പുറത്തിറങ്ങി ടീച്ചർ ഒപ്പ് വെച്ചത് വെറുതെ പരിശോധിച്ചു.. സരസ്വതി... സരസ്വതി പി. ഇവൾ ഇവൾ എന്റെ ക്ലാസ് മേറ്റ് അല്ലെ... ഇവൾക്ക് വേണ്ടിയല്ലേ അടുത്ത വീട്ടിലെ ചെമ്പകപൂ മോഷ്ടിച്ചു കൊണ്ട് വന്നു കൊടുത്തിരുന്നത്.. അന്നും കണ്ണട ഉണ്ടായിരുന്നു.. പക്ഷേ ഈ രൂപം വിശ്വസിക്കാൻ കഴിയുന്നില്ല...

പുറത്തിറങ്ങി ടീച്ചർ ഒപ്പ് വെച്ചത് വെറുതെ പരിശോധിച്ചു.. സരസ്വതി... സരസ്വതി പി. ഇവൾ ഇവൾ എന്റെ ക്ലാസ് മേറ്റ് അല്ലെ... ഇവൾക്ക് വേണ്ടിയല്ലേ അടുത്ത വീട്ടിലെ ചെമ്പകപൂ മോഷ്ടിച്ചു കൊണ്ട് വന്നു കൊടുത്തിരുന്നത്.. അന്നും കണ്ണട ഉണ്ടായിരുന്നു.. പക്ഷേ ഈ രൂപം വിശ്വസിക്കാൻ കഴിയുന്നില്ല...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുറത്തിറങ്ങി ടീച്ചർ ഒപ്പ് വെച്ചത് വെറുതെ പരിശോധിച്ചു.. സരസ്വതി... സരസ്വതി പി. ഇവൾ ഇവൾ എന്റെ ക്ലാസ് മേറ്റ് അല്ലെ... ഇവൾക്ക് വേണ്ടിയല്ലേ അടുത്ത വീട്ടിലെ ചെമ്പകപൂ മോഷ്ടിച്ചു കൊണ്ട് വന്നു കൊടുത്തിരുന്നത്.. അന്നും കണ്ണട ഉണ്ടായിരുന്നു.. പക്ഷേ ഈ രൂപം വിശ്വസിക്കാൻ കഴിയുന്നില്ല...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"അച്ഛാ.. അച്ഛൻ എങ്ങോട്ടാ പോണത്..." ചിന്നുവിന്റെ ചോദ്യമാണ് കണ്ണാടിയിൽ മുടി ചീകി കൊണ്ടിരുന്ന എന്നെ പുറത്തേക്ക് നോക്കാൻ പ്രേരിപ്പിച്ചത്. വലത് കയ്യിൽ ചിരട്ടയും ഇടത് കയ്യിൽ പുളി ഇലയുമായി നിൽക്കുന്ന നാലു വയസുകാരിയെ കണ്ടപ്പോൾ ചിരി വന്നു. "ഉം ന്താ വേണ്ടത്..." "അച്ഛൻ പോയി വരുമ്പോൾ മഞ്ച്..." "നിയ്യ് ന്താ ചെയ്യണ്.." എന്റെ ചോദ്യത്തിന് മറുപടി തലതാഴ്ത്തി കൊണ്ടായിരുന്നു "ഞാനും ചേച്ചിയും കൂടി ചോറ് വെച്ച് കളിക്കാണ്..." മുൻപ് എങ്ങോ ഉത്സവത്തിന് പോയപ്പോൾ മൂത്തവൾക്ക് ഒരു കിച്ചൺ സെറ്റ് വാങ്ങിയിരുന്നു. അത് ഇത് വരെ ഉപേക്ഷിച്ചിട്ടില്ല ഞാൻ തന്നെ ആണ് ഇത്തരം കളികൾക്ക് പ്രോത്സാഹനം കൊടുക്കുന്നത്. "എപ്പോൾ ആണ് ആവോ രണ്ടെണ്ണം കൂടി വഴക്ക് ആവുന്നത്" അടുക്കളയിൽ നിന്നും ഒരു കൈയ്യിൽ ചൂലുമായി എന്റെ മുത്ത് പ്രത്യക്ഷപ്പെട്ടു. ഇവൾക്ക് എപ്പോഴും പണി ആണല്ലോ വൃത്തി ആയി ഇരിക്കുന്ന പാത്രങ്ങൾ തുടച്ചു വെക്കുക, തുണികൾ മടക്കി വെക്കുക എപ്പോ നോക്കിയാലും പണി.. "ങ്ങള് പേപ്പർ ഒക്കെ എടുത്തോ..." 

വില്ലേജ് ഓഫീസിലേക്കാണ് പോകുന്നത് ഒന്നും കൂടി നോക്കാം. മുൻപ് ഒരിക്കൽ അബദ്ധം പറ്റിയതാണ്. എല്ലാം ഹാജരാക്കിയപ്പോ ഓഫീസർ ചോദിച്ചു റേഷൻ കാർഡ് എവിടെ എന്ന്.. അന്ന് കാര്യം നടന്നില്ല.. അതിനു ശേഷം റവന്യൂ ഡിപ്പാർട്ട്മെന്റിലേക്ക് പോകുമ്പോൾ എല്ലാ രേഖകളും ഒരു കവറിൽ ആക്കി കൈയ്യിൽ പിടിക്കും. ആധാരം, ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, നികുതി അടച്ച രസീത്, സ്കൂൾ സർട്ടിഫിക്കറ്റ്, മകളുടെ ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ്.. എല്ലാം ഒരു തവണ കൂടി പരിശോധിച്ച് ഉറപ്പ് വരുത്തി. പേന ഇല്ല ചിലപ്പോൾ പേനയുടെ ആവശ്യം വരും. മൂത്തവൾ പൊന്നുവിനെ വിളിച്ചു.. "പൊന്നോ..." അവൾ അനിയത്തിയുടെ കൂടെ കളിയിൽ ആണ് എന്റെ വിളി കേട്ടിട്ടില്ല. അവരുടെ കളിസ്ഥലത്തേക്ക് പോയി. വീടിന്റെ പുറം ചുമരിനോട് ചേർന്ന പ്രദേശം ആണ് അവരുടെ കളിസ്ഥലം. അവിടെ ആകുമ്പോൾ മൂവാണ്ടൻ മാവിന്റെ തണലും ഉണ്ട്. കുറച്ചു മാറി മുത്തശ്ശി മാവ് ഉണ്ട്. അതിന്റെ ചുവട്ടിൽ ആണ് ഇവരുടെ കളിവീട്. ഇത് ഞാൻ തന്നെ ഉണ്ടാക്കി കൊടുത്തതാ. പണ്ട് ഒക്കെ വെക്കുന്ന വൃക്ഷ തൈ അവരുടെ പേരിൽ അറിയപ്പെട്ടിരുന്നു. പണ്ട് മുത്തശ്ശി വെച്ചതാത്രെ ഈ മാവ്. മുത്തശ്ശി മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മുത്തശ്ശിയുടെ ഓർമയിൽ ഒരു മാവ്.. അതിൽ പുളി മാങ്ങയാണ് പഴുത്താൽ നല്ല സ്വാദാണ്...

ADVERTISEMENT

"ന്താ അച്ഛാ.." പൊന്നുവിന്റെ ചോദ്യമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്. "മോളെ നിന്റെ പേന ഒന്ന് താ..." അവൾ പേന തന്നു അതും കവറിൽ ഇട്ടു.. "ഉണ്ണീയേട്ടാ ഇന്ന് പണിക്ക് പോയില്ലേ" ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. കുറച്ച് അകലെയുള്ള വീട്ടിലെ അമ്മിണി അമ്മയുടെ മകന്‍ ബാബുവാണ്. അവൻ സ്കൂളിൽ നിന്നും പോവുകയാവും. രാവിലെ സ്കൂൾ കൂടുന്ന നേരത്ത് സ്കൂൾ പരിസരത്ത് ചെന്ന് നിൽക്കും. എല്ലാ കുട്ടികളും പ്രത്യേകിച്ച് പെൺകുട്ടികൾ ക്ലാസിൽ കയറിയതിനു ശേഷം വീട്ടിലേക്ക് തിരിച്ചു വരും. ഇനി വൈകിട്ട് പോകേണ്ടി വരും സ്കൂൾ വിടാൻ നേരത്ത്. ബാബു മാത്രമല്ല ബാബുവിനെ പോലെ കുറച്ചു പയ്യൻമാർ ഉണ്ട്.. എന്നോട് എന്തോ അവന് പ്രത്യേക സ്നേഹമാണ്. ഒരിക്കലും അവനെ കളിയാക്കിയിട്ടില്ല ഉപദേശിച്ചിട്ടില്ല. ഞാൻ എന്ത് പറഞ്ഞാലും ചെയ്തു തരും എവിടെ വെച്ച് കണ്ടാലും കുശലാന്വേഷണം നടത്തും അഥവാ കണ്ടിട്ടില്ല എങ്കിൽ വിളിച്ച് അന്വേഷിക്കും. "ഇല്ല മോനേ ഇന്ന് പോയില്ല. വില്ലേജിൽ പോണ്ട ഒരു കാര്യണ്ട്" "ആ.. ശരീ ന്നാ... വൈകിട്ട് കാണാം." ബാബു ഇടവഴിയിൽ നിന്നും മറഞ്ഞു. 

കൈ ബനിയന്റെ പുറത്ത് കൂടി ഫുൾ കൈ ഷർട്ട് കൂടി ഇട്ടു പഴയ ഡബിൾ മുണ്ടും ചുറ്റി കവറും കൈയ്യിലെടുത്തു പുറത്തിറങ്ങി ഗെയ്റ്റ് അടക്കുന്ന സമയം ഭാര്യ അലക്കിയ തുണിയുമായി ഉണക്കാനായി വരുന്നു. "ങ്ങള് വരുമ്പോ കുറച്ച് ഉണക്ക മീൻ കൊണ്ടരോ" അവസ്ഥ അറിയാത്ത നായരേ അത്താഴം ഉണ്ണാൻ വായോ എന്ന് പറഞ്ഞത് പോലെയാ അന്റെ അവസ്ഥ. ആകെ കൈയ്യിലുള്ളത് പതിനഞ്ച് രൂപ മൂന്നര കിലോ മീറ്റർ നടന്ന് പോകണം വില്ലേജിലേക്ക്. അപ്പോഴേക്കും മുത്തിന്റെ മുഖം ഇരുണ്ടു. അത് കണ്ടപ്പോൾ സ്നേഹത്തോടെ വാക്ക് അത്യാവശ്യമാണെന്ന് തോന്നി. "യ്യ് ഒരു കാര്യം ചെയ്യ് മുരിങ്ങയില കൂട്ടാൻ വെച്ചോ. ക്ക് ഭയങ്കര ഇഷ്ടാ.." "മുരിങ്ങയില ആരാ പൊട്ടിച്ചു തരാൻ ഇവടെ.. പണ്ടൊക്കെ വീട്ടിലെ ന്തേങ്കിലും പണി ചെയ്തു തന്നേർന്നു.. ഇപ്പോ അടുത്ത് കിടക്കണ സാധനം എടുത്തു തരാൻ ആളു വേണം. ഞാൻ ചത്ത് കിടന്നാലും ങ്ങള് ന്നെ പിടിച്ച് എണീപ്പിക്കും പണി ചെയ്യാൻ.." മുത്ത് അങ്ങനെയാ ഒരു ചെറിയ സംഭവം മതി പിന്നെ അതിന്റെ പിന്നാലെ പോകും.. ഒരു ബന്ധവുമില്ലാത്ത വാക്കുകൾ പുറത്ത് വരും. ശബ്ദം കേട്ടിട്ടാണ് എന്ന് തോന്നുന്നു പൊന്നു വന്നു. "അച്ഛാ അച്ഛൻ വരുമ്പോൾ പ്രഭേട്ടന്റെ കടയിൽ നിന്നും പഴം പൊരി വാങ്ങോ" "നോക്കട്ടെ അച്ഛന്റെ കൈയ്യിൽ പൈസ ഇല്ല മോളെ.." "ന്നാ വേണ്ട" അവൾ വീണ്ടും കളിക്കാൻ പോയി..

