കാലാപാനി എന്ന വിസ്മയം; ഷൂട്ട് 60 ദിവസം; അന്നത്തെ മെഗാ ബജറ്റ്; കുറിപ്പ്
1996 ഏപ്രിൽ 6...ഇന്ത്യ എന്ന മാതൃരാജ്യത്തിനു വേണ്ടി ബ്രിട്ടീഷുകാരിൽ നിന്ന് പീഡനങ്ങൾ ഏറ്റ് വാങ്ങിയ, ജീവൻ ബലിയർപ്പിച്ച, ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഒരു കൂട്ടം ജനങ്ങളുടെ കഥ പറഞ്ഞ് അഭ്രപാളികളിൽ ദൃശ്യ വിസ്മയം തീർത്ത ടി. ദാമോദരൻ- പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ കാലാപാനി എന്ന വിസ്മയം റിലീസായിട്ട് ഇന്നേക്ക്
1996 ഏപ്രിൽ 6...ഇന്ത്യ എന്ന മാതൃരാജ്യത്തിനു വേണ്ടി ബ്രിട്ടീഷുകാരിൽ നിന്ന് പീഡനങ്ങൾ ഏറ്റ് വാങ്ങിയ, ജീവൻ ബലിയർപ്പിച്ച, ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഒരു കൂട്ടം ജനങ്ങളുടെ കഥ പറഞ്ഞ് അഭ്രപാളികളിൽ ദൃശ്യ വിസ്മയം തീർത്ത ടി. ദാമോദരൻ- പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ കാലാപാനി എന്ന വിസ്മയം റിലീസായിട്ട് ഇന്നേക്ക്
1996 ഏപ്രിൽ 6...ഇന്ത്യ എന്ന മാതൃരാജ്യത്തിനു വേണ്ടി ബ്രിട്ടീഷുകാരിൽ നിന്ന് പീഡനങ്ങൾ ഏറ്റ് വാങ്ങിയ, ജീവൻ ബലിയർപ്പിച്ച, ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഒരു കൂട്ടം ജനങ്ങളുടെ കഥ പറഞ്ഞ് അഭ്രപാളികളിൽ ദൃശ്യ വിസ്മയം തീർത്ത ടി. ദാമോദരൻ- പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ കാലാപാനി എന്ന വിസ്മയം റിലീസായിട്ട് ഇന്നേക്ക്
1996 ഏപ്രിൽ 6, സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ജീവൻ ബലിയർപ്പിച്ച് ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ധീരന്മാരുടെ കഥ പറഞ്ഞ കാലാപാനി എന്ന വിസ്മയം റിലീസായിട്ട് ഇന്നേക്ക് 24 വർഷങ്ങൾ. അഭ്രപാളികളിൽ ദൃശ്യ വിസ്മയം തീർത്ത ചിത്രത്തിനു പിന്നിൽ ടി. ദാമോദരൻ- പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടായിരുന്നു.
മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവ് ഉള്ള സിനിമകളിലൊന്ന്, മലയാള പതിപ്പിന് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ സാധിക്കും എന്ന് ഇന്ത്യൻ സിനിമയ്ക്ക് കാണിച്ച് കൊടുത്ത സിനിമ കൂടിയാണ് പ്രിയദർശന്റെ കാലാപാനി....
മലയാള സിനിമ പ്രേക്ഷകർ മോഹൻലാലിനെ നായകനായി ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിട്ടുള്ളത്, ഇപ്പോഴും ആഗ്രഹിക്കുന്നത് പ്രിയദർശന്റെ സിനിമകളിലാണ്...
പ്രിയദർശൻ സിനിമകളിലെ മോഹൻലാൽ, അത് കണ്ണിന് കുളിർമ നല്കുന്ന ഒരു കാഴ്ച്ച തന്നെയാണ്, ഒരിക്കലും മലയാളിക്ക് മടുക്കാത്ത കാഴ്ചകളിലൊന്ന്. മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്... ഗോവർദ്ധന്റെ പ്രണയവും വിരഹവും രാജ്യസ്നേഹവും നിസ്സഹായതയും പ്രതികാരവും ഒക്കെ എത്ര സൂക്ഷമതയോടെയാണ്, എത്ര മനോഹരമായിട്ടാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്...
