സെൻസർ ബോർഡ് വിവാദങ്ങളെ തുടർന്ന് ശ്രദ്ധനേടിയ ബോളിവുഡ് ചിത്രം ഉഡ്ത പഞ്ചാബ് ഇന്റർനെറ്റിലൂടെ ലീക്കായെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ വ്യാജനാണ് റിലീസിന് രണ്ടുദിവസം മുൻപേ ഇന്റര്‍നെറ്റിൽ എത്തിയിരിക്കുന്നത്.
സെൻസർ സ്റ്റാംപ് പതിപ്പിച്ച സിനിമയുടെ പ്രധാനഭാഗങ്ങളാണ് പല പാർട്ടുകളായി ടോറന്റിൽ വന്നിരിക്കുന്നത്. സെൻസർ ബോർഡ് സിനിമയുടെ സർട്ടിഫിക്കറ്റ് അണിയറപ്രവർത്തകർക്ക് സമർപ്പിക്കുന്നത് മണിക്കൂറുകൾക്ക് മുൻപാണ് വ്യാജനും പുറത്തായത്.
നേരത്തെ സിനിമയുടെ പേരിൽ നിന്ന് പഞ്ചാബ് നീക്കണമെന്നും ചിത്രത്തിന് 82 കട്ടുകൾ വേണമെന്നുമുള്ള സെൻസർ ബോർഡിന്റെ നിലപാട് വൻവിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ നിർമാതാക്കൾ നൽകിയ പരാതിയിൽ ചിത്രത്തിന് അനുകൂലമായി കോടതി വിധിക്കുകയും ചെയ്തു. എ സർട്ടിഫിക്കറ്റ് നൽകി, ഒരുഭാഗം മാത്രം ഒഴിവാക്കി റിലീസ് ചെയ്യാനും കോടതി ഉത്തരവിട്ടു. ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ വ്യാജൻ പുറത്തിറങ്ങിയത് അണിയറപ്രവർത്തകരെ കൂടുതൽ നിരാശരാക്കിയിരിക്കുകയാണ്.