ADVERTISEMENT

കുട്ടികളെ കഷ്ടപ്പാട് അറീയിക്കണം അവർ അറിയണം എല്ലാം.. പൊന്നു പന്ത്രണ്ട് വയസ് ആകുന്നതേ ഉള്ളു. വീട്ടിലെ പണികൾ ഒരു വിധം ഒക്കെ ചെയ്യും. പാവം ന്റെ കുട്ടീ.. "ശരി ഞാൻ പൂവ്വാ.." ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു.. പണ്ടൊക്കെ ചെരുപ്പ് ഇല്ലാതെ എത്ര ഓടി കളിച്ചിട്ടുണ്ട് ഈ പഞ്ചായത്ത് റോഡിൽ.. ഇപ്പോ ടാറിട്ട റോഡ് ആണ്. ചെരുപ്പ് ഇല്ലാതെ ഒരടി മുന്നോട്ടു വെക്കാൻ പറ്റുന്നില്ല.. അറ്റം തേഞ്ഞ "വി" വാർ ചെരുപ്പ് കാലിൽ ലൂസ് ആയി പിറകോട്ട് വരുന്നു.. ചെരുപ്പ് മാറ്റണം, അരി വാങ്ങണം, കൂട്ടാൻ വെക്കാൻ ഒന്നും ഇല്ല.. ഇതിനേക്കാൾ ഏറ്റവും അത്യാവശ്യം കീമോ തെറാപ്പിക്ക് പൈസ ഉണ്ടാക്കുക എന്നതാണ്.. പോക്കറ്റിൽ കിടക്കുന്ന പതിനഞ്ച് രൂപ എന്റെ മനോനില അറിഞ്ഞ് ചിരിക്കുന്നുണ്ടാകും.. ചെവി കേൾക്കാത്ത കേശവേട്ടൻ എതിരേ വരുന്നു.. ഇയാളോട് വർത്തമാനം പറയാൻ പോയാൽ ഇന്നത്തെ ദിവസം പോകും. അയാൾക്ക് എല്ലാം അറിയണം നമ്മൾ പറയുന്നത് കേൾക്കുകയും ഇല്ല.. കൈ കൊണ്ടുള്ള ആംഗ്യ ഭാഷയോടെ ചോദ്യം "എങ്ങോട്ടാ..." കവർ തൊട്ടു കാണിച്ച് "വില്ലേജിലേക്കാ..." "അറിഞ്ഞു അറിഞ്ഞു.. ചിലവ് ചെയ്യണം പുതിയ ജോലി കിട്ടിയതിന്.." ഈശ്വരാ.. കേശവേട്ടനെ ദയനീയമായി നോക്കി പിന്നെ ഒരോട്ടം ആയിരുന്നു.. കുറച്ചു ഓടിയപ്പോഴേക്കും കിതച്ചു.. ഇനിയും ഉണ്ട് രണ്ടര കിലോമീറ്റർ... മുൻപ് വില്ലേജ് ഓഫീസ് വേറെ ഒരു ഭാഗത്ത് ആയിരുന്നു ഇപ്പോൾ കവലയിൽ ആണ്.. സ്കൂൾ, പോസ്റ്റ് ഓഫീസ് എല്ലാം കവലയിൽ തന്നെ... 

