Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻസറിങ് ചെയ്യലല്ല, സെർട്ടിഫൈ ചെയ്യലാണ് ജോലി: സെൻസർ ബോർഡിനെതിരെ ബോംബെ ഹൈക്കോടതി

udtha-punjab

അഭിഷേക് ചൗബേ സംവിധാനം ചെയ്ത ചിത്രം ഉഡ്താ പഞ്ചാബിനെതിരെ സെൻസർ ബോർഡ് എടുത്ത നിലപാടുകൾക്ക് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സെൻസർ ചെയ്യാനല്ല സെർട്ടിഫൈ ചെയ്യുകയാണ് സെൻസർ ബോർഡിന്റെ ഉത്തരവാദിത്തമെന്ന് ഹൈക്കോടതി പറഞ്ഞു.

ഉഡ്താ പഞ്ചാബിന്റെ തലക്കെട്ടിൽ നിന്ന് പഞ്ചാബ് എന്ന വാക്ക് ഒഴിവാക്കണം എന്നതുൾപ്പെടെ 89 തിരുത്തലുകളാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് പഹ്‍ലജ് നിഹലാനി അധ്യക്ഷനായ സെൻസർ ബോർഡ് നിർദ്ദേശിച്ചത്. രാജ്യമൊട്ടുക്കുള്ള സംവിധായകരും സിനിമാ പ്രേമികളും കടുത്ത എതിർപ്പ് സെൻസർ ബോർഡിനെതിരെ ഉന്നയിക്കുന്നതിനിടയിലാണ് ഹൈക്കോടതിയിൽ നിന്നും ബോർഡ് തിരച്ചടി നേരിട്ടത്.

ചിത്രത്തിന് സർട്ടിഫിക്കിറ്റാണ് നൽകേണ്ടത്. ഇത്രയും കാര്യങ്ങൾ കട്ട് ചെയ്യണമെന്ന് പറയുന്നതിന്റെ കാര്യമെന്താണ്?കാര്യങ്ങൾ മനസിലാക്കാതെയാണോ സിനിമയിൽ നിന്ന് ഇത്രയും കാര്യങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നത്? ഇന്നത്തെ തലമുറ കാര്യങ്ങൾ മനസിലാക്കുവാൻ നല്ല കഴിവുള്ളവരാണ്. കുറേ കൂടി തുറന്ന മനോഭാവമാണവർക്ക്. പിന്നെന്തിനാണ് ഇക്കാര്യത്തിൽ സെൻസർ ബോർഡ് ഇത്രയേറെ അസ്വസ്ഥമാകുന്നത്.

വ്യത്യസ്ത തലത്തിലുള്ള പ്രേക്ഷകരാണ് സിനിമ കാണാനെത്തുന്നത്. അപ്പോൾ ഈ വാക്ക് തെറ്റ് മറ്റൊന്ന് ശരി എന്നെങ്ങനെയാണ് നിങ്ങൾക്ക് തീരുമാനിക്കാനാകുന്നത്? ഇത്രയേറെ സൂക്ഷ്മമായി കൈകാര്യം ചെയ്യുവാൻ ഗ്ലാസ് കൊണ്ടൊന്നുമല്ല സിനിമാ വ്യവസായം നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നും ജസ്റ്റിസ് ധർമ്മാധികാരി അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിച്ചുകൊണ്ട് വ്യക്തമാക്കി. വിഷയത്തിൽ കോടതിയുടെ അന്തിമമായ വിധി തിങ്കളാഴ്ചയെത്തും. ഈ മാസം പതിനേഴിനാണ് ചിത്രം റിലീസിനെത്തുന്നത്. 

Your Rating: