മിക്ക സിനിമയിലും പ്രശ്നങ്ങളുടെ തുടക്കക്കാരനായ കഥാപാത്രം, എന്നാൽ ജോർജുകുട്ടിയെ സഹായിക്കാനുള്ള മനസ്സലിവു കാണിച്ച കുഴിവെട്ടുകാരൻ. ആമേൻ, പ്രേമം, മഹേഷിന്റെ പ്രതികാരം, ഭ്രമരം അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ ജയശങ്കറെപ്പറ്റിത്തന്നെയാണ് പറഞ്ഞുവരുന്നത്. മുപ്പതു വർഷത്തോളം...

മിക്ക സിനിമയിലും പ്രശ്നങ്ങളുടെ തുടക്കക്കാരനായ കഥാപാത്രം, എന്നാൽ ജോർജുകുട്ടിയെ സഹായിക്കാനുള്ള മനസ്സലിവു കാണിച്ച കുഴിവെട്ടുകാരൻ. ആമേൻ, പ്രേമം, മഹേഷിന്റെ പ്രതികാരം, ഭ്രമരം അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ ജയശങ്കറെപ്പറ്റിത്തന്നെയാണ് പറഞ്ഞുവരുന്നത്. മുപ്പതു വർഷത്തോളം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്ക സിനിമയിലും പ്രശ്നങ്ങളുടെ തുടക്കക്കാരനായ കഥാപാത്രം, എന്നാൽ ജോർജുകുട്ടിയെ സഹായിക്കാനുള്ള മനസ്സലിവു കാണിച്ച കുഴിവെട്ടുകാരൻ. ആമേൻ, പ്രേമം, മഹേഷിന്റെ പ്രതികാരം, ഭ്രമരം അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ ജയശങ്കറെപ്പറ്റിത്തന്നെയാണ് പറഞ്ഞുവരുന്നത്. മുപ്പതു വർഷത്തോളം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്ക സിനിമയിലും പ്രശ്നങ്ങളുടെ തുടക്കക്കാരനായ കഥാപാത്രം, എന്നാൽ ജോർജുകുട്ടിയെ സഹായിക്കാനുള്ള മനസ്സലിവു കാണിച്ച കുഴിവെട്ടുകാരൻ. ആമേൻ, പ്രേമം, മഹേഷിന്റെ പ്രതികാരം, ഭ്രമരം അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ ജയശങ്കറെപ്പറ്റിത്തന്നെയാണ് പറഞ്ഞുവരുന്നത്. മുപ്പതു വർഷത്തോളം സിനിമയ്ക്കൊപ്പം സഞ്ചരിച്ചിട്ടും പുതിയ കാലത്തെ ചിത്രങ്ങളിലൂടെയാണ് ജയശങ്കർ പ്രേക്ഷകർക്കു പരിചിതനായത്. ട്രോളന്മാരുടെ ഇഷ്ടതാരമായ ജയശങ്കർ ദൃശ്യം 2 വിലെ വേഷത്തിനു ലഭിച്ച പ്രതികരണങ്ങളിൽ സന്തുഷ്ടനാണ്. ഒരു സംശയത്തോടെയാണ് കോവിഡ് കാലത്ത് ദൃശ്യം 2ൽ അഭിനയിക്കാൻ തീരുമാനിച്ചതെങ്കിലും ഈ വേഷം വിട്ടുകളഞ്ഞിരുന്നെങ്കിൽ ബുദ്ധിമോശമായേനേയെന്ന് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ജയശങ്കർ വെളിപ്പെടുത്തുന്നു....

∙ മഹേഷിന്റെ പ്രതികാരത്തിലും ആമേനിലുമൊക്കെ പ്രശ്നക്കാരൻ. എന്നാൽ ദൃശ്യം 2 വിൽ ജോർജുകുട്ടിയുടെ പ്രശ്നങ്ങൾ തീരാൻ സഹായിക്കുന്ന കഥാപാത്രം, ഈ കഥാപാത്രത്തെക്കുറിച്ചു പറയാമോ?