ഒരു വിധം നടന്ന് വില്ലേജ് ഓഫീസിനടുത്ത് എത്തി.. കൂടെ പഠിച്ച മണി ഇവിടെ ഓട്ടോ ഓടിക്കുന്നു. അവനെ കണ്ടു, ഭയങ്കര ദാഹം. ഒടുക്കത്തെ ചൂട് മനസ്സിൽ പറഞ്ഞു കൊണ്ട് അവന്റെ വണ്ടിയുടെ അടുത്ത് എത്തി "മണി വെള്ളം ഇരിക്കണ് ണ്ടോ വണ്ടിൽ" "ആ യ്യ് മരിച്ചില്ലേ ഇത് വരെ.." തമ്മിൽ കണ്ടാൽ ഇന്നതേ പറയൂ എന്നില്ല സ്വാതന്ത്ര്യത്തോടെ വണ്ടിക്ക് ഉള്ളിൽ നിന്നും വെള്ള കുപ്പി എടുത്തു.. പകുതിയിലധികം കുടിച്ചു.. "മുടി ഒക്കെ നരച്ചുലോ ഉണ്ണി" "അന്നെ പോലെ ഡൈ അടിക്കാൻ കാശില്ല" മറുപടി ഉറക്കെ ഒരു ചിരി ആയിരുന്നു. "ഉം ഉം യ്യ് തന്നെ അത് പറയണം.." "പോട്ട ഡാ വില്ലേജ് ആപ്പീസിൽ ഒന്ന് പോണം" "ന്തടാ കാര്യം" "മോളുടെ അസുഖത്തിന് ചികിത്സിക്കാൻ പൈസ ഇല്ല. അടുത്ത ആഴ്ച കീമോതെറാപ്പി സ്റ്റാർട്ട് ചെയ്യും.. ഗവൺമെന്റിന്ന് ആനുകുല്യം കിട്ടും ത്രേ.. അത് ഒന്ന് അറിയാൻ വന്നതാ..." "ശരി ഡാ.. എങ്ങനെ ണ്ട് മോൾക്ക്.. എന്റെ കയ്യിൽ ഒന്നും തരാനില്ല.. പ്രാർത്ഥനണ്ട് ട്ടോ.." "അത് തന്നെ ധാരാളം... ക്ക് എല്ലാം അറിയില്ലേ.." ഓട്ടോ ഓടിച്ചു കിട്ടുന്ന പൈസ കൊണ്ട് പക്ഷ വാതം ആയി കിടക്കുന്ന അച്ഛനെ നോക്കണം.. സ്തീധനം കൊടുക്കാൻ കഴിയാത്തതിനാൽ രണ്ടു സഹോദരിമാരെ സംരക്ഷിക്കണം നന്നായി കഷ്ടപെടുന്നു പാവം.. "വില്ലേജിൽ ഇപ്പൊ പുതിയ ആളാ.. തെക്കനാ.. ഒരു പരുക്കൻ" "ഉം ശരി ഡാ പോയി നോക്കട്ടെ.."

ADVERTISEMENT

വില്ലേജ് ഓഫീസറോട് കാര്യം പറഞ്ഞു.. ആകെ നിവർത്തികേടാണ് സർ. സഹായിക്കണം.. "ഉം.. ഒരു പേപ്പറിൽ അപേക്ഷ എഴുതി താ... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കുറച്ചു പൈസ ശരിയാക്കി തരാം.. ഓ... കെ.. റേഷൻ കാർഡ്, ആധാർ കാർഡ് കൊണ്ട് വന്നിട്ടുണ്ടോ..." ഘനഗംഭീര ശബ്ദത്തിന് മുന്നിൽ "ഉണ്ട് സർ എല്ലാം ഉണ്ട്" "ആ... ഓരോ ഫോട്ടോ കോപ്പി എടുത്ത് വാ.." മുന്നേ അറിയാവുന്നത് കൊണ്ട് എല്ലാ രേഖകളുടെയും കോപ്പി കവറിൽ വെച്ചിരുന്നു.. എടുത്തു കൊടുത്തു.. "വരുമാന സർട്ടിഫിക്കറ്റ് വേണം അതിന് ഒരപേക്ഷ ദാ... അവിടെ കൊടുത്തോ.." തൊട്ടടുത്ത ടേബിൾ ചൂണ്ടി കാണിച്ചു.. അവിടെ പ്രായം ചെന്ന ഒരാൾ ആയിരുന്നു.. "പിന്നെ ഇയാളുടെ സ്കൂൾ സർട്ടിഫിക്കറ്റിന്റെ ഒരു കോപ്പി വേണം ഫ്രണ്ട് പേജ്" അതും കയ്യിൽ ഉണ്ടായിരുന്നു. എടുത്തു കൊടുത്തു.. അത് തിരിച്ചും മറിച്ചും നോക്കി "ഇത് ഒന്ന് അറ്റസ്റ്റ് ചെയ്തു വാ.." ഈശ്വരാ... ഏതെങ്കിലും ഗസറ്റഡ് ഓഫീസർ വേണം അറ്റസ്റ്റ് ചെയ്യാൻ.. എവിടെ പോകും... വിളിച്ച ദൈവം വഴി കാണിച്ചു.. തൊട്ടു മുന്നിൽ സ്കൂൾ.. ഞാൻ പഠിച്ചിറങ്ങിയ വിദ്യാലയം.. ഹെഡ് മാസ്റ്റേഴ്സിന് ഗസറ്റഡ് റാങ്ക് ഉണ്ട്. മുപ്പത്തി അഞ്ചു വർഷത്തിനു ശേഷം സ്കൂളിന്റെ ചവിട്ടു കല്ലിൽ കാൽ വെച്ചപ്പോൾ പഴയ ഉണ്ണി കൂടി കയറുകയായിരുന്നു...

