രാത്രിയിൽ വഴിയിൽ കണ്ട പെണ്കുട്ടിക്ക് ലിഫ്റ്റ് നൽകി; 'സഹായം ചെയ്യാൻ പോയി, ഒടുവിൽ കള്ളക്കേസില് കുടുങ്ങി...'
കരഞ്ഞു കലങ്ങിയ അവരുടെ കണ്ണുകൾ എന്നെ കണ്ടതും അഗ്നിഗോളങ്ങളായി മാറുന്നത് ഒരു നടുക്കത്തോടെ ഞാൻ കണ്ടു. "എടാ ദ്രോഹീ..." അലറിക്കൊണ്ട് അവർ കൈവീശി എന്റെ കരണത്തടിച്ചു! ഞാൻ നിലവിളിച്ചു പോയി.
കരഞ്ഞു കലങ്ങിയ അവരുടെ കണ്ണുകൾ എന്നെ കണ്ടതും അഗ്നിഗോളങ്ങളായി മാറുന്നത് ഒരു നടുക്കത്തോടെ ഞാൻ കണ്ടു. "എടാ ദ്രോഹീ..." അലറിക്കൊണ്ട് അവർ കൈവീശി എന്റെ കരണത്തടിച്ചു! ഞാൻ നിലവിളിച്ചു പോയി.
കരഞ്ഞു കലങ്ങിയ അവരുടെ കണ്ണുകൾ എന്നെ കണ്ടതും അഗ്നിഗോളങ്ങളായി മാറുന്നത് ഒരു നടുക്കത്തോടെ ഞാൻ കണ്ടു. "എടാ ദ്രോഹീ..." അലറിക്കൊണ്ട് അവർ കൈവീശി എന്റെ കരണത്തടിച്ചു! ഞാൻ നിലവിളിച്ചു പോയി.
സബ്‌ജയിൽ ഗ്രൗണ്ട് കഴിഞ്ഞ് രണ്ട് കെട്ടിടങ്ങൾക്കപ്പുറത്താണ് പൊലീസ് സ്റ്റേഷൻ. മൂന്ന് നിലകൾ വീതമുള്ള രണ്ട് ടവറുകളിലായി നിയമപാലക സംവിധാനത്തിന്റെ വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. രണ്ടാമത്തെ ടവറിന്റെ ടെറസിൽ അന്തരീക്ഷത്തിലേക്കുയർന്ന് നിൽക്കുന്ന ഒരു സ്തൂപമുണ്ട്. അതിന്റെ അഗ്രത്തിൽ ഒരു ഹൈഡ്രജൻ ബലൂണും. പട്ടണത്തിൽ എവിടെ നിന്ന് നോക്കിയാലും പൊലീസ് സേനയുടെ ചിഹ്നമുള്ള ആ ബലൂൺ കാണാം. സ്റ്റേഷന്റെ കോംപൗണ്ടിനകത്ത് പാർക്കിങ് സൗകര്യമില്ല. അതുകൊണ്ടുതന്നെ വിവിധ ആവശ്യങ്ങൾക്കായി അവിടെയെത്തുന്നവർ വഴിവക്കിലും തൊട്ടടുത്തുള്ള പേ ആന്റ് പാർക്കിലുമൊക്കെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുക. ഞാൻ ബുള്ളറ്റ് വെച്ചത് ജയിലിന് മുന്നിലൂടെ കോടതിയിലേക്ക് നീളുന്ന വീതി കുറഞ്ഞ സർവീസ് റോഡിന്റെ ഓരത്താണ്. വല്ലാത്തൊരു ആകുലതയുടെ പ്രക്ഷുബ്ധ സാഗരത്തിൽ പെട്ടുഴലുകയായിരുന്നു മനസ്സ്. അരക്ഷിതാവസ്ഥയുടെ കൊമ്പന്മാർ ചുറ്റും നിന്ന് ചിന്നം വിളിക്കുകയായിരുന്നു. സ്റ്റേഷന്റെ ഗേറ്റ് കടന്നപ്പോൾ ഹൃദയം പടപടാ മിടിച്ചു. അതിന് മുൻപ് ജീവിതത്തിൽ ഒരേ ഒരു പ്രാവശ്യമേ ആ ഗേറ്റ് കടക്കേണ്ടി വന്നിട്ടുള്ളൂ. പത്തുപതിനഞ്ചു വർഷം മുൻപ്. പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട കാര്യത്തിന്. നെഞ്ചും വിരിച്ചാണ് അന്ന് ആ ഗേറ്റ് പിന്നിട്ടത്. പക്ഷേ സ്റ്റേഷനകത്തു കയറിയതും ധൈര്യമെല്ലാം ചോർന്ന് പോയി. എന്റെ എല്ലാ തലക്കനവും അഹന്തയുമൊക്കെ അവിടെ ചിറകറ്റു വീഴുകയായിരുന്നു. ഗൗരവം ഘനീഭവിച്ചു നിൽക്കുന്ന അവിടത്തെ അന്തരീക്ഷവും കാക്കി യൂണിഫോമുമെല്ലാം ശരിക്കും എനിക്കു മേൽ അധീശത്വം സ്ഥാപിച്ചു കളഞ്ഞു. ഏതായാലും ഇത്തവണത്തെ എന്റെ വരവ് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ്. ഭയം അഗ്നിയായി ആളിപ്പടരുന്ന സാഹചര്യം.