ADVERTISEMENT

ഞാൻ ചെയ്തതിൽ ഏറ്റവും കുറച്ച് സ്ക്രീൻ സ്പേസ് ഉള്ള കഥാപാത്രമാണ് ദൃശ്യത്തിലേത്. പക്ഷേ ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നതും ഈ കഥാപാത്രത്തിനാണ്. സിനിമ റിലീസ് ചെയ്തത് മുതൽ ഇതുവരെയും ഫോണിന് വിശ്രമമില്ലാതെ കോളുകളും മെസ്സേജുകളും കിട്ടുകയാണ്. കഥാപാത്രം നന്നായി എന്നാണ് എല്ലാവരും പറയുന്നത്. കേരളത്തിൽനിന്നു മാത്രമല്ല പല സംസ്ഥാനങ്ങളിൽ നിന്നും വിളിക്കുന്നുണ്ട്. മുൻപും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ഇത്രയും പ്രതികരണങ്ങൾ ഇതാദ്യമാണ്. പ്രശ്നം ഉണ്ടാക്കുന്ന കഥാപാത്രങ്ങളിൽ നിന്നും നായകനെ സഹായിക്കുന്ന കഥാപാത്രമായപ്പോൾ വ്യത്യാസമുണ്ട്. ഈ വിജയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

∙ സിനിമ തിയറ്ററിൽ റിലീസ് ചെയ്യണമെന്നു തോന്നിയിരുന്നോ?

തിയറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നിയിരുന്നു. ഇതിൽ കയ്യടി കിട്ടുന്ന ഒരുപാടു സീനുകൾ ഉണ്ട്. തിയറ്ററിലെ ആരവങ്ങളോടെയുള്ള സിനിമ കാണാൻ കഴിഞില്ല. പലരും മൊബൈലിലൊക്കെയല്ലേ കാണുന്നത്, അതിനു പരിമിതിയുണ്ട്. ദൃശ്യം ആദ്യ ഭാഗം ഞാൻ 3 തവണ തിയറ്ററിൽ പോയിട്ടാണ് കാണാൻ കഴിഞ്ഞത്. അത്രയും ശ്രദ്ധിക്കപ്പെട്ട സിനിമയുടെ രണ്ടാം ഭാഗമല്ലേ, എല്ലാവരും കാത്തിരുന്ന സിനിമയാണ്. പക്ഷെ ഒടിടി റിലീസ് ചെയ്തപ്പോൾ എല്ലാവർക്കും ഒരുമിച്ചു കാണാൻ കഴിഞ്ഞു എന്നൊരു ഗുണമുണ്ട്. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഉള്ളവർ കണ്ട് അഭിപ്രായം പറയുന്നു. തിയറ്ററിലാണെങ്കിൽ സിനിമ എല്ലാവരിലും എത്താൻ കുറച്ചു സമയം എടുക്കും. ഇത് എല്ലാവരും ഒരുമിച്ച്‌ു കണ്ടു, ഒരുമിച്ച് അഭിപ്രായങ്ങൾ പുറത്തു വന്നു, പെട്ടെന്ന് വൈറൽ ആയി. തിയറ്റർ റിലീസ് ഇനി വേണമെങ്കിലും ചെയ്യാമല്ലോ, അങ്ങനെയെന്തോ ചർച്ച നടക്കുന്നുണ്ട്. ഇനി റിലീസ് ചെയ്താലും കാണാൻ ആളുണ്ടാകും.

∙ മോഹൻലാൽ സിനിമയിൽ ആദ്യമായാണോ?

ADVERTISEMENT

അല്ല. ലാലേട്ടന്റെ ഭ്രമരത്തിൽ അഭിനയിച്ചിരുന്നു. ആ സിനിമയിൽ ഒന്നിച്ചുള്ള രംഗങ്ങളുമുണ്ട്. പിന്നെ ഒരു ചാനൽ പരിപാടിയിൽ ഈയിടെ ലാലേട്ടനോടൊപ്പം ഉണ്ടായിരുന്നു.

∙ ദൃശ്യത്തിലെ കഥാപാത്രത്തിലേക്ക് എത്തിച്ചേർന്നത് എങ്ങനെ?

ലോക്ഡൗൺ കാലമായിരുന്നല്ലോ. ഞാൻ വീട്ടിലായിരുന്നു. ഈ കഥാപാത്രത്തിനായി വേറെ ആരെയോ സമീപിച്ചിരുന്നു. പക്ഷേ കോവിഡ് കാലമായതിനാൽ അദ്ദേഹത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. ഞാൻ ആലോചിക്കട്ടെ എന്നു പറഞ്ഞു. ആ സമയത്ത് എനിക്ക് സുഖമില്ലാതിരിക്കുകയായിരുന്നു. എപ്പോഴും കൂടെ ഒരാൾ വേണം. അതാണ് അങ്ങനെ പറഞ്ഞത്. പക്ഷേ പിന്നീട് അവർ വീണ്ടും വിളിച്ച് എന്തായി എന്നു ചോദിച്ചു. അത്യാവശ്യമാണന്നു തോന്നിയപ്പോൾ ഞാൻ ചെല്ലാമെന്നു സമ്മതിച്ചു. മകനോടൊപ്പമാണ് ലൊക്കേഷനിൽ പോയത്. രണ്ടുപേരെയും കോവിഡ് ടെസ്റ്റ് ചെയ്തിട്ടാണ് അകത്തു കയറ്റിയത്. കഥാപാത്രത്തിന് ആയാസകരമായ സീനുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അതു ഭംഗിയായി ചെയ്യാൻ പറ്റിയത്. ദൈവം ഒരാൾക്ക് ഒരു കാര്യം വിധിച്ചാൽ അതു നടന്നല്ലേ പറ്റൂ.

