'സ്കൂളിലേക്ക് പോകുമ്പോഴും അവന്റെ മനസ്സിൽ ആ തമിഴ് നാടോടി പെൺകുട്ടിയുടെ മുഖം മാറി മറിഞ്ഞു...'
കഴിഞ്ഞ വർഷം താറാ കൂട്ടങ്ങളുമായി വന്ന തമിഴ് നാടോടികളിൽ ഒരു തമിഴത്തി കുട്ടിയുടെ മുഖം മാത്രമേ അവനു ഇന്ന് ഓർമ്മ ഉള്ളൂ. അവളുടെ പേരെന്താണെന്നോ, നാടേതെന്നോ, ഏത് നാടോടി കുടുംബത്തിലെ ആണെന്നോ ഒന്നും അവനറിയില്ലായിരുന്നു.
കഴിഞ്ഞ വർഷം താറാ കൂട്ടങ്ങളുമായി വന്ന തമിഴ് നാടോടികളിൽ ഒരു തമിഴത്തി കുട്ടിയുടെ മുഖം മാത്രമേ അവനു ഇന്ന് ഓർമ്മ ഉള്ളൂ. അവളുടെ പേരെന്താണെന്നോ, നാടേതെന്നോ, ഏത് നാടോടി കുടുംബത്തിലെ ആണെന്നോ ഒന്നും അവനറിയില്ലായിരുന്നു.
കഴിഞ്ഞ വർഷം താറാ കൂട്ടങ്ങളുമായി വന്ന തമിഴ് നാടോടികളിൽ ഒരു തമിഴത്തി കുട്ടിയുടെ മുഖം മാത്രമേ അവനു ഇന്ന് ഓർമ്മ ഉള്ളൂ. അവളുടെ പേരെന്താണെന്നോ, നാടേതെന്നോ, ഏത് നാടോടി കുടുംബത്തിലെ ആണെന്നോ ഒന്നും അവനറിയില്ലായിരുന്നു.
ക്വ... ക്വ.... ക്വ.... ക്വ.... എന്ന ശബ്ദം കേട്ടുകൊണ്ടാണ് സൂര്യ നാരായണൻ അത് വഴി നടന്നു പോയത്. സാധാരണ എല്ലാ വർഷവും ചിങ്ങ മാസം കഴിഞ്ഞാണ് എത്തുന്നത്, എന്തെ എത്താത്തത് എന്ന് ഇന്നലെ കൂടി ചിന്തിച്ചതെ ഉള്ളു, ഇപ്പോഴിതാ ഷെഡ് ഒക്കെ കെട്ടി താറാവുകളെ അങ്ങനെ ആട്ടി തെളിച്ചു അവർ അങ്ങനെ നടക്കുന്നു. കൂടെ കൂടെ "ഡേയ്... ഡേയ്... എന്ന് പറയുന്നത് മാത്രം അവനു മനസ്സിലാവുന്നുണ്ട്. ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ട് വരുമ്പോൾ അവിടം ശൂന്യമായിരുന്നു. ഇപ്പോഴിതാ ഒരു കൂട്ടം താറാവുകളും കൂടെ എട്ടോ പത്തോ തമിഴ് നാടോടി കുടുംബങ്ങളും. എല്ലാം ടാർപ്പായകൾ കെട്ടി ഷെഡ്ഡുകളുണ്ടാക്കി തോടിന്റെയും പാടങ്ങളുടെയും മുകളിലായി ടാറിട്ട റോഡ് അവസാനിക്കുന്നിടത്തായി മണ്ണിട്ട കുന്നും പ്രദേശത്തു എല്ലാ വർഷത്തെയും പോലെ തമ്പടിച്ചിരിക്കുന്നു. എവിടെ നിന്നാണോ എന്തിനാണെന്നോ ഒന്നും അറിയില്ല. അവർ (നാടോടികൾ) എല്ലാ വർഷവും ഓണം കഴിഞ്ഞു കൊയ്ത്തു കഴിയുമ്പോഴേക്കും ഞങ്ങളുടെ സുന്ദര ഗ്രാമത്തിലേക്ക് വന്നു ചേരും.
കഴിഞ്ഞ വർഷം താറാ കൂട്ടങ്ങളുമായി വന്ന തമിഴ് നാടോടികളിൽ ഒരു തമിഴത്തി കുട്ടിയുടെ മുഖം മാത്രമേ അവനു ഇന്ന് ഓർമ്മ ഉള്ളൂ. അവളുടെ പേരെന്താണെന്നോ, നാടേതെന്നോ, ഏത് നാടോടി കുടുംബത്തിലെ ആണെന്നോ ഒന്നും അവനറിയില്ലായിരുന്നു. ഒന്ന് മാത്രം അവനറിയാമായിരുന്നു. അവനതുവഴി പോകുമ്പോഴെല്ലാം അവൾ അവനെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നിരുന്നു. അവൻ അത് വഴി പോകുമ്പോഴാണ് അവന്റെ മനസ്സിൽ പെട്ടെന്ന് അത് ഓർമ്മ വന്നത് അതെ കഴിഞ്ഞ വർഷം വന്ന ആ പെൺകുട്ടിയെ കുറിച്ച്. വന്ന വഴി കുറച്ചു കൂടി പിന്നിലേക്ക് പോയി ഒന്നും കൂടി അത് വഴി പോയി നോക്കിയാലോ എന്ന് അവന്റെ മനസ്സ് പറഞ്ഞു. പക്ഷെ സമയം അവനെ അതിനനുവദിച്ചില്ല കാരണം 10 മണിക്കെത്തേണ്ട സ്‌കൂളിലേക്ക് അവൻ വീട്ടിൽ നിന്ന് ഇറങ്ങിയത് ഒൻപതരക്കാണ്. അവൻ ശരവേഗത്തിൽ സഞ്ചിയും തോളിലിട്ട് സ്‌കൂളിലേക്കോടി. സ്‌കൂളിലേക്ക് പോകുമ്പോഴും അവന്റെ മനസ്സിൽ ആ തമിഴ് നാടോടി പെൺകുട്ടിയുടെ മുഖം അങ്ങനെ മാറി മറിഞ്ഞ് നിന്നു.
സ്‌കൂളിൽ ചെന്നപ്പോൾ അവനറിഞ്ഞു ഇന്നാണ് കാൽ കൊല്ല പരീക്ഷയുടെ (ഓണ പരീക്ഷ) പേപ്പർ കിട്ടുന്നത് എന്ന്. "ഇന്നലെ എന്തോ! ഓണം കഴിഞ്ഞ ആദ്യ ദിവസമായത് കൊണ്ടാവും പരീക്ഷ പേപ്പറൊന്നും കിട്ടിയില്ല. ഇന്നേതായാലും ഒരു വിധം എല്ലാ പരീക്ഷ പേപ്പറുകളും കിട്ടുമായിരിക്കും. അവൻ മനസ്സിൽ വിചാരിച്ചിരിക്കുന്ന വേളയിലതാ തന്റെ ക്ലാസ് ടീച്ചർ ദൂരെ നിന്ന് ഒരു കെട്ട് പേപ്പറുകളുമായി വരുന്നു. അവനുറപ്പുണ്ട് എന്തായാലും മലയാളത്തിൽ തോൽക്കില്ല. ടീച്ചർ ക്ലാസ്സിൽ വന്നതും ഹാജർ പട്ടിക തുറന്നു എല്ലാവരുടെയും പേരുകൾ വിളിക്കാൻ തുടങ്ങി. അത് കഴിഞ്ഞതും പൊടുന്നനെ ടീച്ചർ മേശ മേൽ വച്ച തന്റെ മലയാളം പേപ്പറുകൾ എടുത്തു ഓരോരുത്തരുടെ പേര് അങ്ങനെ വിളിക്കാൻ തുടങ്ങി. രമേശ്- 14, ഗോപി - 37, രാജേഷ് - 28 ഓരോ പേപ്പർ കഴിയും തോറും അടുത്തത് തന്റെ പേപ്പർ ആവും എന്നുള്ള ആകാംഷയിൽ അവൻ പേപ്പറുകളിൽ തന്നെ സുസൂക്ഷ്മം നോക്കി ഇരുന്നു. പെട്ടെന്ന്!!, "സൂര്യ നാരായണൻ" ടീച്ചർ അതാ തന്റെ പേര് വിളിച്ചിരിക്കുന്നു. അവന്റെ ഉള്ളിൽ ഭയത്തിന്റെയും ജിജ്ഞാസയുടെയും വാദ്യ മേളങ്ങൾ കുറച്ച്നേരത്തേക്കെങ്കിലും താളമിടാൻ തുടങ്ങി. "23" ഹാവൂ... എന്തായാലും പാസ്സായി! ഒരു നീണ്ട നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു എന്നാലും ഞാൻ മലയാളത്തിൽ ഒരു 27, 28 ഒക്കെ പ്രതീക്ഷിച്ചത... എവിടെയാണെന്നാവോ കുറഞ്ഞത്? അവൻ പേപ്പർ മുഴുവൻ ഒന്ന് കണ്ണോടിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു.
ഓരോ പിരീഡ് കഴിയും തോറും ഓരോ വിഷയത്തിന്റെ പേപ്പറുകൾ അങ്ങനെ കിട്ടി കൊണ്ടിരുന്നു. കണക്കിന്റേം, സയൻസിന്റേം പേപ്പർ മാത്രം കിട്ടിയില്ല. സയൻസ് മാഷും കണക്കു ടീച്ചറും ഇന്ന് ലീവാണത്രേ! ആരോ ക്ലാസ് മുറിയിൽ അങ്ങനെ പറയുന്നുണ്ടായിരുന്നു. "ഓ സമാധാനം ആയി" അവൻ പറഞ്ഞു. വൈകുന്നേരം സ്കൂൾ വിട്ട് വീട് എത്താറാവുമ്പോൾ അവൻ ആ നാടോടികൾ കെട്ടിയ ഷെഡിന്റെ ഭാഗത്തേക്ക് ഒന്ന് പാളി നോക്കി. അവിടെ അതാ പാവാട പോലെ (കള്ളി തുണി കൂട്ടി അടിപ്പിച്ച് വട്ടത്തിൽ പാവാട പോലെ ആക്കിയത്) ഒരു ലുങ്കി ഉടുത്ത ഒരാൾ തന്നെ തന്നെ നോക്കുന്നതായി അവനു മനസ്സിലായത്. മെലിഞ്ഞു കറുത്ത ശരീരം ആണ് ആ തമിഴൻ. അവിടവിടെ ഓട്ടയുള്ള ഒരു ചുവപ്പും കറുപ്പും ഇടകലർന്ന ബനിയൻ ആണ് ഷർട്ടിന് പകരമായി ധരിച്ചിരിക്കുന്നത്. മുന്നിലുള്ള പല്ലുകളെല്ലാം വെളിയിൽ കാട്ടി കൊണ്ട് സൂര്യനോട് തമിഴൻ ചോദിച്ചു "ഡേയ് എന്നാടാ തമ്പി യാരെ തേടിയിട്ടുര്ക്കു? തമിഴിൽ എന്താണ് ചോദിച്ചതെന്നു അവനു ലവലേശം മനസ്സിലായില്ല. അവൻ ഒന്നുമില്ല എന്ന ഭാവത്തോടെ തലയാട്ടി അവിടുന്നു നടന്നു നീങ്ങി.