രാവിലെ ജോലിക്ക് പോകാനിറങ്ങുമ്പോഴാണ് ഒരു കോൾ വന്നത്. "സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ ഗോവിന്ദ് രാജാണ് വിളിക്കുന്നത്..." കനത്ത ശബ്ദമായിരുന്നു മറുതലക്കൽ. ആരോ കബളിപ്പിക്കുന്നതാണെന്ന് കരുതി ഞാൻ വീണ്ടും വീണ്ടും ആരെന്ന് തിരക്കി. കാരണം എനിക്കങ്ങനെ ഒരു കോൾ വരേണ്ട കാര്യമില്ല. ഞാൻ കുറ്റം ചെയ്തവനല്ല. കുറ്റം ചെയ്തവരെ സംരക്ഷിക്കുകയോ, തൊണ്ടി മുതൽ സൂക്ഷിക്കുകയോ, അപഹരിച്ചെടുത്തതിന്റെ പങ്കു പറ്റുകയോ ഒന്നും ചെയ്തിട്ടില്ല. ഞാൻ മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നവനാണ്. "എന്താണ് സർ..?" ഇൻസ്‌പെക്ടർ തന്നെയാണെന്ന് ബോധ്യം വന്നപ്പോൾ ഞാൻ പതർച്ചയോടെ ചോദിച്ചു. "നിങ്ങൾ ഒരു പതിനൊന്ന് മണിക്ക് സ്റ്റേഷനിൽ എത്തണം. അത്യാവശ്യമായി ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്." ഇൻസ്‌പെക്ടർ പറഞ്ഞു. "എനിക്ക് ജോലിക്ക് പോകണമായിരുന്നു. കാര്യമെന്തെന്ന് പറഞ്ഞിരുന്നെങ്കിൽ...." "കാര്യമൊക്കെ വന്നിട്ട് പറയാം." ഇത്രമാത്രം പറഞ്ഞ് അയാൾ ഫോൺ വെച്ചു. ആകെയൊരു തളർച്ച എന്നെ വന്ന് മൂടി. കുഴഞ്ഞു പോകുന്ന പോലെ. ഞാൻ കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തിൽ സ്ഥാപനത്തിൽ വിളിച്ചു ലീവ് പറഞ്ഞു. പിന്നെ മുറിയിൽ പോയി ചുരുണ്ടു കിടന്നു. ഭാര്യയോട് ഒന്നും പറഞ്ഞില്ല. വെറുതെ അവളെ തീ തീറ്റിക്കേണ്ടല്ലോ. നല്ല സുഖമില്ല, അൽപ്പം വിശ്രമിക്കട്ടെ എന്ന് മാത്രം പറഞ്ഞു. മണി എട്ടാകുന്നതേയുണ്ടായിരുന്നുള്ളൂ. പിന്നീടുള്ള രണ്ട് രണ്ടര മണിക്കൂർ പലവിധ ചിന്തകളിൽ എനിക്കെന്നെത്തന്നെ നഷ്ടപ്പെട്ടു. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും അകാരണമായ ഒരു പേടി. എന്തോ ആപത്ത് വരാൻ പോകുന്നു എന്ന ഒരു തോന്നൽ. പത്തര കഴിഞ്ഞപ്പോൾ ഞാൻ വീട്ടിൽ നിന്നിറങ്ങി. സകല ദൈവങ്ങളേയും വിളിച്ച് പ്രാർഥിച്ചിട്ടാണ് ഞാനിറങ്ങിയത്. സുഖമില്ലാത്ത അമ്മയെ കെട്ടിപ്പിടിച്ച് മുത്തം നൽകി. അനുഗ്രഹം വാങ്ങി.
സ്റ്റേഷന്റെ ഗേറ്റ് കടന്നു ചെന്നപ്പോൾ തന്നെ വരാന്തയിൽ നിൽക്കുന്ന സാവിത്രി ചേച്ചിയെ ഞാൻ കണ്ടു. അനുപമയുടെ അമ്മ! ഞാൻ വേഗത്തിൽ പടികൾ കയറി അവരുടെ അടുത്തേക്കെത്തി. "എന്താ ചേച്ചീ ഇവിടെ?" ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു. അപ്പോൾ മാത്രമാണ് അവർ എന്നെ കണ്ടത്. കരഞ്ഞു കലങ്ങിയ അവരുടെ കണ്ണുകൾ എന്നെ കണ്ടതും അഗ്നിഗോളങ്ങളായി മാറുന്നത് ഒരു നടുക്കത്തോടെ ഞാൻ കണ്ടു. "എടാ ദ്രോഹീ..." അലറിക്കൊണ്ട് അവർ കൈവീശി എന്റെ കരണത്തടിച്ചു! ഞാൻ നിലവിളിച്ചു പോയി. അവരുടെ അലർച്ചയും അടിപൊട്ടിയ ശബ്ദവും എന്റെ നിലവിളിയുമെല്ലാം കേട്ട്, ഒട്ടും രസകരമല്ലാത്ത ആ രംഗം കണ്ട് ആളുകളും പൊലീസുകാരുമൊക്കെ ചുറ്റും കൂടി. "ഇയാൾ കാരണമാ എന്റെ മോള് കുടുങ്ങിയത്..." അവർ എന്നെ ചൂണ്ടി ശബ്ദമുയർത്തി പറഞ്ഞു. എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്തൊക്കെയാണ് സംഭവിക്കുന്നത്?! ഭയചകിതനും അപമാനിതനുമായി ഞാൻ തളർച്ചയോടെ വരാന്തയിൽ കിടന്ന ഒരു ബെഞ്ചിലേക്കിരുന്നു. ആരെയും മുഖമുയർത്തി നോക്കാൻ എനിക്ക് ധൈര്യം വന്നില്ല. ചുറ്റും നിന്ന് ആളുകൾ ഞാൻ കുറ്റവാളിയാണെന്ന് ആക്രോശിക്കുന്ന പോലെ. ശനിയാഴ്ച്ച രാത്രി ഫ്ലാറ്റിൽ വെച്ച് സ്നേഹത്തോടെ ഭക്ഷണം വിളമ്പിത്തന്ന സാവിത്രി ചേച്ചിയാണ് രണ്ടു ദിവസത്തിനിപ്പുറം വെറുപ്പോടെ എന്നെ മർദിച്ചത്! അതും പരസ്യമായി. ആരെങ്കിലും അത് വീഡിയോ എടുത്തിട്ടുണ്ടെങ്കിൽ..? അവരത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ....? അതോടെ തീരും എല്ലാം. ആകെയുള്ളത് കുറച്ച് സൽപേരാണ്. അതും നഷ്ടപ്പെടും.
