പഠിക്കാൻ പണമില്ല, സഹായിച്ചത് അധ്യാപകൻ; 'ഒടുവിൽ ജോലി കിട്ടിക്കഴിഞ്ഞപ്പോൾ അവൻ തിരിഞ്ഞു നോക്കിയില്ല...'

തന്റെ ഖദർഷർട്ടും മുണ്ടും കണ്ടിട്ടായിരിക്കാം ഒരു പുച്ഛഭാവത്തോടെ ഗേറ്റിലെ സെക്യൂരിറ്റിക്കാരൻ എങ്ങോട്ടാണെന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു. പക്ഷെ, ശ്രീകുമാരനെ കാണാനാണെന്നു പറഞ്ഞപ്പോൾ ബഹുമാനത്തോടെ അയാൾ പറഞ്ഞു
തന്റെ ഖദർഷർട്ടും മുണ്ടും കണ്ടിട്ടായിരിക്കാം ഒരു പുച്ഛഭാവത്തോടെ ഗേറ്റിലെ സെക്യൂരിറ്റിക്കാരൻ എങ്ങോട്ടാണെന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു. പക്ഷെ, ശ്രീകുമാരനെ കാണാനാണെന്നു പറഞ്ഞപ്പോൾ ബഹുമാനത്തോടെ അയാൾ പറഞ്ഞു
തന്റെ ഖദർഷർട്ടും മുണ്ടും കണ്ടിട്ടായിരിക്കാം ഒരു പുച്ഛഭാവത്തോടെ ഗേറ്റിലെ സെക്യൂരിറ്റിക്കാരൻ എങ്ങോട്ടാണെന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു. പക്ഷെ, ശ്രീകുമാരനെ കാണാനാണെന്നു പറഞ്ഞപ്പോൾ ബഹുമാനത്തോടെ അയാൾ പറഞ്ഞു
മീനമാസത്തിലെ ഉച്ചനേരം. ഈച്ചരൻ കുട്ടി മാഷ് ചാരുകസേരയിൽ ഇരുന്നു മയങ്ങുകയായിരുന്നു. ഫോൺ ബെല്ലടിച്ചത് കേട്ടാണ് ഉണർന്നത്. നോക്കിയപ്പോൾ പരിചയമുള്ള നമ്പറല്ല. എങ്കിലും ബട്ടൺ അമർത്തി കാതോട് ചേർത്തപ്പോൾ ഒരു സ്ത്രീ ശബ്ദം " മാഷെ, ഇത് സാവിത്രിയമ്മയാണ്.." മാഷിന്റെ മറുപടി കാക്കാതെ മറുതലക്കൽ നിന്നും വീണ്ടും "ഞാനിപ്പോൾ പാലക്കാടുണ്ട്, ഒരു ബന്ധു വീട്ടിൽ വന്നതാണ്. മാഷിനെ ഒന്ന് കാണണം. ഇവിടത്തെ ബന്ധുക്കൾക്ക് മാഷിന്റെ വീട് അറിയാമെന്നു പറഞ്ഞു. ഞാൻ ഒന്ന് രണ്ടു മണിക്കൂറിൽ മാഷിന്റെ വീട്ടിലെത്താം." മാഷിന്റെ മറുപടി കാക്കാതെ ഫോൺ നിശബ്ദമായി.
