കൂട്ടുകാരന് ആവശ്യപ്പെട്ട പ്രകാരം വിദേശത്തു ജോലി ശരിയാക്കി നൽകി; 'അവൻ വരുന്ന വഴി വിമാനത്താവളത്തിലെ പരിശോധനയിൽ വെച്ചു പിടിച്ചു...'

ഇനി ഒന്നും നോക്കേണ്ട എണ്ണപ്പാടം വഴി ഓടി രക്ഷപെടാമെന്നു കരുതി കോറിഡോറിലെത്തിയ ഞാൻ കാണുന്നത് പൊലീസുകാരുമായി വർത്താനം പറഞ്ഞു ചിരിച്ചോണ്ട് വരുന്ന ഗോവർധനെയാണ്. കഞ്ചാവ് മാഫിയക്ക് ഒക്കെ ഇവിടെ ഇത്ര വിലയൊക്കെ ഉണ്ടോ.
ഇനി ഒന്നും നോക്കേണ്ട എണ്ണപ്പാടം വഴി ഓടി രക്ഷപെടാമെന്നു കരുതി കോറിഡോറിലെത്തിയ ഞാൻ കാണുന്നത് പൊലീസുകാരുമായി വർത്താനം പറഞ്ഞു ചിരിച്ചോണ്ട് വരുന്ന ഗോവർധനെയാണ്. കഞ്ചാവ് മാഫിയക്ക് ഒക്കെ ഇവിടെ ഇത്ര വിലയൊക്കെ ഉണ്ടോ.
ഇനി ഒന്നും നോക്കേണ്ട എണ്ണപ്പാടം വഴി ഓടി രക്ഷപെടാമെന്നു കരുതി കോറിഡോറിലെത്തിയ ഞാൻ കാണുന്നത് പൊലീസുകാരുമായി വർത്താനം പറഞ്ഞു ചിരിച്ചോണ്ട് വരുന്ന ഗോവർധനെയാണ്. കഞ്ചാവ് മാഫിയക്ക് ഒക്കെ ഇവിടെ ഇത്ര വിലയൊക്കെ ഉണ്ടോ.
കാലം രണ്ടായിരത്തി പതിനാറാമാണ്ട്. ചിരകാല സുഹൃത്തും സഹപാഠിയുമായ ഗോവർദ്ധൻ അദ്ദേഹത്തിന്റെ സ്തുത്യർഹമായ പ്രവാസജീവിതത്തിന്റെ ആദ്യ കുറച്ചു വർഷങ്ങൾ മസ്കറ്റിൽ ചെലവിട്ട്, പ്രോജക്ട് മാനേജറിനെ മാനേജ്മെന്റ് പഠിപ്പിക്കാൻ ശ്രമിച്ചെന്ന നിസ്സാര തെറ്റിന് പണിയും പോയി നാട്ടിൽ വന്നു വീട്ടുവരാന്തയിലെ കസേര ചൂടാക്കിയും കാലാട്ടി രസിക്കുകയും മറ്റും ചെയ്തിരുന്ന കാലം. വെറുതെ ഒരു രസത്തിനു കുവൈറ്റിൽനിന്നും അവനെ ഫോൺ വിളിച്ച എന്നെ, അവനും കൂടി കുവൈറ്റിലേക്ക് വന്നാൽ എനിക്കുണ്ടാകുന്ന മാനസികോല്ലാസത്തെപ്പറ്റി അവൻ ബോധവാനാക്കുകയും ഇത്രയുംനാൾ അവൻ ഗൾഫ്‌നാടുകളിൽ നിന്നും നേടിയ അറിവ് കുവൈറ്റിന്റെ ഉന്നമനത്തിനു ചെലവാക്കാൻ അവൻ സന്നദ്ധനുമാണെന്ന വിവരം തെര്യപ്പെടുത്തുകയുമുണ്ടായി.
