ടെമ്പോവാനിൽ വീട്ടുസാധനങ്ങളെല്ലാം കയറ്റി അതിനു മുകളിൽ കയറിയിരുന്നു യാത്രചെയ്യുമ്പോൾ രാജന് കണ്ണിൽ ചോര പൊടിഞ്ഞു. എന്നുതുടങ്ങിയ യാത്രയാണിത്? ഒറ്റാംതടിയായിരുന്നെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല. ഏതു കടത്തിണ്ണയിലും കിടന്നുറങ്ങാമായിരുന്നു. സ്വന്തം തടിയോടുപോലും സ്നേഹമില്ലാതെ എന്തും ചെയ്യാം, എവിടേയും

ടെമ്പോവാനിൽ വീട്ടുസാധനങ്ങളെല്ലാം കയറ്റി അതിനു മുകളിൽ കയറിയിരുന്നു യാത്രചെയ്യുമ്പോൾ രാജന് കണ്ണിൽ ചോര പൊടിഞ്ഞു. എന്നുതുടങ്ങിയ യാത്രയാണിത്? ഒറ്റാംതടിയായിരുന്നെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല. ഏതു കടത്തിണ്ണയിലും കിടന്നുറങ്ങാമായിരുന്നു. സ്വന്തം തടിയോടുപോലും സ്നേഹമില്ലാതെ എന്തും ചെയ്യാം, എവിടേയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെമ്പോവാനിൽ വീട്ടുസാധനങ്ങളെല്ലാം കയറ്റി അതിനു മുകളിൽ കയറിയിരുന്നു യാത്രചെയ്യുമ്പോൾ രാജന് കണ്ണിൽ ചോര പൊടിഞ്ഞു. എന്നുതുടങ്ങിയ യാത്രയാണിത്? ഒറ്റാംതടിയായിരുന്നെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല. ഏതു കടത്തിണ്ണയിലും കിടന്നുറങ്ങാമായിരുന്നു. സ്വന്തം തടിയോടുപോലും സ്നേഹമില്ലാതെ എന്തും ചെയ്യാം, എവിടേയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെമ്പോവാനിൽ വീട്ടുസാധനങ്ങളെല്ലാം കയറ്റി അതിനു മുകളിൽ കയറിയിരുന്നു യാത്രചെയ്യുമ്പോൾ രാജന് കണ്ണിൽ ചോര പൊടിഞ്ഞു.

എന്നുതുടങ്ങിയ യാത്രയാണിത്? ഒറ്റാംതടിയായിരുന്നെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല. ഏതു കടത്തിണ്ണയിലും കിടന്നുറങ്ങാമായിരുന്നു. സ്വന്തം തടിയോടുപോലും സ്നേഹമില്ലാതെ എന്തും ചെയ്യാം, എവിടേയും കിടക്കാം. ആരോടും തർക്കിക്കാം. ഒരു പ്രശ്നോമില്ല. ഇത് അങ്ങനെയല്ലല്ലോ. തന്നെ വിശ്വസിച്ച് ഇറങ്ങിവന്നൊരു പെണ്ണും ചോരക്കുഞ്ഞും കൈയിലുണ്ടല്ലോ. സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാലും സ്വന്തം ചോരയേയും സ്വന്തം ചങ്കിനേയും രക്ഷിക്കേണ്ടേ. അവർക്ക് മനസ്സമാധാനമായി കിടന്നുറങ്ങാൻ സുരക്ഷിതമായൊരിടം വേണ്ടേ.

ADVERTISEMENT

പ്രസവം കഴിഞ്ഞിട്ട് തൊണ്ണൂറായില്ല. പെട്ടെന്ന് ഈ വാടകവീട്ടിൽനിന്നും ഇറങ്ങേണ്ടിവരുമെന്നു കരുതിയില്ല. കാലാവധി കഴിഞ്ഞെങ്കിലും പെട്ടെന്ന് ഇറക്കിവിടുമെന്നു വിചാരിച്ചില്ല. കുറച്ചുനാളുകൂടി നീട്ടിക്കിട്ടുമെന്നു കരുതി. വീട്ടുടമസ്ഥനാണെങ്കിൽ തനി ബിസിനസുകാരൻ. പണത്തിനപ്പുറം ഒന്നുമില്ല. ഈ പഴയ വീടുപൊളിച്ച് അവിടെ ബഹുനിലകെട്ടിടം പണിയാനുള്ള തിരിക്കിലാണ് അയാൾ.

ഇടാപിടീന്ന് ഓടിനടന്നാണ് വളരെ ദൂരെയാണെങ്കിലും ഒരു വീട് കണ്ടെത്തിയിരിക്കുന്നത്. ഇത്തിരി ഉള്ളിലേക്കു കയറിയാണെങ്കിലും നല്ല പരിസരം. വാടക അല്പം കൂടുതലാണ്. എന്തുചെയ്യാം ഇതെങ്കിലും എടുക്കാതെ വയ്യ. കണ്ടമാനം ഓടിനടന്നിട്ട് കൈയിലൊത്തുവന്ന ഒന്നാണ്. വിട്ടുകളഞ്ഞാൽപിന്നെ...

