും, തന്റെ അരുമ പേരക്കുഞ്ഞും, വരുണും വരും. കഴിഞ്ഞ നാലോണത്തിനും അവരതു മുടക്കിയിട്ടില്ല. ഇടയ്ക്ക് വന്നാലും ഓണത്തിന് ഒരു ഒത്തു ചേരൽ ഒഴിവാക്കാറില്ല. എല്ലാവരും ഉത്രാടദിനം തന്നെ ഒരുമിച്ചിരുന്ന് പുത്തിരിയുണ്ണണം (പുതുനെല്ലു കുത്തിയ അരി ഉപയോഗിച്ചുളള ആദ്യ ഭക്ഷണം) എന്നാഗ്രഹിച്ചതാണ്... ഇനി അതിനു സാധിക്കാതാവുമോ? കൊയ്തെടുത്താലല്ലെ പുത്തിരിയുണ്ണാനാവുകയുള്ളു. കർക്കടകത്തിൽ പോലും ഇപ്രാവശ്യം കടുത്തവേനൽ അവസാനിച്ചിട്ടില്ല. ഒരു ചാറൽമഴപോലും ഇതുവരെ പെയ്തിട്ടില്ല. അയാൾ നെൽച്ചെടികളെ നിരീക്ഷിച്ച് വരമ്പിലൂടെ പതിയെ നടന്നു. പാതിവളർന്ന നെൽചെടികൾ നിറവയർ വീർത്തു നിൽക്കുന്നു. പക്ഷെ വയലാകെ വെള്ളം വറ്റി തുടങ്ങിയിരിക്കുന്നു.. അവിടവിടെ മൺകട്ടകൾ വിണ്ടുകീറിയിട്ടുമുണ്ട്... 

അന്നേരം വരമ്പിൻ താഴെ വലത്തു വശത്തിലൂടെ  ഒരു പാമ്പ് പതിയെ ഇഴഞ്ഞുനീങ്ങുന്നത് അയാൾ കണ്ടു. അതിനെ ശല്യം ചെയ്യാതെ അയാൾ മറ്റൊരു ഭാഗത്തേക്ക് മാറിനിന്നു. നല്ല വലിപ്പമുള്ള ഒരു ചേരപാമ്പ്. അതിന്റെ ഉദരം സാമാന്യത്തിലധികം വീർത്തിട്ടുമുണ്ട്. പാവം അത് ഗർഭിണിയാണ്. വെള്ളം തേടി അലയുന്നതാവാം. തെങ്ങിൻ തോട്ടത്തിലേക്കു അതിഴഞ്ഞു പോയെങ്കിൽ അതിന് വെള്ളം കിട്ടിയേനെ. അവിടെ പലയിടത്തും അയാൾ അതിനായി ചെറുപാത്രങ്ങളിൽ വെള്ളം നിറച്ച് വയ്ക്കാറുണ്ട്.. പക്ഷികളും ചെറുമൃഗങ്ങളും അവിടെനിന്ന് വെള്ളം കുടിക്കാറുണ്ട്. ഇവിടെയും വെള്ളം കരുതിവയ്ക്കേണ്ടതായിരുന്നു. പക്ഷെ അത്രയ്ക്കാലോചിച്ചില്ല. കഷ്ടം! ആ ജീവിയോട് തെങ്ങിൻതോപ്പിൽ വെള്ളമുണ്ടെന്നു പറഞ്ഞുമനസ്സിലാക്കാൻ തനിക്കാവില്ലല്ലോ എന്നയാൾ ചിന്തിച്ചു.. അതിന് നല്ല ക്ഷീണമുണ്ടെന്ന് ഒറ്റനോട്ടത്തിലറിയാം. പാമ്പ് ഇഴഞ്ഞുപോയശേഷം അയാൾ വയലിലേക്കിറങ്ങി. ചെളിയുറച്ച് വിണ്ടുകീറിയ ഏതാനും മൺകട്ടകൾ കൈകൊണ്ട് അടർത്തിമാറ്റി... മണ്ണിലെ ഈർപ്പം ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു. വളരെ ചെറിയൊരു നനവെ അവശേഷിക്കുന്നുള്ളു.. അയാൾ ആ മൺകട്ട ഒന്നു മണത്തുനോക്കി.. വേനൽചൂട് വേവിച്ച മണ്ണിന്റെ ഗന്ധം അയാളുടെ മൂക്കിലേക്കു കയറി! ഇനി ഏറിയാൽ രണ്ടെ രണ്ടു ദിവസം. അതിനുള്ളിൽ മഴ പെയ്തില്ലെങ്കിൽ നെൽചെടികളെല്ലാം ഉണങ്ങികരിയും. അയാൾ  വേദനിച്ചു. കിണറിൽനിന്നും കുളത്തിൽനിന്നുമൊക്കെ മോട്ടോർ ഉപയോഗിച്ച് ജലസേചനം ചെയ്താണ് ഇത്ര വരെയെങ്കിലും എത്തിച്ചത്. കുളത്തിലേയും കിണറിലേയും വെള്ളവും വറ്റാറായി. ഇനി ഒരു വട്ടം നനയ്ക്കാൻ പോലും ഉള്ള വെള്ളമില്ല. ഉള്ള വെള്ളം നെൽവയലിലേക്കൊഴുക്കിയാൽ അതു മറ്റു കൃഷികളെ ബാധിക്കും. ഗോപിയേട്ടൻ വിഷമിച്ചു. 