മാഷിന്റെ ചിന്തകൾ ചില ആണ്ടുകൾക്കു മുൻപേ പോയി. അന്ന് മാഷ്, കോഴിക്കോട് ജോലി നോക്കുകയായിരുന്നു. അപ്പർ പ്രൈമറി സ്കൂളിൽ ആയിരുന്നു ജോലി. മാഷിന്റെ ക്ലാസ്സിൽ ശ്രീകുമാരൻ എന്നൊരു വിദ്യാർഥി ഉണ്ടായിരുന്നു. പഠിത്തത്തിൽ ശരാശരിയായിരുന്നെങ്കിലും കായിക ക്ലാസ്സിൽ മിടുക്കനായിരുന്നു. മെലിഞ്ഞുണങ്ങിയ ശരീരമായിരുന്നു അവന്റേതെങ്കിലും, കാൽ പന്തുകളിയിലും, ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം ഒന്നാമൻ തന്നെ. കായികാധ്യാപകൻ കണ്ണൻ മാഷ് അവനെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. ശ്രീകുമാരൻ ഏഴാം ക്ലാസ്സിൽ ആയിരുന്നപ്പോൾ ഈച്ചരൻ കുട്ടി മാഷ് കണക്കും ഇംഗ്ലിഷും ആണ് പഠിപ്പിച്ചിരുന്നത്. ശ്രീകുമാരൻ പഠിത്തത്തിൽ മോശമായിരുന്നു. കണക്കിൽ ജയിക്കാവുന്ന മാർക്ക് കിട്ടും, പക്ഷേ ഇംഗ്ലിഷിൽ ചിലപ്പോൾ തോൽക്കും. എങ്കിലും, സ്പോർട്സിൽ എപ്പോഴും മെഡലുകൾ വാരിക്കൂട്ടും.
കുറച്ചു ദിവസങ്ങളായി ശ്രീകുമാരനെ സ്കൂളിൽ കാണാതായപ്പോൾ മാഷ് മറ്റു കുട്ടികളോട് അന്വേഷിച്ചു. ശ്രീകുമാരന് ലോങ്ങ് ജമ്പിൽ ഒരു അപകടം പറ്റിയെന്നും വലത്തേ കാലിലെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നും കുറച്ചു നാളുകളാകുമെന്നും കുട്ടികൾ പറഞ്ഞു. കണ്ണൻ മാഷിനോട് ചോദിച്ചപ്പോൾ ഉദാസീനമായിട്ട് "അവനിനി സ്പോർട്സിൽ ഭാവിയില്ല.. എന്ത് ചെയ്യാം?" എന്നായിരുന്നു മറുപടി. ഏതായാലും, ശ്രീകുമാരനെ ഒന്ന് പോയി കാണാൻ ഈച്ചരൻ കുട്ടി മാഷ് തീരുമാനിച്ചു. ഒരു അവധി ദിവസം, ശ്രീകുമാരന്റെ വീട് അന്വേഷിച്ചു കണ്ടുപിടിച്ചു. ഒരു പഴയ വീട്. പഴയ പ്രതാപം വിളിച്ചോതുന്ന വീടിന്റെ വലിയ തൂണുകൾ ചിലതൊക്കെ വീഴാറായിരിക്കുന്നു. നിലം പലയിടത്തും പൊട്ടിപൊളിഞ്ഞിട്ടുണ്ട്, മുറ്റം നിറയെ പുല്ലുകളാണ്. ജനാലകൾ പലതിനും ജനാലപ്പാളിയില്ല. ചില ഓടുകളൊക്കെ പൊട്ടിയിട്ടുണ്ട്. മുൻവശത്തെ കിണറും വീഴാറായിരിക്കുന്നു.
ചരിഞ്ഞു വീഴാറായ മരപ്പടി തള്ളിത്തുറന്നു മാഷ് നടക്കവേ "ആരാണ്?" ഒരു വൃദ്ധശബ്ദം കേട്ടു. നോക്കിയപ്പോൾ കൂനിയ ഒരാൾ വീടിന് മുൻവശത്തേക്ക് വന്നു. നിറം മങ്ങിയ ഒരു ഒറ്റ മുണ്ടാണ് ഉടുത്തിരുന്നത്. കുറ്റിത്താടിയും മീശയും ഒട്ടിയ കവിളും ദൈന്യത വിളിച്ചോതുന്നു. മാഷ് ശ്രീകുമാരന്റെ അധ്യാപകനാണെന്നു സ്വയം പരിചയപ്പെടുത്തിയപ്പോൾ അയാൾ പറഞ്ഞു: ഞാൻ ശേകരപ്പൻ, വെപ്പ് പണിയായിരുന്നു തൊഴിൽ. വലിയ കല്യാണങ്ങൾക്കൊക്കെ പോകുമായിരുന്നു. കുറച്ചു വർഷങ്ങളായി ഒന്നിനും വയ്യ. എന്റെ മകൾ സാവിത്രി, അവളുടെ ഭർത്താവ് ഉപേക്ഷിച്ചു പോയി, അവളുടെ മകനാണ് ശ്രീകുമാരൻ... സാവിത്രി, അടുത്തുള്ള ഒന്നു രണ്ടു വീടുകളിൽ അടിച്ചുകോരാനും, പാത്രം കഴുകാനുമൊക്കെ പോയി കിട്ടുന്ന തുക കൊണ്ടാണ് കഷ്ടിച്ച് കഴിയുന്നത്. സത്യം പറയാമല്ലോ മാഷെ, വളരെ കഷ്ടമാണ് കാര്യങ്ങൾ."