"താനെന്തിനാ വന്നേ...?" മദ്ധ്യവയസ്ക്കനായ ഒരു പൊലീസുകാരൻ എനിക്കടുത്തേക്ക് വന്ന് ചോദിച്ചു. "ഇൻസ്‌പെക്ടർ വിളിച്ചിട്ട് വന്നതാണ്." ഞാൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു. "എന്താ തന്റെ പേര്?" അയാൾ ചോദിച്ചു. ഞാൻ പേര് പറഞ്ഞു. കാര്യം പിടികിട്ടി എന്ന പോലെ അയാൾ തലയാട്ടി. പിന്നെ കണ്ണുരുട്ടിക്കൊണ്ട് അടിമുടി നോക്കി. ഞാനാകെ വിയർത്തു. വിറച്ചു. കാര്യമായ എന്തോ കുഴപ്പമുണ്ട്. അയാളുടെ മട്ടും ഭാവവും കണ്ടാലറിയാം. "വാ...." ഇതും പറഞ്ഞ് അയാൾ തിരിഞ്ഞു നടന്നു. ഞാൻ അയാൾക്ക് പിന്നാലെ ചെന്നു. അടിയേറ്റിടത്ത് നീറ്റലുണ്ടായിരുന്നു. ആളുകളാകട്ടെ എന്നെത്തന്നെയാണ് നോക്കുന്നത്. അതിൽ സഹതാപവും പരിഹാസവുമൊക്കെയുണ്ട്. ഞാൻ സാവിത്രി ചേച്ചിയെ ഒന്ന് പാളി നോക്കി. പുറത്തേക്ക് കണ്ണും നട്ട് ഒരു പ്രതിമ പോലെ നിൽക്കുകയാണവർ. ഞാൻ അയാൾക്കൊപ്പം റിസപ്‌ഷനിൽ നിന്നും തടിപ്പടവുകൾ കയറി രണ്ടാം നിലയിലേക്കെത്തി. പിരിയൻ ഗോവണി പോലുള്ള പടവുകളാണ്. വാർണീഷിന്റെ ഗന്ധമുണ്ട്. ആ പടവുകൾ കയറിച്ചെല്ലുന്നത് ഇരുട്ട് വീണതും നിഗൂഢവുമായ ഒരു ഇടനാഴിയിലേക്കാണ്. ഒരു വശത്ത് കൊച്ചു കൊച്ചു ജാലകങ്ങളും, മറു വശത്ത് മഞ്ഞ പെയിന്റടിച്ച ഭിത്തിയുമുള്ള ഇടനാഴി. അതിനങ്ങേ അറ്റത്താണ് സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടറുടെ കാബിൻ. അവിടെ ഇൻസ്‌പെക്ടറെ കൂടാതെ വേറെയും നാലഞ്ചു പൊലീസുകാരുണ്ടായിരുന്നു. സബ് ഇൻസ്പെക്ടറും മറ്റുമൊക്കെയാണ്. "ആ സ്ത്രീ ഒന്നങ്ങോട്ട് പെടച്ചു... അല്ലേ..?" ഞാൻ ചെന്ന പാടെ ഇൻസ്‌പെക്ടർ ശബ്ദമുയർത്തി ചോദിച്ചു. ഞാൻ കവിൾ തടവി പറഞ്ഞു: "ഞാനവർക്കൊരു ദ്രോഹവും ചെയ്തിട്ടില്ല സർ. എന്നിട്ടും എന്തിനാണെന്നെ തല്ലിയതെന്ന് എനിക്കറിയില്ല." "ആര് പറഞ്ഞു ദ്രോഹം ചെയ്തില്ലെന്ന്? നീ അവർക്ക് ദ്രോഹമേ ചെയ്തിട്ടുള്ളൂ. അവരുടെ മകളെ നീ ഒരു 'കടത്ത്'കാരിയാക്കി. അവരുടെ ഏക പ്രതീക്ഷയായിരുന്നു ആ പെൺകുട്ടി. അതിന്റെ ജീവിതം ഇരുട്ടിലായി."
"എന്തൊക്കെയാണ് സർ ഈ പറയുന്നത്?" അന്ധാളിപ്പിന്റെ അസ്വസ്ഥത സൃഷ്ടിച്ച ഒരുതരം തരിപ്പ് എന്റെ ശരീരത്തിലാകെ ഇഴഞ്ഞു തുടങ്ങി. എന്റെ കണ്ഠമിടറി. ഞാൻ തുടർന്ന് പറഞ്ഞു: "രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ ടൊയോട്ടയുടെ സർവീസ് സ്റ്റേഷനിൽ പണിയെടുക്കുന്ന ഒരു മെക്കാനിക്കാണ് ഞാൻ. ഞായറാഴ്ച്ച മാത്രമാണ് അവധി. അന്ന് വീട്ടിൽ തന്നെ ചടഞ്ഞു കൂടും. വീടും സർവീസ് സ്റ്റേഷനുമല്ലാത്ത ഒരിടത്തേക്കും ഞാൻ പോകാറില്ല. പുറത്തു നിന്നുള്ള ഒരാളെയും കാണാറുമില്ല. കഴിഞ്ഞ എട്ടു പത്ത് കൊല്ലമായി എന്റെ ജീവിതം ഇങ്ങനെയാണ്. ഇത് നാട്ടുകാർക്കും വീട്ടുകാർക്കുമൊക്കെ അറിയാവുന്ന കാര്യമാണ്. അങ്ങനെയുള്ള ഞാൻ എങ്ങനെയാണ് സർ...?" "ആംബർ ഗ്രീസും, രാസലഹരിയും കടത്തുന്ന സംഘത്തിൽ പെട്ടയാളാണ് നീ. കടത്തിനായി ഉപയോഗിക്കുന്നത് സാവിത്രിയുടെ മകൾ അനുപമയെപ്പോലെയുള്ള കോളജ് സ്റ്റുഡന്റ്സിനെ. ഞങ്ങൾക്കെല്ലാമറിയാം. എല്ലാ ഇടപാടുകൾക്കും ഞങ്ങളുടെ പക്കൽ തെളിവുകളുമുണ്ട്." അവിശ്വാസം നിറഞ്ഞ കൂർത്ത നോട്ടത്തോടെ ഇൻസ്‌പെക്ടർ ഇത് പറഞ്ഞപ്പോൾ ഞാൻ സകല നിയന്ത്രണവും വിട്ട് കരഞ്ഞു പോയി. ഞാനാ ഉദ്യോഗസ്ഥന് മുന്നിൽ കൈകൂപ്പി. പിന്നെ യാചനയോടെ പറഞ്ഞു: "എന്റെ ജീവിതം തകർക്കരുത് സാറേ... കഠിനാധ്വാനം ചെയ്ത് കുടുംബം നോക്കുന്ന ഒരാളാണ് ഞാൻ. ഭാര്യയും കുഞ്ഞും സുഖമില്ലാത്ത അമ്മയുമുണ്ട്. അവർക്ക് ഞാനല്ലാതെ വേറെ ആരുമില്ല. അതുകൊണ്ട് എന്നെ ഇതിലേക്ക് വലിച്ചിഴക്കാതിരിക്കൂ. നിങ്ങൾക്ക് ആള് തെറ്റിയതാണ്. ഞാൻ 'കടത്ത്' നടത്തിയിട്ടില്ല. അതിനായി ആരെയും ഉപയോഗിച്ചിട്ടില്ല. നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ല. എന്നെ വിശ്വസിക്കൂ. സാറ് നേരത്തെ പറഞ്ഞ സാധനങ്ങൾ എന്താണെന്ന് പോലും എനിക്കറിയില്ല."
