ആൻമരിയ കലിപ്പിലാണ്, ജവാൻ ഓഫ് വെള്ളിമല എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ലിയോണ. ഈ അടുത്തിടെ മികച്ച വിജയം നേടിയ ക്വീൻ എന്ന സിനിമയിലും ലിയോണയുടെ അഭിനയം ഏറെ ശ്രദ്ധപിടിച്ചുപറ്റി. ചിത്രത്തിൽ ലിയോണയ്ക്ക് പകരം മറ്റു നടിമാരെ സമീപിച്ചിരുന്നെന്നും അവർ ഒഴിവാക്കിയ വേഷമാണ് ലിയോണ ഗംഭീരമാക്കിയതെന്നും സിനിമയുടെ സംവിധായകനായ ഡിജോ പറയുന്നു.
സംവിധായകന്റെ വാക്കുകളിലേക്ക്–
അഭിരാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അനുഗ്രഹീത കലാകാരി ലിയോണയാണ്. കഥാപാത്രത്തിന്റെ പേര് പലയിടത്തും ആവർത്തിക്കുന്നുണ്ടായിരുന്നു എന്നാൽ എഡിറ്റിങ്ങിൽ പലതും ഒഴിവാക്കേണ്ടി വന്നു.
ക്വീൻ എന്ന ചിത്രത്തിൽ ഏറ്റവും പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ് അഭിരാമി. അതുകൊണ്ട് തന്നെ ഈ കഥാപാത്രത്തിനായി മലയാളി പ്രേക്ഷകർക്ക് മുഖ പരിചയമുള്ള ഒരു നടിയെ തേടി ഞങ്ങൾ അലഞ്ഞു. പക്ഷെ നിരാശയായിരുന്നു ഫലം. പലരും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. ഒരുപക്ഷെ ഒരു പുതുമുഖ സംവിധായകൻ, പുതിയ ബാനർ, നവാഗതർ മാത്രമടങ്ങുന്ന നായകനിര .. ഇതൊക്കെ കൊണ്ടാകാം ആ പിന്മാറ്റം.
പല താരങ്ങളെയും മനസ്സിൽ വെച്ച് ഒരുക്കിയ ആ കഥാപാത്രം... അവസാനം ചെന്നെത്തിയത് ലിയോണയുടെ കൈകളിലാണ്. അന്ന് അവരെ ആ കഥാപത്രം ചെയ്യാനായി കാസ്റ്റ് ചെയ്യുമ്പോൾ എനിക്കൊരുപാട് ടെൻഷൻ ഉണ്ടായിരുന്നു. ആൻമരിയ കലിപ്പിലാണ് എന്ന ഒറ്റ ചിത്രത്തിലൂടെ മാത്രമേ ഞാൻ അതുവരെ അവരുടെ പെർഫോമൻസ് കണ്ടിട്ടുണ്ടായിരുന്നുള്ളൂ... കാണുന്നവർക്ക് ഒരിക്കലും ഇത് എടുത്താൽ പൊങ്ങാത്ത കഥാപാത്രമായി ഫീൽ ചെയ്യരുത് എന്ന് നിര്ബന്ധമുണ്ടായിരുന്നു.
ഷൂട്ട് തുടങ്ങിയ ആദ്യ നാളുകളിലായിരുന്നു ലിയോണയുടെ പ്രാധാന രംഗങ്ങൾ എടുത്തത്. കോടതിമുറിയിലേക്കുള്ള രംഗങ്ങളും, സംഭാഷണങ്ങളും. എന്നാൽ എന്നെ ആശ്ചര്യപ്പെടുത്തി എന്ന് തന്നെ പറയാം. ആദ്യ ഷോട്ട് എടുത്തപ്പോൾ തന്നെ വല്ലാതെ സന്തുഷ്ടനായി. വളരെ വൈകാരികതയോടെ അഭിരാമിയെന്ന കഥാപാത്രത്തിന്റെ ചൂടും, ചൂരും അവർ തിരിച്ചറിഞ്ഞു...