ADVERTISEMENT

"ഇപ്രാവശ്യം കടുത്ത വരൾച്ചവരുമെന്ന് തോന്നുന്നു. സത്യത്തിൽ രണ്ടുവർഷം മുൻപെ പ്രളയം വന്നുപോയതാണ്. അതിനു ശേഷം മഴ കാര്യമായി പെയ്തിട്ടെയില്ല." രണ്ടു മൂന്നു വർഷമായിട്ട് ആളുകൾക്ക് കുടയെടുത്തു നടക്കേണ്ടിവന്നിട്ടില്ല. കുടകമ്പനികളെല്ലാം ഏതാണ്ട് പൂട്ടിപോയിരിക്കാനാണ് സാധ്യത. ഇക്കഴിഞ്ഞ രണ്ടുവർഷവും കൃഷിപ്പണി ചെയ്ത് വിളവെടുത്തത് വളരെ ബുദ്ധിമുട്ടിയാണ്. "ഇക്കുറി അതിലും വലിയ കഷ്ടത്തിലാവുമല്ലോ എന്റെ ദൈവമെ.. ഒന്നുരണ്ടു മഴയെങ്കിലും പെയ്തില്ലെങ്കിൽ നെൽചെടികളെല്ലാം നിറവയറിൽ ചാപിള്ളകളായി തീരും". അയാൾ കുനിഞ്ഞിരുന്ന് പള്ളനിറഞ്ഞു നിൽക്കുന്ന നെൽച്ചെടികളിൽ തലോടി.. വേനൽചൂടിൽ അവയുടെ വാടിതളർന്ന കരച്ചിൽ അയാളുടെ കൈകളിലേക്കു പടർന്നു. വെയിലിന്റെ തീഷ്ണത അവയെ വാടിയുണക്കാൻ തുടങ്ങിയിരിക്കുന്നു. അതയാളിൽ നൊമ്പരമുണർത്തി. അയാൾക്ക് കടുത്ത വിഷമമോ സന്തോഷമോ തോന്നുമ്പോൾ ഏറെനേരം ഇരിക്കാറുള്ള വീതിയുള്ള വയൽവരമ്പിലേക്ക് നടന്നു.. ആ വയൽവരമ്പ് അയാൾക്ക് വല്ലാതെ ഇഷ്ടമാണ്.. സ്നേഹമാണ്.. എല്ലാമാണ്..! അതിനു കാരണം; ആ വരമ്പിലുള്ള എട്ടുതെങ്ങിൻ തൈകളും തന്റെ മകൻ വൈശാഖ് നട്ടുപിടിപ്പിച്ചതാണ്.. അതിൽ നിറയെ കായ്ഫലം ഉണ്ട്.. അയാൾക്ക് കൈ എത്തിപിടിക്കാവുന്ന ഉയരത്തിലാണ് കുലകളെല്ലാം. അദ്ദേഹം കണ്ണടച്ച് ആ തൈകളെ തലോടും.. തന്റെ വൈശാഖിനെ തലോടുന്ന പോലെ.. ചിലപ്പോൾ ഏറെ നേരം ആ വരമ്പിലെ പുൽപരപ്പിൽ മലർന്നു കിടക്കും.. അയാൾ അവിടേക്കു നടത്തെത്തി. ആ തെങ്ങിൻ തണലിൽ തളർന്നിരുന്നു.. തലയ്ക്കു മുകളിൽ കത്തിക്കാളുന്ന സൂര്യനെ വല്ലാത്ത ഭയത്തോടെ നോക്കി. "ദൈവമെ... ഓ.. ദൈവമെ.. ഒരു മഴ ഒരേ ഒരു മഴ..." മുകളിലേക്കു നോക്കി കൈകൂപ്പി പ്രാർഥിച്ചു. അതീവദു:ഖത്തോടെ ആ വയൽ വരമ്പിൽ കിടന്നു... അറിയാതെ കണ്ണുകളടഞ്ഞുതുടങ്ങി, അയാളിലേക്ക് വൈശാഖ് അവസാനം വീട്ടിൽ നിന്നറങ്ങിപോയ ദിവസം ഓടിയെത്തി.

അന്ന് താനൊരു മുത്തച്ഛനാവാൻ പോവുന്നു എന്നറിഞ്ഞ സന്തോഷദിവസമായിരുന്നു. വൈശാഖിനെക്കാൾ സന്തോഷം തനിക്കും ഭാര്യ വസുന്ധരയ്ക്കുമായിരുന്നു.. "സദ്യവട്ടവും പായസവും തയാറാക്കണം.. വൈശാഖെ മോൻ പോയി ശ്രുതിമോളുടെ അമ്മയെ കൂട്ടികൊണ്ടുവരു.. വിവരം ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഇന്ന് ഈ കുടുംബത്തിൽ ഉത്സവമാണ്." തന്റെ നിർബന്ധത്താൽ വൈശാഖ് ശ്രുതിമോളുടെ അമ്മയെകൂട്ടികൊണ്ടു വന്നു. ശ്രുതിമോൾക്ക് അച്ഛനില്ല. അവളുടെ നന്നെ ചെറുപ്പത്തിൽ മരിച്ചതാണ്. ആണും പെണ്ണുമായി അവർക്ക് ശ്രുതിമോൾ മാത്രം; തനിക്ക് ഇവിടെ തന്റെ മകൻ വൈശാഖ് മാത്രം...! വൈശാഖ് ബൈക്കിൽ ക്ഷണനേരംകൊണ്ട് സരസ്വതിയമ്മയെ കൂട്ടികൊണ്ടുവന്നു. സരസ്വതിയമ്മ വന്നപാടെ അടുക്കളയിൽ കയറി വസുന്ധരയ്ക്കു കൂട്ടായി ജോലിയിലേർപ്പെട്ടുതുടങ്ങി. അവർ ഒരുമിച്ച് സദ്യവട്ടവും പായസവുമൊക്കെ തയാറാക്കി. എല്ലാവരും സന്തോഷത്തോടെ' ഒത്തൊരുമിച്ച് ഭക്ഷണം കഴിച്ചു... അതെല്ലാം കഴിഞ്ഞ് ഗോപിയേട്ടൻ സിറ്റൗട്ടിലെ ചാരുകസേരയിൽ മയങ്ങുകയായിരുന്നു. സമയം വൈകുന്നേരം നാലുമണിയാവും. സരസ്വതിയമ്മയുടെ യാത്ര പറച്ചിൽ കേട്ടപ്പോഴാണ് അയാൾ കണ്ണുതുറന്നത്.. "ങ്ഹാ സരസ്വതിയമ്മ പോവുകയാണോ? നാളെ പോയാൽ പോരെ?" അയാൾ ചോദിച്ചു. "പറ്റില്ല ഗോപിയേട്ടാ.. പശുക്കളൊക്കെയുള്ളതല്ലെ? ഇപ്പോഴെ കറവയുടെ സമയം തെറ്റി. ഞാൻ പോവട്ടെ.." അപ്പോഴേയ്ക്കും വൈശാഖ് വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു... "നിൽക്കു വൈശാഖ്.. ഹെൽമറ്റിടാതെ എങ്ങോട്ടാ..  ശ്രുതിമോളേ.. ഹെൽമറ്റ് ഇങ്ങെടുത്തു വരു" അയാൾ ഉള്ളിലേക്കുനോക്കി പറഞ്ഞു.. സരസ്വതിയമ്മ വണ്ടിയിൽ കയറി കഴിഞ്ഞു.. "സാരമില്ലച്ചാ... ഇതാ ഇവിടെ അടുത്തല്ലെ.. ഹെൽമെറ്റൊന്നും വേണ്ട." അവനതു പറഞ്ഞ് വണ്ടി തിരിച്ചു.. ഹെൽമെറ്റുമായി ശ്രുതിമോൾ എത്തുമ്പോഴേക്കും വൈശാഖും സരസ്വതിയമ്മയും ഗെയിറ്റുകഴിഞ്ഞു മറഞ്ഞിരുന്നു... ഹെൽമെറ്റ് ശ്രുതിമോൾ ടീപോയിൽ വച്ച് അകത്തേക്ക് കയറിപ്പോയി. അയാൾ വീണ്ടും കണ്ണടച്ചു.. 

സമയം അഞ്ചുമണി കഴിഞ്ഞു,. അയാൾ കസേരയിൽ ഇപ്പോഴും മയക്കത്തിലാണ്.. വൈശാഖ് വരേണ്ട സമയം എപ്പോഴെ കഴിഞ്ഞിരിക്കുന്നു. ശ്രുതിമോൾ ഒത്തിരിതവണ വൈശാഖിന്റെ ഫോണിലേക്കു വിളിച്ചു പക്ഷെ ഫോൺ നിശബ്ദം.. അവൾക്ക് വല്ലാതെ വെപ്രാളമായി.. അവൾ വസുന്ധരാമ്മയോട് വിവരം പറഞ്ഞു. അവർ രണ്ടുപേരും ചേർന്ന് വീണ്ടും വിളിച്ചു. വൈശാഖിന്റെ ഫോണിലേക്കും സരസ്വതിയമ്മയുടെ ഫോണിലേക്കും.. ഒത്തിരി തവണ എന്നാൽ രണ്ടും നിശബ്ദം..! അവർ ഭയന്നു. ശ്രുതിമോൾ ഗോപിയേട്ടനെ തൊട്ടുവിളിച്ചു. പതിവില്ലാത്ത ആ വിളിയിൽ അയാൾ ഞെട്ടിയുണർന്നു.. "അച്ഛാ.. അച്ഛാ വൈശാഖേട്ടൻ ഇനിയും വന്നില്ലല്ലോ.. വിളിച്ചിട്ട് ഫോണും കിട്ടുന്നില്ല." അവൾ കരയാൻ തുടങ്ങി.. "നിൽക്കു മോളേ സമാധാനിക്കു.. അവൻ ഇപ്പോഴിങ്ങെത്തും. വല്ല കൂട്ടുകാരുടെ കൂടെയാവും; നീ അമ്മയെ വിളിക്കു" അയാൾ പറഞ്ഞു... "ഇല്ലച്ഛാ അമ്മയേയും വിളിച്ചിട്ടു കിട്ടുന്നില്ല" അവൾ കരയാൻ തുടങ്ങി. കൂടെ വസുന്ധരയും ചേർന്നു. ''ഒന്നു സമാധാനിക്കു മോളെ അവനിങ്ങെത്തും" എന്നു പറഞ്ഞെങ്കിലും അയാളുടെ മനസ്സിലും ഭയം വന്നു നിറഞ്ഞു. അയാൾ അവന്റെ ഒന്നു രണ്ടുസുഹൃത്തുക്കളെ വിളിച്ചു നോക്കി.. റിങ്ങുചെയ്തെങ്കിലും അവരാരും ഫോൺ അറ്റൻഡുചെയ്യുന്നില്ല. ശരീരമാസകലം അയാൾക്ക് ചെറുതായി വിറച്ചു; അതുകണ്ട വസുന്ധരയിലും ശ്രുതിയിലും ഭയം ഇരട്ടിച്ചു..! അയാൾ മുറ്റത്തേക്കിറങ്ങി.. തിരിച്ച് സിറ്റൗട്ടിലേക്കു കയറി.. വീണ്ടും മുറ്റത്തേക്കിറങ്ങി.. അന്നേരം തീരെ പതിവില്ലാതെ അയൽവാസി ദാമു പടി കയറി വന്നു.. കൂടെ ദാമുവിന്റെ ഭാര്യയും. "എന്തെ" എന്ന ഗോപിയേട്ടന്റെ ചോദ്യത്തിന് ദാമു ഒന്നും മിണ്ടിയില്ല. അയാൾ മുറ്റത്തു നിന്ന ഗോപിയേട്ടന്റെ കൈയ്യിൽ പിടിച്ചു.. "എന്തെ... ദാമു.." ഗോപിയേട്ടന്റെ ശബ്ദം ഇടറി. "ഏയ് ഒന്നുമില്ല.. വൈശാഖിന്റെ വണ്ടി ഒന്നു ചെറുതായി അപകടത്തിൽപെട്ടു.. ഭയപ്പെടാനൊന്നുമില്ല.." ദാമു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.. അതുകേട്ട ശ്രുതിമോളും വസുന്ധരയും കരയാൻ തുടങ്ങി.. ദാമുവിന്റെ ഭാര്യ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

പതിയെ പതിയെ പലരും ആ വീട്ടിലേക്കു വന്നുചേർന്നു. കുറച്ചുസമയത്തിനുള്ളിൽ ആ വീട്ടിൽ ആളുകൾ നിറഞ്ഞു.. ഗോപിയേട്ടൻ സിറ്റൗട്ടിൽ തളർന്ന് ജീവച്ഛവമായിരുന്നു.. അയാളുടെ ചെവിയിൽ തന്റെ എല്ലാമെല്ലാമായ മകന്റെ മരണവാർത്ത അരിച്ചെത്തി, അത് അയാളിലേക്ക് ആയിരം സൂചിയായി തറഞ്ഞുകയറി! അയാൾ പല തവണ ചിന്നിചിതറി! ഭൂമി അയാൾക്കു ചുറ്റും കറങ്ങി! അതിനെക്കാൾ വേഗത്തിൽ അയാളും; ഒത്തിരി തവണ അയാൾ ആകാശത്തേക്കു പറന്നു; അതിവേഗത്തിൽ ഭൂമിയിലേക്ക് പതിച്ച് നിലം ചേർന്നു പരന്നു!! അതോടൊപ്പം സരോജിനിയമ്മയുടെ മരണവാർത്തയും എത്തി...! ഒന്നുരണ്ടു മണിക്കൂറിനുള്ളിൽ മുഖമില്ലാത്ത വൈശാഖിന്റെ മൃതശരീരവും സരസ്വതിയമ്മയുടെ മൃതശരീരവും ആ വീട്ടിലെത്തി.. അയാൾ വലിയവായിൽ നിലവിളിക്കാൻ തുടങ്ങി.. ആ വീട്ടിൽ കൂട്ടകരച്ചിൽ മുഴങ്ങി. ആ നെഞ്ചുപൊട്ടുന്ന നിലവിളികൾ അന്തരീക്ഷത്തെ തലങ്ങും വിലങ്ങും കീറി മുറിച്ചു. "മകനെ... എന്റെ പൊന്നുമോനേ... വൈശാഖെ... മോനെ.. മോനെ.."

