കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഒട്ടേറെ വിവാദ തീരുമാനങ്ങളെടുത്ത അധികാര സ്ഥാപനമാണു കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് (സിബിഎഫ്സി). നമ്മൾ ഈ സ്ഥാപനത്തെ ഇപ്പോഴും സെൻസർ ബോർഡ് എന്നാണു വിളിക്കുന്നത്. ഈ ‘തെറ്റിവിളി’ യിൽത്തന്നെ ഈ സ്ഥാപനത്തെ സംബന്ധിക്കുന്ന അധികാര രാഷ്ട്രീയത്തിന്റെ സൂചനകൾ ഒളിഞ്ഞുകിടക്കുന്നുണ്ട്.
സെൻസർ എന്ന വാക്കിനു ‘നിരോധം’, ‘നിയന്ത്രണം’, ‘തടയൽ’, ഭാഗികമോ പൂർണമോ ആയ ഒഴിവാക്കൽ എന്നിങ്ങനെയാണ് അർഥങ്ങൾ. അധികാരപ്രയോഗവുമായി നേരിട്ടു ബന്ധപ്പെടുത്താവുന്ന ‘സെൻസർ’ എന്ന വാക്കു പൂർണമായും ഒഴിവാക്കി ചലച്ചിത്രങ്ങളെ ‘സർട്ടിഫൈ’ ചെയ്യുക മാത്രം ധർമമായിട്ടുള്ള സ്ഥാപനമാണു സിബിഎഫ്സി എന്നാണ് പേരു വ്യക്തമാക്കുന്നത്.
എന്നാൽ, ബോർഡിന്റെ പ്രദർശനാനുമതി തേടിവരുന്ന ചിത്രങ്ങളുടെ വിലയിരുത്തലുകളിൽ പലപ്പോഴും സംഭവിക്കുന്നതു നേരത്തേ സൂചിപ്പിച്ച അധികാര പ്രയോഗങ്ങൾ തന്നെ; വെട്ടിമാറ്റലും നിശ്ശബ്ദമാക്കലും ഒഴിവാക്കലും നിരോധനവും. ഈ പ്രമത്തതയുടെ അവസാനത്തെ ഇരകളാണ്, ഹിന്ദിയിൽ ‘ഉഡ്താ പഞ്ചാബും’ മലയാളത്തിൽ നവാഗതനായ സൈജോ സംവിധാനം ചെയ്ത ‘കഥകളി’യും.
ഇങ്ങനെയുള്ള ഒരു ഇടപെടലും നടത്താൻ സിബിഎഫ്സിക്ക് ബന്ധപ്പെട്ട നിയമങ്ങൾ അധികാരം കൊടുക്കുന്നില്ല. ഒരു സിനിമ കണ്ടു വിലയിരുത്തി, ഏതു ഗണത്തിൽപ്പെട്ട സർട്ടിഫിക്കറ്റിനാണ് യോഗ്യത അല്ലെങ്കിൽ ആ ചിത്രം പൊതു പ്രദർശനത്തിനു യോഗ്യമല്ല എന്നു തീരുമാനിക്കാൻ മാത്രമാണു ബോർഡിന് അധികാരമുള്ളത്. ചിത്രത്തിന്റെ സ്വത്വത്തെ ബാധിക്കുന്ന മുറിച്ചുമാറ്റലോ, നിശബ്ദമാക്കലുകളോ അടിച്ചേൽപിക്കാൻ അധികാരമില്ല.
ഒരു ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റോ ‘യുഎ’ സർട്ടിഫിക്കറ്റോ കൊടുക്കുമ്പോൾ അല്ലെങ്കിൽ അതിനു പ്രദർശനാനുമതി നിഷേധിക്കുമ്പോൾ, ചിത്രത്തിന്റെ നിർമാതാവ് ആവശ്യപ്പെടുന്നപക്ഷം, ആ തീരുമാനത്തിലെത്തിച്ചേരാനുള്ള കാരണങ്ങൾ വ്യക്തമായി, യുക്തിഭദ്രതയോടെ ബോർഡിന്റെ പ്രാദേശിക ഓഫിസർ എഴുതി നൽകണം. മിക്കപ്പോഴും, ഈ നടപടിക്രമങ്ങൾ പാലിക്കപ്പെടാറില്ല.
