ഒരു ബോളിവുഡ് സിനിമയ്ക്കുവേണ്ട എല്ലാചേരുവകളും ഉള്ള ഒന്നാണ് കിങ്ഖാൻ ഷാരൂഖിന്റെ ജീവിതം. യാതൊരുവിധ ബോളീവുഡ് ബന്ധങ്ങളുമില്ലാത്ത യുവാവ് ബോളീവുഡിന്റെ രാജാവായ കഥ വിസ്മയത്തോടെ മാത്രമേ കേൾക്കാൻ സാധിക്കൂ. ഷാരൂഖ് അഭിനിയിച്ച പ്രണയസിനിമകളെ വെല്ലുന്നതാണ് സ്വന്തം ജീവിതത്തിലെ പ്രണയകഥ. മുംബൈ സ്വദേശിനിയായ ഗൗരിയെ വിവാഹം കഴിക്കാൻ ചില്ലറ ബുദ്ധിമുട്ടുകൾ അല്ല ഷാരൂഖ് അനുഭവിച്ചത്.
ഷാരൂഖിനോട് പ്രണയമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അമിതസ്നേഹം ചിലനേരത്തെങ്കിലും ഗൗരിക്ക് അസഹനീയമായിരുന്നു. പ്രണയനാളുകളിൽ ഒരിക്കൽ ഇതു സഹിക്കാനാവാതെ ഷാരൂഖിനോട് യാതൊന്നും പറയാതെ ഗൗരി മുംബൈയിലേക്ക് പോയി. ഗൗരി പോയത് ഷാരൂഖിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. കൂടുതലൊന്നും ആലോചിക്കാതെ ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് സുഹൃത്ത് ബെന്നിതോമസിനൊപ്പം ഷാരൂഖ് മുംബൈയിലേക്ക് വണ്ടി കയറി. മുംബൈയിൽ സുഹൃത്തിന്റെ പരിചയക്കാരന്റെ സ്വപ്നതുല്യമായ ഫ്ലാറ്റിലായിരുന്നു ആദ്യം താമസിക്കാൻ സ്ഥലം കിട്ടിയത്.
എന്നാൽ രണ്ടുദിവസത്തിന് ശേഷം താമസം മാറേണ്ട അവസ്ഥ വന്നു. വലിയ നഗരത്തിൽ ആരുമില്ലാതെ വന്ന സാഹചര്യത്തിൽ തുണയായത് മുംബൈ സെൻട്രൽ റെയിൽവെസ്റ്റേഷനും മറൈൻഡ്രൈവുമായിരുന്നു. ജുഹൂ കടൽതീരത്തുവച്ച് ഗൗരിയെ കണ്ടെത്തുന്നതുവരെ സുഹൃത്തും ഷാരൂഖും കിടന്നുറങ്ങിയത് റെയിൽവേസ്റ്റേഷനിലും നടപാതയിലുമായിരുന്നു.
അന്നുതന്നെ സിനിമാസ്വപ്നം മനസിലുണ്ടായിരുന്ന ഷാരൂഖ് മറൈൻഡ്രൈവിൽ നിന്ന് സുഹൃത്തിനോട് പറഞ്ഞു ഒരിക്കൽ ഞാൻ ഈ നഗരത്തിന്റെ അധിപനാകുമെന്ന്. ആ വാക്കുകൾ അന്വർഥമാക്കുന്നതായിരുന്നു ഷാരൂഖാന്റെ വിജയവഴികൾ. പഴയ ഒരു ചാനൽ ഷോയിൽ സുഹൃത്ത് ഷാരൂഖാനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്ന വിഡിയോയിലാണ് റെയിൽവേസ്റ്റേഷനിൽ കിടന്നുറങ്ങിയ കാര്യം വെളിപ്പെടുത്തിയത്.