എന്റെ കഥാപാത്രത്തെപ്പറ്റി പുറത്തു പറയരുത് എന്നു പറഞ്ഞിരുന്നു. സെറ്റിൽ വന്നിട്ടും എനിക്കു കഥാപാത്രത്തെപ്പറ്റി ഒരു ഐഡിയയും ഇല്ല. ക്യാമറാമാൻ സതീഷ്കുറുപ്പ് എന്റെ സുഹൃത്താണ്. അദ്ദേഹത്തോടു ഞാൻ ചോദിച്ചു, അപ്പോൾ അദ്ദേഹം ചോദിച്ചു ജീത്തു സർ ഒന്നും പറഞ്ഞില്ലേ എന്ന്, എന്തായാലും സിനിമ ഇറങ്ങുമ്പോൾ ഇതൊരു സംഭവമായിരിക്കുമെന്ന് സതീഷ് പറഞ്ഞു. ചെയ്തു കഴിഞ്ഞു തിരിച്ചു വരുമ്പോഴും, ഒന്നും പുറത്തു പറയരുതെന്നു പറഞ്ഞിരുന്നു. പറയരുത് എന്നുപോലും പറഞ്ഞില്ല ചുണ്ടത്തു വിരൽ വച്ചാണ് ജീത്തു സാർ കാണിച്ചത്. ഇത് വളരെ പ്രധാനപ്പെട്ട കഥാപാത്രമാണെന്ന് അപ്പോഴേ എനിക്കു തോന്നി. എന്തായാലും അതു ചെയ്യാനെടുത്ത തീരുമാനം നന്നായിയെന്ന് സിനിമ റിലീസ് ചെയ്തപ്പോൾ തോന്നി. ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ദൈവം സഹായിച്ച് നന്നായി പോകുന്നു.

ADVERTISEMENT

∙ 30 വർഷത്തോളമായി സിനിമയോടൊപ്പം സഞ്ചരിക്കുന്നു, ശ്രദ്ധിക്കപ്പെടാൻ വളരെ താമസിച്ചല്ലോ?

അതെ, 1994 ൽ വധു ഡോക്ടറാണ് എന്ന സിനിമയിലാണ് തുടക്കം. പിന്നെ ചെറുതും വലുതുമായി കുറേ സിനിമകൾ. സിറ്റി ഓഫ് ഗോഡ്, പളുങ്ക്, തലപ്പാവ്, ഭ്രമരം, അങ്ങനെ ഒരുപാടു നല്ല സിനിമകൾ ചെയ്തു. എങ്കിലും ആമേൻ ആണ് ശ്രദ്ധിക്കപ്പെട്ട ആദ്യ സിനിമ. പിന്നീടു പ്രേമത്തിലെ വേഷവും വളരെ ശ്രദ്ധിക്കപ്പെട്ടു. മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രത്തിന് വലിയ പ്രതികരണമാണു ലഭിച്ചത്. ഇടയ്ക്കു കുറച്ച് ഇടവേള വന്നിരുന്നു അപ്പോൾ ഞാൻ എന്റെ കൃഷിപ്പണിയിലും ബിസിനസ്സിലും ശ്രദ്ധിച്ചു. ഒരിക്കലും വെറുതേയിരിക്കുന്ന പ്രകൃതമല്ല എന്റേത്.

∙ സിനിമയിൽ എത്തപ്പെട്ടതെങ്ങനെയാണ്?