അവിടെ എങ്ങും അവൻ തിരഞ്ഞ ആ തമിഴത്തി പെൺകുട്ടിയെ അവനു കാണാൻ കഴിഞ്ഞില്ല. തമിഴൻമാരുടെ ഷെഡുകൾ കഴിഞ്ഞു ഒരു തോടും രണ്ടു മൂന്ന് വരമ്പുകളും താണ്ടി വേണം അവനു അവന്റെ തറവാട്ടിലെത്താൻ. തോടിന്റെ പാലം കഴിഞ്ഞു വരമ്പിലൂടെ നടന്നു നീങ്ങുമ്പോഴതാ നാലഞ്ചു തമിഴത്തി പെണ്ണുങ്ങൾ തോട്ടിൽ നിന്നു കുളി കഴിഞ്ഞ് അപ്പുറത്തെ വരമ്പിലൂടെ പോകുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. അതിലൊരു തമിഴത്തി നാടോടിയുടെ കൂടെ അതാ താൻ കഴിഞ്ഞ വർഷം കണ്ട ആ നാടോടി തമിഴ് പെൺകുട്ടി. ഒരു നീല ഷെമ്മീസ് ആയിരുന്നു ആ കുട്ടിയുടെ വേഷം. "ശീഘ്രം നട... ശീഘ്രം... ശീഘ്രം!!! കൂടെയുള്ള നാടോടികൾ ഇടയ്ക്കിടെ ഇങ്ങനെ എന്തോക്കെയോ പറയുന്നുണ്ടായിരുന്നു. അവൾ ഒന്ന് രണ്ടു പ്രാവശ്യം തല ചരിച്ച് അപ്പുറത്തെ വരമ്പിലൂടെ പോവുന്ന സൂര്യനെ അങ്ങനെ നോക്കുന്നുണ്ടായിരുന്നു.
സ്കൂളിൽ നിന്ന് വീടെത്തിയതും കിണറ്റിന്റെ വക്കത്തു വെള്ളം കോരി കൊണ്ടിരിക്കുന്ന 'അമ്മ' അവനോട് ചോദിച്ചു. 'സൂര്യ... പേപ്പറൊക്കെ കിട്ടിയോ?' 'ആ കിട്ടി...' അവൻ നീട്ടി പറഞ്ഞു. "ന്ന ആ സഞ്ചിയൊക്കെ അവിടെ വച്ച് ഇങ്ങോട്ട് വാ..." 'അമ്മ അവനെ കിണറ്റിൻ വക്കത്തേക്കു വിളിച്ചു. "കൈയ്യും കാലും മുഖോം കഴുകി പൂവാം....! സഞ്ചി ഉമ്മറത്തെ മരപ്പടിയിൽ വച്ചിട്ട് അവൻ ഉടനടി കിണറ്റിങ്കരയിലേക്കോടി. അത് കഴിഞ്ഞ് സൂര്യൻ നേരെ വന്നത് അടുക്കളയിലേക്കാണ്. അപ്പഴേക്കും അവിടെ അവന്റെ അമ്മായി ചോറ് വിളമ്പി വെച്ചിട്ടുണ്ടായിരുന്നു. രാജു ആണെങ്കിൽ വന്നിട്ടില്ല അവൻ ഇവനെക്കാളും മൂത്തതാണ്. അവൻ വേറെ ഒരു ഹൈ സ്കൂളിലാണ് പഠിക്കുന്നത്. രജിത സ്കൂൾ വിട്ട് വേഗം വന്നിരിക്കുന്നു. അവൾ അവിടെ ഇരുന്നു ചോറുണ്ണുന്നു. ചോറുണ്ടതും അവൻ പെട്ടെന്ന് തന്നെ കൂട്ടുകാരുമൊത്തു കളിക്കാൻ മുറ്റത്തേക്കോടി. കുറച്ച് കുട്ടികൾ സ്കൂൾ വിട്ട് വന്നിട്ടുണ്ട് അപ്പോഴേക്കും. ചിലർ കളിക്കാൻ വീട്ടിൽ എത്തിയിട്ടുണ്ട്. ഹൈ സ്കൂളിൽ പഠിക്കുന്ന ചിലരാണെങ്കിൽ വരുന്നേ ഉള്ളു.
തറവാട്ടിലെ മുറ്റത്തു നിന്ന് നോക്കിയാൽ അവനു ആ നാടോടികളെയും അവരുടെ കൂടാരങ്ങളും കാണാൻ സാധിക്കുമായിരുന്നു. എല്ലാവരുടെയും കൂടെ കളിക്കുമ്പോഴും അവന്റെ കണ്ണ് ഇടയ്ക്കു ആ നാടോടികളുടെ കൂടാരത്തിന്റെ അങ്ങോട്ട് പാഞ്ഞു കൊണ്ടേ ഇരുന്നു. കളിയുടെ ഇടയിലാണ് സൂര്യന്റെ അമ്മ വിളിച്ചത്. 'സൂര്യ.... സൂര്യ... ഡാ... സൂര്യ.. നീ ആ മില്ലിലേക്ക് ഒന്ന് പോയി വന്നേ അരി പൊടിപ്പിക്കാനുണ്ട്.' 'ഓ... ഈ കളിക്കുന്നതീന്റെ ഇടയിൽ...' അവൻ ദേഷ്യത്തിൽ പിറു പിറുത്തു, മനസ്സില്ല മനസ്സോടെ കുതിർന്ന അരിയും സഞ്ചിയിലാക്കി നേരെ മില്ലിലേക്ക് വെച്ച് പിടിച്ചു.
വരമ്പുകൾ താണ്ടി റോഡിലൂടെ കുറച്ചു പോണം മില്ലിലേക്കു. റോഡിലെത്തിയപ്പോഴേക്കും അവിടെ അതാ നാടോടികളുടെ എന്തോ ഒരു ബഹളം ഒരു പാട് ആളുകളും കൂടിയിട്ടുണ്ട്. അവൻ പതുക്കെ തിരക്കിനുള്ളിലൂടെ ഒന്ന് എത്തി നോക്കി. അവിടെ അതാ ഒരാൾ മറ്റൊരാളുടെ ബനിയനിൽ പിടിച്ചു തള്ളുന്നു. വേറൊരാൾ അവന്റെ ഷർട്ടിന്റെ ബട്ടൺസുകളൊക്കെ വലിച്ചു പിടിച്ചു ഉന്തും തള്ളുമായി നിൽക്കുന്നു. എന്തോ കശ പിശ ആണെന്ന് സൂര്യന് മനസ്സിലായി. ബാക്കി അവർ പറയുന്നതൊന്നും അവനു മനസ്സിലായില്ല അവൻ തിരിഞ്ഞു മറിഞ്ഞു നാല് ദിക്കും നോക്കി, തന്നെ അറിയുന്നവർ ആരെങ്കിലും ഉണ്ടോ എന്ന്? അപ്പോഴതാ ഏറ്റവും പുറകിലായി ആ നാടോടി പെൺകുട്ടി രണ്ടു മൂന്ന് തമിഴത്തി കുട്ടികളുടെ കൂടെ നിൽക്കുന്നു. അവളുടെ വെള്ളാരം കണ്ണുകളിൽ ആ അടിപിടിയുടെ പേടി നല്ല പോലെ കാണാൻ സാധിക്കുന്നുണ്ട്. അവിടവിടെ കീറിയ ആകെ മുഷിഞ്ഞ ഒരു ഉടുപ്പാണ് അവൾ ധരിച്ചിരിക്കുന്നത്. ഒരുപാട് ദിവസങ്ങളായിട്ടുണ്ടാവും അവളുടെ മുടിയിൽ ഒരു തുള്ളി എണ്ണ കണ്ടിട്ട്! അവിടവിടെ ചെമ്പിച്ച ചിലത് ജട പിടിച്ച നേരാ വണ്ണം ചീകി ഒതുക്കി വയ്ക്കാതെ മുടിയിഴകൾ അങ്ങോട്ടും ഇങ്ങോട്ടും പിന്നി കിടക്കുന്നു. ദേഹമാസകലം ആകെ മൊരിഞ്ഞു വെളുത്തു പൊടിഞ്ഞിരിക്കുന്നു.
"അയ്യോ" സമയം ഒരുപാടായല്ലോ? ഞാനിവിടെ നിന്ന് സമയം പോയതറിഞ്ഞില്ല, "ഇനി മില്ല് എങ്ങാനും അടച്ച് കാണുമോ? അവൻ മനസ്സിൽ പറഞ്ഞു. പൊടിപ്പിക്കാനുള്ള അരി സഞ്ചിയുമെടുത്തു മില്ലിലേക്കു വേഗം നടന്നു. മില്ലിൽ നിന്ന് തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും നേരം ഒരുപാടു വൈകിയിരുന്നു. കളിയെല്ലാം കഴിഞ്ഞു കുട്ടികൾ എല്ലാം അവരവരുടെ വീട്ടിലേക്കു പോയിരിക്കുന്നു. അവന്റെ വീട്ടിൽ അമ്മക്ക് പുറമെ അച്ഛച്ചനും, അമ്മാമയും (ബാലൻ മാമ), അമ്മായിയും പിന്നെ അവരുടെ മക്കളും "രാജേഷ്, രജിത" ആണ് ഉള്ളത്. അച്ഛന് രണ്ടു പെങ്ങൾമാരും കൂടി ഉണ്ട്. അവരൊക്കെ അവരെ കല്യാണം കഴിപ്പിച്ച വീട്ടിൽ തന്നെ ആണ്. എപ്പോഴെങ്കിലും വരും, മേമമാർക്കൊക്കെ മക്കളും ഉണ്ട്. സ്‌കൂൾ പൂട്ടിയാൽ തറവാട്ടിൽ ആകെ തിരക്കും ബഹളവും ആണ്. എല്ലാരും കൂടി കളി തിരക്കാണ്. എല്ലാവരും വരും അപ്പോഴാണ് അപ്പുറത്തെ കാവിലെ "ദേശവേലയും" താലപ്പൊലിയും.
അമ്മായീ... രാജു ഇനീം വന്നില്ലേ? ഇല്ല്യ; അവൻ ബാലൻ മാമയുടെ കൂടെ തോട്ടിൽ പോയിരിക്ക, കുളിക്കാൻ. അവന്റെ മനസ്സിൽ അവന്റെ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ അങ്ങനെ മിന്നി മറഞ്ഞു. "എന്റെ അച്ഛനും ഇപ്പൊ ഇവിടെ ഉണ്ടായിരുന്നെങ്കിൽ" സൂര്യന്റെ മനസ്സ് ഒന്ന് വിങ്ങി. സൂര്യന്റെ അച്ഛൻ അവൻ ജനിച്ചു 6 മാസം കഴിഞ്ഞപ്പോൾ മദ്രാസിലേക്ക് പോയതാണ്. പിന്നെ എവിടെ ആണെന്നോ എന്താണെന്നോ അറിയാൻ കഴിഞ്ഞിട്ടില്ല. പിന്നെ ഇത് വരേയ്ക്കും നാട്ടിലേക്ക് തിരിച്ചു വന്നിട്ടില്ല. ചിലപ്പോഴൊക്കെ അവൻ വൈകുന്നേരത്തെ അവസാന തീവണ്ടി പോയി കഴിയുന്നത് വരെ വീടിന്റെ പടിക്കൽ പോയി നീണ്ടു കിടക്കുന്ന പാടവരമ്പുകളിലേക്കു നോക്കി അങ്ങനെ നിൽക്കും. "ഒരു നാൾ അവന്റെ അച്ഛൻ വരുന്നതും കാത്തു" എവിടെ പോയാലും ഒരു സഹതാപം ഉണ്ടായിരുന്നു എല്ലാവർക്കും അവനോട് അത് ഒരു പക്ഷെ താൻ ഇത് വരെ കണ്ടിട്ടില്ലാത്ത കുറുപ്പത് ഗോപാലകൃഷ്ണൻ എന്ന തന്റെ അച്ഛന്റെ മകനായത് കൊണ്ടാവാം. അല്ലെങ്കിൽ ഈ ജീവിതം മുഴുവൻ ദുഃഖം മാത്രം പേറി ജീവിക്കുന്ന കുറുപ്പത്തെ മരുമകളായി തന്റെ അമ്മയെ കുറിച്ചോർത്തിട്ടാവാം. വൈകുന്നേരത്തെ അവസാന തീവണ്ടിയും പോയി. കൂടാരങ്ങൾ കെട്ടിയ സ്ഥലത്തു നിന്ന് തമിഴന്മാരുടെ വല്ലാത്ത ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നുണ്ട്.
"ഡാ സൂര്യ..."!! പെട്ടെന്നു ആരോ അവന്റെ പുറത്തു തട്ടി! "ഓ.. രാജു നീയായിരുന്നോ? എത്ര നേരമായെടാ തോട്ടിൽ പോയിട്ട്? ബാലൻ മാമ എവിടെ?" രാജു പറഞ്ഞു "അച്ഛൻ കുറച്ചു സാധനങ്ങൾ മേടിക്കാൻ കടയിൽ കേറി. എന്നോട് വീട്ടിലേക്കു നടന്നോളാൻ പറഞ്ഞു." വീട്ടിൽ എല്ലാവരും വൈകുന്നേരം പണിത്തിരക്കിലാണ്. അച്ഛച്ചൻ എന്നത്തേയും പോലെ കാൽ കിലോ ഉണക്ക മീനുമായി മൂസാക്കാന്റെ പീടികയിൽ നിന്നും വന്നിട്ടുണ്ട്. പിന്നാമ്പുറത്തു കൂടി വീട്ടിലേക്കു അത്യാവശ്യമുള്ള സാധനങ്ങളുമായി ബാലൻ മാമയും വന്നു കേറി. സൂര്യൻ മാമ എന്ന് വിളിക്കുന്നത് അവന്റെ അച്ഛന്റെ അനിയനെ ആണ്. അച്ഛനില്ലാത്തതിന്റെ കുറവൊന്നും ബാലൻ മാമ അവനെ അറിയിച്ചിട്ടില്ല. തിരിച്ചു അവനും അങ്ങനെ തന്നെ ആണ്. വീട്ടു ചെലവ് ഒക്കെ നടത്തുന്നത് ബാലൻ മാമയാണ് രണ്ടു കന്നുകൾ (പോത്ത്) ഉണ്ട്, രണ്ടു പശുക്കളും, 3, 4 ആടുകളും ഒക്കെ അയി തറവാട്ടിൽ പാലിനും, തൈരിനും, നെയ്യിനും ഒന്നും ഒരു കുറവുമില്ല. "ഡാ സൂര്യ.... രാജൂ... ഒന്ന് ബഡെ വന്നേ രണ്ടാളും" ബാലൻ മാമ വിളിച്ചു. രണ്ടാളും പോയിട്ട് ആ തമിഴൻ നാടോടികളുടെ അടുത്തന്നു ഒരു 10 താറാമുട്ട വാങ്ങീട്ട് വന്നേ... ആ.... ഒരു ടോർച്ചു എടുത്തോളൂ ട്ട്വോ.." "എന്തിനാടാ ഇപ്പൊ ഈ രാത്രി ആ കുട്ടികളെ അങ്ങോട്ട് പറഞ്ഞയക്കണേ. നാളെ പകലെപ്പോഴെങ്കിലും വാങ്ങിയ പോരെ? അച്ഛച്ചൻ നാമം ചൊല്ലുന്നതിനിടയിൽ പിറുപിറുത്തു. "കുട്ട്യോള് രാത്രി ഒക്കെ പോയിട്ട് പഠിക്കട്ടെ അച്ഛാ... അവർ ആങ്കുട്ട്യോൾ അല്ലെ.?" മാമൻ പറഞ്ഞു. അച്ഛച്ചൻ "നമഃ ശിവായ,നമഃ ശിവായ", ഉരുവിട്ടുകൊണ്ടേയിരുന്നു.
അങ്ങനെ സൂര്യനും രാജുവും നാടോടി കൂടാരങ്ങളിലേക്കു താറാമുട്ട മേടിക്കാനായി നടന്നകന്നു. അവിടെ എത്തിയതും രാജു ഒരു തമിഴത്തിയോട് ചോദിച്ചു "താറാമുട്ടണ്ടോ? 10 എണ്ണം വേണം" ഇത് കേട്ട ഉടനെ ഉള്ളിൽ കത്തിച്ചു വച്ച ഒരു മണ്ണെണ്ണ വിളക്കിന്റെ അടുത്ത് നിന്നും ചുമന്നു കറ പിടിച്ച വായിലുള്ള 32 പല്ലും കാണിച്ചു അവരെ നോക്കി പറഞ്ഞു. "മുട്ടയില്ല തമ്പികളാ.. നാളേക്ക് വാ!!" അപ്പുറത്തെ ഒരു കൂടാരത്തിൽ വെളിച്ചമൊന്നും കാണുന്നില്ല, തൊട്ടപ്പുറത്തുള്ള ഷെഡിൽ പോയപ്പോഴാണ് അവിടെ കുറച്ചു തമിഴത്തികൾ വട്ടമിട്ടിരുന്നു എന്തൊക്കെയോ പറയുന്നുണ്ട്. മുഷിഞ്ഞഴുകിയ വസ്ത്രമാണിട്ടിരിക്കുന്നത്. ഒരു മധ്യ വയസ്കയായ തമിഴത്തിയുടെ മടിയിൽ ഒരു പെൺകുട്ടിയതാ തല ചായ്ച്ചു കിടക്കുന്നു. അവർ എന്താണ് പറയുന്നത് എന്നൊന്നും അവനും രാജുവിനും മനസ്സിലായില്ല. ഒന്നെന്തായാലും അവർക്കു മനസ്സിലായി ആ മധ്യവയസ്കയായ സ്ത്രീ അവളുടെ മടിയിൽ കിടക്കുന്ന കുട്ടിയുടെ തലയിലെ പേൻ നോക്കുകയാണ്. മടിയിൽ ചാഞ്ഞു കിടക്കുന്നത് വൈകുന്നേരം താൻ കണ്ട ആ തമിഴത്തി കുട്ടി തന്നെയാണോ എന്നവന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവൻ ഒന്നുകൂടെ അവർ തമ്മിലുള്ള അകലം കുറച്ചു. അപ്പോൾ അവനു പൂർണ്ണമായും മനസ്സിലായി.
അതവൾ തന്നെയാണെന്ന്, അവൻ ഒരു നിമിഷം ആലോചിച്ചു, "നമ്മുടെ ഒക്കെ വീടുകളിൽ ഇങ്ങനെ ആണോ? ഈ സമയത്തൊക്കെ! സന്ധ്യ നാമജപം ഒക്കെ കഴിഞ്ഞു സ്ത്രീകൾ രാത്രിയിലെ പണിയൊരുക്കുന്നതിന്റെ ഭാഗമായി നല്ല തിരക്കിലായിരിക്കും. പെട്ടെന്ന് അവന്റെ മനസ്സ് തിരികെ നാടോടികളുടെ കുടിലിലേക്ക് തന്നെ വന്നു. ഒരു കൈ പുറകിലേക്ക് താങ്ങി അവരോടു പറഞ്ഞു "10 മുട്ട വേണം, താറാ മുട്ട?" അവിടിരിക്കുന്ന പെണ്ണുങ്ങൾക്ക് കാര്യം മനസ്സിലായി അപ്പുറത്തു ഇരിക്കുന്ന വേറൊരു തമിഴത്തിയോട് എന്തൊക്കെയോ പറഞ്ഞു ആ സ്ത്രീ അപ്പുറത്തുള്ള അവരുടെ കുടിലിൽ പോയി 5 മുട്ട എടുത്തു കൊണ്ട് വന്നു കൊടുത്തു. എന്നിട്ട് പറഞ്ഞു "ഇവള് താ ഇറുക്ക്... നാളേക്ക് വാ!" അവർക്കു രണ്ടു പേർക്കും ഒന്നും മനസ്സിലായില്ല. കൈയ്യിലിരുന്ന 20 രൂപ അവർക്കു മുന്നിലേക്ക് നീട്ടി. പത്തു രൂപ എടുത്തു ബാക്കി അവർക്കു തന്നെ തിരികെ കൊടുത്തു. അപ്പോഴും അവർ എന്തൊക്കെയോ തമിഴ് ഭാഷയിൽ പറയുന്നുണ്ടായിരുന്നു. തിരികെ മേടിച്ച 10 രൂപയും 5 മുട്ടയുമായി അരണ്ട ടോർച്ചിന്റെ വെളിച്ചത്തിൽ അവർ ഇരുട്ടിന്റെ ഉള്ളിലേക്ക് നടന്നകന്നു.
പുലർച്ചെ ചന്നം പിന്നം പെയ്യുന്ന മഴയും ആസ്വദിച്ച് കിടക്കുകയായിരുന്ന സൂര്യനെ അവന്റെ അമ്മ തട്ടി വിളിച്ചു, "സൂര്യ.. ഡാ.... സൂര്യ..... എണീക്ക് നിനക്ക് സ്‌കൂൾ ഉള്ളതല്ലേ? എണീക്കു..!! ഉം.... ഉം... വേഗം എണീറ്റ് പല്ലു തേച്ചു കുളിക്കാൻ നോക്ക്" ഓടിട്ട വീടിന്റെ മുകളിലത്തെ നിലയിൽ ഒരു റൂമിലായിട്ടാണ് അവനും അവന്റെ അമ്മയും കിടക്കാറ്. അവിടത്തെ ജനലിലൂടെ നോക്കിയാൽ അങ്ങ് പാടവും, തോടും അതിനപ്പുറത്തുള്ള റോഡും എല്ലാം വളരെ വ്യക്തമായി കാണാം. അമ്മ പോയതും അവൻ ജനൽക്കരികിലേക്കു നോക്കി അങ്ങനെ ഇരുന്നു. പടിക്കലുള്ള വരമ്പിലൂടെ അതാ, തൊപ്പി കുടയും വച്ച് അപ്പുറത്തെ ചെറുമ കുടിയിലെ വേലായുധൻ പോകുന്നു, ഷർട്ടൊന്നും ഇട്ടിട്ടില്ല അയാൾ, ഒരു വെള്ള മുണ്ട്, മടക്കി കുത്തി ഉടുത്തിരിക്കുന്നു. ഒരു ചുവന്ന തോർത്ത് തോളിലുമുണ്ട്, ഒരു വലിയ തൂക്കു പാത്രം പാലുണ്ട് കൈയ്യിൽ, അപ്പുറത്തെ മാപ്പിളമാരുടെ വീട്ടിലേക്കാണ്. വീണ്ടുമെത്തി താഴെ നിന്ന് അമ്മയുടെ ഒച്ച.. "ഞാൻ ങ്ങട് മേലേക്ക് കേറി വരണോ?" പറയണ്ട താമസം ശരവേഗത്തിൽ കോണിപ്പടി ഇറങ്ങി അവൻ താഴെ എത്തി.
അടുക്കള ഭാഗത്തു തൂക്കിയിട്ടിരുന്ന മുക്കേരി (ഉമിക്കരി) പാത്രത്തിൽ നിന്നും ഇത്തിരി മുക്കേരി എടുത്തു ഇറയത്തു നിന്നും വീഴുന്ന വെള്ളവും കൈ കുമ്പിളിലാക്കി അവൻ പല്ലു തേപ്പു തുടർന്നു. പല്ലു തേപ്പു കഴിഞ്ഞതും അവൻ രാജുവിനെ എല്ലായിടത്തും തിരഞ്ഞു എന്നിട്ട് അമ്മയോട് ചോദിച്ചു. അമ്മെ ? രാജു എവിടെ പോയ്? രാജു ബാലൻ മാമക്ക് കുടിക്കാൻ ചായയുമായി പോയതാ പാടത്തേക്കു! ഇന്ന് മനയ്ക്കലെ കണ്ടത്തിലാത്രേ കന്ന് പൂട്ട്. ഇത് കേട്ട് അവൻ കുളിക്കാൻ വേണ്ടി കിണറ്റിൻ വക്കത്തെ ഓവ് കല്ലിൽ കേറിയതും രാജു എത്തി. ഡാ... വേഗം വാ... മ്മക്ക് കഴിക്കാം. "ഇന്നവരുടെ ഇഷ്ട ഭക്ഷണമായ നൂൽ പുട്ടു ആണ് രാവിലത്തെ പ്രാതൽ" അവൻ വേഗം കുളിച്ചു രാജുവിനൊപ്പം പ്രാതലും കഴിഞ്ഞു ആ തണുത്ത പ്രഭാതത്തിൽ ഈർപ്പമുള്ള യൂണിഫോമിന്റെ നീല ട്രൗസറും വെള്ള ഷർട്ടും എടുത്ത് ധരിച്ചു സ്കൂളിലേക്ക് നടന്നു. നാടോടികളുടെ കൂടാരത്തിനു അടുത്ത് എത്തുന്നതേ ഉള്ളു. ചാറ്റൽ മഴയിൽ പാടങ്ങളിൽ അവിടവിടെയായി പറ്റം പറ്റം താറാവുകൾ കൂടെ കുറെ നാടോടികളും അവർ രാവിലെ തന്നെ താറാവുകളെ മേയ്ക്കാൻ വന്നതാണെന്ന് തോന്നുന്നു. അവൻ മനസ്സിൽ പറഞ്ഞു.