മൂന്നുമാസത്തെ അഡ്വാൻസ് ചോദിച്ചു. കൈയിൽ അപ്പോൾ അത്രയും ഉണ്ടായിരുന്നില്ല. കഷ്ടിച്ച് ഒരുമാസത്തെ കൊടുത്തിട്ടു പറഞ്ഞു.രണ്ടുമൂന്നു ദിവസത്തിനുള്ളിൽത്തന്നെ ഞങ്ങൾ വീട്ടുസാധനങ്ങളുമായി വരും. ബാക്കിമുഴുവനും അപ്പോൾതരാം. കരാറും അപ്പോൾ എഴുതാം.  വീടൊഴിഞ്ഞ് പോരുകയാണ് ഞങ്ങൾ. അതിനെന്താ പോന്നോള്ളൂ- പുതിയ വീട്ടുടമസ്ഥൻ പറഞ്ഞു. നല്ല മനുഷ്യനാണെന്ന് പെരുമാറ്റംകൊണ്ടു മനസ്സിലായി. തൊട്ടടുത്തുള്ള പുതിയ വലിയവീട്ടിലാണ് താമസം. ഭാര്യയും അദ്ദേഹവും മാത്രമേയുള്ളൂ. ഒരു മകളേയുള്ളു. വിവാഹം കഴിച്ച് ദൂരെ എവിടേയോ ആണ്.

വണ്ടി വെട്ടിച്ച് ഇളകുമ്പോൾ ആടിവീഴാതിരിക്കാൻ മുറുകേ പിടിച്ചിരുന്നു. സാധനങ്ങളെല്ലാം നന്നായി കെട്ടിയിട്ടുള്ളതുകൊണ്ട് കുഴപ്പമില്ല. ഓരോ സാധനങ്ങളുടേയും ഇടയിലൂടെ ഡ്രൈവർ കയറു മുറുക്കി കെട്ടുന്നതു കാണാൻതന്നെ ഒരു ശേലുണ്ടായിരുന്നു. മുടിനരച്ച വണ്ടിക്കാരന് പ്രായത്തേക്കാൾ ആരോഗ്യമുണ്ടെന്നു തോന്നി. കണ്ടാൽ നല്ലൊരു മനുഷ്യനാണെങ്കിലും ദേഷ്യക്കൂടുതലുണ്ട്. കുറേ അന്വഷിച്ചു പിടിച്ച വണ്ടിയാണ്. ഇത്രയും ദൂരം വരുന്നതിന് തോന്നിയപോലെ കഴുത്തറപ്പൻ വണ്ടിക്കൂലിയാണ് പലരും പറഞ്ഞത്. യാതൊരു പരിചയമില്ലെങ്കിലും ഈ വണ്ടിക്കാരന് മനഃസാക്ഷിയുണ്ടെന്നു തോന്നി. കൂലി പറയുന്നതിൽ ഒരു സ്നേഹം നിഴലിച്ചു. സാധനങ്ങളെല്ലാം കയറ്റാൻ നന്നായി സഹായിച്ചു. പലരും മാറിനിൽക്കുകയാണ് പതിവ്. ഗീതയേയും കുഞ്ഞിനേയും ഡ്രൈവറുടെ സീറ്റിനടുത്തിരുത്തുമ്പോൾ അയാൾ പറഞ്ഞു. ‘നിങ്ങളും കയറി ഇവിടെ ഇരുന്നോളൂ, ഞാൻ അഡ്ജസ്റ്റ്ചെയ്ത് ഓടിച്ചോളാം.’ ഒട്ടും സ്ഥലമുണ്ടായിരുന്നില്ല. അതൊരു ബുദ്ധിമുട്ടാകുമെന്നു തോന്നി. തന്നെയുമല്ല, ചില വഴികളിൽ താഴ്ന്നുകിടക്കുന്ന ഇലക്ട്രിക് ലൈനുകളിൽ അലമാരിയുടെ മുകൾവശം മുട്ടുമോയെന്ന സംശയമുണ്ട്. അങ്ങനെ വന്നാൽ ഡ്രൈവറെ അറിയിച്ച് വണ്ടി പതുക്കെയാക്കി കൈയിലിരിക്കുന്ന മുളങ്കോലുകൊണ്ട് ലൈൻ പതിയെ പൊക്കിക്കൊടുക്കേണ്ട ചുമതലയും രാജനേറ്റു.

ADVERTISEMENT

നാഷണൽ ഹൈവേയിൽക്കൂടി വണ്ടിഓടുമ്പോൾ ലൈൻ പ്രശ്നമില്ല, അതുകൊണ്ട് അങ്ങനെയൊരു ശ്രദ്ധയുടെ ആവശ്യമില്ല. വെയിൽ, കത്തുന്ന വെയിൽ. വണ്ടി ഓടി അവിടെയെത്തുമ്പോഴേക്കും താനൊരു ഓംലൈറ്റാകുമെന്നുറപ്പാണ്. അല്ലെങ്കിൽ ഔലോസുപൊടി. ഭാര്യയും ഡ്രൈവറും ഇറങ്ങിനോക്കുമ്പോൾ തന്നെ കാണില്ല, പകരം കുറച്ച് കരിഞ്ഞപൊടി കാണുമെന്നാലോചിച്ചപ്പോൾ ചിരിവന്നു. പെട്ടെന്ന് ആ ചിരിമാഞ്ഞു. പാവം ഗീത. ആ സമയത്തവളുടെ പരിഭ്രമവും സങ്കടവും പേടിയുമൊന്നും ആലോചിക്കാൻ വയ്യ. അത്രയ്ക്ക് ശുദ്ധയാണവൾ. ആ നിമിഷംതന്നെ അവൾ മറിഞ്ഞുവീണ് തീരാം. പിന്നെ കുഞ്ഞിന്റെ കാര്യം... ഹൊ... വേണ്ടവേണ്ട... വേണ്ടാത്തതിങ്ങനെ ആലോചിച്ച് വെറുതേ മനസ്സു പുണ്ണാക്കുന്നതെന്തിനാ... രാജൻ തലയിൽനിന്നതെല്ലാം കുടഞ്ഞുകളഞ്ഞു.

