വീണ്ടും ഒരു സൗഹൃദ പുരാണം കൂടി. ചില സൗഹൃദങ്ങൾ എറിയാൻ കല്ലെടുക്കുംമുമ്പേ പറന്നുപോകുന്ന കാക്കയെപ്പോലെയും ചിലത് ഏതു പുഴയിൽ കൊണ്ടു പോയി ഒഴുക്കിയാലും തിരിച്ചു കയറി വരുന്ന പൂച്ചയെപ്പോലെയുമാണെന്ന തത്വമൊക്കെ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അതിൽ സത്യത്തിന്റെ നേർപ്പൊരുളുകൾ

വീണ്ടും ഒരു സൗഹൃദ പുരാണം കൂടി. ചില സൗഹൃദങ്ങൾ എറിയാൻ കല്ലെടുക്കുംമുമ്പേ പറന്നുപോകുന്ന കാക്കയെപ്പോലെയും ചിലത് ഏതു പുഴയിൽ കൊണ്ടു പോയി ഒഴുക്കിയാലും തിരിച്ചു കയറി വരുന്ന പൂച്ചയെപ്പോലെയുമാണെന്ന തത്വമൊക്കെ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അതിൽ സത്യത്തിന്റെ നേർപ്പൊരുളുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും ഒരു സൗഹൃദ പുരാണം കൂടി. ചില സൗഹൃദങ്ങൾ എറിയാൻ കല്ലെടുക്കുംമുമ്പേ പറന്നുപോകുന്ന കാക്കയെപ്പോലെയും ചിലത് ഏതു പുഴയിൽ കൊണ്ടു പോയി ഒഴുക്കിയാലും തിരിച്ചു കയറി വരുന്ന പൂച്ചയെപ്പോലെയുമാണെന്ന തത്വമൊക്കെ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അതിൽ സത്യത്തിന്റെ നേർപ്പൊരുളുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും ഒരു സൗഹൃദ പുരാണം കൂടി. ചില സൗഹൃദങ്ങൾ എറിയാൻ കല്ലെടുക്കുംമുമ്പേ പറന്നുപോകുന്ന കാക്കയെപ്പോലെയും ചിലത് ഏതു പുഴയിൽ കൊണ്ടു പോയി ഒഴുക്കിയാലും തിരിച്ചു കയറി വരുന്ന പൂച്ചയെപ്പോലെയുമാണെന്ന തത്വമൊക്കെ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അതിൽ സത്യത്തിന്റെ നേർപ്പൊരുളുകൾ ഉണ്ടെന്നു തോന്നിയിട്ടുമുണ്ട്. കാര്യസാധ്യത്തിനായി നമ്മളെ സേവിച്ച് ഉദ്ദിഷ്ടകാര്യം നേടിക്കഴിഞ്ഞ് പുറത്തിറങ്ങി ദുഷിക്കുന്ന പലരെയും കണ്ടിട്ടുമുണ്ട്.

അങ്ങനെ എന്റെ കണക്കുകൾ പിഴച്ചതിന്റെ അനുഭവങ്ങൾ പലതുമുണ്ടെങ്കിലും, നീണ്ട അരനൂറ്റാണ്ട് കാലം കഴിഞ്ഞിട്ടും ഇന്നും സൗഹൃദങ്ങൾക്ക് ഒരു തേയ്മാനവും വരാതെ തേച്ചുമിനുക്കി കൊണ്ടു നടക്കുന്ന പല സുമനസ്സുകളും ഇപ്പോഴും എന്റെകൂടെയുണ്ട്. അങ്ങനെയുള്ള ജോർജ് കിത്തു എന്ന ഏകാന്തപഥികനായ ഒരു ചലച്ചിത്രകാരനെക്കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയുന്നത്.

ADVERTISEMENT

1978 –ലെ ഒരു സായാഹ്നം. ചിത്രപൗർണമിയിൽ വരേണ്ട നീണ്ടകഥയുടെ പ്രൂഫ് നോക്കിക്കൊണ്ടിരിക്കുകയാണ് ഞാൻ. പതിവുപോലെ ജോൺ പോൾ കാനറാ ബാങ്കിലെ ജോലിയും കഴിഞ്ഞ് ഓഫിസിലേക്കു കയറി വന്നപ്പോൾ കൂടെ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. ജോണിനെക്കാൾ അൽപം ഉയരം തോന്നിക്കുന്ന, ചാരക്കളറുള്ള നീണ്ട ജൂബ്ബയും കറുത്ത പാന്റ്സും ധരിച്ച് ചെറിയ താടിയുള്ള ബുദ്ധിജീവിലുക്കുള്ള ആ പുതിയ മുഖത്തെ ഞാൻ ആദ്യമായി കാണുകയാണ്. ആരാണ് ഈ കക്ഷി എന്നു ഞാൻ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ജോൺപോൾ എന്നെ പരിചയപ്പെടുത്തി: ‘‘ഇത് ജോർജ് കിത്തു. സംവിധായകൻ ഭരതന്റെ അസിസ്റ്റന്റാണ്.’’

ഭരതന്റെ അസിസ്റ്റന്റ് എന്നു കേട്ടപ്പോൾ എന്റെ മുഖം ഒന്നു വികസിക്കുന്നതു കണ്ട് ജോൺ പോൾ തുടർന്നു.

‘‘കിത്തു, ഡെന്നിസിനെ അറിയില്ലേ? കഥയും നോവലുമൊക്കെ എഴുതുന്ന കലൂരാനെ? ഐ.വി ശശിയുടെ പുതിയ ചിത്രമായ ‘അനുഭവങ്ങളെ സാക്ഷി’യുടെ കഥ എഴുതിയിരിക്കുന്നത് ഇവനാണ്.’’

തലകുലുക്കിക്കൊണ്ട് കിത്തു പാതി വിടർന്ന ചിരിയുമായി എനിക്ക് ഷേക്ക്ഹാൻഡ് തന്നു.

‘ഇരിക്കൂ’ ഞാൻ ഉപചാരപൂർവം പറഞ്ഞു.

ADVERTISEMENT

ഭരതശിഷ്യൻ വിനയാന്വിതനായി ജോൺപോൾ ഇരുന്ന കസേരയുടെ ചാരെയുള്ള സ്റ്റൂളിലിരുന്നു.

തുടർന്ന് ഞങ്ങൾ മൂവരും കൂടി ഭരതനെക്കുറിച്ചും ഭരതന്റെ ചിത്രങ്ങളെക്കുറിച്ചുമൊക്കെയുള്ള സംസാരമാണ് അവിടെ നടന്നത്.

ഞങ്ങൾ ആദ്യമായി ഏർപ്പെടുത്തിയ ചിത്രപൗർണമി അവാർഡ് ഭരതനും പദ്മരാജനും ചെയ്ത 'പ്രയാണ'ത്തിനാണ് കൊടുത്തതെന്നും ഞാൻ ഇടയ്ക്ക് അവരെ വിളിക്കാറുണ്ടെന്നുമൊക്കെ കിത്തുവിനോട് പറഞ്ഞതിന് ശേഷം ഭരതനെക്കുറിച്ച് അന്ന് ഞാൻ പറഞ്ഞ ഒരു വാചകമുണ്ട്: ‘‘പ്രണയത്തിനും വയലൻസിനും സെക്സിനും വന്യമായ ചൂടു പകർന്ന മലയാള സിനിമയിലെ കാൽപനികഭാവമുള്ള ആദ്യത്തെ ചലചിത്രകാരനാണ് ഭരതൻ.’’

ഗുരുവിനെക്കുറിച്ചുള്ള എന്റെ പ്രശംസാമൊഴികൾ കേട്ടപ്പോള്‍ കിത്തുവിന്റെ സ്ഥായിയായ മൗനത്തിന് ഭംഗം വന്നതു പോലെ കക്ഷിയും ഭരതന്റെ വീരഗാഥകളെക്കുറിച്ച് വാചാലനാകാൻ തുടങ്ങി.

ADVERTISEMENT

ഭരതപുരാണസമർപ്പണവും കഴിഞ്ഞ് അന്ന് ഞങ്ങൾ പിരിഞ്ഞപ്പോൾ സമയം ഏതാണ്ട് രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. അന്നു മുതൽ തുടങ്ങിയ സൗഹൃദമാണ് ഈ നീണ്ട നാൽപത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരുവിധ പോറലുമില്ലാതെ അനർഗളം ഒഴുകിക്കൊണ്ടിരിക്കുന്നത്.

കിത്തു സ്വതന്ത്ര സംവിധായകനായതിനു ശേഷമേ ഞാൻ തിരക്കഥാകാരനാവൂ എന്നാണ് ഞാൻ കരുതിയിരുന്നെങ്കിലും പിന്നെയും ഒത്തിരി വർഷങ്ങൾ കഴിഞ്ഞിട്ടാണ് കിത്തുവിന് ഒരു സ്വതന്ത്ര സംവിധായകന്റെ മേലങ്കിയണിയാൻ കഴിഞ്ഞത്.

കിത്തുവുമായുള്ള സംസാരത്തിൽനിന്ന്, കക്ഷിക്ക് അങ്ങനെ വലിയ സ്വപ്നങ്ങളോ മോഹങ്ങളോ ഒന്നുമില്ലെന്ന്‌ എനിക്ക് തോന്നിയിട്ടുണ്ട്. സ്വപ്നങ്ങൾക്ക് ജീവനില്ലെങ്കിലും ആ സ്വപ്നങ്ങളാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്ന് ഞാൻ പറയുമ്പോൾ കിത്തു നിസ്സംഗതയോടെ വെറുതെ എന്നെ നോക്കി ചിരിക്കും.

‘‘താനിങ്ങനെ അസോഷ്യേറ്റായി മാത്രം നടന്നാൽ മതിയോ? ഭരതന്റെ ഒരു സിനിമ ചെയ്തവർ പോലും ഇവിടെ സംവിധായകരായിരിക്കുന്നു. ഇനി എന്നാണെടോ താൻ സംവിധാനം ചെയ്യുക?’’

കിത്തു ഇതുകേട്ട് ചിരിച്ചുകൊണ്ട് പറയും: ‘‘എനിക്ക് അങ്ങനെ ധൃതിയൊന്നുമില്ല ഡെന്നിച്ചാ. ഭരതനെന്ന അതുല്യപ്രതിഭയുടെ കൂടെ ജോലി ചെയ്യാൻ കഴിയുന്നതുതന്നെ വലിയൊരു അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്.’’

ഭരതൻ ചെയ്ത ആരവം, തകര, ചാമരം, ലോറി, സാവിത്രി (തമിഴ്), മർമരം, ഓർമയ്ക്കായി, സന്ധ്യമയങ്ങുംനേരം, ഈണം, കാറ്റത്തെ കിളിക്കൂട്, മാളൂട്ടി, താഴ്‌വാരം, അമരം തുടങ്ങിയ പതിനാലോളം എണ്ണം പറഞ്ഞ നല്ല ചിത്രങ്ങളുടെയൊക്കെ ചീഫ് അസോഷ്യേറ്റായി പ്രവർത്തിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായിട്ടാണ് കിത്തു കരുതുന്നത്.

ഭരതനെ കൂടാതെ കിത്തു അപൂർവം ചില സംവിധായകരുടെ കൂടെ മാത്രമേ ജോലി ചെയ്തിട്ടുള്ളൂ. അതും മലയാള സിനിമയിലെ സർഗധനന്മാരായ കെ. എസ്. സേതുമാധവൻ, ഭരത്ഗോപി, പ്രതാപ് പോത്തൻ തുടങ്ങിയവരുടെ. ആരോരുമറിയാതെ, ഉത്സവപിറ്റേന്ന്, ഋതുഭേദം തുടങ്ങിയ മധ്യവർത്തി സിനിമകളുടെ ഭാഗമാകാൻ വേണ്ടിയാണ്‌ അവരുടെ കൂടെ ചേർന്നത്

1973–76 കാലത്ത് മദ്രാസ് അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫസ്റ്റ് റാങ്കോടെ പാസ്സായി വന്ന ജോർജ് കിത്തു രണ്ടു വർഷം സിനിമയുടെ വിവിധ മേഖലകളിലുള്ളവരുമായുള്ള സഹവാസത്തിനു ശേഷമാണ് തന്റെ ‘ഇഷ്ട’സംവിധായകനായ ഭരതന്റെ അസിസ്റ്റന്റായത്.

തുടർന്ന് നീണ്ട പതിനാലു വർഷങ്ങൾ കഴിഞ്ഞ് 1992 ലാണ് ലോഹിതദാസിന്റെ തിരക്കഥയിൽ ‘ആധാരം’ എന്ന ചിത്രം കിത്തു ചെയ്യുന്നത്. മുരളി, സുരേഷ്ഗോപി, ഗീത തുടങ്ങിയവർ അഭിനയിച്ച ആധാരം കിത്തുവിന്റെ ചലച്ചിത്ര ജീവിതത്തിന്റെ ആധാരമായി മാറുകയായിരുന്നു. ആ വർഷത്തെ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് അടക്കം എട്ട് പുരസ്കാരങ്ങളാണ് ആധാരത്തിന് ലഭിച്ചത്. കിത്തുവിനൊപ്പം ആ വർഷം എനിക്ക് ജയരാജ് സംവിധാനം ചെയ്ത ‘കുടുംബസമേത’ത്തിന് ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കണ്ണൂരില്‍ വച്ചു നടന്ന അവാർഡ്ദാന ചടങ്ങിൽ കെ. കരുണാകരനിൽ നിന്ന് ഒരേ വേദിയിൽ വച്ചാണ് ഞാനും കിത്തുവും അവാർഡ് സ്വീകരിച്ചത്.

ആധാരത്തിനു ശേഷമാണ് കിത്തു ജോൺ പോളിന്റെ രചനയിൽ സവിധവും സമാഗമവുമൊരുക്കിയത്. മധ്യവർത്തി സിനിമകളുടെ പുതിയ സാരഥി എന്ന ഖ്യാതിയുമായി കിത്തു നടക്കുമ്പോഴാണ് എന്നെ േതടി തൃശൂരുള്ള ബേബിചേട്ടൻ എന്ന നിർമാതാവ് ഒരു ചെറിയ സിനിമ ചെയ്യണമെന്ന് പറഞ്ഞ് വരുന്നത്. 1984 ൽ ജോഷിയും ഞാനും കൂടി ജർമനിയിൽ വച്ച് ചെയ്ത 'മിനിമോൾ വത്തിക്കാനിൽ' എന്ന സിനിമയുടെ നിർമാണ പങ്കാളിയാണ് ബേബിചേട്ടൻ. ഞാനന്ന് ഇടത്തരം സിനിമകളുടെ അപ്പോസ്തലനായി ഓടിനടക്കുന്ന സമയമാണ്. ഞാൻ മൂന്നു നാലു സിനിമ കമ്മിറ്റ് ചെയ്തിരുന്നതു കൊണ്ട് സമയമില്ലെന്ന് പറഞ്ഞൊഴിയാൻ നോക്കിയെങ്കിലും ബേബിചേട്ടൻ എന്നെ വിടാതെ മുറുകെ പിടിക്കുകയായിരുന്നു. എന്നെക്കാൾ വളരെ പ്രായക്കൂടുതലുള്ള ആളാണെങ്കിലും ചെറുപ്പക്കാരുടെ മനസ്സും നർമവുമൊക്കെയായി നടക്കുന്ന വളരെ രസികനും സാത്വികനുമായ ഒരാളായിരുന്നു ബേബിചേട്ടൻ .

സംവിധായകന്‍ ആരായിരിക്കണമെന്ന ആലോചനയിൽ എന്റെ മനസ്സിൽ ആദ്യം കയറിവന്നത് കിത്തുവിന്റെ മുഖമാണ്. ഞാന്‍ കിത്തുവിനെ വിളിച്ച് വിവരം പറഞ്ഞു. ഞങ്ങൾ ഒന്നിച്ച് ഒരു സിനിമ ചെയ്യുന്നത് കിത്തുവിനും വലിയ സന്തോഷം. കഥയെക്കുറിച്ചുള്ള ചർച്ചയിൽ ബേബിചേട്ടനു താൽപര്യം മലയാളമനോരമയിൽ വന്ന കർപ്പൂരദീപം എന്ന നീണ്ടകഥ സിനിമയാക്കണമെന്നായിരുന്നു. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ഒരു ഫാമിലി സ്റ്റോറി ആണത്. പ്രദർശന വിജയം നേടാൻ സാധ്യത കൂടുതലുണ്ടെന്നു തോന്നിയതുകൊണ്ടാകാം ബേബിച്ചേട്ടൻ കർപ്പൂര ദീപം തന്നെ ചെയ്യാൻ തീരുമാനിച്ചതെന്ന് ഞങ്ങൾക്കും തോന്നി. ഉര്‍വശിയേയും സുരേഷ്ഗോപിയേയും നായികാനായകന്മാരായി ബുക്ക് ചെയ്യുകയും ചെയ്തു.

ഇതിനിടയിൽ ഒരു ഫ്ലാഷ് ബാക്കുണ്ട്. ഞാൻ കർപ്പൂരദീപത്തിന് മുൻപ് ചെയ്ത ‘സിറ്റിപൊലീസ്’ എന്ന സിനിമയിൽ നായകനായി അഭിനയിച്ചിരുന്നത് സുരേഷ് ഗോപിയാണ്. ആ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഞാനും സുരേഷും തമ്മിൽ ഒരു വലിയ ഉടക്ക് തന്നെ ഉണ്ടായിട്ടുണ്ട്. എന്റെ ഭാഗത്താണ് സത്യത്തിന്റെ നിഴലുള്ളതെന്നു തോന്നിയതുകൊണ്ട് ഞാൻ സുരേഷിനോട് അൽപം ദേഷ്യപ്പെട്ടാണ് സംസാരിച്ചത് (ഇപ്പോൾ ഞങ്ങൾ നല്ല ടേംസിലാണ്). ഈ പ്രശ്നങ്ങൾ നടക്കുന്നതിനു മുൻപാണ് കർപൂര ദീപത്തിൽ അഭിനയിക്കാൻ ഞങ്ങൾ സുരേഷിന് അഡ്വാൻസ് കൊടുത്തത്.

കർപ്പൂരദീപം സിനിമയുടെ ലൊക്കേഷൻ ചിത്രം

എറണാകുളത്തായിരുന്നു കർപൂരദീപത്തിന്റെ ഷൂട്ടിങ്. ഉർവശിയെവച്ച് അഞ്ചാറു ദിവസത്തെ ഷൂട്ടിങ്ങിനു ശേഷമാണ് കോഴിക്കോട്ടു നിന്ന് സുരേഷ്ഗോപി എത്തുന്നത്. ഷാജികൈലാസിന്റെ ഏകലവ്യന്റെ നൂറാം ദിവസത്തെ ആഘോഷവും കഴിഞ്ഞ് അതിന്റെ വിജയലഹരിയിലായിരുന്നു സുരേഷിന്റെ വരവ്. എറണാകുളത്തെ ബിടിഎച്ചിലായിരുന്നു സുരേഷിന് താമസസൗകര്യമൊരുക്കിയിരുന്നത്. സുരേഷിന്റെ ആ വരവിൽ ചില ദുരൂഹതകളുണ്ടായിരുന്നു. ഏതോ കുബുദ്ധികളൊക്കെ കൂടി മെനഞ്ഞെടുത്ത ഒരു തിരക്കഥയുടെ സംഭവവികാസങ്ങളാണ് തുടർന്ന് അവിടെ നടന്നത്. നായികാപ്രാധാന്യമുള്ള കർപ്പൂരദീപത്തിൽ അഭിനയിച്ചാൽ തനിക്കിപ്പോൾ കൈവന്നിരിക്കുന്ന സ്റ്റാർഡം നഷ്ടപ്പെടുമെന്നുള്ള ചില സിനിമാ തമ്പുരാക്കന്മാരുടെ വക്രബുദ്ധിയിൽ ഉദിച്ച ഉപദേശം കേട്ടുകൊണ്ടാണ് സുരേഷ്ഗോപി എത്തിയിരിക്കുന്നത്. തിരക്കഥയിൽ സ്ത്രീകഥാപാത്രത്തിനാണ് പ്രാധാന്യമെന്നും അത് മാറ്റി എഴുതി നായകപ്രാധാന്യമുള്ളതാക്കിയാൽ അഭിനയിക്കാമെന്നുമുള്ള തീരുമാനവുമായിട്ടാണ് സുരേഷ് വന്നത്. കഥ മാറ്റി എഴുതുന്നതിനോട് എനിക്കും കിത്തുവിനും നിര്‍മാതാവിനും ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. പ്രശ്നം വല്ലാതെ വഷളായി. കിത്തു വന്ന് സുരേഷിനോടു കാര്യകാരണങ്ങൾ വിശദീകരിച്ചെങ്കിലും സുരേഷ് അതൊന്നും കേൾക്കാൻ തയാറായിരുന്നില്ല. അങ്ങനെ കർപ്പൂരദീപം അകാലത്തിൽ അണയുകയും ചെയ്തു. പിന്നീട് ഞാനും സുരേഷും തമ്മിലുണ്ടായ ചില സംഭവവികാസങ്ങളിൽ നിന്നാണ് ഞാൻ മാക്ട എന്ന ചലച്ചിത്ര സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. ഇതേക്കുറിച്ച് ഇതിനു മുൻപും പല തവണ ഞാൻ പറഞ്ഞിട്ടുള്ളതു കൊണ്ട് അത് വീണ്ടും ഇവിടെ ആവർത്തിക്കുന്നില്ല.

കർപ്പൂരദീപംനിന്നു പോയതുകൊണ്ട് കിത്തുവിന്റെ കരിയറിനെയാണ് അത് കൂടുതൽ ബാധിച്ചത്. എന്നാൽ അതിലൊന്നും കിത്തുവിന് അത്രയൊന്നും നിരാശയുണ്ടായില്ല. കൂടുതൽ ചിത്രങ്ങൾ ചെയ്ത് എണ്ണം കൂട്ടിയിട്ടൊന്നും ഒരു കാര്യവുമില്ലെന്നും കുറച്ചു ചിത്രങ്ങൾ ചെയ്താലും അത് ജനങ്ങൾ ശ്രദ്ധിക്കുന്നവയായിരിക്കണമെന്നുമുള്ള അഭിപ്രായക്കാരനായിരുന്നു കിത്തു. അതുകൊണ്ടായിരിക്കും ഇത്രയും വർഷങ്ങൾക്കിടയിൽ കിത്തു പത്തു ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തതെന്നാണ് എനിക്ക് തോന്നുന്നത്.

(തുടരും..)