തന്റെ വീടിന്റെ അപ്പുറത്തുള്ള വീടുകളിൽ നിന്ന് കുറച്ചു കുട്ടികൾ ഇറങ്ങി വരുന്നു അവരുടെ എല്ലാരുടെയും കൈയ്യിൽ ഓരോരോ പാത്രങ്ങളും ഉണ്ട്. അടുത്തെത്തിയപ്പോഴാണ് അവനതു ശ്രദ്ധിച്ചത് ചിലരുടെ കൈയ്യിൽ "വെള്ളച്ചോർ' (പഴംചോർ), ചിലരുടെ കൈയ്യിൽ പല വീടുകളിൽ നിന്നുമായി ശേഖരിച്ച മഞ്ഞയും, വെളുത്തതുമായ അരിമണികൾ, അതിൽ ചിലരുടെ കൈയ്യിൽ കുറച്ചു കറികൾ, ചില കുട്ടികൾ പാത്രങ്ങളൊക്കെ അവരവരുടെ തലയിൽ കമഴ്ത്തി വരുന്നു. അതിൽ അവരുടെ കൂട്ടത്തിൽ ഒരുത്തൻ പേരിനു മാത്രമാണ് ഒരു ഷർട്ട് ഇട്ടിരിക്കുന്നത്. "വലിയ ഒരാളുടെ ഷർട്ടും അതിൽ ഒരു ബട്ടൻസും അവനെ കണ്ടാൽ ഒരു 5 വയസ്സ് പ്രായം മാത്രം. ആ പയ്യന്റെ പാത്രത്തിൽ ഒന്നുമില്ല. ഷർട്ടിനിടയിലൂടെ അവന്റെ മാംസനിബിഢമല്ലാത്ത ശരീരത്തിലെ എല്ലുകൾ പെറുക്കി എടുക്കാനാകും. അവൻ ദൂരെ നിന്നെ തന്റെ കൈയ്യിലുള്ള പാത്രം ഉയർത്തി കാണിച്ചു കൈ കൊണ്ട് ഒന്നും കിട്ടിയില്ല എന്ന് ഒരു ചിരിയോടെ ആംഗ്യ ഭാഷയിൽ തന്റെ വിശപ്പ് ഉള്ളിലൊതുക്കി കാണിക്കുന്നുണ്ട്. ആ അഞ്ചു വയസ്സുകാരൻ അടുത്തെത്തുന്നത് വരെ അവൻ അവിടെ തന്നെ നിലയുറപ്പിച്ചു. ആ നാടോടി കുട്ടി സംഘങ്ങൾ തന്റെ അടുത്തെത്തിയപ്പോഴാണ് പിന്നെയും കുറെ കാര്യങ്ങൾ അവരെപ്പറ്റി മനസ്സിലായത്.
ഓരോരുത്തരുടേയും കൈയ്യിലുള്ള പലതരം ചോറും, കഞ്ഞിയും, കറികളും എങ്ങനെയാണു ഒത്തൊരുമിച്ചു വീതം വക്കുന്നത്. പിച്ച തെണ്ടി തെണ്ടി ഒന്നും കിട്ടാത്ത പലരുടെയും ഭിക്ഷ പാത്രത്തിലേക്ക് കുറച്ചൊക്കെ മാത്രം കിട്ടിയ പലരും തന്റെ കറികളും കഞ്ഞിയും ചോറും എല്ലാം പങ്കുവച്ചു നൽകുന്നു, അവന്റെ ജീവിതത്തിൽ അവൻ അന്നോളം കണ്ടിട്ടില്ല ഇതേ പോലൊരു കാഴ്ച അവന്റെ കണ്ണിൽ നിന്ന് അശ്രുവിന്റെ ചെറു ചൂട് കണങ്ങൾ അവനറിയാതെ തന്നെ അവന്റെ കവിളിനെ തഴുകി അങ്ങനെ ഒഴുകി. അപ്പോഴാണ് അതിലൊരു കുട്ടി തന്നെ ഇടയ്ക്കിടയ്ക്ക് ഇടം കണ്ണിട്ട് നോക്കുന്നതായി അവന്റെ ശ്രദ്ധയിൽ പെട്ടത്. ങേ! ഇത് അവളല്ലേ? ഇന്നലെ കണ്ട ആ കുട്ടി! അവൻ അത് വരെയും ആ കുട്ടിയെ ആ കൂട്ടത്തിൽ കണ്ടതേയില്ല. ആ കുട്ടിയുടെ കൈയ്യിലുമുണ്ട് ഏതോ വീട്ടിൽ നിന്ന് കൊടുത്ത പഴം ചോറും കറിയും അച്ചാറും ഒക്കെ.
പാത്രത്തിൽ നിന്ന് തെര് തെര.....! അവൾ വാരി കഴിക്കുമ്പോഴും അവളുടെ കണ്ണ് ഇടയ്ക്കിടയ്ക്ക് അവന്റെ മേൽ പതിഞ്ഞിരുന്നു. അപ്പോഴും അവനതു വ്യക്തമായി കാണാമായിരുന്നു അവളുടെ ഉള്ളിലെ വിശപ്പിന്റെ രോദനം ഒപ്പം ശ്രീത്വമുള്ള ആ മുഖത്തെ കുഴിഞ്ഞു പോയ ആ ക്ഷീണിതയായ കണ്ണിൽ അവനു കാണാമായിരുന്നു അവളുടെ ഉള്ളിന്റെ ഉള്ളിലെ ആ സങ്കട കയം. അത് ഒരു പക്ഷെ വിശപ്പിന്റെ ആയിരിക്കാം, അല്ലെങ്കിൽ ഒരു പക്ഷെ തന്നെ പോലെയോ അല്ലെങ്കിൽ തന്റെ സമപ്രായക്കാരെ പോലെയോ ആർത്തുല്ലസിച്ചു സ്കൂളിലൊക്കെ പോകാൻ സാധിക്കാത്തത് കൊണ്ടായിരിക്കാം. അല്ലെങ്കിൽ വേറെ എന്തെങ്കിലുമൊക്കെ ദുഃഖങ്ങൾ അവളുടെ മനസ്സിനെ ആകുലപ്പെടുത്തുന്നുണ്ടായിരിക്കാം. ഇത്രയും സങ്കടം തന്റെ അമ്മയുടെ മുഖത്തു മാത്രമേ അവൻ ഇതിനു മുൻപ് കണ്ടിട്ടുള്ളു. അവന്റെ 'അമ്മ ഒന്ന് ചിരിച്ചിട്ട് അവൻ ഇത് വരെ കണ്ടിട്ടില്ല, എപ്പോഴും സങ്കടമാണ്. ഇതൊക്കെ കണ്ട് അവന്റെ കണ്ണിൽ നിന്ന് വീണ്ടും തുലാവർഷത്തിലെ മഴ പോലെ ബാഷ്പോദം അങ്ങനെ പെയ്തിറങ്ങി.
വൈകുന്നേരം എന്നത്തേയും പോലെ സൂര്യൻ തന്റെ സ്‌കൂൾ സഞ്ചി ഉമ്മറത്തുള്ള പടിക്കു മേൽ എടുത്തു എറിഞ്ഞ് കൈയ്യും കാലും മുഖവും കഴുകി നേരെ അടുക്കളയിലേക്ക് നീങ്ങി. "സൂര്യ... സൂര്യ... ഇന്ന് കണക്കിന്റേം സയൻസിന്റേം പേപ്പർ കിട്ടിയില്ലേ?" അവന്റമ്മ അവനോട് ചോദിച്ചു, "ആ കിട്ടി, സഞ്ചിയിലുണ്ട്." അവൻ പാസ്സായതിന്റെ ആത്മവിശ്വാസത്തിൽ പറഞ്ഞു. "എത്രയുണ്ട്?" അമ്മ ചോദിച്ചു. അവൻ കഴിക്കുന്നതിന്റെ ഇടയിൽ പേപ്പർ എടുക്കാൻ ഉമ്മറത്തേക്ക് ഓടി. "നീ അവിടെ ഇരുന്ന് കഴിച്ചോളൂ, ഞാൻ പോയി എടുത്തോളാം." അമ്മ പറഞ്ഞു, സയൻസ് - 30, കണക്ക് - 28 'അമ്മ പേപ്പറൊക്കെ നോക്കിയിട്ട് പറഞ്ഞു ഞാൻ ഇങ്ങനെ നിന്റെ പുറകെ നടന്നിട്ട... ഇത്രയെങ്കിലും!, അവൻ അതൊന്നും ചെവിക്കൊള്ളാതെ പ്ലേറ്റിലെ പലഹാരം കഴിച്ചു കൊണ്ടേയിരുന്നു. നേരം അഞ്ചു മണിയോടടുക്കുന്നു, "ഡാ! സൂര്യ നമ്മക്ക് പോത്തിനെ കുളിപ്പിക്കാൻ ആ തോട് വരെ ഒന്ന് പോവാം? അച്ഛൻ അങ്ങട് ചെല്ലാൻ പറഞ്ഞിരിക്കുന്നു." "അപ്പൊ ഇന്ന് കളിയൊന്നും ഉണ്ടാവില്ല അല്ലെ?" സൂര്യൻ സ്വയം പിറുപിറുത്തു. "തോർതെടുത്തോ? നമ്മക്കും കുളിച്ചിട്ട് വരാം." രാജു അവനോട് പറഞ്ഞു. "അമ്മേ.. ഞങ്ങൾ തോട്ടിലേക്ക് പോവാ... ബാലൻ മാമ അങ്ങട് ചെല്ലാൻ പറഞ്ഞിരിക്കണത്രെ," "സൂക്ഷിച്ചു പോണം മഴ ചാറുന്നുണ്ട്, ആ ഉമ്മറത്തിരിക്കണ കുട എടുത്തോളൂ, വല്ലാണ്ട് ചാടി മറിയൊന്നും വേണ്ട ട്വോ... തോട്ടിൽന് വേഗം പോന്നോളുണ്ടു ങ്ങട്." 'അമ്മ പിന്നാമ്പുറത്ത് പശു തൊഴുത്തിൽ നിന്ന് പറയുന്നുണ്ടായിരുന്നു.