ഞാനിത് പറഞ്ഞിട്ടും ഇൻസ്‌പെക്ടറുടെ മുഖത്തെ അവിശ്വാസത്തിന്റെ കരിവാളിപ്പ് മാഞ്ഞു പോകുന്നുണ്ടായിരുന്നില്ല. പൊലീസുകാർ ഒന്നും പെട്ടെന്നൊന്നും വിശ്വസിക്കില്ല എന്നാരോ പറഞ്ഞതെത്ര ശരിയാണ് എന്നെനിക്ക് തോന്നി. "കരഞ്ഞു കാണിച്ചത് കൊണ്ടോ ദയനീയമായ ജീവിതാവസ്ഥകൾ വിവരിച്ചത് കൊണ്ടോ ഇവിടെ ആരുടേയും മനസ്സലിയാനൊന്നും പോകുന്നില്ല. നിരപരാധിയാണെന്ന് ആണയിട്ടതുകൊണ്ടായില്ല. അത് തെളിയണം. തെളിവുകളാണ് പ്രധാനം." ഇൻസ്‌പെക്ടർ എഴുന്നേറ്റു. അയാൾ എനിക്കരികിലേക്ക് നടന്നെത്തി. എന്റെ രണ്ട് ചുമലിലും പിടിച്ച് അവിടെക്കിടന്നിരുന്ന ഒരു കസേരയിലേക്കിരുത്തി. ശേഷം മേശമേൽ ചാരി നിന്ന് കൊണ്ട് ചോദിച്ചു: "അനുപമയെ നിനക്കെത്ര കാലമായി അറിയാം?" "രണ്ടു ദിവസത്തെ പരിചയം മാത്രം." ഞാൻ പറഞ്ഞു. "അത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ശനിയാഴ്ച്ച രാത്രി അനുപമ അവളുടെ ഫ്ലാറ്റിലെത്തിയത് നിനക്കൊപ്പം നിന്റെ ബുള്ളറ്റിലാണ്. അതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ബുള്ളറ്റ് പാർക്കിങ്ങിൽ വെച്ച് നീ അവൾക്കൊപ്പം ലിഫ്റ്റിൽ കയറി അവളുടെ അപ്പാർട്മെന്റിലേക്ക് പോയി. ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് തിരിച്ചിറങ്ങിയത്. അപ്പോൾ നിന്റെ കൈയ്യിൽ ഒരു പൊതിയുണ്ടായിരുന്നു. അത് നീ അവിടെ നിന്നും അധികം ദൂരത്തല്ലാതെയുള്ള ഒരു ആയുർവേദ ചികിത്സാ കേന്ദ്രത്തിലെ റിസപ്‌ഷനിൽ ഏൽപ്പിച്ചു. ആ പൊതി ഞങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കോടികൾ വിലമതിക്കുന്ന ആംബർഗ്രാസും രാസലഹരിയുമാണതിൽ ഉണ്ടായിരുന്നത്." ഞാൻ ഞെട്ടി വിറച്ചു! എന്റെ കണ്ണുകൾ മിഴിഞ്ഞു. നിലയില്ലാ കയത്തിൽ അകപ്പെട്ട അവസ്ഥ...! ഒരു കച്ചിത്തുരുമ്പ്....?!
"കാര്യങ്ങൾ വ്യക്തമാണ്. പകലന്തിയോളം പണിയെടുത്ത് കുടുംബം നോക്കുന്ന ഒരു മെക്കാനിക്ക് മാത്രമല്ല നീ. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന കടത്തു ശൃംഖലയുടെ കണ്ണി കൂടിയാണ്. നുണ കെട്ടിച്ചമക്കാതെ, കുറ്റ നിഷേധത്തിന് മുതിരാതെ സത്യം തുറന്ന് പറയുന്നതാണ് നിനക്ക് നല്ലത്. അനുപമയും ആയുർവേദ ചികിത്സാ കേന്ദ്രത്തിലെ ആളുകളുമൊക്കെ ഞങ്ങളുടെ കസ്റ്റഡിയിൽ ഉണ്ട്. അവരൊക്കെയും കുറ്റം സമ്മതിച്ചു കഴിഞ്ഞു. ഇനി നിന്റെ ഊഴമാണ്. സോ... കൺഫെസ്..." എനിക്കഭിമുഖമായി ഒരു കസേര എടുത്തിട്ട് അതിലിരുന്ന്, എന്റെ കണ്ണുകളിലേക്ക് കണ്ണുകൾ കോർത്തുകൊണ്ടാണ് ഇൻസ്‌പെക്ടർ ഇത് പറഞ്ഞത്. എന്റെ വായ വല്ലാതെ വരണ്ടു പോയിരുന്നു. ഞാൻ കുടിക്കാനൽപ്പം വെള്ളം ചോദിച്ചു. പൊലീസുകാരിലൊരാൾ വെള്ളം കൊണ്ട് വന്നു തന്നു. "പറയ്... എത്ര കാലമായി നീയീ ബിസിനസ് തുടങ്ങിയിട്ട്....? ഇത് വരെ എവിടെയെല്ലാം സാധനങ്ങൾ കൊടുത്തു...? അതിൽ നിന്നും എത്ര സമ്പാദിച്ചു? സംഘത്തിൽപ്പെട്ട എത്ര പേരുമായി നിനക്ക് ബന്ധമുണ്ട്? അനുപമയെ പോലുള്ള എത്ര കുട്ടികൾ നിന്റെ വലയിലുണ്ട്? എല്ലാം കൃത്യമായി പറയ്.. അതല്ലാതെ നിനക്ക് മുന്നിൽ മറ്റു വഴികളില്ല." ഇൻസ്‌പെക്ടറുടെ ഭാവവും ശബ്ദവുമെല്ലാം മാറാൻ തുടങ്ങിയിരുന്നു. രാക്ഷസീയ ഭാവവും, ഭീഷണ ശബ്ദവും....! അയാൾ എപ്പോൾ വേണമെങ്കിലും എന്നെ കൈവെച്ചേക്കുമെന്ന് എനിക്ക് തോന്നി. "സർ.. ഞാനൊരിടത്തും സാധനങ്ങൾ എത്തിച്ചിട്ടില്ല. എനിക്കങ്ങനെയുള്ള ബന്ധങ്ങളുമില്ല. എന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്ത് വിവരങ്ങളുമൊക്കെ പരിശോധിച്ചോളൂ. അന്നന്ന് കിട്ടുന്നത് കൊണ്ട് ഉപജീവനം കഴിക്കുന്ന പാവപ്പെട്ടവനാണ് ഞാൻ." കേണു കൊണ്ടാണ്, വിറയാർന്ന ശബ്ദത്തിലാണ് ഞാനിത് പറഞ്ഞത്. സംശയത്തിന്റെ നിഴലിൽ നിർത്തപ്പെടുക എന്നത് വേദനാജനകവും അസഹ്യവുമാണ്!
