താരമല്ല, ഞങ്ങളുടെ പ്രചോദനവും വഴികാട്ടിയുമായിരുന്ന പ്രിയപ്പെട്ട സുകുമാരൻ മാഷ്
മലയാളക്കരയിലേക്ക് പ്രഥമ ഭരത് അവാർഡ് പി.ജെ.ആന്റണി എന്ന അനശ്വര അഭിനേതാവിലൂടെ കൊണ്ടുവന്ന ചലച്ചിത്രമാണ് ‘നിർമ്മാല്യം’. എം.ടി.വാസുദേവൻ നായർ നിർമിച്ച് സംവിധാനം ചെയ്ത ഈ സിനിമ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി. എംടിക്ക് മികച്ച സംവിധായകൻ, തിരക്കഥാകൃത്ത്, പി.ജെ.ആന്റണിക്ക് മികച്ച നടൻ, കവിയൂർ
മലയാളക്കരയിലേക്ക് പ്രഥമ ഭരത് അവാർഡ് പി.ജെ.ആന്റണി എന്ന അനശ്വര അഭിനേതാവിലൂടെ കൊണ്ടുവന്ന ചലച്ചിത്രമാണ് ‘നിർമ്മാല്യം’. എം.ടി.വാസുദേവൻ നായർ നിർമിച്ച് സംവിധാനം ചെയ്ത ഈ സിനിമ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി. എംടിക്ക് മികച്ച സംവിധായകൻ, തിരക്കഥാകൃത്ത്, പി.ജെ.ആന്റണിക്ക് മികച്ച നടൻ, കവിയൂർ
മലയാളക്കരയിലേക്ക് പ്രഥമ ഭരത് അവാർഡ് പി.ജെ.ആന്റണി എന്ന അനശ്വര അഭിനേതാവിലൂടെ കൊണ്ടുവന്ന ചലച്ചിത്രമാണ് ‘നിർമ്മാല്യം’. എം.ടി.വാസുദേവൻ നായർ നിർമിച്ച് സംവിധാനം ചെയ്ത ഈ സിനിമ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി. എംടിക്ക് മികച്ച സംവിധായകൻ, തിരക്കഥാകൃത്ത്, പി.ജെ.ആന്റണിക്ക് മികച്ച നടൻ, കവിയൂർ
മലയാളക്കരയിലേക്ക് പ്രഥമ ഭരത് അവാർഡ് പി.ജെ.ആന്റണി എന്ന അനശ്വര അഭിനേതാവിലൂടെ കൊണ്ടുവന്ന ചലച്ചിത്രമാണ് ‘നിർമ്മാല്യം’. എം.ടി.വാസുദേവൻ നായർ നിർമിച്ച് സംവിധാനം ചെയ്ത ഈ സിനിമ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി. എംടിക്ക് മികച്ച സംവിധായകൻ, തിരക്കഥാകൃത്ത്, പി.ജെ.ആന്റണിക്ക് മികച്ച നടൻ, കവിയൂർ പൊന്നമ്മയ്ക്ക് മികച്ച രണ്ടാമത്തെ നടി എം.ബി.ശ്രീനിവാസന് പശ്ചാത്തലസംഗീതം, രവി കിരണിന് എഡിറ്റിങ് എന്നീ സംസ്ഥാന ചലച്ചിത്ര അവാർഡുകളും നിർമ്മാല്യത്തോട് ചേർന്നു നിന്നു.
നേരത്തേ, തന്റെ സ്വന്തം തിരക്കഥകളിലൂടെ മലയാള സിനിമയോട് സർഗ്ഗാത്മകമായി ചേർന്നു നിന്നിരുന്ന എംടി ആദ്യമായി സംവിധായകനായ ഈ ചിത്രം സുകുമാരൻ എന്ന നടന്റെയും സുമിത്ര എന്ന നടിയുടെയും അഭിനയത്തുടക്കത്തിനു നിമിത്തമായി; ഇതിനു മുൻപ് മണി കൗളിന്റെ ‘ദുവിധ’ എന്ന ഹിന്ദി സിനിമയിൽ അഭിനയച്ചിരുന്ന രവി മേനോന്റെ ആദ്യ മലയാള ചലച്ചിത്രവും.