അവർ രണ്ടു പേരും ആ കീറ കുട എടുത്തിട്ട് തോട്ടിലേക്ക് നടന്നു. നേരം സന്ധ്യ മയങ്ങാറായിരിക്കുന്നു. ചാറ്റൽ മഴ കാരണം പെട്ടെന്ന് ഇരുൾ വീഴും. പാടവരമ്പുകളിലൂടെ ചിലർ തോട്ടിൽ നിന്നും കുളിച്ചു പോവുന്നു. അധികവും അന്നത്തെ കൂലി പണി കഴിഞ്ഞു പോകുന്ന ചെറുമി പെണ്ണുങ്ങളാണ്. അവർക്കു എത്തേണ്ട തോട് കുറച്ചു അകലെ ആണ്. 5-6 പാടങ്ങൾ കഴിഞ്ഞു പോണം അവിടെ എത്താൻ. മഴയൊന്നു തുള്ളി മുറിഞ്ഞ നേരത്തു, സൂര്യൻ കുടയിൽ നിന്ന് വെളിയിലിറങ്ങി, സമയം ഒരുപാടൊന്നും ആയിട്ടില്ലെങ്കിലും നേരം നല്ല ഇരുട്ടിയ പോലെ അവൻ ആകാശത്തേക്ക് നോക്കിയപ്പോൾ കറുത്തിരുണ്ട കാർമേഘങ്ങൾ അങ്ങനെ വേഗത്തിൽ പായുന്നു. പാടത്തൊന്നും ആരുമില്ല, വിജനമായി കിടക്കുന്നു. അങ്ങ് കുറച്ചു ദൂരെ 8, 10 ആളുകൾ അവസാന ബസും ഇറങ്ങി അടുത്ത അവരവരുടെ സ്ഥാനങ്ങളിലേക്ക് പോകുന്നു. ദൂരെ എവിടെ നിന്നോ ഒരു ഇരമ്പൽ കേൾക്കുന്നു, അത് പാടങ്ങളിലെ കഴായകളിൽ (ഒരു പാടത്തുന്ന് വേറെ പാടത്തേക്കു വെള്ളം പോകുന്ന ചാൽ) ചാടുന്ന വെള്ളത്തിന്റെ ശബ്ദമാണോ? അതോ ആർത്തിരമ്പി പെയ്യാൻ പോകുന്ന മഴയുടെ ശബ്ദം ആണോ? അവനൊന്നും മനസ്സിലായില്ല.
"ദൂരെയതാ ബാലൻ മാമ തോടിൻ വക്കത്തിരിന്നു തന്നോളം പൊക്കമുള്ള പുല്ലുകൾ അരിയുന്നു. കഠിനാധ്വാനി എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ അത് ബാലൻ മാമയെ ആയിരിക്കണം. അത്രക്കും അധ്വാനമാണ് ബാലൻ മാമയ്ക്ക്. രാവിലെ ആയാൽ തുടങ്ങും അധ്വാനം "കന്ന് പൂട്ട്, പുല്ലരിയൽ, പശുവിനെ നോക്കൽ, കൃഷി പണി.. അങ്ങനെ അങ്ങനെ ഒടുങ്ങാത്ത പണികൾ. അച്ഛച്ഛനും സഹായിക്കാൻ കൂടുമെങ്കിലും ബാലൻ മാമ തന്നെ ആണ് ഒട്ടു മുക്കാൽ പണികളും ചെയ്തിരുന്നത്. "കുട്ട്യോളെ.. നിങ്ങളെന്താ വൈകിയേ? ഞാൻ കുറെ നേരമായി നിങ്ങളെ കാത്ത് നിൽക്കുന്നു, നല്ല മഴ വരനുണ്ട്!" ബാലൻ മാമ തലയിൽ വച്ചിരിക്കുന്ന തൊപ്പിക്കുട മാറ്റി ആകാശത്തേക്ക് നോക്കി പറഞ്ഞു. "താ... ഈ രണ്ടു കന്നിനേം (പോത്തുകൾ) ഞാൻ കുളിപ്പിച്ചതാ. ങ്ങള് കുളിച്ചു വരുമ്പോൾ ഈ കന്നിനേം കൂട്ടി പോര്, കേക്കണുണ്ടോ രണ്ടാളും!!" ബാലൻ മാമ ഇത്തിരി ഉച്ചത്തിൽ പറഞ്ഞു, "പിന്നേയ്! ഞാനീ അരിഞ്ഞ പുല്ല് കെട്ടുമായി പോവാ ന്ന.... ശരി. ങ്ങള് വേഗം കുളിച്ചു വരിൻ ഞാൻ നടക്കട്ടെ!" "ഉം...." രാജുവും സൂര്യയും തലയാട്ടി. "ഡാ... തൊന്നു പിടിച്ചു തന്ന ന്റെ തലയിലേക്ക്" അങ്ങനെ മാമൻ നടന്നകന്നു. "മ്മക്ക് വേഗം പൂവാം, രാജു നേരം വൈകും ചെയ്തു. നല്ല മഴീം വരനുണ്ട്. വേഗം കുളിക്കാം." അവർ രണ്ടാളും തോട്ടിൽ നിന്നും വേഗം കുളിച്ചു കേറി. വരമ്പത്തു പുല്ലു കാർന്നു തിന്നു കൊണ്ടിരിക്കുന്ന കന്നുകളെ നോക്കി രാജു "പോത്തേ"... ത... ബഡ വാ... പോത്തേ... മ്ര... മ്ര... അവറ്റകളെയും തെളിച്ചു അവനും സൂര്യനും വരമ്പത്തു കൂടി അങ്ങനെ നടന്നു. ഇരമ്പി കൊണ്ട് വന്നിരുന്ന മഴ തൽക്ഷണം അങ്ങെത്തി. കുടയിൽ നിക്ക് രാജുനോട് സൂര്യൻ പറഞ്ഞു.
രാജു പോത്തുകളുടെ പിന്നാലെ തന്റെ മുടിങ്കോലുമായി പാടത്തെ ചേറിലൂടെ അങ്ങനെ ഓടി. നടന്നു നടന്നു അവർ പാടം കഴിഞ്ഞുള്ള റോഡിലെത്തി. അവിടെയാണ് ആ തമിഴ് നാടോടി കുടുംബങ്ങൾ താറാവുകളുമായ് കൂട്ടം കൂടി താമസിക്കുന്നത്. അവിടെ ഒരു വീട്ടിൽ നിന്നതാ ഭയങ്കര കരച്ചിലും ബഹളവും, പാത്രങ്ങൾ ഒക്കെ എറിഞ്ഞുടക്കുന്ന ശബ്ദവും, മഴയുടെ തീവ്രത കൊണ്ട് ഒന്നും കേൾക്കാനില്ല. രാജു ആണെങ്കിൽ കന്നുകളുമായി വരുന്നതേ ഉള്ളു, മഴയുടെ ശക്തി ഒന്നു കുറഞ്ഞിരിക്കുന്നു. "എന്തായാലും എവിടെ നിന്നാണ് ശബ്ദം എന്ന് ഒന്ന് പോയി നോക്കാം" സൂര്യൻ ആ ശബ്ദം കേൾക്കുന്ന സ്ഥലവും ലക്ഷ്യമാക്കി നീങ്ങി. അവിടെത്തിയപ്പോഴാണ് അവനു കാര്യം മനസ്സിലായത്! ഒരാൾ കള്ള് കുടിച്ചു ലക്കും ലഗാനുമില്ലാതെ ആടിയാടി തന്റെ വീട്ടിലുള്ളവരെ ഒക്കെ തെറി പറഞ്ഞു, ചട്ടീം കലവും, തുണിയും ഒക്കെ വെളിയിലെറിഞ്ഞു അങ്ങനെ നിൽക്കുന്നു. 4, 5 തമിഴന്മാർ വട്ടമണഞ്ഞു അവിടെ നിൽക്കുന്നുമുണ്ട്. ഉള്ളിൽ അതാ ഒരു അമ്മയും മകളും ഇരുന്നു കരയുന്നു. ഇടയ്ക്കു ആ കള്ള് കുടിയനെ ആരൊക്കെയോ ചേർന്ന് പിടിക്കുന്നുണ്ട്. അയാളാണെങ്കിൽ അവരുടെ പിടിയിൽ നിന്നും കുതറി മാറുന്നുമുണ്ട്. അവൻ ഒന്നുകൂടി ഉള്ളിലേക്ക് എത്തി പാളി നോക്കി, ഉള്ളിലും മൊത്തം വെള്ളവും ചെളിയുമാണ്. മുകളിൽ നിന്നും വെള്ളം ഇറ്റി ഇറ്റി വീഴുന്നു. തല കുനിച്ചിരുന്നു കരയുന്ന ഒരമ്മയും മകളും, അവരുടെ മുഖം അത്ര വ്യക്തമല്ല. അവന്റെ പുറകിൽ ആരോ തട്ടി! "ഡാ.. പോകണ്ടേ? നേരം സന്ധ്യ കഴിഞ്ഞു" രാജുവാണ് അത്. "നീ വന്നോ?" സൂര്യ രാജുവിനോട് ചോദിച്ചു . "ഉം... ദാ നോക്കു അവിടെ ആകെ അടിയും തല്ലും പ്രശ്നവുമാണ്, നമ്മക്ക് പോവാം" രാജു അവന്റെ തോളിൽ തട്ടി പറഞ്ഞു.
അവൻ തിരിഞ്ഞു വീട്ടിലേക്കു നടക്കാൻ തുടങ്ങിയപ്പോഴാണ് കുറച്ചു നേരം ശാന്തമായിരുന്ന സ്ഥലം വീണ്ടും കലുഷിതമായത്. ആ കള്ളുകുടിയൻ തമിഴൻ പിന്നെയും അകത്തു കയറി, ആ അമ്മയെയും മകളെയും ചവിട്ടുന്നു. അയ്യോ! സൂര്യ ഒന്ന് ഞെട്ടി! ഇത് അവളല്ലേ ! ആ നാടോടി പെൺകുട്ടി! ഇതായിരിക്കുമോ അവളുടെ അച്ഛൻ, അവളതാ ആ കള്ളുകുടിയന്റെ കാൽ ചുവട്ടിൽ കിടന്നു അലമുറയിട്ടു കരയുന്നു. "വേന അപ്പാ.." "വേന അപ്പാ.." എന്നും തമിഴിൽ പറയുന്നുണ്ട്. ആ തമിഴനെ പിടിക്കാൻ പോയ വേറെ ഒന്ന് രണ്ടാൾക്കും കിട്ടി അടിയും കാൽ കൊണ്ടുള്ള തൊഴിയും. ഇതൊക്കെ കണ്ടു സൂര്യന്റെ മനസ്സിൽ അച്ഛൻ എന്ന വാക്കിനോട് തന്നെ വെറുപ്പും വിദ്വേഷവും തോന്നി. അവന്റെ മനസ്സിൽ അവിടെ പെയ്തു കൊണ്ടിരുന്ന ചാറ്റൽ മഴയെക്കാൾ വലിയ പേമാരിയും കാറ്റും അങ്ങനെ അലയടിച്ചു കൊണ്ടിരുന്നു. ഇതൊക്കെ കണ്ടു തിരിച്ചു സ്വന്തം വീട്ടിലേക്കു നടന്നു നീങ്ങിയ സൂര്യൻ തന്റെ കൂടെ വന്ന രാജുവിനെ കുറിച്ച് പറ്റെ മറന്നു പോയിരുന്നു. ഏതോ ഒരു ബാഹ്യ ശക്തിയുടെ ബലത്തിൽ അവൻ അവന്റെ വീട്ടിലെത്തി. "ഡാ!!.. ഞാൻ എപ്പോ വന്നതാന്നറിയുമോ?" രാജു അവനോട് ചോദിച്ചു. മടക്കി പിടിച്ച ആ ഈറൻ കുട പടിക്ക് പുറത്തെക്ക് വച്ച് തിരിച്ചു അവനോടാരക്ഷരം മിണ്ടാതെ അകത്തേക്ക് കേറി പോയി. "ഡാ... സൂര്യ... പോയി നമഃ ശിവായ ചൊല്ല്!" അവന്റെ 'അമ്മ അവിടുന്ന് തൊണ്ട കാറും വിധം ഒച്ച വച്ച് പറഞ്ഞു. വിളക്കിനു മുന്നിലിരുന്നു നാമം ചൊല്ലുമ്പോഴും അവന്റെ മനസ്സു ആ നാടോടികളുടെ കൂടാരത്തിലായിരുന്നു.
