Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവാകാമിയെ നിരസിച്ചതെന്തുകൊണ്ട്; ശ്രീദേവിയുടെ മറുപടി

sridevin-remya

ബാഹുബലിയും ശിവകാമിയുമെല്ലാം ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രമാകുമ്പോൾ നടി ശ്രീദേവിയ്ക്ക് ബാഹുബലി വേദനയുടെ ഓർമകളായിരിക്കും സമ്മാനിക്കുക. കാരണം സിനിമയുടെ അണിയറക്കാർ രമ്യാകൃഷ്ണനെ സമീപിക്കും മുൻപ് ശിവഗാമിയാകാൻ ക്ഷണിച്ചത് ശ്രീദേവിയെ ആണ്. ഈ വേഷം നിരസിച്ചതിൽ ശ്രീദേവിയെ കുറ്റപ്പെടുത്തി നിരവധിപേർ രംഗത്തെത്തിയിരുന്നു. രാം ഗോപാൽ വർമയും ഇതിൽ ഉൾപ്പെടും. ശ്രീദേവി ആ വേഷം നിരസിച്ചത് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകൻ രാജമൗലിയുടെ വെളിപ്പെടുത്തിയിരുന്നു.

Sridevi Reaction on Rejecting Sivagami Role in Baahubali | Sridevi as Sivagami

ഇതേ ചോദ്യം ശ്രീദേവിയോട് ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ബാഹുബലിയിലെ ആ വേഷം നിരസിച്ചതെന്നായിരുന്നു ചോദ്യം. അതിന് ശ്രീേദവിയുടെ മറുപടി ഇങ്ങനെ– ‘ബാഹുബലി വന്നു അത് പോയി. മാത്രമല്ല വേറെ ആരോ ആ വേഷം ചെയ്യുകയും ചെയ്തു. അതിന്റെ രണ്ടാം ഭാഗം വന്നു. അത് നന്നായി തന്നെ ഓടുന്നു. ഈ സാഹചര്യത്തിൽ ഞാൻ ബാഹുബലിയിൽ ഉണ്ടോ ഇല്ലയോ എന്ന് പറഞ്ഞിട്ട് എന്ത് നേട്ടം.–ശ്രീദേവി പറഞ്ഞു.

ബാഹുബലി 2 വലിയ വിജയമായ ശേഷം ശ്രീദേവി നിരന്തരം നേരിടുന്ന ചോദ്യം കൂടിയായിരുന്നു ഇത്. പലപ്പോഴും ഉത്തരം പറയാതെ നടി ഒഴിഞ്ഞുമാറുകയാണ് പതിവ്. ഇതാദ്യമാണ് ഈ വിഷയത്തിൽ നടി പ്രതികരിക്കുന്നത്. ശിവകാമിയുടെ വേഷം നിരസിച്ചതിൽ തനിക്ക് യാതൊരു പശ്ചാത്തവുമില്ലെന്നതാണ് ഈ ഉത്തരം കൊണ്ട് വ്യക്തമാകുന്നതെന്നാണ് ബോളിവുഡിൽ നിന്നുള്ള സംസാരം. പുതിയ ചിത്രമായ മോം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ശ്രീദേവി. 

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീദേവി വീണ്ടും നായികയായി എത്തുന്ന ചിത്രമാണ് മോം. രവി ഉദ്യാവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സസ്പൻസ് ത്രില്ലർ ആണ്. സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.  എആര്‍ റഹ്മാൻ ആണ് സംഗീതം. ജൂലൈ 14നാണ് സിനിമയുടെ റിലീസ്.