ശേകരപ്പൻ പറഞ്ഞു കഴിയുമ്പോളേക്കും മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ പുറത്തേക്കു വന്നു. വളരെ മുഷിഞ്ഞ വേഷം. എണ്ണയില്ലാത്ത തലമുടി ശ്രദ്ധയില്ലാതെ വാരിക്കെട്ടി വെച്ചിരിക്കുന്നു. ദാരിദ്യ്രത്തിന്റെ വേറൊരു പതിപ്പ്. ശേകരപ്പൻ, സാവിത്രിയെ നോക്കി പറഞ്ഞു "ശ്രീകുമാരന്റെ മാഷാണ്. അവനെന്താണ് സ്കൂളിൽ വരാത്തതെന്നു അന്വേഷിച്ചു വന്നതാണ്". നേർത്ത ശബ്ദത്തിൽ സാവിത്രിയമ്മ പറഞ്ഞു: "അവൻ വീണു. കാൽ മുട്ടിനാണ് പരിക്ക്. ഇവിടെ അടുത്ത് സർക്കാരാശുപത്രിയിൽ പോയപ്പോൾ, കുറച്ചു മരുന്ന് തന്നിട്ട്, മാറിയില്ലെങ്കിൽ, പട്ടണത്തിൽ കൊണ്ടുപോകാൻ പറഞ്ഞു. ആ മരുന്നുകൊണ്ടൊന്നും മാറിയില്ല. പട്ടണത്തിൽ കൊണ്ടുപോകാനുള്ള അവസ്ഥയിലല്ല ഇപ്പോൾ.. അത് കൊണ്ട് ശിവരാമൻ വൈദ്യന്റെ എണ്ണ പുരട്ടുന്നു".
ശ്രീകുമാരനെ ഒന്ന് കാണണമെന്ന് പറഞ്ഞപ്പോൾ, സാവിത്രിയമ്മ വീട്ടിനുള്ളിൽ നിന്ന് അവനെയും കൂട്ടികൊണ്ട് വന്നു. ശ്രീകുമാരൻ നന്നേ ക്ഷീണിച്ചിരിക്കുന്നു. കാൽമുട്ട് വല്ലാതെ നീര് വന്നു വീർത്തിട്ടുണ്ട്. ചുമരിൽ പിടിച്ചാണ് നടക്കുന്നത്. മാഷിന് വല്ലാത്ത ദുഃഖം തോന്നി. പിന്നെ പറഞ്ഞു: "ഞാൻ നാളെ ശ്രീകുമാരനെ പട്ടണത്തിൽ കൊണ്ടുപോകാം" പറഞ്ഞു തീരുന്നതിനു മുൻപ് സാവിത്രിയമ്മ വിതുമ്പലോടെ പറഞ്ഞു "എന്റെ കൈയിൽ കാക്കാശില്ല...." മാഷ് പറഞ്ഞു "ഞാൻ നോക്കിക്കോളാം". മാഷ് പിറ്റേന്ന് തന്നെ ശ്രീകുമാരനെ പട്ടണത്തിലെ ഒരു എല്ലു രോഗ വിദഗ്ധനെ കാണിച്ചു. എക്സ്‌റേയും മറ്റും എടുത്തു. ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞു "മുട്ടു കാലിനു ക്ഷതം സംഭവിച്ചിരിക്കുന്നു. അവിടത്തെ ലിഗമെന്റ്സിനു സാരമായി കേടു വന്നിരിക്കുന്നു. എന്തെ വൈകിയത്?" മറുപടി പറയാതെ മാഷ് നിന്നപ്പോൾ ഡോക്ടർ പറഞ്ഞു: കുറച്ചു വൈകിപ്പോയി. എങ്കിലും ഞാൻ ശ്രമിക്കാം".