"എത്ര ഉദാരമതിയായ ചെറുപ്പക്കാരൻ..!!" ഞാൻ ആത്മഗതം നടത്തി. ഞാൻ ഇവിടെ തനിച്ചു നിൽക്കുമ്പോൾ തന്നെ കുവൈറ്റിന്റെ വികസനസാധ്യത വാനോളമാണ്. ഇവനും കൂടി ഇങ്ങുകെട്ടിയെടുത്താൽ പിന്നെ ഒന്നും നോക്കേണ്ടതില്ല തന്നെ. അവന്റെ കൈവശമുള്ള അമൂല്യമായ അറിവുകൾ എന്റെ നാടിന്റെ ഉന്നമനത്തിനു പ്രയോഗിക്കാതെ ഇങ്ങോട്ട് വരുന്നതിൽ എന്റെ ദേശസ്നേഹം കോപംകൊണ്ടെങ്കിലും, ചങ്ങനാശേരിയിൽത്തന്നെ ഓരോ ചതുരശ്ര കിലോമീറ്റര്‍ കണക്കിലും ഇവനെപോലെ ഒരു 20-25 ധിഷണാശാലികൾ ഉള്ളതിനാൽ ഞാൻ പെട്ടെന്ന് തണുത്തു.
ഒരു മാസത്തിനുള്ളിൽ അവന്റെ വിസയും മറ്റും ശരിയാക്കി അയച്ചു കൊടുത്തു. വിസ കിട്ടുന്ന എല്ലാ മനുഷ്യർക്കുമുണ്ടാകുന്നപോലെ അവനും ചെറിയ ഗൃഹാതുരത്വം തോന്നി. "ഡാ വിസ അയച്ചത് കിട്ടിയോ?" ഞാൻ ഫോണിൽ ചോദിച്ചു. "ഓ കിട്ടി" "നിനക്കെന്നാ ഒരു സന്തോഷമില്ലാത്തത്?" "ഞങ്ങളുടെ തറവാട് നിനക്ക് അറിയാമല്ലോ" - ഗോവർദ്ധൻ പഴയ ചാക്കഴിച്ചു. "ഞങ്ങളുടെ തെങ്ങിന്തോപ്പിൽ കൊഴിഞ്ഞു വീഴുന്ന കവിളന്മടലും കൊതുമ്പും മാത്രം പെറുക്കിവിറ്റാൽ കുവൈറ്റിന്റെ പകുതി എഴുതിവാങ്ങാൻ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു." "അതിനു?" "ഞാൻ അങ്ങുവന്നാൽ എന്റെ ശീലങ്ങളൊക്കെ തെറ്റുമോയെന്ന ഭയമെന്നെ ഗ്രസിച്ചിരിക്കുന്നു മിത്രമേ" "അൽപംകൂടി വ്യക്തമാക്കാം" ഞാൻ കുതുകിയായി.
"അതായത് രാവിലത്തെ പാൽക്കഞ്ഞി എനിക്ക് ചെമ്പിന്റെ കിണ്ണത്തിൽ തന്നെ വേണം. ഉച്ചയൂണിനുശേഷം കിഴക്കോട്ട് തലവെച്ചു ആട്ടുകട്ടിലിൽ ഒന്നുമയങ്ങുകയെന്നത് എനിക്ക് ഒഴിവാക്കാൻ വയ്യ. പിന്നെ മറ്റുപലതുമുണ്ട് നിനക്ക് മനസ്സിലാവില്ല." "ശുദ്ധാത്മാേവ, കൂപമണ്ഡൂകമേ, മരമസ്തിഷ്ക്കമേ, നിർവ്വിചാര സത്വമേ, വങ്കശിേരാമണേ, ആജന്മ ഗർദ്ദഭമേ" ഞാൻ അട്ടഹസിച്ചു. "എടാ സമ്പൂർേണ്ണാന്മാദമേ മസ്കറ്റിൽ പാക്കിസ്ഥാനികളുടെ ക്യാമ്പിൽ കയറി കുബൂസ് അടിച്ചുമാറ്റിത്തിന്നെന്നുപറഞ്ഞു രണ്ടുദിവസം പട്ടിണികിടത്തി ക്യാമ്പ് കഴുകിച്ച നിനക്ക് ഇപ്പൊ പാൽക്കഞ്ഞിയും സപ്രമഞ്ചവും തന്നെ വേണമല്ലേ?"