പ്രിയദർശൻ, മലയാള സിനിമയിൽ പ്രേക്ഷകരെ ഇത്രമാത്രം എന്റർടെയ്ൻ ചെയ്യിപ്പിച്ച ഒരു സംവിധായകൻ വേറെ ഉണ്ടാകില്ല എന്ന് പറയാം... പ്രേക്ഷകർക്ക് എന്താണ് വേണ്ടത്, അവരെ എങ്ങനെ കൈയിലെടുക്കാം, അതിലുപരി മോഹൻലാലിനെ പേക്ഷകർക്ക് തിരശ്ശീലയിൽ എങ്ങനെ കാണാനാണ് ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകൻ ആണ് പ്രിയദർശൻ... കോമഡി സിനിമകൾ തുടരെ ചെയ്തിരുന്ന സംവിധായകൻ തന്നെയാണ് 1915 ലെ ആൻഡമാൻ ജയിൽപുള്ളികളുടെ കഥ പറഞ്ഞ കാലാപാനി എന്ന സീരിയസ് സിനിമ ഇത്ര മികച്ച രീതിയിൽ അവതരിപ്പിച്ചത് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്... ഏത് ജോണറിലുള്ള സിനിമയും പ്രിയദർശൻ എന്ന സംവിധായകന്റെ കൈകളിൽ ഭദ്രമാണ് എന്ന് ഒരിക്കൽ കൂടി അടിവരയിട്ട് കാലാപാനി തെളിയിച്ചു....
കാലാപാനിയിൽ ഒട്ടനവധി ഹൃദയസ്പർശിയായ മികച്ച രംഗങ്ങളുണ്ട്... കപ്പലിൽ വെച്ച് വസൂരി രോഗം വന്നവരെ വെടി വെച്ച് കൊല്ലുന്നതും അത് ഗോവർദ്ധനും മറ്റുള്ളവരും നിസ്സഹായതോടെ നോക്കി നില്ക്കുന്ന രംഗം, ജയിൽ ചാടിയതിന് ശിക്ഷ ഏറ്റ് വാങ്ങി പ്രഭുവിന്റെ മുകുന്ദൻ സെല്ലിൽ വന്ന് കമിഴ്ന്ന് കിടന്ന് പാത്രത്തിൽ നിന്ന് കഞ്ഞി കുടിക്കുന്നതും അത് കണ്ട് വേദനയോടെ ഗോവർദ്ധൻ ജയിലഴികളിൽ തലയടിക്കുന്ന രംഗം, ''an Indians back is not a foot board'' എന്ന് ഗോവർദ്ധൻ കളക്ടർ സായിപ്പിനോട് പറയുന്ന രംഗത്തിനാണ് തിയേറ്ററിൽ ഏറ്റവും കൈയ്യടി കിട്ടിയത്... ചെമ്പൂവേ ഗാനരംഗം, ഗോവർദ്ധനെ പോലീസ് ട്രെയിനിൽ കൊണ്ട് പോകുമ്പോൾ പാർവതി ട്രെയിനിന്റെ ജനലഴികളിൽ പിടിച്ച് കരയുന്ന രംഗത്തിൽ തബ്ബു എത്ര മനോഹരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്...
മിർസ ഖാന്റെ ഷൂ കൈ കൊണ്ട് വൃത്തിയാക്കാൻ ഗോവർദ്ധൻ വരുന്നതും, കൈ കൊണ്ടല്ല നാക്ക് കൊണ്ടാണ് ഷൂ വൃത്തിയാക്കേണ്ടത് എന്ന് മിർസ ഖാൻ ആജ്ഞാപിക്കുമ്പോൾ ഗോവർദ്ധന്റെ മുഖത്ത് മിന്നി മറയുന്ന നിസ്സഹായതയുടെയും വേദനയുടെയും അമർഷത്തിന്റെയും ഭാവങ്ങൾ മോഹൻലാൽ എത്ര മനോഹരമായിട്ടാണ്, അതിലുപരി എത്ര സ്വഭാവികമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്... കാലാപാനിയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ നൊമ്പരപ്പെടുത്തിയ രംഗങ്ങളിൽ ഒന്നാണിത്... ജയിൽ ചാടാൻ ശ്രമിച്ചവരെയെല്ലാം കൂട്ടക്കൊല ചെയ്യുന്നതും അതിന് ശേഷം അവരെയെല്ലാം വലിയ ചിതയിലേയ്ക്ക് വലിച്ച് എറിയുന്നതും ഒക്കെ കാലാപാനിയിലെ ഹൃദയഭേദകമായ രംഗങ്ങളാണ്.... ജയിൽ ചാടിയ ശേഷം വിശപ്പ് താങ്ങാനാകാതെ പരമാനന്ദ് എന്ന കഥാപാത്രം മണ്ണ് വാരി തിന്നാൻ ശ്രമിക്കുന്നതും അതിന് ശേഷം മറ്റൊരു സഹതടുവുക്കാരെ കൊന്ന് ഭക്ഷിക്കുന്നതുമായ രംഗമാണ് കാലാപാനിയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചതും നൊമ്പരപ്പെടുത്തിയതും...