ചികിത്സ മൂന്ന് മാസത്തോളം നീണ്ടു. എല്ലാ ചിലവും ഈച്ചരൻകുട്ടി മാഷ് തന്നെ ചെയ്തു. കാലിലെ പരിക്ക് ഭേദമായെങ്കിലും, നടക്കുമ്പോൾ വലതുകാൽ കുറച്ചു വലിച്ചുവലിച്ചാണ് പിന്നീട് ശ്രീകുമാരൻ നടന്നത്. അതോടെ, സ്പോർട്സിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നു. ശ്രീകുമാരന്റെ കുടുംബസ്ഥിതി അറിയാവുന്നതു കൊണ്ട്, മാഷ് തന്നെ അവനെ പത്താം ക്ലാസ് വരെ പഠിപ്പിച്ചു. പുസ്തകങ്ങളും, പെന്നും നോട്ട് ബുക്കുകളും മാഷ് തന്നെ വാങ്ങി കൊടുത്തു. ചില ദിവസങ്ങളിൽ സ്കൂളിന്റെ അടുത്തുള്ള ചായക്കടയിൽ നിന്ന് അവനു ഊണും മാഷ് വാങ്ങി കൊടുത്തു. ശ്രീകുമാരൻ കഷ്ടിച്ചാണ് പത്താം ക്ലാസ് പാസായത്. ഇനിയെന്ത് എന്ന ചോദ്യം അവനെ അലട്ടിയിരിക്കണം. ഒരു ദിവസം, സാവിത്രിയമ്മയും, ശ്രീകുമാരനും കൂടി ഈച്ചരൻ കുട്ടി മാഷിന്റെ താമസസ്ഥലത്തേക്ക് വന്നു. സാവിത്രിയമ്മ കൈകൂപ്പിക്കൊണ്ട് മാഷിനോട് പറഞ്ഞു: ഇവനെ മാഷ് ഒരുപാട് സഹായം ചെയ്തു. വല്ല കൈത്തൊഴിൽ പഠിപ്പിക്കാൻ കൂടി ഒന്ന് സഹായിക്കണം".
മാഷ് തന്റെ അറിവിലുള്ള ചിലരുമായി സംസാരിച്ച ശേഷം, ഇലക്ട്രിഷ്യൻ കോഴ്സിന് ചേർക്കാൻ തീരുമാനിച്ചു. ഒരു കൊല്ലത്തെ പഠിപ്പുണ്ട്. മാർക്ക് കുറവായിരുന്നതിനാൽ, സ്വകാര്യ സാങ്കേതിക സ്ഥാപനത്തിലാണ് ചേർത്തത്. അന്ന് മുഴുവൻ ഫീസും മാഷ് തന്നെ അടച്ചു. അന്നത് മാഷിന്റെ ഒരു മാസത്തെ ശമ്പളമായിരുന്നു. ശ്രീകുമാരൻ ഇലക്ട്രിഷ്യൻ കോഴ്സ് പാസ്സായി. മാഷ് തന്നെ, തനിക്കു പരിചയമുള്ള കോയമ്പത്തൂരിലെ ഒരു സുബ്ബയ്യ പിള്ളയെന്ന മേസ്തിരിയുടെ കൂടെ ശ്രീകുമാരനെ പണിക്കു ചേർത്തു. വലിയ കെട്ടിടങ്ങളും മറ്റും വയറിങ് ചെയ്യുന്ന ജോലിയായിരുന്നു അവിടെ. മൂന്നുനാലു മാസങ്ങൾ കഴിഞ്ഞപ്പോൾ, ഒരു ദിവസം, സാവിത്രി അമ്മയും ശ്രീകുമാരനും കൂടി മാഷിനെ കാണാൻ വന്നു. "മാഷെ, ഇവനിപ്പോൾ മെല്ലെ പണി പഠിച്ചു വരുന്നു. എല്ലാം മാഷിന്റെ സഹായം". കൈകൂപ്പി രണ്ടുപേരും അവിടെനിന്നും പോയി. പിന്നീട്, അവരെക്കുറിച്ചു ഒരറിവും മാഷിനുണ്ടായിരുന്നില്ല. മാഷും, ഉദ്യോഗത്തിരക്കിൽ അവരെക്കുറിച്ചു മറന്നു.