ഒന്നനങ്ങിയിരുന്നു. ഒരുകാല്, ഇളകിയ പല്ലുപോലെ ആടുന്ന മരസ്റ്റുളിന്റെ ഇടയിലുടെ ഇത്തിരി നീട്ടിവച്ചപ്പോൾ കുറച്ചൊരു സുഖം കിട്ടി. കൈയിലിരുന്ന മുഷിഞ്ഞ തോർത്തെടുത്ത് തലയിൽകെട്ടിയപ്പോൾ ചുട്ടുപൊള്ളുന്ന ചൂടിൽനിന്നും തത്ക്കാലത്തേക്ക് ചെറിയൊരാശ്വാസവും.

വണ്ടി പാഞ്ഞുപോകുകയാണ്. ഇങ്ങനെ ഓടിയാലേ ഇരുട്ടുന്നതിനുമുമ്പേ അവിടെ എത്തു. ഇതെല്ലാം ഇറക്കിയിട്ട് തിരിച്ചുവന്നിട്ട് മറ്റൊരു ഓട്ടത്തിനു പോകണമെന്ന് ഡ്രൈവർ സാധനങ്ങൾ കയറ്റുന്നതിനിടയിൽ പറഞ്ഞു. അതുകൊണ്ട് അയാളിത്തിരി ധൃതി കാണിക്കുകയും മുഖം കറുപ്പിച്ചിത്തിരി ദേഷ്യപ്പെടുകയും ചെയ്തു. കാശിന്റെ കുറവു കൊണ്ടാണ് ചുമട്ടുകാരെ നാലുപേരെയെങ്കിലും വിളിക്കാതിരുന്നത്. രണ്ടാളെ വിളിച്ചുള്ളു. താനുംകൂടി സഹായിച്ചാൽ മതിയല്ലോയെന്നു കരുതി. അതുപോരായെന്നറിയാഞ്ഞിട്ടല്ല. ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ് അങ്ങനെ അഡ്ജസ്റ്റ് ചെയ്തുനോക്കാമെന്നു വിചാരിച്ചത്. അതുകൊണ്ട് നന്നായി കഷ്ടപ്പെടേണ്ടിവന്നു. കുഞ്ഞിനെ ഒക്കത്തിരുത്തിക്കൊണ്ട് ഗീതയും സഹായിച്ചു, ആവുന്നപോലെ. ഡ്രൈവർക്കിത്തിരി നീരസം തോന്നിയത് സ്വാഭാവികമാണ്. 

ഇങ്ങനെ വീടുമാറിമാറി മടുത്തു. ഓലമേഞ്ഞ പുരയായാലും വേണ്ടില്ല, സ്വന്തമായുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ആ ഒരു സ്വപ്നം ഈ ജന്മം പൂവണിയോയെന്നറിയില്ല.

ADVERTISEMENT

ഏതോ ലോകത്തിലെന്നപോലെ ഒഴുകിപോവുകയാണ് വണ്ടി.

തീക്കൂനയിലെന്നപോലെ ചുട്ടുപൊള്ളി വണ്ടിയിലിരിക്കുമ്പോഴും നല്ലനല്ല സ്വപ്നങ്ങളുടെ ഒരുകൂമ്പാരം മനസ്സിലൂടെ കടന്നുപോയി.

ചെറുതെങ്കിലും സുന്ദരമായൊരു വീട് സ്വപ്നം കണ്ടുതുടങ്ങിയ രാജൻ വീടിന്റെ ഓരോ പണിയിലും ഇടപെട്ടു. ഇടപെട്ടിടപെട്ട് വലിയ വീടായി. ഓരോന്നിനും ഗീതയുടെയും അഭിപ്രായം ചോദിച്ചു. അവിടെ ഒരലമാരിവേണം, ഇവിടെ വീടിനുള്ളിൽ ചെറിയൊരു പൂന്തോട്ടം വേണം. അതെന്തിനാ ചേട്ടാ, ഗീതയ്ക്കൊരു സംശയം. ഒരുവീട്ടിലും അങ്ങനെ കണ്ടിട്ടില്ലല്ലോ. നീ നല്ലവീടുകൾ കാണാഞ്ഞിട്ടാ. സ്വീകരണമുറി ഒരു പൂന്തോട്ടമാകണം. അവിടെ എല്ലാം മറന്ന് ഇരിക്കാൻതോന്നണം. ഊണുമുറി സുന്ദരമായ ഒരു ഹോട്ടലായിരിക്കണം. പൂജാമുറി അമ്പലംപോലെ പവിത്രവും ശാന്തവുമായിരിക്കണം... കിടപ്പുമുറി... ഒടുവിൽ വിചാരിക്കുന്നേടത്ത് നിൽക്കില്ലാട്ടോ ചേട്ടാ... നമ്മടെ കൈവിട്ടുപോകും. കടോം കടത്തിന്റെ കൂടുമാകും... ആകട്ടെടീ. നമ്മളെപ്പോലുള്ളോർക്ക് ജീവിതത്തിൽ ഒരിയ്ക്കലല്ലേ വീടുവയ്ക്കാൻ പറ്റൂ. അപ്പോ അതിൽ സ്വപ്നങ്ങൾ മുഴുവനും നിറയ്ക്കണം. സ്വപ്നങ്ങളുടെ മെത്തയിൽ കിടന്നുറങ്ങണം. സ്വപ്നംപോലെയായിരിക്കണം വീട്... ആയ്ക്കോട്ടെ ചേട്ടന്റെ ഇഷ്ടം.  ഏതോ കട്ടറയിൽ ചാടിയെന്നു തോന്നുന്നു, ആകെ ഒരിളക്കം. ആ ഇളക്കത്തിൽ സ്വപനങ്ങൾ മുഴുവനും തകർന്ന് മുഖത്തുവീണു. വണ്ടിയിൽ അലമാരയുടെ മുകളിൽ വച്ചിരുന്ന കുഞ്ഞിന്റെ കളിപ്പാട്ടങ്ങളിൽ ഒന്നാണ് ആദ്യം മൂക്കിൽവീണത്. അതിന്റെ അസഹ്യമായ വേദനയിൽ കൈയിൽകിട്ടിയ കളിപ്പാട്ടം എടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞാലോയെന്നു തോന്നി. പെട്ടെന്ന് കുഞ്ഞിനെക്കുറിച്ചോർത്തു. ഉള്ളിൽ സ്നേഹം ഉറവപൊട്ടി. ആ കളിപ്പാട്ടമെടുത്ത്  സ്റ്റൂളിന്റെ അടിയിൽ ഭദ്രമായി വച്ചു.