എട്ടാം ക്ലാസ്സ്, ഒമ്പതാം ക്ലാസ്സ്.. കണ്ടു.. ഇപ്പോൾ അതിന് മുകളിലും ക്ലാസ് ഉണ്ട്... പത്ത് സി. എവിടെ ആണ്.. എൻ. സി. സി റൂമിന് അടുത്താണ്.. എവിടെ ആണ്..  ചുറ്റുപാടും ഒരു ചെറിയ വീക്ഷണം നടത്തി.. ദാ... അവിടെ... ആ.. മൂലയിൽ.. കണ്ടുപിടിച്ചപ്പോൾ മനസ്സിൽ ഒരു സന്തോഷം... ഇവിടെ.. ഈ അങ്കണത്തിൽ എന്തെല്ലാം നടത്തിയിരിക്കുന്നു... എല്ലാം ഇന്നലെ നടന്ന പോലെ... ആലോചിക്കുമ്പോൾ അറിയാതെ ചുണ്ടിൽ ചിരി വന്നു.. ശത്രുതയുള്ള അധ്യാപകനേയും അധ്യാപികയേയും കൂട്ടി ഇണക്കുന്നത് ഞങ്ങളുടെ പതിവ് വിനോദം ആയിരുന്നു.. പേരിന് നടുവിൽ പ്ലസ് ഇട്ടു വെക്കും. ബാത്ത് റൂമിന്റെ ചുവരുകൾ ഞങ്ങളുടെ നോട്ടീസ് ബോർഡ് ആയിരുന്നു.. ഞങ്ങൾ എന്ന് പറയുമ്പോൾ മണി, വിജയൻ, അസീസ് ചില പേരുകൾ ഓർമ്മയിൽ പോലും വരുന്നില്ല.. കാലം അത്രമേൽ അകറ്റിയിരിക്കുന്നു...

ഓഫീസിന് മാറ്റം ഒന്നും ഇല്ല പഴയ സ്ഥലത്ത് തന്നെ.. വാതിൽ തുറന്നു കിടന്നിരുന്നു.. വാതിലിൽ എത്തി ഒന്ന് മുരടനക്കി.. ശബ്ദം കേട്ടിട്ടാണ് എന്ന് തോന്നുന്നു കണ്ണട വെച്ച മെലിഞ്ഞ ശരീര പ്രകൃതിയുള്ള ഒരു മദ്ധ്യവയസ്ക തിരിഞ്ഞു നോക്കി.. എന്റെ ശബ്ദം അവർ ഇരിക്കുന്ന സ്ഥലം വരെ എത്തില്ല അത് കൊണ്ട് സർട്ടിഫിക്കറ്റ് ഉയർത്തി കാണിച്ചു.. കൈ കൊണ്ടുള്ള വരാനുള്ള നിർദേശം കിട്ടി.. അടുത്ത് എത്തി. അവർ ഒന്നും ചോദിക്കാതെ അവരുടേതായ ജോലിയിൽ മുഴുകി ഇരിക്കുന്നു.. ആവശ്യം എന്റേതാണല്ലോ.. "മേഡം" എന്റെ ശബ്ദം കേട്ടിട്ടാണ് എന്ന് തോന്നുന്നു പേനയുള്ള വലത് കൈ ഉയർത്തി കണ്ണട ശരിക്ക് വെച്ചു എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നു.. വീണ്ടും വിളിച്ചു. "മേഡം മകളുടെ ചികിത്സ സഹായവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ വന്നതാണ്. സർട്ടിഫിക്കറ്റിന്റെ കോപ്പി ഒന്ന് അറ്റസ്റ്റ് ചെയ്തു തന്നാൽ വളരെ ഉപകാരമായിരുന്നു.." ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.. "ഒറിജിനൽ കൊണ്ട് വന്നിട്ടുണ്ടോ" "ആ... ഉണ്ട്.." ധൃതിയിൽ കവറിൽ നിന്നും ഒറിജിനലും കോപ്പിയും ടേബിളിൽ വെച്ചു. ഒറിജിനൽ നോക്കുമ്പോൾ ആ ചുണ്ടിൽ ഒരു പുഞ്ചിരി വന്നിരുന്നോ... എനിക്ക് തോന്നിയതാണോ... ഇപ്പോ മാർക്ക് ലിസ്റ്റ് പേജ് ആണ് നോക്കുന്നത്.. എന്തിന്.. ഫസ്റ്റ് പേജ് അല്ലെ അറ്റസ്റ്റ് ചെയ്യേണ്ടത്.. പിന്നെ എന്തിന്.. ചോദ്യം മനസ്സിനുള്ളിൽ തന്നെ ഇരിക്കട്ടെ...

