നൂറെണ്ണമെടുത്താൽ ഒന്ന് എന്നാണ് കണക്ക്. മെക്കാനിക്കൽ എന്‍ജിനീയറിങിൽ പെൺകുട്ടികളുടെ എൻട്രിയെ കുറിച്ച് ചോദിച്ചാൽ ഒരുപക്ഷേ ഭൂരിപക്ഷം പേരും പറയുന്ന ഉത്തരം. അതുകൊണ്ടു തന്നെ അവിടെ പഠിക്കാനെത്തുന്ന പെൺകുട്ടികളൽപം മാസ് ആണെന്നാണു വയ്പ്. അതെന്തായാലും ക്വീനിലെ നായിക അങ്ങനെതന്നെയാണ്. സാനിയ ആദ്യ ചിത്രത്തിലൂടെ വെള്ളിത്തിരയിലും പിന്നീടിപ്പോൾ പ്രേക്ഷക മനസിലും ഇടംനേടിയതും അങ്ങനെ തന്നെ. ഡാൻസ് കളിച്ചു രസിച്ചു നടന്ന സാനിയ ഡിജോ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ നായികയാണ്. സിനിമയിലെത്തിയതിനെ കുറിച്ചും ക്വീനിലെ രാജകുമാരിയായതിനെ കുറിച്ചും സാനിയ സംസാരിക്കുന്നു.
D 4 Dance Reloaded I Nakul & Saniya - Thendral vandhu theendum.. I Mazhavil Manorama
സിനിമയിൽ എന്‍ജിനീയറിങ് വിദ്യാർഥിയാണെങ്കിലും സാനിയയ്ക്ക് പ്രായം പതിനാറേയുളളൂ. ഈ വർഷം പത്താം ക്ലാസ് എഴുതാനുള്ള തയ്യാറെടുപ്പിലാണ് കുട്ടി. പക്ഷേ ഒരു കോളജ് ലൈഫിന്റെ രസമാണ് ക്വീനിന്റെ സംഘം സാനിയയ്ക്കു നൽകിയത്. മഴവിൽ മനോരമയിലെ ഡിഫോർ ഡാൻസിലെ മത്സരാർഥിയായിരുന്നു താരം. അവിടെ നിന്നായിരുന്നു സിനിമയിലേക്കുള്ള യാത്രയ്ക്കു തീരുമാനമാകുന്നത്. ഡാന്‍സ് പഠിപ്പിച്ച വിനീഷ്, ശരത് എന്നിവരായിരുന്നു ക്വീനിന്റെ ഓഡിഷനെ കുറിച്ച് പറഞ്ഞതും പ്രോത്സാഹിപ്പിച്ചതും. അങ്ങനെയാണ് ഓഡിഷന് പോകുന്നതും രാജകുമാരിയായി ക്വീനിലെത്തുന്നതും.
സങ്കൽപങ്ങളിൽ മാത്രമുള്ളതായിരുന്നു ഇങ്ങനെയൊരു കോളജ് ജീവിതമെന്നു സാനിയ പറയുന്നു. ‘പറഞ്ഞു കേട്ടിട്ടുണ്ട് ഒറ്റ പെൺകുട്ടിയും ഒറ്റ ആൺകുട്ടിയും മാത്രമുളള ക്ലാസുകളെ കുറിച്ച്. അത് എങ്ങനെയായിരിക്കും എന്നു സങ്കൽപിച്ച് നോക്കിയിട്ടുണ്ട്. സിനിമയിൽ വരുമ്പോഴും അങ്ങനെ തന്നെയായിരുന്നു. ചെറിയൊരു ടെൻഷനും കൗതുകവുമൊക്കെ ചേർന്നൊരു ഫീലിങ്സ്. പക്ഷേ ഷൂട്ടിങിന്റെ തുടക്കം മുതൽ ദാ തീയറ്ററിൽ ഇരിക്കുന്ന ഈ നേരം വരെയും ഞാൻ അത്രമേൽ രസകരായൊരു മൂഡിലാണ്. അവർ എല്ലാവരും ഒരു സഹോദരിയോടെന്നെ സ്നേഹമാണ് എന്നോടു കാണിക്കുന്നത്. തമാശകളും കുസൃതികളുമൊക്കെയായി...ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച നിമിഷമായിരുന്നു അത്’. സാനിയ പറയുന്നു.
