ഫൻഡ്രി- പന്നിവേട്ടയുടെ ജാതിരാഷ്ട്രീയം
‘ഫാൻഡ്രി’ എന്ന മറാഠി വാക്കിന്റെ അർഥം പന്നി എന്നാണ്. വലിയ വികസനമോ പുരോഗതിയോ എത്തിച്ചേർന്നിട്ടില്ലാത്ത മഹാരാഷ്ട്രയിലെ അകോൽനർ എന്ന ഉൾനാടൻ ഗ്രാമത്തിലെ മേൽജാതിക്കാർ ഇടത്തരം ധനികരും കീഴാളർ അന്നത്തെ ആഹാരത്തിനുവേണ്ടി കഷ്ടപ്പെടുന്നവരുമാണ്. മനുഷ്യനെ പന്നിയെക്കാളും നികൃഷ്ടമായികാണുന്ന ജാതിവ്യവസ്ഥ അവിടുത്തെ
‘ഫാൻഡ്രി’ എന്ന മറാഠി വാക്കിന്റെ അർഥം പന്നി എന്നാണ്. വലിയ വികസനമോ പുരോഗതിയോ എത്തിച്ചേർന്നിട്ടില്ലാത്ത മഹാരാഷ്ട്രയിലെ അകോൽനർ എന്ന ഉൾനാടൻ ഗ്രാമത്തിലെ മേൽജാതിക്കാർ ഇടത്തരം ധനികരും കീഴാളർ അന്നത്തെ ആഹാരത്തിനുവേണ്ടി കഷ്ടപ്പെടുന്നവരുമാണ്. മനുഷ്യനെ പന്നിയെക്കാളും നികൃഷ്ടമായികാണുന്ന ജാതിവ്യവസ്ഥ അവിടുത്തെ
‘ഫാൻഡ്രി’ എന്ന മറാഠി വാക്കിന്റെ അർഥം പന്നി എന്നാണ്. വലിയ വികസനമോ പുരോഗതിയോ എത്തിച്ചേർന്നിട്ടില്ലാത്ത മഹാരാഷ്ട്രയിലെ അകോൽനർ എന്ന ഉൾനാടൻ ഗ്രാമത്തിലെ മേൽജാതിക്കാർ ഇടത്തരം ധനികരും കീഴാളർ അന്നത്തെ ആഹാരത്തിനുവേണ്ടി കഷ്ടപ്പെടുന്നവരുമാണ്. മനുഷ്യനെ പന്നിയെക്കാളും നികൃഷ്ടമായികാണുന്ന ജാതിവ്യവസ്ഥ അവിടുത്തെ
‘ഫൻഡ്രി’ എന്ന മറാഠി വാക്കിന്റെ അർഥം പന്നി എന്നാണ്. വലിയ വികസനമോ പുരോഗതിയോ എത്തിച്ചേർന്നിട്ടില്ലാത്ത മഹാരാഷ്ട്രയിലെ അകോൽനർ എന്ന ഉൾനാടൻ ഗ്രാമത്തിലെ മേൽജാതിക്കാർ ഇടത്തരം ധനികരും കീഴാളർ അന്നത്തെ ആഹാരത്തിനുവേണ്ടി കഷ്ടപ്പെടുന്നവരുമാണ്. മനുഷ്യനെ പന്നിയെക്കാളും നികൃഷ്ടമായികാണുന്ന ജാതിവ്യവസ്ഥ അവിടുത്തെ സാമൂഹികജീവിതത്തെ നിയന്ത്രിക്കുന്നു. പന്നിപിടുത്തം കുലത്തൊഴിലായ കച്രുമാന്റെ കുടുംബത്തെ തീണ്ടാപ്പാട് അകലെനിർത്തുന്ന ഈ സാമൂഹിക വ്യവസ്ഥയെ ചോദ്യംചെയ്യാനുളള തിരിച്ചറിവും ധൈര്യവും എഴുത്തോ വായനയോ അറിയാത്ത അയാൾക്കില്ല.