ഏകദേശം, അഞ്ചു വർഷങ്ങൾക്കുശേഷം, ഒരു ദിവസം കണ്ണൻ മാഷ്, ഈച്ചരൻ കുട്ടി മാഷിനോട് പറഞ്ഞു: "മാഷെ, ഞാനിന്നലെ പട്ടണത്തിൽ വെച്ച് ശ്രീകുമാരനെയും അവന്റെ അമ്മയെയും കണ്ടു. രണ്ടാളും നന്നായിരിക്കുന്നു. ശ്രീകുമാരനെ കണ്ടാൽ നല്ല മാറ്റം. നല്ലോണം തടിച്ചിട്ടുണ്ട്. അവന്റെ അമ്മയും നല്ല വണ്ണം വെച്ചിട്ടുണ്ട്. കാറിലാണ് യാത്ര തന്നെ. ഇപ്പോൾ സ്വയം കരാറു പണികളൊക്കെ തുടങ്ങിയത്രേ. പിന്നെ, മാഷിന് ഇതൊക്കെ അറിയുമല്ലോ അല്ലെ?" അറിയുമെന്ന് മാഷ് വെറുതെ തലയാട്ടി. എവിടെയോ, ഒരു ചെറിയ വിഷമം ഈച്ചരൻ കുട്ടി മാഷിന് തോന്നി. അവരെ ഒന്ന് കാണാൻ മോഹം തോന്നി. അന്വേഷിച്ചു പഴയ വീട്ടിലോട്ടു ചെന്നപ്പോൾ അത് പൂട്ടിയിട്ടിരിക്കുന്നു. അയൽപക്കത്തു ചോദിച്ചപ്പോൾ, പട്ടണത്തിലാണ് താമസമെന്നും ഇവിടെ വരാറില്ലെന്നും പറഞ്ഞു. പട്ടണത്തിൽ ചെന്ന് കാണാമെന്നു മാഷ് കരുതി. അയൽക്കാരിൽ നിന്നും കിട്ടിയ മേൽവിലാസത്തിൽ മാഷ്, ശ്രീകുമാരനെയും അമ്മയെയും തിരക്കി പട്ടണത്തിലെ അവരുടെ ഫ്ലാറ്റിൽ എത്തി. ഒരുച്ച നേരത്താണ് അവിടെ എത്തിയത്. വലിയ കെട്ടിട സമുച്ചയമായിരുന്നു അത്. കെട്ടിടത്തിന്റെ വലിപ്പവും ചമയങ്ങളും കണ്ടപ്പോൾ തന്നെ അത് വലിയ ധനികരായ ആൾക്കാർ പാർക്കുന്ന സ്ഥലമാണെന്ന് മാഷിന് മനസ്സിലായി.