"കഞ്ഞിയും കിണ്ണവും കട്ടിലുമൊക്കെ വേണ്ടെന്നു വെക്കാം. പക്ഷേ വേറെ പ്രശ്നമുണ്ട്." "എന്ത്?" "നിനക്ക് അതൊന്നും മനസ്സിലാവില്ല. എന്തായാലും ഞാൻ അടുത്ത തിങ്കളാഴ്ച രാവിലെ അവിടെത്തും. ബാക്കിയൊക്കെ അപ്പൊ" രാവിലെ അൽപം നേരത്തെതന്നെ ഞാൻ വിമാനത്താവളത്തിലെത്തി. കുവൈറ്റ് എയർവേസ് ലാൻഡുചെയ്തിട്ടുണ്ടെന്ന അറിയിപ്പ് വന്നയുടൻ ഞാൻ ഫോണെടുത്ത് ഗോവർദ്ധനന്റെ അച്ഛനെ വിളിച്ചു മകനെ വഹിച്ചെത്തിയ ആകാശപ്പക്ഷി സുരക്ഷിതമായി കൂടണഞ്ഞെന്നും അര മണിക്കൂറിൽ പുത്രന്റെ ശബ്ദം ഈ നിലയത്തിൽനിന്നും സംപ്രേക്ഷണംചെയ്യാൻ സാധിക്കുമെന്ന വാർത്ത ഒരു ചാരിതാർഥ്യത്തോടെ കൈമാറി.
അര മണിക്കൂർ ഒന്നായി രണ്ടായി നാലായി. നാട്ടിൽ നിന്നും ഗോവർദ്ധന്റെ അച്ഛന്റെ കാളുകൾ എട്ട് കഴിഞ്ഞു. ഓരോ കാളിലും വെറൈറ്റി ആധികളാണ്. "ജസ്റ്റിനേ.. ഇനി അവനെങ്ങാനും മസ്കറ്റിലേക്കുള്ള വിമാനം കണ്ടപ്പോൾ പഴയ ഓർമയ്ക്ക് അതിൽ കയറി പോയിക്കാണുമോ?" എന്തുമറുപടി പറയണമെന്നറിയാതെ ഞാൻ കുഴങ്ങി. "മസ്കറ്റ് എയർപോർട്ടിൽ അന്വേഷിക്കാനുള്ള ഏർപ്പാടാക്കാം" എന്നുപറഞ്ഞു തൽക്കാലം പിടിച്ചുനിന്നു. ഇനിയും കാത്തിരുന്നാൽ കാര്യം കൂഴച്ചക്കപോലെ കുഴയുമെന്നു മനസ്സിലായ ഞാൻ പരിചയത്തിലുള്ള ഒരു കുവൈറ്റിയെ വിളിച്ചു സഹായമഭ്യർഥിച്ചു. പുള്ളിക്കാരി "എന്റെ ഒരു അനന്തിരവൻ കുവൈറ്റ് എയർപോർട്ടിൽ ജോലിചെയ്യുന്നുവെന്നും അവനെകണ്ടാൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ പറ്റുമെന്നും" പറഞ്ഞു സമാധാനിപ്പിച്ചു.