പക്ഷേ കച്രുമാന്റെ ഇളയ മകൻ പതിനാലു വയസ്സുകാരൻ ജംബുവത് എന്ന ജബ്യ തന്റെ കുടുംബത്തെ ജാതിയുടെ പേരിൽ കളിയാക്കുന്ന സവർണസമൂഹത്തെ കല്ലെടുത്തെറിയുമ്പോൾ ‘ഫൻഡ്രി’ ദലിത് സ്വത്വസംഘർത്തിന്റെ അതിഭാവുകത്വമില്ലാത്ത ചലച്ചിത്ര അനുഭവമായി മാറുന്നു. തുല്യതയിലും നീതിവ്യവസ്ഥയിലും പുലരുന്ന സമൂഹത്തെ കെട്ടിപ്പടുക്കാൻ വിദ്യാഭ്യാസംകൊണ്ടുമാത്രമേ സാധിക്കു എന്ന അംബേദ്ക്കർ ആശയം ‘ഫൻഡ്രി’യിലൂടെ ഒരിക്കൽകൂടി ഓർമിപ്പിക്കപ്പെടുന്നു.
അച്ഛനും അമ്മയും രണ്ടു മൂത്തസഹോദരിമാരും മുത്തച്ഛനുമടങ്ങിയ വലിയ കുടുംബത്തിൽ ജബ്യ മാത്രമേ സ്കൂളിൽപോയിട്ടുള്ളൂ. ജബ്യക്ക് സ്കൂളിൽ പോകാൻ വളരെ ഇഷ്ടമാണ്. അതിന്റെ കാരണം സഹപാഠിയായ ശാലുവിനോടുള്ള കടുത്ത ആരാധനയായിരിക്കാം. പക്ഷേ വീട്ടിലെ കൊടിയ ദാരിദ്രം അവനെ പലപ്പോഴും അച്ഛനമ്മമാരെ തൊഴിലിടങ്ങളിൽ സഹായിക്കാൻ നിർബന്ധിതനാക്കുന്നു. നഷ്ടപ്പെട്ട ക്ലാസുകളെക്കുറിച്ച് അമ്മയോട് ജബ്യ പരിഭവം പറയുമ്പോഴും ഹോംവർക്കുകളെക്കുറിച്ച് ക്ലാസിലെ മറ്റുകുട്ടികളോട് ചോദിച്ചറിയുമ്പോഴും അവന് സ്കൂളിൽപോകാനുള്ള കാരണം ശാലു മാത്രമല്ലാതായിമാറുന്നു.
അച്ഛന്റെ ചീത്തവാക്കുകൾ കേട്ടില്ലെന്നുനടിച്ച് മണ്ണെണ്ണ വിളക്ക് കത്തിച്ചുവച്ചു ഹോം വർക്ക് ചെയ്യുമ്പോഴും അവന്റെ ലക്ഷണമൊത്ത കൈപ്പടയെ കൂട്ടുകാരൻ പ്രശംസിക്കുമ്പോഴും ജബ്യയ്ക്ക് അക്ഷരങ്ങളോടാണ് പ്രണയം എന്നു മനസിലാക്കാം. വാൻഹുസൈൻ ജീൻസും ടീഷർട്ടുമിട്ട് ശാലുവിന്റെ കൈപിടിച്ച് നടക്കുന്നതിന് പന്നിപിടുത്തക്കാരന്റെ മകൻ എന്ന മേൽവിലാസം തടസ്സമാകുന്നതിനെ വിദ്യഭ്യാസംകൊണ്ടു മാത്രം മറികടക്കാനാകൂ എന്ന് ജബ്യയിലൂടെ പറയാൻ സിനിമ ശ്രമിക്കുന്നുണ്ട്.