തന്റെ ഖദർഷർട്ടും മുണ്ടും കണ്ടിട്ടായിരിക്കാം ഒരു പുച്ഛഭാവത്തോടെ ഗേറ്റിലെ സെക്യൂരിറ്റിക്കാരൻ എങ്ങോട്ടാണെന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു. പക്ഷേ, ശ്രീകുമാരനെ കാണാനാണെന്നു പറഞ്ഞപ്പോൾ ബഹുമാനത്തോടെ അയാൾ പറഞ്ഞു "അയ്യോ, ക്ഷമിക്കണം, എനിക്ക് ആളെ മനസ്സിലായില്ല. വരൂ, ഞാൻ കൊണ്ടാക്കാം" പാറാവുകാരന്റെ പിറകെ മാഷ് നടന്നു. ലിഫ്റ്റിൽ കേറി മൂന്നാം നിലയിൽ എത്തി. സെക്യൂരിറ്റിക്കാരൻ ഏതോ ഫ്ലാറ്റിന്റെ മുൻപിൽ ചെന്ന് ബെല്ലടിച്ചു. വാതിൽ തുറന്നത് സാവിത്രിയമ്മയായിരുന്നു. സാവിത്രിയമ്മയെക്കണ്ടതും സെക്യൂരിറ്റിക്കാരൻ വലിയ ഭവ്യതയോടെ ഒരു അതിഥി ഉണ്ടെന്നു പറഞ്ഞു തിരിച്ചു പോയി. മാഷ് ഉള്ളിലെ ഹാളിലേക്കു കടന്നു. വല്ലാത്ത തണുപ്പായിരുന്നു അതിനുള്ളിൽ, കൂടാതെ നല്ല സുഗന്ധവും. സാവിത്രിയമ്മ ആളാകെ മാറിയിരിക്കുന്നു. അവർക്കു പത്തു വയസ്സ് കുറഞ്ഞത് പോലെ തോന്നി. നല്ല വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം അവർ ധരിച്ചിരുന്നു. മുറിയിലാകെ വിലപിടിപ്പുള്ള ഇരിപ്പിടങ്ങളും മറ്റുമുണ്ടായിരുന്നു.
"ങാ മാഷായിരുന്നോ?" കസേരയിലേക്ക് ചരിഞ്ഞിരുന്നുകൊണ്ട് സാവിത്രിയമ്മ ചോദിച്ചു. പിന്നെ തുടർന്നു: "ശ്രീകുമാരനെ കാണാനാണോ? അവൻ വളരെ രാത്രിയായേ വരാറുള്ളൂ. അവനോടു വല്ലതും പറയാനുണ്ടോ?" ഒന്നും പറയാനില്ലെന്ന് മാഷ് തലയാട്ടി. പിന്നെ തിരിച്ചു നടന്നു. സാവിത്രിയമ്മ തന്നോട് ഒന്നിരിക്കാൻ പോലും പറഞ്ഞില്ലെന്നു മാഷ് വേദനയോടെ ഓർത്തു. പുറത്തെ പാതയിലേക്ക് നടക്കുമ്പോൾ സെക്യൂരിറ്റിക്കാരൻ ആരോടോ പറയുന്നത് കേട്ടു: "മൂപ്പിലാൻ വല്ലതും കിട്ടുമെന്ന് വിചാരിച്ചു വന്നതായിരിക്കും. സാവിത്രിയമ്മ വല്ലതും കൊടുക്കുമോ? അവർ അറുത്ത കൈയ്ക്ക് ഉപ്പിടില്ല". പിന്നെയും അനേകം വർഷങ്ങൾ കഴിഞ്ഞു പോയി. ഈച്ചരൻ കുട്ടി മാഷ് പാലക്കാടു വീട് പണിതു സ്ഥിരതാമസമാക്കി. പലരെയും മറന്ന കൂട്ടത്തിൽ, ശ്രീകുമാരനെയും മാഷ് മറന്നു.