"ഇരിക്കൂ.." "വേണ്ട ടീച്ചർ ഞാൻ ഇവിടെ നിന്നോളാം.." "ഫസ്റ്റ് ക്ലാസ് ഉണ്ടല്ലോ... പിന്നെ പഠിച്ചില്ലേ.." "ഇല്ല.. പഠിച്ചില്ല. കുടുംബ പ്രാരാബ്ധം.. പണിക്ക് പോയി." ടീച്ചറുടെ മുഖത്ത് വിഷാദ ഭാവം... "മോൾക്ക് എങ്ങനെ ഉണ്ട്" "ഭേദം ണ്ട് അടുത്ത ആഴ്ച കീമോതെറാപ്പി തുടങ്ങും അതിന്റെ ഓട്ട പാച്ചിലിലാണ്." എനിക്ക് തോന്നി ഞാൻ കരഞ്ഞു പോകും എന്ന് പിന്നെ ഒന്നും പറഞ്ഞില്ല.. "ഉണ്ണീടെ അക്കൗണ്ട് നമ്പർ തരൂ. ഞാനും ആവുന്നത് പോലെ ശ്രമിച്ചു നോക്കാം.." നാട്ടുകാർ ചികിത്സാ സഹായ നിധി നടത്തുന്നുണ്ട് അതിന്റെ നമ്പർ കൊടുത്തു.. പച്ച മഷി കൊണ്ട് ഒപ്പിട്ടു. സീല് വെക്കണം അത് അടുത്ത ടേബിളിൽ ആണ്.. അവിടെ ആളില്ല... ടീച്ചർ തന്നെ എണീറ്റ് ടേബിളിൽ വന്നു. നടക്കുമ്പോൾ ടീച്ചർ മുടന്തുന്നു.. എന്ത് പറ്റി ടീച്ചർ. ചോദിച്ചില്ല... ചിലപ്പോൾ ജന്മനാ ഉള്ളതാണെങ്കിലോ.. "നന്ദി ടീച്ചർ.." മറുപടി ഒരു പുഞ്ചിരി... പുറത്തിറങ്ങി ടീച്ചർ ഒപ്പ് വെച്ചത് വെറുതെ പരിശോധിച്ചു.. സരസ്വതി... സരസ്വതി പി. ഇവൾ ഇവൾ എന്റെ ക്ലാസ് മേറ്റ് അല്ലെ... ഇവൾക്ക് വേണ്ടിയല്ലേ അടുത്ത വീട്ടിലെ ചെമ്പകപൂ മോഷ്ടിച്ചു കൊണ്ട് വന്നു കൊടുത്തിരുന്നത്.. അന്നും കണ്ണട ഉണ്ടായിരുന്നു.. പക്ഷേ ഈ രൂപം വിശ്വസിക്കാൻ കഴിയുന്നില്ല... ഇവൾ എഴുതി തന്ന ഓട്ടോ ഗ്രാഫിലെ വാചകം ഇപ്പോഴും മനസ്സിൽ ഉണ്ട്... "ഓർക്കുക വല്ലപ്പോഴും. സരസ്വതി പി" 