കൈയിൽ ഒന്നുമില്ലെങ്കിലും മൂന്നുനാലു സെന്റെങ്കിലും ഭൂമി സ്വന്തമാക്കി വീടുപണിയണം. കൈയിൽ കാശുവച്ചുകൊണ്ട് ഒന്നും നടക്കില്ല. എടുത്തങ്ങട് ചാടുക. പിന്നെയെല്ലാം അതിന്റെ മട്ടിനു നടന്നുകൊള്ളും. ആഗ്രഹം അടക്കാനാകാതെ മനസ്സിൽ ഉള്ളതുകൊണ്ട് നടക്കും. ഇല്ലെങ്കിൽ നടത്തണം. ഈ വാടകവീടന്വേഷിച്ച് നടക്കുന്നതിനുമുമ്പ് കുറച്ചുനാൾ അങ്ങനെയൊരു നടപ്പായിരുന്നു, സ്വന്തമാക്കാൻ മൂന്നു സെന്റ് ഭൂമിയന്വേഷിച്ച്...

എത്ര സ്ഥലങ്ങൾ പോയികണ്ടു. ചിലതെല്ലാം നന്നായി ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ടതെല്ലാം ഒരിക്കലും വാങ്ങാൻ കഴിയില്ലെന്നു ഉറപ്പുള്ളതായിരുന്നു. കാരണം സെന്റിനുതന്നെ അങ്ങനത്തെ വിലയായിരുന്നു. എന്നാലും കാണുക, സ്ഥലത്തെപറ്റി അന്വേഷിക്കുക, വാങ്ങുമെന്നു സ്വപ്നംകാണുക ഇതെല്ലാം ഒരു രസമായിരുന്നു. അങ്ങനെ അന്വേഷിച്ചുനടന്നപ്പോളാണ് ഒരു കാര്യം മനസ്സിലായത്, ഈ ഭൂമിയിൽ ഈ ജന്മം ഒരു നുള്ള് മണ്ണുവാങ്ങാൻ കഴിയുമെന്നു തോന്നുന്നില്ല. മിനിറ്റുകൾക്ക് മിനിറ്റുകൾക്ക് മണ്ണിനു വിലകൂടുകയാണ്. മണ്ണുവാങ്ങിയിട്ടുവേണ്ടേ വീടുവയ്ക്കാൻ .

പഴയ വാടകവീട്ടിൽനിന്നും പുതിയ വാടകവീട്ടിലേക്ക് കണ്ടമാനം ദൂരമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഓടിയിട്ടും ഓടിയിട്ടം എത്തുന്നില്ല. നേരത്തെ എതെങ്കിലും വീട് കിട്ടണമെന്ന പ്രാർത്ഥനയിൽ നടന്നതുകൊണ്ട് ഇത്രയും ദൂരമുണ്ടെന്നു മനസ്സിലാക്കിയില്ല. 

പല വഴികളിൽക്കൂടി ഓടി ഒരുവിധത്തിൽ സ്ഥലത്തെത്തിയപ്പോഴേക്കും ഇരുട്ടിയിരുന്നു. ഇങ്ങനെ വഴിതെറ്റുമെന്നു വിചാരിച്ചില്ല. ആദ്യമായും അവസാനമായും ഒരു തവണയല്ലേ അവിടെ വന്നിട്ടുള്ളൂ. അന്ന് വഴിയെല്ലാം കൃത്യമായി നോക്കിവച്ചിരുന്നെങ്കിലും വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല സ്ഥലം കണ്ടുപിടിക്കൽ. വണ്ടിക്കാരനാണെങ്കിൽ കൂടുതൽ അസ്വസ്ഥനായിക്കൊണ്ടിരുന്നു. അയാളുടെ രാത്രിയിലെ വലിയൊരു ഓട്ടം പോകുമല്ലോ. ഇടയ്ക്കിടയ്ക്ക് അയാൾക്കുവരുന്ന ഫോൺ എടുക്കാതെ, ആരോടെന്നില്ലാത്ത ദേഷ്യത്തോടെ ഫോൺ ഓഫ് ചെയ്ത് പിറുപിറുക്കുമ്പോൾതന്നെ നമ്മളും വല്ലാതാകും. ഇനി വഴിക്കുവച്ചയാൾ നമ്മളെ ഇട്ടിട്ട് പോകുമോയെന്നുവരെ ഭയന്നു. എന്നാൽ പിറുപിറുത്താണെങ്കിലും അയാൾ അവിടംവരെ കൊണ്ടുവന്നാക്കി. എന്നിട്ട് അയാൾ വണ്ടിയിൽനിന്നും ചാടിയിറങ്ങി “ഞാൻ ചുമട്ടുകാരെ കണ്ടുപിടിച്ചുവരാം’’ എന്നു പറഞ്ഞ് വന്ന വഴിയിലൂടെ നടന്നുപോയി. അവിടെവച്ചു ചുമന്നവർ ഇങ്ങോട്ട് വന്നില്ല. അതിനവർ ഇരട്ടികൂലി ചോദിച്ചു. അപ്പോൾ ഡ്രൈവർ തന്നെയാണ് പറഞ്ഞത് “വേണ്ട, നമുക്ക് അവിടെ വേറെ ആളെനോക്കാം”. അതുകൊണ്ട് ചുമക്കാൻ ആളെ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുപോയതാണ്. എന്തായാലും ആള് ഉപകാരിയാണ്.