ഞാൻ ഈ കഥാപാത്രത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞുകൊടുക്കുമ്പോൾ ലിയോണയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ടായിരുന്നു "അഭിരാമി" എത്രത്തോളം ഈ സിനിമയ്ക്ക് പ്രാധാന്യമുള്ളതാണെന്ന്. അതൊക്കെ അവരുടെ പ്രകടനത്തിലും നിറഞ്ഞു നിന്നു. ടെക്നിക്കൽ ക്രൂവിന്റെ സമയം ഒഴിച്ച് നിർത്തിയാൽ കോടതിമുറിയിലെ ലിയോണയുടെ രംഗങ്ങൾ ഷൂട്ട് ചെയ്തത് വെറും ഒന്നര മണിക്കൂറുകൊണ്ടായിരുന്നു.
റീടേക്കുകൾ അധികം എടുപ്പിക്കാതെ അത്രയ്ക്കും മികച്ച പെർഫോമൻസായിരുന്നു അവർ കാഴ്ചവെച്ചത്. അത് സിനിമയിലും കാണാൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം. സിനിമയിലെ മഴയത്തു നിൽക്കുന്ന ആദ്യ സീൻ ഷൂട്ട് ചെയ്യുന്നത് പനമ്പിള്ളി നഗറിൽ വെച്ച് രാവിലെ 6 മണി വരെ സമയമെടുത്താണ്. എന്നാൽ അപ്പോഴൊക്കെ വളരെ ആത്മാർത്ഥതയോടെയാണ് അവർ ഷൂട്ടിന് സഹകരിച്ചത്. യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെ, പരമാവധി ഞങ്ങളെ സപ്പോർട്ട് ചെയ്തു.
ആ സമയത്ത് ഞങ്ങൾ അത്രയും ആൺകുട്ടികളുടെ കൂടെ അവർ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു പെൺകുട്ടിയെന്ന നിലയിൽ അവർ കാണിച്ച മനോധൈര്യവും, അർപ്പണബോധവുമൊക്കെയാണ് സത്യത്തിൽ ക്വീൻ പറയാനുദ്ദേശിച്ച സന്ദേശവും... പല കഥാപാത്രങ്ങളും പ്രശസ്തിയുടെ മറവിൽ പലരിലും ഒതുങ്ങി പോകുമ്പോഴും..
ഇത്രയും ആത്മാർത്ഥതയുള്ള, കഴിവുള്ള നടിമാർക്ക് അവരുടെ കഴിവുകളെ പൂർണ്ണമായും ഉപയോഗിക്കാൻ സാധിക്കുന്ന കഥാപാത്രങ്ങൾ അവർക്ക് ലഭിക്കുന്നില്ലല്ലോ എന്നാലോചിച്ചപ്പോൾ അത്ഭുതം തോന്നി.. അങ്ങനെ ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷെ കാസ്റ്റിങ് സമയത്ത് രണ്ടാമത് ഒന്നാലോചിക്കാതെ ആദ്യമേ അഭിരാമിയെ ലിയോണയിലൂടെ ഞങ്ങൾ കണ്ടേനെ...
ഇന്ന് പല ട്രോളുകളിലും "ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് " എന്നുള്ള അടിക്കുറിപ്പോടെ memes ആയി ലിയോണയുടെ മുഖം ഉപയോഗിക്കുന്നത് ഒരുപാട് കണ്ടു.. അതേ അതൊരു തെളിവാണ് .. അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ ആ കഥാപാത്രം പ്രേക്ഷകന്റെ ഉള്ളിൽ മുഖമായി പതിഞ്ഞു കഴിഞ്ഞിരിക്കുന്നു... അഭിരാമിയുടെ മുഖം.. ഇനിയും ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത്, ഇനിയും പ്രേക്ഷകന്റെ ഹൃദയത്തിൽ ഇടം നേടാനാകട്ടെ... ലിയോണയ്ക്ക് ഞങ്ങളുടെ അഭിരാമിക്ക് എല്ലാവിധ ആശംസകളും..