പഠനത്തിൽ മിടുക്കി.. മുടി രണ്ടു കൊമ്പ് ആയി മെടഞ്ഞ് മുന്നിലേക്ക് ഇടും. ഒരു നാൾ കടുത്ത പനി കാരണം സ്കൂളിൽ പോകാൻ കഴിഞ്ഞില്ല.. എന്നെ കാണാത്തത് കൊണ്ട് രണ്ട് കൂട്ടുകാരികളേയും കൂട്ടി വീട് അന്വേഷിച്ച് വന്നു.. എന്ത് വേണം എന്ന് അമ്മ ചോദിച്ചപ്പോൾ "ഒരു ഗ്ലാസ് വെള്ളം" ഞാൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി. എന്നെ കണ്ടപ്പോൾ ഇപ്പോൾ ചിരിച്ച അതേ ചിരി.. നാളെ വരില്ലേ.. ആംഗ്യ ഭാഷയിലൂടെ ചോദിച്ചു. വരാം. അമ്മ കൊണ്ട് വന്ന വെള്ളം ഒറ്റ വലിക്ക് കുടിച്ചു.. പിന്നെ ഒരോട്ടം ആയിരുന്നു.. എന്തോ കീഴടക്കിയ വിജയിയുടെ ഓട്ടം.. കഷ്ട്ടം. ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല... സ്കൂൾ ഗേറ്റ് എത്തി വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി. എന്നെ തന്നെ നോക്കി ഇരിക്കുന്നു അവൾ... ഞാൻ കണ്ടു എന്നായപ്പോൾ മുഖം ഫയലിൽ താഴ്ത്തി.. ചുണ്ടിൽ ഒരു ചിരിയോടെ ഗേറ്റിന് പുറത്തേക്ക്.. വില്ലേജ് ഓഫീസിൽ പോയി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ കൊടുത്തു.. രേഖകൾ ഹാജരാക്കി.. പുറത്തു വന്നു.. മണി അവിടെ തന്നെ ഉണ്ട്..  എന്നെ കണ്ടതും "പഴയ കാമുകി എന്ത് പറഞ്ഞു..." "ആരടാ അത് ഞാൻ അറിയാത്ത കാമുകി.." "സരസ്വതി.. അവളിപ്പോൾ ഈ സ്കൂളിന്റെ ഹെഡാ.. മുൻപ് ഒക്കെ എന്നെ കാണുമ്പോൾ നിന്നെ അന്വേഷിക്കുമായിരുന്നു.. പാവം ഇത് വരെ കല്യാണം കഴിച്ചിട്ടില്ല.. ചൊവ്വ ദോഷാത്രേ.. ഒരു ബൈക്ക് ആക്സിഡന്റിൽ അവരുടെ കാലിന് ക്ഷതം പറ്റി.. ഇപ്പോ അവരുടെ അനിയത്തിയുടെ വീട്ടിലാ താമസം..." ചോദിക്കാതെ തന്നെ വിവരങ്ങൾ കിട്ടി.. സന്തോഷവും മനസ്സിൽ നോവും പടർത്തി..

ചിന്നൂന് മഞ്ചും പൊന്നൂന് പഴം പൊരിയും വാങ്ങാൻ പ്രഭേട്ടന്റെ കടയിൽ കയറി.. "പ്രഭേട്ടാ ഒരു മഞ്ച്... അഞ്ചു രൂപേടെ.. പിന്നെ പത്ത് രൂപക്ക് പഴംപൊരി.." ഇവിടെ കുട്ടികളെ കൂട്ടി വരുന്നതാ ലാഭം കുട്ടികളുടെ ഭാഷയിൽ സംസാരിക്കും പ്രഭേട്ടൻ ചുന്ദരി കുട്ടിക്ക് ന്താ വേണ്ടത്.. പയം പൊരി ആണോ.. നാലെണ്ണം പറഞ്ഞാൽ അഞ്ചെണ്ണം തരും. ഇത് എന്റെ ചുന്ദരിക്ക്... കവർ തരുമ്പോൾ ചോദ്യം വന്നു.. "എങ്ങനെ ണ്ട് ഡാ മോൾക്ക്..." "കുഴപ്പമില്ല പ്രഭേട്ടാ..." "ദൈവം കൂടെ ണ്ട് നിനക്ക്" അതെ വില്ലേജ് ഓഫീസറുടെ രൂപത്തിൽ, സരസ്വതിയുടെ രൂപത്തിൽ, നാട്ടുകാരുടെ രൂപത്തിൽ, പിന്നെ ഇത് വരെ കണ്ടിട്ടില്ലാത്ത ആളുകളുടെ രൂപത്തിൽ... ദൈവം കൂടെ ഉണ്ട്...

English Summary:

Malayalam Short Story ' Nostalgia ' Written by Ramanunni