"തലമുറ കൈമാറിക്കിട്ടിയ ഒരു ചെറിയ വീടും പുരയിടവും മാത്രമേ നിന്റെ പേരിലുള്ളൂ. ബാങ്ക് അക്കൗണ്ടുകളൊക്കെ കാലിയാണ്. ഇതെല്ലാം ഞങ്ങൾ പരിശോധിച്ച് കഴിഞ്ഞതാണ്. പക്ഷേ, നിന്റെ അനിയന്മാരും അളിയന്മാരുമൊക്കെ നല്ല സാമ്പത്തിക സ്ഥിതിയിലാണുള്ളത്. അവരൊക്കെ നിന്റെ ബിനാമികളാണെങ്കിലോ? അതുസംബന്ധിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ വേണ്ടി വന്നേക്കും തീർച്ചപ്പെടുത്താൻ." ഇൻസ്‌പെക്ടർ ഇത് പറഞ്ഞതോടെ വല്ലാത്തൊരു മടുപ്പ് എന്നെ ബാധിച്ചു. അയാളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് എനിക്ക് തോന്നി. മുൻവിധിയോടെയാണ് അയാളുടെ ചോദ്യങ്ങളും സംസാരവും. അവിശ്വാസം കണ്ണിൽ തിളക്കുന്നത് കാണാം. എന്നെ പ്രതി ചേർക്കണമെന്ന് അയാൾക്ക് നിർബന്ധമുള്ളത് പോലെ. ശിഷ്ട കാലം ജയിലിൽ കഴിയേണ്ടി വന്നേക്കുമോ എന്ന ആശങ്ക എന്നിൽ ചിറക് വിരിക്കാൻ തുടങ്ങി. എങ്കിലും ഞാൻ എന്റെ ഭാഗം വ്യക്തമായി അവതരിപ്പിക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി. ഒരു അവസാന ശ്രമം എന്ന നിലക്കെങ്കിലും. അത് എനിക്ക് വേണ്ടിയല്ല ഭാര്യക്കും കുഞ്ഞിനും അമ്മക്കും വേണ്ടി. എന്നെ ആശ്രയിച്ചു കഴിയുന്ന ആ പാവങ്ങൾക്ക് വേണ്ടി. അവരുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ഞാൻ ഒന്ന് ഉണർന്നു. ഞാൻ ഇൻസ്‌പെക്ടറുടെ മുഖത്ത് നോക്കി പതറാത്ത ശബ്ദത്തിൽ പറഞ്ഞു: "സർ... അനുപമയുമായുള്ള പരിചയമാണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്നത്. ആ പരിചയം ഉണ്ടാകാനിടയായ സാഹചര്യം ഞാൻ വിശദമാക്കാം. ഇത് പറഞ്ഞു കഴിയുമ്പോൾ ഞാൻ കുറ്റവാളിയാണെന്ന് സാറിന് തോന്നിയാൽ എനിക്കെതിരെയുള്ള നടപടികളുമായി മുന്നോട്ട് പൊയ്ക്കൊള്ളൂ. ഇനി അതല്ല നിരപരാധിയാണെന്ന് ബോധ്യം വന്നാൽ എത്രയും വേഗം പോകാൻ അനുവദിക്കുകയും വേണം."
ഇൻസ്പെക്ടറും പോലീസുകാരും മുഖത്തോട് മുഖം നോക്കി. അവർ അടക്കിപ്പിടിച്ച ശബ്ദത്തിൽ എന്തൊക്കെയോ പരസ്പരം പറഞ്ഞു. അൽപ്പ സമയത്തിന് ശേഷം ഇൻസ്‌പെക്ടർ ഒരു നിഗൂഢ സ്മിതത്തോടെ തലയാട്ടിക്കൊണ്ട് പറഞ്ഞു: "ഉം... നീ പറയ്... കേൾക്കട്ടെ..." അയാൾ കസേരയിൽ മുന്നോട്ടാഞ്ഞിരുന്നു. "ശനിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് വരുന്ന വഴി ഓവർ ബ്രിഡ്ജിൽ വെച്ചാണ് ഞാൻ ആദ്യമായി അനുപമയെ കാണുന്നത്. ഓവർ ബ്രിഡ്‌ജിന്റെ ഫുട്പാത്തിലിരിക്കുകയായിരുന്നു അവൾ. സാറിനറിയാമല്ലോ, അവിടെ വഴിവിളക്കുകൾ ഇല്ല. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്ന ഒരു ഏരിയയുമാണ്. അവിടെയാണ് അസമയത്ത് ഒരു പെൺകുട്ടി ഒറ്റക്കിരിക്കുന്നത് കാണുന്നത്. അസ്വാഭാവികത തോന്നിയ ഞാൻ വണ്ടി നിർത്തി കാര്യം തിരക്കി. തലകറക്കം വന്നതുകൊണ്ടാണ് അവിടെ ഇരുന്നതെന്ന് അവൾ പറഞ്ഞു. യൂണിഫോമും ബാഗുമൊക്കെ കണ്ടപ്പോൾ സ്റ്റുഡന്റ് ആണെന്ന് മനസ്സിലായി. എന്താണിത്ര വൈകിയതെന്ന് ഞാൻ ചോദിച്ചു. കോളജ് കഴിഞ്ഞ് ട്യൂഷന് പോയെന്നും അവിടെ നിന്നുള്ള വരവാണെന്നും അവൾ പറഞ്ഞു. എവിടെയാണ് പോകേണ്ടതെന്ന് ചോദിച്ചപ്പോൾ അവൾ തന്റെ ഫ്ലാറ്റിന്റെ പേര് പറഞ്ഞു. അവിടെ നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്ററേ ഫ്ലാറ്റിലേക്കുണ്ടായിരുന്നുള്ളൂ. ട്യൂഷൻ കഴിഞ്ഞ് ദിവസവും നടന്നാണ് അവൾ ഫ്ലാറ്റിലേക്ക് മടങ്ങിയിരുന്നത്. ഏതായാലും ഞാൻ കൊണ്ടാക്കാമെന്ന് പറഞ്ഞപ്പോൾ ഒരു സങ്കോചവും കൂടാതെ അവൾ വണ്ടിയിൽ കയറി. ഞങ്ങൾ പരിചയപ്പെട്ടു. സംസാരിച്ചു. വിശേഷങ്ങൾ പറഞ്ഞു. തമാശകൾ പറഞ്ഞു. പെട്ടെന്നിണങ്ങുന്ന കൂട്ടത്തിലാണവൾ. അതുകൊണ്ട് തന്നെ എനിക്കവളോട് ഒരു താൽപര്യമൊക്കെ തോന്നി. നല്ല ബോൾഡായ പെൺകുട്ടികളെയും സ്ത്രീകളെയുമൊക്കെ എനിക്ക് ഇഷ്ടമാണ്. അങ്ങനെ ഞാനവളെ അവളുടെ ഫ്ലാറ്റിന്റെ മുന്നിലിറക്കി."
