ക്വീൻ സിനിമയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടൊരു പ്രകടനമായിരുന്നു നന്ദുവിന്റേത്. ക്രിമിനൽ അഭിഭാഷകനായ കാളൂർ വക്കീലായാണ് അദ്ദേഹം എത്തിയത്. നന്ദുവിന്റെ പ്രകടനത്തെ പ്രശംസിച്ച് ക്വീൻ സംവിധായകനായ ഡിജോ ജോസ്.
ഡിജോയുടെ കുറിപ്പ് വായിക്കാം–
സ്പിരിറ്റ് എന്ന സിനിമയ്ക്ക് ശേഷം നന്ദു ചേട്ടൻ അഭിനയിച്ചതിൽ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രം ഒരുപക്ഷെ ക്വീനിലേതാകാം. കാരണം നമ്മുടെ സിനിമ റിലീസായ സമയത്ത് തിയേറ്ററിനുള്ളിൽ നന്ദു ചേട്ടന്റെ കഥാപാത്രത്തെ ഏറെ അമർഷത്തോടെയാണ് പ്രേക്ഷകർ പ്രതികരിച്ചത്. കാളൂർ എന്ന വക്കീലിനോട് അത്രയ്ക്കും ദേഷ്യമായിരുന്നു പല കാണികൾക്കും ഉണ്ടായിരുന്നത് എന്ന് ഞാൻ ശ്രദ്ധിക്കുകയുണ്ടായി. അത് നന്ദു ചേട്ടൻ തന്നെ വിളിച്ച് പറയുകയുമുണ്ടായി.
ഇതെന്തുവാടെ നാട്ടുകാർ ഇപ്പൊ എന്നെ പുറത്തിറങ്ങാൻ സമ്മതിക്കുന്നില്ലല്ലോ എന്ന് നന്ദു ചേട്ടന് തോന്നിയിട്ടുണ്ടാകാം. അദ്ദേഹം ചെയ്ത കഥാപാത്രം എത്രത്തോളം പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു എന്നുള്ളതിന് ഒരു തെളിവായിരുന്നു അവയെല്ലാം. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും പരിപൂർണ്ണനായ നടന്മാരിൽ ഒരാളാണ് നന്ദു ചേട്ടൻ.
ഒരുപാട് വർഷമായി അഭിനയ രംഗത്തുള്ളതിന്റെ എക്സ്പീരിയൻസ് അദ്ദേഹത്തിന്റെ പെർഫോമൻസിൽ പ്രകടമായിരുന്നു. പല സീനുകളിലും അദ്ദേഹം പറയേണ്ട ഡയലോഗുകൾ സ്പോട്ടിൽ ആയിരുന്നു പറഞ്ഞു കൊടുത്തിരുന്നത്. എന്നാൽ അത് പഠിക്കാൻ പോലും സമയം ആവശ്യപ്പെടാതെ സിംഗിൾ ടേക്കിൽ അവയെല്ലാം വളരെ നിസ്സാരമായി അദ്ദേഹം ചെയ്യുമായിരുന്നു. ഞാനായിരുന്നു ആ സീനിൽ അഭിനയിക്കുന്നതെങ്കിൽ നമ്മുടെ തിരക്കഥാകൃത്തുക്കളുടെ തൂലികയിൽ വിരിഞ്ഞ ആ നെടു നീളൻ ഡയലോഗുകൾ പഠിക്കാൻ വർഷങ്ങളുടെ തപസ്സ് വേണ്ടി വന്നേനെ..