ഞാൻ അയാളുടെ ഓഫീസ് കണ്ടെത്തി കയറിച്ചെന്നു. "വരൂ ജസ്റ്റിൻ.. കട്ടൻ കാപ്പി പറയട്ടെ? ഇതാ ഈ ചോക്കലേറ്റ് കഴിക്കൂ.. വീട്ടിലെല്ലാവർക്കും സുഖംതന്നെയല്ലേ? സ്നേഹപ്രകടനത്തിനും ഉപചാരത്തിനും ഇവരെ കഴിഞ്ഞിട്ടേ വേറെ ആളുകളുള്ളൂ. എന്റെ മുഖത്തെ പരിഭ്രമം കണ്ടു സുസ്മേരവദനനായി അദ്ദേഹം പറഞ്ഞു. "അമ്മായി വിളിച്ചിരുന്നു.. എന്തെങ്കിലും ചെറിയ തെറ്റിധാരണയായിരിക്കും ഞാൻ ഒന്ന് നോക്കിയിട്ട് വരാം" ഒരു പതിനഞ്ചു മിനിട്ടിനുള്ളിൽ അവൻ തിരിച്ചെത്തി. അങ്ങോട്ട് പോയ പുഞ്ചിരിതൂകുന്ന സൗമ്യനായ ചെറുപ്പക്കാരനായല്ല തിരിച്ചു വരവ്. ''ഇപ്പൊ ഇറങ്ങി കണ്ടം വഴി ഓടി രക്ഷപെടാമെങ്കിൽ നീ ഓടിക്കോ.. ഇല്ലെങ്കിൽ നീയും അവന്റെ കൂടെ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കും. കഞ്ചാവ് കടത്താണ് കേസ്." ഞാൻ പതിവുപോലെ അസ്തപ്രജ്ഞനായി..
പണ്ട് കോട്ടാങ്ങൽ പടയണിക്ക് പോയപ്പോൾ 'മംഗലശ്ശേരി നീലകണ്ഠൻ' കളിക്കാൻ ബംഗാളി ഉണ്ടാക്കിയ മുറുക്കാൻ തിന്നു കുളക്കടവിൽ തലകറങ്ങിക്കിടന്ന എന്റെ സുഹൃത്ത്, ഒരു കഞ്ചനാവുകയും കൂടാതെ കുവൈറ്റിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്‌തെന്ന വസ്തുത എന്റെ ബോധമണ്ഡലത്തിലേക്ക് കയറാൻ അൽപം കാലവിളംബമുണ്ടായി. "ഇതായിരുന്നല്ലേ ആ തെണ്ടി പറഞ്ഞ എനിക്ക് മനസ്സിലാവാത്ത 'ശീലം'..!!" എന്റെ ആത്മഗതം അൽപം ഉച്ചത്തിലായി. ഇനി ഒന്നും നോക്കേണ്ട എണ്ണപ്പാടം വഴി ഓടി രക്ഷപെടാമെന്നു കരുതി കോറിഡോറിലെത്തിയ ഞാൻ കാണുന്നത് പൊലീസുകാരുമായി വർത്താനം പറഞ്ഞു ചിരിച്ചോണ്ട് വരുന്ന ഗോവർധനെയാണ്.
കഞ്ചാവ് മാഫിയക്ക് ഒക്കെ ഇവിടെ ഇത്ര വിലയൊക്കെ ഉണ്ടോ. ഏതായാലും വലിയ പരിചയം കാണിക്കാതെ പോകാം എന്ന് കരുതിയ എന്നെ അവൻ കൂകി വിളിച്ചു.. "അളിയാ ഡാ" തൊലച്ചു പുല്ലനു എന്നെ മനസ്സിലായി. "അപ്പൊ ശരി സാർ. എന്നെ കൂട്ടിക്കൊണ്ടുപോകാൻ സുഹൃത്ത് വന്നിട്ടുണ്ട്." "ഞങ്ങൾ കൊണ്ട് വിടാം" എന്ന് പൊലീസുകാർ. സ്നേഹത്തോടെ അവരുടെ സഹായം നിരസിച്ചു അവൻ എന്റെയൊപ്പം പുറത്തേക്ക് വന്നു..!! എന്റെ തലയിൽ നിന്ന് പോയ കിളികൾ തിരിച്ചു വന്നപ്പോൾ ഞാൻ അവനോടു ചോദിച്ചു.. "നിന്നെ അവർ അറസ്റ്റ് ചെയ്തില്ലേ?" "എന്തിന് ?" "അല്ല നീ കഞ്ചാവ് കടത്തിയെന്നൊക്കെ കേട്ടു.." "ഓ അത്.." അവന്റെ അനാദിയായ ചിരിയന്ത്രം പ്രവർത്തിച്ചു. "അത് കഞ്ചാവൊന്നുമല്ലെടാ. ഞാൻ പറഞ്ഞില്ലേ എന്റെ ഒരു ശീലത്തെപ്പറ്റി..?" "കിണ്ണവും കഞ്ഞിയും അല്ലേ?"