ചെറുപ്പം മുതലേ അഭിനയത്തിൽ കമ്പമുണ്ട്. ഒരുപാട് സിനിമകൾ കാണുമായിരുന്നു. സ്കൂളിൽ നാടകങ്ങൾ അവതരിപ്പിക്കുമായിരുന്നു. അങ്ങനെ സ്റ്റേറ്റ് ലെവലിൽ ഒക്കെ കളിച്ചു. കോളജിൽ പഠിക്കുമ്പോൾ കൽപ്പന എന്ന ലൈബ്രറി വഴി ഞങ്ങൾ നാടകങ്ങൾ ചെയ്യുമായിരുന്നു. ബാബു ജനാർദ്ദനൻ ഒക്കെ കൽപനയുടെ സംഭാവനയാണ്. അവിടെ എല്ലാ വർഷവും നാടകം ചെയ്യും, സംഗീത നാടക അക്കാദമിയുടെ മത്സരത്തിൽ പങ്കെടുത്തു. അപ്പോഴേക്കും ബാബു നാടകത്തിൽനിന്നു സിനിമയിലേക്കു വന്നിരുന്നു. ചില കഥാപാത്രങ്ങൾ വരുമ്പോൾ ബാബു അത് ഞാൻ ചെയ്താൽ ശരിയാകും എന്നു പറയും, അങ്ങനെ അവരുടെ സുഹൃദ് വലയത്തിലുള്ള സിനിമകളിൽ ചെറിയ വേഷങ്ങളിൽലൊക്കെ അഭിനയിച്ചു. ഇടയ്ക്ക് നല്ല വേഷങ്ങൾ വരാതാകുമ്പോൾ താല്പര്യം നഷ്ടപ്പെടും, വീണ്ടും ഏതെങ്കിലും കഥാപാത്രം വരും. അങ്ങനെ ഈ ഒരൊഴുക്കിൽ പെട്ടുപോകും. 30 വർഷത്തോളമായി സിനിമയോടൊപ്പം സഞ്ചരിക്കുകയാണ്.

∙ ട്രോളർമാരുടെ ഇഷ്ടതോഴൻ ആണല്ലോ.

അത് മഹേഷിന്റെ പ്രതികാരം റിലീസ് ചെയ്തത് മുതൽ തുടങ്ങിയതാണ്. അതിനെപ്പറ്റി മനോരമയിൽ ന്യൂസ് വരെ വന്നിരുന്നു. ആ വർഷം 104 ട്രോളുകൾ വരെ ആ കഥാപാത്രത്തെ വച്ച് ഉണ്ടായി. ചില സിനിമകളിൽ എന്റെ കഥാപാത്രം ഒഴിവാക്കാൻ പറ്റാത്തതായിരിക്കും, ഞാൻ ആയിരിക്കും പ്രശ്നങ്ങളുടെ ആണിക്കല്ല്. ആമേൻ എന്ന സിനിമയിലാണ് സിനിമ മുഴുവൻ പ്രശ്നക്കാരനായി നിന്നത്. അതിനെപ്പറ്റിയും ട്രോള് വന്നിരുന്നു. സത്യേട്ടന്റെ ഞാൻ പ്രകാശനിലെ കഥാപാത്രത്തിനെ വച്ചും ട്രോൾ വരുന്നുണ്ട്. എന്താണെന്നറിയില്ല, ട്രോളന്മാർക്ക് എന്നെ ഇഷ്ടമാണ്. അതൊക്കെ കാണാൻ നല്ല തമാശയാണ്. ഞാൻ അതൊക്കെ ആസ്വദിക്കുന്നു.

∙ പുതിയ പ്രോജക്ടുകൾ?

കഴിഞ്ഞ വർഷം ചെയ്തത് ഉൾപ്പടെ ഒരുപാടു ചിത്രങ്ങൾ വരാനിരിക്കുന്നു. കോവിഡ് പ്രശ്നം ഉണ്ടായിരുന്നില്ലെങ്കിൽ നല്ല കുറേ സിനിമകൾ പുറത്തു വന്നേനെ. സത്യം ഓഡിയോസിന്റെ വരയൻ എന്ന സിനിമ വരാനുണ്ട്. ഒരുത്തി, ആഹാ, രണ്ട്, ജിബു ജേക്കബിന്റെ എല്ലാം ശരിയാകും തുടങ്ങി പ്രതീക്ഷയുള്ള സിനിമകളാണ് വരാനിരിക്കുന്നത്. എല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങൾ. സിനിമയിൽ സജീവമായി വന്നപ്പോഴാണ് കോവിഡ് വ്യാപിച്ചത്. സത്യേട്ടന്റെ മമ്മൂക്ക പടം ചെയ്യാനിരുന്നാണ്, അതു ചെയ്യാൻ കഴിയാഞ്ഞത് വലിയ ക്ഷീണമായി. കോവിഡ് എല്ലാവരെയും ബാധിച്ചല്ലോ, അതിനോടൊപ്പം എനിക്കും ഇങ്ങനെയൊക്കെ. ദൃശ്യത്തിന്റെ വിജയം നല്ല മാറ്റം കൊണ്ടുവരും എന്നു കരുതുന്നു. ഒരുപാടു സിനിമാപ്രവർത്തകർ വിളിക്കുന്നുണ്ട്. നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. അത്യാഗ്രഹം ഒന്നുമില്ല, വരേണ്ടത് അതാത് സമയത്തു വരും.