ബോളിവുഡ് കിങ് ഷാരുഖ് ഖാനെയും അനുഷ്‌ക ശര്‍മയെയും വരവേല്‍ക്കാന്‍ അബുദാബി മുസഫ ഡെല്‍മ മാളില്‍ എത്തിയത് കാല്‍ലക്ഷത്തിലേറെ ആരാധകര്‍. ഷാരൂഖ്–അനുഷ്ക ജോഡിയുടെ 'ജബ് ഹാരി മെറ്റ് സെജല്‍' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണാര്‍ഥം എത്തിയതായിരുന്നു ഇരുവരും. ഷാരുഖ് ഖാനെ ഒരുനോക്ക് കാണാന്‍ യുഎഇയിലെ വനിതാ ആരാധകരുള്‍പ്പെടെ ജനം ഇരമ്പിയാണ് മാളിലേക്കെത്തിയത്.
Shahrukh khan & Anushka Sharma LIVE in Dubai!!
ഡെല്‍മ മാളില്‍ ശനിയാഴ്ച വൈകീട്ട് ആറിന് ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മയും എത്തുമെന്നായിരുന്നു സമയപ്പട്ടിക തയ്യാറാക്കി വിളംബരം ചെയ്തിരുന്നത്. വൈകീട്ട് നാലു മുതല്‍ തന്നെ മാളിലേക്ക് താരത്തെ കാണാനുള്ള ജനങ്ങളുടെ ഒഴുക്കാരംഭിച്ചിരുന്നു. ജന സമുദ്രമായ മാളിലേക്ക് രാത്രി എട്ടിനു ശേഷമാണ് ബോളിവുഡ് നടീനടന്മാരെത്തിയത്.
ആരാധാകരെ കൊണ്ട് നിറഞ്ഞ മാളിനകത്ത് കാലു കുത്താന്‍ ഒരിഞ്ചു പോലും സ്ഥലമില്ലാത്ത നിലയില്‍ തിക്കും തിരക്കും. താരങ്ങള്‍ വൈകിയതോടെ ആരാധകരും അസ്വസ്ഥരായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും നന്നേ പാടുപെട്ടു. ഷാരൂഖ് ഖാന്‍ അഭിനയിച്ച ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സ്‌റ്റേജില്‍ പാടിയപ്പോള്‍ ആരാധകര്‍ അതിനൊപ്പം താളം പിടിച്ചും നൃത്തം ചെയ്തും താരത്തെ വരവേല്‍ക്കാനുള്ള കാത്തുനില്‍പിന്റെ വിരസത അകറ്റി.
രാത്രി എട്ടരയോടെ ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും ആരാധകര്‍ക്കു നടുവിലൂടെ സ്‌റ്റേജിലെത്തി. ഖാന്‍ അസ്സലാമുഅലൈക്കും എന്ന് ജനക്കൂട്ടത്തോട് സലാം പറഞ്ഞതോടെ പതിനായിരങ്ങളുടെ ആഹ്‌ളാദാരവും ഹര്‍ഷാരവവും ഉയര്‍ന്നു. ഓഗസ്റ്റ് ആദ്യവാരം റിലീസ് ചെയ്യുന്ന പുതിയ പടത്തെക്കുറിച്ച് പ്രേക്ഷകരോട് ഖാന്റെ ഏതാനും വാക്കുകള്‍. ജബ് ഹാരി മെറ്റ് സെജൽ റൊമാന്റിക് കോമഡി ഹിറ്റ് ചിത്രമായിരിക്കുമെന്ന് അനുഷ്‌ക ശര്‍മയും പറഞ്ഞു.
താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ജനങ്ങള്‍ തിക്കിത്തിരക്കി. ആരാധകരുടെ മൊബൈല്‍ ഫോണികള്‍ താരങ്ങളെ പോസ് ചെയ്ത് ചിത്രങ്ങളും വിഡിയോകളും പകര്‍ത്താനും തിരക്കുകൂട്ടി.
ഇന്ത്യക്കു പുറമെ പാക്കിസ്താന്‍, ഈജിപ്റ്റ്, യുഎഇ എന്നിവിടങ്ങളിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആരാധകരാണ് ഡെല്‍മ മാളിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ ദുബായിലും ബോളിവുഡ‍് ബാദുഷയുടെ പത്ര സമ്മേളനമുണ്ടായിരുന്നു.