"അതൊക്കെ ഒഴിവാക്കാവുന്ന കാര്യമാണ്. ഇത് പറയുമ്പോൾ അൽപം നാണക്കേടുണ്ട് എന്നാലും മറ്റാർക്കും ദോഷം ചെയ്യാത്ത ശീലമായതുകൊണ്ട് ഇതുവരെ മാറ്റാൻ ശ്രമിച്ചിട്ടില്ല." "അതെന്താണെന്നുകൂടി മൊഴിയാമോ?" "കാര്യമായ കാര്യമൊന്നുമല്ല സ്നേഹിതാ.. പണ്ട് ആനയുള്ള തറവാടായിരുന്നു ഞങ്ങളുടേത്. എന്നിരുന്നാലും എനിക്ക് പറമ്പിൽ പോയി വെളിക്കിരുന്നാലേ ഒരു പൂർണ്ണ തൃപ്തി കിട്ടൂ... പറമ്പിൽ പോയി ഇരിക്കുമ്പോൾ തുമ്പച്ചെടി എന്റെ പിൻഭാഗത്ത് ഉരയും.. അതാണ് എന്റെ സ്റ്റാർട്ടിങ് പോയിന്റ്. ആ അനുഭൂതി യൂറോപ്പ്യൻ ക്ലോസെറ്റിൽ കിട്ടാൻ ഞാൻ ഒരു അൻപത് മൂടു തുമ്പച്ചെടികൾ പറിച്ചു കഴുകി പ്ലാസ്റ്റിക് കൂട്ടിലാക്കി കൊണ്ടുവന്നതാണ് അവർ തെറ്റിദ്ധരിച്ചു പൊക്കിയത്"
ഞാൻ ഞെട്ടിയില്ല...!!!!!! ഇവനെ കുറെ നാളായി അറിയാവുന്നത് കൊണ്ട് ഇതിലും പ്രതീക്ഷിച്ചു. എന്നാലും ഒരു സംശയം ബാക്കി. "പക്ഷേ ആ പൊലീസുകാർ നിന്നോട് അത്ര സൗഹൃദത്തിൽ സംസാരിച്ചതിന്റെ ഹേതു?" "അത് സിമ്പിൾ... ഇത് എന്തിനു കൊണ്ടുവന്നു എന്ന് പറഞ്ഞാൽ അടികിട്ടാൻ സാധ്യതയുള്ളതിനാൽ ഞങ്ങൾ പരമ്പരാഗത വൈദ്യർ കുടുംബമാണെന്നും ഈ അമൂല്യ ചെടി ഉണക്കിപ്പൊടിച്ചു തേനും ശർക്കരയും മറ്റും ചേർത്തുകഴിച്ചാൽ ജഗപൊകയാണെന്നും മറ്റും വച്ച് കീറി.. അവർക്ക് ഓരോ തുമ്പച്ചെടി കൊടുത്തതിന്റെ സ്നേഹമാണ് നീ കണ്ടത്.." പെട്ടെന്ന് മൊബൈൽ ശബ്‌ദിച്ചു. ഗോവർദ്ധന്റെ അച്ഛനാണ്.
"മോനെ കൊച്ചി എയർപോർട്ട് ബാറിൽ നല്ല പൊക്കോം വണ്ണോമുള്ള ഒരുത്തൻ അടിച്ചു ഓഫായി കിടക്കുന്നു എന്നുകേട്ടു.. ഞങ്ങൾ എട്ടുപത്തുപേര് അങ്ങോട്ട് പോകുവാ. ചെന്നിട്ട് വിവരം പറയാം" മറുത്തൊന്നും പറയാൻ സമ്മതിക്കാതെ അദ്ദേഹം കാൾ കട്ടാക്കി. രൂക്ഷമായ ഒരു നോട്ടത്തോടെ വണ്ടിയെടുത്ത ഞാൻ അറിഞ്ഞില്ല മായക്കണ്ണന്റെ ലീലാവിലാസങ്ങൾ അവിടെയാണ് തുടങ്ങിയതെന്ന്.