ADVERTISEMENT

വയൽവരമ്പിൽ മയങ്ങിക്കിടന്ന ഗോപിയേട്ടന്റെ സങ്കടം ദൈവം കേട്ടു കാണുമെന്നു തോന്നുന്നു. പൊടുന്നനെ അന്തരീക്ഷത്തിന്റെ സ്ഥിതിഗതികൾ മാറി. കത്തിക്കാളുന്ന വെയിൽ അപ്രത്യക്ഷമായി കാർമേഘങ്ങൾ തിങ്ങിനിറഞ്ഞു.. ഇടിയും മിന്നലും കാറ്റും അകമ്പടിയായെത്തി.. മഴ പെയ്യാൻ തുടങ്ങി. ഒന്ന്.. രണ്ട്... മൂന്ന്.. ആയിരം പതിനായിരം! നീണ്ട മഴത്തുള്ളികൾ ഇടതടവില്ലാതെ മണ്ണു നനച്ചുതുടങ്ങി.. ഉദരംവീർത്ത നെൽചെടികൾ മഴയിൽ മുങ്ങിക്കുളിച്ചു.. അവയുടെ തണ്ടിലൂടെ മഴനൂലിഴകൾ വേരിലേക്കിറങ്ങി. മഴ പരന്നു. വരമ്പിലെ പൊത്തിലും പോടിലും മഴവെള്ളം നിറഞ്ഞു.. സന്യസിച്ചിരുന്ന ഞണ്ടുകളും ചെറുതവളകളും മറ്റു ചെറു ജീവികളും ദ്വാരങ്ങളിൽ നിന്ന് പുറത്തിറങ്ങി.. അവർ തലങ്ങും വിലങ്ങും തത്തികളിച്ചു. ഈ ജീവികളൊക്കെ ഇവിടെ ഒളിച്ചിരിപ്പുണ്ടായിരുന്നോ.. അയാൾ അതിശയപ്പെട്ടു. എവിടെ നിന്നോ പറന്നുവന്ന ഒരാൺമയിൽ വരമ്പിൽ വന്നുനിന്ന് പീലിവിടർത്തി നൃത്തം തുടങ്ങി... അതിന്റെ ഇണ അടുത്തെവിടെനിന്നോ വലിയ ശബ്ദത്തിൽ കൂവിവിളിച്ചു. വീതിയുള്ള വയൽവരമ്പിൽ അയാൾ മറ്റൊരു പുൽപ്പരപ്പായി നനഞ്ഞുമലർന്നു കിടന്നു.. ഗോപിയേട്ടനിൽ വസന്തം തീർത്ത് കർക്കടകമഴ നിറഞ്ഞാടി.. അയാളിൽ സന്തോഷം നിറഞ്ഞു.. നേരത്തെ അങ്ങോട്ടുപോയ പാമ്പ് നാവു നുണച്ച് അയാൾ കിടക്കുന്നതിനരികിലൂടെ കുറച്ച് വേഗത്തിൽ ഇഴഞ്ഞു നീങ്ങി.. ഇപ്പോൾ അതിന്റെ ക്ഷീണം മാറിയിട്ടുണ്ട്. അതാണ് ഇത്ര വേഗത. അയാൾ മനസ്സിൽ കരുതി. അയാൾ എഴുന്നേറ്റ് നനഞ്ഞുതുടങ്ങുന്ന തെങ്ങിൻതടിയിൽ ചേർന്നുനിന്നു. പിന്നെ മഴയോടൊപ്പം അതിനെ തടവി. എന്നിട്ട് തന്റെ കവിൾ അതിന്റെ ഹൃദയത്തിൽ ചേർത്തുപിടിച്ചു.. തൈതെങ്ങിന്റെ ഹൃദയമിടിപ്പ് അയാൾക്ക് കേട്ടുതുടങ്ങി!! ആ ഹൃദയമിടിപ്പിന്റെ ശബ്ദം ശ്രുതിമോളുടെ വിവാഹ മണ്ഡപത്തിലെ നാദസ്വരമായി അയാൾക്ക് അനുഭവപ്പെട്ടു. 

ആർക്കും താൽപര്യമില്ലാത്തതായിരുന്നു ആ വിവാഹം.. എട്ടുമാസം ഗർഭിണിയായിരിക്കുന്ന സ്വന്തം മരുമകളെ(മകന്റെ ഭാര്യയെ) ഈ ലോകത്തിൽ ആരും മറ്റൊരു ചെറുക്കന് വിവാഹം ചെയ്തുകൊടുക്കില്ലല്ലോ.? പക്ഷെ അയാൾ അതുചെയ്തു. സത്യത്തിൽ അയാൾക്കെ അങ്ങനെയൊക്കെ ചെയ്യാൻ സാധിക്കു..! ചില മനുഷ്യരുണ്ട് സ്വയം ഉരുകിതീർന്ന് അണയുന്നതുവരെ ചുറ്റും വെളിച്ചം നൽകുന്നവർ. അത്തരത്തിലൊരു മനുഷ്യനാണ് ഈ ഗോപിയേട്ടനും! പൊടുന്നനെയുള്ള തന്റെ മകൻ വൈശാഖിന്റെ മരണം അയാളെ വല്ലാതുലച്ചുപോയി. ശ്രുതിമോൾക്ക് രണ്ടായിരുന്നു നഷ്ടം.. അവളുടെ ഭർത്താവും അമ്മയും നഷ്ടപ്പെട്ടു. പോരാത്തതിന് അവൾ ഗർഭിണിയും. ശ്രുതി എപ്പോഴും ദു:ഖിച്ചിരിക്കും.. ഒരക്ഷരം ഉരിയാടില്ല.. ഭക്ഷണം വല്ലപ്പോഴുമെ കഴിക്കു.. നാൾക്കുനാൾ അവളുടെ ശരീരം വല്ലാതെ ക്ഷീണിച്ചു.അവളുടെ ഓജസ്സും തേജസ്സും എവിടേയോ പോയി മറഞ്ഞു. അവൾ ക്രമേണ വയറുന്തിയ ഒരു വളഞ്ഞരേഖയായി മാറി. പകലും രാത്രിയും ആരോടും ഒന്നും മിണ്ടാതെ മുറിക്കുള്ളിലിരിക്കും അവൾ. അടഞ്ഞുകിടക്കുന്ന മുറിയിലെ നിശബ്ദത.. കീറിമുറിച്ച് വരുന്ന ശ്രുതിമോളുടെ തേങ്ങലുകൾ... അയാളുടെ ഉറക്കം പൂർണ്ണമായി കെടുത്തി.. "ഇനി അഞ്ചുമാസമെ ഉള്ളു.. അതു കഴിഞ്ഞാൽ നമ്മുടെ മോന്റെ കുഞ്ഞ് പിറക്കും.. നമ്മുടെ എല്ലാ ദു:ഖവും ആ കുഞ്ഞിന്റെ വരവോടെ തീരും ഗോപിയേട്ടാ..." വസുന്ധരാമ്മ ദു:ഖത്തിനിടയിലും ദിവസങ്ങളെണ്ണി പറയും.. പക്ഷെ അയാളുടെ ചിന്ത അതായിരുന്നില്ല.. ശ്രുതിമോൾക്ക് ഇപ്പോൾ വയസ്സ് വെറും ഇരുപത്തിമൂന്ന്.. അവളുടെ ജീവിതം നമ്മൾ കാരണം ഇങ്ങനെ നശിക്കാൻ പാടില്ല... താൻ മകന്റെ പിതാവു മാത്രമല്ല; ഈ മകളുടെ പിതാവുകൂടിയാണ്. അതിന്റെ ഉത്തരവാദിത്വം തനിക്കുണ്ട്. ഉറക്കമില്ലാത്ത എതോ രാത്രിയിൽ അദ്ദേഹം അതിനൊരു പോംവഴി ആലോചിച്ചു കണ്ടെത്തി. പിറ്റേന്ന് അതിരാവിലെതന്നെ അയാൾ ആരോടും യാത്രയൊന്നും പറയാതെ വീട്ടിൽ നിന്നിറങ്ങി. ആ യാത്ര  വരുണിനെ കാണാനായിരുന്നു ഗോപിയേട്ടന്റെ അകന്ന ബന്ധത്തിലുള്ളതാണ് വരുൺ. 