ചാറ്റൽ മഴ വീണ്ടും തുടങ്ങി, അവൻ കുടയുമെടുത്തു മുറ്റത്തേക്കിറങ്ങി, "ഈ മഴയത്തു ഇപ്പൊ എങ്ങഡാ ഇയ്? അച്ഛച്ചൻ ആരാഞ്ഞു. അവൻ ഒന്നും മിണ്ടിയില്ല. മുറ്റത്തേക്കിറങ്ങിയാൽ സാധാരണ നാടോടികളുടെ കൂരകളൊക്കെ കാണാം പക്ഷെ രാത്രിയായതിനാൽ കുറച്ചു കത്തിച്ചു വച്ച വിളക്കുകളും അവരുടെ ഒച്ചയും ബഹളവും മാത്രമേ അവനു കാണാനും കേൾക്കാനും കഴിഞ്ഞുള്ളു. മഴയുടെ ശക്തി കൂടി കൊണ്ടേയിരുന്നു. ഉമ്മറത്തിരുന്ന അച്ഛച്ചന്റെ ശബ്ദവും ഉച്ചത്തിലായി. "ങ്ങട് കേറി പോരനുണ്ടോ കുട്ടീ നീയ്? മഴ പെയ്യണത് കാണണ്‌ല്യേ നിനക്ക്?" അവൻ അകത്തേക്ക് കയറിയപ്പോഴേക്കും അവിടുന്ന് അമ്മായി അടുത്ത ഉത്തരവിട്ടു. "കുട്ട്യോൾ എല്ലാരും വരൂ, ചോറ് വിളമ്പിരിക്കുന്നു." എന്നും അവസാനം ചോറുണ്ണൽ കഴിയുന്ന സൂര്യന്റെ ഇന്ന് വേഗം കഴിഞ്ഞു. എന്നും നാട്ടു കാര്യങ്ങൾ ഒക്കെ പറഞ്ഞു കഴിക്കുന്ന സൂര്യനിന്നു എന്താ പറ്റിയെ അമ്മായി ആരാഞ്ഞു! ആരോടും ഒന്നും പറയാതെ അവൻ വേഗം മുകളിലത്തെ റൂമിൽ പോയി കിടന്നു. മഴ കുറഞ്ഞിരിക്കുന്നു, ആകാശം കുറച്ചൊക്കെ തെളിഞ്ഞു വരുന്നു, ജനാലയിലൂടെ നോക്കിയാൽ അവന് കൂടാരങ്ങൾ ഒക്കെ കാണാം. അപ്പോഴും ഒരു തേങ്ങൽ അവനു കേൾക്കാമായിരുന്നു, അങ്ങനെ അവൻ പതുക്കെ പതുക്കെ നിദ്രയിലാണ്ടു പോയി.
പിറ്റേന്ന് ഒരു ശനിയാഴ്ച ആയിരുന്നു, എന്നും നേരത്തെ എണീക്കാൻ മടി കാണിക്കുന്ന അവൻ അന്ന് അവധി ആയതിനാൽ നേരത്തെ എണീച്ചു. രാവിലെ തന്നെ ഉമ്മറത്ത് നിന്നും ഒട്ടും പരിചയമില്ലാത്ത രണ്ടു സ്ത്രീ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ആരാണ് ഈ രാവിലെ തന്നെ വീട്ടിലേക്കു വരാൻ അവൻ മനസ്സിൽ പറഞ്ഞു. ഉമ്മറത്തെത്തിയതും അവൻ അവരെ കണ്ടു ഒരു നിമിഷം സ്തംഭിച്ചു പോയി. ങേ !! ഇത് അവരാണല്ലോ? ഇന്നലെ രാത്രിയിൽ ആ നാടോടികളുടെ കൂരയിൽ ഇരുന്നു കരഞ്ഞിരുന്ന ആ അമ്മയും മോളും. പെട്ടെന്നാണ് സൂര്യന്റെ അമ്മായി ഒരു കലവും അതിലെന്തോ ഭക്ഷണവുമായി അത് വഴി വന്നത്, "താ... ഇത് കുറച്ചു വെള്ള ചോറാ (പഴം ചോറ്) കറിയൊന്നും കാലായിട്ടില്യ... ആ അമ്മയും മകളും വെള്ള ചോറ് വാരി വാരി കഴിക്കുന്നത് അവൻ നോക്കി നിന്നു. വിശപ്പിന്റെ കാഠിന്യം കൊണ്ട് ആവണം ആ അമ്മയും മോളും അവിടെ ആരെയും ശ്രദ്ധിച്ചതേ ഇല്ല. ചോറ് കഴിച്ചതും ആ 'അമ്മ തന്റെ മാറാപ്പിൽ നിന്ന് നാലോ, അഞ്ചോ താറാ മുട്ട തന്റെ അമ്മായിക്ക് കൊടുത്തു, ഇതൊന്നും ഇപ്പൊ ഇവിടെ വേണംന്നില്യാ... അമ്മായി ഒരു ഭംഗി വാക്ക് പറഞ്ഞു അത് വാങ്ങി വച്ചു. അവൾ തിരിഞ്ഞു നടന്നു, അപ്പോഴാണ് അവന് അവരുടെ വസ്ത്രങ്ങളിൽ ശ്രദ്ധ പതിഞ്ഞത്, കീറി പറിഞ്ഞ ഉടുപ്പും, ഒരു മുഷിഞ്ഞ സാരിയുമാണ് ആ അമ്മയുടേം മോളുടേം വേഷം, അപ്പൊ തന്നെ അടുക്കളയിൽ എന്തോ പണിയിലായിരുന്ന തന്റെ അമ്മയുടെ അടുത്തേക്ക് സൂര്യൻ ഓടി.
"അമ്മെ അമ്മെ.... ആ പാവപ്പെട്ട നാടോടികൾക്കു ഒരു സാരിയോ ഉടുപ്പോ എന്തെങ്കിലും ഒന്ന് കൊടുക്കാമ്മേ ! പ്ളീസ് പ്ളീസ്....!" "എടാ ഇന്റെല് പഴയ സാരിയൊന്നുമില്ല!" അവന്റെ അമ്മ പറഞ്ഞു. സൂര്യൻ നേരെ തന്റെ മുറിയിലേക്ക് ഓടി. തന്റെ അമ്മെടെ മോശമല്ലാത്ത ഒരു സാരി എടുത്തു കൊണ്ട് വന്നു തന്റെ അമ്മയുടെ കൈയ്യിൽ കൊടുത്തു. "ഇത് കൊടുത്തൂടെ അമ്മെ?" അവൻ ചോദിച്ചു. "എടാ ഇത് ഞാൻ ഇടക്കൊക്കെ ഉടുക്കുന്ന സാരിയാണ്. നീ ഇത് അവിടെ കൊണ്ട് വച്ചേ!" അവൻ ആകെ വിഷണ്ണനായി പറഞ്ഞു "അവരാണെങ്കിൽ ഇപ്പൊ പടി കടന്ന് പോവും." "ശരി! ഇനി ഇപ്പൊ ഏതായാലും നീ എടുത്തു കൊണ്ട് വന്നതല്ലേ കൊണ്ട് പോയി കൊടുത്തോളു." അത് കേട്ടതും അവൻ വളരെ സന്തോഷത്തിൽ അതെടുത്തു വീട്ടു പടിക്കലേക്കു ഓടി. പടിക്കലെത്തിയിരുന്ന അവരെ അവൻ തിരിച്ചു വിളിച്ചിട്ട് പറഞ്ഞു. "ഒന്ന് നിൽക്കൂ. ഇത് 'അമ്മ തരാൻ പറഞ്ഞതാ." അവർ അത് മേടിച്ചു പരസ്പരം തമിഴിൽ എന്തൊക്കെയോ പറഞ്ഞു, ഇതെല്ലം കേട്ട് കൊണ്ടിരുന്ന രജിത തന്റെ അധികം കേടു വരാത്ത രണ്ടു ഉടുപ്പുകളും അവർക്കായി കൊണ്ട് വന്നു. അവൾക്കു കൊടുത്തു. "കടവുളേ... ഉങ്കളെ കടവുൾ കാപ്പാത്തിടും!" എന്താണ് പറഞ്ഞതെന്ന് അവർക്ക് മനസിലായില്ലെങ്കിലും അവരതു പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. ഇതെല്ലാം കണ്ടു നിന്ന സൂര്യന്റെ അമ്മ തന്റെ മകനെ ഓർത്തു അഭിമാന പൂരിതമായി. എന്തൊക്കെയോ തമിഴിൽ പരസ്പരം പറഞ്ഞു കൊണ്ട് പടിക്കലുള്ള പാട വരമ്പിലൂടെ അങ്ങനെ നടന്നു നീങ്ങി.
സൂര്യ..... സൂര്യ... എവിടെയാ വല്യമ്മേ സൂര്യ? രാജു സൂര്യന്റെ അമ്മയായ രാജുവിന്റെ വല്യമ്മയോട് ചോദിച്ചു. അവൻ അവിടെ മേലെ എവിടെയെങ്കിലും കാണും. വേഗം രാജു കോണി പടി കേറി മുകളിൽ എത്തി. രാജു സൂര്യനോട് പറഞ്ഞു "എടാ അവിടെ തോട്ടിൽ ആനയെ കുളിപ്പിക്കുന്നുണ്ട്ത്രെ... എല്ലാരും ഉണ്ട് അവിടെ നമ്മക്കും പോവാം?" അമ്മയോടൊന്നും പറയാതെ അവർ നേരെ വീടിനു പടിക്കലുള്ള പാടത്തിന്റെ അപ്പുറത്തുള്ള തോട്ടിലേക്ക് നടന്നു. "വേഗം വാ ആന ഇപ്പൊ പോവും. കൊറേ നേരായിത്രേ വന്നിട്ടു" അവർ അവിടെ എത്തിയപ്പോഴതാ കൂട്ടുകാർ എല്ലാരും അവിടെ ഉണ്ട്. സൂര്യ ഒന്ന് നാലു പാടും കണ്ണോടിച്ചു. അവിടെ നാലോ അഞ്ചോ നാടോടി കുട്ടികളും ഉണ്ട് ആനയെ കാണാൻ. അതിലൊന്നാണ് ഇന്ന് തന്റെ വീട്ടിലേക്കു വന്ന ആ പേരറിയാത്ത പെൺകുട്ടി. ഇന്ന് വീട്ടിൽ നിന്ന് കൊടുത്ത ആ ഉടുപ്പ് തന്നെയാണ് അവൾ ധരിച്ചിരിക്കുന്നത്, അവൾ തന്നെ വെള്ളാരം കണ്ണിലൂടെ ഇടയ്ക്കിടെ ഒളി കണ്ണോടെ നോക്കുന്നതായി അവനു മനസ്സിലായി. "ഒന്ന് പേര് ചോദിക്കണമെങ്കിൽ എനിക്ക് ഭാഷ പോലും അറിയില്ലല്ലോ" അവൻ മനസ്സിൽ മന്ത്രിച്ചു.