ഡോർ തുറന്ന് ഗീതയേയും കുഞ്ഞിനേയും പുറത്തിറക്കിയിട്ട് രാജൻ വീടിന്റെ ഗെയ്റ്റ് തുറക്കാൻ നോക്കി. ഉള്ളിലുടെ ഓരാന്തൽ കടന്നുപോയി അപ്പോൾ. രാജൻ ഒരു നിമിഷം കൈകാൽ വിറച്ചവിടെ നിന്നു. ഗെയ്റ്റ് പൂട്ടിയിട്ടിരിക്കുന്നു. പുറമേനിന്നാണ് പൂട്ടിയിരിക്കുന്നത്. വീട്ടുകാർ അടുത്തെവിടെയെങ്കിലും പോയതായിരിക്കുമെന്ന് അടുത്ത നിമിഷം ആശ്വാസംകൊണ്ടു. അവർ വരാൻ വൈകിയാൽ സാധനങ്ങൾ റോഡിലിറക്കിവച്ച് വണ്ടി പോകുമല്ലോയെന്ന ടെൻഷനായി പിന്നെ. റോഡിലെങ്ങും ഒരു മനുഷ്യനില്ല. എല്ലാ വീടുകളും അടച്ചുപൂട്ടിയിരിക്കുന്നു. വീടുകൾക്കുള്ളിലെല്ലാം വെളിച്ചം കാണുന്നുണ്ട്. ആളുകൾ ഒന്നുഇരുട്ടിയപ്പോഴേക്കും വീട്ടിനുള്ളിൽക്കയറി ഒളിച്ചിരിക്കുകയാണെന്ന് രാജനു തോന്നി. നേരത്തെ താമസിച്ചിരുന്നിടം എപ്പോഴും ആളുകളായിരുന്നു. കള്ളുകുടിച്ചും വഴക്കടിച്ചും ബഹളം വയ്ക്കുന്നവരുമുണ്ടായിരുന്നു.  എന്തിനു വിളിച്ചാലും ആളുകൾ ഓടിവരുമെന്നൊരാശ്വാസവും എന്നാൽ അതിനപ്പുറം എന്തിനെന്നില്ലാത്ത ഒരാശങ്കയും അവിടെയുണ്ടായിരുന്നു. ഇവിടെ വല്ലാത്തൊരു ശൂന്യത അനുഭവപ്പെടുന്നു. ഒരാളനക്കവും എങ്ങുമില്ല. വെളിച്ചം കണുന്നതുകൊണ്ട് വീടിനുള്ളിൽ ആളുകളുണ്ടെന്നൊരാശ്വാസമുണ്ട്. വഴിയിൽ സൂര്യനേക്കാൾ വെളിച്ചത്തിൽ ലൈറ്റുകൾ കത്തുന്നുണ്ട്. അത് രണ്ടാമത്തെ ആശ്വാസം. നേരത്തേയിടത്ത് അവിടവിടെ കണ്ണുകാണാത്ത മങ്ങിയവെളിച്ചമായിരുന്നു. അതിലും ചിലതെല്ലാം അകാലചരമമടഞ്ഞു. നായ്ക്കളുടെ നിഴലുകൾ കൂട്ടമായി അവിടവിടെ ഓടിനടന്നു. വഴിയിൽ ചിലയിടത്തെല്ലാം മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞു. ഒരു മഴപെയ്താൽ റോഡ് കുളമായി. ഇവിടെ നല്ല വൃത്തിയും വെടിപ്പുമുണ്ടായിരുന്നു. ഈയൊരുവീടൊഴിച്ച് ബാക്കിയെല്ലാവീട്ടിലും വെളിച്ചം നിറഞ്ഞുനിന്നു. അവിടെ ചൂടായിരുന്നെങ്കിൽ ഇവിടെ ഒരു തണുത്തകാറ്റ് ഏ.സിയിലെന്നപോലെ ഇടയ്ക്കിടെ അടിച്ചുകൊണ്ടിരുന്നു.