"ശരി. എന്നിട്ടെന്തുണ്ടായി? നീ ലിഫ്റ്റിൽ കയറി അവളോടൊപ്പം അവളുടെ അപ്പാർട്മെന്റിലേക്ക് പോയി. അപ്പോൾ പരിചയപ്പെട്ടിട്ടേ ഉണ്ടായിരുന്നുള്ളു എങ്കിൽ അത് നടക്കില്ലായിരുന്നു. ഒന്ന് ലിഫ്റ്റ് കൊടുത്തു എന്ന് കരുതി, പത്തോ പതിനഞ്ചോ മിനിറ്റ് സംസാരിച്ചെന്ന് കരുതി, അപരിചിതനായ ഒരാളെ ഒരു പെണ്ണും അസമയത്ത് വീട്ടിലേക്ക് കൊണ്ട് പോകില്ല." "സർ.. അവളെന്നെ തന്റെ അപ്പാർട്മെന്റിലേക്ക് ക്ഷണിച്ചു. സത്യമാണ്. ആപത്തിൽ സഹായിച്ച ആളല്ലേ, വെറുതെ ഒരു സന്തോഷത്തിന് കയറിയിട്ട് പോകാമെന്ന് അവൾ പറഞ്ഞു. അമ്മയെ പരിചയപ്പെടുത്താമെന്നും ഡിന്നർ കഴിക്കാമെന്നുമൊക്കെ അവൾ പറഞ്ഞു. ആ ക്ഷണം നിരസിക്കാൻ എനിക്കാകുമായിരുന്നില്ല." "എന്ത് കൊണ്ട്?" "സുന്ദരിയായ ഒരു പെൺകുട്ടി, ഡിന്നർ കഴിക്കാൻ അപ്പാർട്മെന്റിലേക്ക് ക്ഷണിക്കുമ്പോൾ ഞാൻ അത് നിരസിക്കാൻ പാടില്ല എന്നെനിക്ക് തോന്നി. അതിനും മാത്രമുള്ള മനസ്സുറപ്പും സദാചാരബോധവും സ്ത്രീ വിഷയത്തിൽ എനിക്കില്ല എന്ന് കൂട്ടിക്കോളൂ." ഞാനിത് പറഞ്ഞപ്പോൾ ആ കാബിനകത്തൊരു കൂട്ടച്ചിരി ഉയർന്നു. അശ്ലീലം കലർന്നതും അല്ലാത്തതുമായ കമന്റുകളും പിന്നാലെയെത്തി. ഞാൻ തലയും കുനിച്ചിരുന്നു. രക്ഷാ മാർഗം തേടി ഞാൻ യാഥാർഥ്യങ്ങൾ പറയുന്നു. മറ്റുള്ളവരാകട്ടെ അതിൽ നേരമ്പോക്ക് കണ്ടെത്തുന്നു. ആ സാഹചര്യത്തിൽ അത് സഹിക്കുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ. കാരണം ഞാൻ സംശയമുനയിലുള്ള ഒരാളാണ്. നിയമത്തിന്റെ പിടിയിലകപ്പെട്ട ഒരാളാണ്. "ബാക്കി പറയ്... എന്താ നീ നിർത്തിക്കളഞ്ഞത്?" ഇൻസ്പെക്ടർ ശബ്ദമുയർത്തി. ചിരിയും ആരവവുമെല്ലാം പൊടുന്നനെ നിലച്ചു. വീണ്ടും ആ ഭയപ്പടുത്തുന്ന നിശബ്ദത..
"ഞാനവൾക്കൊപ്പം അപ്പാർട്മെന്റിലേക്കെത്തി. അവിടെ അവളുടെ അമ്മ സാവിത്രി ചേച്ചി ഉണ്ടായിരുന്നു. അവൾ അമ്മയെ എനിക്ക് പരിചയപ്പെടുത്തി. അമ്മ ടാറ്റൂ കലാകാരിയാണെന്ന് പറഞ്ഞു. സാവിത്രി ചേച്ചി ഡിന്നർ വിളമ്പി. രുചികരമായ ഭക്ഷണം. കഴിച്ചതിന് ശേഷം പോരാനിറങ്ങുമ്പോൾ ഒരു പൊതി അവളെന്നെ ഏൽപ്പിച്ചു. അത് തൊട്ടടുത്തുള്ള ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ കൊടുത്താൽ മതി എന്ന് പറഞ്ഞു. 'വരുന്ന വഴിക്ക് കൊടുക്കേണ്ടതായിരുന്നു, മറന്ന് പോയി, ഒരു സുഹൃത്തിന്റെ മെഡിസിനാണ്' ഇത്രമാത്രമാണ് ആ പൊതിയെക്കുറിച്ച് അവൾ പറഞ്ഞത്. ഞാൻ ആ പൊതി അവൾ പറഞ്ഞത് പോലെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ഏൽപിച്ചു. ശേഷം വീട്ടിലേക്ക് മടങ്ങി. ഇതാണ് സർ നടന്നത്. ഇതിനപ്പുറത്തേക്കൊന്നും എനിക്കറിയില്ല. അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടു എന്ന് തോന്നിയ ഒരു പെൺകുട്ടിയെ സഹായിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അതിന്റെ പേരിലാണ് എനിക്കീ ദുരനുഭവം." എന്റെ സ്വരമിടറി. കണ്ണുകൾ നിറഞ്ഞു. അൽപ്പ സമയത്തേക്ക് ആരുമൊന്നും പറഞ്ഞില്ല. ഇൻസ്‌പെക്ടർ എഴുന്നേറ്റു. രണ്ടു ചാലു നടന്നു. അയാൾ എന്തോ ആഴത്തിൽ ചിന്തിക്കുന്ന പോലെ തോന്നി. ഇൻസ്‌പെക്ടർ തന്റെ സീറ്റിൽ തിരികെ ചെന്നിരുന്നു. പിന്നെ സബ് ഇൻസ്‌പെക്ടറെ വിളിച്ച് ചെവിയിൽ എന്തോ പറഞ്ഞു. സബ് ഇൻസ്‌പെക്ടർ ഉടൻ എന്നെ അവിടേക്ക് കൂട്ടിക്കൊണ്ട് വന്ന പോലീസുകാരനോട് പറഞ്ഞു: "ഇയാളെ വെയിറ്റിങ് റൂമിലിരുത്ത്." "ശരി സർ." ആ പൊലീസുകാരൻ തലയാട്ടി. പിന്നെ എന്നെ നോക്കി കൂടെ ചെല്ലാൻ ആംഗ്യം കാട്ടി. ഞാൻ എഴുന്നേറ്റ് അയാൾക്കൊപ്പം നടന്നു.