സാവിത്രി അമ്മ വരാമെന്നു പറഞ്ഞ കാര്യം മാഷ് തീരെ മറന്നിരുന്നു. വൈകുന്നേരം ചായ കുടിച്ചു, കുളിച്ചു അടുത്തുള്ള ശിവക്ഷേത്രത്തിലേക്കു പോകാൻ തുടങ്ങിയപ്പോഴാണ് ആരോ ഉമ്മറത്തെ ഗേറ്റ് തുറന്ന് വരുന്നത് കണ്ടത്. അടുത്ത് ചെന്നപ്പോൾ അത് സാവിത്രി അമ്മയാണെന്ന് മനസിലായി. അവർക്കു വളരെ പ്രായമായതു പോലെ. കണ്ണുകൾ കുഴിയിൽ പെട്ടത് പോലെ ആയിരിക്കുന്നു. തലമുടിയാകെ നരച്ചിട്ടുണ്ട്. കഴുത്തിലോ, കാതിലോ ഒരാഭരണവും ഇല്ലായിരുന്നു. വളരെ മെലിഞ്ഞു, ക്ഷീണിച്ചു അവശയായിരുന്നു അവർ. മാഷ് പറയാതെ തന്നെ അവർ, ഉമ്മറത്തെ കോലായിൽ തറയിലിരുന്നു. ശ്രീകുമാരൻ എവിടെ എന്ന് മാഷിന്റെ കണ്ണുകളിലെ ചോദ്യം മനസ്സിലായത് പോലെ സാവിത്രി അമ്മ മെല്ലെ പറഞ്ഞു: ശ്രീകുമാരന് നല്ല വരുമാനമുണ്ടായിരുന്നു. ഒരുപാടു സമ്പാദിച്ചു. ഒരു കല്യാണവും കഴിഞ്ഞു കൊച്ചുങ്ങളായി. പിന്നെപ്പിന്നെ, അവൻ മദ്യപിക്കാൻ തുടങ്ങി. ആദ്യം വെളിയിൽ പോയിട്ടായിരുന്നു, പിന്നെ സുഹൃത്തുക്കളെ കൂട്ടി, വീട്ടിൽ തന്നെയായി മദ്യസൽക്കാരം. പന്തികേടു തോന്നിയത് കൊണ്ടാവണം, അവന്റെ ഭാര്യ അവന്റെ കുറെ ബാങ്കിലെ തുക കൈക്കലാക്കി കുട്ടികളെയും കൂട്ടി അവളുടെ നാട്ടിലേക്ക് പോയി.
ഞാൻ പറയുന്നതൊന്നും ശ്രീകുമാരൻ കേൾക്കാതായി. മെല്ലെമെല്ലെ, കരാർപണികൾ കിട്ടാതായി. ബാങ്കിലെ വായ്‌പ തിരിച്ചടക്കാൻ കഴിയാതെ പട്ടണത്തിലെ വീട് വിറ്റു. വേറെ കടം ഒക്കെ തീർക്കാൻ ഞങ്ങളുടെ പഴയ വീടും സ്ഥലവും കൂടി വിറ്റു. അവൻ എനിക്ക് വാങ്ങിത്തന്ന എല്ലാ സ്വർണാഭരണങ്ങളും വിറ്റു. അപ്പോഴും അവൻ മദ്യപാനം നിർത്തിയില്ല. പണമെല്ലാം നഷ്ടമായി, കരാറൊന്നും ഇല്ലാതായി. ഇപ്പോൾ ശ്രീകുമാരൻ തന്റെ കീഴിൽ ജോലി നോക്കിയിരുന്ന മണിക്കുട്ടന്റെ കീഴിൽ ജോലി നോക്കുന്നു. കിട്ടിയ പണം മുഴുവനും മദ്യപിക്കാൻ എടുക്കും. എന്നെ ദേഹോപദ്രവം ഏൽപിക്കാൻ തുടങ്ങിയപ്പോൾ ഞാൻ കോഴിക്കോട് വിട്ടു. ഞാൻ ഇപ്പോൾ, ചില ബന്ധുക്കളുടെ വീട്ടിൽ മാറി മാറി താമസിക്കുന്നു". മാഷ് ഒന്നും പറഞ്ഞില്ല. ഒരുതരം നിർവികാരതയാണ് മാഷിന് തോന്നിയത്. സാവിത്രിയമ്മ എണീറ്റു തിരിഞ്ഞു നടന്നു. ഗേറ്റ് കടന്നു അവർ പോയപ്പോൾ മാഷ് സ്വയം പറഞ്ഞു "ഗുരുത്വദോഷം".