ഗീത കുഞ്ഞിനേയും മാറോടുചേർത്ത് വഴിയരികിലായ് ഒതുങ്ങി ഇരുന്നു. രാജന് ടെൻഷൻ കൂടികൂടിവന്നു. പൂട്ടിക്കിടക്കുന്ന ഗെയ്റ്റിൽ ഇടയ്ക്കിടെനോക്കി, ഉള്ളിൽ അനക്കമുണ്ടോയെന്ന് ഇടയ്ക്കിയ്ക്കിടെ ശ്രദ്ധിച്ച് നിരാശനായി ടെൻഷൻ ഉള്ളിലേക്കു വലിച്ചുകയറ്റിക്കൊണ്ടിരുന്നു രാജൻ. നേരം വൈകുന്തോറും അവർ എവിടെപോയതായിരിക്കും, ഇന്നു വരുമോയെന്ന ചിന്ത രാജനെ അലട്ടി.  ചുമട്ടുകാരെ തേടിപോയ ഡ്രൈവറെ കാണാത്തതിൽ രാജന് വിഷമംതോന്നിയില്ലയെന്നുമാത്രമല്ല ആശ്വാസം തോന്നുകയും ചെയ്തു. ഡ്രൈവർ എത്തുംമുമ്പേ വീട്ടുകാരെത്തണേയെന്നു രാജൻ പ്രാർത്ഥിച്ചു. ഇല്ലെങ്കിൽ അയാളുടെ വായിലിരിക്കുന്നതു മുഴുവനും കേൾക്കേണ്ടിവരും. അതു കേൾക്കുന്നതിൽ കുഴപ്പമില്ല, പക്ഷേ പാവം ഗീതയും അതു കേട്ടുനിൽക്കണമല്ലോ. തിരിച്ചൊന്നും പറയാനാവാത്ത രാജന്റെ അവസ്ഥ സ്വപ്നം കണ്ടാണ് ഗീതയും ഇരുന്നത്. അവളും പ്രാർത്ഥിച്ചത് അതുതന്നെയായിരുന്നു. ചുമട്ടുകാരെകൂട്ടി ഡ്രൈവറെത്തുംമുമ്പേ.....

പിന്നെ ഗീതയ്ക്കുതോന്നി, അടുത്തവീട്ടിൽ താക്കോലേൽപ്പിച്ചിട്ടുണ്ടാകുമോ. രാവിലെ മുതൽ വീട്ടുടമസ്ഥനെ വിളിച്ചുകൊണ്ടിരിക്കുന്നതാണ്, ഇപ്പോഴും പല പ്രാവശ്യം വിളിച്ചു. ഫോണെടുക്കുന്നേയില്ല. വഴിതെറ്റിയപ്പോൾ വിളിച്ചുകൊണ്ടേയിരുന്നു. എവിടെയെങ്കിലും പോകുകയാണെന്നു ഒന്നു പറഞ്ഞിരുന്നെങ്കിൽ ഇന്നത്തെ വരവ് നാളത്തേക്കു മാറ്റാമായിരുന്നു, കാലുപിടിച്ചാണെങ്കിലും പഴയ വീട്ടുടമസ്ഥനെ ഒരു ദിവസത്തേക്കു സമ്മതിപ്പിക്കാമായിരുന്നു.

അഡ്വാൻസ് കൊടുക്കുമ്പോൾ കൃത്യമായി പറഞ്ഞതായിരുന്നുവല്ലോ ഇന്നു വരുമെന്ന്. ഓ... അതിനെന്താ വന്നോളൂ, ഞങ്ങളെങ്ങും പോകാറില്ല, ഇവിടെയുണ്ടാകും എന്നാണ് അന്ന് വീട്ടുടമസ്ഥൻ പറഞ്ഞത്. ഭാര്യയും അതു പിൻതാങ്ങി പറഞ്ഞു. അതുകൊണ്ടാണ് ഫോൺ കിട്ടിയില്ലെങ്കിലും വരാമെന്നു വിചാരിച്ചത്. വീടുപൂട്ടി താക്കോൽ ഏൽപ്പിക്കുന്നതുവരെ ഒരു സമാധാനം പഴയവീട്ടുടമസ്ഥൻ തന്നിട്ടില്ല.

അടുത്തവീട്ടിൽ താക്കോൽ കൊടുത്തുകാണുമോ ഒന്നു ചോദിക്കായിരുന്നില്ലേ, ഗീത പറഞ്ഞപ്പോളാണ് അങ്ങനെയൊരു സാധ്യത രാജനും ആലോചിച്ചത്.

അടുത്ത രണ്ടുവീട്ടിൽ ചോദിച്ചു. അവർക്കൊന്നും അറിയില്ല. ഇവരുമായി യാതൊരു ബന്ധവുമില്ല അവർക്കെന്നുതോന്നി. സംസാരിക്കാൻതന്നെ രണ്ടു വീട്ടുകാർക്കും ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. വാതിൽ പാതി തുറന്നാണ് അവർ സംസാരിച്ചതും. മുഴുവനും തുറന്നാൽ നമ്മൾ ഇടിച്ചെങ്ങാനും അകത്തേക്കു കയറുമോ എന്നവർ സംശയിക്കുന്നതുപോലെ. പറയുന്ന കാര്യങ്ങൾ ദയവായി ഒന്നു കേൾക്കാൻപോലും അവർ സമയം കണ്ടെത്തിയില്ല. അടുപ്പിൽ എന്തെങ്കിലും തിളച്ചുപോകുംമുമ്പേ അങ്ങോട്ടെത്താനുള്ള തിടുക്കം അവർ കാണിച്ചു. വല്ലാത്തൊരു അകൽച്ചയിലാണ് അവർ നിന്നത്. എന്നിട്ടും, ആവശ്യം നമ്മുടേതാണല്ലോ, ഒരു വീട്ടിൽക്കൂടി കയറിനോക്കാമെന്നു വിചാരിച്ചു. ഒരു ബന്ധവുമില്ലാത്തവർ താമസിക്കുന്നിടത്താണല്ലോ ദൈവമേ വന്നുപെട്ടത് എന്ന് ചിന്തിച്ചു. രാജന്റെ മുഖത്തുനിന്നെല്ലാം പൊടുന്നനേ വായിച്ചെടുക്കുന്ന ഗീതയും അസ്വസ്ഥയായി. സമയം ഇരുണ്ടുകയറുകയാണ്. രാത്രിയിൽ വഴിയിൽ തങ്ങുന്നതിനെക്കുറിച്ചാലോചിച്ചപ്പോൾ ഗീതയുടെ ഉള്ളോന്നാന്തി. രാജനെ വിഷമിപ്പിക്കാതിരിക്കാൻ അവളത് മറച്ചുപിടിച്ചു. ഒന്നിലും കൂസാത്തപോലെ അവളിരുന്നു.