"സർ... ഞാൻ കുടുങ്ങുമോ...?" കാബിന് പുറത്തെത്തിയപ്പോൾ പരിഭ്രമത്തോടെ ഞാൻ അയാളോട് ചോദിച്ചു. അയാൾ ഒന്നെന്നെ നോക്കി. പിന്നെ പറഞ്ഞു: "തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ നീ എന്തിനാ പേടിക്കുന്നത്?" "ശിക്ഷിക്കപ്പെടാൻ തെറ്റ് ചെയ്യണമെന്നില്ലല്ലോ സർ. തെളിവുകൾ മുഴുവൻ എതിരായി വന്നാലും മതിയല്ലോ. ഇൻസ്‌പെക്ടർ പറഞ്ഞത് വെച്ച് നോക്കുമ്പോൾ തെളിവുകൾ എനിക്കെതിരാണ്." "നിന്നെ ചോദ്യം ചെയ്ത ഓഫീസർ ചില്ലറ പുള്ളിയൊന്നുമല്ല. കൃഷ്ണ മണിയുടെ ചെറിയ ചലനത്തിൽ നിന്ന് പോലും ഒരാൾ പറയുന്നത് സത്യമാണോ നുണയാണോ എന്നൊക്കെ അങ്ങേര് മനസ്സിലാക്കിയെടുക്കും. അത്ര ബ്രില്യൻസുള്ള വ്യക്തിയാ. അങ്ങേര് മൂലം ഇന്നേ വരെ ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ടിട്ടില്ല." ഇത് കേട്ടപ്പോൾ എനിക്ക് തെല്ലൊരാശ്വാസം തോന്നി. ഇടനാഴിയിൽ നിന്നും വലത്തേക്ക് തിരിഞ്ഞാൽ വിശാലമായ ബാൽക്കണിയാണ്. അവിടെ നിന്ന് നോക്കിയാൽ പട്ടണത്തെ ചുറ്റി ഒഴുകുന്ന പുഴയുടെ മനോഹാരിത ആസ്വദിക്കാം. ബാൽക്കണിയിലേക്കുള്ള കവാടങ്ങൾ അടഞ്ഞു കിടക്കുകയായിരുന്നു. അതിനരികിലായാണ് വെയിറ്റിങ് റൂം. അതൊരു കുടുസ്സ് മുറിയായിരുന്നു. ഒട്ടും വൃത്തിയില്ലാത്ത ഒരിടം. "നീ ഇവിടെ ഇരിക്ക്. വിളിക്കുമ്പോൾ വന്നാൽ മതി." അവിടത്തെ കീറിയ സോഫയിലേക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു. ശേഷം തിരിഞ്ഞു നടന്നു. ഞാൻ മനസ്സില്ലാ മനസ്സോടെ സോഫയിലേക്കിരുന്നു. സോഫയിൽ ഭയങ്കര ദുർഗന്ധമായിരുന്നു. എനിക്ക് ഓക്കാനം വന്നു. അവിടെ ഫാനുണ്ടായിരുന്നില്ല. അസഹ്യമായ ചൂടിൽ ഞാൻ വെന്തുരുകി. അവിടെയും ഭീതിതമായ നിശബ്ദതയായിരുന്നു. അസാധാരണവും അപരിചിതവുമായ സാഹചര്യങ്ങളിലൂടെ ജീവിതം പ്രയാസപ്പെടുത്തുകയാണല്ലോ എന്നോർത്തു ഞാൻ തേങ്ങി.