"ഡാ ബാല... നീ ഒന്ന് അവിടെ പോയി നോക്ക് കൊറേ നേരമായി അവിടുന്ന് കരച്ചിലും ബഹളവും ഒക്കെ കേൾക്കുന്നു. ഇന്നും തതൈവ" ഒരു പെൺകുട്ടിയുടെ തേങ്ങി തേങ്ങിയുള്ള കരച്ചിൽ വരമ്പുകളും തോടുകളും താണ്ടി തന്റെ കർണ്ണ പടത്തെ വന്നു നോവിച്ചു കൊണ്ടേ ഇരുന്നു. ബാലൻ മാമ പൂവാണെങ്കിൽ കൂടെ ഞാനുമൊന്നു പോയി നോക്കാം! 'അമ്മ വിട്വോ ആവോ? സൂര്യ മനസ്സിൽ പറഞ്ഞു. "ന്നാ.. ഞാനൊന്ന് അവിടെ പോയിട്ട് വരാം!! ഇന്ന് ഇത്തിരി അതികാന്ന തോന്നണേ? ഇവറ്റകളുടെ ബഹളം കാരണം ബാക്കിയുള്ളോർക്കും സ്വസ്ഥമായി ജീവിക്കാൻ പറ്റാണ്ടായിരിക്കുന്നു." ബാലൻ മാമ കുറച്ചു ഉച്ചത്തിൽ തന്നെ പറഞ്ഞു. ഒരു ടോർച്ചും എടുത്തു ബാലൻ മാമ ഇറങ്ങി, "ഞാനുണ്ട് ബാലൻ മാമേ!!" സൂര്യൻ പറഞ്ഞു. "കുട്ടീ എങ്ങോട്ടാപ്പോ? ഒന്നും പഠിക്കാല്ല്യേ കുട്ടിക്ക്?" ബാലൻ മാമ ചോദിച്ചു. "നാളെ ശനിയാഴ്ചയാ ബാലൻ മാമേ സ്‌കൂൾ ഇല്ല്യ.." "ഡാ നിന്നെ പോലെ ഒരാളല്ലേ അവിടിരുന്നു പഠിക്കണെ!" രാജുവിനെ ചൂണ്ടി അച്ഛച്ഛൻ സൂര്യയോടു പറഞ്ഞു. എന്തോ? അച്ഛനില്ലാത്ത കുട്ടിയല്ലേ എന്നോർത്തിട്ടാവാം സൂര്യന്റെ ആ നിഷ്കളങ്കത ബാലൻ മാമേടെ കരളലിയിപ്പിച്ചു. ഇല്ലേലും ബാലൻ മാമയ്ക്ക് സ്വന്തം മകനെക്കാളും ഒരു ഇത്തിരി സ്നേഹം ഏട്ടന്റെ മകനായ സൂര്യയോടാണ്. അവനെയും ഒപ്പം കൂട്ടി ടോർച്ചിന്റെ അരണ്ട വെളിച്ചത്തിൽ അവർ അങ്ങനെ നടന്നു. "കുട്ടി നല്ലോണം പഠിക്കണം ട്ട്വോ. ന്നാലല്ലേ വലുതായാൽ കുട്ടിക്ക് എന്തേലും നല്ല ജോലി കിട്ടൂ!!" എന്തൊക്കെയോ പറഞ്ഞു ബാലൻ മാമ അവനെ ഉപദേശിച്ചു കൊണ്ടേ ഇരുന്നു. അവനതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവന്റെ മനസ്സ് മുഴുവൻ ആ തമിഴ് നാടോടി കുടുംബത്തിൽ നടക്കുന്ന വഴക്കിനെ കുറിച്ചോർത്താണ്.
ഇന്നലെ കണ്ടതിൽ നിന്നും കുറച്ചു കൂടി പരിഭ്രാന്തി പരത്തുന്നതായിരുന്നു ഇപ്പോഴത്തെ കാഴ്ച. സ്വന്തം ഭാര്യയുടെ വസ്ത്രം ബല പ്രയോഗത്തിലൂടെ വലിച്ചിഴക്കുന്ന ഇന്നലെ അവൻ കണ്ട അതെ കള്ള് കുടിയൻ തമിഴൻ. നാല് പുറവും കാഴ്ചക്കാർ ഏറെ ആണ്. പക്ഷെ ആരും ആ സ്ത്രീയേയും പിഞ്ചു ബാലികയെയും ആ നാരാധമന്റെ കൈയ്യിൽ നിന്നും പിടിച്ചു മാറ്റുന്നില്ല. സ്വന്തം അമ്മയെ വിവസ്ത്രയാക്കുന്നതു കാണാനാകാതെ ആ കൊച്ചു നാടോടി ബാലിക തന്നെ സൃഷ്ട്ടിച്ച തന്റെ പിതാവിന്റെ കാൽക്കൽ വീണു കരഞ്ഞപേക്ഷിക്കുന്നു. "അപ്പ വിടുങ്കപ്പ... അപ്പാ.... വിടുങ്ക..." ഇത് പറയുന്നതിനിടയിൽ ആ കൊച്ചു കുട്ടിയെ ആ മനുഷ്യ രൂപം പൂണ്ട രാക്ഷസൻ തന്റെ ഇടതു കാൽ വച്ച് ഒട്ടനവധി തവണ തൊഴിക്കുകയും അവളുടെ വസ്ത്രവും കീറുന്നത് അവർ നിർഭാഗ്യവശാൽ കണ്ടു. നാടോടികൾ ആരും തന്നെ അവരെ പിടിച്ചു മാറ്റാൻ പോലും വരുന്നില്ല. ഒരു പക്ഷെ വരാത്തത് ആ കള്ളുകുടിയനായ തമിഴന്റെ സ്വഭാവം അത്ര മോശമായത് കൊണ്ടാവാം. "ഡാ... നിർത്തടാ.... നിന്റെ തെമ്മാടിത്തം! ഞങ്ങടെ നാട്ടിൽ വന്നിട്ട് വേണ്ട നിന്റെ ഈ ഗുണ്ടായിസം, മര്യാദക്ക് നിർത്തിക്കോ നീ..." ബാലൻ മാമയുടെ അലർച്ച കേട്ടു സൂര്യ ഞെട്ടിത്തരിച്ചു പോയി. ബാലൻ മാമയുടെ കണ്ണിലെ ആ കോപം സൂര്യൻ കണ്ടു. ഇത് കേട്ടതും അവിടം ആകെ നിശ്ചലമായി. അപ്പോഴും അവിടെ ഒരു നൊമ്പരം പോലെ കേൾക്കുന്നുണ്ടായിരുന്നു ആ സ്ത്രീയുടെയും കുട്ടിയുടെയും തേങ്ങൽ.
സ്കൂളില്ലാത്ത ദിവസം സാധാരണ നേരത്തെ എണീക്കാറുള്ള അവൻ അന്ന് അവന്റെ കൂട്ടുകാർ കളിക്കുന്നതിന്റെ ശബ്ദം കേട്ടുകൊണ്ടാണ് എണീറ്റത്. സ്‌കൂളില്ലാത്തതു കൊണ്ട് അവന്റെ അമ്മയും അവനെ വിളിച്ചില്ല. "അമ്മേ അവരൊക്കെ കളി കഴിഞ്ഞു പോയോ?" അവൻ ചോദിച്ചു. "ആ അവരൊക്കെ രാവിലത്തെ പ്രാതൽ കഴിക്കാൻ പോയി. നേരെത്രായിന്ന ന്റെ കുട്ടീടെ വിചാരം!" അവൻ ഘടികാരത്തിലേക്ക് നോക്കി, സമയം എട്ടേ കാലായിരിക്കുന്നു, "വേഗം പോയി പല്ലു തേയ്ക്ക്! ന്നിട്ട് എന്തേലും കഴിച്ചിട്ട് പോയാമതി ഇനി കളിക്കാനും കാറോടി നടക്കാനും." അവൻ രാവിലത്തെ പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു. പ്രഭാത ഭക്ഷണവും കഴിച്ചു നേരെ പാട വരമ്പിലൂടെ കുട്ടികൾ സാധാരണയായി കളിക്കാറുള്ള ആ വിതയ്ക്കാത്ത കണ്ടവും ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയിലാണ് നാടോടികളുടെ കുടിലുകൾ. രാത്രിയിലത്തെ കോലാഹലങ്ങൾ ഒക്കെ കഴിഞ്ഞുവോ ആവോ? എന്തായാലും ഒന്ന് പോയി നോക്കാം. അവിടെ എത്തിയതും ഇന്നലെ വഴക്കും അടിയും നടന്ന കൂടാരത്തിന്റെ സ്ഥാനത്തു ഒരു നീല ടാർപ്പായ മാത്രം ലൂസായി കെട്ടിയിരിക്കുന്നു. അതാണെങ്കിൽ ഇളങ്കാറ്റിൽ പോലും ആടി കളിക്കുന്നു. അടുത്തെങ്ങും ആരുമില്ല. അവരുടെ ഒരു സാധനങ്ങളും ഇല്ല. അവന്റെ മനസ്സിൽ പലതരം ഊഹാപോഹങ്ങളും ഉദിച്ചു. എവിടെ പോയിരിക്കും ആ തമിഴ് നാടോടി കുടുംബം. അപ്പുറത്തു കൂടാരം കെട്ടി താമസിക്കുന്നവരൊന്നും എവിടെയും പോയിട്ടില്ല. ഇവർ മാത്രം ഇതെവിടെ പോയി.? ആരൊക്കെയോ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ നാടോടികളുടെ എല്ലാം ശ്രദ്ധ ഒരു നിമിഷത്തേക്ക് അവന്റെ മേൽ പതിഞ്ഞു. സൂര്യൻ മെല്ലെ അവിടുന്നു നടന്നകന്നു.
അവൻ കൂട്ടുകാർ എല്ലാരും കളിക്കുന്ന പാടത്ത് എത്തിയതും അവർ കളിക്കുന്ന ഫുട്ബാൾ കളിയിൽ അവനെ പിടിച്ചു ഒരു ടീമിൽ ഗോളിയാക്കി. ബോള് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പായുന്നതും, അവർ ബോള് പോസ്റ്റിലേക്ക് അടിക്കുന്നതും ഒന്നും അവൻ കണ്ടില്ല. അവന്റെ ഉപബോധ മനസ്സിൽ അപ്പോഴും ആ നാടോടികളായ അമ്മയെയും പെൺകുട്ടിയേയും കുറിച്ച് മാത്രമായിരുന്നു. അവരെ ആ ദുഷ്ടനായ ആൾ കൊന്നിട്ടുണ്ടാകുമോ? ആറാം ക്ലാസ്കാരന്റെ മനസ്സിൽ വേണ്ടാത്ത ഒത്തിരി കാര്യങ്ങൾ അങ്ങനെ വരി വരിയായി ഊറി വന്നു കൊണ്ടേ ഇരുന്നു. പാടത്തെ കളിയൊക്കെ കഴിഞ്ഞു എല്ലാവരും ചോറുണ്ണാനായി വീട്ടിലേക്കു ഓടുകയാണ്, രാജു സൂര്യയെയും വിളിച്ചു, "വാടാ വാടാ സൂര്യ വേഗം വാ... എനിക്ക് വിശന്നിട്ട് വയ്യ." രാജു വിളിച്ചതൊന്നും സൂര്യ അറിഞ്ഞതേ ഇല്ല. "അവർ മാത്രം എവിടെ പോയിക്കാണും അവിടെ ഉള്ള ഏതെങ്കിലും നാടോടികളോട് ചോദിച്ചാലോ?" അവന്റെ മനസ്സ് അതിനായി വെമ്പൽ കൊണ്ട് അവൻ അവിടെ ഉള്ള ഒരു നാടോടി സ്ത്രീയുടെ അടുക്കൽ എത്തി. അവർ അവരുടെ കുട്ടിയുമായി തന്റെ കൂടാരത്തിനു മുന്നിൽ നിന്ന് കൊണ്ട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് ചിരിക്കുന്നു. കറുത്ത മെലിഞ്ഞു വയർ വെളിയിലേക്കു ഉന്തി ഒരു 3 വയസ്സ് കാണും ആ കുട്ടിക്ക്. ഇവനെ കണ്ടതും അവൾ അവരുടെ കുട്ടിയേയും എടുത്തു കൊണ്ട് തന്റെ കൂടാരത്തിനുള്ളിലേക്കു പോയി. അവൻ ആകെ പരവശനായി ഇനി തന്നെ കണ്ടിട്ടാണോ അവർ ഉള്ളിലേക്ക് പോയത്. രണ്ടു മൂന്ന് ദിവസമായി ഞാനവിടെ വരുന്നുമുണ്ട് തന്നെ അവരെല്ലാവരും നിരീക്ഷിക്കുന്നുമുണ്ട്. അവൻ അങ്ങനെ വിചാരിച്ചു. വേറെ ആരെയും ആ പരിസരത്തൊന്നും കണ്ടില്ല.