നാലഞ്ചുവർഷം മുൻപ് വരുണിന്റെ അച്ഛൻ മരിച്ചു പോയി. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന ആ കുടുംബത്തെ കൈപിടിച്ചു കയറ്റിയത് അന്ന് ഗോപിയേട്ടനാണ്. ജപ്തി വന്ന് നഷ്ടപ്പെടാൻ നിൽക്കുന്ന അവരുടെ വീടും പറമ്പിന്റെയും ബാധ്യത തീർത്തത് വലിയൊരു തുക നൽകി അന്ന് ഗോപിയേട്ടനായിരുന്നു.. അന്ന് വരുണിന് ജോലിയൊന്നും ഉണ്ടായിരുന്നില്ല. വൈശാഖും വരുണും ശരിക്കും ജേഷ്ഠാനുജന്മാരെ പോലെയായിരുന്നു. വീട്ടിലെ നിത്യസന്ദർശകനാണ് വരുൺ. നാലുമാസം മുൻപാണ് വരുൺ ക്ലാർക്കായി സർക്കാർ സർവീസിൽ കയറിയത്.. അതിരാവിലെ വീട്ടിലെത്തിയ ഗോപിയേട്ടനെ കണ്ട് വരുൺ അതിശയപ്പെട്ടു.. "എന്താ മാമാ രാവിലെ..?" അവൻ ഗോപിയേട്ടനെ മാമൻ എന്നാണ് വിളിക്കാറ്.. "ഏയ് ഒന്നുമില്ല.." അയാൾ ഉള്ളിലേക്കു കയറി ഹാളിലെ സോഫയിലിരുന്നു.. "വരുൺ ഒന്ന് അമ്മയെ വിളിക്കു.. എന്നിട്ട് നീയും ഇങ്ങ് അടുത്തുവന്നിരിക്കു.." വരുണിന്റെ അമ്മ വന്ന് അയാൾക്ക് അഭിമുഖമായി നിന്നു.. അയാൾ വരുണിനെ പിടിച്ച് തന്റെ അരികിലിരുത്തി.. "മോനേ നീ ഞങ്ങളെ രക്ഷിക്കണം.. എന്റെ മോളെ രക്ഷിക്കണം.. ഞങ്ങളെ ഈ സങ്കടകടലിൽ നിന്ന് കൈ പിടിച്ചുയർത്തണം. നിനക്കുമാത്രം... നിനക്കുമാത്രമെ അതിനു കഴിയുകയുള്ളു." അയാൾ കരച്ചിലിന്റെ അകമ്പടിയോടെ പറഞ്ഞു. "എന്താ മാമാ ഇത്.. കുട്ടികളെപോലെ.. മാമൻ കാര്യം പറയു. എന്നാലാവുന്നത് എന്താണെങ്കിലും ഞാൻ ചെയ്തിരിക്കും." വരുൺ ഗോപിയേട്ടനെ ആശ്വസിപ്പിച്ചു.. "അത്.. അത്.. എനിക്ക് മോനോട് പറയാൻ വിഷമമുണ്ട്. എന്നാലും പറയാതിരിക്കാൻ വയ്യ. ഞങ്ങൾ മൂന്നു ജീവികൾ ആ വീട്ടിൽ നെഞ്ചുരുകിയാണ് കഴിയുന്നത് എന്നറിയാമല്ലോ മോന്; എന്റെയും വസുന്ധരയുടെയും കാര്യം പോട്ടെ.. ശ്രുതിമോൾ... ശ്രുതിമോൾ...' അവളുടെ കാര്യമാണ് ഏറ്റവും സങ്കടം. അവളെ മോൻ രക്ഷിച്ചെപറ്റു... മോനെ.. മോനെ അവളുരുകിയുരുകി അവസാനിക്കാറായി! അതിനു മുൻപ് അവളെ എന്റെ മോൻ രക്ഷിക്കണം; അവളെ മോൻ വിവാഹം ചെയ്യണം.. ഞങ്ങൾക്കുവേണ്ടി ഈ ഹതഭാഗ്യവാനായ പിതാവിനു വേണ്ടി..." 

പലയിടത്തും ഇടഞ്ഞു മുറിഞ്ഞെങ്കിലും അയാൾ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞുതീർത്തു..! അയാളുടെ നൊമ്പര തിരമാല അവിടെ ഉയർന്നുതലതല്ലി.. "ആ കുട്ടി ഗർഭിണിയല്ലെ..." വരുണിന്റെ അമ്മ ചോദിച്ചു. "അതെ.. എന്നാലും വരുൺ അവളെ സ്വീകരിക്കണം. ഞങ്ങൾക്കുള്ളതെല്ലാം ഇനി അവൾക്കുള്ളതാണ്.. ഞങ്ങളുടെ മരുമകളല്ല അവൾ മകളാണ്! അതാണ് സ്ഥാനം. ദയവുണ്ടാവണം." അയാൾ ദൈവങ്ങളോടെന്ന പോലെ അവർക്കു മുൻപിൽ കൈകൾകൂപ്പി!! അയാളുടെ സ്വരം യാചനയായി. അയാൾ വിലമതിക്കാനാവാത്ത മനുഷ്യനായി. ആ നന്മയ്ക്കു മുന്നിൽ ആ ഹൃദയത്തിനു മുൻപിൽ വരുണും അമ്മയും നിശ്ചലരായി.. ഒട്ടു നിശബ്ദതയ്ക്കു ശേഷം വരുൺ പതിയെ പറഞ്ഞു "അതെ മാമാ.. എനിക്കൊന്ന് ആലോചിക്കുവാൻ സമയം തരു. ഒരു രണ്ടു ദിവസം. അത്രമതി.. മാമൻ ഇക്കാര്യം ശ്രുതിയോട് ചോദിച്ചുവോ? അവർ സമ്മതിക്കുമോ? അതും ഇത്തരമൊരവസ്ഥയിൽ?" വരുൺ ഗോപിയേട്ടനോട് ചോദിച്ചു.. "അവളെ ഞങ്ങൾ സമ്മതിപ്പിച്ചോളാം മോനേ.. ഇല്ലെങ്കിൽ ഞങ്ങൾ ജീവിച്ചിരിക്കില്ല" 'സമ്മതിപ്പിക്കും.. സമ്മതിപ്പിക്കും എന്തു വില കൊടുത്തും'  അയാൾ പിറുപിറുത്തു. എന്തായാലും എന്റെ മോന്റെ മറുപടി വേഗം തരണം..." പിന്നീടൊന്നും പറയാതെ അയാൾ കണ്ണുകൾ തുടച്ച് തലതാഴ്ത്തി ഇറങ്ങി നടന്നു.. ആ വലിയ മനുഷ്യൻ വേച്ചുവീഴാൻ പോവുന്നുണ്ടായിരുന്നു. "എത്ര വലിയ മനുഷ്യനും പിടയുന്ന മനസ്സാണെങ്കിൽ അതിനെ വഹിക്കുന്നത് ഇടറുന്ന ശരീരമാവും...!!"