സമയം കടന്നു പോയി. നിശബ്ദതയിൽ ബൂട്സിന്റെ ശബ്ദം മുഴങ്ങി. വെപ്രാളത്തോടെയും ആകാംക്ഷയോടെയും ഞാൻ എഴുന്നേറ്റു. അതേ പൊലീസുകാരൻ തന്നെയാണ്. "സാറ് വിളിക്കുന്നുണ്ട്." അയാൾ പറഞ്ഞു. "എന്തായി സർ...?" അയാൾക്കൊപ്പം നടന്നു കൊണ്ട് ഞാൻ ചോദിച്ചു. അയാൾ മറുപടിയൊന്നും പറഞ്ഞില്ല. എന്റെ മുഖത്തേക്കൊന്ന് നോക്കുക കൂടി ചെയ്തില്ല. എന്റെ ആശങ്ക വർധിച്ചു. കാര്യങ്ങൾ പ്രതികൂലമാണോ? അതുകൊണ്ടാണോ അയാൾ തെല്ലും ഗൗനിക്കാത്തത്? പ്രതിപ്പട്ടികയിൽ എന്റെ പേരും ചേർക്കപ്പെടുമോ? അങ്ങനെ സംഭവിച്ചാൽ ഭാര്യയുടെയും കുഞ്ഞിന്റെയും അമ്മയുടേയുമൊക്കെ മുഖത്ത് ഞാൻ എങ്ങനെ നോക്കും? ഇത്രയും കാലം തങ്ങളെ മാന്യത നടിച്ച് വഞ്ചിക്കുകയായിരുന്നല്ലേ എന്നവർ ചോദിച്ചാൽ ഞാനവരോട് എന്ത് മറുപടി പറയും? ഇത്രയും കാലം തങ്ങളെ തീറ്റിപ്പോറ്റിയത് നിയമ വിരുദ്ധമായ പ്രവൃത്തികൾ ചെയ്ത് കിട്ടിയത് കൊണ്ടാണല്ലേ എന്ന ആക്ഷേപം അവർ ഉയർത്തിയാൽ അതിന് ഞാൻ എന്ത് സമാധാനം പറയും? ഞാൻ പറയുന്നത് ആര് കേൾക്കും? ആര് വിശ്വസിക്കും? എല്ലാത്തിന്റേയും അവസാനമായിരിക്കും അത്. കുടുംബം തകർന്ന്, സത്‌പേര് നഷ്ടപ്പെട്ട് സമൂഹത്തിൽ ഒറ്റപ്പെട്ടാൽ പിന്നെ ജീവിതമില്ലല്ലോ. തീർച്ചയായും അതായിരിക്കും അവസാനം! ഇൻസ്‌പെക്ടറുടെ കാബിനിലേക്കെത്തി. എന്റെ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു. എനിക്ക് സമ്മർദ്ദം താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ കുറ്റവാളിയാണെന്ന് ഇൻസ്‌പെക്ടർ ആക്രോശിച്ചാൽ, തീർച്ച; ഞാനവിടെ ഹൃദയം പൊട്ടി മരിച്ചു വീഴും! എന്റെ കുടുംബം അനാഥമാവും. എനിക്ക് ഇൻസ്‌പെക്ടറെ നോക്കാൻ ധൈര്യം വരുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരു സങ്കോചം.
പക്ഷേ മടിച്ചു മടിച്ചു ഞാൻ അയാളെ ഒന്ന് നോക്കി. ആ മുഖത്തെ മുറുക്കമൊക്കെ അയഞ്ഞിട്ടുണ്ട്. സഹപ്രവർത്തകരോട് പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നെ ചിരിയോടെ തന്നെയാണ് വരവേറ്റത്! ഞാൻ അതിശയത്തോടെ അയാളെ വീണ്ടും വീണ്ടും നോക്കി. ചിരി തന്നെയാണ്. അതിൽ പരിഹാസമില്ല. അലിവാണ്! "ഞങ്ങൾ കാര്യങ്ങൾ വിശദമായി പരിശോധിച്ചു. അതിൽ നിന്നും നിനക്ക് ഈ കേസുമായി ബന്ധമൊന്നുമില്ലെന്ന് ബോധ്യപ്പെട്ടു. നിനക്ക് പോകാം. സഹകരണത്തിന് നന്ദി." ഇൻസ്‌പെക്ടർ പറഞ്ഞു....! പൊന്നു പുതച്ച ഈ വാക്കുകൾ ഒരായിരം തവണ ആവർത്തിച്ചു കേൾക്കാൻ കഴിഞ്ഞെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോയി. ആശ്വാസത്തോടെ ഞാൻ നെഞ്ചിൽ കൈ വെച്ചു. ഇവിടെ നീതിയുണ്ട്. ന്യായമുണ്ട്. മനുഷ്യത്വമുണ്ട്. അസ്വസ്ഥതയുടെയും ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും അരക്ഷിതാവസ്ഥയുടേയുമൊക്കെ തരിപ്പും നീറ്റലും ഒറ്റ നിമിഷം കൊണ്ട് എന്നിൽ നിന്നും അപ്രത്യക്ഷമായി. ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ തിരിഞ്ഞു നടന്നു. ശരിക്കും നടക്കുകയായിരുന്നില്ല. ഓടുകയായിരുന്നു. എനിക്കെത്രയും പെട്ടെന്ന് അവിടം വിടണമായിരുന്നു. അത്ര വലിയ വീർപ്പുമുട്ടലായിരുന്നു അവിടെ എന്നെ പൊതിഞ്ഞിരുന്നത്. ഇടനാഴി പിന്നിട്ട് താഴേക്കുള്ള പടവുകൾ ഇറങ്ങവേ, ബാൽക്കണിയുടെ ഭാഗത്തെ ടോർച്ചർ റൂമിൽ നിന്നും അനുപമയെയും മറ്റു ചിലരെയും ഇറക്കിക്കൊണ്ട് വരുന്നത് കണ്ടു! അവളെന്നെയും കണ്ടു! ഒരു വിതുമ്പലോടെ അവൾ മുഖം തിരിച്ചു.
ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. അവൾ എന്റെ ആരുമല്ല. എനിക്ക് അവളുമായി രണ്ടു ദിവസത്തെ പരിചയം മാത്രമേ ഉള്ളൂ. എങ്കിലും ഉള്ളിലെവിടെയോ ഒരു നീറ്റൽ. അവളെ മാറോടണച്ച് തലോടി ആശ്വസിപ്പിക്കാനായെങ്കിലെന്ന് ഞാൻ ആശിച്ചു പോയി. അവളുടെ കണ്ണുനീർ മുഴുവൻ നെഞ്ചിലേറ്റുവാങ്ങാൻ സാധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി. എന്തിനാണിതിനൊക്കെ നിന്ന് കൊടുത്തത് എന്ന് അവളോട് നെഞ്ച് പൊട്ടി ചോദിക്കണമെന്ന് തോന്നിപ്പോയി. എന്നാൽ എനിക്കൊന്നും മിണ്ടാൻ സാധിച്ചില്ല. ഒന്നനങ്ങാൻ കഴിഞ്ഞില്ല. പൊലീസ് സംഘം അവളെയും കൊണ്ട് ഇടനാഴിയിലൂടെ നടന്നു മറഞ്ഞു. ഞാൻ പടികളിറങ്ങി. താഴെ സാവിത്രി ചേച്ചിയെ കണ്ടു. ഞാൻ അവർക്ക് മുന്നിൽ എന്റെ കൈകൾ വിടർത്തി കാണിച്ചു. എന്റെ കൈകൾ സ്വതന്ത്രമാണ്. വിലങ്ങുകളില്ല....! ഞാൻ പുറത്തേക്ക് നടന്നു. പുറത്ത് ഉച്ചവെയിൽ തിളക്കുന്നുണ്ടായിരുന്നു. എന്റെ അകത്തെന്നത് പോലെ...