ഒരു എംടി ടച്ച് ആദ്യവസാനം പ്രേക്ഷകനു ബോധ്യമാകുന്ന ‘നിർമ്മാല്യം’ തന്റെ സ്വന്തം ഗ്രാമമായ കൂടല്ലൂരിനു സമീപം എടപ്പാളിനടുത്ത് മുക്കുതലയിലാണ് എം.ടി.വാസുദേവൻ നായർ ചിത്രീകരിച്ചത്. പരിമിതമായ സൗകര്യങ്ങൾക്കിടയിൽ ഗ്രാമവാസികളുടെ സ്നേഹനിർഭരമായ സഹകരണത്തോടെ നടന്ന ഷൂട്ടിങ്ങിന്റെ സജ്ജീകരണങ്ങൾക്ക്, ആ നാട്ടുകാരൻ കൂടിയായ സുകുമാരനും ഉണ്ടായിരുന്നു. കാസർകോട് ഗവ. കോളജിലെ അധ്യാപകനായിരുന്ന സുകുമാരൻ പിന്നീട് നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിലും ജോലി ചെയ്തിട്ടുണ്ട്. അധ്യാപക ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമയിലെത്തിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോൾ കോളജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് കെഎസ്എഫിന്റെ (എസ്എഫ്ഐ യുടെ ആദ്യ രൂപം) സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വോട്ടെണ്ണൽ നടക്കാതിരുന്നതിനാൽ ഫലപ്രഖ്യാപനം ഉണ്ടായില്ല. പക്ഷേ പരീക്ഷാ ഫലം വന്നപ്പോൾ എംഎ ഇംഗ്ലിഷ് കോഴ്സ് ഒന്നാം ക്ലാസ്സോടെ പാസ്സായ സുകുമാരൻ അതിനു തൊട്ടുപിന്നാലെയാണ് കാസർകോട് ഗവ കോളജിൽ അധ്യാപകനായത്.
കാസർകോട് ടൗണിലെ ഹോം ലിങ്ക്സ് ലോഡ്ജിൽനിന്ന് ഇളം നിറത്തിലുള്ള ഹാഫ് കൈ ഷർട്ടും പാന്റ്സും ധരിച്ച് ടാക്സി കാറിൽ കോളജിന്റെ പോർട്ടിക്കോയിൽ കാലത്ത് ഒൻപതരയോടെ വന്നിറങ്ങുന്ന സുകുമാരൻ എന്ന അധ്യാപകൻ ഇന്നും തെളിമയുള്ള ഓർമയാണ്. ഒപ്പം സഹപ്രവർത്തകരായ ഒ.സൂര്യനാരായണൻ, വി.കെ.ഗിരീന്ദ്രൻ, പി.ഡി.ജോൺ, കെ.കുമാരൻ, ഗ്ലാസ്റ്റൺ, ഗംഗാധര നാടാർ തുടങ്ങിയവരും.
പ്രീഡിഗ്രി ക്ലാസിൽ സുകുമാരൻ മാസ്റ്റർ ഞങ്ങളെ പഠിപ്പിച്ചിരുന്നത് ഇംഗ്ലിഷ് ഉപന്യാസം പേപ്പർ ആയിരുന്നു. ‘ഡിലൈറ്റഡ് എസ്സേയ്സ്’ ആയിരുന്നു ടെക്സ്റ്റ് ബുക്ക്. ഇംഗ്ലിഷ് ഭാഷയുടെ ശക്തിസൗന്ദര്യവും വശ്യതയും മനസ്സിലേക്ക് ആവാഹിക്കാൻ ഹൈസ്കൂൾ ക്ലാസുകളിൽ മലയാളം, കന്നട മീഡിയത്തിൽ പഠിച്ച ഞങ്ങൾക്കും സാധിക്കുമെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ ക്ലാസും. അതോടൊപ്പം വില്യം വേഡ്സ്‌വർത്തിന്റെയും ജോൺ മിൽറ്റന്റെയും ഷെല്ലിയുടെയും കാവ്യ പ്രപഞ്ചത്തിലേക്കും ഷേയ്ക്സ്പിയറുടെ നാടക ലോകത്തിലേക്കും അദ്ദേഹംെ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.