ADVERTISEMENT

രണ്ടു ദിവസത്തിനുള്ളിൽ വരുൺ വിവാഹത്തിനു സമ്മതമാണെന്ന് ഗോപിയേട്ടനെ അറിയിച്ചു... വസുന്ധരയും ഗോപിയേട്ടനും കരഞ്ഞുപറഞ്ഞ് ഒടുവിൽ ശ്രുതിമോളേയും സമ്മതിപ്പിച്ചു. അങ്ങനെ പൂർണ്ണഗർഭിണിയായ ശ്രുതിമോളുടെയും വരുണിന്റെ വിവാഹദിനം എത്തി.. വിവാഹദിനം...! അയാൾ തലേന്ന് ഒരു പോള കണ്ണടച്ചിട്ടില്ല, ശ്രുതിമോൾ പോവുന്ന വിഷമം മാത്രമല്ല തന്റെ മകന്റെ കുഞ്ഞും തന്നിൽ നിന്ന് എന്നന്നേക്കുമായി അകന്നുപോവുകയാണ് എന്ന ചിന്ത അയാളെ തളർത്തിയിട്ടുണ്ട്. എന്നാലും അയാൾ ഉത്തരവാദിത്വമുള്ള പിതാവായി മാറി. കാര്യങ്ങളെല്ലാം അടുക്കും ചിട്ടയോടും ചെയ്തു തീർത്തു. എല്ലായിടത്തും ഓടി എത്തി. എല്ലായിടത്തും അയാൾ നിറഞ്ഞുനിന്നു. ബന്ധുക്കളെയും മറ്റും ഹാർദ്ദവമായി സ്വീകരിച്ചു. തന്റെ മകളല്ല മരുമകളെയാണ് അന്ന് അയാൾ കൈപിടിച്ച് മറ്റൊരാളെ ഏല്‍പ്പിക്കുന്നത് എന്ന് ആ മനുഷ്യൻ പൂർണ്ണമായും മറന്നു. വരന്റെയും പിതൃസ്ഥാനം അയാൾ തന്നെ. "ഇനിയും ഉറക്കെ..." അയാൾ നാദസ്വരം വായിക്കുന്നവരോട് പറഞ്ഞു. മുഹൂർത്തം അവസാനിക്കാറായി പൂജാരിയോട് താലിയും മാലയും നൽകുവാനായി അദ്ദേഹം ആംഗ്യം കാണിച്ചു.. "വസുന്ധരെ ഇങ്ങടുത്തുവരു" അയാൾ സങ്കടപ്പെട്ട് മാറി നിൽക്കുന്ന ഭാര്യയെ അടുത്തേക്കു വിളിച്ചു.. വസുന്ധരാമ്മ ഗോപിയേട്ടന്റെ അടുത്തേക്കു വന്നു.. "കരയല്ലെ" ഗോപിയേട്ടൻ വസുന്ധരയുടെ ചെവിയിൽ പറഞ്ഞു.. ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. നമ്മുടെ മകളുടെ വിവാഹദിനം.. കഴിയുന്നത്ര സന്തോഷിക്കുക. അതാണ് നമ്മൾ വേണ്ടത്.!" എന്നിട്ട് അവരുടെ മുഖത്തേക്കു നോക്കി... ''ഞാനും പതറുന്നുണ്ട് ഒന്നു പിടിച്ചു നിൽക്കൂ" എന്ന് അയാളുടെ ആ നോട്ടത്തിന് അർഥമുണ്ടായിരുന്നു. അവർ അയാളെ ചേർന്നു നിന്നു.. അവർ വധുവിന്റെ മാതൃസ്ഥാനം ഏറ്റെടുത്തു.