വിശപ്പിന്റെ കാഠിന്യത്താൽ സ്വന്തം കൂട്ടുകാരനെ കൊന്ന് പച്ച മാംസം ഭക്ഷിക്കുന്ന മനുഷ്യന്റെ അവസ്ഥ കാണുന്ന ഗോവർദ്ധന്റെ അമ്പരപ്പും അറപ്പും സങ്കടവും എല്ലാം മോഹൻലാൽ എത്ര വിസ്മയിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്... മുകുന്ദനെ രക്ഷിക്കുന്നതായി ജയിൽ ചാടിയതിന്റെ ഉത്തരവാദിത്വം ഗോവർദ്ധൻ സ്വയം ഏറ്റെടുക്കുന്നതും അതിന്റെ ശിക്ഷ ഏറ്റ് വാങ്ങിയ ശേഷം സെല്ലിലേക്ക് പോലീസ്ക്കാർ കൊണ്ട് വന്നിടുന്നതും എഴുന്നേറ്റ് നടക്കാൻ ആകാതെ ഗോവർദ്ധൻ വീഴുന്നതുമൊക്കെ കാലാപാനിയിലെ മറ്റൊരു മികച്ച രംഗമാണ്.... മുകുന്ദനെ കൊല്ലാനായി പോലീസ് കൂട്ടി കൊണ്ട് പോകുമ്പോൾ തിരിഞ്ഞ് നിന്ന് ഗോവർദ്ധനോട് അവസാന യാത്ര പറയുന്ന രംഗം പ്രഭു വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു.... മുകുന്ദൻ കൊല്ലപ്പെട്ടത് അറിഞ്ഞ് ജയിലഴികളിൽ പിടിച്ച് ഗോവർദ്ധൻ കരയുന്നത് മറ്റൊരു ഹൃദയസ്പർശിയായ രംഗമാണ്... ക്ലൈമാക്സിൽ മിർസ ഖാനെ കൊന്നതിന് ശേഷം ഗോവർദ്ധന്റെ ഒരു ഭാവം ഉണ്ട് , വർണനാതീതമാണ് അതൊക്കെ....
സ്വരാജ് എന്ന പത്രത്തിന്റെ എഡിറ്റർമാരിൽ ഒരാളാണ് പാണ്ഡ്യൻ എന്ന് അറിയുമ്പോൾ ഉള്ള ഗോവർദ്ധന്റെ ഭാവ വ്യത്യാസം, ഒപ്പം ഓരൊ സംഭാഷങ്ങളിലും മുഖത്ത് വരുന്ന ഭാവങ്ങൾ, വിസ്മയം എന്ന പദം ഒന്നും പോരാതെ വരും ഇത്തരത്തിലുള്ള അഭിനയത്തെ വിശേഷിപ്പിക്കാൻ... സബ്റ്റിൽ ആക്റ്റിങ്ങിന്റെ പൂർണതയാണ് ഇത്തരം രംഗങ്ങളിൽ മോഹൻലാൽ പ്രേക്ഷകർക്കായി സമ്മാനിക്കുന്നത്....
1995 ക്രിസ്തുമസ് റിലീസായിട്ടാണ് കാലാപാനി ആദ്യം ചാർട്ട് ചെയ്തിരുന്നത്, പിന്നീടത് റിലിസ് 1996 ഏപ്രിൽ ലേക്ക് മാറ്റി...റിലീസിന് മുമ്പ് തന്നെ മികച്ച നടൻ ഉൾപ്പെടെ 1995 ലെ സംസ്ഥാന അവാർഡുകൾ കാലാപാനി തൂത്ത് വാരിയത്, ഒപ്പം അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഉണ്ടായ വിവാദങ്ങൾ ഒക്കെ സിനിമ പ്രേമികളുടെ കാലാപാനിയെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തി...