എറണാകുളം തമ്മനത്തെ ചക്കരപ്പറമ്പിലാണ് സാനിയയുടെ വീട്. എന്‍ജിനീയറായ അയ്യപ്പനാണ് അച്ഛൻ, അമ്മ സന്ധ്യ. ചേച്ചി സാധിക. അമ്മയും ചേച്ചിയും ചെറിയൊരു വേഷം സിനിമയിൽ ചെയ്തു. സാനിയ ഒട്ടും പ്രതീക്ഷിച്ചിരുന്നേയില്ല ഒരു നായികാ വേഷം ഇത്രവേഗം. മുൻപ് രണ്ട് സിനിമകളിൽ മകളുടെ വേഷത്തിലെത്തിയിട്ടുണ്ട്. അത് ചെറിയ സാനിയയായിരുന്നു. ബാല്യകാലസഖിയിൽ മമ്മൂട്ടിയോടൊപ്പവും പിന്നെ അപ്പോത്തിക്കരിയില്‍ ജയസൂര്യയുടെ മൂത്തമകൾ ആയിട്ടും.
‘ജീവിതത്തിൽ നമ്മൾ ആദ്യമായി നായികയായൊരു ചിത്രം കാണാൻ പോകുമ്പോൾ, തിരക്ക് കാരണം അത് നിന്നു കാണേണ്ടി വരുന്നത് എത്രമാത്രം സന്തോഷം തരുന്ന കാര്യമാണ്. ഞാനിപ്പോഴും അതിന്റെ ത്രില്ലിലാണ്. അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊപ്പമാണ് ഷോ കാണാൻ പോയത്. ആർക്കും സീറ്റ് കിട്ടിയില്ല. സിനിമ കാണാൻ എത്തിയവരുടെ ആവേശം കണ്ടപ്പോൾ എല്ലാവരുടേയും സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞു പോയി. അച്ഛനും അമ്മയ്ക്കും വല്യ സന്തോഷമായി ഇതൊക്കെ കണ്ടിട്ട്. ഞങ്ങൾക്ക് രാവിലെ പോയപ്പോൾ ടിക്കറ്റ് കിട്ടാത്തതു കൊണ്ട് വൈകുന്നേരത്തെ ഷോ ആണു കണ്ടത്. ക്വീൻ ടീം മൊത്തത്തിൽ ടിക്കറ്റ് എടുത്ത് ഒന്നിച്ചിരുന്നു കാണാൻ നോക്കിയിട്ടു നടന്നില്ല ഇതുവരെ. മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിനെ കുറിച്ച് സംസാരിക്കുന്ന ഡയലോഗുകൾക്കെല്ലാം തീയറ്ററിൽ ആരവമായിരുന്നു. ഓണം സോങ് കാണാനേയായില്ല. എല്ലാവരും എഴുന്നേറ്റ് നിന്ന് ഡാൻസ് ചെയ്യുകയായിരുന്നു. ’–സാനിയ പറഞ്ഞു.
‘ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് ഇങ്ങനെയൊരു സിനിമ വന്നത്. എനിക്ക് അഭിനയിക്കാൻ കഴിയും എന്നൊരു ആത്മവിശ്വാസവുമില്ലായിരുന്നു. പക്ഷേ ഇപ്പോൾ അതൊക്കെ മാറി. ഡാൻസ് ആണു എന്റെ പാഷനും ഹോബിയും. ഇപ്പോൾ ഓപ്പൺ സ്കൂളിലാണു പത്താം ക്ലാസ് എഴുതുന്നത്. അതുകഴിഞ്ഞ് ഫാഷൻ ഡിസൈനിങ് പഠിക്കണമെന്ന്. അഭിനയവും ഡിസൈനിങും ഒരുമിച്ചു കൊണ്ടുപോകണം എന്നാണ് ആഗ്രഹം.’– സാനിയ പറയുന്നു.