പൂജാരി മാലകൾ വരന്റെയും വധുവിന്റെയും കൈകളിൽ നൽകി.. നാദസ്വരമേളം ഉച്ചത്തിലായി. "ശ്രുതിമോളെ മാല വരുണിനെ അണിയിക്കു" പകച്ചു നിൽക്കുന്ന ശ്രുതിമോളുടെ തോളിൽ അയാൾ മൃദുവായി തട്ടി. നിറഞ്ഞ കണ്ണുകളോടെ ശ്രുതി വരുണിന്റെ കഴുത്തിൽ മാല ചാർത്തി. വരുൺ തിരിച്ചും. "ഇനി താലി ചാർത്തു" അദ്ദേഹം വരുണിന്റെ കൈയ്യിലേക്ക് താലിയെടുത്തു നൽകി.. "എല്ലാവരും ഒന്നു കുരവയിട്ടെ" കൂടിനിൽക്കുന്നവരോട് അയാൾ പറഞ്ഞു. എല്ലാവർക്കും വധുവരന്മാരെ അനുഗ്രഹിക്കാൻ പൂക്കൾ നൽകുവാനും അദ്ദേഹം മറന്നില്ല. വരുൺ ശ്രുതിയുടെ കഴുത്തിൽ താലിചാർത്തി. അതുവരെ പിടിച്ചു നിന്ന വസുന്ധരാമ്മ തളരാൻ തുടങ്ങി. അവർ ഗോപിയേട്ടനെ ശ്രദ്ധിക്കാതെ അവിടെ നിന്ന് മാറിയകന്നു. എല്ലാവരും കൈകളിൽ പിടിച്ചിരുന്ന പൂക്കൾ വരന്റെയും വധുവിന്റെയും മേൽ അനുഗ്രഹാശ്ശിസുകളോടെ ചൊരിഞ്ഞു... സാധാരണ വിവാഹവീട്ടിലുള്ള സന്തോഷമൊന്നും ആ വിവാഹവീട്ടിൽ കണ്ടില്ല. പങ്കെടുക്കുവാനെത്തിയവരുടെ മുഖത്തൊക്കെ ഒരു മ്ലാനത തളം കെട്ടികിടപ്പുണ്ട്.. ഗോപിയേട്ടൻ തന്നെ പൂച്ചെണ്ട് എടുത്ത് വധു വരന്മാർക്ക് കൈമാറി.. പൂച്ചെണ്ടുകൾ പരസ്പരം കൈമാറാൻ വധു വരന്മാരോട് പറഞ്ഞതും അയാളാണ്. നാദസ്വരത്തിന്റെ മേളം കേട്ടതുകൊണ്ടാവാം അന്നേരം ശ്രുതിയുടെ അടിവയറിൽ കുഞ്ഞുവൈശാഖ് കുസൃതി കാണിച്ചു.. നൊമ്പരം കൊണ്ട് നിറഞ്ഞ കണ്ണുകളോടെ ശ്രുതി വരുണിന് പൂച്ചെണ്ട് കൈമാറി...! "എങ്ങനെ ഈ മനുഷ്യന് ഇതു സാധിക്കുന്നു.?" കൂടി നിൽക്കുന്നവരിൽ ആരോ അടക്കം പറഞ്ഞു... സന്തോഷത്തെക്കാളേറെ സങ്കടമായിരുന്നു വിവാഹത്തിൽ പങ്കെടുത്തവർക്ക്. അടക്കം പറച്ചിലിനിടയിലും ആളുകൾ വിവാഹസത്ക്കാരം സ്വീകരിച്ച് ഗോപിയേട്ടനെന്ന അത്ഭുതമനുഷ്യനെ വാനോളം പുകഴ്ത്തി പിരിഞ്ഞു.. അതു കഴിഞ്ഞിട്ടിപ്പോൾ വർഷങ്ങൾ നാലുകഴിഞ്ഞു. ശ്രുതിമോൾ പ്രസവിച്ച വൈശാഖിന്റെ കുഞ്ഞിന് അതെ ഛായ, അതെ ചിരി, അതെ മുടിചുരുൾ. ഒരു കുഞ്ഞു വൈശാഖ്..! ചെറിയൊരു മാറ്റം പോലും ഇല്ല. വൈശാഖിന്റെ നെറ്റിയിലെ മധ്യഭാഗത്തുള്ള ഒരു പൊട്ടുപോലുള്ള ചെറിയ അടയാളം പോലും ആ കുഞ്ഞിനും ഉണ്ടായിരുന്നു. വരുണും ശ്രുതിയും ആ കുഞ്ഞിന് വൈശാഖ് എന്നു തന്നെ പേരുനൽകി..

തൈതെങ്ങിന്റെ ശിരസ്സിൽ നിന്ന് ഊർന്നിറങ്ങിയ മഴവെള്ളം അയാളെ ചിന്തകളിൽ നിന്ന് ഉണർത്തി. പെട്ടെന്നയാൾക്ക് ഓർമ്മ വന്നു. ശ്രുതിമോളും കുഞ്ഞുവൈശാഖും വരുണും ഇന്ന് ഉച്ചയ്ക്ക് എത്താമെന്നു പറഞ്ഞതാണ്. ഒരു പക്ഷെ അവർ എത്തിയിട്ടില്ലായിരിക്കാം. എത്തിയിരുന്നെങ്കിൽ വരുൺ വണ്ടിയുമായി ഇവിടെ എത്തിയേനെ. ചിലപ്പോൾ എത്തിയിട്ടുണ്ടാവും. വരുൺ വരാമെന്നു പറഞ്ഞാൽ കൃത്യസമയത്തു തന്നെ എത്താറുണ്ട്. മഴയുള്ളതുകൊണ്ടാവാം തന്നെ കൊണ്ടുപോകുവാൻ ഇങ്ങോട്ട് വരാത്തത്. ഫോൺ എടുത്തിരുന്നുവെങ്കിൽ വിവരം തിരക്കായിരുന്നു. പക്ഷെ കൃഷിയിടത്തിലേക്ക് വരുമ്പോൾ ഫോൺ കൈവശം വയ്ക്കാറില്ലല്ലോ, അയാൾക്ക് എത്രയും പെട്ടെന്ന് വീട്ടിലേക്കെത്താൻ ധൃതിയായി. അയാൾ വേഗത്തിൽ നടന്നു.. കുഞ്ഞുവൈശാഖിന്റെ ചിരിക്കുന്ന കൊച്ചുമുഖം അയാൾക്കു മുന്നിൽ നിറഞ്ഞുനിന്നു ചിരിച്ചു! നടത്തം ഓട്ടമായി. അയാളുടെ മേൽപതിച്ച മഴത്തുള്ളികൾ കല്ലിൽ പതിച്ചപോലെ അതിവേഗം ചിന്നിച്ചിതറി... അരമണിക്കൂറിന്റെ ദൂരം അയാൾ ഇരുപതുമിനിറ്റിൽ താണ്ടി. അതും മഴയത്ത് നനഞ്ഞുകുളിച്ച്..! അത്ര നേരം പെയ്തിട്ടും മഴയ്ക്ക് ശക്തി കൂടിവന്നതെയുള്ളു... ഇടവഴി അവസാനിച്ച് റോഡിലേക്കു കയറുമ്പോൾ റോഡിനിടതുവശത്തെ ചെറുകനാലിനരികെ ഒരു പെൺപട്ടി വല്ലാത്ത ശബ്ദത്തിൽ കരയുകയും കുരയ്ക്കുകയും കാനയിലേക്കു നോക്കി അങ്ങോട്ടുമിങ്ങോട്ടുമോടി വെപ്രാളപ്പെടുന്നതു കണ്ടു... "എന്തോ പറ്റിയിട്ടുണ്ട്.. അല്ലാതെ ഈ പെരുമഴ നനഞ്ഞ് ആ നായ ഇങ്ങനെ നിൽക്കില്ല.." അങ്ങനെ ചിന്തിച്ച് മുൻപോട്ടോടികൊണ്ടിരുന്ന അയാൾ തിരികെ നടന്ന് ആ നായ നിൽക്കുന്നിടത്തെത്തി. 