‘ഉഡ്താ പഞ്ചാബ്’ നേരിടുന്ന നിരോധ ഭീഷണിയെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. രണ്ടു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലുമായി ചലച്ചിത്രങ്ങൾക്കും ചലച്ചിത്രകാരന്മാർക്കും കലാകാരന്മാർക്കും അധ്യാപക–ബുദ്ധിജീവികൾക്കും എഴുത്തുകാർക്കും ചരിത്രകാരന്മാർക്കും സംഗീതജ്ഞർക്കുമൊക്കെ നേർക്കു നടക്കുന്ന ഫാഷിസ്റ്റ് കടന്നുകയറ്റങ്ങളുടെ തുടർച്ചയായേ ഈ സംഭവത്തെ കാണാനാകൂ. വാസ്തവത്തിൽ രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന നിഹലാനിയെപ്പോലുള്ളവർ കേന്ദ്ര സർക്കാരിനു വലിയ ബാധ്യതയാവുകയാണ്.
മലയാളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ‘ചായം പൂശിയ വീട്’ എന്ന ചിത്രത്തിൽ നായികയുടെ നഗ്നശരീരത്തിന്റെ ദൃശ്യങ്ങളുണ്ടെന്നു പറഞ്ഞു സിബിഎഫ്‌സിയുടെ പ്രാദേശിക ഓഫിസ് പ്രദർശനാനുമതി നിഷേധിച്ചു. ആ കാരണം കൊണ്ടുതന്നെ ചിത്രത്തിനു പല ചലച്ചിത്ര മേളകളിലും പങ്കെടുക്കാനും കഴിഞ്ഞില്ല. സംവിധായകർ ബോർഡിനെതിരെ കൊടുത്ത കേസിൽ വിധി പറഞ്ഞ കോടതി, ബോർഡിന്റെ വാദങ്ങളെ പൂർണമായി തള്ളിക്കൊണ്ടു ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി കൊടുക്കാൻ നിർദേശിച്ചു.
രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിൽ ‘പുലയൻ’ എന്ന പദം നിശ്ശബ്ദമാക്കണമെന്നു ബോർഡ് ആവശ്യപ്പെട്ടു. സ്വത്വരാഷ്ട്രീയത്തിന്റെ മിത–തീവ്ര വ്യവഹാരങ്ങൾ പൊതുസമൂഹത്തിലും മുഖ്യധാരാ രാഷ്ട്രീയത്തിലും യഥേഷ്ടം ഇടപെടുമ്പോഴാണ്, ബോർഡിന്റെ ഈ വ്യാജ ജാഗ്രത!
ഏറ്റവും ഒടുവിൽ, ഇപ്പോൾ സൈജോ കണാനയ്ക്കൽ എന്ന യുവസംവിധായകനും പ്രതിസന്ധിയെ നേരിടുകയാണ്. ഏറെ കഷ്ടപ്പെട്ടു പൂർത്തിയാക്കിയ ‘കഥകളി’ എന്ന ചിത്രത്തിനു ക്ലൈമാക്സ് രംഗങ്ങൾ അപ്പാടെ മുറിച്ചുമാറ്റിയാൽ മാത്രമേ അനുമതി നൽകൂ എന്നാണ് ബോർഡിന്റെ നിലപാട്. ചിത്രാന്ത്യത്തിൽ പ്രധാന കഥാപാത്രം, കഥകളി ചമയങ്ങളും വേഷവും അഴിച്ചുവച്ച്, നിരാലംബനായി ഭാരതപ്പുഴയിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങളുണ്ട്. ഇവിടെ വെളിപ്പെടുന്ന പുരുഷന്റെ ‘പിൻനഗ്നത’ അസാന്മാർഗികവും അശ്ലീലവുമാണെന്നാണ് ബോർഡിന്റെ കണ്ടെത്തൽ.
രാജ്യമെങ്ങും ചലച്ചിത്രപ്രവർത്തകരുടെ ഇടയിൽ ഈ സെൻസർ തോന്ന്യാസങ്ങൾക്കെതിരായി വലിയൊരു ഐക്യദാർഢ്യം രൂപപ്പെടുന്നുണ്ട്. ഒരു ഭരണകൂട പ്രത്യയശാസ്ത്ര ഉപകരണമായി (Ideological State Apparatus) ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് പരിണമിക്കുന്നതു കയ്യും കെട്ടി നോക്കിനിൽക്കാൻ സ്വാതന്ത്ര്യബോധമുള്ള ഒരു ചലച്ചിത്രകാരനും കഴിയുകയില്ല. ഇനിയുള്ള നാളുകൾ പ്രതിരോധത്തിന്റെ പ്രതിഷേധത്തിന്റെയും ദിനങ്ങളായിരിക്കും.