എന്നാൽ അദ്ദേഹം അത് നിസ്സാരമായി ചെയ്തു.. ചില വേഷങ്ങൾ ചെയ്യാൻ ചില പ്രഗത്ഭരായ നടന്മാരെ സംവിധായകർ തിരഞ്ഞെടുക്കുന്നത് ഇത്തരം കാര്യങ്ങൾ കൂടിയുള്ളതുകൊണ്ടാണ്. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ ഒരു വക്കീലിന്റെ ശരീര ഭാഷയും, സംസാര ശൈലിയുമെല്ലാം ഉൾക്കൊണ്ട് അത്തരം വലിയ ഡയലോഗുകൾ സിംഗിൾ ഷോട്ടിൽ പഠിച്ചു പറയണമെന്നുണെങ്കിൽ അതൊരു പ്രതിഭശാലിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ആ പ്രതിഭ നന്ദു എന്ന കലാകാരനിലുണ്ട്. അത് നമ്മുടെ ജനറേഷനിൽ ഉള്ള പ്രേക്ഷകർക്കും സംവിധായകർക്കും പോലുമറിയാം. അല്ലെങ്കിൽ ഞങ്ങൾ ഇത്രയും പുതുമുഖങ്ങൾ ചേർന്നൊരുക്കുന്ന ചിത്രത്തിൽ എങ്ങനെ നന്ദു ചേട്ടൻ എത്തിപ്പെടും?
എതിർവശത്ത് മറ്റൊരു പ്രതിഭ സലീംകുമാർ... ഇപ്പുറത്തു നന്ദു.. അവരുടെ ഇടയിൽ ഞങ്ങൾ കുറച്ച് ചെറുപ്പക്കാർ.. ശരിക്കും ഭയങ്കര ടെൻഷനും, ആകാംഷയും നിറഞ്ഞ നിമിഷങ്ങൾ എന്ന് വേണം അതിനെ വിശേഷിപ്പിക്കാൻ..
കാളൂർ, ക്വീൻ എന്ന സിനിമയുടെ നെടുംതൂണുകളിൽ ഒരാളാണ്.. കാരണം ക്ലൈമാക്സ് രംഗങ്ങളിലായിരുന്നു ആ കഥാപാത്രത്തിന്റെ സാന്നിധ്യങ്ങളേറെയും, ആ കഥാപാത്രത്തിന്റെ പെർഫോമൻസ് താഴേക്കു പോയാൽ ഒരുപക്ഷെ സിനിമ തന്നെ തകർന്നു പോയേനെ... മുകുന്ദൻ വാക്കീൽ എന്ത് ചെയ്താലും മാസ്സ് ആയി മാറിയതിന് പിന്നിൽ എതിർവശത്തു നിൽക്കുന്ന നടന്റെ പ്രകടനം കൂടി ഒരു കാരണമാണ്.
സലീമേട്ടന്റെ തകർപ്പൻ പ്രകടനത്തിനൊപ്പം, കാളൂരിനോടുള്ള അമർഷം കൂടിയാണ് മുകുന്ദൻ വക്കീലിനു പ്രേക്ഷകർ നൽകിയ കയ്യടിയുടെ ശക്തി സ്രോതസ്സ് എന്ന് എനിക്ക് തോന്നുന്നു. ആ സീനുകളൊക്കെ വളരെ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ഷൂട്ട് ചെയ്യാൻ സാധിച്ചതും ഈ പ്രതിഭകളുടെ കെമിസ്ട്രി കൂടി വർക്ക്‌ഔട്ട് ആയതുകൊണ്ടാണ്.. അതുകൊണ്ടൊക്കെ തന്നെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ആളുകളിലൊരാളായി നന്ദു ചേട്ടൻ എന്റെ മനസ്സിലും ഇടം നേടി... നന്ദി പറയാൻ ആവില്ല . കാരണം അതുക്കും മേലെയാണ് ഇവർക്കൊക്കെ എന്റെ മനസ്സിലുള്ള സ്ഥാനം..
എക്സ്പീരിയൻസ് എന്ന ഘടകത്തിനൊപ്പം എളിമ കൂടി ചേരുമ്പോഴാണ് ഒരു സാധാരണക്കാരൻ പ്രതിഭയാകുന്നത്.. ആ പ്രതിഭയ്‌ക്കൊരു ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് നന്ദു ചേട്ടൻ.