ഒരു സിനിമയ്ക്ക് വേണ്ടി കേരളത്തിലെ ഒട്ടുമിക്ക A ക്ലാസ് തിയേറ്ററുകളിലെയും സൗണ്ട് സിസ്റ്റം നവീകരിക്കുക എന്നത് അന്ന് വളരെ കൗതുകം ഉണർത്തുന്ന വാർത്തയായിരുന്നു... അതെ, കാലാപാനിക്ക് വേണ്ടിയാണ് കേരളത്തിലെ മിക്ക തിയേറ്ററുകളിലും ഡോൽബി സൗണ്ട് സിസ്റ്റം കൊണ്ട് വന്നത്...
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി കാലാപാനി മൊഴി മാറ്റി റിലീസ് ചെയ്തു, അതും സ്വപ്നതുല്യമായ പ്രീ റിലീസ് പ്രൊമോഷൻ കിട്ടി കൊണ്ട് തന്നെ....
1996 ൽ ഏറ്റവും വലിയ വിജയം നേടിയ സിനിമകളിൽ ഒന്ന് കാലാപാനി ആയിരുന്നു, 5 റിലീസ് തിയറ്ററുകളിൽ 100+ ദിവസം, ഒപ്പം തമിഴ് പതിപ്പായ 'ശിറൈശാല'യും മികച്ച വിജയം നേടിയിരുന്നു..... മലയാളത്തിൽ ഒഴിവാക്കിയ 'കൊട്ടും കുഴൽ വിളി' എന്ന പാട്ട് തമിഴ് പതിപ്പ് 'ശിറൈശാലയിൽ ഉൾപ്പെടുത്തിയിരുന്നു...
1995 ലെ 5 നാഷനൽ അവാർഡകളും 7 സംസ്ഥാന അവാർഡുകളും കാലാപാനിക്ക് ലഭിച്ചിരുന്നു. കാലാപാനിയിലെ പെർഫോമൻസിന് 1995 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാൽ നേടിയിരുന്നു.
നാഷനൽ അവാർഡ് നിർണയത്തിന്റെ അവസാന റൗണ്ടിൽ കാലാപാനിയിലെ മികച്ച പ്രകടത്തിന് മോഹൻലാൽ ഉണ്ടായിരുന്നുവെങ്കിലും കിരീടത്തിലെയും സദയത്തിലെയും അതി ഗംഭീര പെർഫോമൻസുകൾ മുൻ വർഷങ്ങളിൽ തഴയപ്പെട്ടത് പോലെ തന്നെ വീണ്ടും നിർഭാഗ്യം മോഹൻലാലിനെ പിൻതുടർന്നു.
1995-96 കാലഘട്ടത്തിൽ മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച സിനിമയാണ് കൂടിയാണ് കാലാപാനി.. ഒന്നൊന്നര കോടി രൂപയ്ക്ക് സൂപ്പർ സ്റ്റാർ സിനിമകൾ നിർമിച്ചിരുന്ന കാലത്താണ് കാലാപാനി നാലഞ്ച് കോടി രൂപയോളം ചെലവിട്ട് മോഹൻലാൽ നിർമിച്ചത്, കൂടെ ഗുഡ്നൈറ്റ് മോഹനും ഉണ്ടായിരുന്നു നിർമാണ പങ്കാളിയായി. കാലാപാനിയുടെ ഹിന്ദി പതിപ്പിന്റെ( Saza-e-Kalapani') റൈറ്റ്സ് അമിതാഭ് ബച്ചന്റെ ABCL ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കിയത് അക്കാലത്ത് വലിയ വാർത്തയായിരുന്നു.
കാലാപാനിയെ കുറിച്ച് പറയുമ്പോൾ എടുത്ത് പറയേണ്ട കാര്യം അല്ലെങ്കിൽ അതിശയിപ്പിക്കുന്ന കാര്യം, ഈ സിനിമ ചിത്രീകരിക്കാൻ പ്രിയദർശന് 60 ദിവസങ്ങൾ പോലും വേണ്ടി വന്നില്ല എന്നുള്ളതാണ്... മണിരത്നം കാലാപാനിയെ കുറിച്ച് ഒരിക്കൽ ഒരു മാഗസിനിൽ പറഞ്ഞത് 'ഞാനായിരുന്നു ഈ സിനിമ എടുത്തതെങ്കിൽ ഒരു വർഷത്തിലധികം വേണ്ടി വരുമായിരുന്നു ചിത്രീകരണം പൂർത്തികരിക്കാൻ' എന്നാണ്.
ടി. ദാമോദരന്റെയും പ്രിയദർശന്റെയും മികച്ച തിരക്കഥ, പ്രിയദർശന്റെ സംവിധാന മികവ്,സന്തോഷ് ശിവന്റെ ഛായാഗ്രാഹണം, സാബു സിറിളിന്റെ കലാസംവിധാനം, ഇളയരാജയുടെ മികച്ച ഗാനങ്ങളും പശ്ചാത്തസംഗീതവും, മറ്റു നടീനടന്മാരുടെ മികച്ച പെർഫോമൻസുകളും ഒക്കെ കാലാപാനിയെ കൂടുതൽ മികവുറ്റതാക്കി,എന്നും ഓർക്കാവുന്ന, അഭിമാനിക്കാവുന്ന ഒരു സിനിമയാക്കി മാറ്റി.
1996 ഏപ്രിൽ 6 ന് എറണാകുളം കവിത തിയേറ്ററിൽ നിന്നും ആദ്യ ദിവസം ആദ്യ ഷോ കണ്ടതാണ് ഞാൻ കാലാപാനി...കൊടുങ്ങല്ലർ ശ്രീകാളിശ്വരി തിയേറ്ററിൽ റിലീസ് ഉണ്ടായിരുന്നിട്ട് കൂടി ഡോൾബി സിസ്റ്റത്തിൽ ആദ്യമായി സിനിമ കാണാൻ വേണ്ടിയാണ് കവിത തിയേറ്ററിലേയ്ക്ക് ഞങ്ങൾ പത്ത് പേരോളം അടങ്ങുന്ന സംഘം രാവിലെ 6.30 ന് കൊടുങ്ങല്ലൂരിൽ നിന്ന് എറണാകുളത്തേക്ക് ബസ് കയറിയത്.... രാവിലെ 6.30 ന് തന്നെ ശ്രീകാളീശ്വരി തിയറ്റർ കോമ്പൗണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു ..കവിത തിയേറ്ററിലെ അന്നത്തെ മാനേജർ എന്റെ കസിന്റെ അടുത്ത ബന്ധു ആയിരുന്നത് കൊണ്ട് ടിക്കറ്റ് ഒക്കെ നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചിരുന്നു. എന്നിലെ സിനിമ ആസ്വാദകന് പൂർണ സംതൃപ്തി നല്കിയ കാലാപാനി നാല് പ്രാവശ്യം തിയേറ്ററിൽ നിന്ന് തന്നെ കണ്ടിട്ടുണ്ട്..ഗോവർദ്ധനും മുകുന്ദനും മറ്റ് തടവ്ക്കാരും ഏറ്റ് വാങ്ങിയ പീഡനങ്ങളും യാതനകളും ഒപ്പം ഗോവർദ്ധനന്റെയും പാർവ്വതിയുടെയും പ്രണയവും വിരഹവും ഒക്കെ ഇന്നും ഒരു നൊമ്പരമായി വിങ്ങലായി മനസിൽ അവശേഷിക്കുന്നു.
24 വർഷങ്ങൾക്കിപ്പുറവും കാലാപാനിയെ കുറിച്ച്, കാലാപാനിയുടെ സാങ്കേതിക മികവിനെ കുറിച്ച് പ്രേക്ഷകർ പുകഴ്ത്തുന്നുണ്ടെങ്കിൽ അത് പ്രിയദർശൻ എന്ന ക്രാഫ്റ്റ്മാന്റെ സംവിധാന പാടവം കൊണ്ടാണ്, സന്തോഷ് ശിവന്റെ പകരം വെയ്ക്കാനില്ലാത്ത ഛായാഗ്രഹണ മികവ് കൊണ്ടാണ്, അതിലുപരി മോഹൻലാൽ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ടാണ്.
മലയാള സിനിമയ്ക്ക് എന്നെന്നും അഭിമാനിക്കാവുന്ന കാലാപാനി എന്ന സിനിമ സമ്മാനിച്ച തിരക്കഥാകൃത്ത് ടി ദാമോദരൻ, സംവിധായകൻ പ്രിയദർശൻ, നിർമ്മാതാക്കാളായ മോഹൻലാൽ - ഗുഡ്നൈറ്റ് മോഹൻ, പിന്നെ ഗോവർദ്ധനായി അരങ്ങിൽ നിറഞ്ഞാടിയ മോഹൻലാൽ എന്നിവരോട് നന്ദി പറഞ്ഞ് കൊണ്ട്, കുഞ്ഞാലി മരക്കാർ കാലാപാനിയേക്കാൾ മികച്ച ഒരു സൃഷ്ടി ആകട്ടെ എന്ന് ആശംസിച്ച് കൊണ്ട് നിർത്തുന്നു.