കുറച്ചു കഴിഞ്ഞപ്പോഴതാ ഒരു കടും ചുവപ്പു ബനിയനും, ഒരു പാവാട പോലത്തെ ലുങ്കിയും കൈയ്യിൽ ഒരു "അറ്റത്ത് കയർ കെട്ടിയ വടിയും" എടുത്തു ഒരാൾ അവിടെ വന്നത് അവന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. അവൻ അയാളോട് ഇന്നലെ പ്രശ്‌നംനടന്ന ആ കൂടാരത്തിനു മുന്നിലേക്ക് കൈ ചൂണ്ടി ചോദിച്ചു, "ഇവിടെ താമസിച്ചിരുന്നവർ എങ്ങോട്ട് പോയി?" അയാൾ മനസ്സിലാവാത്ത വിധത്തിൽ അവന്റെ അടുത്തേക്ക് ചെന്നു. എന്നിട്ട് കൈ കൊണ്ട് എന്ത് എന്നുള്ളത് എന്ന് ആംഗ്യത്തിൽ കാണിച്ചു. അവൻ പിന്നെയും അങ്ങോട്ട് കൈ ചൂണ്ടി അത് തന്നെ പിന്നേം ആവർത്തിച്ചു. "തെരിയില്ല തമ്പി കാലേൽന്ത് കാണലെ!" അവർ എങ്ങോട്ടോ പോയെന്നു മാത്രം അവനു മനസ്സിലായി. അതും പറഞ്ഞു അയാൾ നടന്നു പോയി. രണ്ടു മൂന്നു ദിവസം കഴിഞ്ഞതും എല്ലാ വർഷവും എന്ന പോലെ എല്ലാ തമിഴ് നാടോടികളും അടുത്തടുത്ത ഗ്രാമങ്ങളിലേക്കെന്നോണം ഭൂമിയുടെ പല ദിക്കുകളിലേക്കായി പോയി. അങ്ങനെ കാലത്തിന്റെ ഒഴുക്കിൽ തുലാമാസവും, വൃശ്ചികവും, മകരവും, കുംഭവും, മീനവുമൊക്കെ ഞൊടിയിടയിൽ കടന്നു പോയി. കാവിലെ പാട്ടും, താലപ്പൊലിയും ഒക്കെ കഴിഞ്ഞു. ഞാറ്റുവേലകൾ ഓരോന്നായി നീങ്ങി കൊണ്ടിരുന്നു, വീണ്ടുമൊരു പുതിയ വർഷം (മേട മാസം) വന്നെത്തി. "കാലചക്രം അങ്ങനെ ചലിച്ചു കൊണ്ടേ ഇരുന്നു". തകർന്നു പെയ്യുന്ന മഴ, പാടങ്ങളും തോടുമെല്ലാം ഒന്നായിരിക്കുന്നു. ഒരു ജൂൺ മാസമാണ്. വൈകുന്നേരം സൂര്യ ഒരു വശം കീറിയ ഒരു കുടയും പിടിച്ചു സ്‌കൂളിൽ നിന്ന് വരമ്പുകൾ കടന്നു വീട്ടിലെത്തി, "ഈ അടുത്ത കാലത്തൊന്നും ഇത്ര ഭയങ്കര മഴ ഉണ്ടായിട്ടില്ല്യ..." അച്ഛച്ചൻ പൂമുഖത്തിരുന്നു പറയുന്നത് സൂര്യ കേട്ടു.
മഴ ഒന്ന് തുളി മുറിഞ്ഞു, "അച്ഛച്ചൻ വിളിക്കണുണ്ട്, സൂര്യ.. പാടത്തുന്നു കന്നിനെ കൊണ്ട് വരണമത്രേ. വാ... നമുക്ക് പോയിട്ട് വരാം, ഇപ്പൊ മഴയൊന്നുമില്ല്യ." രാജു പറഞ്ഞു. അവർ മുറ്റത്തേക്കിറങ്ങിയതും പാടത്തെല്ലാം താറാവുകളുടെ ബഹളം, തമിഴിൽ ആരൊക്കെയോ എന്തൊക്കെയോ പുലമ്പുന്നു, "ഈ പ്രാവശ്യം തമിഴൻമാർ നേരത്തെ എത്തീന്നു തോന്നുന്നു. കൊയ്ത്തൊന്നും കഴിഞ്ഞിട്ടുംല്ല്യ..." ചിലർ അവിടെ ദൂരത്തു അവരവരുടെ കൂടാരങ്ങൾ കെട്ടി പൊക്കുന്നു. അവർ അതിനടുത്തെത്തിയപ്പോൾ എല്ലാം പല പല മുഖങ്ങൾ ആരെയും മുൻപ് കണ്ട പരിചയം പോലുമില്ല. അവൻ പതുക്കെ അവിടെ നിന്ന് നീങ്ങി. വീട്ടിൽ തിരിച്ചെത്തി. അവനു അവന്റെ ഓർമ്മകളിലുള്ള ആ തമിഴത്തി പെൺകുട്ടിയെയോ അവളുടെ അമ്മയെയോ അവിടെ എങ്ങും കാണാൻ കഴിഞ്ഞില്ല. മാസങ്ങളും വർഷങ്ങളും ഓടി മറഞ്ഞു. ഒരു വ്യാഴവട്ടത്തിന്റെ പകുതി കഴിഞ്ഞിരിക്കുന്നു. സൂര്യൻ ഒരു ബാലനിൽ നിന്നും അത്യാവശ്യം ഉയരവും, പൊടി മീശയും ഒക്കെ ഉള്ള കൗമാരകാരനിലേക്കു അടുത്തിരിക്കുന്നു. "സാധാരണ ചിങ്ങമാസത്തിന്റെ ഒടുവിൽ കൊയ്ത്തു കഴിയാറാവുമ്പോഴേക്കും ഒക്കെ ആയിരുന്നു താറാ കൂട്ടങ്ങളുമായി നാടോടികളുടെ വരവ്, ഇതിപ്പോ നേരത്തെയാണല്ലോ!" ഒരു തോർത്തും, തലയിൽ ഒരു തൊപ്പി കുടയും വച്ച് വീട്ടിലേക്കു കയറുകയായിരുന്ന അച്ഛച്ചൻ പറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു വർഷ കാലം തമിഴൻമാർ വരുമ്പോൾ എല്ലാം സൂര്യ വെറുതെയെങ്കിലും അവരുടെ കുടിലുകളിലേക്കു (ടാർപ്പായ കെട്ടിയ ഷെഡ്) ഒന്ന് പോവുക പതിവായിരുന്നു. പക്ഷെ അവൻ അന്വേഷിക്കുന്ന ആ അമ്മയും മകളും അടങ്ങുന്ന കുടുംബത്തെ മാത്രം അവനു കാണാൻ കഴിഞ്ഞില്ല.
"ഒരു 10 താറാ മുട്ട കിട്ടോന്നു ഒന്ന് പോയി നോക്കോ? രാജുവിന്റെ 'അമ്മ അവിടുന്ന് ചോദിക്കുന്നുണ്ടായിരുന്നു. 10–ാം ക്ലാസ് കഴിഞ്ഞു പഠിപ്പു നിർത്തി ഇപ്പൊ ബാലൻ മാമയുടെ കൂടെ കൃഷി പണിയുമൊക്കെയായി നടക്കുന്ന രാജുനെ കൂട്ടി സൂര്യ നാടോടികളുടെ കൂടാരങ്ങൾ ലക്ഷ്യമാക്കി നീങ്ങി. സൂര്യ എന്തോ കണ്ടു നിശ്ചലനായി അവിടെ നിന്ന് പോയി, രാജു അവിടെ അവിടെയായി എല്ലാ കുടിലുകളും താറാ മുട്ടക്കായി കേറിയിറങ്ങി. ഒരു മുടന്തൽ ചട്ട് കാലുമായി ഒരു കൗമാരകാരി പെൺകുട്ടിയതാ കോച്ചി കോച്ചി തന്റെ മുടന്തുകാലും വലിച്ചു വരുന്നു. പുറകെ മുടിയൊക്കെ പകുതി നരച്ച ഒരു മധ്യ വയസ്കനായ ആളും അവളെ അനുഗമിക്കുന്നുണ്ട്. അയാളുടെ ചുണ്ടിൽ ഒരു ബീഡി അങ്ങനെ എരിയുന്നുണ്ട്, സൂര്യൻ പെട്ടെന്ന് "ഞാൻ ഇവരെയായിരുന്നോ കുറച്ചു കാലമായി തിരയുന്നത്!" അവന്റെ തൊണ്ടയിലെ ഉമിനീർ എല്ലാം വറ്റുന്നതായി അവനനുഭവപ്പെട്ടു. അവൾ അടുത്തെത്താറായി, അവനു കുറച്ചു കൂടി വ്യക്തതയായി, ഇത് അവർ തന്നെ പണ്ട് കണ്ട ആ വെള്ളാരം കണ്ണിയായ തമിഴത്തി കുട്ടിയും, അവളുടെ അച്ഛനെന്നു അവകാശപ്പെടുന്ന ആ നീചനായ പിതാവും. അടുത്തെത്താറായപ്പോഴാണ് അവൻ ആ പെൺകുട്ടിയ്ക്ക് ഉണ്ടായ ഒരു രാസമാറ്റം ശ്രദ്ധിക്കാൻ ഇടയായത്. ആ കൗമാരകാരിയായ കുട്ടിയുടെ വയറതാ വീർത്തിരിക്കുന്നു. കുറച്ചു വർഷം മുന്നേ ഇത് വഴിയെല്ലാം ചിരിച്ചു കളിച്ച് നടന്ന ആ വെള്ളാരം കണ്ണുള്ള പെൺകുട്ടിയാണ് ഇതെന്ന് അവനു വിശ്വസിക്കാൻ ആയില്ല.
"ശീക്രം നട..." ആ കുട്ടിയുടെ തലയിൽ പിടിച്ചു ആ വൃത്തികെട്ട ആൾ ഒന്ന് ഉന്തി. ആ പെൺകുട്ടി തന്റെ തലയിൽ ഉള്ള ഭാണ്ഡ കെട്ടും എടുത്തു മുന്നിലേക്കങ്ങനെ റാഞ്ചി റാഞ്ചി വീഴാൻ പോയി. ആ കുട്ടിയുടെ വെള്ളാരം കണ്ണിൽ മുൻപുണ്ടായിരുന്ന ആ തിളക്കമില്ല, മുഖത്ത് പണ്ടുള്ള ശോഭയില്ല. ആ ശ്രീത്വം എല്ലാം പോയി മറഞ്ഞിരിക്കുന്നു. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ തുള്ളികൾ ഇറ്റിറ്റ് വീഴുന്നത് അവനു കാണാമായിരുന്നു. അവർ സൂര്യന്റെ മുന്നിലൂടെ അങ്ങനെ നടന്നകന്നു. അവർ പോയി കഴിഞ്ഞപ്പോഴും അവന്റെ മനസ്സിൽ ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ടായിരുന്നു. "ആ നിരാലംബയായ കുട്ടിയുടെ 'അമ്മ എവിടെ? അയാൾ അടിച്ചു കൊന്നോ? അതോ ഇനി വേറെ എന്തെങ്കിലും? അവളെങ്ങനെ ഒരു മുടന്തിയായി? ആ കുട്ടി ഇത്ര ചെറുപ്പത്തിൽ ആരാൽ ഗർഭിണി ആക്കപ്പെട്ടു?" ഒന്നിനും അവന് ഉത്തരം കിട്ടിയില്ല! ആ നാടോടി പെൺകുട്ടിയും ആ നികൃഷ്ടനായ മനുഷ്യനും നടന്നു നടന്നു അകലുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു. "ഒരു നാടോടി കുഞ്ഞിന് ജന്മമേകി അടുത്ത വർഷവും ഇതേ കാലത്തു അവൾ വരുമെന്ന പ്രതീക്ഷയിൽ അവനും അവിടെ നിന്ന് നടന്നു നീങ്ങി"