അയാളെ കണ്ട ആ നായ പ്രത്യേക ശബ്ദത്തിൽ കരഞ്ഞ് വാലാട്ടി കാനയിലേക്കു നോക്കി കുരച്ചു.. അങ്ങോട്ടു നോക്കിയപ്പോൾ  ഇടവിട്ടിട്ട സ്ലാബുകൾക്കിടയിൽ കാനയിലെ ചവറുകൾക്കിടയിൽ രണ്ടു നായകുഞ്ഞുങ്ങൾ കുരുങ്ങി നിൽക്കുന്നതുകണ്ടു.. പാവം നായകുഞ്ഞുങ്ങൾ! മഴവെള്ളം കലങ്ങി കുത്തിയൊഴുകി വരുന്നുണ്ട്. കുറച്ചു സമയം കൂടി കഴിഞ്ഞാൽ ആ നായകുഞ്ഞുങ്ങൾ കാനയിലൂടെ ഒഴുകിപോവും. പെട്ടെന്നുള്ള മഴയായതുകൊണ്ടാവാം അമ്മ പട്ടിക്ക് അതിന്റെ കുഞ്ഞുങ്ങളെ മാറ്റുവാൻ സാധിക്കാഞ്ഞത്.. അത് സ്വന്തം ജീവൻ പറിഞ്ഞുപോകുന്ന പോലെയാണ് നിലവിളിക്കുന്നത്. അയാൾ കാനയിലേക്ക് മെല്ലെ ഇറങ്ങി. ഒഴുക്കു കൂടികൂടി വരുന്നുണ്ട്.. കുനിഞ്ഞു മുൻപോട്ട് നീങ്ങിയാലെ നായ കുഞ്ഞുങ്ങളെ രക്ഷിക്കാനാവു... അയാൾ സ്ലാബിൽ തല തട്ടാത്ത വിധം കുനിഞ്ഞു നീങ്ങി.. പെട്ടെന്ന് കാലിലെന്തോ കുത്തികയറി. അയാൾ ഇടത്തുകാൽ ഊന്നി വലതുകാൽ ഉയർത്തിനോക്കി. കുപ്പിചില്ലാണ്.. ചെരുപ്പും തുളച്ച് കാലിൽ കയറിയിട്ടുണ്ട്. അയാൾ വേദന കടിച്ചുപിടിച്ച് ചില്ല് കരയിലേക്ക് എറിഞ്ഞു. കാൽ മുറിഞ്ഞ് ചോരവരുന്നുണ്ടായിരുന്നു. അയാൾ അതൊന്നും കൂട്ടാക്കാതെ നായകുഞ്ഞുങ്ങളെ തൂക്കിയെടുത്ത് കാനയിൽ നിന്ന് പെൺപട്ടിയുടെ അടുത്തെത്തിച്ചു... കരയിലേക്കു കയറിയ അയാളെ പെൺപട്ടി സ്നേഹം കൊണ്ടു പൊതിഞ്ഞു.. പറയാൻ സാധിക്കാത്ത നന്ദി ആ മൃഗം ആ മനുഷ്യനിൽ പെരുമാറ്റം കൊണ്ട് ചൊരിഞ്ഞു... കാൽ മുറിഞ്ഞു ചോരയൊഴുകുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ അയാൾ വീട്ടിലേക്കോടി... ആ പെരുമഴ മുഴുവനും അയാൾ കൊണ്ടു. ഓട്ടത്തിനിടയിൽ അയാൾ ഒന്നു രണ്ടിടത്ത് തട്ടി വീഴാൻ പോയി... എന്നാലും ഓട്ടം നിർത്തിയില്ല. മഴയ്ക്കിടയിലൂടെ ദൂരെ നിന്നെ അയാൾ വരുണിന്റെ കാർ കണ്ടു. വിവാഹം ദിനം അയാൾ തന്നെ സമ്മാനമായി നൽകിയതാണ് ആ കാർ..

അയാൾ ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറും മുൻപെ  "മുത്തച്ഛാ.. മുത്തച്ഛാ" എന്നു വിളിച്ചു കൊണ്ട് കുഞ്ഞുവൈശാഖ് മഴയത്ത് വീട്ടിൽ നിന്നിറങ്ങി അയാൾക്കരുകിലേക്കോടിയെത്തി. അവൻ ഓടി വരുന്നതു കണ്ട് അയാൾ അവിടെ തന്നെനിന്നു. അവനെ വാരിയെടുത്തു തെരുതെരെ ഉമ്മവച്ചു. "മുത്തച്ഛാ എനിച്ച് താ നിതമുള്ള കല്ലുകൾ... താ മുത്തച്ഛാ.. താ.. " അവൻ അയാളുടെ കൈത്തണ്ടയിലിരുന്നു കൊഞ്ചി. വരുണും ശ്രുതിയും സിറ്റൗട്ടിൽ നിന്ന് ആ കാഴ്ചകൾ കണ്ടു. "നമുക്കു വീട്ടിലേക്കു കയറാം എന്നിട്ട് മോന് അതെടുത്തു തരാം" അയാൾ പറഞ്ഞു.. മേണ്ട.. എനിച്ച് ഇപ്പോ കിട്ടണം. അവൻ ശാഠ്യം പിടിച്ചു. "വസുന്ധരെ അതിങ്ങെടുത്തിട്ടു വരു.. മോനുള്ളത് " അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു. വസുന്ധരാമ്മ ഒരു സമ്മാനപൊതിയും കുടയുമായി ഇറങ്ങി വന്നു... സമ്മാനപ്പൊതി അവൻ ചാടിപ്പിടിച്ചു ഗോപിയേട്ടന്റെ നേർക്കു നീട്ടി "തുറന്നു താ മുത്തച്ഛാ" വീട്ടിൽ കയറിയിട്ടു തുറക്കാം മോനു.. പറ്റില്ല.. പറ്റില്ല. അവൻ വീണ്ടും ചിണുങ്ങി. അവൻ കുടയിൽ കയറാനും സമ്മതിച്ചില്ല. മഴയിൽ കുതിർന്ന സമ്മാനപ്പൊതി അയാൾ തുറന്നു... പകുതി തുറക്കുമ്പോഴേക്കും അതിൽ നിന്ന് പല നിറത്തിലുള്ള വെള്ളാരം കല്ലുകൾ താഴെയ്ക്കു വീണു.. അവൻ മുത്തച്ഛന്റെ കൈത്തണ്ടയിൽ നിന്ന് ഊർന്നിറങ്ങി.. ആ നിറമുള്ള വെള്ളാരം കല്ലുകൾ കുഞ്ഞികൈയിൽ പെറുക്കികൂട്ടി.. നിറഞ്ഞ കൈകൾ മുത്തച്ഛന്റെ നേർക്ക് നീട്ടി അവൻ കൊഞ്ചി പറഞ്ഞു.. "ഇത് എന്റെ മുത്തച്ഛന്... എന്റെ പൊന്നു മുത്തച്ഛന് നിതമുള്ള കല്ലുകൾ" വരുണും ശ്രുതിയും അയാൾക്കരിലേക്കെത്തി.. ആ പുതുമഴയിൽ അവർ മറ്റൊരു പുതുമഴയായി.. അവന്റെ കുഞ്ഞുകൈയ്യിലിരുന്ന് നിറമുള്ള വെള്ളാരം കല്ലുകൾ മാനം നോക്കി പൊട്ടിച്ചിരിച്ചു...!!!

English Summary:

Malayalam Short Story ' Niramulla Kallukal ' Written by Divakaran P. C.