കോളജ് വാർഷികാഘോഷത്തിന് ഒരു നാടകം അവതരിപ്പിക്കണമെന്ന ആഗ്രഹം ഞങ്ങൾ അവതരിപ്പിച്ചത് സുകുമാരൻ മാഷിനു മുന്നിലായിരുന്നു. പ്രീഡിഗ്രി ഒരു ഡിഗ്രിയല്ല എന്ന ഭാവത്തിൽ, ബിരുദ വിദ്യാർഥികളുടെ കുത്തകയായിരുന്നു പല കോളജുകളിലും കലാപരിപാടികൾ. ‘നതിങ്’ എന്നായിരുന്നു ഞങ്ങളുടെ നാടകത്തിന്റെ പേര്. മലയാള ഏകാങ്ക നാടകത്തിന് ഇംഗ്ലിഷ് പേര് കേട്ടതോടെ ഞങ്ങളെ ഒന്നു ചെരിഞ്ഞ് നോക്കികൊണ്ട് ‘‘എടേ, ശരിയാകുമോ എന്ന് ഞാൻ നോക്കട്ടെ’’ എന്നായിരുന്നു വാൽസല്യം കലർന്ന പ്രതികരണം. ഇംഗ്ലിഷ് അധ്യാപകനായ സ്റ്റാഫ് അഡ്വൈസർ പ്രഫ. ഗീവർഗീസിനെ സ്നേഹപൂർവം സ്വാധീനിച്ച് ഞങ്ങളുടെ ആഗ്രഹം സുകുമാരൻ മാഷ് സഫലമാക്കി. പിൽക്കാലത്ത് ‘ബഷീർ ദ് മാൻ’, ‘ഗോത്രസ്മൃതി’, ‘കുമരനല്ലൂരിലെ കുളങ്ങൾ’ തുടങ്ങിയ പ്രശസ്ത ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത എം.എ.റഹ്മാൻ ആയിരുന്നു ഈ നാടകത്തിന്റെ സംവിധായകനും ഒരു നടനും.
A great teacher inspires എന്നാണല്ലോ. സുകുമാരൻ മാഷ് ഞങ്ങളെ അഗാധമായി സ്വാധീനിച്ചു, വിദ്യാർഥികൾ എന്ന നിലയിൽ ആവേശഭരിതരാക്കി, ഞങ്ങളുടെ വഴികാട്ടിയായി. വടക്കൻ കേരളത്തിൽ ബിരുദാനന്തരപഠനം സ്വപനങ്ങൾക്കപ്പുറമായിരുന്ന എഴുപതുകളിൽ, കോളജ് അധ്യാപകനാവുക എന്നത് അതിനുമപ്പുറമായിരുന്ന കാലത്ത്, പ്രീഡിഗ്രി ക്ലാസിൽ സുകുമാരൻ മാഷ് പഠിപ്പിച്ച ഞങ്ങൾ ഏഴു പേർ കോളജ് അധ്യാപകരായി. എം.എ.റഹ്മാനും ഇതിൽ ഉൾപ്പെടുന്നു. ഒരു പ്രീഡിഗ്രി ക്ലാസിൽനിന്ന് അന്ന് ഏഴ് പേർ കോളേജധ്യാപകരാവുക എന്നത് ഒരു പക്ഷേ ഇന്ത്യയിൽത്തന്നെ ആദ്യയോ അപൂർവമോ ആണെങ്കിൽ, അതിനു പിന്നിലെ പ്രകാശഗോപുരം ഞങ്ങളുടെ സുകുമാരൻ മാഷ് തന്നെയാണ്.