മൂന്നാമത്തെ വീട്ടിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം രാജനെ തകർക്കുക മാത്രമല്ല ചിതറിച്ചുകളഞ്ഞു.

കൊളിംങ്ങ് ബെല്ലടിച്ചപ്പോൾ കടന്നുവന്നത് ഒരു പ്രായംചെന്ന മനുഷ്യനായിരുന്നു. വാതിൽ തുറന്നില്ല. ഒരു വശത്തെ ഒറ്റപ്പാളിജനൽ ഇത്തിരി തുറന്നു. രണ്ടുവീട്ടിലെ കയ്പേറിയ അനുഭവമുള്ളതുകൊണ്ട് വളരെ വേഗത്തിൽ കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചു രാജൻ. മുഖത്തെ കണ്ണട എടുത്ത് തുടച്ച് ഒന്നുകൂടി കണ്ണിൽവച്ച് അയാൾ രാജനെ സൂക്ഷിച്ചുനോക്കി. എന്നിട്ട് ഒന്നും പറയാതെ ജനൽ ആഞ്ഞടയ്ക്കാൻ തുടങ്ങും മുമ്പേ അകത്തുനിന്നൊരു സ്ത്രീ വന്നു. അവരുടെ  മുഖത്തും കട്ടിക്കണ്ണടയുണ്ടായിരുന്നു. എല്ലാം അകത്തുനിന്നു കേട്ടപോലെ അവർ പറഞ്ഞു  “പോകല്ലേ”.  അതു കേട്ടതുകൊണ്ടായിരിക്കണം അയാൾ ജനൽ അടയ്ക്കാൻ തുടങ്ങിയിടത്തു നിർത്തി, ജനൽപാളി ഒരു വണ്ടിനു കടക്കാവുന്ന രൂപത്തിൽ തുറന്നിട്ടു. അയാൾ ഇരുന്നിടത്തേക്കുനീങ്ങി, വിളികേട്ടപ്പോൾ വായന നിറുത്തി പേജ് മാറിപോകാതെ കമഴ്ത്തിവച്ച ഏതോ പുസ്തകമെടുത്തു വായന തുടർന്നു. സ്ത്രീ തൊട്ടടുത്ത മുറിയിലേക്കുപോയി കൈയിൽ ഒരു കടലാസുമായി വന്നു. ഉള്ളിൽ ഇത്തിരി തുറന്ന ജനൽവശത്തു വന്നുനിന്നുചോദിച്ചു  “പേരെന്താ” . “ രാജൻ “. “ഫോൺനമ്പറോ”   മൊബൈൽനമ്പർ പറഞ്ഞു. അത് അവർ സശ്രദ്ധം കേട്ടു. ‘‘ഒന്നുകൂടിപറ’’ പിന്നേയും പറഞ്ഞു. രാജൻ പറയുന്നത് കേൾക്കുന്നതോടൊപ്പം അവർ കൈയിലിരുന്ന കടലാസിൽ വായിച്ച് അതുറപ്പാക്കി. പിന്നെ ഒന്നുനീങ്ങി തൊട്ടടുത്ത മേശയിൽ വച്ചിരുന്ന സ്വന്തം ഫോണെടുത്ത് അവർ നമ്പർ കുത്താൻതുടങ്ങി. രാജന്റെ കീശയിൽകിടന്ന ഫോൺ വലിയ ശബ്ദത്തിൽ അടിച്ചു. അപ്പോൾ അവരുടെ വയസ്സായ ചുണ്ടിൽ ഒരു ചിരി വിടർന്നു. രാജൻ ഒന്നും മനസ്സിലാകാതെ നിന്നു. രാജൻ കീശയിൽനിന്നും ഫോണെടുത്തപ്പോൾ അവർ പറഞ്ഞു. ‘‘എടുക്കണ്ട. അതു ഞാനടിച്ചതാ.’’ 

പിന്നെയും അവർ ഇത്തിരി നീങ്ങി മേശതുറക്കുന്ന ശബ്ദംകേട്ടു. കൈയിൽ നീട്ടിപ്പിടിച്ച രൂപയുമായി അവർ ജനലയ്ക്കൽ വീണ്ടും വന്നു. സ്വർണ്ണവളകൾ നിറഞ്ഞുകിടക്കുന്ന കൈ പുറത്തേക്കിടാതെ ആ നോട്ടുകൾ ജനൽപടിയിൽ വച്ച് അവർ കുറച്ചുകൂടി ഉള്ളിലേക്ക് നീങ്ങിനിന്നു. എന്താണിതെന്നു മനസ്സിലാകാതെനിന്ന  രാജനോടു പറഞ്ഞു. ‘‘അതെടുത്തോള്ളൂ. നിങ്ങൾ അവർക്കുകൊടുത്ത അഡ്വാൻസാണ്. അതിവിടെ ഏൽപ്പിച്ചിട്ടവർ പോയി. നിങ്ങൾ വരുമ്പോൾ കൊടുക്കണമെന്നെന്നോടു പറഞ്ഞു. ഇനി അവർ അഞ്ചാറുമാസം കഴിഞ്ഞേവരൂ. അമേരിക്കയിൽ മോളുടെ അടുത്തേക്കു പോയിക്കാ. വാടകയ്ക്കു കൊടുക്കാൻ മോൾക്ക് താൽപര്യമില്ലെന്നു പറഞ്ഞു.’’ ഇത്രയും പറഞ്ഞു തീരലും അവർ ജനൽ അടച്ച് കുറ്റിയിട്ടു. ചില്ലുഗ്ലാസ്സിലൂടെ അകത്തേക്കവർ നീങ്ങുന്നതു കാണാമായിരുന്നു. കാരണവർ വന്ന് കർട്ടൻ വലിച്ചിട്ടപ്പോൾ അതും മാഞ്ഞു. നിന്നനിൽപ്പിൽ എത്രനേരം അങ്ങനെനിന്നുയെന്ന് രാജനോർമ്മയില്ല. തണുത്തഒരു കൈ ദേഹത്തുതൊട്ടപ്പോൾ രാജൻ ഞെട്ടിനോക്കി. ഗീത.