സിനിമയിലുടനീളം കറുത്ത കുരുവിയെ കവണ വച്ചു പിടിക്കാൻ ശ്രമിക്കുന്ന ജബ്യയെ കാണാം. അതിനു പിന്നിൽ സൈക്കിൾവർക്ഷോപ്പുകാരൻറെ ഉപദേശമായിരുന്നു. കറുത്ത കുരുവിയെ ചുട്ടെടുത്ത ചാരം ശാലുവിൻറെ ദേഹത്ത് വിതറിയാൽ അവളെ എന്നേക്കുമായി സ്വന്തമാക്കാനാകുമത്രേ. ഇത് വിശ്യസിക്കുന്ന ജബ്യ താൽക്കാലികമായിട്ടെങ്കിലും കാൽപനികതയിൽ കുടുങ്ങിപ്പോകുന്നുണ്ട്. സിനിമയിൽ കറുത്ത കുരുവിയും കറുത്ത പന്നിയും യഥാക്രമം കാൽപ്പനികതയുടെയും യാഥാർത്ഥ്യബോധത്തിന്റെയും പ്രതീകങ്ങളാണ്. പട്ടണത്തിലെ വളർത്തുമൃഗവിൽപ്പനക്കാരനും ജബ്യയുടെ മുത്തച്ഛനും മാന്ത്രിക സിദ്ധിയുള്ള കറുത്ത കുരുവിയെക്കുറിച്ച് ആശവഹമായ ഉത്തരമൊന്നും ജബ്യക്കു നൽകുന്നില്ല. ഇതിലൂടെ കുരുവി ഒരു മിഥ്യസങ്കൽപ്പം മാത്രമാണെന്ന് തിരിച്ചറിയാം.
കുരുവിയെ പിടിച്ചാൽ കാര്യം നടക്കുമെന്ന് ജബ്യക്ക് ഉപദേശം നൽകുന്ന വർക്ക്ഷാപ്പുകാരനെ ഒരു മദ്യാപനിയായി ചിത്രീകരിക്കുന്നതിലൂടെ കുരുവിയുടെ മാന്ത്രികസിദ്ധി വെറും കെട്ടുകഥ മാത്രമാണെന്ന് മനസിലാക്കാം. പക്ഷേ ജബ്യ പ്രായത്തിന്റെ നിഷ്കളങ്കത കൊണ്ടാകണം അത് സത്യമാണെന്ന് വിശ്വസിച്ചുപോകുന്നു. ജബ്യക്ക് ഒരിക്കലും കുരുവിയെ പിടികൂടാനാകുന്നില്ല. കുരുവിയെ എങ്ങിനേയും പിടിക്കുക എന്ന ലക്ഷ്യം അവന് നഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കുന്നുള്ളൂ എന്നത് സിനിമയിൽ മൂന്ന് സന്ദർഭങ്ങളിലൂടെ വെളിവാകുന്നു. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ രൂപകൊണ്ട് ജീൻസും ഷർട്ടും വാങ്ങണമെന്ന വാശിയിൽ കൂട്ടുകാരൻറെകൂടെ വാടകയ്ക്കെടുത്ത സൈക്കിളിൽ ഐസ് സ്റ്റിക് വിൽക്കാൻ പോകുന്ന ജബ്യ നഗരത്തിൽ വളർത്തുമൃഗങ്ങളെ വിൽക്കുന്ന ഷോപ്പിൽ കറുത്ത കുരുവിയെ അന്വേഷിക്കാൻ കയറുന്നു.
അപ്പോൾ ഒരു ട്രക്കിനടിയിൽപ്പെട്ട് ജബ്യയുടെ സൈക്കിളും ഐസ്സ്റ്റിക് നിറച്ച പെട്ടിയും തവിടുപൊടിയാകുന്നു. വാവിട്ടു നിലവിളിക്കാൻ മാത്രമേ അപ്പോൾ ജബ്യക്കാകുന്നുള്ളൂ. കുരുവിയെ അന്വേഷിച്ച് കടയിൽ കയറിയിരുന്നില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ ജബ്യക്ക് തന്റെ വരുമാനമാർഗം നഷ്ടപ്പെടില്ലായിരുന്നു. മറ്റൊരു സന്ദർഭത്തിൽ കുരുവിയെ ചുടുന്നതും ശാലുവിനെ സ്വന്തമാക്കുന്നതും സ്വപ്നം കാണുന്നതിനിടയിൽ അച്ഛൻ അവനെ കുലുക്കി വിളിച്ച് പന്നിവേട്ടയ്ക്കു പോകാനുള്ള സമയമായി എന്നോർമിപ്പിക്കുന്നു. പന്നിവേട്ടയ്ക്കിടയിൽ ഒരു മരക്കൊമ്പിലിരിക്കുന്ന കുരുവിയെ ജബ്യ കണ്ടു. അതിനെ എറിഞ്ഞുവീഴ്ത്താൻ അവൻ ഉന്നംവയ്ക്കുമ്പോൾ കറുത്ത് തടിച്ച ഒരു വലിയ പന്നി അവനെ തട്ടിവീഴ്ത്തിക്കൊണ്ട് ശരവേഗത്തിൽ പാഞ്ഞുപോകുന്നു. ഈ മൂന്നു സന്ദർഭങ്ങളിലും ജബ്യ ജീവിതത്തിന്റെ കടുത്ത യാഥാർഥ്യത്തിലേക്ക് ഞെട്ടിയുണരുന്നു.
ശാലുവിനോടുള്ള ജബ്യയുടെ പ്രണയം നിരന്തരം അഭിമാനക്ഷതങ്ങൾ നൽകുന്ന തീരാവേദനയെ കുറേക്കൂടി തീവ്രമാക്കാനുള്ള ഒരു ഉപാധി മാത്രമാണ്. ശാലു തന്നേക്കാൾ ഉയർന്ന ജാതിക്കാരിയാണെന്ന് ജബ്യ തിരിച്ചറിയാതെയിരിക്കുന്നില്ല. ജബ്യ ശാലുവിനെഴുതുന്ന പ്രേമലേഖനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പക്ഷേ ജബ്യക്ക് തൻറെ ജാതിയെയോ അതു തരുന്ന നാണക്കേടിനെയോ ദാരിദ്രത്തെയോ ഇല്ലാതാക്കാൻ കഴിയുന്നില്ല. നാട്ടിലെ പ്രാദേശിക ഉത്സവത്തിൽ ശാലുവിനെ രസിപ്പിക്കാൻ ഡോലക് കൊട്ടി നൃത്തംചെയ്യുന്ന ജബ്യയുടെ തലയിൽ അച്ഛൻ പെട്രോമാക്സ് വിളക്ക് വച്ചുകൊടുക്കുന്നതും ശാലുവും കൂട്ടുകാരും കണ്ടുനിൽക്കേ ജബ്യയ്ക്ക് പന്നിയെ പിടിക്കേണ്ടിവരുന്നതും താൻ ആരാണെന്ന് അവനേ മനസിലാക്കിക്കൊടുക്കുന്നു.
ശാലുവിനോടുള്ള പ്രണയം ഇല്ലായിരുന്നെങ്കിൽ ജബ്യയ്ക്ക് ഇത്രയും അപമാനബോധം ഉണ്ടാകുമായിരുന്നോ എന്നത് സംശയമാണ്. പട്ടണത്തിലെ തുണിക്കടയിലെ ജീൻസും ടീഷർട്ടും ധരിച്ച മോഡലിന്റെ മെലിഞ്ഞു നീണ്ട മൂക്ക് സൗന്ദര്യത്തിന്റെ ലക്ഷണമായി അവൻ കരുതുന്നു. കുറുകി പരന്ന തന്റെ മൂക്കിൽ രാത്രി മുഴുവൻ ക്ലിപ്പിട്ടുവച്ച് ജബ്യ ജന്മസിദ്ധമായി ലഭിച്ച ശാരീരിക പ്രത്യേകതകളെ വെല്ലുവിളിക്കുന്നു. തന്റെ നിറത്തിലും രൂപത്തിലും അവൻ അസ്വസ്ഥനാകുന്നു. സ്കൂളിൽപോകുന്നതിനു മുമ്പ് കണ്ണാടിക്കു മുന്നിലെ ദീർഘമായ ഒരുക്കം ജബ്യയുടെ അപകർഷതാബോധത്തെ വ്യക്തമാക്കുന്നു. ദലിതനല്ലാതെ ജനിച്ചിരുന്നുവെങ്കിൽ തനിക്ക് ശാലുവിന്റെ പ്രണയം ലഭിക്കുമായിരുന്നു എന്നും ജബ്യ ഒരുവേള ചിന്തിച്ചിരിക്കാം. ക്ലാസിലെ മേൽജാതിയിൽപ്പെട്ട ഒരു ആൺകുട്ടിയുമായി ശാലുവിന് ബന്ധമുണ്ടെന്ന കിംവദന്തികൾ ജബ്യ ശ്രദ്ധിക്കാതെയിരിക്കുന്നില്ല.
‘ഫൻഡ്രി’ വെറുമൊരു കൗമാരപ്രണയത്തിന്റെ കഥയല്ല. ദുസ്സഹവും ദുരിതപൂർണവുമായ ദലിത്ജീവിതത്തെ ഒട്ടും അതിശയോക്തിയില്ലാതെ ‘ഫൻഡ്രി’ അഭ്രപാളിയിൽ പകർത്തുന്നു. ജാതിവ്യവസ്ഥ തീർക്കുന്ന സാമൂഹികജീവിതക്രമങ്ങളെ രണ്ടു തലമുറയിലെ ദലിതന്മാർ എങ്ങനെ സമീപിക്കുന്നു എന്നത് സിനിമയിൽ അവതരിപ്പിക്കുന്നു. എന്നാൽ സവർണർക്കിടയിൽ ഈ തലമുറവ്യത്യാസം പ്രകടമല്ല. വളർന്നുവരുന്ന തലമുറയിൽപ്പെട്ടവർ ദളിതനെ അപമാനിക്കുന്നതിൽ മുൻതലമുറയെ അനുകരിക്കുമ്പോൾ കച്രുമാനും ജബ്യയും ജാതിവ്യവസ്ഥയെ ഒരുപോലെ സ്വീകരിക്കുന്നവരല്ല. ആത്മവിശ്വാസവും പ്രതികരണശേഷിയും ആർജ്ജിക്കുന്ന ജബ്യ പ്രതീക്ഷയുടെ നേർത്ത തിരിനാളമാണ്. ഒരുവശത്ത് ദളിതൻ സ്വയം തിരിച്ചറിയുമ്പോൾ മറുവശത്ത് ജാതിചിന്ത കൂടുതൽ ശക്തി പ്രാപിക്കുന്നുണ്ട്. ഉടമാവകാശവും വിധേയത്വവും അടുത്ത തലമുറയിലേക്ക് കൈമാറേണ്ട പൈതൃകമല്ലെന്ന് ‘ഫൻഡ്രി’ അടിവരയിട്ടുപറയുന്നു. പട്ടേലിന്റെ വീട്ടിലെ വാട്ടർ ടാങ്കിൽ കുടുങ്ങിയ പന്നിക്കുഞ്ഞിനെ എടുത്തുമാറ്റാൻ ജബ്യ വിസമ്മതിക്കുമ്പോൾ കച്രുമാൻ അതിനെ തന്റെ കടമയായി കാണുന്നു. കുലത്തൊഴിൽ ചെയ്യുന്നതിൽ നീരസം പ്രകടിപ്പിക്കുന്ന മകനെ ശകാരിക്കുന്നു.
ജബ്യയെ ജീവിത യാഥാർത്ഥ്യങ്ങളെത്തെക്കുറിച്ച് ബോധവാനാക്കുന്നതിൽ കച്രുമാന് വലിയ പങ്കുണ്ട്. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ജബ്യയെ കൊട്ടവ്യാപാരത്തിന് ചന്തയിലേക്ക് പറഞ്ഞയക്കുന്നതും വാൻഹുസൈൻ ജീൻസ് സ്വപ്നം കാണുന്ന ജബ്യക്ക് ഉൽസവത്തിന് ജൗളിക്കടയിൽനിന്നും ഏറ്റവും വിലക്കുറഞ്ഞ ഷർട്ട് വാങ്ങി നൽകുന്നതും അപമാനഭയത്താൽ പന്നിയെ പിടിക്കാതെ ഒളിച്ചിരിക്കുന്ന ജബ്യയെ പൊതിരേ തല്ലുമ്പോഴും ഉത്സവത്തിൽ ജബ്യയുടെ തലയിൽ പെട്രോമാക്സ് വച്ചുകൊടുക്കുമ്പോഴും കള്ളു കുടിയനും താന്തോന്നിയുമായ സൈക്കിൾ വർക് ഷോപ്പ്കാരനുമായി ഒരു കൂട്ടുകെട്ടുംവേണ്ട എന്ന് ഉപദേശിക്കുമ്പോഴുമെല്ലാം കച്രുമാൻ ജബ്യയെ ദലിത്ജീവിതത്തിന്റെ കടുത്ത യാഥാർത്ഥ്യങ്ങളിലേക്ക് തള്ളിവിടുന്നു. ഏതൊരു പിതാവിനെയും പോലെ അവനിൽ ഭാവി കാണുന്നു, പ്രതീക്ഷയർപ്പിക്കുന്നു. ജബ്യയുടെ ജീവിതം പന്നിയെ പിടിച്ചും കൊട്ടവിറ്റും ഒടുങ്ങേണ്ടതാണെന്ന് കച്രുമാൻ വിചാരിക്കുന്നു.
ജീവിതത്തിൽ ഒരിക്കൽപോലും സുഖമെന്തെന്ന് അറിയാത്ത കച്രുമാന് അങ്ങനെ മാത്രമേ ചിന്തിക്കാനാകുന്നുള്ളൂ. സോഷ്യൽ കണ്ടീഷനിങ് കച്രുമാനെ മറിച്ച് ചിന്തിക്കാൻ അനുവദിക്കുന്നില്ല. പക്ഷേ ജബ്യ വിദ്യാഭ്യാസത്തിലൂടെ മേൽഗതി വരണമെന്ന് ആഗ്രഹിക്കുന്നു. അവൻ എവിടെയും തരംതാഴാൻ ആഗ്രഹിക്കുന്നില്ല. കൊട്ടവിൽപ്പനക്കിടയിൽ ശാലുവിനെയും അമ്മയേയും ചന്തയിൽവച്ചു കാണുന്ന ജബ്യ അപമാനം ഭയന്ന് കൊട്ടയുടെ അടിയിൽ ഒളിക്കുന്നു. ക്ലാസ്സിൽ ഹോംവർക്ക് ചെയ്യാത്ത കുറ്റത്തിന് എഴുന്നേറ്റ്നിൽക്കാനും അവൻ തയാറല്ല.
ജബ്യയുടെ ക്ലാസിൽ പഠിപ്പിക്കുന്ന പല പാഠഭാഗങ്ങളും ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതും സാമൂഹികസമത്വം വിഭാവനം ചെയ്യുന്നതുമാണ്. വിദ്യാലയത്തിൻറെ ചുമരുകളിൽ ജാതീയ അസമത്വത്തിനെതിരെ പോരാടിയ സാംസ്കാരിക നായകരുടെ വർണചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഇതിലൂടെ വിദ്യാഭ്യാസംകൊണ്ടു മാത്രമേ ജാതീയവേർതിരിവുകൾ ഇല്ലാതാക്കാനാകു എന്ന സന്ദേശം സിനിമ പങ്കുവയ്ക്കുന്നുണ്ട്. പക്ഷേ വിദ്യഭ്യാസം ജാതിവ്യവസ്ഥയെ ഇല്ലാതാക്കുന്നതിൽ ഫലപ്രദമാണോ എന്ന സംശയവും സിനിമ മുന്നോട്ട് വയ്ക്കുന്നു. സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ ശാലുവിന്റെ കൂട്ടുകാരിയുടെ ശരീരത്തിൽ അബദ്ധത്തിൽ പന്നി സ്പർശിക്കുമ്പോൾ അവൾ സ്റ്റാഫ്റൂമിൽ പോയി വീട്ടിൽപോയി കുളിച്ചു ശുദ്ധമായി വരാനുളള അനുവാദം വാങ്ങുന്നു. വിദ്യാഭ്യാസമുള്ള അധ്യാപകർ ആരും അതിന്റെ ആവശ്യമുണ്ടോ എന്നു ചോദിക്കുന്നില്ല. സിനിമയുടെ അവസാനരംഗത്ത് ജബ്യയും സഹോദരിമാരും പന്നിയെ ഒരു മുളവടിയിൽ പിടിച്ചുകെട്ടി കൊണ്ടുപോകുമ്പോൾ പശ്ചാത്തലത്തിൽ മിന്നിമറയുന്ന സ്കൂൾ ചുമരിലെ സാമൂഹിക പരിഷ്കർത്താക്കളുടെ ചിത്രം പ്രേക്ഷകന്റെ മനസ്സിൽ പല ചോദ്യങ്ങളുമുയർത്തുന്നു.
ഫൻഡ്രി വിദ്യാഭ്യാസവ്യവസ്ഥയെ മാത്രമല്ല ഭരണകൂടത്തെയും രാഷ്ട്രീയ സങ്കൽപ്പങ്ങളെയും ദലിത് ജീവിതത്തിന്റെ പശ്ചാത്തലത്തിൽ വിമർശിക്കുന്നു. പന്നിവേട്ടക്കിറങ്ങുന്ന കച്രുമാൻറെ കുടുംബത്തെ ഒന്നടങ്കം പന്നി വല്ലാതെ ഓടിച്ചുതളർത്തും. ഒടുവിൽ പന്നിയെ പിടികിട്ടി എന്ന നിമിഷത്തിൽ സ്കൂളിൽ ദേശീയഗാനം ഉറക്കെ മുഴങ്ങും. പന്നി കൺമുന്നിലുണ്ടായിട്ടും പിടികൂടാനാകാതെ കച്രുമാനും കുടുംബവും അറ്റൻഷനായി നിൽക്കും. അപ്പോൾ കച്രുമാന്റെ മുഖത്ത് പ്രകടമാകുന്ന അസ്വസ്ഥത പ്രേക്ഷകനേയും ഒരുപോലെ അസ്വസ്ഥപ്പെടുത്തുന്നു. കാഴ്ചക്കാരൻറെ ഉള്ളിലെ ജാതിചിന്തയെ പരീക്ഷിക്കുന്ന ഒരു സിനിമാനുഭവം കൂടിയാണ് ‘ഫൻഡ്രി’. പലപ്പോഴും പ്രേക്ഷകൻ പന്നിയുടെ തേറ്റക്കുത്തിൽ ഞെളിപിരികൊള്ളും.
‘ഫൻഡ്രി’യിൽ സ്ത്രീജീവിതത്തിന്റെ ദുരിതങ്ങളെ യാഥാർഥ്യ ബോധത്തോടെ ചിത്രീകരിക്കുന്നുണ്ട്. കച്രുമാന്റെ മൂത്തമകൾ ദ്രൂപ വിധവയോ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവളോ ആണ്. രണ്ടാമത്തെ മകൾ സുരേഖയെ പെണ്ണുകാണാൻ വരുന്നവർ വലിയ തുകയാണ് സ്ത്രീധനമായി ആവശ്യപ്പെടുന്നത്. പന്നി പിടുത്തത്തിനുപുറമേ കൊട്ടനെയ്തും വിറക് വിറ്റും ജീവിക്കുന്ന കച്രുമാന്റെ കുടുംബത്തിലെ എല്ലാവരും ഒരുപോലെ അധ്വാനിക്കുന്നവരാണ്. വിറക് ശേഖരണത്തിനിടെ ചിലപ്പോൾ സ്ഥലമുടമയുടെ കണ്ണിൽപ്പെടും. നിർദാക്ഷിണ്യം അയാൾ അവരെ ശകാരിച്ച് ഓടിക്കും. കിട്ടിയ വിറകുമായി പ്രാണനുംകൊണ്ടോടുന്ന മൂന്നൂ സ്ത്രീരൂപങ്ങൾ ഓടിമറഞ്ഞാലും അവരെ പ്രേക്ഷകൻറെ ചിന്തകൾ പിന്തുടർന്നുകോണ്ടേയിരിക്കും. പന്നിവേട്ടയ്ക്കിറങ്ങുമ്പോൾ പ്രതിശ്രുത വധുവും ഒപ്പമുണ്ട്. പിറ്റേനാൾ അവളുടെ കല്യാണമാണ്. മൈലാഞ്ചിയിട്ട് ചുമപ്പിച്ച കൈകളിൽ പന്നിയെ പിടിക്കാനുള്ള കുടുക്ക് ഏൽപ്പിക്കുന്ന ഒരച്ഛൻറെ ഗതികേട് ദലിതന്റെ ജീവിതത്തിൽ സാധാരണമാണ്.
വിവാഹം കഴിഞ്ഞാലും അവളുടെ ജീവിതം ഇതിൽനിന്നും വിഭിന്നമാകില്ല. പന്നിയെ പിടികൂടാൻ പല കാട്ടുവഴികളിലൂടെയും ഓടുന്നതിനിടയിൽ ഗ്രാമത്തിലെ പലരും മലവിസർജനം ചെയ്യുന്നത് കാണാനിട വരും. ചെറുപ്പക്കാരികളായ ആ പാവം പെണ്ണുങ്ങളെ മലവിസർജനം ചെയ്യുന്ന ആണുങ്ങൾ അർത്ഥംവച്ചു കളിയാക്കും. പന്നികളുടെ പിറകേ ആ പാവങ്ങൾ ഓടുന്നത് വീഡിയോ എടുത്ത് ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കാനും സവർണരായ ചില ഗ്രാമവാസികൾ മടിക്കുന്നില്ല. ഫൻഡ്രി പങ്കുവയ്ക്കുന്ന ജീവിതപാഠങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. എങ്കിലും ദലിത് ജീവിതത്തിന്റെ ചില ഏടുകളിലേക്ക് മാത്രമേ ഒരു സിനിമ നൽകുന്ന പരിമിതിമൂലം ഫാൻഡ്രിക്കു എത്തിച്ചേരാനായിട്ടുള്ളൂ. ഭാരതത്തിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥകളെ പല സാഹിത്യകൃതികളും വിശാലമായ ക്യാൻവാസിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട്.
ഓംപ്രകാശ് വാൽമീകി, ജയപ്രകാശ് കർദ്ദം, മോഹൻദാസ് നൈമിശ്റായ്, ഡോ.തുളസീരാം തുടങ്ങിയ ദലിത് സാഹിത്യകാരന്മാർ പകർത്തിയെഴുതിയ ദലിത് ജീവിതയാഥാർഥ്യങ്ങൾ വായനക്കാരനെ ഇരുത്തിച്ചിന്തിപ്പിക്കുന്നതും പുനർവിചിന്തനത്തിനു പ്രേരിപ്പിക്കുന്നതുമാണ്. ഇന്ന് ദലിത് സാഹിത്യം വളരെ വിപുലമായ ഒരു സാഹിത്യശാഖയായി വളർന്നുകഴിഞ്ഞു. സാഹിത്യവും ഇതര കലാരൂപങ്ങളും നടത്തുന്ന നിരന്തരമായ ഇടപെടൽ സമൂഹത്തിൽ ജാതീയവേർതിരിവുകളിൽ അൽപ്പമെങ്കിലും അയവ് വരുത്തുന്നതിന് സഹായിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ജാതി രാഷ്ട്രീയം ഇന്നും ശക്തമായി നിലനിൽക്കുന്നുണ്ട് എന്നതും ഒരു സത്യമാണ്. ആ സ്ഥിതിയിൽ അൽപ്പമെങ്കിലും മാറ്റം വരണമെങ്കിൽ സമൂഹത്തെ ചോദ്യം ചെയ്യാനും കല്ലെടുത്തെറിയാനും ധൈര്യമുള്ള ജബ്യമാർ ഉണ്ടായിവരണം. ‘ഫൻഡ്രി’ എന്ന സിനിമയും ഈ സന്ദേശമാണ് നൽകുന്നതും.
(ലേഖിക പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ ഹിന്ദി വിഭാഗം അസിസ്ററൻറ് പ്രൊഫസറാണ്)