അധ്യാപക ജോലിയിൽനിന്ന് അഭ്രപാളികളിലെത്തിയ സുകുമാരൻ മാഷിനെ പിന്നീട് എനിക്കു നേരിൽ കാണാൻ കഴിഞ്ഞത് തിരുവനന്തപുരത്ത് സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റരുടെ മകളുടെ വിവാഹച്ചടങ്ങിൽ വച്ചാണ്. 1990 കളുടെ ആദ്യ വർഷങ്ങളിലെ ഒരു ദിവസം. ചടങ്ങിനു ശേഷം സഹധർമിണി മല്ലിക മാഡം, കുട്ടികളായ ഇന്ദ്രജിത്ത്, പ്രിഥ്വിരാജ് എന്നിവരോടൊപ്പം കാറിൽ കയറാനായി നിന്നിരുന്ന സുകുമാരൻ മാഷിന്റെ അടുത്തേക്ക് ഞാനും ഭാര്യ നിരഞ്ജിനിയും എത്തി. പരിചയം ഓർമകളുടെ മറ നീക്കി. സാറിന്റെ ഒരു പ്രീഡിഗ്രി ക്ലാസിൽ പഠിച്ച വിദ്യാർഥികളിൽ പലരും സ്വദേശത്തും വിദേശത്തുമായി പല പദവികളിലും ജോലി ചെയ്യുന്നുവെന്നും ആ ക്ലാസ്സിലെ ഏഴു പേർ ഇപ്പോൾ വിവിധ കോളജുകളിൽ അധ്യാപകരാണെന്നും ഞാൻ അൽപം ആവേശം കലർന്ന ശബ്ദത്തിൽ പറഞ്ഞപ്പോൾ, എന്റെ ചുമലിൽ കൈവച്ച് തന്റെ സ്വതസിദ്ധമായ ശൈലിയിൽ തല ചരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ചിരിയിലും അഭിനന്ദന വാക്കുകളിലും ഒരധ്യാപകന്റെ ചാരിതാർഥ്യത്തിന്റെയും സ്നേഹവാൽസല്യത്തിന്റെയും ഏഴു വർണ്ണങ്ങളും ഞങ്ങൾ കണ്ടു. സുകുമാരൻ മാഷ് പഠിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ, അതിനും എത്രയോ മുൻപു പഠിച്ച ജി.ദേവരാജൻ മാസ്റ്ററുടെ പ്രീ യൂണിവേഴ്സിറ്റി ക്ലാസ്സിലെ സഹപാഠി പയ്യന്നൂരിലെ കാമ്പ്രത്ത് കുഞ്ഞിരാമ പൊതുവാളിനോട് സ്നേഹാദരവു പ്രകടിപ്പിക്കുവാനും അദ്ദേഹം മറന്നില്ല.
കാഞ്ഞങ്ങാട് നെഹ്റു കോളജിൽ അധ്യാപകനായിരിക്കെയാണ് കണ്ണൂർ സർവകലാശാലാ പരീക്ഷാ കൺട്രോളറായി എനിക്കു നിയമനം കിട്ടിയത്. 1997 ജൂൺ 16 നാണ് രാജ്ഭവനിൽ നിന്നുള്ള വിജ്ഞാപനം തപാലിൽ ലഭിച്ചത്. താരതമ്യേന ചെറിയ പ്രായത്തിൽ ഈയൊരു ജോലി ലഭിച്ചതിലുള്ള സന്തോഷം സുഹൃത്തുക്കളും സഹപ്രവർത്തകരും കൈമാറുന്നതിനിടയിലാണ് മനസ്സിൽ കറുപ്പ് പടർത്തിയ ആ വാർത്ത എത്തിയത്– ചലച്ചിത്രനടൻ സുകുമാരൻ അന്തരിച്ചു. കേവലം പ്രീഡിഗ്രി വിദ്യാർഥികളായ ഞങ്ങളെ കോളജ് അധ്യാപക ജോലി സ്വപ്നം കാണാൻ പ്രേരിപ്പിച്ച ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ സുകുമാരൻ മാഷ് സിനിമയോടും ലോകത്തോടും യാത്ര പറഞ്ഞു.
പിന്നീട് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ.പി.കെ.രാജൻ സാറിനൊപ്പമുള്ള ഒരു യാത്രാവേളയിലെ സംസാരത്തിൽ ക്യാംപസ് സിനിമകൾ കടന്നുവന്നു. ‘ശാലിനി എന്റെ കൂട്ടുകാരി’യിൽ ജയദേവൻ എന്ന കോളജ് അധ്യാപകനെ അവതരിപ്പിച്ച സുകുമാരൻ മാഷ് ഞങ്ങളുടെ സ്വന്തം അധ്യാപകനാണെന്ന് ഞാൻ കുറച്ച് ‘പൊസസീവ്’ ആയപ്പോൾ രാജൻ സാർ അതിനെക്കാൾ പൊസസീവ് ആയി സംസാരിച്ചത് എംഎ ക്ലാസിൽ രണ്ടു വർഷം ഒരുമിച്ചു പഠിച്ച സുകുമാരനെക്കുറിച്ചും അന്നത്തെ കുസൃതികളെക്കുറിച്ചുമാണ്. പിന്നീടു പലവട്ടം ഞങ്ങൾ സുകുമാരൻ എന്ന കോളജ് വിദ്യാർഥിയെക്കുറിച്ചും സുകുമാരൻ മാഷ് എന്ന അധ്യാപകനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ഏറെക്കാലം കഴിയും മുൻപ് രാജൻ സാറും ഒരു ട്രെയിനപകടത്തിൽ നമ്മെ വിട്ടു പിരിഞ്ഞു.
കേരള കേന്ദ്ര സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ.ജി.ഗോപകുമാർ, സുകുമാരൻ മാഷ് എംഎയ്ക്കു പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി കോളജിൽ ഡിഗ്രി വിദ്യാർഥിയായിരുന്നു. മാധ്യമങ്ങളുടെ ചാനൽ ചർച്ചകളിൽ സൗമ്യതയുടെ മുഖമായ ഡോ. ഗോപകുമാർ വ്യക്തിപരമായ സംസാരത്തിലും പ്രസന്നതയുടെ പര്യായമാണ്. എംഎ ഇംഗ്ലിഷിന് ഒന്നാം ക്ലാസ് ലഭിച്ച മിടുക്കനായ സീനിയർ വിദ്യാർഥി സുകുമാരനെപ്പറ്റി അദ്ദേഹം പലപ്പോഴും സംസാരിച്ചിട്ടുണ്ട്; സുകുമാരൻ മാഷ് എന്ന മാസ്മരികനായ അധ്യാപകനെക്കുറിച്ചു ഞാനും.
സുകുമാരൻ എന്ന അതുല്യ നടനെ മറക്കാതിരിക്കാൻ നിരവധി ചലച്ചിത്രങ്ങളും അവയിലെ തന്റേടമുള്ള കഥാപാത്രങ്ങളുമുണ്ട്. എന്നാൽ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് കാസർകോട് ഗവ. കോളജിലെ പ്രീഡിഗ്രി ക്ലാസിൽ, ജീവിതത്തെക്കുറിച്ചു സ്വപ്നം കാണാൻ ഞങ്ങളെ പ്രേരിപ്പിച്ച സുകുമാരൻ മാഷ് എന്ന അധ്യാപകനാണ്; ക്ലാസ് മുറിയിൽ മുഴങ്ങുന്ന വാൽസല്യമുള്ള ആ ചിരിയും.