ഗെയ്റ്റിനുപുറത്ത് കാത്തുനിന്ന ഡ്രൈവറും രണ്ടു ചുമട്ടുകാരും അക്ഷമരായി.

ഒരു പ്രതിമയെയെന്നപോലെ രാജനെ ഗീത പുറത്തേക്കുകൊണ്ടുപോയി.

കടിച്ചുകീറാൻ നിൽക്കുകയായിരുന്നു ഡ്രൈവർ. മദ്യലഹരിയിൽ അടുത്ത കോളിനുവേണ്ടി കാത്തുനിൽക്കുകയായിരുന്നു ചുമട്ടുകാർ.

മുകളിലാകാശം താഴെഭൂമി ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ഭാവമായിരുന്നു അപ്പോൾ രാജന്. രാജന്റെ എന്തെന്നില്ലാത്ത ഭാവം കണ്ടപ്പോൾ മൂന്നുപേരും ഒന്നു മയപ്പെട്ടു.

നാവ് ഉള്ളിലേക്കിറങ്ങിപോയ പോലെ രാജൻ നിന്നപ്പോൾ ഗീതയ്ക്ക് എല്ലാം വിശദീകരിക്കേണ്ടിവന്നു. ഉള്ളുകരഞ്ഞ് ഗീത അത് പറഞ്ഞപ്പോൾ ഡ്രൈവറുടെ മുഖഭാവം മാറിവരുന്നതായി രാജൻ കണ്ടു. വലിയൊരു ദയയുടെ കൂമ്പാരമായി മാറിയ ഡ്രൈവർ ചുമടുകാരോടു പറഞ്ഞു. “നിങ്ങൾ പൊക്കോള്ളൂ.” അവർ ഒന്നും മിണ്ടാതെ വന്നവഴിപോയി.

ഡ്രൈവർ രാജനെ സ്വന്തം അനുജനെയെന്നമാതിരി തൊട്ടു. “ സാരംല്യ. എന്റെ ഒരോട്ടം പോകുംന്നല്ലേയുള്ളൂ. ഒന്നല്ല പത്തോട്ടം പൊക്കോട്ടെ. ഞാനും ഇന്ന് പോണില്ല. നാളെ നേരം വെളുക്കട്ടെ, നമുക്കെന്തെങ്കിലും പരിഹാരമുണ്ടാക്കാം. എന്നിട്ടേ ഞാൻ പോണോള്ളൂ. ഇതല്ലെങ്കിൽ മറ്റൊന്ന് നമുക്കു കണ്ടുപിടിക്കാം. അല്ലാതെ, അന്യനാട്ടില് ഈ രാത്രീല് കുഞ്ഞുകൊച്ചിനേം ഈ പെണ്ണിനേം ഇവിടെ ഇട്ടേച്ചുപോയാ ദൈവം എൻറ്റടുത്തെന്ന് ഓടിപോകും...” 

ഗീതയെ സ്വന്തം അച്ഛൻ എന്നപോലെനോക്കി പുഞ്ചിരിച്ചുകൊണ്ടയാൾ പറഞ്ഞു : “മോള് വണ്ടീക്കേറിക്കിടന്നോ”

രാജനെനോക്കി “ ഇയാളും വണ്ടീടുള്ളിൽ കേറിക്കോ, ഞാനിവിടെക്കെത്തന്നെണ്ടാകും. കടകൾ പൂട്ടാറായിക്കാണും കുഞ്ഞിനെന്തെങ്കിലും വാങ്ങണോ?”

വരുന്നവഴി വഴിയിൽനിർത്തി ചായകുടിച്ചപ്പോൾ, ഗീത വേണ്ടായെന്നു പറഞ്ഞിട്ടും രാജൻ ഒരു കുപ്പിയിൽ പാലുംവെള്ളം വാങ്ങിയത് എടുത്തുകാണിച്ച് ഗീത പറഞ്ഞു  “വേണ്ട”

ഡ്രൈവർ നടന്നുനീങ്ങിയപ്പോൾ രാജന്റെ കണ്ണുനിറഞ്ഞു. എന്നാൽ ആ കണ്ണുനീരല്ല രാജന്റെ ഇടതുകാലിലെ തള്ളവിരലിൽ വീണുപൊള്ളിയത്, അത് രാജനോടുചേർന്ന്, കുഞ്ഞിനെ മാറോടുചേർത്തുനിന്ന ഗീതയുടെ കണ്ണുനീരായിരുന്നു. അവൻ അപ്പോൾ ഇടതുകൈ നീട്ടി അവളെ സ്വന്തം ദേഹത്തോടു ചേർത്തുപിടിച്ചു.

അപ്പോൾ, ഇത്തിരിദൂരെ, വഴിവിളക്കിനു താഴെ പോസ്റ്റിൽ ചാരിനിന്ന് ഒരു സിഗററ്റിനു തീ കൊളുത്തുകയായിരുന്നു, ഡ്രൈവർ...

English Summary:

Veedu Story written by Jayamohan Kadungallur

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT